Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

ചില്ലുകണ്ണടക്കാരി

ചില്ലുകണ്ണടക്കാരി

തുരു തുരെയുള്ള വാട്സപ്പ് മെസ്സേജിൽ മടുത്തു  കോളേജ്  ഗ്രൂപ്പിൽനിന്നും ലെഫ്റ്റാൻ തുടങ്ങുമ്പോഴാണ്  ആ  മെസ്സേജ്  കാണുന്നത്. "പൂർവ്വവിദ്യാർഥിസംഗമം". മെയ്  29 സൺ‌ഡേ-  എന്റെ മനസ്സിലൊരു മിന്നലോടി...

“ഡാ നീ കണ്ടോ, നമ്മടെ കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം,” ലാപ്ടോപ്പിൽ കണ്ണും നട്ടിരിക്കുന്ന ബൈജുവിനെ നോക്കികൊണ്ട്‌ ഞാൻ ചോദിച്ചു.

എന്ത് സംഗമം അതിനു നമ്മളൊന്നും വിദ്യാർത്ഥികൾ അല്ലായിരുന്നല്ലോ എന്ന മട്ടിൽ അവൻ എന്നെ അവഗണിച്ചു.

എങ്കിലും ഞാൻ ഒന്ന് തീരുമാനിച്ചു, എന്റെ ഈ വർഷത്തെ ലീവ് മേയിൽ തന്നെ. വർഷത്തിൽ ഒരു മാസത്തെ ലീവ്  പ്ലാൻ  ചെയ്യലാണ് എപ്പോഴും തലവേദനയാകാറുള്ളത്.മാർച്ചിലെ പൂരം, ഏപ്രിൽ-ലെ വിഷു, ഡിസംബറിലെ ക്രിസ്മസ്, എല്ലാം കൂടി കൂടാൻ ഒരുമാസം ലീവും ഒരു  വൺ വേ  ടിക്കറ്റും. ഞങ്ങൾ പ്രവാസികളുടെ കാര്യം കഷ്ടം  തന്നെ അല്ലെ ?

അങ്ങനെ ഒരുമാസത്തെ ലീവിൽ  മെയ്  29 ഉം  ഇടംപിടിച്ചു ……

സംഗമം,... ത്രിവേണി..... സംഗമം...." ലാപ്ടോപ്പിൽ നിന്നും ഒഴുകിയെത്തിയ ആ പാട്ടിൽ എന്റെ ഓർമ്മകൾ  പതിനാലു വർഷങ്ങൾ പിന്നിലേക്ക്  സഞ്ചരിച്ചു,

കോളേജിന് സമീപത്തെ ആ ആൽമരചുവട്ടിൽ ഞങ്ങൾ ഇരുന്നു..ഞാനും ബൈജുവും. വിദൂരതയിൽ നിന്നും ആ പെൺകുട്ടി ഞങ്ങളെ ലക്ഷ്യമാക്കി വരുന്നു.

"അത് അവളാണെടാ.. നിന്റെ മറ്റവൾ .. ചില്ലു കണ്ണടക്കാരി...:"

ബൈജു എന്നെ നോക്കികൊണ്ട്‌ പറഞ്ഞു. ചെമ്പക പൂവിന്റെ മണമായിരുന്നു അവൾക്ക്‌.ഇരുണ്ട മുഖവും ചുരുണ്ട മുടിയുമായി ഒരു നാട്ടിന്പുറത്തുകാരി.

ബൈജു പറഞ്ഞത് ഞാൻ കേട്ടതായി നടിച്ചില്ല. “ഡാ  നീ  കേൾക്കുന്നുണ്ടോ ?എല്ലാം നിർത്തിക്കോ നീ... നിനക്ക് പ്രേമിക്കാൻ ദീപ്തിമേനോനോ, മീര നായരൊക്കെ  പോരെ? അതാവുമ്പോ നിങ്ങൾ  ഒരേ  ജാതി ,ഒരേ മതം അല്ലെ.”

അവർക്കും ഒരു എതിർപ്പുകാണില്ല. ഒരുനിമിഷം അവൻ ഒരു ബ്രോക്കറായി മാറുന്നത് ഞാൻ ശ്രദ്ധിച്ചു .

“നല്ല ചിക്കിളി ഉള്ള പിള്ളേരും”... അവൻ തുടർന്നു.

'ഡാ  നിങ്ങൾ അച്ചായന്മാർക്കു വേറെ ഒന്നും നോക്കാനില്ലേ?, ചിക്കിളിയാണത്രെ…' ഞാൻ അവനോടു കയർത്തു.

“ ഉം എല്ലാവരും നോക്കുന്നത് ഞങ്ങളും നോക്കും,  കൂട്ടത്തിൽ ഇതും.” അവൻ ഒന്ന് ആക്കി ചിരിച്ചു.

അവൾ  ഞങ്ങളുടെ അടുത്തെത്താറായി. ശരിയാണ് ദീപ്തിമേനോന്റെ വെളുപ്പോ അത്രയ്ക്ക് സൗന്ദര്യമോ,  മീര നായരുടെ പോലത്തെ നീണ്ട മുടിയോ അത്രയ്ക്ക് പണമോ ഇല്ലായിരിക്കാം, എങ്കിലും അവൾ  എനിക്ക് എല്ലാമായിരുന്നു.ആദ്യമായി ഒരു കൗതുകമോ  ഒരു സ്നേഹമോ ഒക്കെ തോന്നിയത് ഇവളോടാണ്. അവൾക്കെന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നിയ ഉടൻ ഞാൻ എഴുന്നേറ്റു ലൂസായ പാന്റ്സ് അരയിലൊട്ടിച്ചു വച്ച്, ഷർട്ടിന്റെ കോളര്തൊട്ടു വയറുഭാഗം വരെ ചുളിവ് നിവർത്തി. എന്താ പറഞ്ഞോളൂ എന്ന ഭാവത്തിൽ അങ്ങനെ നിന്നു.

"ഡാ നീ നല്ലോം മെലിഞ്ഞാ ഇരിക്കുന്നെ, ഈ ശരീരം വച്ചോണ്ടാണോ പ്രേമിക്കാൻ ഇറങ്ങീരിക്കണേ? നീ കുറച്ചു വിയർക്കേണ്ടി വരും..."

ചില്ലു കണ്ണടക്കുള്ളിലൂടെ മണ്ണിര പോലെ മെലിഞ്ഞിരിക്കുന്ന എന്നെ നോക്കിക്കൊണ്ടവൾ പറഞ്ഞു.

അതിനെന്താ ശരീരം കൊണ്ടല്ലല്ലോ മനസ്സുകൊണ്ടല്ലേ പ്രേമിക്കണേ?

എന്ന് ചോദിയ്ക്കാൻ തുടങ്ങുമ്പോഴേക്കും അവൾ പോയിക്കഴിഞ്ഞു.

അവളോട് ചോദിയ്ക്കാൻ പറ്റാഞ്ഞത് ഞാൻ ബൈജുവിനോട് ചോദിച്ചു.

ശരീരം കൊണ്ടല്ലല്ലോ മനസ്സുകൊണ്ടല്ലേ പ്രേമിക്കണേ? അല്ലെ ?....

“അല്ല!!! മനസ്സൊക്കെ പിന്നീടല്ലേ? ആദ്യം പണം കൊണ്ട്, പിന്നെ അവൾ പറഞ്ഞമാതിരി ശരീരം കൊണ്ട്, സമയം കിട്ടുകയാണെങ്കിൽ മാത്രം മനസ്സുകൊണ്ട്... “ അവന്റെ പോളിസി എനിക്ക് അത്ര രസിച്ചില്ല. എങ്കിലും ഉറ്റ ഫ്രണ്ടല്ലേ ഉപേക്ഷിക്കേണ്ടെന്നു തോന്നി.

"ഡെബിറ്റ് വാട്ട് കംസ് ഇൻ ക്രെഡിറ്റ് വാട്ട് ഗോസ് ഔട്ട് ", റിയൽ അക്കൗണ്ടിന്റെ റൂൾസിനെ പറ്റി ലളിത ടീച്ചർ ക്ലാസ്സിൽ വാചാലയായി. പലരും അവരവരുടെ ചിന്തകളിൽ മുഴുകികൊണ്ടിരിക്കുന്നു. ടീച്ചർ വിട്ടില്ല, അക്കൗണ്ട്സിലെ ഈ കൂട്ട തോൽവികളെ എങ്ങനെയെങ്കിലും കര കയറ്റാൻ വേണ്ടിയുള്ള ആത്മാർത്ഥത…

 എന്റെ കണ്ണുകളും തേടി അലയുകയായിരുന്നു. ആ ചില്ലു കണ്ണടക്കാരിയെ.ദീപ്തി മേനോനെയും മീര നായരെയും പിന്നിലാക്കി അങ്ങനെ അങ്ങനെ...

എങ്കിലും അവൾ എന്നെ വല്ലാതെ പരിഹസിച്ചല്ലോ? ഞാൻ അത്രയ്ക്ക് മെലിഞ്ഞിട്ടാണോ?  ഉം കാലത്തിന്റെ വേഗതയിൽ കൗമാരത്തിലെത്തിയ ഈ തരുണീമണികൾക്കിടയിൽ എങ്ങിനെ മെലിയാതിരിക്കും ?

എങ്കിൽ പിന്നെ അവൾക്ക്‌ വേണ്ടി, അവൾക്കുവേണ്ടിമാത്രം ഒന്ന് തടിക്കാൻ ഞാൻ തീരുമാനിച്ചു. അബുവിന്റെ ഉപദേശവും കേട്ടു ഞാൻ കോളേജിന് മുന്നിലെ ന്യൂ റോയൽ ജിമ്മിൽ ചേർന്നു. ആവേശം കൊണ്ട് ആദ്യ ദിനം തന്നെ എല്ലാ എക്വിപ്മെന്റ്‌സും ഉപയോഗിച്ചു. ഡംപ്ബെൽസിൽ നിന്നും ചെസ്ററ് ഷോൾഡർ മെഷീൻ, പിന്നെ ലെഗ് ആൻഡ് ആം മെഷീൻ പിന്നെ ഒന്നും എനിക്ക് ഓർമയില്ല. വെള്ള തുള്ളികൾ മുഖത്തു വന്നു വീഴുമ്പോഴാണ് എനിക്ക് ബോധം വീണത്.

പിത്തം ഇളകി തല കറങ്ങി വീണ എന്റെ മുന്നിൽ നിൽക്കുന്നു സഹപാഠികൾ എല്ലാവരും ഒരുമാതിരി ആക്കിയ ചിരി ചിരിച്ചുകൊണ്ട്. കൂട്ടത്തിൽ അവളും, എന്റെ ചില്ലുകണ്ണടക്കാരി. അന്ന് മുതൽ ഞാൻ കോളേജിൽ ഫേമസ് ആയി. ഒരൊറ്റ നാൾ കൊണ്ട് ജിമ്മിലും.. ആ ജാള്യതയിലും എനിക്കാശ്വാസമായതു അവൾ എന്റെ സ്നേഹം തിരിച്ചറിഞ്ഞല്ലോ എന്നാണ്. ഇനി ഞങ്ങളുടെ പ്രണയകാലമാണ്. ബ്രോക്കർ ബൈജുവിനും, ഇതുവരെ ഒരു പെൺകുട്ടിയും വളയാത്ത ജിമ്മൻ അബുവിനും ഇതൊക്കെ വിശ്വസിക്കാൻ പ്രയാസമായിരുന്നു.

ആ പ്രണയ നാളുകൾക്കിടയിൽ ഒരിക്കൽ അവൾ സ്വന്തം കഥ പറയാനിടയായി.

‘കൂടുതൽ ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്ത ഒരു പെൺകുട്ടിയാണ് ഞാൻ.

ഒരുപാട് ആഗ്രഹിച്ചു പിന്നീട് ആഗ്രഹങ്ങളെല്ലാം അസ്തമിച്ച ഒരമ്മയുടെ ഒരേ ഒരു മകൾ. "പഠിച്ചു ഒരു ജോലി വാങ്ങണം എന്നാഗ്രഹിച്ച കാലത്താണ് എന്റെ അച്ഛൻ എന്നെ പിടിച്ചു നിന്റെ അച്ഛന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തത്" അമ്മയുടെ വായിൽനിന്നും ഇത് കേൾക്കാത്ത ഒരു ദിവസം പോലും എന്റെ ഓർമയിലില്ല.

ഒരു എറിഞ്ഞുകൊടുക്കലായിരുന്നു അത് എന്ന് എനിക്കും തോന്നാറുണ്ട്. ആ ഏറില്‍ ഉടഞ്ഞതാണ് എന്റെ അമ്മയുടെ ജീവിതം. പലപ്പോഴും കള്ള്കുടിച്ചു  കൈത്തരിപ്പ്തീര്‍ക്കാനുള്ള അച്ചന്റെ ഉപകരണമായി അമ്മ മാറിയിരുന്നു. ചെറുപ്പത്തിലെ ആ ദിവസങ്ങള്‍ മറക്കാനാവാത്തതാണ്.പിന്നീടൊരുനാള്‍ നാട്ടുകാര്‍ ചേർന്നു തല്ലി ഓടിച്ചതാണ് എന്റെ അച്ചനെ. എന്നെങ്കിലും ഒരിക്കല്‍ കുടിനിര്‍ത്തി നല്ലസ്വഭാവക്കാരനായി തന്നെയും മകളേയും  കാണാൻ അദ്ദേഹം എത്തുമെന്നു അമ്മ ആഗ്രഹിച്ചു. റയില്‍വേട്രാക്കിലെ അജ്ഞാത ജഡത്തിനു അച്ചന്റെ മുഖച്ചായയെന്നു അറിഞ്ഞു സന്ധ്യമയങ്ങിയ അന്ന് അങ്ങ് പശ്ചിമദിക്കിൽ  അമ്മയുടെ ആഗ്രഹങ്ങളുടെ അസ്തമയം ഞാൻ കണ്ടു. അമ്മയുടെ നെറ്റിയിലെ സിന്ദൂരം ഒരു കറുത്ത മറുകായിനിന്നു. അടുക്കളയില്‍ ഒതുങ്ങിക്കൂടിയിരുന്ന അമ്മ വിശപ്പിന്‍റെ വിളിയില്‍ പുറംജോലി തേടിയിറങ്ങി.’ അവൾ ആദ്യമായി എന്റെ മുന്നിൽ കരഞ്ഞു.

ഇനി അവളാണത്രെ അമ്മയുടെ പ്രതീക്ഷ.അവളുടെ കണ്ണിന്റെ കാഴ്ചക്കുറവിലാണ് ഇപ്പോൾ അമ്മയുടെ ആധി മുഴുവൻ.ആ ചില്ലു കണ്ണടക്കു പോലും അവളുടെ കണ്ണുകളെ രക്ഷിക്കാനാവില്ല. വർഷംതോറും കാഴ്ചശക്തി കുറഞ്ഞുവരുന്നത്രെ....

അതൊക്കെ പോട്ടെ, ഇനി നിനക്ക് ഞാനുണ്ടല്ലോ? നീണ്ട നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഞാൻ പറഞ്ഞു...

" നിനക്ക് ഉറപ്പുണ്ടോ ഈ കോളേജ് ജീവിതത്തിനപ്പുറം നമ്മൾ കാണുമെന്നോ ഒന്നാകുമെന്നോ വല്ലതും...? ഇല്ല  നമുക്ക് പറ്റില്ല. ഇതൊക്കെ ഒരു ഒന്നര വർഷം കൂടി ഇങ്ങനെ കാണും, അതിനു ശേഷം നിനക്ക് നിന്റെ വഴി എനിക്ക് എന്റേതും..."

അവൾ വളരെ ബോൾഡ് ആയി സംസാരിച്ചു.

ഇല്ല എനിക്ക് ഉറപ്പുണ്ട്. നിനക്കും അമ്മയ്ക്കും സമ്മതമാണെങ്കിൽ ഞാൻ നിന്നെ വിവാഹം കഴിക്കും!!

അന്നും പതിവുപോലെ ചെമ്പകപ്പൂ മണം തേടി ഞാൻ കോളേജ് ഗേറ്റിൽ കാവൽ നിന്നു. ബൈജുവും അബുവും കൂട്ടിനുണ്ടായിരുന്നു. തരുണീമണികൾക്കിടയിലൂടെ ഞാൻ ചില്ലുകണ്ണടകാരിയെ തിരഞ്ഞു. ഇല്ല അവളെ മാത്രം കണ്ടില്ല. കല്യാണം കഴിക്കാമെന്നു ഞാൻ ഉറപ്പു  കൊടുത്തതിൽ പിന്നെ  എല്ലായ്പ്പോഴും അവളുടെ അരികിൽ തന്നെ ഉണ്ടാവാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ ശരിക്കും ആ വിരഹം അറിഞ്ഞു തുടങ്ങി. ഓരോരുത്തരായി ക്ലാസ്സിലേക്ക് വലിഞ്ഞു.

"വാടാ ക്ലാസ്സിൽ കേറാം" അബു എന്നെയും വലിച്ചു ക്ലാസ്സിൽ കയറ്റി. എന്റെ മനസ്സ് മുഴുവൻ അവളിലായിരുന്നു.

ഇന്ന് വരാതിരിക്കാൻ മാത്രം ഒന്നും ഇന്നലെ പറഞ്ഞിരുന്നില്ലല്ലോ. ഇനി വല്ല ആപത്തുകളും വന്നു കാണുമോ?

ഇല്ല എനിക്കങ്ങനെ ചിന്തിക്കാൻ കഴിയില്ല.

"വാട്ട് ഈസ് കിങ്ക്ഡ് ഡിമാൻഡ് കർവ്?"  യു... എക്കണോമിക്സ് ടീച്ചറുടെ ചൂണ്ടു വിരൽ എന്റെ നേരെ തിരിഞ്ഞു. എന്റെ മനസ്സിലും ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. അവൾക്ക്‌ എന്ത് പറ്റി? എന്റെ ചില്ലുകണ്ണടക്കാരിക്ക്....

ടീച്ചറുടെ ചോദ്യത്തിനുള്ള ഉത്തരം അവരുടെ കയ്യിലുള്ള ടെക്സ്റ്റ് ബുക്കിൽ ഉണ്ടല്ലോ? എന്റെ അങ്ങനെ അല്ലല്ലോ...

ക്ലാസിനു പുറത്താകാൻ ഇതിലും നല്ല ഒരവസരം ഇനി വരാനില്ല. എങ്കിലും ഒറ്റയ്ക്ക് ഞാൻ എന്തെടുക്കാനാ... കൂട്ടിനു ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിച്ചതേ ഉള്ളൂ, ടീച്ചറുടെ വിരൽ ബൈജുവിന്റെ നേരെ തിരിഞ്ഞു. "യൂ.. വാട്ട് ഈസ് കിങ്ക്ഡ് ഡിമാൻഡ് കർവ്?"

എന്നെ പിന്തുടർന്ന് അവനും ക്ലാസിനു പുറത്ത്.

ബൈജുവിന്റെ ബൈക്കും എടുത്തു ഞങ്ങൾ ഇറങ്ങി. അവളുടെ വീടും ലക്ഷ്യമാക്കികൊണ്ട്. അവൾ പറഞ്ഞു കേട്ട അറിവും വച്ചുകൊണ്ടു കനാലിനോട് ചേർന്നുള്ള ആ വിജനമായ  വഴിയിലൂടെ ഞങ്ങൾ കുതിച്ചു.കഷ്ടിച്ച് ഒരു ഓട്ടോറിക്ഷക്കു  മാത്രം കടന്നുപോകാവുന്ന ആ വഴിയിലൂടെ ഞങ്ങൾ ഏകദേശം രണ്ടു കിലോമീറ്ററോളം പോയതേ ഉള്ളൂ. അപ്പോഴാണ് ദൂരെ ഒരാൾക്കൂട്ടം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ഞങ്ങളുടെ ബൈക്കിന്റെ വേഗം കൂടി. ഹൃദയമിടിപ്പിന്റെയും...

ഓലമേഞ്ഞ ആ ഒറ്റമുറി വീടിന്റെ ചുറ്റിലും ഒരാൾക്കൂട്ടം. അലമുറയിട്ടു കരയുന്ന ഒരമ്മ. അവളുടെ 'അമ്മ എന്റെ  ചില്ലുകണ്ണടക്കാരിയുടെ...

"ഇനി ആ കൊച്ചിന്റെ കാര്യം കഷ്ടാ..അവളെന്തിനിതു ചെയ്തു?"

ആളുകൾ അടക്കം പറയുന്നത് ഞാൻ കേട്ടു. അവൾ എന്ത് ചെയ്തെന്നാ?..

എന്റെ കണ്ണുകൾ ചുറ്റിലും പരതി ഒരു വെപ്രാളത്തോടെ.. അവളെ അവിടെങ്ങും കണ്ടില്ല.

 "എന്തായി ആ പുല്ലൻ ചത്തോ ? ആരോ അടക്കം ചോദിച്ചു.

"പിന്നില്ലാതെ കത്തി അവന്റെ പള്ളക്കല്ലേ കേറ്റിയത് ?, ആ കുട്ടിയെ വഴിനടക്കാൻ സമ്മതിക്കാതെ തീർത്തും ഒരു ശല്യമായി വന്നപ്പോഴല്ലേ അവൾ അങ്ങനെ ചെയ്തേ?”

“ഹും ഇനി കോടതിയും കേസും എന്താകുമോ എന്തോ? അതിനെയും ആ തള്ളയേയും കാത്തോളണേ ദൈവേ” ആരോ നെടുവീർപ്പെട്ടു.

അങ്ങനെ ആ സത്യം അവരുടെ വായിൽനിന്നും ഞാൻ അറിഞ്ഞു. അവൾ ഇന്നൊരു കൊലക്കേസ് പ്രതിയാണ് .എന്റെ വരവിനു മുന്നേ തന്നെ അവളെയും കൊണ്ട് പോലീസ് ജീപ്പ് പോയിക്കഴിഞ്ഞിരുന്നു. എന്റെ കൈകാലുകൾ വിറച്ച് തുടങ്ങി ശരീരഭാരം കുറയുന്നതായി  തോന്നി.

 "ഡാ നീ നല്ലോം മെലിഞ്ഞാ ഇരിക്കുന്നെ, ഈ ശരീരം വച്ചോണ്ടാണോ പ്രേമിക്കാൻ ഇറങ്ങീരിക്കണേ? നീ കുറച്ചു വിയർക്കേണ്ടി വരും..."

അവളുടെ ആ വാക്കുകൾ ഞാൻ ഓർത്തു….    

എനിക്ക് വിയർക്കേണ്ടി വന്നില്ല. അവളുടെ ശരീരവും മോഹിച്ചു നടന്ന അവനെ അവൾ തന്നെ തീർത്തു. വാടിയ ചെമ്പകപ്പൂവിന്റെ മണം എന്നെ തഴുകിയുറക്കി.

ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഞാൻ ഇന്ന് നാട്ടിലേക്ക് തിരിക്കുന്നു. ആ വിദ്യാർത്ഥി സംഗമനാൾ ലക്ഷ്യമാക്കി, ചെമ്പകപ്പൂവിന്റെ മണം തേടി, എന്റെ ചില്ലുകണ്ണടക്കാരിയെ തേടി.....

ആര്‍.ഐ.പി -  റെസ്റ്റ് ഇന്‍ പേപ്പേഴ്സ്

ആര്‍.ഐ.പി - റെസ്റ്റ് ഇന്‍ പേപ്പേഴ്സ്

തണുപ്പ്

തണുപ്പ്