Kadhajalakam is a window to the world of fictional writings by a collective of writers

തോയിബിന്റെ അവശേഷിപ്പുകൾ

തോയിബിന്റെ അവശേഷിപ്പുകൾ

1.

പ്രഭാതം.

ഇരട്ടക്കുഴൽ തോക്കുമായി വനപ്രദേശത്തു കൂടി നടന്നു നീങ്ങുന്ന തോയിബ്. എഴുപത് വയസോളം പ്രായം. വാർധക്യത്തിലും കരുത്തുള്ള ശരീരം. പതിയെയുള്ള നടത്തം. വെടികൊണ്ട മുയലുകളെ തോളിലും നായാട്ടു സഞ്ചി കയ്യിലുമായി തോയിബിനെ പിന്തുടരുന്ന മാത്തൻ പിന്നാലെ. മാത്തനേതാണ്ട് നാല്പത്തഞ്ച് - അൻപത് വയസ്സുണ്ടാവും.

A

പ്രഭാതം

മലയോരഗ്രാമത്തിലെ ഒരു സമ്പന്ന റോമൻ കത്തോലിയ്ക്കാ ക്രിസ്ത്യൻ ഭവനം .

പഴയ നിർമ്മാണരീതിയിലുള്ള വീട്‌.  പൂമുഖത്തെ ഭിത്തിയിൽ പൂർവികരുടെയും, തോയിബിന്റെ ഭാര്യയുടെയും പടങ്ങൾ.

അയകമ്പിയിൽ ഉണക്കാനിട്ടിരിയ്ക്കുന്ന റബ്ബർ ഷീറ്റുകൾ.  കുരുമുളക്,  മുറ്റത്തു ചാക്കിൽ ഉണക്കാനിട്ടിരിയ്ക്കുന്നു. അഴിച്ചിട്ടു വിട്ടിരിയ്ക്കുന്ന കോഴികൾ.  കൂട്ടിൽ കിടക്കുന്ന വളർത്തു പക്ഷികൾ.  മുറ്റത്തു പലയിടങ്ങളിലായി പാർക്ക് ചെയ്തിരിയ്ക്കുന്ന കാറും, ബൈക്കും.  മാവിന്റെ ചുവട്ടിൽ സ്റ്റാൻഡിൽ വച്ചിരിയ്ക്കുന്ന വലിയ സൈക്കിൾ.

അടുക്കളയിൽ കപ്പ കുഴച്ചു കൊണ്ടിരിയ്ക്കുന്ന ചിന്നമ്മ (നാല്പത്തഞ്ച് വയസ്സ് ). എവിടേക്കോ പോകാനുള്ള ഒരുക്കത്തിൽ അഗസ്തി (നാല്പത്തിയെട്ട് - അൻപത് വയസ്സ്) അടുക്കളയിൽ പ്രവേശിയ്ക്കുന്നു.

"അപ്പനെന്തിയെടീ " ഷർട്ടിന്റെ കൈ മടക്കിക്കൊണ്ട് ആഗസ്തി.

"വെളുപ്പാൻ കാലത്തു തോക്കുമെടുത്തു കൊണ്ടിറങ്ങിയതാ. ഇതിപ്പം കൊറേ നാളായി ഇല്ലാതിരിയ്ക്കുവാരുന്നു ഈ സൂക്കേട്. വരുമ്പ വരട്ടെ. അല്ലാണ്ടെന്താ". ചിന്നമ്മ അഗസ്തിയ്ക്കു ചായ കൊടുക്കുന്നു.

ചായഗ്ലാസ്സ് വാങ്ങിക്കൊണ്ട് അഗസ്തി. "അപ്പനിതെന്നാത്തിന്റെ കേടാ. ഇപ്പോഴും പയ്യനാണെന്നാ വിചാരം. കുടിയേറ്റ കാലത്ത് വല്യപ്പനൊക്കെ തോക്കും കൊണ്ടെറങ്ങിയിരുന്നത് ജീവൻ സംരക്ഷിയ്ക്കാനായിരുന്നു.  അപ്പോഴത്തെ കാട് വല്ലോം ഇപ്പൊ ഒണ്ടോ? ഒണ്ടങ്കിത്തന്നെ അതിന്റകത്ത് വല്ല മരപ്പട്ടീം കൊരങ്ങുമല്ലാതെ വേറെ എന്നാ കാണാനാ" 

ചായ ഒരിറക്ക് കുടിച്ചിട്ട്. "വയസായാ അടങ്ങിയൊതുങ്ങി വല്ലയിടത്തും ഇരിയ്ക്കണം. അല്ല പിന്നെ "

"ഒത്തിരി അടങ്ങിയൊതുങ്ങി ഇരുന്നാ ഷുഗറും കൊളെസ്ട്രോളും ഒക്കെ വരും.....നിങ്ങളെപ്പോലെ ....... വല്ലപ്പോഴുമെങ്കിലും ശരീരമനക്കി പണിയെടുക്കണം. " ചിന്നമ്മ ജോലിയ്ക്കിടയിൽ.

ചായ കുടിച്ചവസാനിപ്പിച്ച് ഗ്ലാസ് മേശയിൽ വച്ചിട്ട് ചിന്നമ്മയുടെ അടുത്ത് ചെന്ന് സ്വകാര്യം പോലെ ആഗസ്തി " അല്ല ചിന്നേ...നിനക്കൊന്ന് രാഷ്ട്രീയത്തിൽ ഇറങ്ങിക്കൂടെ....വിജയിയ്ക്കും...വിജയിച്ചിരിയ്ക്കും"

അടുക്കളയിൽ നിന്നിറങ്ങി പോകുന്ന വഴി ആഗസ്തി;

"മാണിയെന്തിയേടീ"

"ഷീറ്റടിയ്ക്കാൻ പോയിരിയ്ക്കുവാ" അടുക്കളയിൽ നിന്ന് ചിന്നമ്മ.

പ്രഭാതം

വനപ്രദേശം അവസാനിയ്ക്കുന്ന സ്ഥലം.

തോയിബ് കാടിറങ്ങി വരുന്നു.  മാത്തൻ കുറെ പുറകിലാണ്. പൊന്തക്കാടിന്റെ പുറകിൽ എന്തോ അനക്കം കേട്ട് തോയിബ്‌ ജാഗ്രതയോടെ നിൽക്കുന്നു. വസ്ത്രം ശരിയാക്കികൊണ്ട് പൊന്തക്കാടിന്റെ മറവിൽ നിന്നും ജാസ്മിൻ, (ഇരുപത്തിരണ്ട് - ഇരുപത്തിയഞ്ച്  പ്രായം വരുന്നൊരു സുന്ദരി) ഇറങ്ങി വരുന്നു. പുറകെ അവളുടെ കാമുകനും. കാമുകനോട് യാത്ര പറഞ്ഞു നടക്കുന്ന ജാസ്മിൻ. തോയിബിനെ അവൾ കാണുന്നില്ല.  തോയിബ്‌ നടന്നു നീങ്ങുന്ന ജാസ്മിനെ തന്നെ ഉറ്റു നോക്കി നിൽക്കുമ്പോൾ മാത്തൻ അടുത്തെത്തുന്നു.

"എന്നാ പാപ്പാ "

ഒന്നുമില്ലെന്ന്‌ തോയിബ്‌ തല കുലുക്കുന്നു.  വീണ്ടും മുന്നോട്ടു നടക്കുന്നു. പിന്തുടരുന്ന മാത്തൻ.

പകൽ

പറമ്പിലെ തോട്ടത്തിലെ ഷീറ്റുപുരയിൽ റബ്ബർ ഷീറ്റടിയ്ക്കുന്നതിൽ ഏർപ്പെട്ടിരിയ്ക്കുന്ന മാണി. (അരോഗദൃഢഗാത്രനായ യുവാവ്). ഇടയ്ക്കു തലയുയർത്തി നോക്കുമ്പോൾ നടന്നു പോകുന്ന ജാസ്മിനെ കാണുന്നു. രണ്ടു പേരും അർഥം വച്ച നോട്ടങ്ങൾ കൈ മാറുന്നു.

പകൽ

കൃഷി സ്ഥലത്തു കിളയ്ക്കുന്ന തോയിബ്‌

പശുവിനെ കുളിപ്പിയ്ക്കുന്ന തോയിബ്‌

സന്ധ്യ

തോർത്തുടുത്തു തോട്ടിൽ കുളിച്ചു കൊണ്ട് നിൽക്കുന്ന തോയിബ്‌. കുളിച്ചു തോർത്തി നടപ്പാതയിലൂടെ വീട്ടിലേയ്ക്ക്.

A

രാത്രി

വീടിനടുത്ത്, പറമ്പിലേക്കിറങ്ങുന്നിടത്ത് പണിത ഒരു ചെറിയ മാടത്തിൽ, ഭിത്തിയോട് ചേർന്നിരുന്നു ബീഡി വലിയ്ക്കുന്ന തോയിബ്‌. മുൻപിൽ ചാരായക്കുപ്പിയും പകുതി കുടിച്ച ഗ്ലാസും. വിദൂരതയിലേയ്ക്ക് നോക്കി ആലോചനയിലാണയാൾ.

ഒരു പാത്രത്തിൽ മുയൽ പെരളനുമായി വരുന്ന ചിന്നമ്മ അത് തോയിബിന്റെ മുന്നിൽ വയ്ക്കുന്നു.

"അഗസ്തി വന്നോടീ " തോയിബ്‌

"ഇല്ലപ്പാ....ആരാണ്ടെ കാണാൻ കാലത്തു പോയതാ. ഇന്ന് ചെലപ്പൊഴേ വരുവൊള്ളൂന്നു പറഞ്ഞാരുന്നു".

ഒന്ന് നിർത്തിയിട്ട് ചിന്നമ്മ, "നമ്മുടെ മാണിയ്‌ക്കൊരാലോചന വന്നിട്ടുണ്ട്. മുണ്ടക്കയത്തുന്നാ. നല്ല തറവാട്. പെണ്ണിന് ബാങ്കിലെങ്ങോ ആണ് ജോലിയെന്നാ പറഞ്ഞെ. അങ്ങേരു അപ്പനോട് പറയാനിരിയ്ക്കുവാരുന്നു".

"അവനു സമയം കിട്ടിക്കാണത്തില്ല. (പരിഹാസത്തോടെ) നൂറു കൂട്ടം ജോലിയല്ലേ?(ഒന്ന് നിർത്തി) കിഴക്കേ പറമ്പിൽ ഇഞ്ചിക്കൃഷി നടത്താൻ ഒരു മാസമായി അവനോടു പറയുന്നു. അപ്പൊ അവനു ചേട്ടന്മാരെ പോലെ കച്ചവടം മതി....ആട്ടെ .....അവന്റെ ഇഷ്ടം...എന്തായാലും ഞാൻ പോകുമ്പോ ഇതൊന്നും കൊണ്ട് പോകാൻ പോകുന്നില്ലെന്ന് അവനോടു പറഞ്ഞേക്ക്"

തോയിബ്‌ ബീഡി ചുണ്ടോടടുപ്പിയ്ക്കുന്നു.

"മാണി എവിടെ" 

"അങ്ങാടിയിൽ പോയതാ..ഇപ്പൊ വരും".  

"അവനാ പ്രതീക്ഷ...അവനൊറ്റയൊരുത്തൻ". നോട്ടം ദൂരെയെവിടെയോ ഉറപ്പിച്ച് തോയിബ്‌.

ഗ്ലാസിൽ മിച്ചമുള്ളതെടുത്തു കുടിച്ചിട്ട് മുയലിറച്ചി രുചിയ്ക്കുന്ന തോയിബ്‌.

"പൊക്കോ" 

ചിന്നമ്മ നടക്കുന്നു.

തോയിബ്‌ വീണ്ടും ചിന്തകളിലേക്ക്. ചുണ്ടിൽ എരിയുന്ന ബീഡി.

B

മുറ്റത്തേയ്ക്ക് കയറി വരുന്ന ബൈക്കിന്റെ വെളിച്ചം.  വണ്ടി സ്റാൻഡിലിട്ട് മാണി ഇറങ്ങുന്നു. പൂമുഖത്തേയ്‌ക്ക്‌ ഇറങ്ങി വരുന്ന ചിന്നമ്മ. മാണി കയ്യിലിരുന്ന പൊതി ചിന്നയ്ക്ക് കൊടുക്കുന്നു. 

"അപ്പാപ്പനെവിടെ?'

"മാടത്തിലുണ്ട്.  നീ എന്തിയെന്നു ചോദിച്ചാരുന്നു" ചിന്നമ്മ പൊതിയുമായി അകത്തേയ്ക്കു പോകുന്നു.

മാടത്തിലേയ്ക്ക് നടക്കുന്ന മാണി.

C

കുടിച്ചു കൊണ്ടിരിയ്ക്കുന്നു തോയിബിന്റെ അടുത്ത് മാണി ചെന്നിരിയ്ക്കുന്നു. മുന്നിൽ വച്ചിരിയ്ക്കുന്ന മുയൽ പെരളൻ അയാൾ രുചിച്ചു നോക്കുന്നു.  

"ഉം..ഇടിവെട്ട്(തല കുലുക്കുന്നു)....അപ്പാപ്പന്റെ വെടിയെറച്ചിയും അമ്മച്ചീടെ കറി വെപ്പും....അന്യായം..ഒരു രക്ഷയുമില്ല" കറി ആസ്വദിയ്ക്കുന്ന മാണി.

തോയിബ്‌ ചിരിയ്ക്കുന്നു (ആദ്യമായി).

ഗ്ലാസ്സിലേയ്ക്ക് ചാരായം പകർന്നു കൊണ്ട് മാണിയോട്

"നിനക്ക് വേണോ"

"ഇപ്പൊ വേണ്ട അപ്പാപ്പാ" എന്തോ ചിന്തിയ്ക്കുന്ന മാണി.

"അപ്പാപ്പാ.....എനിയ്ക്കൊരു കാര്യം പറയാനുണ്ടായിരുന്നു"

ഗ്ലാസ് കാലിയാക്കി, ചുണ്ട് തുടച്ചു കൊണ്ട് തോയിബ്‌ "എന്നാടാ"

"അത്..." മാണി തോയിബിന്റെ അടുത്ത് നിന്നെണീറ്റ് മുഖം കാണാവുന്നത് പോലെ എതിരെ വന്നിരിയ്ക്കുന്നു.

"അപ്പാപ്പാ എനിയ്ക്കിതു ഈ വീട്ടിൽ ആദ്യം അപ്പാപ്പനോട് തന്നെ പറയണം എന്ന് നിർബന്ധമായിരുന്നു......."

"എന്താടാ ...നീ പറ"

"അത്...അപ്പാപ്പാ…. എനിയ്ക്കൊരു കൊച്ചിനെ ഇഷ്ടമാ. അവൾക്ക് എന്നേം.  കല്യാണം കഴിയ്ക്കുവാണേ അവളെ തന്നെ കല്യാണം കഴിയ്ക്കണമെന്നാ എന്റെ ആഗ്രഹം.  പ്രശ്‌നമെന്താണെന്നു വച്ചാൽ, സാമ്പത്തികമായി അവരെത്ര ഉയർന്ന കുടുംബമൊന്നുമല്ല. അത് കൊണ്ട് തന്നെ ചാച്ചൻ സമ്മതിയ്ക്കാൻ യാതൊരു വഴിയുമില്ല. എന്റെ ആകെ ഉള്ള ആശ്രയം അപ്പാപ്പനാ. അപ്പാപ്പൻ പറഞ്ഞിതൊന്ന് ശരിയാക്കി തരണം”.

മാണി പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അതിലെ ഫോട്ടോ തോയിബിനെ കാണിയ്ക്കുന്നു.

"ദാ ഇതാ പെണ്ണ്"

ഫോണിൽ ജാസ്മിന്റെ ഫോട്ടോ കണ്ട് തോയിബ്‌ പതറുന്നു.

"അതിപ്പോ....നിനക്ക് വേണ്ടി ഏതോ പെണ്ണിനെ ആലോചിച്ചു വച്ചേക്കുവാ അവർ.  അതിനിടയ്ക്ക് ഇത്...." തോയിബ്‌ വാക്കുകൾക്കായി തപ്പുന്നു

മാണി തോയിബിന്റെ കൈത്തണ്ടയിൽ പിടിയ്ക്കുന്നു

"ചാച്ചന്റെയും  അമ്മയുടെയും അപ്പാപ്പന്റെയും ഒക്കെ സമ്മതത്തോടു കൂടി  ഒരു പെണ്ണിനെ കല്യാണം കഴിയ്ക്കണമെന്നു തന്നെയാ എന്റെ ആഗ്രഹം.  അപ്പാപ്പൻ പറഞ്ഞാൽ ചാച്ചൻ കേൾക്കും".  

തോയിബ്‌ മറുപടി പറയാതെ ദൂരേയ്ക്ക് നോക്കിയിരിയ്ക്കുന്നു.

മാണി എഴുന്നേൽക്കുന്നു.

"ഒത്തിരി വലിയ മോഹങ്ങളൊന്നുമില്ല അപ്പാപ്പാ ജീവിതത്തിൽ. ഉള്ള ഭൂമിയിൽ കൃഷി ചെയ്യണം. അധ്വാനിച്ച് അപ്പനേം അമ്മേം  കൂടെയിറങ്ങി വരുന്ന പെണ്ണിനേം പൊന്നു പോലെ നോക്കണം."

തിരിഞ്ഞു തോയിബിനെ നോക്കി ചിരിച്ചു കൊണ്ട്

"എന്നെ ഇത് വരെ ചാച്ചന് പിടി കിട്ടിയിട്ടില്ല പിന്നെയല്ലേ എന്റെ സ്വപ്നങ്ങളേ."

അടുത്ത് വന്നു തോയിബിന്റെ തോളിൽ കയ്യിട്ടു കൊണ്ട്;

"അപ്പാപ്പൻ മനസിലാക്കുന്നത് പോലെ വേറെയാരും എന്നെ മനസ്സിലാക്കില്ല അപ്പാപ്പാ. അതാ..."

തോയിബ്‌ വികാരാധീനനാകുന്നുണ്ടങ്കിലും അയാളത് മറയ്ക്കാൻ അടുത്ത ബീഡി കത്തിയ്ക്കുന്നു.

മാണിയുടെ മുഖഭാവം മാറുന്നു.

"ഇനി അപ്പാപ്പൻ പറഞ്ഞിട്ടും ചാച്ചൻ സമ്മതിച്ചില്ല എങ്കിൽ അപ്പാപ്പൻ ചാച്ചനോട് പറയണം മാണി ഏതെങ്കിലും ഒരു പെണ്ണിനെ വിളിച്ചു കൊണ്ട് വരുന്നുണ്ടെങ്കിൽ അതിവൾ മാത്രമായിരിയ്ക്കും എന്ന്"

"എന്നാ ഞാൻ കിടക്കട്ടെ അപ്പാപ്പാ ...കാലത്തു കുരുമുളക് ചന്തയിൽ എത്തിയ്ക്കണം"

വീടിനു നേരെ  നടക്കുന്ന മാണി.

പുകച്ചുരുളുകൾക്കിടയിൽ ചിന്തയിലാണ്ടിരിയ്ക്കുന്ന തോയിബ്‌!

8

പകൽ

സിറ്റിയിലെ ഒരു ഒപ്റ്റിക്കൽ ഷോപ്പിൽ നിന്നും ഇറങ്ങി വരുന്ന തോയിബ്‌.

മുണ്ടും ഷർട്ടും വേഷം.

റോഡരികിലൂടെ നടക്കുന്ന അയാൾ ഒരു ബൈക്കിൽ ആരുടെയോ പുറകിൽ ചേർന്നിരുന്നു പോകുന്ന ജാസ്മിനെ കാണുന്നു. ബൈക്ക് കണ്ണിൽ നിന്ന് മറയുന്നതു വരെ അയാൾ നോക്കി നിൽക്കുന്നു.

9

രാത്രി

ആറ്റിൻ തീരത്തിരുന്നു ചൂണ്ടയിടുന്ന തോയിബ്‌.

തീരത്തു കൂടി വേഗത്തിൽ നടന്നു പോകുന്ന ജാസ്മിൻ.

കണ്ണിൽ നിന്നും മറയുന്നതു വരെ അവളെ ഉറ്റു നോക്കിയിരിയ്ക്കുന്ന തോയിബ്‌.

10

A

രാത്രി 

വീട്ടിൽ തോയിബിന്റെ മുറി

തന്റെ  തോക്കു തുടച്ചു വൃത്തിയാക്കുന്ന തോയിബ്‌. അടുത്ത് തന്നെ തിരകളും നായാട്ടിനു വേണ്ട മറ്റു സാധന സാമഗ്രഹികളും വച്ചിട്ടുണ്ട്. തോക്കു മാറ്റി വച്ച ശേഷം അയാൾ ഭിത്തിയിലുറപ്പിച്ചിരിയ്ക്കുന്ന ഭാര്യയുടെ പടത്തിൽ നോക്കി കുറച്ചു നേരം ഇരിയ്ക്കുന്നു.  പിന്നീട് എണീറ്റ് മുറിയിലെ പഴയ തടിയലമാര തുറന്ന്, അതിന്റെ ഏതോ അറയിൽ നിന്നും ഒരു ചെറിയ മരപ്പട്ടി എടുത്തു തുറക്കുന്നു. കൊന്തയുടെയും ചില കുറിപ്പുകളുടെയും പഴയ ചില നോട്ടുകളുടെയും ഇടയിൽ നിന്നും അയാൾ ഒരു സ്വർണ നാണയം എടുക്കുന്നു. തനി  തങ്കത്തിൽ തീർത്ത ഒരു വലിയ നാണയം!

നാണയം കൈ വെള്ളയിലിട്ട് അതിൽ നോക്കി നിൽക്കുന്ന തോയിബ്.  അയാളത് തിരിച്ച്‌ മരപ്പെട്ടിയിലേയ്ക്ക് തന്നെ ഇടുന്നു.

B

പെട്ടിയുമായി മാണിയുടെ മുറിയിലേയ്ക്കു കടക്കുന്ന തോയിബ്‌.

മാണി സുഖനിദ്രയിലാണ്.  തോയിബ്‌ അവനെ നോക്കി നിൽക്കുന്നു.

 കയ്യിലിരിയ്ക്കുന്ന പെട്ടി മുറിയിലെ മേശമേൽ വച്ചിട്ട് തോയിബ്‌ മാണിയുടെ കട്ടിലിനടുത്തെത്തുന്നു.  പുതപ്പെടുത്ത്, അവനെ നേരാംവണ്ണം പുതപ്പിച്ചിട്ട് അയാൾ മുറി വിട്ടു പോകുന്നു.

11

രാത്രി

നാട്ടുപാതയിലൂടെ ഏകനായി നടന്നു വരുന്ന തോയിബ്‌.  കയ്യിൽ തോക്കും നായാട്ടു സാമഗ്രഹികളും.

12

രാത്രി

ജാസ്മിന്റെ വീട് (ഓടിട്ട ചെറിയ ഒരു വീട്)

മുറ്റത്ത് ചെറിയൊരു പട്ടിക്കൂട്.

ജാസ്മിന്റെ വീടിനടുത്തുള്ള ഇടവഴിയിൽ നിൽക്കുന്ന തോയിബ്‌.  വീടും മുറ്റവും അവിടെ നിന്ന് വളരെ വ്യക്തമായി കാണാൻ അയാൾക്ക്‌ കഴിയും. 

തോയിബ്‌ നിൽക്കുന്നിടത്തെ ചലനങ്ങൾ കണ്ടു കുരയ്ക്കുന്ന പട്ടി.  പട്ടിയുടെ കുര നീളുമ്പോൾ പുരയ്ക്കകത്തു വെളിച്ചം തെളിയുന്നു. 

മുടി കെട്ടി വച്ച് കൊണ്ട് ഇറങ്ങി വരുന്ന ജാസ്മിൻ.

അകത്തു നിന്ന് ആരോ (അമ്മയാകാം) "ഇങ്ങു പോരെടീ..വല്ല പാമ്പിനെയോ കുറുക്കനെയോ കണ്ടാരിയ്ക്കും പട്ടി കുരയ്ക്കുന്നത് .

മുറ്റത്തിറങ്ങി നിന്ന് പരിസരം ശ്രദ്ധിയ്ക്കുന്ന ജാസ്മിൻ.

അവൾ ഇടവഴിയിൽ നിൽക്കുന്ന തോയിബിനെ കണ്ടു ഞെട്ടുന്നു.

അവളെ തന്നെ ഉറ്റു നോക്കിക്കൊണ്ട് തോയിബ്‌  അവളുടെ നേരെ തോക്ക് ചൂണ്ടുന്നു.

കണ്ണടച്ച് കൊണ്ട് അയാൾ കാഞ്ചി വലിയ്ക്കുന്നു.

നിലവിളിച്ചു കൊണ്ട് വെടിയേറ്റ് വീഴുന്ന ജാസ്മിൻ.

ഇടവഴിയിൽ  നിന്നും ശാന്തനായി തിരിഞ്ഞു നടക്കുന്ന തോയിബ്‌.

ഒറ്റയും പെട്ടയുമായി ആളുകൾ ജാസ്മിന്റെ വീട്ടുമുറ്റത്തേയ്ക്കോടി വരുമ്പോൾ, തോക്കും നായാട്ടു സഞ്ചിയുമായി നടന്നു നീങ്ങുന്ന തോയിബ്‌.

നടന്ന് നടന്ന് അയാൾ കാട് കയറുന്നു…

ചുവപ്പ്

ചുവപ്പ്

നാടകം

നാടകം