Kadhajalakam is a window to the world of fictional writings by a collective of writers

എന്റെ കണ്ണാടിയുടെ സ്വകാര്യങ്ങൾ

എന്റെ കണ്ണാടിയുടെ സ്വകാര്യങ്ങൾ

പുതിയ ഫോണിൽ ഫേസ്ബുക് മെസെൻജർ ഇൻസ്റ്റാൾ ചെയ്തിട്ട് രണ്ടു ദിവസമേ ആയുള്ളൂ. രാവിലെ വന്ന പേഴ്‌സണൽ മെസ്സേജ് അലെർട് അല്പം കൗതുകത്തോടെയാണ് നോക്കിയത്. ഒരു ഫോട്ടോ ആണ്, കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയ കടലാസ്സിൽ കടുക്മണി പോലത്തെ അക്ഷരത്തിൽ എന്തോക്കെയോ എഴുതിയിരിക്കുന്നു. അക്ഷരങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ മനസിലായി അതൊരു കഥയാണെന്ന്. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. കഥയ്ക്ക് പിന്നിലെ കഥയറിയാൻ കഥാകാരിയുടെ മൊബൈലിലേക്ക് ഡയൽ ചെയ്തു. ആകാംക്ഷ യോടെ ചോദിച്ചു "എവിടുന്ന് കുത്തി പൊക്കി നിൻറ്റെയീ ഇരുപതു വർഷം മുൻപുള്ള സൃഷ്ടി?” പിന്നാമ്പുറ കഥ പുറത്തു വന്നു, കഥയും കവിതയും അറിഞ്ഞു പ്രോത്സാഹിപ്പിച്ച മലയാളം മാഷിന് പഴയ ഫയലുകൾക്കിടയിൽ നിന്ന് കിട്ടിയതാണത്രേ. പഴയ വിദ്യാർത്ഥിയുടെ മുഖം ഓർത്തെടുത്ത് അവൾക്ക്‌ അയച്ചു കൊടുത്തതാണ് .അവൾ അതെനിക്ക് ഫോർവേഡ് ചെയ്തു.

ഭൂതകാലത്തെ ക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ് ആ കഥ, എനിക്കും അവൾക്കും. തന്റെ മെസ്സഞ്ചറിൽ അതൊരു നൊമ്പരമായി കിടക്കാതെ ഞാനും കൂടി വായിക്കട്ടെ എന്ന് കരുതി അവൾ എനിക്കയച്ചതാണ്. "നിനക്കിനിയുമെഴുതിക്കൂടെ?" എന്ന എന്റെ ചോദ്യത്തിന് ഉള്ള അവളുടെ മറുപടി എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു. ഇത് ഞാൻ എഴുതിയതാണെന്ന് ഓർമ്മ തന്നെ എനിക്കില്ല, എഴുത്തു മറന്നിരിക്കുന്നു, ഭാവന മരവിച്ചപോലെ..."പത്തു വർഷത്തെ അധ്യാപന ജീവിതത്തിന്റെ അനുഭവജ്ഞാനത്തിൽ നിന്ന് ഞാൻ അവളെ പ്രചോദിപ്പിക്കാൻ ശ്രമിച്ചു, "നിനക്കെഴുതാൻ കഴിയും, ഒരുപാടുണ്ടാകുകയും ചെയ്യും, നീ ഇനിയുമെഴുതണം". എഴുതണം എന്ന് മനസ്സിൽ ആഗ്രഹിച്ചോ എന്തോ മാഷും ഇത് തന്നെയാണ് പറഞ്ഞത് എന്ന് പറഞ് ആ ഫോൺ സംഭാഷണം അവിടെ അവസാനിപ്പിച്ചു. ഓണാവധിക്കാലമാണ്, വിരസമാവേണ്ടിയിരുന്ന എന്റെ ഒരുദിവസം അങ്ങനെ പഴയ കാലത്തിന്റെ ഒരു ഓർമ്മപ്പെടുത്തലായി കടന്നു പോയി.

ചുണ്ടിൽ ലിപ്സ്റ്റിക് തേക്കുന്നത് പാപാപമാണെന്ന് വിശ്വസിച്ച ഞാനും , പനംകുല പോലുള്ള മുടിയിലാണ് പെണ്ണിന്റെ സൗന്ദര്യം എന്ന് വിശ്വസിച്ച അവളും രണ്ടാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ചവരാണ്. ക്ലാസ്സിലെ മിണ്ടാത്ത കുട്ടിയായ ഞാനും കൊച്ചു വായിൽ വല്യ വർത്തമാനം പറഞ്ഞു നടന്ന അവളും തമ്മിലുള സൗഹൃദത്തിന്റെ രസതന്ത്രം ഇന്നും അജ്ഞാനമാണ്, പക്ഷെ സംശയ ലേശമന്യേ ഒന്ന് പറയാനാവും ഈ മുപ്പത്തി അഞ്ചാം വയസിലും അവളാണ് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. എന്റെ സ്റ്റാഫ് റൂമിലെ എല്ലാ ടീച്ചർമാർക്കും അവളെ അറിയാം, നേരിട്ടുകണ്ടിട്ടില്ല ഫോട്ടോ ഞാൻ കാണിച്ചു കൊടുത്തിട്ടുണ്ട് .

വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞങ്ങൾ ഒന്നിച്ചായിരുന്നു, നേരത്തെ സ്കൂൾ വിട്ട ഒരു ദിവസം എന്നെ കാണാനില്ല എന്ന് പറഞ്ഞു അമ്മാവന്മാർ നാടുനീളെ ഓടി നടന്നത് എടുത്തു പറയണ്ട ഒരധ്യായമാണ് . മിതഭാഷിയായ നാലാം ക്ലാസ്സുകാരി പെൺകുട്ടി കൂട്ടുകാരിയുടെ വീട്ടിൽ പോയിരിക്കുന്നുണ്ടാവും എന്ന് ആരും കരുതിയിരുന്നില്ല, അങ്ങനെയൊരു സൗഹൃദം എനിക്കുണ്ട് എന്നത് എന്റെ വീട്ടുകാർക്ക് പുതിയൊരറിവായിരുന്നു. ഫേസ്ബുക്കിലെ 'മീ ട്ടൂ ' സ്റ്റാറ്റസിനടിയിൽ എഴുതിയിട്ടില്ലാത്ത പല അനുഭവങ്ങളും ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അസമത്വത്തിനെതിരെ അവൾ എന്നും ശബ്ദമുയർത്തിയിരുന്നു, മുസ്ലിം സ്കൂളിൽ സൈക്കിളിൽ വന്ന് ഒരു വിപ്ലവത്തിനു തുടക്കം കുറിച്ച പത്താം ക്ലാസ്സുകാരി അവളായിരുന്നു. ആളൊഴിഞ്ഞ വഴിവക്കിൽ തട്ടക്കാരിയായ എന്നെ കാത്തവൾ നിന്നിരുന്നു, സൈക്കിളിന്റെ പിന്നിൽ കയറ്റാൻ. മറ്റു പല തട്ടക്കാരികളും അവസരം മുതലാക്കിയപ്പോൾ ഞാൻ മാത്രം ഒരിക്കലും അവളുടെ സൈക്ക്ലിന്റെ പിന്നിൽ കയറിയിട്ടില്ല, ധൈര്യമില്ലായിരുന്നു ....

"താലിച്ചരട് പുരുഷന് സ്ത്രീയെ തളച്ചിടാനുള്ള ലൈസൻസാണ്" എന്നവൾ വാദിച്ചപ്പോൾ ''ഭർത്താവിനെ സ്വന്തം പാവടച്ചരടിൽ കെട്ടിയിടാൻ ശ്രമിക്കുന്ന ഭാര്യമാരും തുല്യ കുറ്റവാളികളാണ് " എന്ന് ഞാനും സമർത്ഥിച്ചു. കാലമെത്ര മാറ്റി യിരിക്കുന്നു എന്നെയും അവളെയും... മിണ്ടാതെ ക്ലാസ്സിലിരുന്ന ഞാനിന്നു തഴക്കം വന്ന ഒരധ്യാപികയായിരിക്കുന്നു, കൗമാരകുതൂഹലങ്ങൾ നിറഞ്ഞ അവളുടെ മനസിനിന്നു ഒരമ്മയുടെ പക്വതയാണ്, കവിതയുറങ്ങാത്ത അവളുടെ കണ്ണും മനസുമിന്നു ബിസിനസ്സ്മാനേജ്മെന്റിലെ ഗവേഷണ പ്രബന്ധങ്ങളിൽ മാത്രമാണ്.

ഗ്രാമത്തിൻറെ നിഷ്കളങ്കതയിൽ നിന്നും നഗരത്തിന്റെ നിറങ്ങളിലേക്കുള്ള അവളുടെ കൂടുവിട്ട് കൂടുമാറ്റം തിടുക്കത്തിലുള്ള ഒന്നായിരുന്നു . സുഹാസ് അവളെ കല്യാണം കഴിച്ച ദിവസം അവളെന്നോട് അടക്കത്തിൽ പറഞ്ഞു "ഇന്നുമുതൽ ഇയാളാണ് എന്റെ ആകാശവും , എന്റെ ഭൂമിയും , എന്റെ ചക്രവാളത്തിന്റെ സീമയും" പക്ഷെ പിന്നീടങ്ങോട്ട് ഞാൻ കണ്ടത് എന്റെ പ്രതീക്ഷക്കു വിപരീതമായ കാര്യങ്ങളാണ് . അവളുടെ ചിന്തകൾക്ക് ശക്തി പകർന്നത്, സ്വപ്നങ്ങൾക്ക് ചിറകു നൽകിയത്, അവളിലെ പെൺകുട്ടിയെ ശക്തയായ ഒരുസ്ത്രീയാക്കി മാറ്റിയത് എല്ലാം സുഹാസിന്റെ തീരുമാങ്ങളായിരുന്നിരിക്കാം.

പാട്ടുപാവാടയെയും മഞ്ഞ നിറത്തേയും പ്രണയിച്ച പെണ്കുട്ടിയിന്ന് ഒരുപാട് മാറിയിരിക്കുന്നു . വേഷഭൂഷാദികളും സൗന്ദര്യ സങ്കല്പങ്ങളും അവൾ പൊളിച്ചെഴുതിയിരിക്കുന്നു. എള്ളെണ്ണ മണമുള്ള മുട്ടറ്റം മുറിച്ച അവളുടെ മുടിയിന്നു ചെവിയറ്റം വന്നുനിൽക്കുന്നു . ഒരുതവണ ഞാൻ അവളോട് ഫോണിൽ പറഞ്ഞു ''എന്റെ പേര് കേരള പി. എസ് .സി ലിസ്റ്റിൽ മുകളിൽ തന്നെയുണ്ട്, ഹൈസ്കൂൾ ടീച്ചറാണ് , ഇനിന്റെർവ്യൂവിന്റെ തീയതി വന്നു '' അഭിനന്ദനമറിയിച്ചശേഷം എൻ്റെ സന്തോഷത്തിൽ പങ്കുചേർന്ന്‌ ഫോൺ കാട്ടുചെയ്തു .അഞ്ചുമിനിട്ടിനകം അവൾ വീണ്ടും വിളിച്ചു ''ഒരുകാര്യം പറയാനുണ്ട് , പറഞ്ഞാൽ തെറ്റിദ്ധരിക്കരുത് '' അവളുടെ ആമുഖത്തിനു മറുപടിയായി ഞാൻ പറഞ്ഞു ''നീയെന്റെ കണ്ണാടിയല്ലേ ...നിനക്കെന്നോടെന്തും പറയാം പിന്നെന്തിനാണൊരു ഔപചാരികത '' അവസരം മുതലെടുത്തടുത്ത അവളെന്നോടുപറഞ്ഞു ''ഇന്റർവ്യൂവിനു പോകുമ്പോൾ ആ 'പെൻഗ്വിൻ ഡ്രസ്സ് ' വേണ്ടാ പകരം സാരിയായിക്കോട്ടെ, അതാണ് കൂടുതൽ നല്ലത്" ചിരിയടക്കിപ്പിടിച് ഞാൻ പറഞ്ഞു ''ബുർഖയിപ്പോൾ പഴയ ബുർഖയൊന്നുമല്ല മോളേ ...ഇപ്പോ ഇതാണ് ട്രെൻഡ് , നീ പറഞ്ഞ പെൻഗ്വിൻ ബുർഖ ഇപ്പൊ വംശനാശ ഭീഷണിയിലാണ് ഉമ്മുമ്മമാരുടെ ആമാടപ്പെട്ടിയിലും കാണില്ല അതിപ്പോ. പിന്നെ നിന്റെയീ സാരിക്കാരികൾ പലരും എന്റെ സ്കൂളിലുമുണ്ട് പക്ഷേ കുട്ടികൾ മികച്ച അധ്യാപികയായി തിരഞ്ഞെടുത്തത് ഈ ബുർഖക്കാരിയെയാണ്. എന്റെ ഉപ്പ നാട്ടിൽ നല്ല പേരുള്ള ഒരുസ്ഥാതാണ്, ഉസ്താദിന്റെ മോൾക്ക് പരിഷ്‌കാരം കുറഞ്ഞുപോയി എന്നുനിനക്ക് തോന്നുന്നുണ്ടോ ? എന്നാലും നീ പറഞ്ഞതല്ലേ ഞാൻ പരിഗണിച്ചിരുന്നു".

ഇങ്ങനെ സൂര്യന് താഴെയുള്ള പല വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ പല വാഗ്വാദങ്ങളും നടത്തിയിട്ടുണ്ട്, പക്ഷേ അവയെല്ലാം നമ്മുടെ ഇടയിലെ സൗഹൃദത്തിന്റെ ഇഴയടുപ്പം കൂട്ടിയിട്ടേയുള്ളൂ."ഗർഭവതിയായ സീതാദേവിയെ കാട്ടിലുപേക്ഷിച്ച ശ്രീരാമനെങ്ങനെ പുരുഷോത്തമനായി?" എന്ന എന്റെ പഴയ ചോദ്യത്തിന് അവൾ മറുപടി കണ്ടുപിടിച്ചോ എന്തോ? പക്ഷെ അവളുടെ ഗൃഹപ്രവേശത്തിനു കൊടുക്കാൻ ഉപ്പ വാങ്ങിത്തന്ന മഹിഷാസുരമർദ്ധിനിയുടെ എൽ..ഇ.ഡി ബൾബു കത്തുന്ന ഫോട്ടോ ഇപ്പോഴും അവളുടെ പൂജാമുറിയിലുണ്ട്.ബുർഖയ്ക്കുള്ളിലെ എന്റെ ലോകവും മുക്കാൽ ജീൻസിലെ അവളുടെ ലോകവും രണ്ടു ഭൂഖണ്ഡങ്ങളാണ് എന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ അവർക്കുള്ള എന്റെ മറുപടി ഇതാണ്. ഗവേഷണത്തിന്റെ തിരക്കിനിടയിലും തട്ടം മറച്ച എന്റെ കാതുകൾക്ക് മാത്രമായി ലിപ്സ്റ്റിക്കിന്റെ കട്ടിചുവപ്പുള്ള അവളുടെ ചുണ്ടുകൾ കാതങ്ങൾക്കപ്പുറത്തുനിന്നു ശബ്ദിക്കാറുണ്ട്. ഇന്ത്യൻ ഇന്സ്ടിട്യൂറ് ഓഫ് മാനേജ്മെന്റിന്റെ മതിൽക്കെട്ടിനകത്തുനിന്നും മാസത്തിലൊരുതവണയെങ്കിലും എന്നെത്തേടിയെത്തുന്ന ഈ ഫോൺകാൾ എന്റെയൊരു സ്വകാര്യ അഹങ്കാരമാണ്. കാലം കരുതിവച്ച മാറ്റത്തിനൊത്തു നീങ്ങുമ്പോൾ ഞങ്ങളിലെ കൗമാരക്കാരികളുടെ സൗഹൃദത്തിന് ഇരുത്തം വന്ന പെണ്ണുങ്ങളുടെ മനസിന്റെ കെട്ടുറപ്പാണ്.

ഓണമല്ലേ .. ഇത്രയുമെഴുതിയതല്ലേ ചില ഓണസ്വകാര്യങ്ങളും പറഞ്ഞു കളയാം. ഞങ്ങളൊന്നിച്ചുണ്ട ഓണത്തിന്റെ 'നൊസ്റാൾജിയക്കഥ' വേണ്ട. എല്ലാ മലയാളിക്കുമുണ്ടാവും അങ്ങനെ ഒരു കഥപറയാൻ പകരം ഞാനവളുടെ ഹൈടെക് ഓണത്തിന്റെ കഥ പറയാം. ഓണം അവൾക്കിന്നൊരു വേദനയാണ്, സുഹാസ് ഒരിക്കലും മനസിലാക്കാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു വേദന. ഉത്തരേന്ത്യയിൽ ജനിച്ചുവളർന്ന സുഹാസിന് വാക്കിൽ മലയാളമുണ്ട്, മനസ്സിൽ മലയാളിത്തമുണ്ട്, പക്ഷെ ഓണവും വിഷുവും ഒരു വികാരമായി തോന്നാറില്ലത്രേ. പകരം വിനായക ചതുര്ഥിയും ദീപാവലിയും സുഹാസിന് നഷ്ടബാല്യത്തിന്റെ സ്മരണകളാണ്. സുഹാസിന്റെ വിനായക ചതുര്ഥിക്കും ദീപാവലിക്കുമിടയ്ക്ക് അവളുടെ ഓണവും വിഷുവും വന്നു പോകും. ഏതെങ്കിലുമൊരു മലയാളി റെസ്റ്റാറെന്റിൽ നാക്കിലയിൽ വിളമ്പിയ ഓണസദ്യ, വർഷങ്ങളായി അവളുടെ ഓണ സങ്കൽപ്പങ്ങളുടെ അവസാനം വന്നുനിൽക്കുന്നത് ഈ റെഡിമേഡ് സദ്യയിലാണത്രെ. അടുത്ത കാലത്തായി അവളുടെ മനസിന്റെ വിങ്ങലിന് തെല്ലൊരാശ്വാസം കിട്ടിയെന്നു പറഞ്ഞു കേട്ടു. ''എന്റെ ഉണ്ണികളെ ഓണമറിയിച്ചു വളർത്തണം എന്ന് വേവലാതിപ്പെട്ടു നടന്നവൾക്ക് മാതൃഭാഷ മറന്നിട്ടില്ലാത്ത ഒരുപറ്റം മലയാളികളെ കണ്ടു കിട്ടിയത്രേ. മലയാളിയുടെ നൊസ്റ്റാൾജിയ മറന്നിട്ടില്ലാത്ത അഭിനവ മലയാളി മുഖങ്ങൾ, ശുദ്ധ മലയാളത്തിൽ ഓണപ്പട്ടു പാടുന്ന കുഞ്ഞു കുട്ടികൾ, തിരുവാതിരയുടെ ചുവടും 'പാർവണേന്ദുമുഖി’യുടെ ശീലും മറന്നിട്ടില്ലാത്ത മലയാളി മങ്കമാർ, ഒന്നിച്ചിരുന്നുള്ള ഓണസദ്യ ..''മതി '' എന്റെയാ പഴയ കൂട്ടുകാരിക്ക് സന്തോഷിക്കാൻ ഇതൊക്കെത്തന്നെ ധാരാളം.

നിർത്തുന്നതിനു മുൻപ് ഈ അധ്യാപികക്ക് പറയാൻ ഒന്നുകൂടിബാക്കിയുണ്ട്, ഓണമൊരോർമ്മപ്പെടുത്തലാണ് നല്ലവനായ അസുരചക്രവർത്തിയെ ചവുട്ടിത്താഴ്ത്തിയ അവതാര ബാലന്റെ കഥ മാത്രമല്ല, മറ്റു പലതിന്റെയും... എള്ളോളം പൊളിവചനമില്ലാതിരുന്ന ഒരുനല്ല കാലത്തിന്റെ ഓർമ്മ എന്നും മനസിലുണ്ടാവട്ടെ.

എന്റെ കണ്ണാടീ ... എന്നിലെ എന്നെ ഞാൻ ഏറ്റവും നന്നായി കണ്ടത് നിന്റെ കണ്ണിലല്ലേ..? നിന്റെ ഓണസ്വകാര്യങ്ങൾ കടമെടുത്തു ഞാൻ എന്റെ ഓണക്കഥ മുഴുമിപ്പിച്ചിരിക്കുന്നു.

ഗാന്ധര്‍വ്വം

ഗാന്ധര്‍വ്വം

അണ്ണൻ

അണ്ണൻ