Kadhajalakam is a window to the world of fictional writings by a collective of writers

പനിനീർപ്പൂവ്വും മഴത്തുള്ളിയും

പനിനീർപ്പൂവ്വും മഴത്തുള്ളിയും

അവളൊരു പാവം പനിനീർപ്പൂവ്വായിരുന്നു...
മൃദുദളങ്ങളാൽ മേനിയഴക് വഴിഞ്ഞൊഴുകുന്ന..
പരിമളത്താൽ മനസ്സുകളെ പ്രണയഭരിതയാക്കിയ..
കാനന കുസുമങ്ങളെ അസൂയാലുക്കളാക്കിയ..
മുൾമേനിയിൽ വിരിഞ്ഞ സൗന്ദര്യധാമം..
ആരാണവളെ ഈ കുന്നിൽ ചെരുവിൽ കൊണ്ടുവന്നത്?


കാട്ടുമുല്ലക്കും ജമന്തിക്കും സംശയം..
നാട്ടിൽ നിന്നും പറിച്ചു കളഞ്ഞതാകാം..
സുന്ദരിയാണെന്ന അഹങ്കാരം തെല്ലൊന്നുമല്ലല്ലോ..
കൂട്ടത്തിലൊരു മുക്കുറ്റി പറഞ്ഞു..
ആരുംതന്നെ നോക്കാത്തതിലുള്ള അമർഷം
മറച്ചു വെക്കാൻ മുക്കുറ്റിക്കായില്ല...
ഇത് കേട്ട്  പ നിനീർപ്പൂവ്വിന്റെ മുഖം വാടി..
പൂവിന്റെ നെഞ്ചിലെ  ആദ്യത്തെ മുറിവ്..
പെട്ടൊന്നൊരു കുഞ്ഞികാറ്റാ വഴി വന്നു..
പൂവിന്റെ നെറുകിൽ തലോടി..കവിളിൽ ഉമ്മ വെച്ചു..
ആ സാന്ത്വനത്തിൽ പൂവ്വ് തന്റെ വ്യഥ മറന്നു..
ആടിയും കുണുങ്ങിയും കാറ്റിൽ പൂവ്വിന്റെ 
സുഗന്ധം കാട്ടിലാകെ പടർന്നു..
പറന്നു പോകുന്ന പറവകളും, മറ്റു കിളികളും..
താന്താങ്ങളുടെ കൂടുകളിൽ പൂവ്വിന്റെ 
മാഹാത്മ്യം പറഞ്ഞു പുകഴ്ത്തി..
ഇണക്കിളികളിൽ ചിലർ അസൂയമൂത്ത് 
പൂവ്വിനെ കാണാൻ തന്നെ തീരുമാനിച്ചു..
പൂവ്വിന്റെ സുഗന്ധം അവരെയും ആകർഷിച്ചു..
പക്ഷെ തങ്ങളുടെ ഇണകൾ പൂവ്വിനെ പുകഴ്ത്തിയത് 
തങ്ങളെ വിലയില്ലാത്തത് കൊണ്ടാണെന്ന് കരുതി അവർ 
പൂവ്വിനെ പഴി ചാരി..
മറ്റുള്ളവരെ വശീകരിക്കുന്ന എന്തോ മന്ത്രം ഇവൾക്കറിയാം..
നമ്മുടെ ഇണകളെ പോലും ഇവൾ വശീകരിച്ചിരിക്കുന്നു..

പൂവ്വിനേറ്റ രണ്ടാമത്തെ മുറിവ്.. 
പാവം പൂവ്വിന്റെ കണ്ണുകൾ ഈറനായി...
കാനനത്തിൽ ആ സുന്ദരപുഷ്പം നൊന്തുനീറി..
ദുഃഖം പങ്കുവെക്കാനാരുമില്ലാതെ അവൾ സ്വയം ശപിച്ചു..
പൊടുന്നനെ മാനം കറുത്തു..ഇടിയും മിന്നലും കൊണ്ട് 
ഭൂമിയാകെ ശബ്ദഭരിതമായി..കിളികൾ പറന്നു പോയി..
പാവം പനിനീർപ്പൂവ്വ് ഒറ്റയായി..
പൂവ്വിന്റെ കണ്ണുകൾ കവിഞ്ഞൊഴുകി..
മഴത്തുള്ളികൾ അവളുടെ മൃദുവായ മേനിയിൽ 
പവിഴമുത്തുകൾ പോലെ ചിതറിവീണു...
അതിലൊരു മഴതുള്ളി അവളുടെ കാതിൽ പതുക്കെ ചൊല്ലി..
സുന്ദരിപ്പെണ്ണേ..കരയല്ലേ..നീ നിഷ്കളങ്കയാണ്..നിന്റെ 
വിലമതിക്കാനാവാത്ത സൗന്ദര്യവും സുഗന്ധവുമാണ് 
മറ്റുളവരെ നിന്റെ ശത്രുക്കളാക്കുന്നത്..അതെത്ര കൂടുന്നുവോ..
അതിനിരട്ടിയാണ് നിന്റെ മാഹാത്മ്യം..
 ആ മഴതുള്ളി തന്നെ വിട്ടു പോവല്ലെയെന്നാ പാവം 
പൂവ്വാഗ്രഹിച്ചു..പക്ഷെ ആ മഴതുള്ളി പൂവ്വിനെ വിട്ട് 
മെല്ലെ മെല്ലെ  ഭൂമിയിൽ അലിഞ്ഞു ചേർന്നു..
പൂവ്വാ നീർകണത്തെ നോക്കി ലയിച്ചു നിന്നു..
മഴ പെയ്തു തോർന്നു..പുതു മണ്ണിന്റെ ഗന്ധവും  
കുളിർക്കാറ്റിന്റെ വശ്യതയുംപൂവ്വിന്റെ മനസ്സിൽ 
പിന്നെയും സാന്ത്വനത്തിന്റെ തിരിനാളം കൊളുത്തി..
അങ്ങനെ ആ മഴതുള്ളി പൂവ്വിന്റെ സന്താപം
അനശ്വര സന്തോഷമാക്കി...
 

ഇന്നലെ നീ എന്നെ കണ്ടുവോ?

ഇന്നലെ നീ എന്നെ കണ്ടുവോ?

തസ്കരൻ

തസ്കരൻ