കഥാജാലകം

View Original

ദേവാലയം പണിയുന്നവർ

"അമ്മേ ...അമ്മേ ..."

ആണിന്റേതെന്നോ പെണ്ണിന്റേതെന്നോ തിരിച്ചറിയാനാവാത്ത ഒരു നേർത്ത ശബ്‌ദം അവളുടെ ശ്രവണേന്ദ്രിയങ്ങളെ തഴുകി നിന്നു.

"എ...ന്തോ..."

രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ നിദ്രയെ പുൽകിയ എസ്‌തേർ, അതേ അവസ്ഥയിൽ പ്രതികരിച്ചു.

"എഴുന്നേൽക്കൂ അമ്മേ..പ്രഭാത പ്രാർത്ഥനക്കു സമയമായി. അമ്മയുടെ പ്രാർത്ഥനയിൽ എന്നേയും ഓർക്കേണമേ..."

ദൈവമേ! എന്റെ കുഞ്ഞുമാലാഖ. ഈ നനുത്ത ശബ്ദം എന്റെ  കുഞ്ഞുമാലാഖയുടേതു തന്നെ.

വീണ്ടും ആ ശബ്ദം കേട്ട് വല്ലാതെ വിവശയായി എസ്‌തേർ ചാടിയെഴുന്നേറ്റ് കട്ടിലിലിരുന്നു.

ദിവസവും പ്രഭാതത്തിൽ, ഈശോയുടെ തിരുഹൃദയത്തിലേക്ക്  താൻ കുടുംബത്തോടൊപ്പം ചേർത്ത് വച്ച് പ്രാർത്ഥിക്കാറുള്ള എന്റെ കുഞ്ഞുമാലാഖ. ഇരുപതു വർഷങ്ങൾക്കുമുമ്പ് എന്നിൽനിന്നും അടർന്നുപോയ..അല്ല, അടർത്തിമാറ്റിയ എന്റെ കുഞ്ഞ്...

അവൾ ചാരിക്കിടന്നിരുന്ന തന്റെ ഹൃദയത്തിന്റെ വാതിലുകൾ മെല്ലെ തുറന്നു വച്ചു.

 ഹൃദയത്തിന്റെ അകത്തളങ്ങളിൽ ഉറഞ്ഞുകൂടിയ നിണമണിഞ്ഞ  ആ സംഭവത്തിന്റെ ഓർമ്മകളിലേക്ക് അവളുടെ ചിന്തകൾ താണിറങ്ങി. മറക്കാൻ ശ്രമിച്ചിട്ടും , ഓർക്കാൻ പാടില്ലെന്നു പലവട്ടം മനസ്സിനെ പഠിപ്പിച്ചിട്ടും, എല്ലാമെല്ലാം വീണ്ടും തികട്ടിവരികയാണ് .

ഒരായിരം മുള്ളാണികൾ ചിത്തത്തിലമർന്നാലെന്നപോലെ തീവ്രവേദനയിലൂടെ താൻ കടന്നുപോയ നിമിഷങ്ങളുടെ ഓർമ്മകൾ ഇന്നും തന്റെ ജീവിതം കാർന്നുതിന്നുകയാണ് .ഈ നീറ്റൽ അനുഭവം ആരോടാണ് ഒന്ന് പറയുക? ആരാണത് യുക്തിവിചാരം കൂടാതെ മനസ്സിലാക്കുക ?

മനസ്സിലെന്തോ വലിയ ഭാരം വഹിക്കുന്നതുപോലെ എസ്‌തേർ ഒന്നു നിശ്വസിച്ചു.

പുറത്തു കോരിച്ചൊരിയുന്ന മഴ.രാത്രിയുടെ ഭീകരതയും മഴയോടൊപ്പമുള്ള മിന്നലും അവളെ ഭയപ്പെടുത്താൻ തുടങ്ങി. തൊട്ടടുത്തുകിടന്ന് കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവിനെ എസ്‌തേർ നിർവികാരമായ  കണ്ണുകളാൽ വീക്ഷിച്ചു .

'ഭാഗ്യവാൻ! ഏല്ലാം  മറന്നുറങ്ങാൻ കഴിയുന്നവർ എത്രയോ ഭാഗ്യവാന്മാർ "

മുറിയിൽ പടർന്നിരിക്കുന്ന മദ്യത്തിന്റെ രൂക്ഷഗന്ധം മനം പുരട്ടുമ്പോൾ അവൾ സ്വയം മന്ത്രിച്ചു.

ഇന്നല്ലെങ്കിൽ നാളെ ഭർത്താവിൽ ഒരു മാനസാന്തരം കണ്ട് സന്തോഷിക്കാമെന്ന ഒടുവിലത്തെ പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ് . പക്ഷേ അങ്ങനെ തറപ്പിച്ചു പറയാനും വയ്യാ. ഏറ്റവും ഒടുവിൽ അത് സംഭവിച്ചെങ്കിലോ. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലെന്ന് വിശ്വസിച്ചു ജീവിക്കുന്നവളാണ് താൻ. ഒരു നല്ല കള്ളന്റെ പരിവേഷം അദ്ദേഹത്തിൽ  പ്രതീക്ഷിച്ചു കൊണ്ട്,  കുടുംബത്തിന് ജീവനും തേജസ്സും നൽകേണ്ടത് തന്റെ കടമയാണ് .

കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ കാടുകയറിയ ഓർമ്മകളെ എസ്‌തേർ തന്റെ കുഞ്ഞു മാലാഖയുടെ സ്വപ്നതീരത്തേക്കു മനപ്പൂർവം കൂട്ടിക്കൊണ്ടുവന്നു .

ഇരുപതു വർഷങ്ങൾക്ക് മുമ്പ് ,എന്റെ ഉദരത്തിൽ മറ്റൊരു ജീവൻ കൂടി മൊട്ടിട്ടിരിക്കുന്നു, എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത പരിഭ്രാന്തിയായിരുന്നു ഉള്ളിൽ .ദൈവം എത്ര തന്നാലും സ്വീകരിക്കാമെന്നുള്ള മനസ്സ് എന്നെ വിട്ടു പോയിരുന്നു.ഞാൻ പോലുമറിയാതെ, ജീവിത പന്ഥാവിൽ ഒറ്റപ്പെടലിന്റെ കനത്ത ഭാണ്ഡവും പേറി പിച്ചവയ്‌ക്കുമ്പോൾ, ജീവിതത്തിനും മരണത്തിനും ഇടയിലകപ്പെട്ടതുപോലുള്ള ഒരുതരം നിർവികാരതയാണ് എന്നെ നയിച്ചിരുന്നത്.

ഭാരം വഹിക്കുന്ന ഒരു ചരക്കു വണ്ടിയെന്നപോലെ എസ്‌തേർ ഒരിക്കൽ കൂടി നിശ്വാസമിട്ടു.

അപ്പോഴും ഓർമ്മകൾ അതിന്റെ വഴിയേ സഞ്ചരിക്കുകയാണ്.

ഒരു ഭിക്ഷക്കാരിയെപ്പോലെ ബന്ധുമിത്രാദികളുടെ മുന്പാകെ  കൈനീട്ടിയത്, ഒരോരുത്തരും ഓരോ ഒഴിവുകൾ പറഞ്ഞു കൈ കഴുകിയതു, മദ്യപിച്ചു സുബോധമില്ലാതെ വന്ന ഭർത്താവ് തന്റെ ഉടയാടകൾ വലിച്ചുകീറി മുറിയിലിട്ടു അഗ്നിക്കിരയാക്കിയത്, ജീവരക്ഷാർത്ഥം കൈക്കുഞ്ഞുമായി പാതിരാവിൽ അയൽവീട്ടിൽ അഭയം തേടിയത്, എല്ലാമെല്ലാം ഓർമ്മയുടെ പ്രയാണ പ്രക്രിയയിലേക്ക് തന്റെ മനസ്സിനെ കൂട്ടികൊണ്ടു പോവുകയായിരുന്നു .

അതുപോലെ, ഒടുവിൽ മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ ഒരനാഥ ഗർഭത്തിനുടമയെപ്പോലെ വിങ്ങുന്ന മനസ്സുമായി കിടന്നത്,.അതു സംഭവിക്കുമ്പോൾ തൂക്കിലേറ്റപ്പെടുന്ന സമയത്ത്  അനുഭവിക്കുന്നതു പോലെ ഒരു ശ്വാസത്തിനായി പിടഞ്ഞത്, ഈയൊരവസ്ഥ സ്ത്രീയുടെ മരണമാണെന്ന്  ഉള്ളിൽ  പ്രഖ്യാപിച്ചത്‌, ഏതോ ജന്മത്തിലെ സാഹോദര്യം പകർന്ന്, മുൻപരിചയമുള്ള നഴ്‌സ്,  തന്റെ ഹൃദയവിചാരം തൊട്ടറിഞ്ഞ് വയറു തടവിത്തന്നത് എല്ലാം ഇന്നും ഇടനെഞ്ചിൽ തീക്കനലായി പുകയുകയാണ് ...

പിന്നീടുള്ള ജീവിതം ജീവിച്ചു തീർക്കാൻ വേണ്ടിയുള്ള ഒരോട്ടം മാത്രമായിരുന്നു.അതും സ്വർഗ്ഗത്തിലെ വിശുദ്ധ മന്ദിരത്തിൽ മറ്റു മാലാഖമാർക്കൊപ്പം തന്റെ കുഞ്ഞുമാലാഖയും ഉണ്ടെന്ന് വിശ്വസിച്ചുകൊണ്ടുള്ള ഒരു കുതിപ്പ്.  വെറുമൊരു വിശ്വാസമായിരുന്നില്ല അത്.മറിച്ച്, അനുഭവ സാക്ഷ്യത്തിന്റെ കരുത്തുള്ള ഒന്നുകൂടിയായിരുന്നു. മറ്റൊന്നുകൂടിയുണ്ട് ...ഒരു സത്യാന്വേഷിയെപ്പോലെ ഓടുമ്പോൾ ഇടയിൽ പാപ പരിഹാര ക്രിയക്കുള്ള അവസരവും തേടിക്കൊണ്ടേയിരുന്നു. അധരങ്ങൾ തന്നോടുതന്നെ മന്ത്രിക്കുമ്പോൾ, എസ്‌തേർ, ആരോ കൈത്തലത്തിൽ പിടിച്ച് കൂട്ടികൊണ്ടുപോകുംപോലെ വിസിറ്റിംഗ് റൂമിലെ ഈശോയുടെ കരുണയുടെ രൂപത്തിന് മുൻപിലേക്ക് ചുവടുകൾ വച്ചു .

അപ്പോഴാണ് തൊട്ടടുത്ത വീട്ടിൽ നിന്നും ആരുടെയൊക്കെയോ നിലവിളി കേട്ടത്..ജനാല തുറന്നു നോക്കുമ്പോൾ പുറത്ത്‌ വെളിച്ചം കുറവായിരുന്നു. എസ്‌തേർ ഭർത്താവിനെയും വിളിച്ചുണർത്തിക്കൊണ്ട് വേഗം അവിടേക്കു ചെന്നു .

"എന്താ...എന്തുപറ്റി ..?"

നെഞ്ച് തടവിക്കരയുന്ന പ്രായമായ മേരിയമ്മയോട് അവൾ തിരക്കി.

"എന്റെ മോളെ ...നമ്മുടെ ആൻസി..അവൾ നമ്മളെ വിട്ട് പോയെന്ന് ...ഈ കുരുന്നിനെ ഇനി ആര് വളർത്തും.എനിക്കറിഞ്ഞുകൂടേ ..."

മകന്റെ ആറുമാസം പ്രായമായ ആൺകുഞ്ഞിനെ നോക്കി അവർ പൊട്ടിക്കരഞ്ഞു.

ശരിയാണ്.ആൻസി രണ്ടുദിവസമായി ഹോസ്‌പിറ്റലിൽ അഡ്മിറ്റായിരുന്നു.ഒത്തിരിയേറെ പരാധീനതകളുണ്ടായിരുന്ന ആൻസി , ദുഃഖങ്ങളും സന്തോഷങ്ങളും, വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളോടെന്നപോലെ തന്നോട് തുറന്നു പറയുമായിരുന്നു . പാവം ആൻസി..

ഓർമ്മകൾക്കൊപ്പം എസ്‌തേർ അവരേയും ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു .

രോഗിയായ ഭർത്താവ്....മുത്തശ്ശിയുടെ മടിയിൽ തലചായ്ച്ചു വിതുമ്പുന്ന മൂത്തകുട്ടി അലീന ....എല്ലാ വദനങ്ങളും അവൾക്കുള്ളിൽ നൊമ്പരമായി മാറി.

പിന്നെ കട്ടിലിൽ ഒന്നുമറിയാതെ കിടന്ന് ഗദ്ഗദപ്പെടുന്ന കുരുന്നിനെ തന്റെ കരങ്ങളാൽ കോരിയെടുത്തു തോളോടുചേർത്തു.

അപ്പോൾ അവൾ തന്റെ ഹൃദയത്തിൽ എന്തോ ഒന്ന് കോറിയിട്ടു.

"ഇവൻ ഇനിയെന്റെ റഫായേൽ! "

പ്രായശ്ചിത്തത്തിന്റെ അവസരം തേടിയുള്ള ജീവിതയാത്രക്ക് എസ്‌തേർ ഇവിടെ ഉത്തരം കണ്ടെത്തുകയായിരുന്നു.