കഥാജാലകം

View Original

ദേവനായകിമാർക്കൊരു പ്രണാമം

വായനാനുഭവം - നോവൽ

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി ഡി രാമകൃഷ്ണൻ

ആധുനിക മലയാള നോവലിലെ പ്രമുഖ എഴുത്തുകാരിൽ വേറിട്ട ആഖ്യാന ശൈലി കൊണ്ടും രചന തന്ത്രം കൊണ്ടും വത്യസ്തത പുലർത്തുന്ന വ്യക്തിയാണല്ലോ ടി ഡി രാമകൃഷ്ണൻ. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ നോവലായ സുഗന്ധി എന്ന ആണ്ടാൾ ദേവനായിക പഠനത്തിരക്കുകൾക്കിടയിലും യാദ്രശ്ചികമായി വായിക്കാനിടയായി. ആസ്വാദനത്തിൻ്റെ പുതിയൊരു തലം തന്നതുകൊണ്ടാണോ അതോ, അത് വ്യക്തമാക്കുന്ന നിസ്സഹായരായ ഒരുകൂട്ടം ജനതയുടെ നേർചിത്രമാണോ ഇതെഴുതാൻ എന്നെ നിർബന്ധിച്ചെതെന്ന് എനിക്കറിയില്ല.

കഥ

എ ഡി 992 കാലഘട്ടത്തിൽ കുലശേഖര രാജ്യത്തെ പെരിയകോയി തമ്പുരാൻ്റെ മകളായ ദേവനായികയിൽ ആകൃഷ്ടനായ ചേര രാജാവ് അവളെ മംഗല്യം ചെയുന്നു.ചോള രാജ്യത്തിൻ്റെ ആക്രമണത്തിൽ തകർന്ന ചേര രാജ്യത്തിലെ ദേവനായിക, ബുദ്ധികൊണ്ടും ശരീരം കൊണ്ടും രാജരാജ ചോളനെ വശപ്പെടുത്തുകയും അദ്ദേഹത്തിൻ്റെ റാണി ആകുകയും ചെയ്യുന്നു. അവളുടെ ബുദ്ധി കൂർമത കൊണ്ട് സിംഹള ദേശം കൂടി കീഴടക്കിയെങ്കിലും പരാജിതനായ മഹിന്ദ രാജാവ് അവരുടെ മൂന്ന് വയസുകാരായ കൂവേണി എന്ന പെൺകുട്ടിയെ ക്രൂരമായ രീതിയിൽ ബലാൽസംഗം ചെയ്തു കൊല്ലുന്നു.അച്ഛനും മകനുമായി കിടക്ക പങ്കിടുന്നതിലെ അനൗചിത്യ ബോധവും കൂവേണിയുടെ മരണം പ്രതികാരത്തിൻ്റെയും കാമത്തിൻ്റെയും വിശ്വരൂപമായി ദേവനായികയേ മാറ്റുന്നു.പ്രതികാരത്തിനായി സിംഹള ദേശത്തെത്തിയെങ്കിലും ബുദ്ധിസത്തിൻ്റെ പാതയിൽ അവൾക്ക് മാറ്റങ്ങൾ വരുകയും ശാന്തിയും സമാധാനവുമാണ് ആത്യന്തികം എന്ന തിരിച്ചറിവിലേക്ക് എത്തുന്നു. അപ്പഴേക്കും സിംഹളദേശം അവളിനാൽ നാശോന്മുഖമായിരുന്നു.അവൾ പിന്നീട് ദേശക്കാരുടെ ഐതീഹങ്ങളുടെ കാവലാളായി എന്ന് ചരിത്രം.

ആണ്ടാൾ ദേവനായിക എന്ന ഈയൊരു മിത്തിനെയും, ശ്രീലങ്കയിലെ തമിഴ് പുലിയായ സുഗന്ധി എന്ന സകല്പിക്ക കഥാപാത്രവും, ശ്രീലങ്കൻ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പോരാടി കൊല്ലപ്പെട്ട രജനി തിരണഗാമ എന്ന യാഥാർത്യത്തെയും കൂട്ടിയിണക്കാനുള്ള ശ്രമമാണ് ഈ നോവൽ.

നോവൽ തരുന്ന വസ്തുതകൾ

ശ്രീലങ്കൻ മനുഷ്യാവകാശ ലംഘനങ്ങളുടെ നേർചിത്രമാണ് ഈ നോവൽ. 2009 ൽ അവസാനിച്ച ആഭ്യന്തര യുദ്ധത്തിൻ്റെ കെടുതികൾ,സ്ത്രീകളും കുട്ടികളും മാനസികമായും ശാരീരകവുമായി അനുഭവിച്ച പീഡനങ്ങൾ, ഇന്നും തെളിവുകളായി അവശേഷിക്കുന്ന നിസ്സഹരായ മനുഷ്യ ജീവിതങ്ങൾ, സമാധാനത്തിൻ്റെയും വികസനത്തിൻെറയും കുപ്പായങ്ങളിടുന്ന ഫാസിസം, പുരുഷാധിപത്യം തുടങ്ങി നിരവധി പ്രശ്നങ്ങൾ ചരിത്ര പരമായ ഒരു മിത്തിനെ കേന്ദ്രമാക്കി ടി ഡിക്ക് എഴുതാൻ സാധിച്ചിട്ടുണ്ട്.

എൻ്റെ വായന

തിരണഗാമയുടെ ജീവിതം ചലച്ചിത്രമാക്കാൻ വരുന്ന പീറ്റർ ജീവനന്തൻ എന്ന വ്യകതിപോലും പുരുഷാധിപത്യത്തിൻ്റെയും ആധുനിക പുരുഷ ചിന്തകളുടെയും പ്രതീകമാണ്.ഒന്നിലേറെ സ്ത്രീകളുമായി കിടക്ക പങ്കിടുന്നവരുടെ, ഭരണകൂടത്തെ ഭയന്ന് ജീവിക്കുന്നവരുടെ,യാഥാർഥ്യത്തിൽ നിന്നും സ്വന്തം രാജ്യത്തേക്കു ഒളിച്ചോടുന്നവരുടെ എല്ലാം പ്രതീകം

സുഗന്ധി എന്ന ഫിക്ഷനൽ കഥാപാത്രം പുലികളുടെയും സിംഹള മേധാവികളുടെയും ക്രൂരതയുടെ പ്രതീകമാണ് .സാമൂഹിക നീതിക്കും സ്വാതന്ത്രത്തിനും പോരാടുന്നവർ ലങ്കയിൽ അനുഭവിക്കേണ്ടിവരുന്ന മാനസികവും ശാരീരികവും ആയ പീഡനങ്ങളുടെ നേർചിത്രമാണവൾ .പ്രതികാരജ്വാലയായവൾ തൻ്റെ അവസാന ശ്വാസം വരെ അധികാരത്തിൻ്റെ അടിച്ചമർത്തലുകളെ സാഹിത്യം കൊണ്ടും ജീവിതം കൊണ്ടും പോരിടുന്നു.ശ്രീലങ്കയിലെ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ മുഖ്യ ധാരയിലെത്തിക്കാൻ ശ്രമിച്ച രജനി തിരണഗാമയെ പോലുള്ള സാമൂഹ്യ പ്രവർത്തകരുടെ കൊലപാതത്തെകുറിച്ച ഇന്നും സംസാരിക്കാൻ ഭയപ്പെടുന്ന സമൂഹം ലങ്കയിലുണ്ടെന്നു എഴുതുകാരൻ അടിവരയിടുന്നു .

കേരളത്തിൽ നിന്നും വെറും 234 നോട്ടിക്കൽ മൈൽ മാത്രമേകലെയാണ് ശ്രീലങ്ക എന്ന രാജ്യം.സാമൂഹിക സാംസകാരിക ജീവിതവുമായി ചരിത്രപരമായും മറ്റും ബന്ധപ്പെട്ടിരിക്കുന്ന നമ്മൾ അവരുടെ ആഭ്യന്തര യുദ്ധത്തിൻ്റെ കെടുതികളെകുറിച് ഒട്ടും തന്നെ വ്യാകുലരായിരുന്നില്ല എന്ന നോവലിസ്റ്റിൻ്റെ വേദനയിൽ നിന്നാണ് ഈ നോവലിൻ്റെ പിറവി .

അടിക്കുറിപ്പ്: കൗതുകം കൊണ്ട് ഒന്ന് വായിക്കാൻ തുടങ്ങിയാൽ അവസാനിപ്പിക്കാതെ ഈ നോവൽ നിങ്ങൾ മടക്കി വെയ്ക്കില്ല .കാരണം പ്രണയത്തിൻ്റെയും രതിയുടെയും പകയുടെയും യുദ്ധത്തിൻ്റെയും വികാര തലങ്ങൾ വായനക്കാരിലെത്തുന്നുണ്ട്.യുദ്ധത്തിൻ്റെ കെടുതി കുട്ടികളെയും സ്ത്രീകളെയും തന്നെയാണ് ഏറ്റുവാങ്ങുന്നതെന്നു അടിയുറപ്പിക്കുകയാണ് എഴുത്തുകാരൻ. എത്രെയൊക്കെ അടിച്ചമർത്തപ്പെട്ടാലും കാലത്തിനതീതമായി സ്ത്രീകൾ സമൂഹത്തിൽ ദേവനായികയായും സുഗന്ധിയായും രജനി തിരണഗാമയായും പുനർജനിക്കും എന്ന ഓർമ്മപെടുത്തൽ കൂടിയാകുന്നു ടി ഡി രാമകൃഷ്ണൻ്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായിക.