Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

ക്വട്ടേഷൻ

ക്വട്ടേഷൻ

"മുപ്പതിനായിരം രൂപ. അതില്‍ നയാപ്പൈസ കുറഞ്ഞാല്‍ വിഷ്ണു ഈ പണി എടുക്കുകേല."

കറിച്ചട്ടിയിൽ നിന്ന് കോരിയൊഴിച്ച തിളയ്ക്കുന്ന ബീഫിന്റെ ചാറില്‍ കുതിര്‍ത്ത് പൊറോട്ട വിഴുങ്ങുമ്പോള്‍ അവന്റെ നെറ്റിയിലെ ഞരമ്പുകള്‍ പിടച്ചുരുണ്ട് നിൽക്കുന്നുണ്ടായിരുന്നു.

മദ്യത്തിന്റെ രൂക്ഷഗന്ധം. ഇതിന്റെയൊന്നും ആവശ്യം എനിക്കില്ലല്ലോ എന്ന് ഇടയ്ക്ക് ഞാനോര്‍ത്തു. ഈ ഗുണ്ടകളോട് വിലപേശാനും ഇവന്മാര്‍ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചു സല്ക്കരിക്കാനും നില്‍ക്കേണ്ട ആളല്ല ഞാന്‍. 

എല്ലാം അവള്‍ക്കു വേണ്ടിയാണ്.

കഴിഞ്ഞ മാസമാണ് പ്രസ്സ് ക്ലബ്ബിലെ പാര്‍ട്ട്‌ടൈം ജേര്‍ണ്ണലിസ്റ്റ് കോഴ്സ്ന്റെ ഒത്തുകൂടല്‍ സൽക്കരച്ചടങ്ങിൽ വച്ച് അവളെ വീണ്ടും കണ്ടത്. അവള്‍ എല്ലാവരെയും ഒഴിവാക്കി നില്‍ക്കുകയായിരുന്നു.

എന്നെ കണ്ടതും അവള്‍ പറഞ്ഞു.

" പോകുമ്പോള്‍ പറയണേ പ്രേം, നിന്നെ കണ്ടത് നന്നായി. അല്പം സംസാരിക്കാനുണ്ട്"

സ്വന്തം വാഹനങ്ങളില്‍ മുന്പെയും പുറകെയുമായി ഞങ്ങള്‍ ആംബ്രോസിയയിലെത്തി. അവിടുത്തെ ചുവന്ന ചുവരുകളിലേയ്ക്ക് ഒട്ടിക്കപ്പെട്ടു.

"പ്രേം, ഞാന്‍ നിന്നെ ഒന്നു വിളിക്കണം എന്ന് വെച്ചു ഇരിക്കുകയായിരുന്നു.കണ്ടത് നന്നായി" കോഫി അവളെ ഉഷാറാക്കിയത് പോലെ.

" നീ എന്താ വാട്ട്‌സ്ആപ്പില്‍ ഒന്നു മെസ്സേജ് ഇടാത്തെ?"

" അല്ലേടാ, ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പറ്റിയൊരു ഏടല്ല" ചുണ്ടില്‍ ഉമ്മ വെച്ച കോഫിക്കുമിളകളെ ടിഷ്യു കൊണ്ട് ഒപ്പിയെടുത്ത് അവള്‍ ഒരു ദീര്‍ഘശ്വാസം എടുത്തു.

" എന്താ മായാ എഴുത്തുകാരിയുടെ അച്ചടിഭാഷ മറന്നില്ല അല്ലെ. എന്താ കാര്യം. ?"

" ആ തെണ്ടിയെ ഇനി സഹിക്കാന്‍ വയ്യെടാ. അവനിട്ട് ഒരു പണി കൊടുക്കണം"

" ആരു ? നിന്റെ മൂരാച്ചിയായ ബോസ്സ് വിശ്വനാഥനോ ? " ഞാന്‍ ഉറപ്പിക്കാന്‍ വേണ്ടി ചോദിച്ചു.

" ജീവിക്കാന്‍ സമ്മതിക്കുന്നില്ല പ്രേം. നിനക്കറിയാമല്ലോ നമ്മുടെ കോഴ്സ് കഴിഞ്ഞു എനിക്ക് മാതൃഭൂമിയില്‍ ട്രെയിനി ആയി കിട്ടിയതാ. അത് വേണ്ടെന്നു വച്ചിട്ടാ ഞാന്‍ ഇത്തിരി ശമ്പളം കൂടുതല്‍ കിട്ടുന്ന ഈ എം എന്‍ സിയില്‍  കേറിയത്‌. അന്ന് തൊട്ടു തുടങ്ങിയതാ അവന്റെ അടിച്ചമര്‍ത്തല്‍"

" ഹും." ഞാനൊന്നു നീട്ടിമൂളി. മാനേജര്‍ വിശ്വനാഥന്‍ മായയുടെ ആശയങ്ങളും നിര്‍ദേശങ്ങളും തള്ളിക്കളയുന്നതും പലപ്പോഴും ആക്ഷേപിക്കുന്നതും മറ്റും എന്റെ അനിയത്തിയുടെ കല്യാണത്തിന് കണ്ടപ്പോള്‍ എന്നോട് മായ പറഞ്ഞിട്ടുണ്ടായിരുന്നു.

" മറ്റു ടീം അംഗങ്ങളോട് എങ്ങനാ മായാ ?"

" ശ്രുതിയും പോളും പിന്നെ ആ വൃത്തികെട്ട അശ്വതിയും അയാളുടെ മൂട് താങ്ങി നടക്കുകയല്ലേ .വ്യക്തിത്വമില്ലാത്ത ശവങ്ങള്‍ " മായയുടെ കണ്ണുകള്‍ തീക്ഷ്‌ണമായി.

" എന്താ ഇപ്പോളത്തെ പ്രശ്നം " അവളുടെ കോപം കണ്ട് ഞാനല്പം അസ്വസ്ഥനായി.

" നിനക്കറിയാമോ പ്രേം, നമ്മുടെ കോഴ്സിലെ ഏറ്റവും മിടുക്കിയായ എന്നെപ്പറ്റി കഴിഞ്ഞ ടീം മീറ്റിങ്ങില്‍ എല്ലാരുടെം മുന്‍പേ വെച്ചു അയാള്‍ പറയുവാ, മായയ്ക്ക് കോര്‍പ്പറേറ്റ് ലാംഗ്വേജ് ഇതുവരെയും വശമായിട്ടില്ല. എന്നെ റീ ട്രെയിനിങ്ങിനു വിടുകയാണെന്ന്"

" എന്താ ഇത്രയും നിന്നെ ഇന്‍സള്‍ട്ട് ചെയ്യാന്‍ മാത്രം ?" കോപം എന്നിലേയ്ക്കും പകര്‍ന്നു തുടങ്ങി.

" കഴിഞ്ഞ വര്ഷം അപ്പ്രൈസല്‍ സമയത്ത് അയാള്‍ പറഞ്ഞ പല കാര്യങ്ങളോടും ഞാന്‍ വിയോജിച്ചു, ചോദ്യം ചെയ്തു. അയാളുടെ കയ്യില്‍ ഒതുങ്ങുന്ന ഒരു പാവയല്ല ഞാന്‍ എന്ന് കണ്ട മുതല്‍ എന്നെ ഒതുക്കാന്‍ തുടങ്ങിയതാ പ്രേം." കണ്ണുകള്‍ നനവാര്‍ന്നു.

" ഞാന്‍ രണ്ടു കൊടുക്കണോ അവനിട്ട് " എന്നിലെ രക്ഷാധികാരഭാവം ഉണര്‍ന്നു.

" വേണ്ടെടാ, നീ റിസ്ക്‌ എടുക്കണ്ട. നീ പണ്ട് പറഞ്ഞിട്ടില്ലേ. നിനക്ക് സുധീര്‍ എന്നൊരു വഴിപിഴച്ച സുഹൃത്ത്‌ ഉണ്ടെന്നും അവനൊരു ഗാംഗ് ഉണ്ടെന്നും. ആ തെണ്ടിക്കിട്ടു രണ്ടു കൊടുക്കാന്‍ അവന്മാര്‍ക്ക് കഴിയില്ലേ "

" സുധീര്‍ ഇപ്പോള്‍ ഗള്‍ഫിലാ മായാ. എന്നാലും ഞാന്‍ ഒന്നു വിളിച്ചുനോക്കാം."  

" വേണം പ്രേം, നല്ലൊരു കരിയര്‍ സ്വപ്നം കണ്ട എന്റെ ചിറകുകള്‍ അവന്‍ പൂട്ടി വെച്ചിരിക്കയാണ്‌. ഇങ്ങനെ ഒരു പെണ്ണിനും സംഭവിച്ചുകൂടാ"

" നീ വിഷമിക്കണ്ട. എനിക്കറിയാം നിന്റെ കഴിവുകള്‍. നീ ഒരു കാര്യം ചെയ്യ്, അവന്റെ ഫോട്ടോ, അഡ്രസ്‌ പിന്നെ പറ്റുമെങ്കില്‍ വണ്ടിയുടെ നമ്പര്‍ എന്നിവ എനിക്ക് മെസ്സേജ് ചെയ്യ്. " ഇത് പറയുമ്പോള്‍ എന്റെ വിരലുകള്‍  ടേബിളിനു അപ്പുറം സഞ്ചരിക്കുകയും അവളുടെ വിരലുകളെ സമാധാനിപ്പിക്കുകയും ചെയ്തു.

സുധീര്‍ ആണ് വിഷ്ണുവിനെ പരിചയപ്പെടുത്തിയത്. നാട്ടില്‍ വയലുകള്‍ നികത്തി മണല്‍ എടുക്കുന്ന സംഘത്തിനു പോലീസില്‍ നിന്നും നാട്ടുകാരിലെ പ്രകൃതിസ്നേഹികളില്‍ നിന്നും സംരക്ഷണം കൊടുക്കുന്ന ഗുണ്ട. ഫോണ്‍ കാളുകളുടെ പാലം കടന്നു തൊട്ടടുത്ത ആഴ്ച ഞങ്ങള്‍ കള്ളുഷാപ്പില്‍ വെച്ചു കണ്ടു.

" കൈ വെട്ടി എടുക്കാനെങ്കില്‍ രണ്ടു ലക്ഷം. അടിച്ചൊടിക്കാനാണെങ്കില്‍ നാല്‍പ്പതിനായിരം. അതാണ്‌ റേറ്റ് സാറേ. പിന്നെ സുധീറിക്കായുടെ ആളാകുമ്പോള്‍ നമുക്കൊന്നും പറയാന്‍ പറ്റില്ല. മുപ്പതിനായിരം രൂപ. അതില്‍ നയാപ്പൈസ കുറഞ്ഞാല്‍ വിഷ്ണു ഈ പണി എടുക്കുകേല."

പൊറോട്ടയോടൊത്ത് സഞ്ചരിക്കാന്‍ കഴിയാതിരുന്ന കറിയുടെ അവശിഷ്ടങ്ങളെ കൈകൊണ്ടു വടിച്ചു നാക്കിലെയ്ക്ക് തേയ്ച്ചു വിഷ്ണു പറഞ്ഞു.

" മുതലാകാത്തത് കൊണ്ടാ സര്‍. സുധീറിക്കയോട് ചോദിച്ചാല്‍ പറഞ്ഞു തരും ഇതിന്റെ റിസ്ക്‌. ഏതു സമയവും ഷാഡോ പോലീസിന്റെ ക്യാമറക്കണ്ണുകള്‍. പിന്നെ പണി കിട്ടാന്‍ പോകുന്നവനെ ദിവസങ്ങളോളം പിന്തുടര്‍ന്ന്‍ അവന്റെ ദിനചര്യയും  റൂട്ടും മനസ്സിലാക്കി പണി കൊടുക്കുന്ന സ്ഥലം ഫിക്സ് ചെയ്യാനുള്ള മെനക്കെട്. ഇതിനൊക്കെ പോണ പയലുകള്‍ക്ക് ദിവസവും ഇറച്ചിയും കള്ളും പിന്നെ പെണ്ണും ഒപ്പിച്ചു കൊടുക്കണം. പിന്നെ സംഭവം നടത്തി ഒളിവില്‍ പോകാനും, എങ്ങാനും പോലീസ് പിടിച്ചാല്‍ ജാമ്യത്തില്‍ എടുക്കാനും നക്കാപ്പിച്ച കൊടുക്കാനും ഉള്ള ചെലവുകള്‍. വെല്യ പാടാണ് സാറേ ഇപ്പോള്‍ ക്വട്ടെഷന്‍ നടത്തിക്കൊണ്ടു പോകാന്‍." ഇതും പറഞ്ഞു വിഷ്ണു മണ്‍കുടത്തിലെ കള്ളു ഒറ്റയടിക്ക് തീര്‍ത്തു.

ഈ കാര്യം അറിയിച്ചപ്പോള്‍ പറഞ്ഞപ്പോള്‍ മായയുടെ ശബ്ദം വികാരാവേശത്താല്‍ വിറ പൂണ്ടു.

" ഞാന്‍ തരാം പ്രേം പൈസ. എന്റെ വള പണയം വെച്ചിട്ടാണെങ്കി കൂടി. അവന്റെ ഇടത്തെക്കൈ വേണം ഒടിക്കാന്‍. ചന്തി ചൊറിയാന്‍ പോലും അവന്‍ വലത്തേക്കൈ വേണം എടുക്കാന്‍. " അവള്‍ പരിഹാസം കലര്‍ന്ന ഒരു ചിരി ചിരിച്ചു. 

ഇത്രയും വെറുപ്പോടെ അവള്‍ക്കു എങ്ങനെ അയാളുടെ കീഴില്‍ ജോലി ചെയ്യാന്‍ തോന്നുന്നുഞാന്‍ അത്ഭുതപ്പെട്ടു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പറഞ്ഞ പോലെ മുപ്പതിനായിരം രൂപ അവള്‍ എന്നെ ഏല്‍പ്പിച്ചു. അതില്‍ അയ്യായിരം രൂപയുടെ കെട്ടു എന്റെ ജീവിതത്തിലെ ആദ്യ ക്വട്ടേഷന്റെ അഡ്വാന്‍സ് ആയി ഞാന്‍ വിഷ്ണുവിന് കൈമാറി.

പിന്നത്തെ ആഴ്ച ക്വട്ടേഷനുകളുടെ ബഹളമായിരുന്നു.

മായയുടെ അമ്മ കുളിമുറിയില്‍ വീണു തോളെല്ലുകള്‍ പൊട്ടി. പ്രായത്തിന്റെ വളവുകള്‍ ബാധിച്ചിരുന്ന അസ്ഥിമുനകള്‍ ഇനി തമ്മില്‍ ചേരുമോ എന്ന് ഡോക്ടര്‍മാര്‍ക്കും സംശയമായിരുന്നു. ഇപ്പോള്‍ അമ്മയെ കുളിപ്പിക്കുന്നതും ശൌചം ചെയ്യിക്കുന്നതും മായയാണ്.

മണല്‍ലോറികളില്‍ നിന്നും കിട്ടുന്ന വരുമാനം വീതിക്കുന്ന കാര്യത്തില്‍ വിഷ്ണുവും അവന്റെ മുതലാളിയും തമ്മില്‍ തര്‍ക്കം ഉണ്ടായി. പാല് കൊടുത്തു വളര്‍ത്തിയ പാമ്പ് കടിക്കുന്നു എന്ന് കണ്ട മുതലാളി നഗരത്തിലെ മുന്തിയ കോളനിയില്‍ നിന്നും നാല് പേരെ ഇറക്കി വിഷ്ണുവിന്റെ വലത്തേക്കൈ വെട്ടിമാറ്റി. അവന്‍ അബോധാവസ്ഥയില്‍ ആണ്, കൈ പോയ കാര്യം ഇനിയും  അത് അവന്‍ അറിഞ്ഞിട്ടില്ല എന്ന് സുധീര്‍ പറയുന്നുണ്ടായിരുന്നു..

ഈയിടെ ഉറക്കമെണീറ്റയുടന്‍ ഞാന്‍ എന്റെ കൈകള്‍ യഥാസ്ഥാനത്തുണ്ടോ എന്ന് തപ്പി നോക്കാറുണ്ട്.

പള്ളിക്കൂടം

പള്ളിക്കൂടം

യക്ഷി

യക്ഷി