Kadhajalakam is a window to the world of fictional writings by a collective of writers

ഒരു മൂന്നാർ പ്രണയം

ഒരു മൂന്നാർ പ്രണയം

ചിതറിയുണങ്ങിയടർന്ന വാകയിലകളുടെമീതെ ഒന്നായിക്കിടന്നൊരാ ശിശിര സായാഹ്നത്തിലവൾ മന്ത്രിച്ചു,
`ഇവിടെ നമ്മൾ തനിച്ചാണോ? ഇരുൾവീണ ചക്രവാളത്തിന്റെയീ ആളൊഴിഞ്ഞ നടുമുറ്റത്തെ ഇളം ചുകപ്പ്‌ നമുക്കായി മാത്രം തെളിഞ്ഞതാണൊ?`.
പ്രണയവലയുടെ പശയാർന്ന അദ്രുശ്യനൂലിഴകളാൽ തുന്നിച്ചേർത്ത പക്ഷിയിണകൾ ഒരേ ദിശകളിലേയ്ക്കു പറന്നു കൊണ്ടിരിക്കെ,
അയാളുടെ തടിച്ച കാതോരങ്ങളിൽ തൊടാതെ ചുംബിച്ചവൾ മൊഴിഞ്ഞു.
`പ്രിയനെ, ഇത്രയും കാലം എന്നിൽനിന്നെന്തെ മറഞ്ഞിരുന്നു? ഏതു ഭൂകണ്ഡങ്ങളുടെ അതിർ രേഖകകളാണ്‌ ഇതുവരെ നമ്മെ അടുക്കാനനുവദിക്കാതിരുന്നത്‌?
പ്രണയവിദ്വേഷിയായ ആ സ്വേഛാധിപതി ആര്‌?`.
ഡിസംബറിന്റെ ബാക്കിവന്ന കുളിരിന്നിടയിലൂടെ ചെരുവിലെക്കൊട്ടേജിന്റെ പടിയുയർന്ന കോലായിലേയ്ക്കവളവന്റെ കൈപിടിച്ചു കയറി,
ആശ്രമചൈതന്യത്തിൽ പർണ്ണശാലകണക്കെ കെട്ടിയുയർത്തിയ രമ്യഹർമ്മ്യങ്ങൾ, തച്ചുടയ്ക്കപ്പെട്ടതിന്റെ ബലിക്കല്ലുനോക്കിച്ചിരിക്കുന്നു,
അങ്ങേക്കരയ്ക്കലൊരു മഞ്ഞച്ച ഭീമൻ, മണ്ണുമാന്തിയന്ത്രം, പണികഴിഞ്ഞെത്തി, കയ്യുകളൊതുക്കി ഉറങ്ങാൻ കിടക്കുന്നു.
`പ്രിയെ, നീയെത്ര മധുരിക്കുന്നവൾ, നീ അരുകിലുള്ളപ്പോൾ ഞാനൊരു പഞ്ഞിക്കെട്ടുകണക്കെ പാറിനടക്കുന്നു.
നിന്റെ തേനൂറും മൊഴികൾ എന്റെ ഹ്രുദയഭിത്തികളിൽ ഒരു സാന്ത്വനഗാനമാണ്‌, നിന്റെ മിഴികൾ പറയുന്ന കേൾക്കാപാഠങ്ങൾ എന്നെ ഒരു അറിവില്ലാപൈതലാക്കുന്നു`.
`അടുത്തു വരൂ, സ്വപ്നത്തിലെ രാജകുമാരി`. മെഴുതിരിവെട്ടത്തിൽ അവളുടെ ചുവന്ന കവിളോരത്തെയ്ക്ക്‌ ചുരുണ്ടിറങ്ങിയ മുടിയിഴക്കൂട്ടങ്ങളിലേയ്ക്ക്‌ അവൻ നോക്കിക്കൊണ്ടേയിരുന്നു. അവൾ ഒരു പുതുമണവാട്ടികണക്കെ തലതാഴ്ത്തി അവന്റെ നോട്ടത്തിനിടം കൊടുത്തു.
ചെറുതായ മഞ്ഞിന്റെ തുള്ളികൾ പുറത്തെ ജാലകത്തിന്റെ ചില്ലുപാളികളിൽത്തട്ടിത്താഴേയ്ക്കു പതിക്കുന്നതിന്റെ നേർത്ത സ്വരം കേൾക്കാം.
`പ്രിയനെ, ഇവിടെ നീയും ഞാനും മാത്രം, പ്രണയത്തിന്റെ ഈ നനുത്ത താഴ്‌വരയിൽ, ഈ പുഴയോരത്ത്‌, ഈ മരക്കൊമ്പിൽ`.
അവൾ അവന്റെ കയ്യുകളിലേയ്ക്കു ചാഞ്ഞു.
പശ്ചാത്തലത്തിൽ ലുദ്വിഗ്‌ വാൻ ബിഥോവന്റെ അഞ്ചാം സിംഫണിയുടെ നാലാം ചലനം പതിയെ ആരോഹണം ചെയ്ത്‌ തുടങ്ങി.
ബ്ളാക്ബെറി ഫോണിന്റെ സ്വീകരണബട്ടണിലേയ്ക്ക്‌ യാന്ത്രികമായി അവന്റെ ഇടം കൈ നീങ്ങി.
`മനോഹരേട്ടാ, വീടെത്താറായില്ലെ?, പിള്ളെരിനിയും കിടന്നിട്ടില്ല, എന്തേ വൈകാൻ, പ്രോഡക്റ്റ്‌ ലോഞ്ചാണോ?`.
`ഓ, ലക്ഷ്മിക്കുട്ടി, ഞാൻ വിളിക്കാൻ മറന്നു, ഒരു നാലു മണിക്കൂർ`.
`ഇൻഫൊ പാർക്കീന്ന്‌ വൈക്കത്തെത്താൻ നാലുമണിക്കൂറൊ?`.
`അല്ല പൊന്നെ, പ്രോഡക്റ്റ്‌ ലോഞ്ചാണ്‌, മൂന്നാറീന്ന്‌ വൈക്കത്തെത്താനുള്ള നേരമെടുക്കും` .
അങ്ങേക്കരയ്ക്കലൊരു മഞ്ഞച്ച ഭീമൻ, മണ്ണുമാന്തിയന്ത്രം, പണികഴിഞ്ഞെത്തി, കയ്യുകളൊതുക്കി മയങ്ങാൻ കിടക്കുന്നു. 

കല്ലായിക്കണ്ണീർ

കല്ലായിക്കണ്ണീർ

തലവര

തലവര