കഥാജാലകം

View Original

അശ്വതി

കാതടപ്പിക്കുന്ന കയ്യടികൾക്കിടയിലേ അശ്വതിയെ എന്നും കണ്ടിട്ടുള്ളു. നിർത്താതെയുള്ള കയ്യടികൾക്കിടയിലൂടെ തലതാഴ്ത്തി വിനയത്തോടെ നടന്നു നീങ്ങി മെഡലുകളും, സമ്മാനങ്ങളും ഓരോന്നോരോന്നായി വാങ്ങി കൂട്ടിയിരുന്ന പെൺകുട്ടി. അശ്വതിയെ വെല്ലുന്ന ഒരു ബ്രെയിൻ സ്കൂളിലോ, ജില്ലയിലോ അന്ന് ഉണ്ടായിരുന്നില്ല. മത്സര പരീക്ഷകളിലെ ഇന്നും തകർക്കപ്പെട്ടിട്ടില്ലാത്ത റെക്കോർഡുകൾ അതിനു സാക്ഷ്യം.

അശ്വതി ശരിക്കും ഒരു അത്ഭുതമായിരുന്നു. എല്ലാ പരീക്ഷകളിലും, ക്വിസ്സ് മത്സരങ്ങളിലും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മത്സരങ്ങളിലും സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ ഒന്നാം സ്ഥാനം നേടിയിരുന്ന പെൺകുട്ടി. അശ്വതിയും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള അന്തരം എത്തിപ്പെടാൻ കഴിയുന്നതിനുമപ്പുറമായിരുന്നു. എന്നും ഫുൾ മാർക്കോ അതിന് അടുത്തോ ആയിരുന്നു അശ്വതി.

സെവൻത് കഴിഞ്ഞതോടെ അമ്മയുടെ വീട്ടിൽ നിന്നു പഠിച്ചിരുന്ന അശ്വതി അച്ഛന്റെ നാട്ടിലേക്കു പോയി. പിന്നീട് ഇടക്ക് പത്രങ്ങളിൽ ഫോട്ടോ കാണാറുണ്ട്. എന്നാൽ പിന്നീടൊരിക്കലും  നേരിട്ട് കണ്ടിട്ടില്ല. പഠിച്ചു പഠിച്ചു ഒരു ഐ എ സ് ഓഫീസറോ, ലോകം അറിയപ്പെടുന്ന ഒരു സയന്റിസ്റ്റോ ഒക്കെ ആയി അശ്വതി മാറുമെന്ന് എല്ലാർക്കും ഉറപ്പായിരുന്നു.

ഈ അടുത്ത കാലത്തു നാട്ടുകാരനായ ബാംഗളൂരിലെ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ ഇരിക്കുമ്പോൾ, അവൻ പെട്ടന്ന് ചോദിച്ചു നിനക്ക് അശ്വതിയെ ഓർമയില്ലേ? ഏത് അശ്വതി?? നമ്മുടെ സ്കൂളിലെ സൂപ്പർ ബ്രെയിൻ. അറിയാം, എന്റെ സീനിയർ ആണ്, പല മത്സര പരീക്ഷകളിലും ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.

ഇവിടെ അടുത്ത ബ്ലോക്കിൽ ആണ് അശ്വതിയും ഫാമിലിയും. നമുക്ക് പോയി കാണാം.

ഞങ്ങൾ പോയി കാളിങ് ബെൽ അടിച്ചപ്പോൾ ചിരിച്ചു കൊണ്ട് അശ്വതി വാതിൽ തുറന്നു. കണ്ടപ്പോൾ തന്നെ അശ്വതിയ്ക്കു എന്നെ മനസിലായി, ഭർത്താവിന് പരിചയപ്പെടുത്തി. ആ പഴയ അശ്വതി ഇന്ന് ആരുമല്ല എന്ന്‌ കേട്ടപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നി. ഉയരങ്ങൾ കീഴടക്കുമെന്ന് ഉറപ്പിച്ചിരുന്ന അശ്വതി ഇന്ന് ഒരു ബിൽഡിംഗ് കോൺട്രാക്ടറുടെ ഭാര്യ മാത്രമായി ഒതുങ്ങി. യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഇളയ കുഞ്ഞിനെ കൈയിൽ എടുത്തു അശ്വതി വീണ്ടും ചിരിച്ചു.കാതടപ്പിക്കുന്ന കയ്യടികൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോളുള്ള അതെ ചിരി...