Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

ഋതുഭേദങ്ങൾ

ഋതുഭേദങ്ങൾ

ഇവിടെ,  പർവ്വതങ്ങളുടെ  താഴ്വാരങ്ങൾ  പച്ചപ്പ്‌ വിരിച്ചു തുടങ്ങുന്നു. തണുപ്പിന്റെ കരിമ്പടം മെല്ലെ  അഴിച്ചു വെച്ച് , വസന്തം ഊർന്നിറങ്ങാൻ വെമ്പുന്നു. ഇളംകാറ്റു വീശി തുടങ്ങി. അതിനൊപ്പം ഇളം കുളിരും.  ഒന്ന് ചൂട് പിടിപ്പിക്കാൻ സൂര്യന്റെ വെയിൽ ചില്ലകൾ പൂത്തു  തുടങ്ങുന്നു. അന്ന്  നമ്മളൊന്നിച്ചു നട്ട പനിനീർച്ചെടികൾ  മൊട്ടിട്ടു തുടങ്ങിയിരിക്കുന്നു ഇപ്പോൾ 

അവിടെ മഴക്കാലം തുടങ്ങി കഴിഞ്ഞുവെന്ന് അറിയാം. ഇവിടെ എനിക്ക് താലോലിക്കുവാൻ നാമൊന്നിച്ചു ഒരുക്കിയ പൂന്തോട്ടവും മരങ്ങളും തന്നെ ധാരാളം.പിന്നെ അതിനെയൊക്കെ പിൻപറ്റിയുള്ള, ഓർക്കാനിഷ്ടമുള്ള  കുറേ നല്ല ഓർമ്മകളും. അല്ലെങ്കിലും നിനക്കെപ്പോളും  പരാതി ആയിരുന്നുവല്ലോ ഞാൻ നല്ലതു മാത്രം തിരഞ്ഞെടുക്കുന്നുവെന്ന്. അതെ  അതിപ്പോളും  അങ്ങനെ തന്നെ. വേണമെന്നുള്ളത് മാത്രമേ ഓർമ്മിച്ചു വെക്കാറുളളു. നാമിരുവരും രണ്ടു വരി പുഴകളായി പിരിഞ്ഞുവെങ്കിലും നിന്നോടൊപ്പം ഉണ്ടായിരുന്ന ആ ഓർമകൾക്ക് ഇപ്പോളും പുതുമഴയുടെ അതേ വശ്യത തന്നെ !

വേണമെങ്കിൽ നിന്നെ കാണുവാൻ ആകസ്മികമായി  എനിക്ക്  വരാം. നമ്മൾ പറഞ്ഞു  നിർത്തിയ വ്യവസ്ഥ, ആർക്കു ആരെ ആദ്യം കാണണമെന്ന് തോന്നുന്നുവോ അവർക്കു വന്നു കാണാമെന്നായിരുന്നല്ലോ.

 എന്നെ ആശ്ച്ചര്യപ്പെടുത്തിയത്, സോഷ്യൽ മീഡിയകൾ ഇത്ര സജീവമായ  ഈ കാലത്തു,ഒരിക്കൽ പോലും ഒരു സന്ദേശമായോ ഒരു ഫോൺ വിളിയായോ നീയെന്നെ തിരഞ്ഞു വന്നില്ലായെന്നത് തന്നെ !

 ഋതുക്കൾ  പലതും, നമ്മളൊന്നിച്ചുള്ളപ്പോൾഎന്നതിലേറെ വേഗത്തിൽ എന്നെ താണ്ടി കടന്നു പോയി.  എന്റെ ഇഷ്ടാനിഷ്ടങ്ങൾ നീ ഓർക്കുന്നുണ്ടോ   എന്നറിയില്ല, ഋതുക്കളിലേറ്റവും പ്രിയപ്പെട്ടത് വസന്തവും പിന്നെ ആ കുഞ്ഞു കുഞ്ഞു ഒറ്റ മഴകളുംആയിരുന്നു . അവ തന്നെ എനിക്കിപ്പോളും പ്രിയം.

പക്ഷെ നീ ഒരു വലിയ മഴയായി പെയ്തൊഴിഞ്ഞു കൊണ്ടിരിക്കയാൽ ,  അമേരിക്കൻ മഴ ചാറ്റലുകളെ  ഓർമ്മിക്കുന്നുണ്ടോ എന്നറിയില്ല. ഓരോ വസന്തത്തിലും നമ്മുടെ നടപ്പാതയുടെ ഓരം ചേർന്ന് നിൽക്കുന്ന  കൊച്ചു കാടുകൾ പൂക്കും. ആ കാടുകളുടെ വന്യതക്കപ്പുറം നിറഞ്ഞു നിൽക്കുന്ന നിശബ്ദതയും ശാന്തതയും തന്നെയാണ് എന്നെ ആകർഷിക്കുന്നത്. അന്ന് നമ്മളൊന്നിച്ചു കണ്ടിരുന്ന കാടുകളും താഴ്വാരങ്ങളും അല്ല ഇന്ന് ഞാൻ ഒറ്റയ്ക്ക് കാണുമ്പോൾ തോന്നുന്നത്.  പ്രകൃതി തന്നെ  എന്തൊക്കെയോ  പഠിപ്പിക്കുന്നത്  പോലെ തോന്നും ചിലപ്പോൾ. രാത്രികളിൽ പലപ്പോഴും ജാലകങ്ങൾ അടക്കാൻ ശ്രമിക്കാറില്ല .ചില രാത്രികളിൽ വിരഹത്തിൽ പെയ്യുന്ന ഒരു കുഞ്ഞു മഴയുടെ നാദത്തിനു പോലും ഞാൻ കാതോർക്കാറുണ്ട് . അപ്പോളൊക്കെയും നമ്മൾ എന്തിനൊക്കെ വേണ്ടിയായിരുന്നു കലഹിച്ചിരുന്നതെന്നു ആലോചിക്കാറുമുണ്ട് .

ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെ, ആ മഴ തീരുമ്പോളേക്കും  ചോദ്യവും കടന്നു പോകും.

ഒരു മുന്നറിയിപ്പുമില്ലാതെ നിന്റെ  അടുക്കലേക്കു വരുവാനെനിക്കും എന്നെ കാണുവാൻ നിനക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കെ എന്ത് കൊണ്ട് നാം പരസ്പരം തേടി വരുന്നില്ല? ഒരു പക്ഷെ പ്രകൃതിക്കൊപ്പം ഋതുക്കൾ മാറുന്നത് പോലെ നാമും മാറിത്തുടങ്ങിയോ ? അറിയില്ല. എപ്പോളെങ്കിലും നീ എന്നെ തേടിയാ കടലുകൾ കടന്നുവരുമെന്ന സ്വാർത്ഥമോഹങ്ങളിൽ ഞാൻ ഈ വസന്തവും കഴിച്ചുകൂട്ടും. എന്റെ പൂന്തോട്ടത്തിന്റെ വെളുത്തവാതായനങ്ങൾ പാതി തുറന്നിട്ട് , വള്ളി പടർത്തി പന്തലൊരുക്കിയ  എന്റെ സ്വപ്നഗൃഹത്തിലേക്കു നീ കടന്നുവന്ന്, ആ  ഓട്ടു  മണി ചെറുതായി ഒന്ന് മുട്ടുമ്പോൾ , ഉച്ചമയക്കം നഷ്ടപ്പെട്ട ആലസ്യത്തിൽ എണീറ്റ് വന്നു ജാലക വിരിപ്പ് മാറ്റി നോക്കുമ്പോൾ കാണുന്ന നിന്റെ പുറം തിരിഞ്ഞുള്ള നിൽപ്പ്. ആ നിൽപ്പ്  ആ പൂന്തോട്ടം നോക്കി തന്നെയായിരിക്കും എന്നെനിക്കുറപ്പുണ്ട്. ഈ കാലമത്രെയും ഒരു വസന്തത്തിൽ ഒരു വർഷവൃഷ്ടിയായി  നീ കടന്നുവരുമെന്നുള്ള സ്വപ്നം. കല്പിച്ചു കണ്ട ആ പകൽസ്വപ്നത്തിന്റെ ഇഴകൾ ഞാൻ അഴിച്ചു തുടങ്ങിയിരിക്കുന്നു.

കാരണം ഈ വസന്തവും ഒരു പാഴ്ക്കിനാവ് പോലെ കടന്നു പോകുമെന്ന് മനസ്സ് പറയുന്നു . ചിലപ്പോൾ തോന്നും നീയും അകലത്തിരുന്നു ചിന്തിക്കുന്നുണ്ടാവാമെന്ന്, നിന്റെ പൂന്തോട്ടത്തിന്റെ പടികൾ ചവിട്ടി , നീ നട്ടു നനച്ച മുല്ലപ്പന്തലിലേക്കു ഞാൻ കടന്നു വരുമെന്നും, എപ്പോളെത്തെയും പോലെ  കാണുമ്പോൾ, നിന്റെ  ഘനഗംഭീര ശബ്ദത്തിൽ രണ്ടു വരി പാട്ടു മൂളുവാൻ ഞാൻ ആവശ്യപ്പെടുമെന്നും... ആവോ അറിയില്ല, പറയപ്പെടാതെ പോയ വാക്കുകൾ മൗനത്തിനിന്റെ അലുക്കുകൾ  തൂക്കി എന്നിലേക്ക്‌ തന്നെ മടങ്ങിയിരുന്നു. നിനക്ക് പറയാനുള്ളതു, മാറി വരുന്ന ഈ ഋതുക്കൾക്കൊപ്പം ആഘോഷിക്കട്ടെ നിന്നെയും എന്നെയും നമ്മുടെ സ്വപ്നങ്ങളേയും !!! ഇനിയെന്റെ മനസ്സിന്റെ വാതിലുകൾ ആർക്കും വേണ്ടി തുറന്നു വെയ്ക്കുവാൻ  തോന്നുന്നില്ല .അത് കൊണ്ട് , ഋതുക്കളോടൊപ്പം, ഈ പർവ്വത നിരപ്പുകളിലും താഴ്വാരങ്ങളിലും ഒക്കെയായി ഈ കാടുകൾക്കൊപ്പം പൂത്തും തളിർത്തും കൊഴിഞ്ഞൊഴിയട്ടെ ഞാൻ. എങ്കിലും, ചിണുങ്ങി പെയ്യാൻ  ഒരു മഴക്കൂട്ടുള്ളപ്പോൾ  ഞാൻ പാതി പൂർണ്ണയാണ്.

മീനാക്ഷി

മീനാക്ഷി

രാമ സേതുബന്ധനം

രാമ സേതുബന്ധനം