Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

ഭ്രാന്ത്

ഭ്രാന്ത്

എന്നെ മുറിക്കകത്തിട്ട് പൂട്ടി കതകടക്കുമ്പോൾ ചേട്ടന്റെ കണ്ണ് നിറഞ്ഞു. ജനലിന്റെ ഒരു പാളി പുറത്തു നിന്നും വലിച്ചുതുറന്ന്' ഒരു പാത്രം ഉള്ളിൽ വച്ചു. 
'നീ എന്തൊക്കെയാണ് ഈ കാണിക്കുന്നത് നിനക്കെന്തു പറ്റി'. ജനലിനടുത്തു വന്നു നിന്ന് ഞാൻ ചേട്ടനോട് ചോദിച്ചു. 
'നിനക്കൊന്നും അറിയില്ല' പറഞ്ഞു തീരും മുൻപേ അവന്റെ മകൾ വന്നു ചേട്ടനെ പിടിച്ചു കൊണ്ട് പോയി, നടക്കുന്നതിനിടയിൽ അവൾ ചോദിക്കുന്നത് കേട്ടു. 
'കൊച്ചച്ചന്റെ ഭ്രാന്ത് മാറാനാണോ പൂട്ടിയിടുന്നത്?'. 
'മും...'
എനിക്കും ചേട്ടനും രണ്ടു പെൺകുട്ടികൾ ആണ്. ജനനത്തേക്കാൾ കൂടുതൽ മരണം കുറച്ചു കൊല്ലങ്ങൾ കൊണ്ട് ഞങ്ങളുടെ വീട്ടിൽ നടന്നു. നാലു മരണങ്ങൾ. രണ്ടു പേർ എന്റെ പ്രിയപ്പെട്ടവർ, അച്ഛച്ചനും അമ്മയും. എനിക്കറിയാം അവൻ ചെയ്തതാണ് ശരി, ഇടയ്‌ക്കെന്നെ മറ്റാരോ നിയന്ത്രിക്കുന്നത് പോലെയാണ്. തോന്നിയതൊക്കെ ആ നേരത്ത് ചെയ്യും, വിളിച്ചു പറയും, അല്ലെങ്കിൽ ആകെയുള്ള ഒരു മുറിയിൽ അവൻ എന്നെ ഒറ്റയ്ക്ക് കിടത്തില്ല. 
ജനൽ അടച്ചിട്ടു. നല്ല ഇരുട്ട് മുറിയിൽ, അവൻ വിരിച്ചിട്ട പായയിൽ വരെ എത്തിയില്ല. അവിടെ തന്നെ കിടന്നു. അച്ഛച്ചൻ അമ്പലത്തിൽ ഇരുന്നു മണി അടിക്കുന്നത് കിടക്കുമ്പോൾ വ്യക്തമായി കേൾക്കാം. സ്ഥിരമായി തൊഴാൻ വരുന്നവർ എല്ലാം ഉണ്ട്. പൂജ കഴിഞ്ഞു അച്ചാച്ചൻ നട തുറന്നു. പ്രതിഷ്ഠയിൽ നിന്നും വെളിച്ചം കണ്ണിലേക്കു പതിച്ചു. കണ്ണ് തുറക്കാൻ വയ്യ ഒരു വയസ്സൻ നിഴൽ വന്നു വെളിച്ചത്തിൽ നിന്നു, അച്ഛൻ! ജനലിലൂടെ ഒരു പൊതി തുറന്നു നീട്ടി.
'രണ്ടെണ്ണം എണ്ണം എടുത്തൊടാ'.
'എന്താ?
'ചക്ക അടയാണ് നിനക്കിഷ്ടമുള്ളതല്ലേ'
'ഇങ്ങു ഇട്ടേക്കു എണീക്കാൻ വയ്യ'.
അച്ഛന്‍ പൊതി ഇട്ടു തന്നു. അത് വന്നു തലയുടെ അരികിൽ കമിഴ്ന്നു വീണു.
'എടാ മോനെ വിനൂ, വാതിൽ ഒന്ന് തുറന്നേടാ. ആ അട മണ്ണിൽ വീണു.
'വേണ്ടാ കുറച്ചു കഴിയട്ടെ'. 
കണ്ണുകളടച്ചു കിടന്നു, അച്ഛന് നല്ല വയസ്സായി. മരിക്കാനുള്ള അസുഖങ്ങളെല്ലാം അച്ഛനുണ്ട്, എന്നാലും മരിക്കുന്നില്ല. മരണങ്ങളുടെ എണ്ണം ഞാൻ വീണ്ടും എണ്ണി തിട്ടപ്പെടുത്തി. നാല് പേർ, അച്ചാച്ചൻ, അച്ഛമ്മ, കൊച്ചച്ചൻ, പിന്നെ അമ്മയും. 
'ഈ ജനാല ഒന്ന് അടച്ചിടെടാ'.
ഞാൻ വിളിച്ചു പറഞ്ഞു. വെളിച്ചം വീണ്ടും മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. ലോകത്തിനു വെളിച്ചം നല്കുന്ന ദൈവങ്ങളെ ഇരുട്ടിലാക്കി അമ്പലനട അടച്ച് അച്ചാച്ചൻ വീട്ടിലേക്കു വരുന്നത് കാണാം. 
'കണ്ടോ അടയിൽ മുഴുവൻ ഉറുമ്പ് കയറി'. 
തിരിഞ്ഞു നോക്കിയപ്പോൾ, അമ്മ അച്ഛന് കൊണ്ടുവന്ന അടയിൽ നിന്നും ഉറുമ്പിനെ എടുത്തു കളഞ്ഞു ഒരു ചെറിയ കഷണം ഒടിച്ചെടുത്ത് എനിക്ക് തന്നു. 
'അച്ഛന്റെ ഒരു ദിവസത്തെ പണിക്കാശുകൊണ്ടാവും എല്ലാവർക്കും ഇത് വാങ്ങി വന്നത്. അത് നീ കഴിക്കാഞ്ഞത് മോശമായി'.
'അച്ഛൻ പണിക്കു പോകുന്നോ?' ചിരിയെനിക്കടക്കാൻ കഴിഞ്ഞില്ല.
 'എന്താടാ ഇത്ര ചിരിക്കാൻ'? 
കതകു തുറന്നു കൊണ്ട് ചേട്ടൻ ചോദിച്ചു. 
'എടാ നീ കതകു തുറന്നു അകത്തു വാ, നിനക്ക് ഞാനൊരാളെ കാണിച്ചുതരാം'.
 'ആരാ?' 
നീ അകത്തു വാ...'
'വേണ്ട, നിന്നെ മുറിയില്‍ പൂട്ടിയിട്ടതിന്റെ ദേഷ്യം തീർക്കാനല്ലേ?'
ഭക്ഷണം ജനലിലൂടെ വച്ചു കൊണ്ട് ചേട്ടൻ പറഞ്ഞു. 
'നിനക്ക് കാണാൻ ഭാഗ്യമില്ല പട്ടി, ജീവിതക്കാലം മുഴുവൻ നീ നിന്നെ തള്ളിപ്പറയുന്നവർക്ക് വേണ്ടി പണിയെടുക്ക്'. എനിക്ക് നിന്റെ അത്താഴം വേണ്ട, ഇന്നിവർക്കൊപ്പം ഞാൻ പട്ടിണി കിടന്നോളാം'.
ചോറുപാത്രം ഞാൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. അച്ഛമ്മ ഉടനെ ചൂലുമെടുത്തു ഉമ്മറം വൃത്തിയാക്കാൻ തുടങ്ങി. അല്ലെങ്കിലും അച്ഛമ്മക്ക് എന്നും ഇത് തന്നെയാ പണി. എന്തെങ്കിലും കാരണം കിട്ടിയാൾ മതി അച്ഛമ്മക്ക് ചൂലുമായി ഇറങ്ങാൻ. 
'പോ പൂച്ചേ... ആ ചോറ് മുഴുവനും നീ പൂച്ചക്ക് തിന്നാൻ കൊടുത്തു അല്ലെ'. 
ചേട്ടൻ ഉമ്മറത്ത് നിന്ന് ദേഷ്യത്തോടെ എന്നോട് ചൊദിച്ചു. 
'അത് നിന്നോട് അകത്തേക്ക് വരാൻ പറഞ്ഞപ്പോൾ, നീ വരാഞ്ഞിട്ടല്ലെ'?
'ഉം... പറയ് ആരാ അകത്ത്', അവൻ തോർത്തുകൊണ്ട് വിയർപ്പ് തുടച്ചു വരാന്തയിൽ ഇരുന്നു.
'അമ്മ'.
'അമ്മയോ? എടാ അമ്മ മരിച്ചിട്ട് മാസം ഏഴായി ആയി'.
'മരിച്ചോട്ടെ, എന്നാലും കാണാൻ പറ്റിയാൽ അത് നല്ലതല്ലെ'. 
'നിന്നോട് സംസാരിക്കാൻ ഞാനില്ല. നീ പോയിക്കിടക്കാൻ നോക്ക്'.
അവൻ ഇരുന്നിടത്തു രണ്ടു കൊട്ടത്തേങ്ങ കൊണ്ടുവന്നിട്ടു. കൊച്ചച്ചൻ അച്ഛമ്മയെ വിളിക്കുന്നത് കേൾക്കാം.
'അമ്മേ, ആ കത്തി ഇങ്ങൊട്ടെടുത്തോ. ഇത് കൊത്തി ഉണക്കിയെടുത്താൽ ഉണ്ണിയപ്പത്തിലിടാം'.
'കുറച്ചുണ്ടെങ്കിൽ മാറ്റി വച്ചേക്കു, നാളെ അമ്പലത്തിലെ പ്രസാദത്തിലിട്ടാൽ നല്ലതാ'.
കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത്കാല്‍ കഴുകിക്കൊണ്ട് അച്ചാച്ചൻ പറഞ്ഞു. ഞങ്ങളെല്ലാവരും കൂടി തേങ്ങ കൊത്തി മുറത്തിലിട്ടു. വെളിച്ചം കണ്ണിലേക്കടിച്ചപ്പോഴാണ് നേരം വെളുത്തതും ചേട്ടൻ വച്ചിട്ട് പോയ ഭക്ഷണം പൂച്ച തിന്നതും അറിഞ്ഞത്.
'ആരാ അത് ?'. 
വെളിച്ചം കണ്ണിലടിക്കുന്നത് കൊണ്ട് ഒന്നും കാണാനാവുന്നില്ല. എഴുന്നേല്‍ക്കാനൊക്കെ മറന്നു പോയിരിക്കുന്നു. കുറെ നാളുകളായി ഞാനൊന്നു നിവർന്നു നിന്നിട്ട്. നീണ്ട, നിറയെ മുടികളുള്ള ഒരു ഏഴ് വയസ്സുകാരി. പല്ല് പോയത് വന്നു തുടങ്ങിയിരിക്കുന്നു. അവളുടെ മുഖത്ത് ഭയവും കാരുണ്യവും ഒരേപോലെ നിറഞ്ഞു നിന്നിരുന്നു. കൈ തൊടാനായി ശ്രമിച്ചതും അവൾ കൈ പിന്നോട്ട് വലിച്ചു. ഇടത്തോട്ടു നോക്കി, അവിടെ ആരോ നില്‍പ്പുണ്ട്. ആ കാലുകൾ പരിചയമുള്ളതാണ്, കുറച്ചു വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടിലേക്കു വലതു കാൽ വച്ച് വന്നവളാണ്. അവൾക്കെന്റെ മുഖം കാണേണ്ടായിരിക്കും. ഒന്ന് കണ്ണ് ചിമ്മി എന്റെ മുഖത്തേക്ക് നോക്കുക മാത്രം ചെയ്തു കൊണ്ട് ആ കുട്ടി അവൾക്ക് തൽകാല സുരക്ഷ നല്കുന്ന കൈകളിൽ പിടിച്ചു നടന്നകലുന്നത് കേട്ടു.
'എടാ നിനക്ക് മനസ്സിലായില്ലേ? നിന്റെ മോളാടാ വന്നിട്ട് പോയത്', 

ചേട്ടന്റെ കണ്ണുകൾ നിറഞ്ഞു. മറുപടി പറയാതെ ഞാൻ ജനൽ പാളികൾ പാതി ചാരി. മോളുടെ മുഖം കുറെ നാളുകൾക്കു ശേഷം കണ്ടതിന്റെ ആനന്ദം ഉണ്ടായിരുന്നു, മരുന്ന് കഴിക്കാതെ ഞാൻ കിടന്നു, സുഖമുള്ള ഉറക്കം. അവളുടെ എല്ലാ പ്രായവും മുന്നിൽ വന്നുനിന്നു. ഏതു വേണമെങ്കിലും തിരഞ്ഞെടുത്തു കെട്ടിപ്പിടിച്ചു കിടന്നുറങ്ങാം. പെട്ടെന്ന് എല്ലാം മാഞ്ഞു പൊയി. മോളും ചേട്ടനും അച്ഛനും എല്ലാവരും, ജനലിന്റെ നേരിയ വിടവിലൂടെ ഇരുട്ട് മുറിക്കുള്ളിലേക്ക് ഇരച്ചു കയറി, ഇരുട്ട് എന്റെ കാഴ്ചയെ പാടെ ഇല്ലാതാക്കി, ഇത്തിരിശ്വാസത്തിനായി ഞാൻ വാതിലിന്റെ വിടവിൽ മുഖം ചേർത്ത് നിന്നു, ആരോ വാതിൽ തുറന്നു. ചെറിയ വെളിച്ചം ഉണ്ട് , വരാന്തയിലേക്കിറങ്ങി വെളിച്ചം വരുന്ന ദിശയിൽ നിന്ന് ചെറിയ തണുപ്പും വരുന്നുണ്ട്. നടത്തത്തിനിടയിൽ  എന്റെ മുഖത്തും കാലിലും ഉണ്ടായിരുന്ന വ്രണങ്ങളെല്ലാം അപ്രത്യക്ഷമാകുന്നത് ഞാൻ തിരിച്ചറിഞ്ഞു. വീടിന്റെ ഇടത്തു മാറി എല്ലാവരും കൂട്ടം കൂടി നില്പുണ്ട്, ഞാൻ ഉറക്കെ വിളിച്ചു. ആരും തിരിഞ്ഞു നോക്കുന്നില്ല. എല്ലാവരെയും തട്ടി മാറ്റികൊണ്ട് ഞാൻ മുന്നിലേക്ക് ചെന്നു, നാല് പേരും ഭക്ഷണത്തിനു മുന്നിൽ അച്ചടക്കത്തോടെ ഇരിക്കുകയാണ്. അച്ചാച്ചൻ, അച്ഛമ്മ, കൊച്ചച്ചൻ പിന്നെ എന്റമ്മ. അമ്മയുടെ തൊട്ടടുത്തായി ഒരില ഇട്ടിരിക്കുന്നു, അതിലേക്കു ഇരിക്കാൻ കണ്ണുകൊണ്ട് അമ്മ ചൂണ്ടിക്കാണിച്ചു. ഞാൻ ഇരുന്നു. ചുറ്റും നോക്കി, എല്ലാവരെയും അറിയാം, ചിരിച്ചു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ഉണ്ട്. പൊട്ടിക്കരഞ്ഞു കൊണ്ട് ചേട്ടൻ എനിക്കും ഒരു ഉരുള വിളമ്പി. കുളിച്ചു ഈറനോടെ തോർത്തുടുത്ത് രണ്ടു കൊച്ചു പെൺകുട്ടികളും ചേട്ടനെ തൊട്ടു നിന്നു. മഴപെയ്തു തോർന്ന മൂവാണ്ടൻ മാങ്കൊമ്പിലിരുന്ന ബാലിക്കാക്കകളെ ആരൊക്കെയോ കൈതട്ടി വിളിച്ചു.
 

തുമ്പികളെ ട്രെയിൻ ഇടിക്കുമോ?

തുമ്പികളെ ട്രെയിൻ ഇടിക്കുമോ?

മാർജ്ജാരം

മാർജ്ജാരം