Kadhajalakam is a window to the world of fictional writings by a collective of writers

മഴക്കാലം

മഴക്കാലം

മഴ വീണ്ടും പെയ്തുകൊണ്ടിരിക്കുന്നു ....അഞ്ചു ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ അണക്കെട്ടും, നടേമ്മലെ പുഴയും നിറഞ്ഞു കവിഞ്ഞു, വെള്ളം കാണാനായി പോയപ്പോൾ, പാടവും പുഴയും ഒന്നായി കടലിന്റെ പ്രതീതി, മലയിൽ ഉരുൾ പൊട്ടൽ ഉണ്ടായെന്നും കേൾക്കുന്നു .....അങ്ങാടിലെ ഇടയിലും, താഴെ വടക്കേലെ ഇടയിലും തട കെട്ടിയിട്ടുണ്ട് ....കണ്ണികുറിയനും, നിടും ചൂലിയും, പൂച്ച പരലും മറ്റു ചെറു മീനുകളെയും തോർത്ത് കൊണ്ട് ഊറ്റിയെടുക്കാം. വെറുതെ ഹോർലിക്‌സ് കുപ്പിയിൽ ഇട്ടു കളിപ്പിക്കാം, പിന്നെ കിണറ്റിലെ ചെറീന് ഇട്ടു കൊടുക്കാം ...ചിലർ മീൻ പിടുത്തതിന് ഇറങ്ങാൻ പദ്ധതി ഇട്ടു..ചൂണ്ട ഇട്ടാൽ കയ്ച്ചലിനെ കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്,ചിലപ്പോൾ ചെറീനും കിട്ടും..മുൻപ് നീന്താൻ പോയിരുന്ന പള്ളിലെ താഴയും, വാഴേലെ താഴയും ഭയങ്കരമായി വെള്ളം കേറിയിട്ടുണ്ട് .നടക്കോത്തു നിന്ന് നോക്കുമ്പോൾ വെള്ളം മാത്രമേ കാണുന്നുള്ളൂ ......നല്ല ഒഴുക്കുമുണ്ട്, ഒഴുക്കിനിടയിലും വെളുത്ത ആമ്പൽ പൂവുകൾ തല ഉയർത്തി നില്കുന്നു .കൈത പൂക്കളും ഉണ്ട് .....മീൻ കാരൻ ചെ ട്ടിയാർ വന്നിട്ട് നാലഞ്ചു ദിവസമായി ....കടലിൽ ആരെങ്കിലും പോയിട്ട് വേണ്ടേ ചെട്ടിയാർക്കു മീൻ കിട്ടാൻ.

കനത്ത മഴയിൽ സ്കൂളുകൾക്ക് കളക്ടർ അവധി നല്കിയിരിക്കുകയാണ് .മഴയോടപ്പം കനത്ത കാറ്റും ഉണ്ട്.കപ്പായി മാവിന്റെ ചോട്ടിൽ പോയി നിന്നാൽ ഇഷ്ടം പോലെ മാങ്ങ കിട്ടും .പറങ്കി മാവിൽ ഇപ്രാവശ്യം മാങ്ങാ കുറവാ ...മധുരം കൂടുതൽ ഉള്ളതിനാൽ അണ്ണാറക്കണ്ണനും പറങ്കി മാവിലാണ് ഇക്കുറി കണ്ണ് .കടവാതിലുകൾ തെക്കിനയുടെ ഞാലിയിൽ തൂങ്ങി കിടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി .തൊട്ടടുത്തായി കൂമനും ഉണ്ട് ,മഴ ഒന്ന് ചോരുമ്പോൾ അമ്പായത്തിന്റെ കൊമ്പിലിരുന്നു ചെമ്പോത്തിന്റെ മൂളൽ കേൾക്കാം. പശുവിനും കന്നൂട്ടിക്കും വൈക്കോൽ തന്നെ ശരണം ..മഴ ഒന്നും ചോരാതെ മേയാനോ, പച്ച പുല്ലു കൊടുക്കാനോ നിവൃത്തിയില്ല. കന്നൂട്ടി ഇടക്കിടെ കുഞ്ഞി കൊമ്പു പന്തിയിലെ മരത്തിലിടിച്ചു പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ മഴയ്ക്ക് പോയിലെ കോണി വരെ വെള്ളം കേറി, ഇപ്പൊ സകല റെക്കോർഡും തകർത്തു താഴെ പനോളെ കോണി വരെ എത്തി......ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ആഴ്ചകളോളം നീണ്ടുനിന്ന മഴ ഉണ്ടായിട്ടില്ല. പൂത്തു നിന്ന കാപ്പി മരത്തിൽ നിന്നും പൂവുകൾ താഴെ വീണു കിടക്കുന്നു, എന്നാലും സുഗന്ധം പോയിട്ടില്ല. തൊട്ടടുത്ത് ചുവന്ന മുരിക്കിൻ പൂക്കളും ഉണ്ട്, മരം കൊത്തി മുകളിലിരുന്ന് ചിരിക്കുന്നു.പിലാവിന്റെ കൊമ്പിലിരുന്നു കാക്കകൾ ചിറകാറ്റുന്നു. ഇടക്കിടെ പഴുത്ത തേൻവരിക്കയിൽ കൊത്തുന്നുമുണ്ട്. വിശന്നു വലഞ്ഞ കുറുക്കന്മാർ കുന്നിനുമോളിൽ നിന്നും ഓരിയിടുന്നുണ്ട്. ഈന്തോല കൊണ്ടുണ്ടാക്കിയ പന്തലിലിരുന്നിട്ടും മഴ നനഞു. വൈകുന്നേരമായതോടെ മഴ കനത്തു. ഇടിമിന്നലിനു ശക്തി കൂടി ..ഇന്നോ ,നാളെയോ എന്നും പറഞ്ഞോണ്ടിരുന്ന പീറ്റതെങ്ങു വിട വാങ്ങി.

മഴ കുറഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം വെയിലും വന്നു. അപ്പോഴേക്കും വലിയ കറുത്ത കാലൻ കുടയുമായി കൂടത്തിൽ കുഞ്ഞിക്കണ്ണൻ എത്തി.വെള്ള ഷർട്ടും, വെള്ള മുണ്ടും, വെളുത്ത തുണിസഞ്ചിയും. കുട മുറ്റത്തു വച്ച്, കറുത്ത ചെരിപ്പുകൾ അഴിച്ചു വച്ച് ഒരടി മുന്നിലേക്ക്, പിന്നെ രണ്ടടി പിന്നിലേക്ക്, നാലു ദിക്കിലേക്കും തിരിഞ് കണ്ണടച്ചുള്ള പ്രാർത്ഥന, പിന്നെ ഒരടി വീണ്ടും മുന്നിലേക്ക്. അരി വാങ്ങി സഞ്ചിയിലിട്ടു കുട ചൂടി നിശബ്ദനായി, കോണികളിറങ്ങി മുന്നോട്ട്...

വർഷങ്ങൾ ഓടിയകന്നു. മഴയ്ക്കിന്നും ബാല്യമാണ്. ഓർമ്മകൾക്കും....

 

അറിയപ്പെടാത്തവന്‍റെ ആത്മഹത്യ

അറിയപ്പെടാത്തവന്‍റെ ആത്മഹത്യ

ദേവാലയം പണിയുന്നവർ

ദേവാലയം പണിയുന്നവർ