കഥാജാലകം

View Original

സായാഹ്നത്തിലെ കുരുവി

ക്രിസ്തുമസിനു ഏതാനും ദിവസങ്ങൾക്കു മുൻപാണ് കുടുംബവീട്ടിൽ ഒരതിഥി വന്നത്. ഒരു കൊച്ചുകുരുവി. നല്ല വെയിലുണ്ടായിരുന്ന ഒരു ദിവസം, വളരെ ചെറുതാണെങ്കിൽത്തന്നെയും, ലോകത്തിൽ അതിന്റെ സ്വന്തം അസ്തിത്വവും ഉൺമയും കാട്ടിത്തരാനെന്നവണ്ണം കുരുവി, വീടിന്റെ വടക്കേവശത്തുള്ള എന്റെ മുറിയുടെ സമീപത്തെ മരച്ചില്ലകളിലൊന്നിൽ വന്നിരുന്നു. ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് ചാടിച്ചാടി , ചെറിയ മിഴികൾ കൊണ്ട് മുറിക്കാകമാനവും പിന്നെ എന്നെയും മാറി മാറി നോക്കികൊണ്ട്, കാറ്റിലാടുന്ന ചില്ലകളിൽ തന്റെ കാലിനെ ഉറപ്പിച്ച് സന്തുലനപ്പെടുത്തിക്കൊണ്ട്, മൗനവും നിശബ്ദതയും മനസ്സിലേറ്റി അതങ്ങനെയിരുന്നു.

മുംബൈയിലെ ജീവിതം മതിയാക്കി ഞാൻ കുടുംബവീട്ടിൽ, അമ്മയുടെ അരികിലേക്ക് മടങ്ങിവന്നിരുന്നു.പ്രിയപ്പെട്ടവരുടെ ഓർമ്മകളെ അവിടെ ഉപേക്ഷിച്ച്, സന്തോഷകരവും ശബ്ദായമാനവുമായ അന്തരീക്ഷത്തിൽ നിന്ന് മൗനത്തിലേക്കും ഏകാന്തചിന്തകളിലേക്കുമാണ് മടങ്ങിയെത്തിയത്. ഞാൻ പഴയതുപോലെ പുസ്തകങ്ങൾ വായിച്ചു. ചിലപ്പോൾ വയലിനും. കാറ്റുള്ള ദിവസങ്ങളിൽ ,മുറിയിലിരുന്നുകൊണ്ട് മുറ്റത്തെ കണിക്കൊന്നയുടെ ഇലകൾ ആടുന്നത് നോക്കിയിരുന്നു. മുറിക്കുള്ളിൽ ചിലയിടങ്ങളിൽ മാറാലകൾ കെട്ടിക്കിടക്കുന്നത് പാടെ മറന്നു.

"കുരുവികളുടെ കാറ്റിലാടുന്ന കൂടുകൾ എനിക്കെന്തിഷ്ടമാണെന്നോ!.കുഞ്ഞു ജനിച്ചതിനുശേഷം നമുക്ക് നാട്ടിൽ നിന്ന് കുറച്ച് കുരുവിക്കൂടുകൾ കൊണ്ട് വന്ന് വീടലങ്കരിക്കണം.വളരുമ്പോൾ അവൾക്ക് അല്ലെങ്കിൽ അവന് കാണിച്ചുകൊടുക്കാം" ഒരിക്കൽ അവൾ പറഞ്ഞത് ഞാൻ ഓർത്തു.

നാട്ടിൽ വന്നു കുറേക്കാലത്തേക്ക് എല്ലാ പ്രഭാതങ്ങളിലും, നൽകാതെ എന്നിൽ തന്നെ അവശേഷിച്ച ഒരു അന്ത്യചുംബനം, കടുത്ത മനസ്സാക്ഷിക്കുത്തും അസ്വസ്ഥതയും സൃഷ്ടിച്ചിരുന്നു..ചരിത്രത്തിലെ അരളിമരം പ്രതാപമെല്ലാം നഷ്ടപ്പെട്ട്,പൂക്കൾകൊഴിഞ്ഞ്, ഏറെക്കുറെ സംതൃപ്തിയോടെ ഒരു പൂർണ്ണജീവിതം നയിച്ചുകഴിഞ്ഞു എന്ന സ്ഥായീഭാവവുമായി ജനാലക്കരികെ നിലകൊണ്ടു.കാറ്റിലാടാൻ വളരെക്കുറച്ചുമാത്രം ഇലകൾ തന്നിലവശേഷിപ്പിച്ചുകൊണ്ട്,പൂക്കളില്ലാതെ...

"ഇവിടിപ്പോ ങ്ങ്നെ പക്ഷികളൊന്നും വരാറില്ല്യ. ഓർമ്മില്ല്യേ പണ്ടു നീ പക്ഷികളെ പിടിക്കാനായി പുറകെ നടന്നരിന്ന്ത്? പഠിത്തത്തിലും ശ്രദ്ധിക്ക്യാതെ"
നാട്ടിൽ വന്നതിനുശേഷം അമ്മ ഒരിക്കൽ ചോദിച്ചു.

ശരിയാണ്. പക്ഷികളെയൊന്നും ഇപ്പോൾ കാണാറില്ല. വല്ല ചെമ്പോത്തിനെയൊ മറ്റോ ഉച്ചസമയത്ത് വിരളമായി കണ്ടാലായി.പണ്ട് ധാരാളമായി കലപില കൂട്ടിയിരുന്ന തത്തകൾ ഇപ്പോൾ വരാറില്ല, ഒരുസമയത്ത് യഥേഷ്ടം പാറിനടന്നിരുന്ന ശലഭങ്ങൾപോലും...

ഒരു ആവാസവ്യവസ്ഥയുടെ വിടവാങ്ങലിന്റെ നിമിഷങ്ങളിലെന്നപോലെ, പ്രഭാതങ്ങളിൽ, ചിലപ്പോൾ മാത്രം വെള്ളിലത്തോഴികൾ ചെടികൾക്കുമുകളിലൂടെ പാറിനടന്നു. വികസനത്തെ നെഞ്ചിലേറ്റിയവർ, വൃക്ഷഹൃദയങ്ങളിൽ ആഞ്ഞുവെട്ടി രക്തം ചീന്തുകയും കോൺക്രീറ്റ് ശ്മശാനങ്ങൾ പണിയുകയും ചെയ്തപ്പോൾ പാവപ്പെട്ട പക്ഷികൾ പ്രതികരിക്കാനാകാതെ പറന്നുപോയി. തിരുവനന്തപുരത്തെ ഞങ്ങളുടെ കുടുംബവീടും നഗരത്താൽ ആക്രമിക്കപ്പെട്ട് , വണ്ടിമുഴക്കങ്ങളിൽ മൂകമായി, നിസ്സംഗതയോടെ അങ്ങനെ നിന്നു.

ഓർമ്മകളിൽ, കുരുവിക്കുഞ്ഞ് ചത്തുമലർന്നുകിടന്നു, അച്ചൻ വീട്ടിനകത്തേക്ക് ഓടിപ്പോയി എടുത്തുകൊണ്ട് വന്ന പൂക്കളുടെ ചിത്രങ്ങളുള്ള ഒരു കർച്ചീഫിനു മുകളിൽ.
അമ്മ കൊക്കിലേക്ക് ഇറ്റിച്ച ജലത്തുള്ളികളെ സ്വീകരിക്കാൻ കഴിയാതെ, തള്ളക്കുരുവിയുടെ ശോകാദ്രമായ കരച്ചിലും ചിറകടിശബ്ദവും കേൾക്കാനിടയില്ലാതെ , തന്റെ കൊച്ചുകാലുകളെ ചുരുട്ടിവച്ചുകൊണ്ട് അത് കിടക്കുകയായിരുന്നു. ചെറിയ തിളക്കമാർന്ന ഇളം തൂവലുകൾ കാറ്റിലാടി. വളർത്തുവാനുള്ള എന്റെ മോഹങ്ങളെ അത് നിഷ്പ്രഭമാക്കിക്കളഞ്ഞിരുന്നു. കർച്ചീഫിലെ പൂക്കളിൻമേൽ കണ്ണുനീർ അടർന്നുവീണു. 

വർഷങ്ങൾക്കുശേഷം, മുംബൈയിലെ ആശുപത്രിയിൽ കണ്ണുനീർത്തുള്ളികളുടെ ഒരു ധാര സൃഷ്ടിച്ചുകൊണ്ട് ഞാൻ നടന്നുനീങ്ങി. സ്ഫടികപാളികളുള്ള ഒരു കോഫിനിലായിരുന്നു അവൾ. കടുംചുവപ്പ് റോസാപ്പുക്കളാലും റീത്തുകളാലും വെള്ളപ്പുഷ്പങ്ങളാലും ചുറ്റപ്പെട്ട്, കണ്ണുകൾ രണ്ടും അടഞ്ഞ്..
അവസാനമായൊരു ചുംബനം നൽകാത്ത പാപിയായ എനിക്കും ഇനിയൊരു ചുംബനത്തിനു സമയമില്ല അല്ലെങ്കിൽ അശക്തയാണ് എന്ന മൂകഭാവത്തോടുകൂടിയ അവൾക്കും മദ്ധ്യേ മൃത്യുവിന്റെ അതിപ്രസരണത്താൽ വലയം ചെയ്യപ്പെട്ട കണ്ണാടിയുടെ ഒരു മതിൽ.
കോഫിനുള്ളിൽ അവർ രണ്ടുപേരും ശാന്തമായി ഉറങ്ങി. അവളും പിന്നെ ഞങ്ങളുടെ, പത്തുമാസം ആറ്റുനോറ്റ് കാത്തിരുന്ന് കിട്ടേണ്ടതായ പ്രതീക്ഷയുടെ ആ നാമ്പും. ജീവിതത്തിലെ കിലുകിലുക്കളെ പാടെ നിർത്തിയിട്ടാണ് ആ ദീപങ്ങൾ പെട്ടെന്ന് അണഞ്ഞത്; എന്നെ മൗനത്തിലേക്കും ഏകാന്തചിന്തകളിലേക്കും തള്ളിവിട്ടുകൊണ്ട്. യാത്രാമൊഴി കഴിഞ്ഞ്, ആത്മാക്കളുടെ ഒരു ദീർഘയാത്രക്കു തയ്യാറെടുക്കുകയായിരുന്നു അവരെന്ന് തോന്നി.
****
കുരുവി കുറച്ചുനേരമായിട്ടുള്ള നിശബ്ദത വെടിഞ്ഞ്, ശാന്തമായ മന്ത്രണങ്ങൾ പോലെ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ച് അതിന്റെ സാന്നിദ്ധ്യമറിയിച്ചു. ജനാലക്കരികിൽ തൂക്കിയിട്ടിരുന്ന ക്രിസ്തുമസ് സ്റ്റാറിനേയും എന്നെയും മാറി മാറി നോക്കി. പിന്നെ തൊട്ടടുത്ത ചില്ലയിലേക്ക് പറന്നിരുന്നു. വർഷങ്ങൾക്കു ശേഷമാണ് സ്റ്റാർ തൂക്കുന്നത്. അവൾ പോയതിനു ശേഷം ആഘോഷങ്ങളിലെല്ലാംഅന്ധകാരമാണ്.. വീട്ടിൽ ആൾതാമസമുണ്ടെന്ന് അറിയണമല്ലോ, മരവിച്ച മനസ്സുകൾക്ക് അല്പം കുളിർമ കിട്ടണമല്ലോ അങ്ങനെയാണ് കൃത്രിമമായ ഒരു സ്റ്റാർ കെട്ടൽ.

നീണ്ട മനോഹരമായ ചുണ്ടുകൾ മരചില്ലയിൽ ഉരസി ,കുരുവി ഒന്നു രണ്ടു തവണ ചിലച്ചു.കണ്ണുകൾ ഏതാനും പ്രാവശ്യം ചിമ്മി മുറിക്കകത്തേക്ക് നോക്കിക്കൊണ്ട് വീണ്ടും നിശബ്ദതയിലേക്ക് കടന്നു. എന്തുകൊണ്ടോ തുറന്നിട്ട ജാലകത്തിലൂടെ അത് അകത്തേക്ക് വന്നില്ല.മരച്ചില്ലയിൽ ഇരുന്നുകൊണ്ട് എന്റെ ചലനങ്ങളെ നിരീക്ഷിച്ചു. എന്റെ ശബ്ദത്തിനു കാതോർത്തു.

"കുരുവി പ്രതികാരം ചെയ്യാൻ വന്നതാണോ?
ഇനി എന്ത് പ്രതികാരം ചെയ്യാൻ? എല്ലാം അവസാനിച്ചില്ലേ, പ്രതികാരം ഏറ്റുവാങ്ങിയില്ലേ" ഞാൻ മനസ്സിൽ പറഞ്ഞു.

" നീ ഊണ് കഴിക്കുന്നില്ല്യേ കുട്ട്യേ?. മണി നാലര കഴിഞ്ഞിരിക്ക്ണു.അയലത്ത് കരോളോ മറ്റോ വരേണെങ്കിൽ ഇവിടേം വരും. എന്തേലും കൊടുക്കണ്ടേ? കേക്കോ മറ്റോ വാങ്ങണം" അമ്മ അടുക്കളയിൽ നിന്നുകൊണ്ട് പറഞ്ഞു. 
ഞാൻ സമ്മതഭാവത്തിൽ തലയാട്ടി.
"ഇന്ന് വരുമെന്ന് ആരേലും പറഞ്ഞ്യോ?" ഞാൻ ചോദിച്ചു.
"നിശ്ചയേല്ല്യാ. ഞായറാഴ്ച ക്രിസ്തുമസ്സായില്ലേ. വന്നാലായി. കാറ്റു കിഴക്കോട്ടാണല്ലോ. മഴയ്ണ്ടാകും. ഡിസംബറിലും മഴയോ. എല്ലാംക്രമം തെറ്റിയിരിക്ക്ണു". 
അമ്മ പറഞ്ഞു.
"ഉം". ഞാൻ മൂളി.

കുരുവി ആടിയുലയുന്ന ചില്ലയിൽ കാലുറപ്പിച്ച് എന്നെനോക്കിയിരുന്നു.
അതേ കണ്ണുകൾ.അതേ നിറം. കുരുവികൾ ഇത്രയും കാലം ജീവിക്കുമോ? അറിയില്ല.

"കുരുവി, ഞാൻ മനഃപൂർവ്വം ചെയ്തതല്ല. ഇപ്പോൾ നമ്മൾ രണ്ടുപേരും ഒരേ തൂവൽ പക്ഷികളല്ലേ?" ഞാൻ കുരുവിയോടെന്നവണ്ണം മെല്ലെപ്പറഞ്ഞു. 

ഒരുവട്ടം ചിറകടിച്ചുപറന്ന് അത് അരികിലെ അരളിമരത്തിന്റെ ശോഷിച്ച ചില്ലകളിലൊന്നിലേക്ക് വന്നിരുന്നു.
മനസ്സ് ആർദ്രതയുടെയും ശോകത്തിന്റെയും നിമിഷങ്ങളിലൂടെ കടന്നുപോയി. 

പ്രതാപത്തിന്റെയും സമൃദ്ധിയുടേയും നാളുകളിലെ അരളിമരം.നഷ്ടപ്പെട്ട പ്രതാപവും ശോഷിച്ച ശരീരവുമായി നിൽക്കുന്ന അരളിമരം. പുഷ്പ്പിച്ചു സുഗന്ധം പരത്തി സുമംഗലിയെപ്പോലെ, അഭിമാനത്തോടെ നിന്നിരുന്ന അരളിമരം.മൃതപ്രായയായി അവേഷിക്കുന്ന ഒന്ന്. 

താലോലമാടുന്ന കുരുവിക്കൂടിനെ ഉയർത്തിക്കാട്ടി, പുഷ്പങ്ങളും പേറി ഗമയോടെ നിന്നു അത് ചരിത്രത്തിൽ, അസംഖ്യം കിളികളുടെ സാന്നിദ്ധ്യത്താലും, തേൻ വിതരണം ചെയ്യുന്ന തേനീച്ചകളാലും, പൂമ്പാറ്റകളാലും അലങ്കരിക്കപ്പട്ട് . മാതൃത്വത്തിന്റെ സ്വാദ് നുകർന്നുകൊണ്ട് തള്ളക്കുരുവി തന്റെ മനോഹരമായ കൂടിനുചുറ്റും വട്ടമിട്ട് പറന്നു.കൂടെ മറ്റു കുരുവികളും. സന്തോഷത്തിന്റെ നിമിഷങ്ങൾ. കൂട്ടിനുള്ളിൽ കുരുവിക്കുഞ്ഞ് തീറ്റകഴിഞ്ഞുറങ്ങി. ഏതാനും ദിവസങ്ങൾ കൂടിക്കഴിഞ്ഞാൽ വർണ്ണജാലങ്ങളുടെ ലോകത്തേക്കും ആകാശത്തേക്കും പറന്നു പോകാൻ ആഗ്രഹിച്ചു നിന്ന പ്രകൃതിയുടെ ഏറ്റവും കുഞ്ഞ് അസ്തിത്വങ്ങളിലൊന്ന്,ദൈവത്താൽ സൃഷ്ടിക്കപ്പെട്ടത്...

കുറുക്കനായ ഞാൻ പാത്തും പതുങ്ങിയും നിന്നു, തൊടിയിലും, അരളിമരത്തിന്റെ ചുവട്ടിലും, ടെറസിന്റെ മൂലകളിലും, പിന്നെ എന്റെ തന്നെ മനസ്സിലെ നിരാശയുടെ ഇരുളടഞ്ഞ കോണുകളിലും. വളർത്താൻ ഒരു പക്ഷിയെ കിട്ടുന്നില്ല. വർഷങ്ങളായുള്ള ആഗ്രഹമാണ്.ഒരു തത്തയേയൊ മൈനയേയൊ കെണിവച്ചു പിടിക്കാൻ പറ്റുന്നില്ല. വിഡ്ഢിയായ ഞാൻ കല്ലെടുത്തെറിഞ്ഞ് വീഴ്ത്താൻ ശ്രമിച്ചു. അവ പറന്നകന്ന് എന്നെ കോക്രി കാണിക്കുന്നതു പോലെ തോന്നിപ്പോയി. 

"ഏട്ടാ ,പക്ഷിയെ പിടിക്കാൻ സഹായിക്ക്യോ?" ഞാൻ ചോദിച്ചു.

"പോടാ പൊട്ടാ! നിനക്ക് പഠിക്കാനൊന്നുമില്ല്യേ? വ്ന്റെയൊരു പക്ഷി വളർത്തൽ"
ഇതായിരുന്നു ഏട്ടന്റെ മറുപടി.

"മ്മേ, അച്ഛനോടു പറഞ്ഞ് ന്ക്കൊരു തത്തയും കൂടും വാങ്ങിത്തര്വോ?" 
ഞാൻ ചോദിച്ചു.

"നിന്നെ പിടിച്ചൊരു മുറിയിലിട്ട് പൂട്ടുവാച്ചാൽ ഇഷ്ടാവോ? അത്പോലല്ലേ പക്ഷികള്.അവ പറന്ന് നടക്ക്യേണ്ടതല്ലേ മോനേ? വ്ടെ വരുന്നെല്ലാ പക്ഷികളും നിന്റെയാണെന്ന് കൂട്ടിയ്ക്ക്യോ" 
അമ്മ പറഞ്ഞു.
"ന്ക്ക് പക്ഷിയെ തീറ്റകൊടുത്ത് തൊട്ടു തലോടണം" ഞാൻ മനസ്സിൽ പറഞ്ഞു.

മുറ്റത്തെ അരളിമരത്തിൽ മനോഹരമായ കുരുവിക്കൂടുണ്ട്. കുഞ്ഞുണ്ട്. അതിനാൽ അരളിമരത്തിന്നരികെ ചെല്ലാൻ അച്ഛൻ സമ്മതിക്കില്ല. ഞാൻ കുരുവികളെ ഉപദ്രവിക്കും.അച്ഛനതറിയാം.അച്ഛനറിയാതെ വേണം പോകാൻ. എങ്ങനെയും തള്ളയേയും കുഞ്ഞിനേയും പിടിച്ച് കൂട്ടിലാക്കണം. ഞാൻ കണക്കുകൂട്ടി.

ഉദയസൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങുന്ന അരളിപ്പൂക്കൾ. ചിലച്ചു കളിച്ചു പറക്കുന്ന കുരുവികൾ. തൊടിയിലെ വൃക്ഷങ്ങളിൽ തത്തകളും മൈനകളും. പൂക്കളിൽ നിന്നും പൂക്കളിലേക്ക് പാറിപ്പറക്കുന്ന കനിത്തോഴികൾ. അച്ഛൻ കുളിക്കാൻ പോയ സമയം നോക്കി മുറ്റത്തേക്കിറങ്ങി. അസൂയയുടെയും നിശ്ചയദാർഡ്യത്തിന്റെയും കുടിലതകൾ ചിന്തയിലാകെ പടർന്നിരുന്നു. മുറ്റത്ത് ചിതറിക്കിടന്നിരുന്ന വലിയ ഓട്ടുക്കഷ്ണങ്ങളിലൊന്നെടുത്ത് ഊക്കോടെ എറിഞ്ഞു. കുരുവികൾ പറന്നുമാറി. ഒരു പുലിയുടെ ബലിഷ്ഠമായ ദംഷ്ട്രകളിൽ നിന്നും ഓടി രക്ഷപ്പെടാൻ തക്ക വളർച്ച മുറ്റാത്ത മാൻകുട്ടി. കുഞ്ഞിളം ചിറകുകൾ കൊണ്ട് പറന്നു മാറാനാകാതെ, ഏറുകൊണ്ട് കുരുവിക്കുഞ്ഞ്, മുറിവേറ്റ ഹൃദയഭാഗവുമായി,താഴെ, നാലുമണി പൂക്കളുടെ ഇടയിലേക്ക് മറിഞ്ഞു വീണു.
***
മുംബൈയിലെ ഫ്ളാറ്റിൽ, ഏകാന്തനായി, അവൾ പണ്ട് പാടാറുണ്ടായിരുന്ന സ്വരജതികൾ ഓർത്തുകൊണ്ട് ഞാനിരുന്നു.കാലെക്കൂട്ടി അവൾ സ്വരൂപിച്ചുകൂട്ടിയ കുഞ്ഞുടുപ്പുകളും പാവകുട്ടികളും കട്ടിലിലാകമാനം നിരന്നുകിടന്നിരുന്നു. ഒരാളുടെ ഓർമ്മകൾ മറ്റൊരാളിൽ തളം കെട്ടി നിന്നു.സന്തോഷഭരിതമായ ഒരു ജീവിതം തുടങ്ങുന്നതിനായി, വേണ്ടതെല്ലാം, നേരത്തെത്തന്നെ ഒരക്കുകൂട്ടി വച്ച് പ്രതീക്ഷയൊടെ കാത്തിരുന്നവർ. ശപിക്കപ്പെട്ട ഏകാന്ത തടവറയിലേക്കും ഇത്തിരിപ്പോന്ന ഒരു കോഫിനിലേക്കും വഴിമാറിപ്പോയവർ. തികച്ചും രണ്ട് വ്യത്യസ്ത പ്രയാണങ്ങൾ ആരംഭിച്ചവർ.

വയലിൻ വായിക്കുമ്പോൾ, പിയാനൊയിൽ നിന്നുതിരേണ്ടതായ അക്കമ്പെനിമെന്റ് നാദങ്ങളില്ലാതെ, രാത്രിമഴയിലെ പ്രണയാതുരമായ നിമിഷങ്ങളില്ലാതെ, ഒരാൾ മാത്രം നിർവികാരതയിൽ ദിവസങ്ങൾ കഴിച്ചുകൂട്ടി. മറ്റൊരാൾ പ്രപഞ്ചത്തിലെവിടെയോ അലിഞ്ഞു ചേർന്നിരുന്നു. പ്രകൃതിയിലേക്കും, പിന്നെ തന്റെ ഇഷ്ടപ്പെട്ട മഴയിലേക്കും...

"നീ വരില്ല്യേ?" ഫോൺ വിളിക്കുമ്പോഴെല്ലാം അമ്മ ചോദിച്ചു.
" എത്രാന്നുവ്ച്ചാ അവിടെ ഒറ്റക്ക് കഴിയ്യ്യാ.എനിക്ക് വയസ്സായില്ല്യേ.നിന്റെ അച്ഛനിണ്ടായിരുന്നപ്പോ എല്ലാം സമയത്തിന് ചെയ്യുമായിര്ന്നു. കോർപ്പറേഷനിൽ നിന്ന് രണ്ട് മൂന്നാൾക്കാർ വന്നിരുന്നു. റോഡ് വീതികൂട്ടുന്നതിന് സ്ഥലം വേണോത്രേ. മകനോടാലിചിക്കട്ടേന്ന് ഞാൻ പറഞ്ഞു. അവന് ലീവില്ല. അവളും കുട്ടീളും മാത്രെ വരീള്ളൂ..നീയെന്നാ വരീക?"
അമ്മ നിർബന്ധിച്ചു കൊണ്ടിരുന്നു.

അങ്ങനെയാണ് പൊടുന്നനെ നിലച്ചൊരു കുടുംബജീവിതത്തിന്റെ ഓർമ്മകളും പേറി ഞാൻ അമ്മയുടെ അരികിലേക്ക് മടങ്ങിയെത്തിയത്. അമ്മയുടെ സാന്ത്വനത്തിലേക്ക്, പിന്നെ, ജീവിതത്തിലുടെനീളം ഒരു സാക്ഷിയായി നിന്ന അരളിമരത്തിനടുത്തേക്കും. ഒരു കല്ലേറിനാൽ തന്റെ സന്തത സഹജീവികളെല്ലാം അകന്നുപോയ അരളിമരം.കുറേക്കാലം കുരുവിക്കൂട് കാറ്റിലുലഞ്ഞു. പിന്നൊരുനാൾ അതും ശൂന്യതയിലലിഞ്ഞ് ഓർമ്മയായി. 
***
ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവസാനം പക്ഷിയെ കിട്ടിയിരിക്കുന്നു.ഓടിച്ചെന്ന്, നാലുമണിച്ചടികൾക്കിടയിലേക്ക് വീണ കുരിവിക്കുഞ്ഞിനെ കൈയിലെടുത്ത് തിരികെ നടന്നു. നിലവിളിച്ച് ചിലച്ച് കുരുവികൾ വട്ടമിട്ട് പറന്നു. അടുത്തേക്ക് വന്ന തള്ളക്കുരുവിയെ കൈവീശി ആട്ടിപ്പായിച്ചു. പ്രകൃതിയിലെ കൊച്ചു കൊച്ചു ജീവതന്തുക്കളുടെ ആർത്തനാദം.അന്നാദ്യമായി തള്ളക്കുരുവി വീടിന്റെ വരാന്തയിലേക്ക് പറന്നു കയറി. ഒന്നല്ല, പല പ്രാവശ്യം. തന്റെ ജീവന്റെ ഒരംശത്തെ വീണ്ടും വീണ്ടും കാണാൻ വേണ്ടി.

"ദുഷ്ടാ! നീ അതിനെ കൊന്നോ?" ഏട്ടൻ ചോദിച്ചു. 
"ഇല്ല , വളർത്താൻ വേണ്ടിയാണ്" ഞാൻ പറഞ്ഞു.
കുരുവികളുടെ ഉച്ചത്തിലുള്ള ചിലപ്പ് കേട്ട് അച്ഛൻ പുറത്തേക്ക് വന്നു.
"ടാ! നീ അതിനെ കല്ലെറിഞ്ഞൂല്ല്യേ, ഇങ്ങ്നെയാണോ നീ അതിനെ വളർത്താൻ പോണേ, തള്ളപ്പക്ഷിയില്ലാതെ ത് വളര്യോ?" അച്ഛൻ ദേഷ്യപ്പെട്ടു.
ഞാൻ മറുപടി പറഞ്ഞില്ല.

കുരുവിക്കുഞ്ഞിനെ ഒരു കർച്ചീഫിനു മുകളിൽ കിടത്തി. മിഴികൾ പാതിയടഞ്ഞിരുന്നു. അമ്മ ഒരു കപ്പിൽ അല്പം വെള്ളം കൊണ്ടുവന്ന് ചുണ്ടിലേക്കിറ്റിച്ചു. മെല്ലെയനങ്ങുന്ന പക്ഷിക്കുഞ്ഞിൽ തന്നെ കണ്ണും നട്ട് ഞാനിരുന്നു. പിന്നെ അത് നിശ്ചലമായി. എന്നെ തല്ലാൻ വയ്യാത്തവണ്ണം അച്ഛനും ദുഃഖിതനായിരുന്നു. കരഞ്ഞുകൊണ്ട് ഞാൻ തൊടിയിലേക്കോടി. തെന്നി വീണു. നെറ്റിപൊട്ടി, ചോര വന്നു. 

"കണ്ടില്ല്യേ ദൈവം ശിക്ഷിച്ചത്..മിണ്ടാപ്രാണികളെ ഉപദ്രവിക്കരുതെന്ന് എത്ര തവണ പറഞ്ഞിരിക്ക്ണു ന്നോട്.ഇനീങ്കിലും ഒരു പാഠം പഠീക്ക്" അമ്മ പറഞ്ഞു.

കുറേ മണിക്കൂറുകളുടെ ചിറകടിക്കും ആർത്തനാദങ്ങൾക്കും ശേഷം തള്ളക്കുരുവി അരളിമരത്തെ ഉപേക്ഷിച്ച് അകലേക്ക് പറന്നുപോയി, മാതൃത്വത്തിന്റെ പ്രതീകമെന്നവണ്ണം, ചകിരിനാരുകൾകൊണ്ട് നെയ്തെടുക്കപ്പെട്ട അതിന്റെ കൂടിനെ തിരിഞ്ഞു നോക്കാതെ.
****
ഡോക്ടറുടെ കണ്ണുകളിൽ നിരാശയും ഭയവും നിഴലിക്കുന്നത് ഞാൻ കണ്ടു.ലേബർ റൂമിനു വെളിയിൽ, അച്ഛനാകുവാൻ വേണ്ടി പ്രതീക്ഷയോടെ കാത്തുനിന്ന ഒരാളുടെ മുന്നിൽ, ഒരു പ്രൊലോൻഗ്ഡ് ലേബറിന്റെ ഭവിഷ്യത്തുകൾക്ക് സാക്ഷ്യം വഹിച്ച ഭീതിയോടെ അവർ നിന്നു. 

"അയാം റിയലി സോറി. കോംപ്ലിക്കേഷൻസ് ഇത്രയും അധികമാകാറില്ല. ഇന്റ്റേണൽ ബ്ലീഡിംഗ്....ഞങ്ങൾ അവസാനംവരെയും പരിശ്രമിക്കുകയായിരുന്നു. എന്റെ കരിയറിൽ ആദ്യമായാണ്...." അവർ വാക്കുകൾ പൂർണ്ണമാക്കിയില്ല. 

"എന്തു പറ്റി? എന്തു പറ്റി? " അമ്മ വീണ്ടും വീണ്ടും ചോദിച്ചു .
മറുപടി പറയാൻ കഴിയാത്തവണ്ണം ഇരുട്ടു നിറയുകയായിരുന്നു എന്നിൽ. . അമ്മയും ഏട്ടനും അരികിലെ കസേരകളിലേക്ക് തളർന്നിരുന്നു. ഒരു ലേബർ റൂമിനു അപ്പുറവും ഇപ്പുറവുമായി വഴിമാറിപ്പോയിരുന്നു ഞങ്ങളുടെ ജീവിതം.മദ്ധ്യത്തിൽ, നൽകപ്പെട്ടതും സ്വീകരിക്കപ്പെടാത്തതുമായ ഒരു ചുംബനം.
****
കുരുവി മെല്ലെ മറ്റൊരു ചില്ലയിലേക്ക് ചാടി, പിന്നെ ജനാലയിലെ കമ്പിയഴികളിലൊന്നിലേക്ക് പറന്നിരുന്നു. നിനച്ചിരിക്കാതെ ,മഴത്തുള്ളികൾ മണ്ണിലേക്കുതിർന്നു വീഴാൻ തുടങ്ങിയിരുന്നു. വെയിലും മഴയും. കാറ്റത്ത് അവ ചരിഞ്ഞ്, ജനാലയിലൂടെ ഉള്ളിലേക്ക് വന്ന്, മേശപ്പുറത്തെ അവളുടെ ഫ്രയിം ചെയ്തുവച്ച ഫോട്ടോയിലേക്കും, ഓർമ്മകളെ ജീവസ്സുറ്റതായി നിർത്തുവാൻ വേണ്ടി ഞാൻ തുറന്നുവച്ച അവളുടെ പഴയ ഡയറികളിലേക്കും വീണുടഞ്ഞു. അവയിലെല്ലാം വർണ്ണരാജികൾ കണ്ടു ഞാൻ.

ഓർമ്മകളിൽ അലിയുമെന്നുമീ ഞാനിന്ന്,
ഒന്നലിയട്ടെ പുതുമഴയിലും മണ്ണിൻ
സുഗന്ധത്തിലും

എന്ന് ആദ്യ പേജിൽ എഴുതിയിരുന്ന ഡയറിയിൽ ആയിരക്കണക്കിന് അക്ഷരങ്ങൾ ചിതറിത്തെറിച്ചു കിടന്നിരുന്നു. അർത്ഥങ്ങളെ പണിപ്പെട്ട് ആവാഹിച്ച് വച്ചിരുന്ന അക്ഷരങ്ങൾ, അർത്ഥമില്ലായ്മയിലേക്ക് നയിക്കപ്പെട്ടവ. പലപ്പോഴായി, ജീവിതത്തെ കോറിയിടുന്നതിനായി അവൾ ഉപയോഗിച്ചിരുന്ന അക്ഷരക്കൂട്ടുകൾ. ആ അക്ഷര ചിന്തുകളിലേക്ക് ഞാൻ ദുഃഖത്തോടെ നോക്കി.

" ഇന്നെന്റെ ജന്മദിനമാണ്. ഇപ്പോൾ പതിനെട്ടു തികഞ്ഞിരിക്കുന്നു. സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിന്ന് ജീവിക്കാൻ പ്രാപ്തയായി എന്ന് അച്ഛനോടും അമ്മയോടും പറയാൻ ആഗ്രഹിച്ചിരുന്ന ദിനം. ഇന്ന് മഴപെയ്തെങ്കിൽ എന്നാശിച്ചുപോകുന്നു.എനിക്ക്, ആരും കാണാതെ , മതിയാവോളം മഴനനഞ്ഞ് അതിലലിയാമായിരുന്നു. എന്നിലെ ഞാനാകാമായിരുന്നു. പിറന്നാൾ സമ്മാനമായിക്കിട്ടിയ നിരവധി പുസ്തകങ്ങളിലൊന്ന് " ലെറ്റേഴ്സ് ഓഫ് സിൽവിയ പ്ലാത്" ആണ്. ഞാൻ തികച്ചും സന്തോഷവതിയാണെന്ന് പറയേണ്ടതില്ലല്ലോ..........."

"നാളെ എന്റെ വിവാഹമാണ്. പുതിയ പുതിയവകാര്യങ്ങൾ സംഭവിക്കുന്നു. അവ തീഷ്ണഭാവമുള്ളവയായിരിക്കുമെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. ഏറെയൊന്നും പരിചയമില്ലാത്ത ഒരാൾ ജീവിതത്തിലേക്ക് കടന്നുവരുകയാണ്. എന്റെ വിചാരങ്ങൾ, വികാരങ്ങൾ, മനസ്സ് എല്ലാം മറ്റൊരാളുമായി പങ്കു വയ്ക്കേണ്ടിവരുന്ന അവസ്ഥ. എങ്ങനെയായിരിക്കും ആ പുതിയ ആൾ... പക്ഷെ ഞാൻ ധൈര്യവതിയാണ്. നിശ്ചയദാർഡ്യവും, നേടിയെടുത്ത കരുത്തും എനിക്കുണ്ടല്ലോ. അവ എന്നോടെപ്പോഴും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു............"

" ഞങ്ങൾ ജീവിതം വേണ്ടുവോളം ആസ്വദിക്കുകയാണ്.ഒഴിവു സമയങ്ങളിൽ ഒരുമിച്ച് വയലിനും പിയാനോയും വായിക്കുന്നു. നേർ വിപരീതമെന്നുപറയട്ടെ , മൊസാർട്ടിന്റെ കടിച്ചാൽ പൊട്ടാത്ത സംഗീതമാണ് അഭിക്കിഷ്ടം. ഞാനേറെ പണിപ്പെടുന്നുണ്ട്. രാത്രിമഴകൾ എന്തു സുഖമാണെന്നോ! ഇപ്പോളെനിക്ക് മനസ്സിലായി ഞാൻ പൂർണ്ണയായെന്നും അതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും.........."

" നഗരം, നഗരം മഹാസാഗരം. ഫാസ്റ്റ് ലൈഫ്. കണ്ണടച്ച് തുറക്കുന്നതിനു മുൻപ് കഴിഞ്ഞുപോകുന്ന ദിനങ്ങൾ. ഞങ്ങളുടെ ജോലിത്തിരക്കുകൾ. അതിനിടയിലും സമയം കണ്ടെത്തി, ഞങ്ങൾ പോയി, കാശ്മീരം തേടി. ആഗ്രയിൽ, താജ്മഹലിനു മുൻപിലെ ലവേഴ്സ് ബെഞ്ചിൽ കുറേ നേരമിരുന്നു. അഭി സെൽഫി വിരുദ്ധനാണ്. ഫോട്ടോജനിക് അല്ലാത്രേ. ആണെന്ന് ഒരു നൂറുവട്ടം പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല. ഒരു സെൽഫിയെടുത്ത് ഇഷ്ടമായി എന്നു പറയിക്കാൻ, ഒരു മുപ്പത് പ്രാവശ്യമെങ്കിലും ക്ലിക്ക് ചെയ്യേണ്ടിവന്നു എനിക്ക്........."

" ഒരു സുപ്രഭാതത്തിൽ പെട്ടെന്നങ്ങ് തിരിച്ചറിഞ്ഞു. അനർഘനിമിഷങ്ങൾ. അമ്മയാകാൻ പോണു. ആദ്യമാണ്, അനുഭൂതിയാണ്, അതുകൊണ്ടുതന്നെ ആകെ അങ്കലാപ്പാണ്. മാതൃത്വം ,ഒരു കലയായി തോന്നിപ്പോകുന്നു.സൃഷ്ടികർത്താവും, ആസ്വാദകനും ഒരാളാകുന്ന കല. ദൈവവിശ്വാസം അല്പം കൂടിയിട്ടുണ്ട് എന്നുതോന്നുന്നെനിക്ക്. പഴയ ഞാനിൽ നിന്നും ഒരു പുതിയ ഞാനാകാൻ ഈയിടെയായി ആഗ്രഹിക്കാറുണ്ട്. സർപ്പം പടം പൊഴിക്കുന്നതു പോലെ ആവശ്യമില്ലാത്തതിനെ പലതും പടം പൊഴിച്ച്........"

"ലേബർ റൂമിലേക്കുള്ള എന്റെ ഊഴവും കാത്ത് കിടക്കുകയാണ് ഞാൻ.വിശദമായി എഴുതുവാൻ നേരമില്ല. എന്തൊക്കെയോ ചെറിയ കോംപ്ലിക്കേഷൻസ്. മനസ്സിൽ ഭയം. എന്നാലും ധൈര്യമായി പോവുക തന്നെ. അഭിയുടെ ചുംബനം കൂടിയാകുമ്പോൾ പ്രതീക്ഷയുടെ ഈ നിമിഷങ്ങൾ അന്വർത്ഥമാകും.........."

ഡയറിയിൽ നിന്നു കണ്ണെടുത്ത് ഞാൻ പുറത്തേക്ക് നോക്കി. മഴ മാറിയിരിക്കുന്നു. മരം പെയ്യുകയാണ്. നീലാകാശം കണ്ടു. കുരുവിയും ഞാനും നിശബ്ദരായി കുറേ നേരമിരുന്നു. ഒരേ മനസ്സും ഒരേ താളവുമുള്ള രണ്ടു പേർ. മൗനം കൊണ്ട് സംസാരിക്കുകയും വിധിയെ ശിസ്സാവഹിച്ചവരുമായ, പ്രകൃതിലെ രണ്ട് കൊച്ചു ജീവികൾ.
*****

ലേബർ റൂമിലേക്ക് പോകുന്നതിനു മുമ്പുള്ള തിരക്കുകൾ. ടെസ്റ്റ് റിസൽട്ടിനും,:ബ്ലഡ് ബാങ്കിലേക്കുമൊക്കയുള്ള നെട്ടോട്ടം. അവൾ ഫോണിൽ വിളിച്ചു. 

"കെട്ടിയോനേ, ഞാനിതാ ലേബർ റൂമിലേക്ക് പോവായി. വരുന്നില്ല്യേ? ന്ക്കൊരു ഉമ്മ തരാന്ന്പറഞ്ഞിട്ട് വ്ടെ?

"ശലഭമെ, സന്തോഷമായി മടങ്ങിവരുക 
മാതാവായി, ആയിരം ചുടു ചുംബനങ്ങൾക്കായി" ഞാൻ പറഞ്ഞു.രണ്ടു പേരും ചിരിച്ചു. ടെൻഷന്റെ ഇടയിലും, വളരെ സന്തോഷത്തിലായിരുന്നു ഞങ്ങൾ. "സന്തോഷമായി മടങ്ങിവരിക" ഞാൻ അവസാനമായി പറഞ്ഞു.
****

കുരുവി കണ്ണുകൾ രണ്ടു മൂന്നു തവണ ചിമ്മി. ഏതാനും നിമിഷങ്ങൾ കൂടി ഞങ്ങൾ അന്യോന്യം നോക്കിയിരുന്നു. സാന്ത്വനത്തിന്റെ വാക്കുകളെന്നവണ്ണം അത് ഒന്നു രണ്ട് പ്രാവശ്യം ചിലച്ചു. പിന്നെ, അങ്ങ് നീലാകാശത്തേക്ക് , വിദൂരതയിലേക്ക് പറന്നു പോയി.

അയൽപക്കത്തെ വീട്ടിൽ കരോൾ ഗാനങ്ങൾ കേട്ടു തുടങ്ങിയിരുന്നു.