Kadhajalakam is a window to the world of fictional writings by a collective of writers

ശബ്ദമില്ലാതെ കരയുന്നവർ

ശബ്ദമില്ലാതെ കരയുന്നവർ

എന്റെ നാല്പത്തെട്ടാം പിറന്നാളായിരുന്നു അന്ന് . അത് ചെറിയൊരു ആഘോഷമാക്കണമെന്നു മകൾ എസ്‌തേറിനും മകൻ ജോയലിനും നിർബന്ധം.

ടീപ്പോയിൽ വച്ചിരുന്ന 'ഹാപ്പി ബർത്‌ഡേ മമ്മി 'എന്നെഴുതിയ ഇരുനില കേക്കിനുള്ളിൽ ഉറപ്പിച്ചിരുന്ന ഇളം റോസ് നിറമുള്ള പിരിയൻ മെഴുകുതിരിയുടെ മുൻപിൽ അവർ തന്നെ സ്‌നേഹവായ്പ്പോടെ എന്നെ കൊണ്ടുനിർത്തി .തിരിതെളിക്കാൻ ലാന്പ് കൈയിൽ വച്ചുതരികയും ചെയ്‌തു ജോയൽ. എന്നെ ആവുന്നത്ര സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും അവർ ഇരുവരും നന്നായി പണിപ്പെടുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്‌.

പാവം എന്റെ മക്കൾ...അവർ എന്നോടുള്ള കടപ്പാടുകൾ ഹൃദയം നിറഞ്ഞ നന്ദിയോടെ, ആദരവോടെ ചെയ്യുകയാണ് .എന്റെ ഉള്ളിന്റെ  ഒരു കോണിൽ വേനൽ മഞ്ഞിലെ നേർത്ത ജലകണങ്ങൾ പോലെ സന്തോഷത്തിന്റെ ഇത്തിരിവെട്ടം കുമിൾകുത്തുന്നത് ഞാൻ തിരിച്ചറിഞ്ഞു.

എങ്കിലും....എന്റെ ഹൃദയത്തിന്റെ മറ്റു വശങ്ങൾ ശൂന്യമാണ് .....അല്ല ... നിർവികാരതയാണ്....ഒപ്പം ഭയപ്പെടുത്തുന്ന സ്വപ്നതുല്യമായ കഴിഞ്ഞകാല ഓർമ്മകളുടെ ഇരുണ്ട താളുകൾ തലങ്ങും വിലങ്ങും മറിയുകയാണ് .പക്ഷെ ഞാൻ ഒന്നും പുറത്തു കാണിക്കാതെ യാന്ത്രികമായി മുഖത്തു ഒരു നേർത്ത പുഞ്ചിരിയുമെടുത്തണിഞ്ഞു കേക്ക് മുറിക്കാനാരംഭിച്ചു.

തന്റെ ഇടതു വശം ചേർന്നു നിൽക്കുന്ന ഭർത്താവ് അലക്സാണ്ടർ നല്ല സന്തോഷത്തിലാണ്. അദ്ദേഹം അങ്ങനെയാണ്.... ആഘോഷങ്ങൾ അതു നാമമാത്രമെങ്കിലും അദ്ദേഹം അത് ആഘോഷിക്കുക തന്നെ ചെയ്‌യും. അതിന്റെ കാരണം പിന്നീട് അൽപാൽപമായി വെളിപ്പെട്ടുകൊള്ളും. ഞാൻ കേക്കിൽ കയ്യമർത്തിയതും  അലക്സാണ്ടറാണ്‌ ആദ്യം ഉച്ചത്തിൽ കൈയടിച്ചത്. മക്കളും കൈയടിച്ചുകൊണ്ടു 'ഹാപ്പി ബർത്തഡേ, മമ്മി' എന്നു പാടുന്നുണ്ട്. അവിടെയും ഉയർന്നു നിന്ന ശബ്ദം അദ്ദേഹത്തിന്റേതാണ്.

ആ കൈകൊട്ടും പാട്ടും എന്നിൽ അരോചകതയാണ് സ്രഷ്ടിച്ചത്. ഹൃദയത്തിന്റെ ഒരു കോണിൽ മാത്രം കുമിൾകുത്തി നിന്നിരുന്ന സന്തോഷത്തിന്റെ രശ്‌മികൾ ചാറ്റൽ മഴയിൽ ലയിച്ചില്ലാതാകുന്നതു പോലൊരു നീറ്റൽ എനിക്കുണ്ടായി. വേണ്ടായിരുന്നു...  ഒന്നും വേണ്ടായിരുന്നു.... ഹൃദയത്തിൽ ഒരു മൃതതാളം ജനിക്കുന്നത്‌ എനിക്ക് അറിയാനാവുന്നു.

എങ്കിലും ഞാൻ കേക്ക് മുറിച്ചു. "ഹാപ്പി ബർത്‌ഡേ ടു യൂ "പറഞ്ഞുകൊണ്ടു അലക്സാൻഡർ എന്റെ വായിൽ കേക്ക് വച്ചുതന്നു. അപ്പോഴും എല്ലാമായിരുന്നിട്ടും ഒരന്യതാബോധം എന്റെ ഉള്ളിൽ തളംകെട്ടി നിന്നു.

"എന്റെ അമ്മക്കു ഞാൻ എന്തുമാത്രം മധുരം തന്നാലും ഉമ്മകൾ തന്നാലും മതിയാവില്ല". മകൾ എസ്തേർ എനിക്കു കേക്കു തന്നിട്ടു മുഖമാകെ ഉമ്മകൾ കൊണ്ട് നിറച്ചു.

"ഇതാ എന്റെ വക"...ജോയൽ കേക്ക് പീസ് വായിൽ തന്ന് നെറുകയിൽ ഒന്നമർത്തി ചുംബിച്ചു .പെട്ടന്ന് എന്റെ മിഴികളിൽ അശ്രുക്കൾ മൊട്ടിട്ടു. നിസ്സഹായതയുടെയും സഹനത്തിന്റെയും ഇരുണ്ട ഗർത്തത്തിലൂടെ ഇഴഞ്ഞുനീങ്ങുമ്പോഴും ലക്‌ഷ്യം പലതായിരുന്നു. അതിൽ ചിലതു ഫലം കണ്ടെന്ന ചാരിതാർഥ്യമാണ് പുതിയതിനെ സൃഷ്ട്ടിക്കുന്നതെന്നു ഞാൻ പറയട്ടെ.

പകുതി യാഥാർഥ്യവും പകുതി അഭിനയവുമായി കേക്കുമുറി അവസാനിച്ചു. അപ്പോഴും ഉള്ളിൽ മുൻകാല ഓർമ്മകൾ ചൂണ്ടയിട്ടു വലിക്കുന്ന നീറ്റൽ ഞാൻ അനുഭവിക്കുന്നുണ്ട്. പതിറ്റാണ്ടുകൾ സഹനത്തിന്റെയും ദുരിതത്തിന്റെയും കൽപ്പടവുകൾ പ്രത്യാശയോടും ധീരതയോടും ചവിട്ടിക്കയറി. ഇടവഴിയിൽ ആശയറ്റ്‌... തളർന്ന് പോയിട്ടുണ്ട് എന്നത് യാഥാർഥ്യം. എങ്കിലും ഒരജ്ഞാതശക്തി എന്നെ മുന്നോട്ടു നയിക്കുന്നത്  എന്റെ അന്തരംഗം അറിയുന്നുണ്ടായിരുന്നു.

ഇന്ന് സ്ഥിതി മാറി .എന്റെ പ്രാർത്ഥനയ്‌ക്കും ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കും ദൈവം അർത്ഥപൂർണ്ണമായ ഉത്തരം നൽകിക്കഴിഞ്ഞു. അതിൽ ഞാൻ കൃതാർത്ഥയുമാണ്. എന്നാൽ ഇന്നും എനിക്ക് മുന്പിൽ കടമ്പകൾ ബാക്കിയാണ്.... കണ്ണെത്താദൂരത്തേക്കു അത് നീണ്ടു പോകുമ്പോൾ എന്നിൽ വീണ്ടും ഭയം ജനിക്കുന്നു. കാരണം പ്രായം പഴയതല്ല, കാലവും. എങ്കിലും ദൈവത്തെകുറിച്ചോർക്കുമ്പോൾ ഞാൻ വീണ്ടും മറ്റൊരു വ്യക്തിയായി മാറും. അതിനാൽ തന്നെ എന്റെ ഏറ്റവും അടുത്ത സൃഹുത്തും ദൈവം തന്നെ.

"ലൗലീ ..."കിച്ചണിലേക്കു വന്നുകൊണ്ടു അദ്ദേഹം വിളിച്ചുകൊണ്ടു ചോദിച്ചു. "ചോറ് റെഡി ആയെങ്കിൽ എനിക്കിറങ്ങാമായിരുന്നു".

"ഇതാ ....ചോറു റെഡി ..."വാഴയിലയിൽ ചോറു പൊതിഞ്ഞുകൊണ്ടിരുന്ന ഞാൻ, മനസ്സിലെ ഓർമ്മച്ചീളുകൾ അടുക്കിവച്ചു തിരിഞ്ഞു നിന്ന് പറഞ്ഞു.

അദ്ദേഹം സന്തോഷത്തോടെ അത് വാങ്ങി ടൗണിലെ  ഷോപ്പിലേക്ക് യാത്രയായി. അവിടെ സൂപ്പർവൈസറായി അദ്ദേഹം ജോലി ചെയ്യുകയാണ്. പക്ഷെ അപ്പോളും ഞാൻ ഉള്ളിൽ കരയുകയായിരുന്നു .എത്രയോ കാലമായി ഇങ്ങനെ പൊതിച്ചോറും കാപ്പിയും അത്താഴവുമൊക്കെ വിളമ്പുന്നു.

കുറ്റം പറയുകയാണെന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ ...അതു ചെയ്യേണ്ടവളാണ് ഞാൻ...എന്നാൽ തിരിച്ചു തന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം ലവലേശം തയ്യാറല്ല....താൻ അക്കാര്യത്തിൽ നിസ്സഹായനാണെന്നു തെളിയിക്കാൻ നൂറു കാരണങ്ങളുണ്ടാവും കൈയിൽ. മാത്രമല്ല, ഓരോ മാസവും അല്പം കടവും ബാക്കിയുണ്ടെന്ന് അദ്ദേഹം വാദിച്ചു ജയിക്കും.

അത് കേൾക്കാനുള്ള ഈർഷ്യയാൽ, ചോദിച്ചു പരാജയപ്പെട്ട നാൾ മുതൽ ഇങ്ങനെ ശബ്ദമില്ലാതെ കരയുക പതിവാണ്.

പൊടുന്നനെ എന്റെ മനസ്സ് പൂർവ്വകാല സ്മരണകളിലേക്കു പടിയിറങ്ങി. ഇങ്ങനെ  ശബ്ദമില്ലാതെയും അല്പം ശബ്ദത്തോടുകൂടിയും കരയേണ്ടിവരുന്ന സന്ദർഭങ്ങളിൽ എന്റെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപോലെ, അവസരോചിതമായി പൂർവകാല സ്മരണകളിലൂടെ കുതറിനടക്കുക പതിവാണ്. ഒരർത്ഥത്തിൽ ഇത്തരം പടിയിറക്കം എന്റെ ഏകാന്ത നിമിഷങ്ങൾക്ക് ഒരു സുഹൃത്തെന്ന പോലെ ലഹരി പകർന്നിട്ടുണ്ട്.

ചിലപ്പോഴത് വിവാഹാഭ്യർത്ഥനയുമായി പിന്നാലെ കൂടിയ പ്രൊഫസ്സർ സെബാസ്റ്യൻ കുര്യനെക്കുറിച്ചായിരിക്കും .ഞാൻ ടൗണിലെ സെന്റ് മാർട്ടിൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം .അന്ന് അദ്ദേഹം എന്റെ മാഷാണ്. മൂക്കത്തു ശുണ്ഠിയുള്ള മാഷിനെ എനിക്ക് ഭയമായിരുന്നു .എനിക്ക് മാത്രമല്ല, ക്ലാസ്സിലെ മറ്റു കുട്ടികൾക്കും. എന്നാൽ, എപ്പോഴാണെന്നോർമ്മയില്ല, അദ്ദേഹത്തിന്റെ മിഴികൾ എന്റെ മുഖത്ത് ഉടക്കിവലിക്കുന്നതു ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നെ കോളേജ് കാമ്പസിന്റെ പാതയോരങ്ങളിലെവിടെവച്ചെങ്കിലും കണ്ടുമുട്ടുന്ന സന്ദർഭങ്ങളിൽ ആദ്യമൊക്കെ ഒരു കുസൃതിച്ചിരി ചിരിക്കും.

പിന്നെ പിന്നെ ഒരു കോളേജുകുമാരനെപോലെ വലതുകണ്ണിറുക്കി കാണിക്കുക പതിവായി. ഒരു പ്രൊഫസറിൽ നിന്നും പ്രതീക്ഷിക്കാത്തതെന്തോ സംഭവിക്കുന്ന മട്ടിൽ ഞാൻ അമ്പരന്നു പോയിട്ടുമുണ്ട്. ഒടുവിലത്‌ വിവാഹാഭ്യർത്ഥനയോളം എത്തിനിന്നു.

മറ്റുചിലപ്പോൾ, കോളേജ് കഴിഞ്ഞു വരും വഴി ഞങ്ങളുടെ നാട്ടിലെ നാൽക്കവലയിൽ തന്നെയും കാത്തു നിന്നിരുന്ന മെമ്പർ ജോണി പീറ്ററിനെക്കുറിച്ചായിരിക്കും .അന്നൊക്കെ ഞാൻ വല്ലാതെ അഹങ്കരിച്ചിരുന്നു.

പ്രൊഫസറും മെമ്പറുമൊക്കെ പിന്നാലെ  കൂടിയെങ്കിൽ ഇതിലും കൂടിയതെന്തും വന്നു വീഴുമെന്നുള്ള ആ വിചാരത്തിൽ ഒക്കെയും ഒരു തമാശയായി കണ്ടു ഞാൻ.

എന്നാൽ ഇന്ന് ഞാൻ എത്തി നിൽക്കുന്ന അവസ്ഥ എന്നെത്തന്നെ ആശ്ചര്യപ്പെടുത്തുകയാണ്! ദാമ്പത്യജീവിതത്തിന്റെ ഏതൊക്കെയോ ഇടുങ്ങിയ വഴികളിലൂടെ ഭയപ്പെട്ടും, തളർന്നുവീണും, വീണ്ടും പിടിച്ചെണീറ്റും നടന്നുവന്ന ദൂരം അളന്നു തിട്ടപ്പെടുത്താനോ ഓർത്തെടുക്കാനോ പറ്റുന്നില്ല .

ഈ പ്രായത്തിൽ ഒരു മുത്തശ്ശിക്കഥപോലെ എനിക്കുപിന്നിൽ ഒരു വിശാല ലോകം സൃഷ്ടിക്കപ്പെടുകയാണ്. നടക്കാനാവാത്തതെന്തോ നടന്നതുപോലെ...നടുക്കം മാറാനാവാത്തതെന്തോ അനുഭവിച്ചതുപോലെ...

"അമ്മേ ...ബ്രേക്ക് ഫാസ്റ്റ് .. ."ജോയേലിന്റശബ്ദം കേട്ടപ്പോഴാണ് ഞാൻ ഓർമ്മകളിൽനിന്ന്‌ ഉണർന്നത്. വേഗം അവനുള്ള ബ്രേക്ക് ഫാസ്റ്റ്  എടുത്തുവച്ചു. പൊടുന്നനെ ജോയേൽ ഒരു ഷർട്ടുമായി അടുത്തെത്തി .ഇതൊന്നു തേച്ചുതന്നെ ...അപ്പഴേക്കും ഞൻ കഴിക്കാം.

"ശരി ശരി  ...അതും ഞൻ തന്നെ ചെയ്യാം...എല്ലാം.എന്റെ ഡ്യൂട്ടിയാണല്ലോ..."തമാശയിൽ പറഞ്ഞു ചിരിച്ചുകൊണ്ട് ഞാൻ  അവന്റെ കൈയിൽ നിന്നും ഷർട്ട് വാങ്ങി  ഇസ്തിരിയിടാൻ പോയി.

പോകാനിറങ്ങാൻ നേരം അവൻ എന്റെ കവിളിൽ മെല്ലെ നുള്ളി ചിരിപ്പിക്കാൻ ശ്രമിച്ചു. പതിവുള്ള ആ നുള്ള് എന്നെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. ദുഃഖത്തിലും ഒരാനന്ദം കണ്ടെത്തുന്നത് പോലെ! ഉള്ളത് പറയാമല്ലോ ദൈവം കഴിഞ്ഞാൽ എന്റെ മക്കളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഇരുപത്തിയാറു വയസ്സുള്ള ജോയലൊരു സോഫ്റ്റ് വെയർ എഞ്ചിനീയർ ആണ്. മുൻപൊരിക്കൽ, ഒരു സൽക്കാരത്തിൽ പങ്കെടുക്കുമ്പോൾ അല്പം ബിയർ കഴിച്ചു.അത് മനസ്സിലാക്കിയ ഞാൻ അവിടെ വച്ചു തന്നെ അവന്റെ ചെവിയിൽ മന്ത്രിച്ചു. "മോനെ...ഇത്.വേണോ?". "അല്പം ബിയർ അല്ലെ മമ്മി", എന്ന് ഞാൻ മാത്രം അവൻ മറുമൊഴിയും നൽകി.

പിന്നീടൊരിക്കൽ ഒരു ബന്ധുവീട്ടിൽ വിരുന്നിൽ പങ്കെടുക്കുമ്പോൾ ബന്ധുവായ കുടുംബനാഥൻ  തന്നെ മദ്യം ഗ്ലാസ്സിലേക്കു പകർന്നുകൊണ്ട്, ഒരെണ്ണമാവുന്നതിൽ തെറ്റൊന്നുമില്ലെന്ന പ്രത്യയശാസ്ത്രം അവനിലേക്ക് പകർന്നുനൽകി. തൊട്ടടുത്ത റൂമിൽ നിന്ന് ഇത് കേൾക്കാനിടയായ എന്റെ ഹൃദയപേശികൾക്ക് ഒരു ദുരന്തമേറ്റതിന്റെ മുഴുവൻ നീറ്റലുണ്ടായിരുന്നു.

എത്തിയപ്പോൾ അവന്റെ മുഖത്തേക്ക് ദയനീയമാംവിധം നോക്കി ചോദിച്ചു: "മോനെ.. ഇന്ന് നീ എന്നതാ കുടിച്ചത്.. ബിയർ അല്ലാലോ...?" ബിയറിലാ മോനെ പല മദ്യപന്മാരുടെയും തുടക്കം. ഉദരത്തിൽ നുരയുന്ന മദ്യത്തിന്റെ ലഹരി തുടിക്കുന്ന നിന്റെയീ മുഖമെന്നെ വല്ലാതെ തളർത്തുകയാണ്....

"മദ്യം മൂലം വീണ്ടെടുക്കാനാവാത്തവിധം തകർന്ന കുടുംബത്തിൽ കിടന്നു നാം എരിഞ്ഞത് നീ ഇത്ര വേഗം മറന്നോ...?ഡാഡിയുടെ പിൻഗാമിയായി ഇനി നീയും ആ വിഷം..."അത്രയും പറഞ്ഞപ്പോഴേക്കും അവൻ എന്റെ വായ് സ്നേഹവായ്‌പിൽ പൊത്തികൊണ്ടു പറഞ്ഞു.      "'അമ്മ വിഷമിക്കേണ്ട...ഇനിയൊരിക്കലും ഞാൻ ഇങ്ങനെ ചെയ്യാനില്ല...പോരെ..."ആ വാക്ക് ഇന്നോളും എന്റെ മോൻ പാലിച്ചു. അതിൽ ഞാൻ ആത്മാഭിമാനം കൊള്ളുന്നു.

അവർ അറിഞ്ഞോ അറിയാതെയോ എന്റെ ആയുസ്സിന്റെ നീളം കൂട്ടുകയാണ്....അതിനുമപ്പുറം ഈലോക ജീവിതത്തിലെ ചില യാഥാർഥ്യങ്ങളെ ഒരു പരീക്ഷണ ശാലയിലെന്നപോലെ  സ്വന്തം ജീവിതം കൊണ്ട് പരീക്ഷിച്ചു  കണ്ടെത്തി എന്നതിൽ ഞാനൊരു കൊച്ചു ശാസ്ത്രജ്ഞയായി സ്വയം അഭിമാനം കൊള്ളുകയുമാണ്. ചിലപ്പോളവിടെ തീർത്തും നിസ്സഹായയായ ഒരു കുടുംബിനിയുമാവും ഞാൻ. സ്വയം ബലിവസ്തുവായി മാറേണ്ടി വരുമ്പോഴും തന്റെ കുടുംബത്തിന്റെ പുനരുദ്ധാനത്തിനായി വിട്ടുകൊടുക്കുമ്പോഴുണ്ടാകുന്ന അത്ഭുതകരമായ ഉത്ഥാനത്തിന്റെ ചരിത്രമുണ്ട് നമ്മുടെ മുന്നിൽ.....മറിച്ച്, ഒരു ബലിവസ്തുവിന്റെ റോൾ അഭിനയിച്ചു തീർക്കേണ്ട ദൈന്യതയുടെ അവസ്ഥയുമുണ്ട്.

എന്തായാലും ബലിവസ്തുവിന്റെ റോളിനെക്കാൾ ഉത്ഥാനത്തിന്റെ ചരിത്രം സ്വന്തം ജീവിതം കൊണ്ട് രേഖപ്പെടുത്താനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇടയ്ക്കൊക്കെ ഞാൻ ഓർക്കും....ഞാനെന്ന ശാസ്ത്രജ്ഞയിൽ നിന്ന് മക്കളും സ്വന്തം ജീവിതത്തിന്റെ നടകൾ ചവിട്ടിയകലുമ്പോൾ, വീണ്ടും ഞാൻ ഒരു ഒറ്റപ്പെട്ട തുരുത്തായി അവശേഷിക്കുമെന്ന്.  എങ്കിലതുംകൂടെയി ഉത്ഥാനചരിത്രത്തിന്റെ ഭാഗമാണെന്നു ദൈവം പതിയെ കാതിലോതാൻ തുടങ്ങി. കാത്തിരിക്കുകയാണ്. 

 

പാപ്പി

പാപ്പി

ടോര്‍ച്ച്

ടോര്‍ച്ച്