Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

പ്രവാസം

പ്രവാസം

കുട്ടിക്കാലത്ത് വിമാനം അയാൾക്കൊരത്ഭുതമായിരുന്നു.പറവകളെ പോലെ പറക്കാൻ കഴിവുള്ള ഒരു സാധനം. ആകാശത്ത് വിമാനം പറക്കുന്നത് എല്ലാവരെയും പോലെ അയാളും ആശ്ചര്യത്തോടെ നോക്കി നിന്നിരുന്നു. എന്നാലിന്ന് വിമാന യാത്രകൾ അയാൾക്ക്‌ വിരസത നിറഞ്ഞ ഒന്നായിരിക്കുന്നു. ആകാശത്തിൽ വിമാനത്തിന്റെ ഇരമ്പൽ കേൾക്കുമ്പോൾ തുടികൊട്ടിയിരുന്ന ആ കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കത അയാളിൽ നിന്ന്  മാഞ്ഞുപോയതെപ്പോഴാണ്.

ഇന്ന് യാത്രകൾ അയാളുടെ ജീവതത്തിന്റെ ഭാഗമായിരിക്കുന്നു. കുറച്ച്  മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന യാത്രകൾ. അത്രതന്നെ ആയുസ്സുള്ള ചില  സൗഹൃദങ്ങളെപ്പോലെ. എല്ലാം നിരതെറ്റിയ വർണ്ണക്കുമിളകൾ പോലെ അയാളുടെ മനസ്സിൽ പാറിനടന്നു. സീറ്റുകൾ ചിലതെല്ലാം ഒഴിഞ്ഞു കിടപ്പുണ്ട്. പൊതുവെ ഈ സീസണിൽ തിരക്ക് കുറവാണ്. ഓരോ നിരയിലും ഇരുവശത്തായി ആറുസീറ്റുകളുണ്ട്. അയാളിരിക്കുന്ന നിരയിൽ എല്ലാ സീറ്റിലും ആളുണ്ട്. പലതരം മനുഷ്യർ, പല ആകൃതിയിൽ, പല ദിക്കിൽ നിന്ന് വരുന്നവർ. എല്ലാവരും എത്തിച്ചേരുന്നത് ഒരേയിടത്ത്. മുൻപിലത്തെ നിരയിൽ ഒരു ചെറിയ കുടുംബമാണ് ഇരിക്കുന്നത്. അവരുടെ കുഞ്ഞ് ഒച്ചവെച്ചു കരഞ്ഞപ്പോൾ എയർഹോസ്റ്റസ് വന്ന് എന്തോ കളിപ്പാട്ടം അവന്  നൽകി. കളിപ്പാട്ടം കിട്ടിയതോടെ അപ്പൊൾ വരെ ശാഠ്യം പിടിച്ചത് മറ്റാരോ ആണെന്ന ഭാവമായി അവന്റെ മുഖത്ത്. തൊട്ടടുത്ത സീറ്റിലിരുന്ന ചെറുപ്പക്കാരൻ വിമാനത്തിൽ കയറിയത് മുതൽ ഫോണിൽ എന്തോ കുത്തിക്കളിക്കുന്നു. ഇടയ്ക്ക് വരുന്ന മെസ്സേജുകൾക്ക് ഒറ്റ വാക്കിൽ മറുപടിയെഴുതുന്നു.  പുറത്തെ ചെറിയ ചാറ്റൽ മഴ ചില്ലുജാലകങ്ങളിലൂടെ താഴേയ്ക്ക് ഒഴുകിയിറങ്ങുന്നു.

മഴയുണ്ടാക്കിയ തടസ്സമാണോ എന്നറിയില്ല. ഒരുമണിക്കൂറോളം താമസിക്കുമെന്ന പൈലറ്റിന്റെ അറിയിപ്പുവന്നു. വെറുതെ മഴവെള്ളമൊഴുകുന്ന ജനാലച്ചില്ലിലേയ്ക്ക് തലചായ്ച്ചിരുന്നു. സ്‌കൂൾ ശാസ്ത്രമേളകൾക്ക് സ്ഥിരമായി വിമാനത്തിന്റെ പുതുമോഡലുകൾ, കനം കുറഞ്ഞ റോക്കറ്റുകൾ മുതലായവ സാമർഥ്യത്തോടെ ഉണ്ടാക്കിയിരുന്ന സജീവനെ അയാളോർത്തു. നാട്ടിൽ അവന്റ അച്ഛൻ മരിച്ചപ്പോൾ അദ്ദേഹം നടത്തിയിരുന്ന പലചരക്ക് പീടിക കുടുംബം പോറ്റാൻ കൊണ്ടുനടക്കുകയാണ് അവനിപ്പോൾ. വിമാനത്തിന്റെ ഇരമ്പൽ ശബ്ദം കേട്ടാണയാൾ മയക്കം വിട്ടെണിറ്റത്. നിമിഷങ്ങൾക്കകം ആനന്ദവിഹായസ്സിലേയ്ക് വിമാനം പറന്നുയർന്നു. മേഘപടലങ്ങളെ തള്ളിനീക്കി മുന്നോട്ട്. വല്ലാത്ത ക്ഷീണം. അയാൾ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. ചിലർ ഉറങ്ങുന്നുണ്ട്. മറ്റു ചിലർ ചിന്താനിമഗ്നരായി മറ്റേതോ ലോകത്തെന്നപോലെ. കനത്ത നിശബ്തത. വിരഹവും സങ്കടവും കൊയ്യുന്നൊരു വിളനിലം പോലെ. കലപ്പയിൽ കെട്ടിയ മാടുകളെ പോലെ കുറേ മനുഷ്യർ. നിരനിരയായ് ഒന്നും ഉരിയാടാൻ കഴിയാതെ. ഒരു നെടുവീർപ്പോടെ സീറ്റിലേക്ക്  ചാരിയിരുന്നയാൾ വീണ്ടും കണ്ണുകളടച്ചു.

അർദ്ധനിദ്രയിലായിരുന്ന തന്റെ കുഞ്ഞിനെ ചുംബിച്ച്‌ യാത്ര പറയുമ്പോഴും അവളെ നെഞ്ചോടടുപ്പിച്ച്‌  സമാധാനിപ്പിക്കുമ്പോഴും അയാളുടെ മനസ്സിന്റെ ആഴിയിൽ വലിയ ഉയരത്തിലുള്ള തിരകൾ ആഞ്ഞടിച്ചുക്കൊണ്ടിരുന്നു. എത്ര മനോഹരമായിരുന്നു അവധികാലം. ആഹ്ലാദിച്ച നിമിഷങ്ങൾ, എല്ലാവരും  ഒരുമിച്ചുള്ള യാത്രകൾ. എല്ലാം അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണല്ലോ എല്ലാം എന്ന ചിന്ത അയാൾക്ക്  തെല്ലൊരാശ്വാസമേകി, അഭിമാനവും. അല്പസമയം കഴിഞ്ഞപ്പോൾ ചെറിയൊരു കുലുക്കത്തോടെ വിമാനം ലാൻഡ് ചെയ്തു. നിർത്തി കഴിഞ്ഞിട്ടും ആരും എഴുന്നേൽക്കാത്തത് കണ്ടപ്പോൾ അങ്ങോട്ടുള്ള യാത്രയിൽ വിമാനം ലാൻഡ് ചെയ്തതോർത്തു. നിർത്തുന്നതിനു മുൻപ് തന്നെ ബാഗുകൾ എടുക്കാനും പുറത്തു കടക്കാനുമൊക്കെ എന്തൊരാവേശമായിരുന്നു എല്ലാവർക്കും. 

വിമാനത്തിൽ നിന്ന് പുറത്തു കടന്ന അയാൾ ഇമിഗ്രേഷൻ കൗണ്ടർ ലക്ഷ്യം വെച്ച് നടന്നുനീങ്ങി. അധികം തിരക്കില്ലാത്തതു കൊണ്ടാവാം ഇമ്മിഗ്രേഷൻ ചെക്കിങ്ങും ബാഗ്ഗേജ്  ക്ലിയറൻസുമൊക്കെ കഴിഞ്ഞ് വേഗം എയർപോർട്ടിന് പുറത്തു കടക്കാൻ അയാൾക്ക്‌ സാധിച്ചു. പുറത്ത് ടാക്സി കാത്തുനില്കുമ്പോൾ ഒരു പഴയ സംഭവം അയാളുടെ മനസ്സിലേക്ക് ഇരമ്പിയെത്തി. മുൻപ് ഒരു സുഹൃത്ത്‌ നാട്ടിൽ നിന്ന് ബിസിനസ്സ് ആവശ്യത്തിനായി മരുഭൂമികളുടെ ഈ നഗരത്തിൽ വന്നു തിരിച്ചു പോകുമ്പോൾ അദ്ദേഹത്തിന്റെ മക്കൾക്ക്‌ കൊടുക്കാനായി നാട്ടിൽ കാണാത്ത എന്നാൽ ഇവിടെ മാത്രമായി ലഭിക്കുന്ന എന്തെങ്കിലുമുണ്ടോ എന്ന് അയാളോട് ചോദിച്ചിരുന്നു. ഒരു ചെറു ചിരിയായിരുന്നു അയാളുടെ മറുപടി. എങ്കിലും നെഞ്ചിന്റെ ഉള്ളിലോർത്തു, "എട്ട് പത്ത് വർഷം മുൻപുവരെ അത് പ്രവാസമായിരുന്നു. എന്നാൽ ഇന്ന് ഞാനിരുന്ന പൊന്നുംമൂട് കവലയിലെ അതേ ചായക്കടക്കടയിലെ ബഞ്ചിന്റെ ഇടത്തേയറ്റത്ത് എനിക്കുപകരം ഗോപാൽ യാദവ് ഉണ്ട്. ഞാൻ കുടിച്ച അതേ ചായ കുടിക്കാൻ, ഞാൻ കഴിച്ച അതേ പരിപ്പുവട കഴിക്കാൻ. പ്രവാസം, അതൊടുങ്ങുന്നില്ല". 

തൃപ്തി

തൃപ്തി

മധുരമുള്ള  ഓർമ്മകൾ

മധുരമുള്ള  ഓർമ്മകൾ