Kadhajalakam is a window to the world of fictional writings by a collective of writers

ഒരു ന്യൂ ജെനറേഷന്‍ കഥ

ഒരു ന്യൂ ജെനറേഷന്‍ കഥ

ബസ്സ് ഇറങ്ങി കുറച്ച് നടക്കാന്‍ ഉണ്ട് കോളേജിലേക്ക്. ടാര്‍ ഇട്ടതാണെങ്കിലും  കുറച്ച് ഇടുങ്ങിയ വഴിയാണ് കോളേജിലേക്ക് ഉള്ളത്. നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി അല്ല എന്തായാലും ഞാന്‍. കോളേജ് പഠനം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. ഇടക്കെപ്പോഴോ മാസ്റ്റര്‍ ബിരുദം എടുക്കാന്‍ തോന്നിയ മോഹം അങ്ങനെ ആര്‍ക്കും ഇന്നു ചെയ്യാന്‍ പറ്റുന്ന ഒരു വിദൂര പഠന കോഴ്സ്, എംബിഎ ചെയ്യാന്‍ തീരുമാനിച്ചു. വളരെയധികം കടുത്ത തീരുമാനമായിരുന്നു അത് എന്ന് ഇപ്പോ തോന്നുന്നുണ്ട്. എക്സാം എഴുതിയെഴുതി  വശംകെട്ടിരിക്കുന്നു. അഞ്ചു വര്‍ഷത്തെ ഇടവേള  ഉള്ളതോണ്ട്‌ പഠിക്കാന്‍ ഭയങ്കര മടിയായിയിരുന്നു എനിക്ക്. പതിനെട്ടു പേപ്പറില്‍ ഇനി ഒരെണ്ണം മാത്രമേ കിട്ടാനുള്ളു. ബാക്കിയൊക്കെ തൊട്ടപ്പുറത്തിരുന്ന നല്ലവരായ കുറച്ചുപേരുടെ വിശാല മനസ്സുക്കൊണ്ട് കടന്നുകിട്ടി. അതെ ആ ഒരെണ്ണം എഴുതിയെടുക്കാനുള്ള പോക്കാണ് ഇപ്പോ ഞാന്‍. എന്നെപ്പോലെ തോറ്റത് എഴുതുന്നവരെയും ആദ്യമായി പരീക്ഷ  എഴുതുന്നവരെയും കൊണ്ട്  റോഡ്‌   നിറഞ്ഞിരിക്കുകയാണ്. വളഞ്ഞതും ഇടുങ്ങിയതുമായ ഈ റോഡിലൂടെയുള്ള നടത്തം തീരേ സുഖമില്ല. വായനോക്കികളുടെ വണ്ടികളുടെ പിന്നില്‍ നിന്നുള്ള ഹോണടിയും അസഹ്യം തന്നെ. പെണ്‍കുട്ടികള്‍ അവരെ തിരിഞ്ഞു നോക്കിയിലെങ്കിലും അവര്‍ ഹോണ്‍ അടിച്ചുക്കൊണ്ടെയിരിക്കും. ബൈക്കുകള്‍ കൊണ്ട് ഒരു ഘോഷയാത്ര തന്നെയാണ് ആ വഴി. ആണ്‍ജനങ്ങള്‍ക്കൊപ്പം, “വൈ ഷുഡ്‌ ബോയ്സ് ഹാവ് ഓള്‍ ദി ഫണ്‍” എന്ന് പറഞ്ഞുക്കൊണ്ട് ചില പെണ്‍കുട്ടികളും സ്കുട്ടിയില്‍ പറക്കുകയാണ് ആ ഇടുങ്ങിയ വഴിയിലൂടെ. ഈ വഴിയിലെ മറ്റൊരു  ആകര്‍ഷണം ഒരു അമ്പലമാണ്. പരീക്ഷ സമയത്ത് കോളേജിനെക്കാളും  കൂടുതല്‍ കുട്ടികളെ ഞാന്‍ ആ അമ്പലത്തില്‍ കണ്ടിട്ടുണ്ട്. താന്‍ പാതി ദൈവം പാതി എന്നാണല്ലോ. ദൈവത്തിന്‍റെ പാതി കിട്ടാതെ തോല്‍ക്കണ്ട എന്ന് കരുതിക്കാണും. കോളേജിലേയ്ക്ക് ഇനി അധിക ദൂരമില്ല. അമ്പലം കഴിഞ്ഞാല്‍ രണ്ടു വളവ് അത് കഴിഞ്ഞാല്‍ കോളേജ് ആയി. ഈ കോളേജുകാരുടെ തന്നെ ഒരു സ്കൂള്‍ ഉണ്ട്, കോളേജ് എത്തുന്നതിനു മുന്നേ. റോഡില്‍ നിന്നു നോക്കിയാല്‍ കുട്ടികളൊക്കെ ഗ്രൗണ്ടില്‍ കളിക്കുന്നത് കാണാം. ചെറിയൊരു ഗ്രൌണ്ട് ആണെങ്കില്‍ക്കുടി ചുരുങ്ങിയത് ഒരു എട്ട് ക്രിക്കറ്റ്‌ മാച്ചും അഞ്ചു ഫുട്ബോള്‍ മാച്ചും ആ ഗ്രൗണ്ടില്‍ നടക്കുന്നുണ്ട്. ജീവിതത്തിന്റെ  ഏറ്റവും നല്ല കാലഘട്ടത്തിലാണ്  ആ കുട്ടികള്‍ ഇപ്പോ. അതെന്തായി ഇതെന്തായി എന്ന് ചോദിക്കുന്ന ഫോണ്‍ കോളുകള്‍ക്ക് ചെവിക്കൊടുക്കേണ്ട. ഘോര ഘോര നിര്‍ദേശങ്ങള്‍ക്കും, ചെയ്യേണ്ട കര്‍ത്തവ്യങ്ങളുടെ പട്ടികകള്‍ അടങ്ങിയ ഇമെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി കൊടുക്കേണ്ട. ബോസ്സിന്റെയും സീനിയര്‍ ഉദ്യോഗസ്ഥരുടേയും തെറിവിളിയും ചീത്തവാക്കും കേള്‍ക്കേണ്ട.മൊത്തത്തില്‍ സ്വസ്ഥം സുഖം. ആകെയുള്ള പ്രശ്നം വാര്‍ഷിക പരീക്ഷ വരുമ്പോള്‍ പാസ്സ് ആവുക എന്നതാണ്. അതിപ്പോ സ്കൂളില്‍ കഞ്ഞി വെക്കാന്‍ പോയവരും  വാര്‍ഷിക പരീക്ഷ എളുപ്പത്തില്‍ പാസ്സ് ആവുന്ന ഈ കാലത്ത്  ആ പ്രശ്നവും ഒരു പ്രശ്നമല്ലാതെ ആയി തീര്‍ന്നിരിക്കുകയാണ്. എന്‍റെ അഭിപ്രായത്തില്‍  നമ്മള്‍ ഒരിക്കലും വളരാന്‍ പാടില്ല .എന്നും  ഒരു പത്താം ക്ലാസ്സ്‌. ആ പ്രായത്തില്‍ അങ്ങനെ നില്‍ക്കണം (പരീക്ഷകള്‍ പാടില്ല ) .അതിന്‍റെ അപ്പുറത്തേക്ക് പ്രായം കൂടാതെയിരിക്കാന്‍ വല്ല മന്ത്രം ഉണ്ടായിരുന്നെങ്കില്‍. മുടി വെളുത്തവര്‍ പ്രായം പുറത്ത് കാണിക്കാതിരിക്കാന്‍ ഹെയര്‍ ഡൈ ഉപയോഗിക്കുന്ന ഈ കാലത്ത് എന്‍റെ ഈ ആഗ്രഹം ഒരു ദുരാഗ്രഹമെന്ന് പറയാമോ? അടുത്ത വളവ് തിരിഞ്ഞാല്‍ കോളേജ് എത്തി. ഗേറ്റില്‍ സെക്യൂരിറ്റിക്കാര്‍ കോളേജ് കോമ്പൌണ്ടിലേക്ക് പ്രവേശിക്കുന്ന വണ്ടികളെ നിയന്ത്രിക്കാന്‍ മുന്നില്‍ തന്നെ നില്‍ക്കുന്നുണ്ട്. ഇരു ചക്ര വാഹങ്ങള്‍ ഒരു ഭാഗത്തും മറ്റു വാഹനങ്ങള്‍ വേറെ ഭാഗത്തുംപാര്‍ക്ക്‌ ചെയ്യാന്‍ അവര്‍ നിര്‍ദേശിക്കുന്നുണ്ട് .കോളേജിന്റെ ഗേറ്റ് കടന്നതും ഒരു പ്രത്യേക ഫീല്‍. ചില ദേവാലയങ്ങളുടെ കവാടങ്ങള്‍ കടന്നയുടനെ കിട്ടുന്ന ഒരു പ്രത്യേക അനുഭൂതിയില്ലേ അതുപോലെ തോന്നിയെനിക്ക്. കലാലയ ഓര്‍മകളും അനുഭവങ്ങളും അസ്ഥികളിലൂടെ തുളഞ്ഞുകയറി മസ്തിഷ്ക്കത്തില്‍ ആഞ്ഞടിച്ചപ്പോലെ...കണ്ണ് നിറഞ്ഞോ എന്‍റെ? ചില ഓര്‍മ്മകള്‍ അങ്ങനെയാണ് വെറുതെ വന്നു കണ്ണുകളെ ഒന്ന് നനച്ചു എങ്ങോട്ടോ പാഞ്ഞുപോവും . ജോലിക്ക് കയറിയപ്പോഴാണ് കലാലയ ജീവിതം  എത്ര  മനോഹരമായിരുന്നു എന്നുള്ള ബോധ്യം വന്നത്. കാലത്ത് ബസ്സ്‌ സ്റ്റോപ്പില്‍ നിന്ന് മീറ്ററുകളോളം അകലെ നിറുത്തുന്ന ബസ്സില്‍ ഓടിവലിഞ്ഞു കയറി  ST പൈസ കൊടുക്കുമ്പോള്‍  കണ്ടക്ടറുടെ  വായില്‍ നിന്നു രണ്ടു കേട്ട് അയാളെയും രണ്ടോമൂന്നോ പറഞ്ഞ് ചിലപ്പോ കൂട്ടംകൂടി അയാള്‍ക്കിട്ട്‌  രണ്ടു കൊടുത്ത് തുടങ്ങുന്ന ദിനം. ബസ്സ്‌ സ്റ്റാന്‍ഡില്‍ ചങ്ങായിമാര്‍  നമ്മളെ കാത്തു നില്ക്കുന്നുണ്ടാകും .അവരോടൊപ്പം കൂടെ ചേര്‍ന്ന്  തരുണിമണികളായ പെണ്‍ജനങ്ങളെ കണ്ണുകള്‍ക്കൊണ്ട് ഒരു ലൈന്‍ വലിക്കാന്‍ ഒരു ശ്രമവും നടത്തി അവര്‍ക്ക് ഒരു ടാറ്റായും കൊടുത്തു ബസ്സ്‌ കയറ്റിവിടുമ്പോഴേക്കും സമയം ഒമ്പതര കഴിഞ്ഞിട്ടുണ്ടാകും .ആശുപത്രി കോമ്പൌണ്ട് വഴി ഷോര്‍ട്ട് കട്ട്‌ ഉണ്ട് കോളേജിലെക്ക്. ആദ്യ പീരീഡ്‌ മാര്‍ക്കറ്റിംഗ് മാനേജ്‌മന്റ്‌ ആണ് എല്ലാ ദിവസവും. പകല് കിടന്നുറങ്ങാന്‍ പാടില്ല എന്ന് അമ്മ എപ്പോഴും പറയാറുണ്ട് അതുക്കൊണ്ട് മാര്‍ക്കറ്റിംഗ് ക്ലാസ്സില്‍ ഇരിക്കാറില്ല. എന്തോ അമ്മയുടെ വാക്കുകള്‍ ധിക്കരിക്കാന്‍ ഒരു മടി. ടൈമിംഗ് ശരിയാക്കാന്‍ വളരെ പതുക്കെയെ നടക്കാറുള്ളു. ടീച്ചര്‍മാരുടെ കുറ്റങ്ങളും തലേദിവസം കണ്ട സിനിമയും ആയിരിക്കും അപ്പോഴുള്ള ഞങ്ങളുടെ പ്രധാന ചര്‍ച്ച വിഷയം. സെക്കന്റ്‌ പീരീഡിന്റെ ബെല്‍ അടിക്കുമ്പോഴെക്കും ഞങ്ങള്‍ എത്തിയിരിക്കും. കാരണം സണ്ണി സാറിന്റെ ക്ലാസ്സ്‌ ആണ് അടുത്തത് .അക്കൌണ്ടന്‍സിയിലെ ഡോക്ടര്‍ സണ്ണിയാണ് പുള്ളി. പക്ഷെ ലോകപ്രശസ്തങ്ങളായ പ്രബന്ധങ്ങള്‍ എഴുതാത്തത് കൊണ്ട് പത്തു തലയുള്ള രാവണന്‍ എന്നൊന്നും പറയാന്‍ പറ്റിലാട്ടോ. പ്രൊഫസര്‍ ബ്രാഡ് ലിയുടെ ശിഷ്യനുമല്ല. എന്നിരുന്നാലും അദ്ധേഹത്തിന്റെ ക്ലാസ്സ്‌ ഒന്ന് ആധുനികമായി പറഞ്ഞാല്‍ കിടു. ഫൈനല്‍ ഇയറില്‍ ആകെ ഇരുന്നത് ആ ക്ലാസ്സ്‌ മാത്രമാണ്. ആ പീരീഡ്‌  കഴിഞ്ഞാല്‍ ഒന്നുകില്‍ കാന്റീന്‍ അല്ലെങ്കില്‍ ആശുപത്രി കംബൌണ്ടിന്റെ പിന്നിലൂടെ ഒരു ഇടവഴിയുണ്ട് അതിലൂടെ ഞങ്ങളുടെ താവളത്തിലേക്ക്. അതുമല്ലെങ്കില്‍ ഏതെങ്കിലും പടങ്ങള്‍ കാണാന്‍ തിയേറ്ററിലേക്ക്. റിലീസ് പടങ്ങള്‍ ആദ്യദിനം തന്നെ കണ്ടിരുന്നു. അന്നൊക്കെ .പൂരങ്ങളും പെരുന്നാളുകളും സ്കൂള്‍ കലോത്സവങ്ങളും ഒന്നുപ്പോലും വിട്ടുകളഞ്ഞിരുന്നില്ല അന്നൊന്നും. ഇന്നിപ്പോ അങ്ങനെയാണോ അവസ്ഥ? റിലീസ് പടം പോയിട്ട് ഒരു പുതിയ ഫിലിം തിയേറ്ററില്‍ പോയി കണ്ടിട്ട് കാലമെത്രയായി. പൂരങ്ങളും പെരുന്നാളുകളും വിടൂ ഓണം തന്നെ കൂടിയിട്ട് എത്ര കാലമായി. അടുത്ത ബന്ധുക്കളുടെ കല്യാണങ്ങളും കൂടാന്‍ പറ്റാതായിട്ടുണ്ട്. എല്ലാവരും നാട്ടില്‍ ആഘോഷങ്ങളും ഉത്സവങ്ങളും കല്യാണങ്ങളും അടിച്ചുപൊളിക്കുമ്പോള്‍ നമ്മള്‍ മാത്രം ലീവ് കിട്ടാതെ വെളുത്ത കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കറുത്ത ലെറ്റര്‍ നോക്കിയും ഫോണ്‍ കോളുകള്‍ക്ക് മറുപടികൊടുത്തും ആ ദിനം ഒരു കരി ദിനമായി  കൊണ്ടാടുന്നു. നേരത്തെ പറഞ്ഞില്ലേ വളരാന്‍ പാടില്ല ..എന്നും ഒരു പത്താം ക്ലാസ്സ്‌ ….

കോളേജ് ഗ്രൌണ്ട് വിദ്യാര്‍ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാവരും വളരെയേറെ ഗൌരവത്തോടെ പുസ്തകങ്ങള്‍ നോക്കിയിരിപ്പാണ്. പലരുടെയും പുസ്തകങ്ങളുടെ ചട്ടകള്‍ കണ്ടാല്‍ അറിയാം ആദ്യമായിട്ടാണ് അവര്‍ പുസ്തകം കാണുന്നതെന്ന്. ഒരു ചുളിവോ ഒടിവോ ഇല്ലാത്ത പുറംചട്ടകള്‍. പക്ഷെ അവരുടെ മുഖ ഭാവം കണ്ടാല്‍ പഠിപ്പിസ്റ്റ് ആണെന്നേ പറയു. ഞാന്‍ നേരെ പോയത് ഹാള്‍ നമ്പര്‍ നോക്കാന്‍ ആയിരുന്നു. റൂം നമ്പര്‍ 32. ഓ കുറച്ചധികം സ്റ്റെപ്പുകള്‍ കയറാന്‍ ഉണ്ടല്ലോ, ഞാന്‍ മനസ്സില്‍ പറഞ്ഞു. ഒമ്പതര ആയപ്പോള്‍ ക്ലാസ്സുകളിലേക്ക് വിദ്യാര്‍ഥികളെ കയറ്റാന്‍ തുടങ്ങി. മുപ്പത്തിരണ്ടാം റൂമിലേക്ക്‌ എത്തിപ്പെടാന്‍ ഏണിപ്പടി കയറേണ്ടതുണ്ട്. തിക്കിത്തിരക്കി ഏണിപ്പടിയിലൂടെ ഞാന്‍ റൂമിലെത്തി. പതിനാലായിരുന്നു എന്‍റെ സീറ്റ്‌ നമ്പര്‍. ഡെസ്ക്കിലെ പതിനാലാം നമ്പര്‍ തിരഞ്ഞു ഞാന്‍. ഏറ്റവും ലാസ്റ്റ് ആയിരുന്നു എന്‍റെ നമ്പര്‍ ഉള്ള ഡെസ്ക് കിടന്നിരുന്നത്. ഒരു ബെഞ്ചില്‍ മൂന്ന് പേര്‍ക്കേ ഇരിക്കാന്‍ പറ്റു. എന്റേത് മിഡില്‍ സീറ്റ്‌ ആയിരുന്നു. ഞാന്‍ ഹാള്‍ടിക്കറ്റും ഐഡി കാര്‍ഡും ഡെസ്കില്‍ വെച്ചു .ബ്രൌണ്‍ കളറില്‍ ഉള്ള ഡെസ്ക്കില്‍ നിറച്ചും എഴുത്തുകള്‍ ആയിരുന്നു. പലരും കോപ്പി അടിക്കാന്‍ വേണ്ടി എഴുതിവെച്ച നോട്ടുകള്‍ ആയിരുന്നു അതൊക്കെ. പേനക്കൊണ്ട്‌  ഒരു ഡോട്ട് ഇടാന്‍പോലും ഡെസ്കില്‍ ഇനി  സ്ഥലമില്ലാതെ ആയിരിക്കുന്നു. എന്‍റെ ഇടതു ഭാഗത്തെ സീറ്റില്‍ ഒരുത്തന്‍ വന്നിരുന്നു. ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റും പേനയും അവന്‍ ഡെസ്ക്കില്‍ എടുത്തു വച്ചു. എന്നിട്ട് കണ്ണുകള്‍ അടച്ച് കൈ കൂപ്പി പ്രാര്‍ത്ഥിക്കുകയാണ്. ഗുഡ്, നല്ല പയ്യന്‍ ആണെന്ന് തോന്നുന്നു. ഞാന്‍ മനസ്സില്‍ പറഞ്ഞു. പ്രാര്‍ത്ഥന കഴിഞ്ഞു നേരെ നോക്കിയത് എന്നെയാണ്. ഞാന്‍ ഒന്ന് ചിരിച്ചു അവനും ചിരിച്ചു. അവന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു. ബാക്ക് പോക്കെറ്റില്‍ നിന്ന് പാതി മുറിഞ്ഞ ഹേക്സോ ബ്ലേഡ്ന്‍റെ  ഒരു കഷണം എടുത്ത് ഡെസ്ക്കില്‍ വെച്ചു അതിനു പിന്നാലെ സാദാ ബ്ലേഡ്  രണ്ടണം ഒരു വൈറ്റ്നര്‍ രണ്ടു ജെല്‍പ്പെന്‍  .അവന്‍ വീണ്ടും എന്നെ നോക്കി. പിന്നെ ഹേക്സോ ബ്ലേഡ് എടുത്ത് പ്രൊഫഷണല്‍ ആശാരിയെപ്പോലെ ഡെസ്ക്കിലെ പഴയ എഴുത്തുകളെ ചുരണ്ടാന്‍ തുടങ്ങി. പെരുന്തച്ചന്‍റെ ബന്ധു ആണെന്ന് തോന്നുന്നു. ഡെസ്ക്കിന്റെ നിറം പൂര്‍വ്വസ്ഥിതിയില്‍ ആയി ഇപ്പോ. അവന്‍ ഹേക്സോ ബ്ലേഡ് മാറ്റി സാദാ ബ്ലേഡ് എടുത്ത് ചുരണ്ടിയ ഭാഗം മിനുസപ്പെടുത്താന്‍ തുടങ്ങി. ജെല്‍പ്പെന്‍ എടുത്ത് പതിയെ ടെക്സ്റ്റ്‌ ബുക്ക്‌ നോക്കി എന്തൊക്കെയോ എഴുതുകയാണ് കക്ഷി. ഞാന്‍ അവന്‍റെ കലാ സൃഷ്ടി നോക്കിയിരുന്നു. എന്റെ നോട്ടം കണ്ട്, അവന്‍ ചോദിച്ചു.

“എന്താ ബ്രോ ..ടൂള്‍സ് വേണോ “

ഞാന്‍ വേണ്ട എന്ന് തലയാട്ടി

“ശരി ..ഇന്നു ഏതാ എക്സാം ബ്രോ ?” അവന്‍ ചോദിച്ചു

“ഫിനാന്‍ഷ്യേല്‍ അക്കൗണ്ടിംഗ് “

“എനിക്ക് ക്വാണ്ടിറ്റെറ്റിവ് ടെക്ക്നിക്ക്സ് ….ബ്രോ ബിറ്റ് വല്ലതും വെച്ചിട്ടുണ്ടോ “

“ഇല്ല “ഞാന്‍ തലയാട്ടിക്കൊണ്ട് പറഞ്ഞു

“പിന്നെ എങ്ങനെ പാസ്സാവും  ബ്രോ ?”

അത് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു

“അറിയില്ല ...പാസ്സാവണം എങ്ങനെയെങ്കിലും “.കുറച്ച് നേരം ഞങ്ങള്‍ അങ്ങനെ പലതും പറഞ്ഞിരിന്നു .അതിനിടയില്‍ ഒരുത്തി വന്നു എന്‍റെ വലത്ത് ഭാഗത്തെ സീറ്റില്‍ വന്നിരുന്നു. രണ്ടു നോട്ട്ബുക്കിന്റെ കനത്തില്‍ ഉള്ള ഒരു ടെക്സ്റ്റ്‌ ബുക്ക്‌ അവള്‍ ഡെസ്കില്‍ വെച്ചു. നെറ്റിയിലെ സിന്ധൂര റിഫ്ലെക്ടര്‍ കണ്ടപ്പോള്‍ കല്യാണം കഴിഞ്ഞതാണെന്ന് മനസില്ലായി. അത് നന്നായി അല്ലെങ്കില്‍ എന്‍റെ പ്രിയ വായനക്കാരെ കഥ വേറെ വഴിയിലൂടെ പോയേനെ. ഹാള്‍ടിക്കറ്റും ഐഡി കാര്‍ഡും അവള്‍ ഡെസ്ക്കില്‍ വെച്ചു. നേരിലെ രൂപവും ഹാള്‍ടിക്കറ്റിലെ ഫോട്ടോയും കണ്ടപ്പോള്‍ പകച്ചുപ്പോയി. ഫോട്ടോഷോപ്പിന്റെ പല ഭീകര അവസ്ഥകളും കണ്ടിട്ടുണ്ട് ഇങ്ങനെയൊന്ന്  ആദ്യമായാണ്. ഞാന്‍ അവളുടെ ഫോട്ടോയില്‍ തന്നെയാണ് നോക്കുന്നതെന്ന് അവള്‍ക്ക് മനസിലായി. എന്റമ്മോ, അപ്പൊ കാണണം അവളുടെ ജാഡ. ആധാര്‍ കാര്‍ഡിലെ ഫോട്ടോ അവളെ തന്നെ കാണിച്ചാല്‍ തീരുന്നതെ ഉള്ളു അവളുടെ പ്രശ്നം. അവള്‍ ഷാള്‍ മടക്കി കഴുത്തില്‍ ഇട്ടിട്ടു അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ്റ് ചെയ്യുകയാണ്. അറിയാതെ ഞാന്‍ ഒന്ന് ആ വശത്തോട്ടു നോക്കിപ്പോയി. അവള്‍ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു. അവള്‍ എന്നെ തുറിച്ചുനോക്കി, “എന്താടാ ഇങ്ങനെ  നോക്കാന്‍ ഉള്ളത് “ അതാണ് ആ നോട്ടത്തിന്റെ അര്‍ഥം .”ഓ പിന്നേ…. കില്ലോമീട്രോള്ളം പൊളി ഉള്ള ഡ്രസ്സ്‌ ഇടുമ്പോള്‍ ഇല്ലാത്ത നാണം ഞാന്‍ അറിയാതെ ഒന്ന് നോക്കിയപ്പോള്‍ എവിടെ നിന്ന് വന്നു “ ഇങ്ങനെ പറയണം എന്ന് തോന്നി, പക്ഷെ പറഞ്ഞില്ല .അപ്പോഴേക്കും എന്‍റെ ഇടത് ഭാഗത്ത്‌ ഇരുന്നിരുന്നവന്‍ ഡെസ്ക്ക്കിന്‍റെ പകുതി ഭാഗത്തോളം ചുരണ്ടി കഴിഞ്ഞിരുന്നു .കാണണം അവന്‍റെ മുഖത്തെ സന്തോഷമപ്പോള്‍ .”യെസ് മിഷന്‍ അക്കംപ്ലിഷേഡ്” ഒരു യുദ്ധം ജയിച്ച ജെനറലിനെപ്പോലെ അവന്‍ പതിയെ പറഞ്ഞു. കൃത്യം പത്തുമണിക്ക് തന്നെ എക്സാം ഹാളിലേയ്ക്ക് ടീച്ചേഴ്സ് എത്തി തുടങ്ങി. ഒരു കെട്ട്  ക്വസ്റ്റിന്‍ പേപ്പേറുമായി എന്‍റെ ഹാളിലെയ്ക്കും ടീച്ചര്‍ എത്തി. ടീച്ചര്‍ ഓരോരോ വിഷയങ്ങളുടെ ക്വസ്റ്റിന്‍ പേപ്പര്‍ അതാത് വിദ്യാര്‍ഥികള്‍ക്ക്  കൊടുത്തു കൂടെ ആന്‍സര്‍ എഴുതാനുള്ള ഷീറ്റും. എന്‍റെ ഇടത്  ഭാഗത്തിരുന്നവന്‍ വീണ്ടും കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥിക്കുകയാണ്.

“OMR ഷീറ്റാണ് സൂക്ഷിച്ചു ഫില്‍ ചെയ്യുക….തെറ്റിച്ചു കഴിഞ്ഞാല്‍ വേറെ ഷീറ്റ് കിട്ടുന്നതല്ല “ആന്‍സര്‍ എഴുതാനുള്ള ഷീറ്റ് കൊടുത്ത് കഴിഞ്ഞതിനു ശേഷം ടീച്ചര്‍ ഒന്ന് ഓര്‍മ്മപ്പെടുത്തി. ഒരു പത്തു മിനിട്ടെങ്കിലും വേണം അത് ഫില്‍ ചെയ്യാന്‍. പലരും തിരക്കിട്ട് ഫില്‍ ചെയ്തു തെറ്റിച്ചതായി കണ്ടിട്ടുണ്ട്.നമ്മുക്കൊക്കെ എന്ത് തിരക്ക്. ഞാന്‍ വളരെ പതുക്കെ അത് ഫില്‍ ചെയ്യാന്‍ തുടങ്ങി .ഹാള്‍ടിക്കറ്റ് നമ്പര്‍  ശരിക്കും മാര്‍ക്ക്‌ ചെയ്യ്‌തതിനു ശേഷം .കിട്ടാക്കനിയായ വിഷയത്തിന്‍റെ പേപ്പര്‍ ഞാന്‍ കൈയിലെടുത്തു. ആദ്യ ചോദ്യത്തിന്റെ മലയാള പരിഭാഷ.

“A യും B യും C യും രണ്ടു  ലക്ഷം മൂലധനമായി ഒരു ബിസ്സിനെസ്സ് തുടങ്ങി.3 :2 :1 എന്ന അനുപാതത്തില്‍ ആയിരുന്നു അവര്‍ ലാഭം പങ്കിട്ടിരുന്നത് . മാര്‍ച്ച്‌ മുപ്പത്തിയൊന്നിനു C മരിച്ചു. അന്ന് തന്നെ പുതിയ പാര്‍ട്ട്‌നര്‍ D ബിസ്സിനസിലെക്ക് കടന്നു വരുന്നു. 50000 രൂപയുടെ സല്‍പ്പേരുമായിട്ടാണ് D വന്നിരിക്കുന്നത്. ഏപ്രില്‍ പതിനഞ്ചിന് B പാപ്പരായി. ആവശ്യമുള്ള ജേര്‍ണല്‍ എന്‍ട്രി എഴുതുക“, ഇതായിരുന്നു ആദ്യത്തെ ചോദ്യം .ഞാന്‍ ആ ചോദ്യം ഒന്നുകൂടിയും വായിച്ചു .ഒരു ബിസിനെസ്സ് തുടങ്ങിയിരിക്കുകയാണ്  A യും B യും C യും അതും രണ്ടു ലക്ഷം രൂപക്ക്. ഇന്നത്തെ കാലത്ത് രണ്ടു ലക്ഷ രൂപക്ക് എന്ത് ബിസിനെസ്സ് തുടങ്ങാന്‍ പറ്റും? ഞാന്‍ ഒരു ചോദ്യത്തോടെ അത് വായിച്ചു നിറുത്തി. പെട്ടിക്കട ആയിരിക്കും, ഞാന്‍ മനസ്സില്‍ പറഞ്ഞു. മാര്‍ച്ച്‌ മുപ്പത്തിയൊന്നിനു C മരിക്കുന്നു. ഹോ അതും കൃത്യം മാര്‍ച്ച്‌ മൂപ്പത്തിയൊന്നിന്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് മാര്‍ച്ച്‌ മൂപ്പതിയൊന്നിനാണ്‌ അന്ന് തന്നെ C മരിക്കുകയാണ്...എന്താല്ലേ, പാവം. അയാളുടെ വീട്ടുക്കാര്‍ എങ്ങനെ ജീവിക്കും? ആകെ ഉള്ള വരുമാനം ചിലപ്പോ ഈ ബിസിനെസ്സ് ആയിരിക്കും. അതല്ല രസം അന്ന് തന്നെ Mr.D പാര്‍ട്ട്ണര്‍ഷിപ്പില്‍  ജോയിന്‍ ചെയ്യുകയും  ചെയ്യുന്നു. ഒരാള്‍ അവിടെ മരിച്ചു കിടക്കുമ്പോഴാ അവന്‍ ജോയിന്‍ ചെയ്യാന്‍ വരുന്നേ. മരിച്ച പാര്‍ട്ട്‌നറുടെ ദുഃഖത്തില്‍  പങ്കു ചേരാതെ അവര്‍ അടുത്തയാളെ പാര്‍ട്ട്‌ണറായി ചേര്‍ക്കുന്നു. മാനുഷിക മൂല്യങ്ങള്‍ക്ക് ആരും വില കല്പിക്കാതായിരിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണം ആയിരിക്കുന്നു ഇ സംഭവം. എവിടെ എന്‍റെ എഫ്ബി ഇപ്പോ തന്നെ ഇതിനെപ്പറ്റി ഒരു പോസ്റ്റ്‌ ഇടണം ...കിസ്സ്‌ ഓഫ് ലവ്  സംഘാടകരെ വേഗം ഈ കാര്യം അറിയിക്കണം ...ഉടനെ പ്രതികരിച്ചേ മതിയാവു ...എവിടെ ന്യൂസ്‌ ചാനല്‍സ് ..വരൂ നമുക്ക് സംവാദം തുടങ്ങണ്ടേ ? വിദ്യാര്‍ഥി സംഘടനകളെ  രാഷ്ട്രീയ സംഘടനകളെ   നിങ്ങള്‍ എവിടെ ഒരു രക്തസാക്ഷിയെയും നമുക്ക് കിട്ടിയിരിക്കുന്നു വരൂ ഇന്നത്തെ പഠിപ്പ് മുടക്കല്‍ സമരം ഇതും പറഞ്ഞുകൊണ്ടാകാം  .നാളെ ഇതിന്‍റെ പേരും പറഞ്ഞു ധര്‍ണ്ണയും ജാഥയും പറ്റിയാല്‍ ഒരു ഹര്‍ത്താലും നടത്തണം .എന്തിനു വേണ്ടിയാണോ  ഏതിനോ വേണ്ടിയാണോ എന്നൊന്നും  അറിയാതെ നടത്തുന്ന പ്രതികരണങ്ങളും പ്രകടനങ്ങളും വെറും പ്രഹസനങ്ങള്‍ ആയിരിക്കുന്നു ഇപ്പോ .ക്ഷമിക്കണം വിഷയത്തില്‍ നിന്നു ഒരു നിമിഷം മാറി പോയി .ചോദ്യത്തിലേക്ക് തിരിച്ചു വരട്ടെ. 50000 രൂപയുടെ സല്‍പ്പെരുമായിട്ടാണ് Mr.D വന്നിരിക്കുന്നത് .അതെന്താ ഉദേശിച്ചേന്ന് മനസിലായില്ല .സല്‍പ്പേര് എങ്ങനെ കൊണ്ടുവരാന്‍ പറ്റും ? അത് നമ്മള്‍ ഉണ്ടാക്കിയെടുക്കുന്നതല്ലേ ? എന്ത് അസംബന്ധമാണ് ഈ ചോദ്യം .ഞാന്‍ ചോദ്യ പേപ്പര്‍ മടക്കി ഡെസ്ക്കില്‍ വെച്ചു .എന്‍റെ ഇടത് ഭാഗത്ത്‌ ഇരിക്കുന്നവന്‍ ചോദ്യ പേപ്പറിന്റെ ഇടയില്‍ ബിറ്റും വെച്ച് ഉഷാറായി എഴുതുകയാണ്. ഇടക്കൊന്നു തലപൊക്കി ടീച്ചറുടെ സ്ഥാനം എവിടെയാണ് എന്ന് അവന്‍ ഉറപ്പു വരുത്തുന്നുണ്ട്. ടീച്ചര്‍ അവന്‍റെ അരികിലെക്കോ അല്ലെങ്കില്‍ ഡെസ്ക്കിന്‍റെ പരിസരത്തോട്ടോ വരുമ്പോള്‍ അതിസാഹസികമായി എല്ലാം തികഞ്ഞ  ഒരു കള്ളനെപ്പോലെ അവന്‍ ബിറ്റ് മാറ്റുന്നത് കാണണം. പ്രൊഫഷണലിസം എന്താണ് എന്ന് കാണണമെങ്കില്‍ ഏതെങ്കിലും എക്സാം ഹാളില്‍ ഒന്ന് ഇരിക്കണം. എന്ത് മാത്രം കഷ്ടപ്പെട്ടാണ് അവര്‍ കയ്യിലുള്ള ബിറ്റുകള്‍ ഉത്തര കടലാസ്സിലെയ്ക്ക് പകര്‍ത്തുന്നത്. കായംകുളം കൊച്ചുണ്ണി മുതല്‍ അങ്ങ് റോബിന്‍ ഹുഡ് വരെ ഈ കൂട്ടത്തിലുണ്ട്. എന്‍റെ വലത്ത് ഭാഗത്ത് ഇരിക്കുന്നവളും ചറ പറാ എന്ന് എഴുതുകയാണ്. രണ്ടു മണിക്കൂറിനുള്ളില്‍ പതിനേഴ്‌ പേപ്പര്‍ എഴുതിയിരിക്കുന്നു. ഉത്തരക്കടലാസ്സിന്റെ കനം നോക്കുന്ന യൂണിവേഴ്സിറ്റി ആയതുക്കൊണ്ട്  അവള്‍ ഉറപ്പായും ജയിക്കും .അതിനിടയില്‍ വേറെ ഒരു ടീച്ചര്‍ കടന്നു വന്നു. ഒരു പതിനഞ്ചു മിനിട്ട് നേരം മറ്റേ ടീച്ചര്‍ക്ക്‌ ഇനി റെസ്റ്റാണ് .കയറി വന്ന പുതിയ ടീച്ചര്‍ക്ക്‌ കുറച്ചു ഷീറ്റ് പേപ്പറുകള്‍ കൈമാറി മറ്റേ ടീച്ചര്‍ പുറത്തേക്കു പോയി. പുതിയ ടീച്ചറെ കണ്ടതും എന്‍റെ ഇടത് ഭാഗത്ത് ഇരിക്കുന്നവന്‍ പതിയെ പറഞ്ഞു

“ WOW എനിക്കിനി ഒന്നും വേണ്ട ഇതു മതി ….ഞാന്‍ ഇനി എക്സാം എഴുതുന്നില്ല “ മോശം പറയരുതല്ലോ കയറി വന്ന ടീച്ചര്‍ക്ക് ഒടുക്കത്തെ ഭംഗിയായിരുന്നു .അവരെ കണ്ടതും ഉത്തരക്കടലാസ് മടക്കി പേന ഡെസ്കില്‍  വെച്ചു അവന്‍. ഈ ടീച്ചര്‍ ആണെങ്കില്ലോ കസാരയില്‍ ഇരിക്കാതെ തലങ്ങും വിലങ്ങും ഹാളിലൂടെ നടക്കുകയാണ്. പെട്ടെന്ന് എന്‍റെ ഫോണ്‍ വൈബ്രേറ്റ് ചെയ്യാന്‍ തുടങ്ങി. നിശബ്ദമായ ക്ലാസ്സ്‌ ആയതുക്കൊണ്ട് വൈബ്രേറ്റിംഗ് ശബ്ദം വളരെ ഉച്ചത്തില്‍ ആയിരുന്നു. പതിയെ എടുത്ത് നോക്കി ഞാന്‍. ഓഫീസില്‍ നിന്നാണ്. ലീവ് എടുത്താലും ഒന്ന് വെറുതെ വിട്ടുകൂടെട നിങ്ങള്‍ക്ക്. ടീച്ചര്‍ അത് കണ്ടു എന്‍റെ അടുത്തേക്ക് വന്നു.

“എക്സാം ഹാളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നറിയില്ലേ“? ടീച്ചര്‍ എന്നോട് ചോദിച്ചു. ഹാളിലെ എല്ലാവരുടെയും കണ്ണുകള്‍ ആ സമയം എന്‍റെമേല്‍ ആയിരുന്നു

“സ്വിച്ച് ഓഫ്‌ ചെയ്യു അത്“,  ടീച്ചര്‍ ഒരു താക്കീതോടെ പറഞ്ഞു. ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു പോക്കറ്റില്‍ വെച്ചു. ”ഛെ നാണക്കേടായി“. അല്ലെങ്കിലും ഈ ഓഫീസില്‍ ഉള്ളവര്‍ ഇങ്ങനെയാ. ലീവ് എടുത്താലും വെറുതെ വിടില്ല. അന്നും വിളിച്ചുകൊണ്ടിരിക്കും ഓരോന്നും പറഞ്ഞ്. പുതിയ ടീച്ചര്‍ പോയി മറ്റേ പഴയ ടീച്ചര്‍ തിരിച്ചു വന്നു. എന്‍റെ ഇടത് ഭാഗത്ത്‌ ഇരിക്കുന്നവന്റെ മുഖം വാടി പ്പോയി. അവന്‍ എഴുതാന്‍ ആരംഭിച്ചു. ഇനി കഷ്ടി ഒരു മണിക്കൂറെ ഉള്ളു. എന്തെങ്കിലും എഴുതി പേപ്പര്‍ നിറയ്ക്കണം. എന്‍റെ ഉള്ളിലെ സ്വന്തം ലേഖകന്‍ ഉണര്‍ന്നു. പെട്ടെന്ന് പേപ്പര്‍ നിറയ്ക്കാനായി കുറച്ചു വലിയ അക്ഷരങ്ങളായിട്ടാണ് എഴുതുന്നത്‌. ഒരു പേപ്പര്‍ ...രണ്ടു പേപ്പര്‍ ...മൂന്ന് പേപ്പര്‍ ….പന്ത്രണ്ടു പേപ്പര്‍ ...ഇനിയും അഞ്ചു മിനിട്ടുകള്‍ ഉണ്ട് എക്സാം കഴിയാന്‍ .എന്നിലെ സ്വന്തം ലേഖകനെ കുറിച്ച് എനിക്ക് തന്നെ അഭിമാനം തോന്നി. ഒരു പേപ്പര്‍ കൂടിയും എഴുതിയേക്കാം. പെട്ടന്ന് ടീച്ചറുടെ പിന്നില്‍ നിന്നുള്ള വിളി കേള്‍ക്കുന്നത്.

“ഹേയ് യു“  എന്നെയാണെന്ന് എനിക്ക് മനസിലായി .ടീച്ചര്‍ തുടര്‍ന്നു.

“എന്താണിത്“ ഞാന്‍ ഇരിക്കുന്ന ബെഞ്ചിന്‍റെ അടുത്ത് കിടന്നിരുന്ന കുറച്ചു കടലാസ്സ്‌ കഷണങ്ങള്‍ എടുത്തുക്കൊണ്ട്‌ ടീച്ചര്‍ ചോദിച്ചു.

“എനിക്കറിയില്ല“

“തനിക്കറിയാതെ പിന്നെ ഇത് എങ്ങനെ വന്നു“ ഞാന്‍ പതിയെ കടലാസ് കഷണം തുറന്നു നോക്കി .അരിത്മെറ്റിക് മീന്‍, മീഡിയം, മോഡ് എന്നൊക്കെ എഴുതി കാണാന്‍ ഉണ്ട് അതില്‍  എന്നിട്ട് ഒരുപിടി ഫോര്‍മുലകളും.

“ടീച്ചര്‍ ഇതു എന്റേതല്ലാ..എനിക്ക് ഫിനാൻഷ്യൽ  അക്കൗണ്ടിംഗ് ആണ് ... മീന്‍ മീഡിയം മോഡ് എന്നൊക്കെ പറഞ്ഞാല്‍ എന്തോന്നാ ടീച്ചര്‍ ? “

“അതൊന്നും എനിക്കറിയില്ല .....സംശയം ചോദിയ്ക്കാന്‍ ഇതു എന്ട്രന്‍സ് കോച്ചിംഗ് ക്ലാസ്സ്‌ അല്ല ....ഇതു തന്‍റെ അടുത്ത് നിന്നാണ് കിട്ടിയത് ...മതി എഴുതിയത് എണീയ്ക്ക് സീറ്റില്‍ നിന്നു “ ടീച്ചര്‍ പേപ്പര്‍ വാങ്ങി ചുവന്ന മാഷിയുള്ള പേനക്കൊണ്ട് വലിയൊരു വര വരച്ചു .എന്‍റെയല്ല  ആ കടലാസ്സു കഷ്ണങ്ങള്‍ എന്ന് എത്ര പറഞ്ഞു നോക്കിയും ടീച്ചര്‍ എന്നെ എക്സാം എഴുതാന്‍ അനുവദിച്ചില്ല. ഞാന്‍ ഹാള്‍ടിക്കറ്റും പെനയും എടുത്ത്  സീറ്റില്‍  നിന്നു എണിറ്റു. പുറത്തേക്ക് കടക്കുമ്പോള്‍ എന്‍റെ ഇടത് ഭാഗത്തെ സീറ്റില്‍ ഇരുന്നവന്‍ പതിയെ എന്‍റെ കാതില്‍ പറഞ്ഞു.

“സോറി ബ്രോ “ അവന്‍റെതായിരുന്നു ആ കടലാസ്സ് കഷ്ണങ്ങള്‍ .ടീച്ചര്‍ക്ക്‌ അവനെ ഒറ്റി കൊടുക്കാതെ ഞാനും പുതിയ യുഗത്തിന്‍റെ ബ്രോക്കള്‍ക്ക്‌  മാതൃകയായി . ഹാള്‍ടിക്കറ്റും പേനയും ബാഗിലിട്ടു പതിയെ പുറത്തേയ്ക് നടന്നു.….

മൂവാണ്ടൻ മാവ്

മൂവാണ്ടൻ മാവ്

ഒന്നിൽ നിന്ന് മൂന്നിലേക്ക്

ഒന്നിൽ നിന്ന് മൂന്നിലേക്ക്