Kadhajalakam is a window to the world of fictional writings by a collective of writers

മധുരമുള്ള  ഓർമ്മകൾ

മധുരമുള്ള  ഓർമ്മകൾ

ചിന്തകളിലൂടെ ഭൂത കാലങ്ങളിലേക്കു ഊളിയിട്ടു പോകുന്നത് എനിക്കിപ്പോൾ ശീലമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും യാത്രകളിൽ. പിന്നോട്ട് മറയുന്ന കാഴ്ചകളെ വിസ്മരിച്ചു, ഓർമകൾ അയവിറക്കി മൂന്നു കാലങ്ങളിലൂടെയുമുള്ള യാത്ര. കണ്ടതും കാണുന്നതും കാണാൻ പോകുന്നതും. ഓരോ യാത്രയും മൂന്നു കാലങ്ങളിലൂടെ ഒപ്പമുള്ള സഞ്ചാരമാണെന്നു ചിലപ്പോൾ തോന്നും .പക്ഷെ മനസ്സിന്റെ സഹവാസം എപ്പോഴും ഭൂതകാലവുമൊത്താണ്.

ഇന്നലെ ഒരു നീണ്ട യാത്രയുണ്ടായിരുന്നു. പച്ചപുതച്ച മൊട്ട കുന്നുകളിൽ മേയുന്ന ചെമ്മരിയാടുകൾ .വേലി കെട്ടി തിരിച്ചിരിക്കുന്ന വിസ്തൃതമായ പുൽമേടുകളിൽ ഒറ്റപെട്ടു നിൽക്കുന്ന വീപ്പിങ് വില്ലോ ട്രീയുടെ ചുവട്ടിൽ വിശ്രമിക്കുന്ന കുതിരകൾ. ക്യാബേജു, ബ്രോക്കൊളിയും, ചോളവും കൃഷി ചെയ്തിരിക്കുന്ന നിരപ്പുള്ള കൃഷിയിടങ്ങൾ. പൈൻ മരങ്ങൾ കാവൽ നിൽക്കുന്ന ആപ്പിൾ തോട്ടങ്ങൾ, മുന്തിരി ചെടികൾ നിരന്നു നിൽക്കുന്ന വിന്യാർഡുകൾ. കാഴ്ചകൾക്ക് വൈവിധ്യമുണ്ട്. അവ പിന്നിലേക്ക് ഓടി മറയുന്നു. മറ്റൊരിക്കൽ മറ്റൊരു യാത്രയിൽ ഈ കാഴ്ചകൾ ഓർമകളായി വീണ്ടും കടന്നു വന്നേക്കാം.

കഴിഞ്ഞ ദിവസം റൈറ്റിംഗ് ക്ലാസ്സിൽ വായനക്കായി ശുപാർശ ചെയ്തിരുന്നത് ഗ്രേസ് പെയ്‌ലിയുടെ "അമ്മ " എന്ന ചെറു കഥയായിരുന്നു. വെറും നാന്നൂറ്റി ഇരുപതു വാക്കുകൾ മാത്രമുള്ള ചെറിയ ഒരു കഥ. അമ്മ എന്ന മഹാ സാഗരത്തെ ഏറ്റവും കുറച്ചു വാക്കുകളിൽ മനോഹരമായി അവർ ആ കഥയിൽ കോറിയിട്ടിരുന്നു. വർക്ഷോപ്പിങ്ങിനായിഎന്റെയും ഒരു കഥയുണ്ടായിരുന്നു. മലയാളത്തിൽ എഴുതി ഇന്ഗ്ലീഷിലേക്കു ട്രാൻസ്ലേറ്റ് ചെയ്ത എന്റെ കഥയുടെ പേരും 'അമ്മ എന്ന് തന്നെയായതു കേവലം യാദൃശ്ചീകത മാത്രം. മാതൃഭാഷയിൽ നാന്നൂറ്റി ഇരുപത്തിരണ്ടു വാക്കുകളിൽ എഴുതി തീർത്ത കഥയായിരുന്നു എന്റേത്.
ഉറവ വറ്റാത്ത സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കരുതലിന്റെയും പ്രതീകങ്ങളായിരുന്നു രണ്ടുകഥകളിലെയും അമ്മമാർ. ഇന്ഡിപെന്ഡന്റായ മകന്റെ, കാര്യങ്ങളിൽ സ്നേഹം,കരുതൽ എന്നൊക്കെ വ്യഖ്യാനങ്ങൾ നൽകി അനാവശ്യമായി ഇടപെടുന്ന ഒരു അമ്മയായി അവർ എന്റെ കഥയിലെ അമ്മയെ വ്യഖ്യാനിച്ചു.

"...ഇത്ര രാവിലെ എഴുന്നേൽക്കരുതെന്നു എത്ര വട്ടം പറഞ്ഞിരിക്കണൂ അമ്മാ..എത്ര പറഞ്ഞാലും കേൾക്കില്ലാന്നു വച്ചാൽ.." മകന്റെ അമ്മയെ കുറിച്ചുള്ള കരുതലിന്റെ വാക്കുകളെ അമ്മയോടുള്ള ഈർഷ്യയായി അവർ സങ്കൽപ്പിച്ചു...സംസ്കാരങ്ങളുടെ വ്യത്യാസത്തെ അവർ ഉൾക്കൊള്ളുവാൻ തുനിയുന്നതായി എനിക്ക് തോന്നിയില്ല. അവരുടെ വിമർശനത്തിൽ എനിക്ക് അത്ഭുതം തോന്നിയില്ല. അവർക്കു സ്വാതന്ത്ര്യമെന്ന വാക്കിന്റെ അർഥം മാത്രമേ കൂടുതൽ മനസ്സിലാവുകയുള്ളൂ . രണ്ടു കൊച്ചു കുട്ടികൾ തമ്മിലുള്ള സംസാരം ആകസ്മീകമായി ശ്രദ്ധിക്കുവാൻ ഇടയായ എനിക്ക് ഓർമയിൽ പിന്നെയും പിന്നെയും തികട്ടിവന്ന ഒരു കാര്യം ഒരിക്കൽ കേൾക്കുവാൻ ഇടയായി.

അതിങ്ങനെയായിരുന്നു .

"ഐ ആം നോട്ട് എ ബിഗ് ഫാൻ ഓഫ് മൈ മദർ.." അത് തുടർച്ചയായ ഒരു സംഭാഷണത്തിന്റെ ശകലം മാത്രമായിരുന്നു. ഞാൻ അദ്ഭുതത്തോടുകൂടി അവനെ ഒന്ന് നോക്കുക മാത്രം, ചെയ്തു... അവർക്കു നഷ്ട്ട പ്പെട്ടതെന്താണെന്നു ഞാൻ ആലോചിച്ചു നോക്കി.

എന്തോ കൂഞ്ഞികൂടി നടക്കുന്ന ആ മനുഷ്യനെ ഞാൻ പെട്ടെന്ന് ഓർത്തു പോയി ."ഭൂതകാക്ക" എന്നാണ് ഞങ്ങൾ കുട്ടികൾ അയാളെ വിളിച്ചിരുന്നത്. തലയിൽ വട്ടം ചുറ്റിയിരിക്കുന്ന തുണിയും പഴകി പിഞ്ഞിയ കാക്കി ഷർട്ടും, മുട്ടോളമെത്തുന്ന നിക്കറും മാത്രം സ്വന്തമായുള്ള വൃദ്ധനായ ഭൂതകാക്ക. ഉച്ച നേരത്തു ഭക്ഷണ സമയത്തു ഭൂതകാക്ക വരും,ഞങ്ങൾ കുട്ടികളുടെ പാത്രങ്ങളിൽ നിന്നും ഇലകളിൽ നിന്നുമുള്ള എച്ചിലുകളും അവശിഷ്ടങ്ങളും ശേഖരിക്കാൻ. വാട്ടിയ ഏതെങ്കിലുമൊരു തൂശനിലയിൽ തനിക്കു ആവശ്യമുള്ളത്ര ശേഖരിക്കും. സ്കൂളിലെ തുപ്പുകാരി ചേടത്തിയുണ്ടാക്കുന്ന നുറുക്ക് ഗോതമ്പുകൊണ്ടുള്ള ഉപ്പുമാവ് മറ്റൊരിലയിൽ വേറെയും പൊതിഞ്ഞെടുക്കും..പിന്നെ കുഞ്ഞി കൂടി നടന്നു മറയും.

താഴെ കാള ചന്തയുടെയും അതിനും താഴെ സ്വകാര്യ ബസ് സ്റ്റേഷന്റെയും കാഴ്ചകൾ മറച്ചു കൊണ്ടുള്ള കരിഓയിൽ പൂശിയ പനമ്പിലെ തുളകൾക്കിടയിലൂടെ, സഹപാഠി നാച്ചൂന്റെ ഉപ്പാപ്പ കോഴിക്കോട്ടുകാരി എന്ന് വിളിക്കുന്ന, സ്ത്രീയുടെയും മക്കളുടെയും കൂടെ സല്ലപിക്കുന്നുണ്ടോ എന്ന് അയാളും, മറ്റു കുട്ടികൾക്കൊപ്പം മല്ലിക ടീച്ചറിന്റെ കണ്ണ് വെട്ടിച്ചു ഒളിഞ്ഞു നോക്കുന്നതിനെ കുറിച്ചായിരുന്നു, ആ ഓര്‍മ്മ. നാച്ചൂന്റെ ഉപ്പാപ്പ കാള ചന്തയോട് ചേർന്നുള്ള കുറ്റികാടിന്റെ മറവിൽ വെളിക്കിറങ്ങുന്നത് ഞാൻ കൂട്ടുകാരൻ വേണൂനെ ഒന്നൂടെ കാണിച്ചു കൊടുത്തിരുന്നു. അന്ന് ചെവി പൊട്ടി ചലം വരുന്ന അസുഖമുണ്ടായിരുന്നു അവന്. നാലാം ക്ളാസ് കഴിഞ്ഞു വേറെ സ്കൂളിലേക്ക് പോയതിനു ശേഷം ഒരിക്കലും വേണുവിനെ കണ്ടിട്ടില്ലല്ലൊ എന്ന തിരിച്ചറിവുണ്ടായി. ഇനി കണ്ടാൽ ആളറിയാൻ വഴികുറവാണല്ലോ എന്നോർത്തപ്പോൾ സങ്കടം തോന്നി.

ഓർമകൾക്ക് തുടർച്ചയുണ്ട് ..അതൊന്നിൽ നിന്നു മറ്റൊന്നിലേക്കു നമ്മളെ നയിക്കും. മടുപ്പില്ലാതെ..

അതുകൊണ്ടാണ് ഞാൻ കുഞ്ഞാത്തു എന്ന് എല്ലാവരും വിളിക്കുന്ന കുഞ്ഞിപാത്തുത്താനെ ഓർത്തത്. തോട്ടിലെ വെള്ളത്തിൽ കുളിക്കുമ്പോൾ ഗുദദ്വാരത്തിൽ കടിച്ചു പിടിച്ച കുളയട്ടയെ, തുണി തിരുമ്പിക്കൊണ്ടിരുന്ന ,കുഞ്ഞാത്തു ബാർ സോപ്പ് തേച്ചു കടി വിടുവിച്ചു. പിന്നീട് തോട്ടിലെ വെള്ളത്തിൽ കുളിക്കുമ്പോഴൊക്കെയും അത്ര സുഖമില്ലാത്തതെങ്കിലും ആ ഓർമ്മ തേടിയെത്തി. വർഷങ്ങളിത്ര കഴിഞ്ഞിട്ടും അവ പിന്നെയുംപിന്നാലെയുണ്ട്. പത്തു വർഷങ്ങൾക്ക് മുൻപ് കുഞ്ഞാത്തുവിനെ വീണ്ടും കണ്ടു. ഒരു നോയമ്പ് കാലത്ത്. വോട്ടേഴ്സ് ലിസ്റ്റു പുതുക്കുന്നതിൻറെ ഭാഗമായുള്ള വെരിഫിക്കേഷന് അവരുടെ വീട്ടിൽ ചെന്നപ്പോൾ ആയിരുന്നു അത്. ഇരുപതു വർഷങ്ങൾക്ക് ശേഷം ഞാൻ അവരെ വീണ്ടും കാണുകയായിരുന്നു. അവരിൽ വന്ന മാറ്റങ്ങളെക്കാൾ മാറ്റമില്ലായ്മകളെകളെയാണ് എന്റെ കണ്ണുകൾ തിരിച്ചറിഞ്ഞത്.

"ഇത്താ" ഞാൻ അതിശയത്തോടെ അവരെ വിളിച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ. അതിനുമപ്പുറം അവർക്കെന്നെ മനസ്സിലായതേയില്ല. ഇത്താ ഞാൻ ചെറിയാൻ മാപ്പിളേടെ മോനാ. അവർ എന്നെ സൂക്ഷിച്ചു നോക്കി പിന്നെ "അലമുറയിട്ടു", 
“എന്റെ പടച്ചോനെ ഞാൻ എന്താ ഈ കേക്കണത്..അവരുടെ കണ്ണുകളിൽ അത്ഭുതവും സ്നേഹവും വിരിഞ്ഞു നിന്നു ...നിങ്ങളീനാട്ടീന്നു പോയതിനു ശേഷം കണ്ടിട്ടില്ലാലോ മോനെ .പിന്നെ എങ്ങനെ ഓർക്കാനാ. ബാ ..അകത്തേക്ക് ബാ ..”

ഓർമകൾക്ക് മധുരമുണ്ട്..മുതു നെല്ലിക്കയുടെ മധുരം... അയവിറക്കുന്തോറും ഊറി വരുന്ന മധുരം.

പ്രവാസം

പ്രവാസം

നഷ്ടം

നഷ്ടം