കഥാജാലകം

View Original

നീലക്കുറിഞ്ഞി- പ്പൂവിതളിൽ പെയ്ത മഴ

അന്നേ അവൾ മഴയുടെ പ്രണയിനി ആയിരുന്നു.

സ്കൂൾ തുറന്ന ദിവസത്തിൽ ആർത്തു പെയ്ത മഴയിൽ

വള്ളി  ചെരുപ്പിട്ട്  ഒരു ശീലക്കുടയുമായി അവൾ കുണുങ്ങി  കുണുങ്ങി  നടന്നപ്പോൾ മണ്ണിൽ മഴത്തുള്ളികൾ നൃത്തം ചെയ്യുകയായിരുന്നു..

ചെമ്പകപ്പൂവിന്റെ നിറം..

രണ്ട് വശത്തുമായി  മെടഞ്ഞിട്ട  ചെമ്പിച്ച മുടി..  നെറ്റിയിലെ കുറുനിരകളിൽ  നിന്ന് വെള്ളം ഇറ്റിറ്റ്  വീണത്‌ കൊണ്ടാവാം  ഭസ്മക്കുറി  ആലില പോലെ വിടർന്നിരുന്നു  ...

വരാന്തയിൽ  നിന്നും ഞാൻ അവളെ വീക്ഷിക്കുകയായിരുന്നു ...

കാപ്പിപ്പൊടി പാവാടയിൽ  പൂത്തിരി കത്തിച്ച പോലെ ചെളി തെറിച്ചത് ചൂണ്ടികാണിച്ചപ്പോൾ,  നാണം കൊണ്ട് ആ നുണക്കുഴികൾ ചിരിച്ചിറങ്ങിയത് എന്നിലേക്ക്‌ ആയിരുന്നു ..

എന്റെ മൗനത്തിലേക്കായിരുന്നു..

നിറമുള്ള സ്വപ്നങ്ങളിലേക്കായിരുന്നു...

മാഷുമാരുടെ  ചൂരൽ വടികൾ  തന്ന ചുവന്ന പാടുകൾ മറക്കാൻ അവളുടെ  സഹതാപം ഒഴുകുന്ന ഒരേ ഒരു നോട്ടം മതിയായിരുന്നു ... അവളുടെ ഉച്ച നോമ്പ് എന്ന കള്ളത്തരം ആയിരുന്നു എന്റെ വിശപ്പ്‌ മാറ്റിയ അമൃതം ..അവൾക്ക്  ഇഷ്ട്ടപെട്ട ഞാവൽപ്പഴവും  ചെടച്ചിക്കായും സ്കൂൾ മൈതാനത്തു നിന്നും പെറുക്കിക്കൊടുത്ത്

ഞാൻ ആ കടം വീട്ടി.

കൌമാര പ്രായമായപ്പോള്‍ അവളെ പെൺകുട്ടികൾ മാത്രമുള്ള സ്കൂളിൽ അയച്ച് മാതാപിതാക്കൾ  ഞങ്ങളിൽ ഉണ്ടായേക്കാവുന്ന  പ്രണയത്തിന് മുൾവേലി  കെട്ടിയപ്പോള്‍ അവളോട് എനിക്ക് ഉണ്ടായിരുന്ന സൗഹൃദം ഒരു പ്രണയമഴയായി എന്നിലേക്ക്‌ ഒഴുകി എത്തിയത്   ഒരു വിരഹ വേദനയോടെ  ഞാൻ അറിഞ്ഞു ...

അവളുടെ പ്രിയപ്പെട്ട പാട്ടുകള്‍ അവളുടെ ഓര്‍മ്മകള്‍ സമ്മാനിച്ച്‌ ഒരു അപ്പൂപ്പന്‍ത്താടി പോലെ എനിക്ക് ചുറ്റും പാറി നടന്നു.

അവൾക്കായ്‌   ഇറുത്തെടുത്ത     ചെമ്പകം  എവിടെയോ ഞെട്ടറ്റു വീഴുന്നത്  പല രാവുകളിലും ഞാന്‍ സ്വപ്നം കണ്ടു...

അവൾക്ക്  ചൂടാൻ മാത്രം അമ്മയെ കൊണ്ട് മുടങ്ങാതെ വെള്ളം ഒഴിപ്പിച്ച  മുല്ല ...

വെള്ളം കിട്ടാത്തത് കൊണ്ടാവാം ഇന്നത്  വാടിത്തുടങ്ങിയത്...

അന്നൊരു നിലാവുള്ള രാത്രിയില്‍ പന്ത്രണ്ട്  മണിവരെ നിശാഗന്ധി  വിരിഞ്ഞു കാണാൻ   അവളുടെ  വീടിന്റെ പിന്നാമ്പുറത്ത്  കാത്തിരുന്നത് അവള്‍ ഓര്‍ക്കുന്നുണ്ടാവുമോ...

പൂക്കൾ ആയിരുന്നു അവളുടെ തോഴികൾ...

അവൾക്കു  പ്രണയം കുന്നിൻ മുകളിൽ  പെയ്യുന്ന  മഴയോടാണെന്ന്  എത്ര വട്ടം   പറഞ്ഞിട്ടുണ്ട്..

അവൾ  പോയത്‌ കൊണ്ടാവും കൈതക്കുന്നിൽ  മഴ  എത്തി  നോക്കാൻ  വൈകുന്നത്...

ഒരിക്കൽ മഴയും കൊണ്ട് അവൾ വരും...

നിലാവിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്ന  കുന്നിലേക്ക് ഒരു രാത്രിമഴയായി..

പൂവിതളുകളിൽ നനുത്ത മഴത്തുള്ളികൾ പറ്റിച്ചേർന്നിരിക്കും. അന്നെന്റെ പ്രണയമൊട്ടുകളിൽ നിന്ന് അത്തറിന്റെ നറുമണമൊഴുകും...