Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

കഷണ്ടി

കഷണ്ടി

കഷണ്ടിത്തലയിൽ മുളച്ച രണ്ട് മുടികൾ കണ്ണാടിയിൽ നോക്കിയിരിക്കുന്പോഴാണ് മൂത്തവന്റെ വാട്സാപ്പ് ശബ്‌ദിച്ചത്. കാലങ്ങളായി ഒന്നോ രണ്ടോ ആളുകൾ താല്പര്യമില്ലാതെ അയക്കുന്ന ഗുഡ് മോർണിങ്ങ് ഗുഡ് നൈറ്റ് മാത്രം വിലസിയിരുന്ന കുടുംബപ്പേര് നൽകിയ വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ഒരുപോലെ മറുപടി നൽകുന്ന  മെസ്സജ് കണ്ട് അയാൾ പെട്ടെന്നുതന്നെ വണ്ടിയുമെടുത്ത് എല്ലാ മീറ്റിങ്ങുകളും നാളത്തേക്ക് മാറ്റിവെച്ച് തറവാട്ടിലേക്ക് വച്ചുപിടിച്ചു. വിലപിടിപ്പുള്ള കാറുകൾ തറവാട്ടിന് മുന്നിൽ വന്നു നിന്നു. മക്കളുടെയും കൊച്ചുമക്കളുടെയും എണ്ണത്തിന് കണക്കായി  വാഹനങ്ങൾ ഉണ്ടായിരുന്നു. കൂട്ടത്തിൽ ചെറിയവനാണ് വലിയ വിലകൂടിയ വാഹനം എന്ന് കണ്ട മൂത്തവർ ഉത്തരത്തിലെ പല്ലി ചിലക്കുമ്പോലെ ചിലച്ചു. അകത്തുനിന്നും വയസായ അച്ഛൻ ഉമ്മറത്തേക്ക് യുദ്ധ സന്നദ്ധമായി നിൽക്കുന്ന മക്കളുടെയും കൊച്ചുമക്കളുടെയും ഇടയിലേക്ക് വന്നപ്പോഴാണ് ആ ചില നിന്നത്. മെല്ലെ നടന്നു ഉമ്മറത്തെ ചാര്യകസേരയിൽ ഇരിക്കുന്നതിനിടയിൽ കൂട്ടത്തിലൊരുവൻ കാമുകിക്ക് വാട്സാപ്പിൽ മെസ്സേജുകൾ അയക്കാൻ മറന്നില്ല. കസേരയിൽ ഇരിക്കാൻ ബുദ്ധിമുട്ടിയ അച്ഛനെ സഹായിക്കാൻ പോയ മൂത്തവനെ വേണ്ട എന്ന ആംഗ്യത്തോടെ അച്ഛൻ വിലക്കി. പിന്നെ കുറച്ച് നേരം നിശ്ശബ്ദതയ്ക്കായിരുന്നു ആ തറവാട്ടിൽ സ്ഥാനം. അല്ല അതിനു മാത്രമല്ല ഇടയ്ക്കിടെ കൂടിയിരുന്നവരുടെ മൊബൈൽ നോട്ടിഫിക്കേഷൻ വരുന്നതിന്റെ ശബ്ദവും കേൾക്കാം. മക്കളുടെ മുഖത്ത് അക്ഷമ കാണാം. ചിലർ വാച്ചിലെ സമയം നോക്കുണ്ട്. ഏറ്റവും ചെറിയ ഇടവേളയ്‌ക്കാണ്‌ തിരിച്ച് തറവാട്ടിൽ എല്ലാവരും എത്തിയിരിക്കുന്നത്.

തറവാട്ടിൽ വരുന്നു. ഭാഗം വെക്കൽ കഴിയുന്നു. തിരിച്ച് പോകുന്നു, . ഇതായിരുന്നു എല്ലാവരുടെയും പദ്ധതി. കൂട്ടത്തിൽ ആരെങ്കിലും അവരുടെ സമയക്കുറവിനെക്കുറിച്ച് സംസാരിക്കുന്നതിനു മുന്നേ അച്ഛൻ കയ്യിലുള്ള വിൽപത്രം മേശയിൽ വെച്ചു . അയാൾ അധികമൊന്നും സംസാരിക്കാതെ പുറത്തേക്ക് നോക്കി ചാരുകസേരയിൽ ഇരുന്നു. മേശയിൽ വെച്ച വിൽപത്രം വന്നവർ തിരിച്ചും മറിച്ചും നോക്കി. വേണ്ടത് വേണ്ടതുപോലെ കിട്ടാത്ത മുഷിപ്പ് എല്ലാവരിലും ഉണ്ടായിരുന്നു. മക്കളും മരുമക്കളും കൊച്ചുമക്കളും തമ്മിൽ വാക്കുകൾ കൊണ്ടുള്ള യുദ്ധം തീർക്കാനും മടികാണിച്ചില്ല. കുറെ കാലങ്ങളായി തളം കെട്ടിനിന്ന വാക്കുകൾ എല്ലാവരുടെ നാവിൽ നിന്നും തറവാട്ട് ഉമ്മറത്ത് വീണുചിതറി .പിന്നിൽ ഒരു മഹാഭാരത യുദ്ധം മണ്ണിനു വേണ്ടി നടക്കുകയാണെന്ന് അറിഞ്ഞിട്ട് പോലും ഒരു കൂസലും ഇല്ലാതെ ജരാ നരകൾ ശരീരത്തെ ആകെ മൂടിയ കഷണ്ടി ബാധിച്ച  ആ വൃദ്ധൻ ഇതിലും വലുത് കഴിഞ്ഞിട്ടാണ് ഞാൻ വന്നതെന്ന ഭാവത്തോടെ കസേരയിൽ ഇരുന്നു. കുറച്ച് സമയത്തിനു ശേഷം കുരുക്ഷേത്രം ശാന്തമായി.തറവാട് ശാന്തമായി.കിട്ടിയത് വെറുതെ കളയാതെ അതിനെ എങ്ങനെ പണമാക്കി ബാങ്കിൽ ഡെപ്പോസിറ്റ് ഇടാം എന്ന ആലോചനയിൽ എല്ലാവരും തറവാട്ടിൽ നിന്നിറങ്ങി.തമ്മിലുള്ള സ്പർദ്ധ ഒരു തരിപോലും മാറിയില്ലെങ്കിലും തറവാട്ട് മുറ്റത്ത് നിന്ന് വിലകൂടിയ വാഹനങ്ങൾ തമ്മിൽ തട്ടാതെ എടുക്കാനുള്ള സ്നേഹം അവർ കാണിച്ചു. വെള്ളം കെട്ടികിടക്കുന്ന തെടാകത്തിൽ ഉണ്ടായ ചെറു ഓളങ്ങൾപോലെ അത് കണ്ടപ്പോൾ ആ അച്ഛന്റെ മുഖത്തു ചെറു ചിരി പടർന്നു. സ്വന്തം കാര്യങ്ങൾ നോക്കാനും അത് സംരക്ഷിക്കാനും അവർക്ക് സംയമനം പാലിക്കാനറിയാം എന്നത് അവസാന കാലത്തെങ്കിലും ആ അച്ഛന് ഒരാശ്വാസമായിരിക്കാം.

പാരന്പര്യമായി കിട്ടേണ്ട വസ്തു മക്കൾക്കും കൊച്ചുമക്കൾക്കും കൃത്യമായി കിട്ടിയില്ലെങ്കിലും ഒട്ടും കുറയാതെ അച്ഛന്റെ കഷണ്ടി എല്ലാവര്ക്കും കൃത്യമായി കിട്ടിയിട്ടുണ്ട്. ഇളം പ്രായക്കാരാണ് ഇത് വരെ കഷണ്ടി  കിട്ടിയില്ലെങ്കിലും അവനു യാതൊരു പരാതിയും ആ കാര്യത്തിൽ ഉണ്ടായില്ല. പക്ഷെ സ്നേഹം എന്ന മുടി കൊഴിഞ്ഞു കഷണ്ടി ബാധിച്ചിരിക്കുന്നത് തലക്ക് മാത്രമല്ല മനസ്സിനും കൂടിയാണെന്നുള്ളത് ആ വൃദ്ധൻ തന്റെ കഷണ്ടിത്തലയിൽ തടവി ഓർത്തു. മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും കൂട്ടത്തിൽ മനസ്സിന് കഷണ്ടി ബാധിക്കാത്ത  ഒരു രണ്ട് വയസ്സുകാരിക്ക്  മാത്രം ആ വൃദ്ധനെ തിരിഞ്ഞുനോക്കാനുള്ള മാന്യതയുണ്ടായി . അയാളും ആ കുഞ്ഞിനെനോക്കി ചിരിക്കാൻ ശ്രമിച്ചുവെങ്കിലും കാർമേഘങ്ങൾ കൂട്ടിയിടിച്ച് അയാളുടെ കണ്ണിൽ മഴപെയ്ത് തുടങ്ങിയിരുന്നു.     അപ്പോഴേക്കും ചെറു പൊടികൾ തറവാട്ട് മുറ്റത്ത് പറത്തിവിട്ട് മക്കളുടെ വാഹനം ഗേറ്റ് കടന്നിരുന്നു.

ആത്മാക്കളുടെ പ്രണയം

ആത്മാക്കളുടെ പ്രണയം

പഴയ ചിത്രങ്ങൾ

പഴയ ചിത്രങ്ങൾ