Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

ഈ പുലിമുരുകൻ - മാസ് എൻറർടെയ്നർ !!!

ഈ പുലിമുരുകൻ - മാസ് എൻറർടെയ്നർ !!!

ഷെഡ്യൂൾ ചെയ്ത റിലീസ് മാറ്റി വയ്ക്കുക, ഒരു സിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു നിർഭാഗ്യമായാണ് കരുതപ്പെടുന്നത്. പുലിമുരുകൻ്റെ അവസ്ഥയും വിഭിന്നമായിരുന്നില്ല. റിലീസുകൾ മാറ്റിവയ്ക്കപ്പെട്ടു പലവട്ടം. അണിയറ പ്രവർത്തകർക്ക് പോലും ഈ സിനിമയിൽ വിശ്വാസം പോരാ എന്നൊരു പ്രചരണം വരെ പല കോണുകളിൽ നിന്നും കേൾക്കുകയുണ്ടായി. എന്നാൽ ഈ ധാരണകളെയെല്ലാം കാറ്റിൽ പറത്തി, വൻ പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ഇന്നലെ റിലീസ് ചെയ്ത ചിത്രം.

കഥയിലേക്ക് അധികം കടക്കുന്നില്ല. എങ്കിലും, പുലിവേട്ടക്കാരനായ മുരുകൻ്റെ ജീവിതമാണ് അതിനിതിവൃത്തം. കാടിനോട് ചേർന്നുള്ള 'പുലിയൂർ' ഗ്രാമത്തിന് ഭീഷണിയായിറങ്ങുന്ന പുലിയുമായ് മുരുകൻ നടത്തുന്ന സംഘട്ടനങ്ങളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. അത് കാണികളെ ഒന്നടങ്കം ത്രില്ലടിപ്പിക്കുന്ന രീതിയിൽ ഒരുക്കാൻ സംവിധായകന് കഴിഞ്ഞിട്ടിട്ടുണ്ട്. ഇതിൽ വിഷ്വൽ എഫക്ട്സിൻ്റെ പങ്ക് എടുത്ത് പറഞ്ഞേ തീരൂ. മലയാള സിനിമയുടെ ബഡ്ജറ്റ് പരിമിതികളിൽ നിന്ന് ചിന്തിക്കുമ്പോൾ തന്നെ, ഏറ്റവും മനോഹരമായി ആ രംഗങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.

തുടക്കം മുതൽ ഒടുക്കം വരെയും ഇതൊരു മോഹൻലാൽ ചിത്രമാണ്. കുറച്ച് കാലമായി മലയാള സിനിമ മറന്നു വച്ചിരുന്ന ഹീറോയിസത്തിൻ്റെ ഊർജവുമായി മോഹൻലാൽ സ്ക്രീനിൽ നിറയുമ്പോൾ അത് പ്രേക്ഷകർക്ക് വിരുന്നാകുന്നു - പ്രത്യേകിച്ച് ആക്ഷൻ സീനുകളിലെ പ്രകടനം. ഈ പ്രായത്തിലും ഇത്ര ചടുലമായും മെയ്വഴക്കത്തോടെയും ഇത് ചെയ്യാൻ സാധിച്ചുവെങ്കിൽ, അതീ സിനിമയോടുള്ള ആത്മാർത്ഥതയാണ് വെളിവാക്കുന്നത്.  [👍] . മറ്റഭിനേതാക്കളിൽ  കമാലിനി മുഖർജി, ലാൽ, ജഗപതി രാജു, മോഹൻലാലിൻ്റെ ബാല്യകാലം അവതരിപ്പിച്ച കുട്ടി... എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലർത്തി.

ഇനി തിരക്കഥയിലേയ്ക്ക് വന്നാൽ, അധികം പ്ലോട്ടുകളില്ലാത്ത ഒരു കഥയെ വിശ്വാസയോഗ്യമാക്കി എന്നതാണ് ഉദയ് കൃഷണ സാധിച്ചെടുത്തത്. ആക്ഷൻമൂഡിലുള്ള ഡയലോഗുകൾക്കൊപ്പം തമാശയും കടുംബ സീനുകളുമെല്ലാം ചേർത്തു വച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എങ്കിലും നായകൻ്റെ സാഹസങ്ങളെക്കുറിച്ച് മറ്റു കഥാപത്രങ്ങളിലൂടെയുള്ള വർണ്ണന ചിലപ്പോഴൊക്കെ ആവശ്യത്തിലേറെയായ് തോന്നി. സുരാജിൻ്റെ കോമഡികളും ആവർത്തന വിരസത ഉളവാക്കി, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ.

വേറെ എടുത്ത് പറയേണ്ടത്, കാടിൻ്റെ സൗന്ദര്യവും വന്യതയും ആവോളം ഒപ്പിയെടുത്ത ഷാജി(നരൻ fame) യുടെ ക്യാമറയും, ഗോപീ സുന്ദറിൻ്റെ ചടുലമായ പശ്ചാത്തല സംഗീതവും ഗാനങ്ങളും, പീറ്റർ ഹെയ്നിൻ്റെ ആക്ഷനും... ഇതെല്ലാം ഈ സിനിമയ്ക്ക് നൽകിയ സംഭാവനകൾ ചെറുതല്ല. ഇവരുടെ പരിശ്രമവും വെറുതെയായില്ല.

സംവിധായകൻ വൈശാഖ് അടുത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, ഈ സിനിമയുടെ കഥ വിവരിക്കാൻ ആദ്യമായി മോഹൻലാലിൻ്റെയടുത്ത് പോയ കാര്യം. 15 മിനിറ്റോളം നീണ്ടു നിൽക്കുന്ന തൻ്റെ 'ഇൻട്രൊഡക്ഷൻ സീൻ' ക്ഷമാപൂർവം കേട്ടിരുന്നതിനു ശേഷം ലാലേട്ടൻ ചോദിച്ചു - ''ഇതൊക്കെ എങ്ങനെ എടുക്കും..!!!?". വൈശാഖിൻ്റെ മറുപടി ഇപ്രകാരമായിരുന്നു - "എനിയ്ക്കറിയില്ല. പക്ഷെ ഇത്ര ദിവസത്തിനുള്ളിൽ ഇത് ചെയ്ത് തീർക്കണം എന്നൊരു ചട്ടക്കൂടില്ലെങ്കിൽ... ഞാനിതുറപ്പായും ചെയ്തിരിക്കും!!!". സംവിധായകൻ്റെ ആ ഉറപ്പും, ആ ഉറപ്പിൽ നിർമാതാവും, നായകനും മറ്റെല്ലാവരുമർപ്പിച്ച വിശ്വാസവുമാണീ ചിത്രത്തിൻ്റെ വിജയം... അതിനിനി ചരിത്രം സാക്ഷി!

Verdict - 7.5/10. ആദ്യ 2 ദിവസങ്ങളിലെ പോസിറ്റീവ് അഭിപ്രായങ്ങളും വൻ കളക്ഷനും, അടുത്തൊന്നും ഇനി വലിയ ചിത്രങ്ങളുടെ റിലീസില്ലാത്തത്, തെലുഗിലും തമിഴിലുമുള്ള പുതിയ വിപണി... ഇതെല്ലാം വച്ച് നോക്കുമ്പോൾ, മലയാള സിനിമയിലെ സർവകാല റെക്കോഡിലേയ്ക്കാണ് പുലിമുരുകൻ കുതിക്കുന്നത്!

ഈ മോഹൻലാൽ ത്രില്ലർ ഉറപ്പായും കാണാം, അത് തീയേറ്ററിൽ തന്നെ കാണുക!

ദേവനായകിമാർക്കൊരു പ്രണാമം

ദേവനായകിമാർക്കൊരു പ്രണാമം