Kadhajalakam is a window to the world of fictional writings by a collective of writers

ഐ .സി .യു.

ഐ .സി .യു.

ആംബുലൻസിൽ  കിടന്നുകൊണ്ട് കോഴിക്കോട് നിന്നും അമൃതയിലേക്കുള്ള നീണ്ട നാലുമണിക്കൂർ യാത്ര. ഹോസ്പിറ്റലിന് മുന്നിൽ യാത്ര അവസാനിപ്പിച്ച് ഡ്രൈവർ എഞ്ചിൻ ഓഫ് ചെയ്തപ്പോൾ,  ആംബുലൻസിന്റെ ഭയപ്പെടുത്തുന്ന കരച്ചിൽ  അവസാനിച്ചതിൽ മനസ്സിലൊരാശ്വാസം തോന്നിയെങ്കിലും നെഞ്ചിനുള്ളിൽ ഒരു പിടച്ചിൽ.

യാത്രയിലുടനീളം എനിക്ക് ചുറ്റുമുള്ള  ബന്ധുക്കളുടെ സംസാരം ചെവിയിൽ ഒരു നേർത്ത ഇരമ്പലായ് അലിയുമ്പോഴും  പാതി മയക്കത്തിൽ ഞാൻ എന്തിനാണീ നീണ്ട യാത്രയെന്ന് ചിന്തിക്കുകയായിരുന്നു. ക്ഷീണം മായ്ച്ചുകൊണ്ടിരുന്ന  ഓർമ്മ വീണ്ടെടുക്കുമ്പോൾ ദയനീയമായി എന്നെ നോക്കുന്ന കണ്ണുകൾ എന്നെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. യാത്രയിലൂടെനീളം,  നിർത്താതെ എന്റെ ശരീരത്തിലേക്ക് ഒലിച്ചിറങ്ങുന്ന ഡ്രിപ്പിന്റെ ബോട്ടിലിനു പുറത്ത് എഴുതിയിരിക്കുന്നത് വായിക്കാൻ പോലും പറ്റാത്തവിധം  എന്റെ ക്ഷീണം കണ്ണുകളെ തളർത്തിയിരിക്കുന്നു.

യാത്ര ഒരു ശീലമായതു പോലെ. ഇതേ അവസ്ഥയിൽ മകളുടെ അരങ്ങേറ്റത്തിനായി തുടങ്ങിയ യാത്ര. അതിനിടയിലെ അസഹനീയമായ ഛർദ്ദി. എന്റെ ജീവന്റെ അംശങ്ങൾ എന്നിൽ നിന്നടർത്തിയെടുത്തതുപോലുള്ള  അതിയായ ക്ഷീണം. ക്ഷീണംകൊണ്ട് മകളുടെ അരങ്ങേറ്റം കാണാൻപോലും പറ്റാതെ ഞാൻ മുറിയിൽ കിടന്നത്..

എങ്ങനെയെങ്കിലും വീട്ടിലെത്തി വിശ്രമിക്കണമെന്നാഗ്രഹിച്ചു.  ഒടുവിൽ, വീടിനടുത്തെ ഹോസ്പിറ്റലിലെ ഒന്നരദിവസത്തെ ചികിത്സക്കുശേഷം അവരെന്നെ ഏറണാകുളത്തേത് തിരിച്ചയച്ച യാത്ര ഇതാ ഇവിടെവരെയെത്തിയിരിക്കുന്നു.

ഡ്രൈവർ ഡോർ തുറന്നു എന്നെ ബന്ധിച്ച ബെൽറ്റ് മാറ്റിയതുകൊണ്ടു എഴുന്നേൽക്കാൻ എന്റെ മനസ്സ് കൊതിച്ചെങ്കിലും എന്റെ ശരീരത്തിന്റെ തളർച്ച  അതിനനുവദിച്ചില്ല. എന്റെ ശരീരത്തിലേക്ക് ഒലിച്ചിറങ്ങുന്ന ഡ്രിപ് ബോട്ടിൽ കാലിയാണെങ്കിലും അതുമെടുത്ത് ആരെല്ലാമോ എന്നെ താങ്ങി അത്യാഹിത   വിഭാഗത്തിന്റെ വാതിലിലേക്കാനയിച്ചു. ഒഴിഞ്ഞൊരു കിടക്കയിൽ എന്നെ കിടത്തി.  ഹോസ്പ്പിറ്റൽ  റിപ്പോർട്ട് കണ്ട  അവർ വീണ്ടും ചില ടെസ്റ്റിനായ് എന്റെ രക്തം വലിച്ചെടുത്തു.

 ആരോ എന്റെ ശരീരത്തിൽ സ്പർശിച്ചതറിഞ്ഞു  മയക്കമുണർന്നു  നോക്കുമ്പോൾ,  നമുക്ക് ഹോസ്പ്പിറ്റൽ ഡ്രസ്സ് ഇടാമെന്ന്  ആതിഥ്യമര്യാദയോടെ പറയുന്ന  നഴ്സിന്റെ പുഞ്ചിരിയാർന്ന മുഖം.  എന്റെ നേർക്ക് നീട്ടിയ ഡ്രസ്സ് വാങ്ങാൻ പോലും കഴിയാതെ എന്റെ കൈകൾ തളർന്നിരിക്കുന്നു. സാരമില്ലെന്നു പറഞ്ഞു അവർ  എന്റെ ഡ്രസ്സ് മാറ്റി. രണ്ടു  ദിവസമായി ഞാൻ ഇതേ ഡ്രസ്സിലാണ്. ഇപ്പോൾ അതിന്റെ കളർ ഒന്ന് മാറ്റിയെന്ന് മാത്രം.

ഞാൻ മെല്ലെ തലപൊക്കി നോക്കി. എന്റെ കൂടെ വന്നവരെ കാണുന്നില്ലല്ലോ. ആരോ എന്നെ മെഡിക്കൽ കാർട്ടിലേക്കു എടുത്തുമാറ്റി തള്ളിതുടങ്ങിയിരുന്നു.

വഴിയിലെ ഇടനാഴിയിൽ,  എന്നെ വെയിറ്റ് ചെയ്തു നിന്നിരുന്നതുപോലെ കുറച്ചുപേർ.അവരും കാർട്ടിനൊപ്പം നടന്നുതുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മുകളിൽ ജി ഐ തെളിഞ്ഞു . ഇതേ  ബോർഡ് ഞാൻ അച്ഛന്റെ ബ്രയിൻ ഓപ്പറേഷന്  വന്നപ്പോൾ  കണ്ടിട്ടുണ്ട് . അന്ന് ഞാൻ അച്ഛനരികിലൂടെ നടന്നതുപോലെ ഇപ്പോൾ അച്ഛൻ എനിക്കരികിലൂടെ നടക്കുന്നു. കുറച്ചുകൂടി കഴിഞ്ഞപ്പോൾ വീണ്ടുമൊരു ബോർഡ്,

"ഐ .സി .യൂ ."

എന്റെ കുടെ വന്നവരെയെല്ലാം പുറത്തുനിർത്തി എന്റെ വണ്ടി  ഐ സി യൂവിനുള്ളിലേക്കു കടന്നു.ആരെല്ലാമോ എന്നെയെടുത്തു ബെഡിൽ കിടത്തി. എവിടെയെന്നറിയാൻ ഞാൻ ചുറ്റും നോക്കി. മുറിക്കുള്ളിൽ നേർത്ത വെളിച്ചം. കുറെ ബെഡുകൾ. അതിലെല്ലാം ആരെല്ലാമോ കിടക്കുന്നു. ചിലർ അനങ്ങുന്നില്ല. മറ്റുചിലർ, വേദനകൊണ്ടാണോ എന്നറിയില്ല കരയുന്നതുപോലെ ശബ്ദമുണ്ടാക്കുന്നു . എന്റെ കൂടെ വന്നവരെയാരെയെങ്കിലും കാണാമോ എന്ന് ഞാൻ നോക്കി . കണ്ടിരുന്നെങ്കിൽ എനിക്കിവിടെ കിടക്കേണ്ട വീട്ടിൽ പോയി റെസ്റ്റെടുത്തൽ മതിയെന്ന് പറയാമായിരുന്നു.എവിടെനിന്നോ വന്ന ഒരു നഴ്സ്, ബെഡിൽ തൂക്കിയിരുന്ന റിപ്പോർട്ട് എടുത്തു എന്നെ നോക്കി. പരീക്ഷക്കെന്നപോലെ അതു പഠിക്കുന്നു എന്നു തോന്നും.

മറഞ്ഞുപോയ ബോധം വീണ്ടെടുത്ത് കണ്ണുതുറന്നപ്പോൾ എനിക്കിരുവശത്തും ആൾരൂപങ്ങൾ . വേഷത്തിൽ, ആണോ പെണ്ണോ എന്നറിയാൻകഴിയുമായിരുന്നില്ല. ഒരാൾ എന്റെ ഇടത്തെ കൈയ്യിൽ സൂചി കുത്തിക്കയറ്റുമ്പോൾ മറ്റെയാൾ മറുവശത്തുനിന്നും എന്റെ ചോരയൂറ്റിയെടുക്കുന്നു. എന്റെ മുഖത്തിനുടുത്തുവന്ന രൂപത്തിൽ  മരുന്നുകലർന്ന സ്ത്രീ  ഗന്ധമുണ്ടായിരുന്നു .പാതി ബോധത്തിൽ ഇവർ നഴ്സ് ആണെന്ന് ഞാൻ മനസ്സിലാക്കി. ചുറ്റുമുള്ള കിടക്കയിലെവിടെയോ ആരോ ഉറക്കെ കരയുന്നുണ്ടായിരുന്നു.

അടഞ്ഞുതുടങ്ങിയ കണ്ണുകൾ വലിച്ചുതുറന്നു ഞാൻ ചുറ്റും നോക്കി.എന്റെ കൂടെ വന്നവരെല്ലാം എവിടെ ? ചുറ്റും നിരന്നു കിടക്കുന്ന രോഗികൾ, അവരുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക്  തുളച്ചു കയറിയ ട്യൂബുകൾ . പലരും വേദനയാൽ കരയുന്നു. ദൈവമേ എന്നെ എന്തിനിവിടെ കിടത്തുന്നു? എന്റെ അസുഖം ഇത്രയും വലുതാണോ ?. അറിയാം. വളരെക്കാലമായി ഞാൻ അനുഭവിച്ചു വരുന്ന അതിയായ ക്ഷീണം. ബൈക്ക് ഓടിക്കാൻ പോലും കഴിയാത്തതുകൊണ്ട് കഴിഞ്ഞ കുറച്ചു ദിവസമായ് ഞാൻ മകളെ നടത്തിയാണ് സ്കൂളിൽ കൊണ്ടുപോയിരുന്നത്.. നാട്ടിലെ ഡോക്ടേർസിനെ കാണിച്ചു അവർ തന്ന മരുന്നും കഴിച്ചു.എന്നിട്ടും നിൽക്കാതെ ക്ഷീണം എന്നെ പിന്തുടർന്നു. മകളുടെ അരങ്ങേറ്റം കഴിഞ്ഞു നല്ലവണ്ണം റെസ്റ്റെടുത്തു ക്ഷീണം  മാറ്റണമെന്ന് നിശ്ചയിച്ചു. പക്ഷെ വീട്ടിലെത്താതെ വീണ്ടും ഇതാ ഈ കിടക്കയിൽ .

ഇന്നലെ ഡോക്ടറുടെ സംസാരത്തിൽ നിന്നും മഞ്ഞപിത്തം വന്നിട്ടുണ്ടെന്നറിഞ്ഞിരുന്നു അത് ലിവറിനെയും ബാധിച്ചിട്ടുണ്ടുപോലും. എന്നാലും കോഴിക്കോട്ടെ നല്ല ഹോസ്പിറ്റൽ വിട്ടു ഇങ്ങോട്ടു  കൊണ്ടുവരാൻ മത്രം സീരിയസ് ആണോ എന്റെ സ്ഥിതി? അമ്മയെ കണ്ടിരുന്നെങ്കിൽ ചോദിക്കാമായിരുന്നു.

"മോനെ"

മയക്കത്തിൽനിന്നും എന്റെ കണ്ണുകൾ മലർക്കെത്തുറന്നു. ആ വിളിയിലെ ശക്തി എന്റെ സിരകളിൽ ജീവൻ നിറച്ചു.

 "അമ്മേ"

എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. അമ്മയുടെ സാമിപ്യം ഏതവസ്ഥയിലും ഞാൻ തിരിച്ചറിയും.എനിക്കരികിൽ നിന്ന അമ്മയുടെ മുഖം മങ്ങിയിരുന്നു.

"എനിക്കിവിടെ വയ്യമ്മേ... നമുക്ക് വീട്ടിൽ പോകാം. എന്തായെനിക്കിത്രയും വലിയ പ്രശ്നം ?"

"ഒന്നുമില്ല മോനെ. എല്ലാം പെട്ടെന്ന് ശരിയാകും. എന്നിട്ടു പോകാം". അമ്മ പറഞ്ഞു.

അമ്മയോടെന്തെല്ലാമോ പറയണമെന്നുണ്ട്. എന്റെ തൊണ്ട വല്ലാതെ വരളുന്നതുപോലെ.

"അമ്മേ എനിക്ക് വല്ലാതെ ദാഹിക്കുന്നു."

അമ്മ നഴ്സിനോട് പറഞ്ഞു വെള്ളം വാങ്ങി തന്നു.എന്നെ കുറച്ചു നേരം നോക്കിനിന്ന അമ്മ,  മറ്റുള്ളവർ പുറത്തു  വെയ്റ്റു ചെയ്യുന്നു,  ഞാൻ നാളെ രാവിലെ വരാമെന്നുപറഞ്ഞു നടന്നു നീങ്ങി.

"നാളെ രാവിലെയോ?"

ഇപ്പോൾ സമയമെന്തായെന്നറിയാതെ ഞാൻ ക്ലോക്കിനായ് തിരഞ്ഞു .ചുമരുകളെല്ലാം ശൂന്യം.

അച്ഛൻ വന്നു.

 "പ്രമോദേ"

അച്ഛൻ എന്നും അങ്ങനെയല്ലേ..നീണ്ട ആർമി ജീവിതം അച്ഛനിലെ എല്ലാ വികാരങ്ങളും മരവിപ്പിച്ചോയെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തിനേയും നേരിടാനുള്ള വിൽപവറും ആർമി ജീവിതം സമ്മാനിച്ചതാണ്.

മേജർ ഓപ്പറേഷൻ കഴിഞ്ഞ ഹാർട്ടും തലയും, കൂടെ കാർന്നു തിന്നുന്ന കാൻസർ. എന്നിട്ടും പതറാതെ തളരാതെ  നിൽക്കുന്ന അച്ഛനെ- എക്സ് ആർമി ക്യാപ്റ്റനെ-എക്സ് നേവിയായ ഞാൻ മനസ്സുകൊണ്ടെത്ര തവണ സല്യൂട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ വേദന അറിയാതെ പോകുന്നത്, അച്ഛന്റെ അസുഖംകൊണ്ടോ  അതോ മരവിച്ച മനസ്സ്കൊണ്ടോയെന്നു പലവട്ടം ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്.

ഡിഫെൻസിൽ അനുഭവിക്കേണ്ടി വരുന്ന ശകാരവും അത് കേട്ടും കൊടുത്തും വരുന്ന തഴക്കവും.അതല്ലേ ഞങ്ങളുടെ  മനഃശ്ശക്തി. ആ ശക്തി എന്റെ ഭാര്യക്കും കേൾക്കുന്ന മറ്റുള്ളവർക്കും ഇല്ലല്ലോ. ഇപ്പോഴും അച്ഛൻ വഴക്കുപറയുമ്പോൾ അത് നിസ്സാരമായി തള്ളിക്കളയാൻ ഞാൻ ശീലിച്ചെങ്കിലും അത് കേൾക്കുന്ന മറ്റുള്ളവർക്കു മോശമായി ഫീൽ ചെയ്യാറുണ്ട്. ചിലപ്പോൾ അതിന്റെ നിരാശയിൽ അവരുടെ ശകാരവും ഞാൻ നിശ്ശബ്ദം സ്വീകരിച്ചിട്ടുണ്ട്. എന്തുതന്നെയായാലും അച്ഛൻ എന്റെ പാതി ജീവൻ അല്ലെ? ആ സാന്നിധ്യം എനിക്ക് നൽകുന്ന ആത്മശക്തി അവർക്കറിയില്ലല്ലോ

പലപ്പോഴും എനിക്ക് വല്ലാത്ത ആത്മനിന്ദ അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ആ ശക്തിയുടെ അഭാവം എനിക്ക്  ചിന്തിക്കാൻ കഴിയില്ല.

ക്ഷീണം എന്റെ കണ്ണുകളെ ബലമായടയ്ക്കാൻ ശ്രമിക്കുമ്പോൾ അതാ  മുന്നിൽ അവൾ... ആ  മുഖത്തെ എല്ലാ ഭാവങ്ങളും എനിക്ക് വായിക്കാൻ കഴിയുമെന്നവൾക്കറിയുമോ? എന്റെ അരികിൽ വന്ന് ഒന്നും പറയാതെ  നോക്കിനിന്ന അവൾ എന്റെ ശ്വാസമല്ലേ? അവളും മകളുമല്ലേ എന്റെ ജീവന്റെ  പ്രചോദനം? അവർക്കായല്ലേ എന്റെ ഓരോ ചലനവും സഹനവും?

അവളുടെ മുഖത്തെ ഭയം എനിക്ക് വായിക്കാം.

"ഒന്നുമില്ല വീട്ടിൽപോയി വിശ്രമിച്ചാൽ  എല്ലാം മാറും.നിനക്കൊരുപകാരം ചെയ്യാമോ? വല്ലാത്ത പുറം വേദന. ഒന്ന് തടവിതരാമോ?" ഞാൻ ചോദിച്ചു.

ഞാനിതുവരെ  വേദനയും ആവലാതികളുമൊന്നും ആരോടും പറയാതെ എല്ലാം സഹിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ ഈ വേദന അസഹനീയം.

അവളുടെ മുഖത്തെ നിസ്സഹായത ഞാനറിഞ്ഞു. ഐ സി യു വിലെ രോഗിയെ ശുശ്രുഷിക്കാൻ നഴ്സുമാർക്ക് മാത്രമല്ലെ അധികാരമുള്ളു.

സാരമില്ലെന്നു പറഞ്ഞെങ്കിലും ആരെങ്കിലും ഒന്ന് തടവിത്തന്നാൽ കൊള്ളമായിരുന്നു എന്നു ഞാനാഗ്രഹിച്ചു. മകളെ കണ്ടിട്ട് കുറെ ആയതുപോലെ. അവൾ എന്റെ ജീവനാണ്. എന്റെ മനസ്സിലെപ്പോഴും അവളെക്കുറിച്ചുള്ള ചിന്തയാണ്.

വീട്ടിലെ എന്റെ റൂം എന്റെ സ്വാർഗ്ഗമാണ്. അവിടെ ഞാൻ  സുരക്ഷിതനാണ്.. അവിടെയെത്തി , അമ്മ വിളമ്പുന്ന ഭക്ഷണം കഴിച്ച് എന്റെ മകളുടെ കൊച്ചു കുസൃതികളുംകണ്ട്, അവളുടെ കൊച്ചു ചോദ്യങ്ങളും കേട്ടു ഭാര്യയുടെ സാന്നിധ്യത്തിൽ രണ്ടുദിവസം വിശ്രമിച്ചാൽ തീരുന്ന പ്രശ്നമേ എനിക്കുള്ളൂ.  

അറിയാതെ മറഞ്ഞ ഓർമ്മക്കിടയിൽ എന്റെ ശരീരത്തിലേക്കെന്തോ കുത്തിയിറങ്ങിയതറിഞ്ഞു ഞാൻ ഞെട്ടി. മുറിയിലെ വെളിച്ചം വല്ലാതെ മങ്ങിയിരിക്കുന്നു. എനിക്കരികിലെ രൂപം "ഉറങ്ങിക്കോളൂ" എന്നുപറഞ്ഞെങ്കിലും   എവിടെയെന്നറിയാൻ ഞാൻ ചുറ്റും നോക്കി . മുറിയിൽ അപ്പോഴും ആരെല്ലാമൊ ഞരങ്ങുന്നതുപോലെ . അവിടവിടെ എന്തെല്ലാമോ ഇളകുന്നുണ്ട്. വല്ലാത്ത ഭയം.

ഐ സി യൂ  എത്ര ഭയാനകം!

സമയമെന്തെന്നോ ദിവസമേതെന്നോ അറിയാൻ കഴിയുന്നില്ല . എന്റെ ബന്ധുക്കൾക്കാർക്കെങ്കിലും അടുത്തിരുന്നുകുടെ? അവരെല്ലാം എവിടെ? ഞാൻ മനസ്സിൽ ചോദിച്ചു.

ആരെയെങ്കിലും ഒന്ന് കണ്ടാൽ മതിയായിരുന്നു. എനിക്കു ദാഹിക്കുന്നു. വല്ലാത്ത പുറം വേദനയും.പക്ഷേ ആരോടുപറയും?

ദൈവമേ നാളെയെങ്കിലും എനിക്കിതിൽ നിന്ന് പുറത്തുകടക്കൻ കഴിയണേ  . ഒന്നും കാണാതിരിക്കാൻ കണ്ണുകൾ മുറുക്കിയടച്ചു. ആരെല്ലാമോ ഉറക്കെ  സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു എന്തെല്ലാമോ മാറ്റുന്നതിന്റെ ഒച്ച. എല്ലാ ലൈറ്റുകളും ഓൺചെയ്തിരിക്കുന്നു. അപ്പുറത്തെ ബെഡിലെ ഷീറ്റു മാറ്റുന്നതുകണ്ടപ്പോൾ അവർ ക്ലീനിങ് തുടങ്ങിയി രിക്കുന്നെന്നു മനസ്സിലായി. കൂടെ രോഗികളേയും ഒരുക്കുന്നു. നിറയെ ട്യൂബുകൾ കടത്തിയ രോഗിയെ തിരിച്ചും മറിച്ചും കിടത്തി ഡ്രസ്സ്  മാറ്റുന്നതിനിടയിൽ  അയാൾ വേദനകൊണ്ട് കരയുമ്പോഴും ചിരിച്ചുകൊണ്ട് കുശലം പറയുന്ന നഴ്സുമാരെ കണ്ടപ്പോൾ ദേഷ്യം തോന്നി. അവർ എന്നും ഇതുതന്നെയല്ലേ ചെയ്യുന്നത്.  കണ്ടു കണ്ടു മരവിച്ചിരിക്കാമെങ്കിലും കുറച്ചുകൂടി ദയ കാണിച്ചാലെന്താ?

"നമുക്കും റെഡിയാകാം"

ഒച്ചകേട്ടു തിരിഞ്ഞുനോക്കുമ്പോൾ  യന്ത്രം കണക്കെ  എനിക്കരികെയൊരു രൂപം.പിന്നെ അധികാരഭാവത്തോടെ എന്റെ വസ്ത്രങ്ങൾ മാറ്റി പുതിയതിട്ടുതന്നു. മറ്റാരോ എന്റെ കാൽക്കൽ വച്ചിരുന്ന റിപ്പോർട്ടിൽ എന്തെല്ലാമോ എഴുതുന്നുണ്ടായിരുന്നു. ഒരു സ്വിച്ചിട്ട് സ്റ്റാർട്ടായ യന്ത്രം കണക്കെ ആരെല്ലാമോ എന്തെല്ലാമോ ചെയ്യുന്നു. ദാഹിച്ചാൽ നഴ്സിനോട് വെള്ളം വാങ്ങിച്ചു കുടിക്കാൻ അമ്മപറഞ്ഞിരുന്നു. വെള്ളം കുടിക്കുമ്പോൾ അതിറങ്ങുന്ന വഴികളിൽ പുതുമഴയുടെ നനവ് ഞാനറിയുന്നുണ്ടായിരുന്നു.

"രാവിലെയായതാണോ?"

 എന്റെ കണ്ണുകൾ ജനലിലൂടെ ഉണരാൻപോകുന്ന സൂര്യന്റെ   തിളക്കത്തിനായ് തിരഞ്ഞു.

 പക്ഷെ എവിടെ ജനലുകൾ?

എവിടെ ക്ലോക്ക്?

ഇതെന്താ വായിച്ചുമാത്രം അറിഞ്ഞിട്ടുള്ള കൊടും കുറ്റവാളികളുടെ ഇരുട്ടറയോ?

ദൈവമേ ഒന്ന് ഡിസ്സ്ചാർജ് ചെയ്തു കിട്ടിയിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ . ..

രാവിലെ എല്ലാവരും വന്നു. ആരോടും ഒന്നും അധികം സംസാരിക്കാൻ കഴിഞ്ഞില്ല.  കടിച്ചുപറിക്കുന്നതുപോലുള്ള പുറം വേദന . ആരോടുപറഞ്ഞിട്ടും കാര്യമില്ലല്ലോ . ഈ റൂമിൽ എല്ലാവരും നിസ്സഹായരല്ലേ  ? എന്തിനവരെല്ലാം വേഗം പോകുന്നു? ആരെങ്കിലും എന്റെ അടുത്തിരുന്നെങ്കിൽ അവരോട് കുറച്ചെന്തെങ്കിലും സംസാരിക്കാമായിരുന്നു.കുറച്ച് സമധാനം കിട്ടിയേനേ.ആരുമില്ല. എല്ലാവരും പോയെന്നു തോന്നുന്നു.

വയ്യാ! ഈ ഏകാന്തതയെന്നെ  കൊല്ലുന്നതുപോലെ .  ഏകാന്തതയിലും പിരിമുറുക്കത്തിലും ആശ്വാസമായി ഒരു സിഗരറ്റു കിട്ടിയിരുന്നെങ്കിൽ .ഞാൻ പലപ്പോഴും ചെയ്തിരുന്നതതാണ്.

ഇതിനുള്ളിലെല്ലാവരും യന്ത്രങ്ങളെപ്പോലെ. മനുഷ്യത്തം എന്നത് ഈ മുറിക്കു പുറത്തുപേക്ഷിച്ചിട്ടാണോഎല്ലാവരും വരുന്നത്? അല്ല അങ്ങനെയല്ല.   ചുറ്റുമുള്ള കിടക്കക്കരികിൽ, ബന്ധുക്കൾ പലരും നിയന്ത്രണം വിട്ടു കരയുന്നതു കണ്ടല്ലോ. അതുകൊണ്ടു ഇവിടെ വരുന്ന സ്റ്റാഫുകൾക്കുമാത്രമാണ്  മനുഷ്യത്തമില്ലാത്തതെന്നു തോന്നുന്നു. ഒരുപക്ഷെ എല്ലാം മുറിച്ചുമാറ്റുന്ന ഇവിടുത്തെ ജോലിയെപ്പോലെ അതും മുറിച്ചു മാറ്റിയതാവാം.

എന്റെ രക്തം ഊറ്റിയെടുക്കാൻ ഡ്രാക്കുളയെപ്പോലെ വീണ്ടും അതാ ഒരു നഴ്സ്. ഒന്നും കാണാതിരിക്കാൻ കണ്ണടച്ചു കിടന്നു .

എന്തെല്ലാമോ ബഹളങ്ങൾ. അതെന്റെ മയക്കം വീണ്ടും മുടക്കി . ആ മൂലയിലെ ബെഡിനു ചുറ്റും കുറെ പേർ.  ഡോക്ടർമാരും നഴ്‌സുമാരും എന്തെല്ലാമോ പറയുകയും ചെയ്യുകയും ചെയ്യുന്നു. ബെഡിലെ രോഗിയുടെ ചുറ്റുമുള്ള മെഡിക്കൽ ഉപകരണങ്ങളിൽ നിന്നുള്ള ബീപ്പ് സൗണ്ടുകൾ റാപ്പ് മ്യൂസിക് കണക്കെ തുടിച്ചു നിന്നു. അല്പസമയത്തിനുശേഷം എല്ലാവരും നിശബ്ദരായി. ആരും ഒന്നും പറയുന്നില്ല. ഓരോരുത്തരായി ബെഡിനരികെനിന്നു നടന്നകന്നു . കുറച്ചുകഴിഞ്ഞു ആരോ  ബെഡിനടുത്തുവന്നു അടക്കിപിടിക്കാനാവാതെ കരയുമ്പോൾ അയൾ ക്കുചുറ്റുമുണ്ടായിരുന്ന ഉപകരണങ്ങളിലെ കരച്ചിൽ നിലച്ചിരുന്നു. പക്ഷെ അതുംകൂടി ഏറ്റെടുത്തതുപോലെ ആരൊക്കെയോ മറ്റുള്ളവരുടെ ശരീരത്തിൽ കടിച്ചുപിടിച്ചു കൂടുതൽ ഉച്ചത്തിൽ കരയുന്നതുപോലെ. കുറച്ചു സമയത്തിനുശേഷം മറച്ചുവെച്ച കർട്ടൻ മാറ്റി നന്നായിപുതപ്പിച്ച അയാളെ,  ബീപ്പുകളുടെ ലോകത്തുനിന്നാരോ തള്ളിനീക്കിക്കൊണ്ടുപോയി ..

 

പരിചയമില്ലാത്ത ആരോ എന്നെ വിളിച്ചതുകേട്ടു ഞാൻ കണ്ണുതുറന്നു. ഒരുകൂട്ടം ഡോക്ടർമാർ. എന്തെല്ലാമോ സീരിയസായി സംസാരിക്കുന്നതിനിടയിൽ എന്നോടും എന്തെല്ലാമോ ചോദിച്ചു. എല്ലാത്തിനും മറുപടി പറയുമ്പോഴും എന്റെ മനസ്സ് ഡിസ്സ്ചാർജ് തരുമോ എന്നു ചോദിക്കാനുള്ള ആഗ്രഹം ബലമായടക്കി വച്ചു. അവർ എല്ലാ ബെഡിനടുത്തും ഇതുതന്നെ ആവർത്തിക്കുന്നെന്ന്  ഞാൻ  മനസ്സിലാക്കി. അല്പം മുമ്പ് കാലിയായ ബെഡിലേക്ക് ഞാൻ നോക്കി. അയ്യോ അതാ അവിടെ വേറൊരാൾ! ഇത്രപെട്ടെന്ന്?

അവിടെ അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന മട്ടിൽ ഡോക്ടർമാർ അയാളുടെയടുത്തേക്കും ചെന്നു.

ഇവർ, രോഗികൾ തമ്മിൽ കാണാത്ത വിധത്തിൽ കർട്ടനിട്ടാൽ  എത്ര നന്നായിരുന്നു. ആരുമില്ലെന്നറിയാമായിരുന്നിട്ടും എന്റെ കണ്ണുകൾ  വെറുതെ  കുടെ  വന്നവർക്കായി വാതിൽക്കലിൽ തിരഞ്ഞുകൊണ്ടിരുന്നു.

കൂടെ വന്നവരെല്ലാം വന്നു മടങ്ങി . രാവിലെ വരാമെന്ന് അമ്മപറഞ്ഞപ്പോൾ ഇപ്പോൾ വൈകുന്നേരമാണെന്നു മനസ്സിലായി.. ഇനിയെത്ര സമയം കാത്തിരിക്കണം ... വയ്യാ! ഈ മുറിയെ  ഞാനെത്രയോ വെറുത്തുപോയിരിക്കുന്നു!

ഇവിടുത്തെ ഒറ്റപ്പെടൽ, മനുഷ്യ ശരീരത്തിൽ കടിച്ചുപിടിച്ചുള്ള യന്ത്രങ്ങളുടെ കരച്ചിൽ...

ഓർമ്മയുള്ള ഒരാളെ ഇതിലൊരിക്കലും കിടത്തരുത്. മരുന്നുകളുടെ കാഠിന്യം കൊണ്ടായിരിക്കാം ഉറങ്ങാൻ കഴിയുന്നത്. ഭാഗ്യമാണത്.. രാവിലെ വരെ കാത്തിരിക്കാനുള്ള മനക്കരുത്തുനേടി എന്റെ ശരീരത്തിലേക്കൊലിച്ചിറങ്ങുന്ന ഡ്രിപ്പിന്റെ   ബോട്ടിലിൽ നോക്കി കിടന്നു.

"ഏട്ടാ!"

ആ വിളി ഉറക്കത്തിലെ വെറും തോന്നലാണെന്നാദ്യം കരുതി. പക്ഷെ വീണ്ടും .

കണ്ണ് തുറന്നു നോക്കുമ്പോൾ അനുജൻ.

"നീ എപ്പോൾ വന്നു?" ഞാൻ ചോദിച്ചു.

" ഞാൻ ഇപ്പോൾ എത്തിയതേയുള്ളു. ഏട്ടനെങ്ങനെയുണ്ട്?"

"കുഴപ്പമില്ല . വല്ലാത്ത പുറം വേദന."

അനങ്ങാതെ കിടക്കുന്നതു കൊണ്ടായിരിക്കുമെന്നു പറയുന്നതിനിടയിൽ അവന്റെ ശബ്ദമിടറുന്നുണ്ടായിരുന്നു.  അധികമൊന്നും സംസാരിക്കാതെ  പിന്നെ വരാമെന്നുപറഞ്ഞു അവനും പോയി.

അവന്റെ ശബ്ദമിടറിയതെന്താ?. അവൻ അടുത്തയാഴ്ച വരാനിരുന്നതല്ലേ?.ഞാൻ ഇവിടെ വന്നിട്ടെത്ര ദിവസമായി?

വെളിച്ചത്തിന്റെയും  പ്രകൃതിയുടെയും കാറ്റിന്റെയും വില  ഈ  റൂമിൽ കിടന്നവർക്കല്ലേ അറിയൂ?

സ്വയം ശപിച്ചുകൊണ്ട് ശൂന്യമായ ചുമരുകൾക്കിടയിലെ  ഫാൻ നോക്കി  ഞാൻ കിടന്നു.

സംഭവബഹുലമായേക്കാവുന്ന ഒരു ദിവസത്തിന്റെ തുടക്കത്തിലെ ബഹളം കേട്ടാണ് ഉണർന്നത്. എന്റെ ശരീരം അവരുടെ സ്വത്തായതുപോലെ, ആരെല്ലാമോ വന്നു ക്ലീൻ ചെയ്തു പുതിയ ഡ്രസ്സ് അണിയിച്ചു. എങ്ങിനെയെങ്കിലും ഇവിടെനിന്നു പോകണം. ഇന്നനിയൻ വരുമ്പോൾ പറഞ്ഞുനോക്കാം. പതിവുപോലെ എല്ലാവരും വന്നു. പിന്നെ തിരിച്ചുപോയി. അനിയനെ കാത്തിരുന്നപ്പോൾ അവന്റെ ഭാര്യയും മകനും വന്നു.

"നിങ്ങളും ഇവിടെ വന്നിട്ടുണ്ടോ? ഇവനെയെന്തിനാ അകത്തു കൊണ്ടുവന്നത്?

എനിക്ക് വീട്ടിൽ പോയി റെസ്റ്റെടുത്തൽ  മാറുന്ന അസുഖമേയുള്ളു". ഞാൻ പറഞ്ഞു.

സംസാരത്തിനിടയിൽ പ്രജോഷ് അമ്പലത്തിൽ പോയതാണെന്നും ഇപ്പോൾ വരുമെന്നും അവൾ പറഞ്ഞു. അവൻ വന്നപ്പോൾ ,എപ്പോൾ ഡിസ്സ്ചാർജ്കിട്ടുമെന്ന ചോദ്യത്തിന് വ്യക്തമായൊന്നും പറയാതെ അവനും പോയി. അവന്റെ മുഖത്തു വല്ലാത്തൊരു ഭയം.അവനെ ഇങ്ങനെ ഇതുവരെ കണ്ടിട്ടില്ല. വലിയ ശക്തനാണെന്ന ഭാവം മാത്രമേയുള്ളു.

ഇടക്കിടെ ഡോക്ടർമാരും നഴ്സുമാരും വന്നെന്റെ നഷ്ടമായ ബോധം തട്ടിയുണർത്തുന്നുണ്ടായിരുന്നു . മയക്കത്തിൽ വേദനകൾ അറിയാതെ, കഴിഞ്ഞുപോയ കാലങ്ങൾ പലതും തെളിഞ്ഞുവന്നു.. കുറച്ചുദിവസങ്ങളായി എന്നെ തളർത്തിയ ഛർദ്ദി മാറിനിന്നതു വല്യ ആശ്വാസമായി തോന്നി. ഇനിയെത്ര കാത്തിരിക്കണം അവരെയൊന്ന് കാണാൻ? ഇവർക്കിവിടെ ഒരു ക്ലോക്ക് വച്ചാലെന്താ.. 

ഒരു ദിനചര്യപോലെ നാളെ കാണാമെന്നുപറഞ്ഞു എല്ലാവരും വന്നു പോയി. ശരീരം ഒന്ന് ശരിയായാൽ പോകാമെന്നും ഡിസ്സ്ചാർജ് കിട്ടുമെന്നും  അവൻ പറഞ്ഞു. മകൾ നാളെ വരുന്നുണ്ടത്രേ . അവൾ എന്റെ ജീവനാണ്.

അവൾ വരുമ്പോൾ  കൊടുക്കാൻ  കൈയ്യിൽ മിഠായിയൊന്നുമില്ലല്ലോ എന്ന ചിന്തയാണെനിക്ക്. എപ്പോഴും അവൾക്കു ചോക്ലേറ്റ് കൊണ്ട് കൊടുക്കുന്നതിനു അവളുടെ അമ്മ വഴക്കിടാറുണ്ട്. അവളെ ഒന്നുകാണാൻ വേണ്ടി  കാത്തിരുന്ന് ഞാൻ ഉറങ്ങിപ്പോയി.

 രാവിലെ, കോലാഹലങ്ങൾക്കിടയിൽ, ഞാനെന്റെ ഉറ്റവരെയും ഉടയവരെയും തിരഞ്ഞുകൊണ്ടിരുന്നു. എന്റെ അസ്വസ്ഥതകൾ ഏറിയും കുറഞ്ഞും എന്നെ തളർത്തുന്നതുപോലെ തോന്നി. എന്റെ ശരീരത്തിനുള്ളിലേക്ക് പലതരം മരുന്നുകൾ കയറിക്കൊണ്ടേയിരുന്നു. ഇളയച്ഛൻ വന്നു കുറച്ചു സംസാരിച്ചു. കോഴിക്കോട് നിന്ന് മറ്റു ബന്ധുക്കളും കൂടെയുണ്ട്. അമ്മയോടും ഭാര്യയോടും എന്തെല്ലാമോ പറയണമെന്നുണ്ടായിരുന്നു . ഐ സി യൂ  അല്ലേ. പിന്നെ ആകാമെന്ന് വിചാരിച്ചു.

 മകൾ വന്നു. അവളെ കണ്ടപ്പോൾ എന്തോ വല്ലാത്തൊരാശ്വാസം . എങ്ങിനെയെങ്കിലും പുറത്തിറങ്ങി അവൾക്കെന്തെങ്കിലും വാങ്ങി ക്കൊടുക്കണമെന്നു ആഗ്രഹിച്ചു. ചുറ്റുമുള്ള കാഴ്ചകളും എന്റെ കിടപ്പും കണ്ടിട്ടാവാം അവൾ അധികമൊന്നും സംസാരിച്ചില്ല .

 പ്രജോഷിന്റെ ഭാര്യയും മകനും ഇന്ന് കോഴിക്കോട്ടേക്ക് പോവുകയാണുപോലും. അവർ മൂന്നുപേരും മസ്കറ്റിൽനിന്ന് നേരെ ഇവിടെ വരികയായിരുന്നല്ലോ. പിന്നെ കാണാമെന്നുപറഞ്ഞു അവരും പോയി..

ഈ മുറിയിലെ ഒറ്റപ്പെടലിൽ അകപ്പെട്ടാൽ ആരുടെയും മാനസികനില തെറ്റിപ്പോകുമെന്നുവരെ  എനിക്ക് തോന്നി. എന്റെ വീട്ടിലെ സ്വന്തം മുറിയിൽനിന്നകലാൻ വയ്യാത്തതുകൊണ്ടാണല്ലോ ബന്ധുവീടുകളിൽപ്പോലും താമസിക്കാൻ പോകാത്തത്.

വൈകുനേരം എല്ലാവരെയുംകണ്ടു. കുറച്ചുകഴിഞ്ഞ് ഡോക്ടർവന്നു എന്തെല്ലാമോ  പറഞ്ഞു. പിന്നെ എന്നെ ആ  മുറിയിൽനിന്ന്   മറ്റൊരു മുറിയിലേക്കു മാറ്റി. എന്തോ വല്ലാത്തൊരു സമാധാനം. മുറിയിൽ ഞാൻ തനിച്ചേയുള്ളു. അംഗരക്ഷകരെപ്പോലെ രണ്ടു നഴ്സുമാരും. മറ്റുരോഗികളൊന്നുമില്ലാത്തതിനാൽ അവരുടെ വേദന കാണേണ്ടല്ലോയെന്ന സമാധാനം. പിന്നെ അറിയാതെ ഉറങ്ങിപ്പോയി.

 ഇവിടെ ഞാൻ മാത്രമായതുകൊണ്ടാകാം രാവിലത്തെ കോലാഹലങ്ങൾ കുറവാണ്. നഴ്സുമാർ വന്നെന്നെ  ഒരുക്കി. ഇന്നെന്തോ  വല്ലാത്തൊരു ആശ്വാസം. നഴ്സ് എനിക്ക് കാപ്പിയും ബിസ്കറ്റും തന്നു. കുറെ ദിവസങ്ങൾക്കുശേഷമല്ലേ എന്തെങ്കിലും കഴിക്കുന്നത്. മനസ്സിനും വല്ലാത്ത സുഖം തോന്നി.

എനിക്കുചുറ്റും രണ്ട് നഴ്സുമാർ എപ്പോഴുമുണ്ട്. എന്തിനാണത്?  ഇത്രയും വഷളാണോ എന്റെ അവസ്ഥ? ഞാൻ മനസ്സിൽ ചോദിച്ചു.

എന്തോ വല്ലാത്തൊരു ഭയം തോന്നുന്നു. ഡോക്ടർമാരുടെ സംസാരത്തിൽ നിന്നും എന്റെ ലിവറിന്റെ കാര്യം കുറച്ചു പ്രശ്നത്തിലാണെന്നു ഞാൻ മനസ്സിലാക്കിയിരുന്നു. അത് കൊണ്ടല്ലേ കോഴിക്കോട്ടുനിന്ന് ഇവിടെ വന്നത്.  വലിയ ഹോസ്പിറ്റൽ. വന്നിട്ടു രണ്ടുമൂന്നു ദിവസമെങ്കിലുമായിക്കാണണം.  എന്താ ഒന്നും ശരിയാകാത്തത് ? എന്റെ ശരീരം പിന്നെയും പിന്നെയും തളരുകയാണല്ലോ.

ഇളയച്ഛൻ വന്നു. പതിവിനു വിപരീതമായി മാസ്കും ക്യാപ്പും ധരിച്ചു വന്ന അദ്ദേഹത്തെ  പെട്ടെന്ന് മനസ്സിലായില്ല . എന്താ ഈ  വേഷത്തിലെന്നു ഞാൻ ചോദിച്ചു. പോസ്റ്റ് പ്ലാന്റ് ഐ സി യൂ റൂമിൽ വരാൻ ഇതെല്ലാം വേണമത്രേ.

"എന്ത് പോസ്റ്റ് പ്ലാന്റ് ഐ സി യൂ ?????."

ഞാൻ എന്റെ ശരീരമാകമാനം ഒന്നു ശ്രദ്ധിച്ചു. കൈകൾ അനക്കാൻ വയ്യെങ്കിലും ഇതുവരെ ഒരു മുറിവും ശരീരത്തിലില്ല. പിന്നെന്തിനു ??.  വല്ലാത്ത ഭയം തോന്നുന്നു .

അച്ഛനും അമ്മയും വന്നു. എല്ലാവരും വല്ലാതെ ക്ഷീണിച്ചതുപോലെ. അമ്മ കുറെ സമാധാനിപ്പിച്ചു. എന്റെ ജീവിതത്തിലെ എല്ലാ തളർച്ചകളിലും വിഷമതകളിലും അമ്മയാണ്  താങ്ങായി നിന്നിട്ടുള്ളത്. അമ്മ വിളമ്പുന്ന ചോറിനായ് എന്റെ നാവുകൾ നനയുന്നു. അമ്മയുടെ മടിയിൽ തലവെച്ചു കിടന്ന് അമ്മ എന്റെ തലയിലൊന്നു തലോടിയാൽ  എനിക്കെത്രയോ സുഖമായേനെ. ഈ റൂമിലകപ്പെട്ടാൽ പിന്നെ തന്നിഷ്ടത്തോടെ പോകാൻ കഴിയില്ലല്ലോ.

പിന്നെ വന്നവരെല്ലാം വാതിൽക്കൽത്തന്നെ  നിന്നു . അവരെ അകത്തുകടത്താത്തതെന്തെന്നറിയില്ല. പിന്നെയും പതിവുപോലെ എന്തെല്ലാമോ മരുന്നുകൾ എന്നിലേക്ക് കുത്തിക്കയറ്റി.

ഉച്ചക്ക് നഴ്സ് കുറച്ചു കഞ്ഞി തന്നു . ഉപ്പു കുറവായിരുന്നെങ്കിലും നല്ല സ്വാദുതോന്നി. ഉറക്കത്തിനിടയിൽ നഴ്സുമാരുടെ കുത്തിവെപ്പും വലിച്ചെടുക്കലും പരിചിതമായതുകൊണ്ടു ഇപ്പോൾ ഉറക്കം ഞെട്ടാറില്ല. വൈകുന്നേരമായപ്പോൾ അവളും മകളും വന്നു. കൂടെ  അമ്മയും അച്ഛനും മറ്റു ബന്ധുക്കളുമുണ്ടായിരുന്നു.  അമ്പലത്തിൽ പൊയതുകാരണം താമസിച്ചാണ്  അനിയൻ വന്നത്. ഇതിനിടയിൽ ആരെല്ലാമോ നേർന്ന പൂജയുടെ പ്രസാദം എന്റെ നെറ്റിയിൽ തൊട്ടു. .അല്ലെങ്കിലും പ്രാർത്ഥനക്ക് ഒരു കുറവും വരില്ലെന്നെനിക്കറിയാം. കാരണം ഞാൻ ആരോടും ഒരു വഴക്കിനും പോകാറില്ല. അവന്റെ നെറ്റിയിലെ പ്രസാദത്തിലും എനിക്കുള്ള പ്രാർത്ഥനയുള്ളതുപോലെ തോന്നി . അവൻ എനിക്കുള്ള ഒരേയൊരു ആൺതുണയാണ്. ദേഷ്യം പിടിച്ചാൽ അതുമിതും വിളിച്ചുപറയുമെങ്കിലും അവൻ എനിക്കൊരു  ധൈര്യമാണ്. പിന്നെ ചേച്ചി. അവൾ ഈയിടെ വന്നു പോയതെയുണ്ടായിരുന്നുള്ളു. ഇത്തവണ വന്നപ്പോഴും ചേച്ചി എനിക്കുവേണ്ടി പലതും ചെയ്തു. അവളെക്കൂടെ ഒന്ന് കണ്ടിരുന്നെങ്കിൽ.... എല്ലാവരുടെയും  കൂടെ പുറത്തെവിടെയെങ്കിലും ഒന്നിരിച്ചിരിക്കാനൊരു മോഹം.

രാത്രിയിലെപ്പോഴോ അസഹനീയമായ അസ്വാസ്ഥ്യം അനുഭവപ്പെട്ടു. പേശികൾ വലിഞ്ഞുമുറുകുന്നത്പോലെ . തല പെരുത്തുവരുന്നതുപോലെ . ചുറ്റും നിന്നുകൊണ്ട് നഴ്സുമാരെന്തെല്ലാമോ ചെയ്തു .  എനിക്ക് വല്ലാതെ ദേഷ്യം വന്നു . അവരോടു അല്പം ചൂടായി സംസാരിച്ചു. പിന്നെ എല്ലാം വലിച്ചെറിഞ്ഞു പുറത്തു പോകണമെന്നെനിക്ക്  തോന്നി. എന്തോ വല്ലാത്തൊരു വെപ്രാളം എന്നിലേക്ക് പടരുന്നതായി അനുഭവപ്പെട്ടു. അസ്സഹനീയമായ വേദനയും.

നഴ്സുമാർ ഡോക്ടർമാരെ വിളിച്ചു. പല ഡോക്ടർമാരും വന്നു  എന്തൊക്കെയോ ചെയ്തു. എന്തെന്നില്ലാത്ത ഭയം. മുറിയിലെ മൂലകളിൽ മറ്റാരെല്ലാമൊ ഉള്ളതുപോലെ എനിക്ക് തോന്നി.  ആരെങ്കിലും എന്റെയടുത്തുണ്ടായിരുന്നെങ്കിൽ... അവരെ ഒന്ന് കണ്ടിരുന്നെങ്കിൽ ..

എനിക്ക് ചുറ്റുമുള്ളവർ എന്റെ ശരീരംകൊണ്ടു കളിക്കയാണോ. നാളെ എന്റെ ആൾക്കാർ വരുമ്പോൾ  എങ്ങനെയെങ്കിലും ഇതിനു പുറത്തു കടക്കണം.

എന്റെ ഡ്രസ്സ് മാറ്റാനുള്ള നഴ്സിന്റെ ശ്രമം മയക്കം നശിപ്പിച്ചു. എനിക്ക് വല്ലാത്ത  ദേഷ്യം വന്നു. എനിക്കുചുറ്റും ആരെല്ലാമോ എന്നെ വെറിളി പിടിപ്പിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്.

എല്ലാവരോടും വല്ലാത്ത   വെറുപ്പ് തോന്നുന്നു. എനിക്കറിയില്ല, എന്തോ വല്ലാത്ത അസ്വസ്ഥത . ആരെയോ കാണിക്കാനെന്നോണം അവർ എന്നെ ഡ്രസ്സ്  ചെയ്യിച്ചു. എന്റെ ശരീരമാകെ ഒരുതരം മരവിപ്പ് ബാധിച്ചതുപോലെയും ശ്വാസമിടിപ്പു കുടുന്നതുപോലെയും തോന്നി .ഞരമ്പുകളിൽ തീ പടരുന്നപോലെയും. കണ്ണുകളെ വിദൂരതയിലേക്ക് അയച്ചുകൊണ്ട്  സ്വയം നിയന്ത്രിക്കാൻ ഞാൻ ശ്രമിച്ചു. നഴ്സ് വാതിൽക്കലേക്കു  ആരേയോ ചുണ്ടി കാണിച്ചു.

അതാ അവൻ. എന്റെ മുഖം കണ്ട മാത്രയിൽ തന്നെ അവന്റെ മുഖം വാടുന്നത് ഞാൻ കണ്ടു .

നഴ്സ് ചോദിച്ചു.

"അരാ അത്?"

"എന്റെ അനുജൻ."

 "ഏതനുജൻ ?"

 "പ്രജോഷ് "

"ഇതെല്ലാം ഓർമ്മയുണ്ട് എന്നിട്ടാണോ ഇന്നലെ രാത്രി ..?"

"പ്രജോഷേ ഇവിടെ ഭയങ്കര ഫയിറ്റിംഗാ"അവനോടു ഞാൻ  വെറുതെ പറഞ്ഞു.

"പ്രശ്നമാക്കല്ലേട്ടാ  റിലാക്സ് പ്ളീസ്" എന്നായിരുന്നു അവന്റെ മറുപടി. 

അവനോടെന്തല്ലാമോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഒന്നും കഴിഞ്ഞില്ല..

അവൻ  നഴ്സിനോട് ഇന്നലെ രാത്രി എന്തുണ്ടായെന്നു ചോദിച്ചു. . അവർ എന്തൊക്കെയോ പറഞ്ഞു .  അതെന്നെ വീണ്ടും കോപാകുലനാക്കി.

പിന്നെവരാമെന്നുപറഞ്ഞു അവൻ നടന്നകന്നു.

പിന്നെ വന്നവരും എന്തെല്ലാമോ പറഞ്ഞകന്നു. എനിക്ക് വല്ലാത്ത സങ്കടം തോന്നി.  മനസ്സ് വല്ലാതെ തളർന്നു പോയിരുന്നു. . ശരീരമാകെ മുറിഞ്ഞുനുറുങ്ങുന്നതു പോലെ . എല്ലാവരും എന്നെ ഒറ്റയ്ക്കാക്കി എങ്ങോട്ടോ പോവുകയാണ്. ഇതെന്തൊരു ഐ സി യൂ, ഇവിടെ നിന്നെനിക്കു രക്ഷയില്ലേ?

കുറച്ചു കഴിഞ്ഞവൾ വന്നു.  അവൾ എന്റെ അടുത്തുവന്നെങ്കിലും ഒന്നും പറയാൻ കഴിഞ്ഞില്ല. വല്ലാതെ തളർന്നിരിക്കുന്നു. നഴ്സ് പറഞ്ഞതനുസരിച്ചു നീട്ടിയ കഞ്ഞി  കണ്ടപ്പൊഴെ ഛർദ്ദിച്ചു .

അനിയൻ പിന്നെയും വന്നു.  അവനെന്റെ മുഖത്ത്  വല്ലാത്തൊരു ഭയം നിറഞ്ഞുനിന്നിരുന്നു.

"ഏട്ടൻ  ചായ കുടിച്ചോ ?"

ചായ കുടിച്ചെന്നു പറയുമ്പോഴും അത് ഇന്നായിരുന്നോ എന്നോർക്കാൻ എനിക്ക് കഴിയുന്നില്ല.

"പ്രജോഷേ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്" 

" ഇപ്പോൾ   വിസിറ്റേഴ്സ് ടൈംഅല്ലലോ അതുകൊണ്ടു നഴ്സിനോട് പറഞ്ഞുവിട്ടോളൂ ഞാൻ മറുപടിപറയാം"

അകത്തുവരാതെ അവൻ വാതിൽപ്പടിയിൽത്തന്നെ നിന്നുകൊണ്ടവൻ പറഞ്ഞു.

ഞാൻ അവൻ കേൾക്കെ ഉച്ചത്തിൽ ചോദിച്ചു,

"ഇന്ന് എത്രാ തിയ്യതി?"

"പതിനെട്ട്"

നഴ്സിന്റെ മറുപടി കേട്ട്  അത് കേൾക്കാത്ത മട്ടിൽ  അവരോടുള്ള അമർഷം പ്രകടിപ്പിച്ചു  ഞാൻ കിടന്നു.

അത്  മനസിലാക്കിയതുകൊണ്ടാകണം അവൻ വാതിൽക്കൽ നിന്ന് എയ്റ്റീൻ എന്ന് വിളിച്ചുപറഞ്ഞത്.

"ഏട്ടാ റിലാക്സ് പ്ളീസ് "

ഞാൻ പിന്നെ വരാമെന്നുപറഞ്ഞു അവൻ  പോയി. 

ഈ റൂമിനെയും ഇവിടെയുള്ളവരെയും ഞാൻ എത്ര വെറുത്തുപ്പോയെന്നവനറിഞ്ഞിരുന്നെങ്കിൽ അങ്ങനെ പറയില്ലായിരുന്നു.

അവനെന്നോട് വിടപറഞ്ഞകലുമ്പോഴും  ചില്ലുകളുടെ  മറവിൽ നിന്നുകൊണ്ട് അവൻ എന്നെ നോക്കുന്നത് ഞാനറിഞ്ഞു.

എന്റെ ശരീരമാകെ നുറങ്ങുന്നതുപോലെ തോന്നി .ശ്വാസം തൊണ്ടയിൽ തടയുന്നതുപോലെ. എന്റെ ഓർമ്മകൾ എന്നിൽ നിന്ന് മറയുന്നതുപോലെ. അസ്സഹനീയമായ വേദന. അമ്മേയെന്നുറക്കെ വിളിച്ചു. ശ്വാസം കിട്ടുന്നില്ല. എഴുന്നേറ്റു നില്ക്കാൻ തോന്നുന്നു. നഴ്സും ഡോക്ടർമാരും വന്ന് എനിക്കൊരു  മാസ്ക് വച്ച് തന്നു. ഇപ്പോൾ ശ്വാസം കിട്ടുന്നുണ്ടെങ്കിലും. ഞാനേതോ അഗാധ ഗർത്തത്തിലേക്ക് വീഴുന്നതുപോലെ  തോന്നി.. എന്റെ കണ്ണുകളിൽ ഇരുട്ട്  നിറയുന്നു.

എന്നിൽനിന്നെല്ലാം മറഞ്ഞിരിക്കുന്നു. ഒന്നും കാണാൻ വയ്യ. അമ്മ അടുത്തുവന്നതു ഞാനറിഞ്ഞു. അമ്മയെ കാണാൻ പറ്റുന്നില്ലല്ലോ . അമ്മയുടെ "മോനേ"യെന്ന വിളി എന്റെ ഞരമ്പുകളിൽ ജീവൻ കോരിയിട്ടെങ്കിലും "അമ്മേ" എന്ന വിളി കേൾക്കാതെ അമ്മ പോയല്ലോ. അവളും അടുത്തുവന്നു ഒന്നും പറയാതെ പോയി. എന്റെ വേദനകൾ മാത്രം എനിക്കു സ്വന്തമെന്നു തോന്നി. രാത്രിയിൽ വല്ലാതെ ശ്വാസംമുട്ടി. എന്റെ ജീവൻ നഷ്ടമാവുന്നതുപോലെ. ഡോക്ടർമാർ വന്നു. അനുജനെ വിളിച്ചുവരുത്തി  എന്തെല്ലാമോ പറഞ്ഞു .

എല്ലാം  ഞാനറിയുന്നു. ഡോക്ടറും നഴ്സും കൂടി  എന്റെ വായ തുറന്നു  അന്നനാളത്തിലൂടെ ഒരു പൈപ്പ് കടത്തി. എനിക്കുതന്ന ഇഞ്ചക്ഷൻ കൊണ്ട് വേദന അറിഞ്ഞില്ലെങ്കിലും എന്റെ ആന്തരിക അവയവങ്ങൾ നുറുങ്ങി വരിയുന്നത് എനിക്കറിയാൻ കഴിഞ്ഞു.

ജീവിതത്തിൽ എന്തെല്ലാം അനുഭവിച്ചു ഇപ്പോളിതാ ഇത്രത്തോളം.  ഇതിനുമാത്രം ഞാനെന്തു തെറ്റ് ചെയ്തു?. മുൻജന്മപാപങ്ങളുടെ ഫലമോ? അതോ അടുത്തജന്മത്തിൽ കിട്ടാനുള്ള സുകൃതത്തിനോ?

എന്തിനായാലും ഇതു സഹിക്കാൻ വയ്യാത്ത വിധം കഠിനമാണ്.

എന്റെ ശരീരം എനിക്ക് നഷ്ടമായതുപോലെ . എത്ര ദിവസങ്ങളായി അനങ്ങാൻ വയ്യാതെ ഇതേ കിടപ്പ് തുടരുന്നു. അതിനിടയിൽ ഒരു യന്ത്രത്തെ പരിപാലിക്കുന്നതുപോലെ നഴ്‌സുമാർ എന്തെല്ലാമോ ചെയ്യുന്നു. വേദനകൾ ഒരു ശീലമായതുപോലെയാണ്. ഒന്നും കാണാൻ കഴിയുന്നുല്ലെങ്കിലും എനിക്കു ചുറ്റുനിന്നും കരയുന്ന യന്ത്രങ്ങൾ എന്റെ ശ്വാസമിടിപ്പും ഹൃദയമിടിപ്പും  നിയന്ത്രിക്കുന്നതുപോലെ. എന്റെ രക്തം മുഴുവനും പലവട്ടം അവർ കഴുകിയില്ലെ? ഓരോതവണയും എന്റെ വേദനകൾ ആരും അറിഞ്ഞില്ലല്ലോ . എന്റെ കരച്ചിൽ ആരും കേട്ടില്ലലോ. എന്നോടൊന്നും പറയാതെ എന്റെ ബന്ധുക്കളെല്ലാരും പലവട്ടം  എന്നരികിൽ വന്നുപോകുന്നു .അവർ എന്റെ വിളികേൾക്കുന്നില്ലലോ .  കാണാനാകുന്നില്ലെങ്കിലും അവരുടെ സാമിപ്യം ഞാനറിയുന്നു. ചേച്ചിയും അളിയനും വന്നു .പക്ഷെ ഒന്നും ചോദിക്കാൻ  പറ്റിയില്ല. എന്റെ ദൈവമേ ഇനി ഒരാളെയും ഇത്രനാൾ ഈ റൂമിൽ കിടത്തരുതേ.

രണ്ടുമൂന്നു ദിവസമായി അധികമാരും വരാറില്ല. എല്ലാവരും പോയോ?. അവസാനമായി അമ്മ വന്നപ്പോൾ, അമ്മയുടെ ഇടനെഞ്ച് കരയുന്ന ശബ്ദം ഞാൻ കേട്ടതാണ്. കരയല്ലമ്മേയെന്ന എന്റെ സാന്ത്വനം കേൾക്കാതെ നടന്നു നീങ്ങിയ അമ്മ വാതിലിനപ്പുറം പൊട്ടിക്കരയുന്നതും ഞാൻ കണ്ടു.. കുറെ ദിവസത്തിനുശഷം അവളും മകളും വന്നപ്പോൾ , ഞങ്ങൾക്ക് ഈ അവസ്ഥയിൽ കാണാൻ പറ്റാഞ്ഞിട്ടാണ് വരാതിരുന്നതെന്നും  നാളെ ഞങ്ങളോട് തിരിച്ചുപോകാൻ പറഞ്ഞിരിക്കുകയാണെന്നും അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. മകളോടോന്നും പറയാൻ കഴിഞ്ഞില്ല. അവൾക്കൊന്നും വാങ്ങിക്കൊടുക്കാനും പറ്റിയില്ല. നിയോഗം പോലെ അവരെല്ലാം എന്നോട് വിടപറഞ്ഞോ?. എന്നും പ്രജോഷ് പലവട്ടം വാതിലിൽ വന്നെത്തിനോക്കുന്നതു കാണുന്നുണ്ട്. അവൻ എന്തെല്ലാമോ നഴ്സുമാരോട് ചോദിക്കുന്നുമുണ്ട്. കുറച്ചുനേരം നോക്കിനിന്നിട്ട് അവൻ മടങ്ങും. മറ്റു ചില ബന്ധുക്കളും അവനോടൊപ്പമുണ്ടാകും.  ആരോടും ഒരു വിശേഷവും ചോദിയ്ക്കാൻ കഴിയുന്നില്ല

വീണ്ടും അവൻ വന്നു. നഴ്സ്മാർ പറഞ്ഞ് വന്നതാണോ അവൻ? . എന്റെ അടുത്ത് നിന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന യന്ത്രങ്ങൾക്ക് ക്ഷീണം വന്നതുപോലെ .കുറച്ചു നേരമായി എന്റെ ശ്വാസമിടിപ്പ് ബുദ്ധിമുട്ടിലായി വരുന്നുണ്ടായിരുന്നു. എന്റെ ഹൃദയം വല്ലാതെ വിങ്ങാൻ തുടങ്ങി . അവന്റെ മനസ്സെനിക്കു കാണാൻ കഴിഞ്ഞു.. അവൻ ഉള്ളിൽ കരയുന്നുണ്ടോ? . അവൻ എന്നോടു പറയുന്നത്  എനിക്ക് വ്യക്തമായ് കേൾക്കാം.

 "എന്റെ നിസ്സഹായതയോട് ക്ഷമിക്കേണമേ".

അവനെന്താ അങ്ങനെ പറഞ്ഞത്? അവന്റെ കണ്ണുകൾ നനഞ്ഞോന്നറിയില്ല പക്ഷെ അവന്റെ ഉള്ളിലെകരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു. എല്ലാം എന്റെ വിധിയാണ് . മറ്റെല്ലാം വെറും നിമിത്തങ്ങളും.ആര് ആരോട് ക്ഷമിക്കാൻ.

എനിക്കു ചുറ്റുമുള്ള യന്ത്രങ്ങളുടെ കരച്ചിലിന് വേഗം കൂടിയിരിക്കുന്നു . എന്റെ  ശരീരത്തിൽനിന്നും എന്നെ ആരോ വിലിച്ചു പറിക്കുന്നതുപോലെ. എനിക്ക് ചുറ്റും പരിചയിച്ചു മറന്ന മുഖങ്ങൾ. എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല. എന്റെ ശരീരം നുറുങ്ങുന്ന വേദന .

"അമ്മേ!"

ഹോ! വല്ലാത്തൊരാശ്വാസം, എനിക്കിപ്പോൾ എല്ലാം കാണാം. എന്റെ ശരീരം നിശ്ചലമായിരിക്കുന്നു. എന്റെ വേദനകൾ , അസ്വസ്ഥതകൾ എല്ലാം എന്നിൽ നിന്നകന്നിരിക്കുന്നു. എനിക്കുചുറ്റുമുള്ള യന്ത്രങ്ങൾ അമിതാധ്വാനത്തിനുശേഷം തളർന്നുറങ്ങിയിരിക്കുന്നു. എന്റെ കൈയ്യിലെ പിടിവിട്ട്  ഡോക്ടർ നഴ്സുമാരോടെന്തെല്ലാമോ പറഞ്ഞു. അവർ ആരെയെല്ലാമോ ഫോൺ വിളിച്ചു. അവനും മറ്റു ബന്ധുക്കളും വന്നു . അവൻ കരയുന്നുണ്ടോ ? എനിക്ക് കേൾക്കാൻ വയ്യ .പക്ഷെ കണ്ണുകളിലെ നനവ് കാണാം.

ആരോ എന്റെ ശരീരം ക്ലീൻ ചെയ്തു പുതിയ ഉടുപ്പുകൾ ഇട്ടു. നന്നായി പുതപ്പിച്ചു, പിന്നെ വീണ്ടും മെഡിക്കൽ കാർട്ടിൽ പുറത്തേക്ക്.

വഴിയിൽ വീണ്ടും 'ഐ സി യു' ബോർഡ് .

ആ ബോർഡിനരികിലെത്തി അതിനെ പറിച്ചെറിയാൻ   ആഗ്രഹിച്ചിട്ടും  സാധിക്കുന്നില്ല.

ഇനിയാരും ഈ ബോർഡ് കടന്നു അകത്തുപോകരുതേയെന്നു പ്രാർത്ഥിക്കുബോൾ അതാ വീണ്ടുമൊരാൾ അകത്തേക്കുള്ള യാത്രയിൽ ബോർഡിലേക്ക് സൂക്ഷിച്ചുനോക്കി പിറുപിറുക്കുന്നു.

'ഐ .സി യൂ'

റയിൽപ്പാളങ്ങൾ

റയിൽപ്പാളങ്ങൾ

അറിയപ്പെടാത്തവന്‍റെ ആത്മഹത്യ

അറിയപ്പെടാത്തവന്‍റെ ആത്മഹത്യ