Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

നെല്ലിക്ക

നെല്ലിക്ക

സമയം ഏകദേശം രാത്രി പന്ത്രണ്ടു മണി ആയിക്കാണും ടൌണില്‍ നിന്ന് സെക്കന്‍ഡ് ഷോ  കണ്ട് മടങ്ങുകയായിരുന്നു  അജയ്. റോഡില്‍ തിരക്ക് കുറവായതിനാലും  ഹോസ്റ്റല്‍ വാര്‍ഡന്‍റെ റോന്തുചുറ്റലിന്നു മുന്നേ എങ്ങനെയെങ്കിലും ഹോസ്റ്റലില്‍ എത്തണം എന്ന് മനസ്സിലോർത്ത് അജയ് ബൈക്കിന്‍റെ വേഗതയൊന്ന് കൂട്ടി. ഇരുവശത്തും ഇടതൂര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാനുണ്ട് ഹോസ്റ്റലില്‍ എത്തണമെങ്കില്‍. തെരുവ് വിളക്കുകളുടെ അസാന്നിദ്ധ്യം ഇരുട്ടിന്റെ  തീവ്രതയ്ക്ക് കനംകൂട്ടി. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയുടെ ഒരു ചെറു ഷെഡ്‌ മാത്രമാണ് പിന്നെ ആ വഴിയില്‍ ഉള്ളത്. ഷെഡിനുള്ളില്‍ ഒരു റാന്തല്‍ വെളിച്ചം ഉണ്ടാവാറുണ്ട്. ഇന്ന് അതും കണ്ടില്ലല്ലോ എന്ന സംശത്തോടെ അജയ് ഷെഡിന് മുന്നിലൂടെ കടന്നുപോയി .പെട്ടന്ന്‍ ശക്തമായി ഒരു ഇടിവെട്ടി .മിന്നലിന്‍റെ നിറഞ്ഞ വെളിച്ചത്തിൽ ബൈക്കിന്‍റെ മിററില്‍ ഒരു ഫ്ലാഷ് ലൈറ്റ് പോലെ എന്തോ ഒന്ന് മിന്നിത്തെളിഞ്ഞു. ഇടിയ്ക്കും മിന്നലിനും പിന്‍ഗാമിയെന്ന പോലെ  പതിയെ മഴയും ചാറിത്തുടങ്ങി. കണ്ണാടിയിൽ വീണ മഴത്തുള്ളികള്‍ കൈകൊണ്ട് പതിയെ തുടച്ചപ്പോള്‍ 'കണ്ണാടിയിൽ കാണുന്ന വസ്തുക്കൾ ഉദ്ദേശിക്കുന്നതിലും അടുത്തായിരിക്കും', എന്ന വാചകം  വ്യക്തമായി തെളിഞ്ഞുവന്നു.

“നാശം “ ഒരു പൂച്ച കുറുകെ ചാടിയപ്പോള്‍ അജയ് ബൈക്ക് സഡന്‍ ബ്രേക്കിട്ട് നിറുത്തി .റോഡിന് കുറുകെ നിന്ന് തിളങ്ങുന്ന മരതക കണ്ണുകളോടെ പൂച്ച അജയ്‌യെ ഒന്ന് നോക്കി . അജയ്‌ കൈയിലുണ്ടായിരുന്ന ബാഗ്‌ വെച്ചൊന്ന്  വീശി. പൂച്ച അനങ്ങിയില്ല. അത് അജയെ നോക്കിനിന്നു.

“ആഹാ ...കാണിച്ച് തരാമെടാ “ അജയ് ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടുകൊണ്ട് ബാഗ് എടുത്ത് ബൈക്കില്‍ നിന്ന് ഇറങ്ങി. പൂച്ചയ്ക്ക് നേരെ ബാഗ്‌ കൊണ്ട് ആഞ്ഞു വീശി. അത് പ്രേത്യേക രീതിയില്‍ എന്തോ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട്‌ റബ്ബര്‍ മരങ്ങള്‍ക്കിടയിലേയ്ക്ക് ഓടിമറഞ്ഞു. മഴ അപ്പൊഴേയ്ക്കും പെയ്തൊഴിഞ്ഞിരുന്നു. അകലെ നിന്ന് ഹോസ്റ്റല്ലിന്റെ വലിയ കവാടം കണ്ടപ്പോള്‍ വല്ലാത്തൊരു ആശ്വാസം തോന്നി. ഹോസ്റ്റല്‍ കവാടത്തിന് മുന്നിലെത്തിയപ്പോള്‍ അതിന് മുന്നില്‍ ഒരു പോത്ത് .കഴുത്തിലൊരു  മണിയും ഒറ്റ കൊമ്പും മാത്രമുള്ള  ഒരു പോത്ത് .ഹോണ്‍ അടിച്ചാല്‍ വാര്‍ഡന്‍ എഴുന്നേറ്റാലോയെന്ന് കരുതി അജയ്  ബൈക്ക് ഓഫാക്കികൊണ്ട് ബാഗെടുത്ത്   പോത്തിന് നേരെ വീശി. പോത്ത് മണി കിലുക്കികൊണ്ട്‌ കവാടത്തിന് മുന്നില്‍ നിന്ന് മാറി അജയ്ക്ക് വഴിയൊരുക്കി. ഗേറ്റ് തുറന്നതിനുശേഷം  അജയ് ബൈക്ക് പതിയെ തള്ളി ഹോസ്റ്റല്‍ കോമ്പൌണ്ടിലേക്ക് കയറി .ബൈക്ക് പാര്‍ക്ക്‌ ചെയ്ത് പിന്നിലേയ്ക്ക് തിരിഞ്ഞതും  മണി കുലുക്കികൊണ്ട്‌ ഗേറ്റില്‍ കണ്ട അതെ പോത്ത് അജയുടെ തൊട്ടുപിന്നില്‍.

“ഓ മൈ...“ അജയ് പേടിച്ച് കൊണ്ട് ഒരടി പിന്നോട്ട് വെച്ചു. പോത്ത് തല കുലുക്കികൊണ്ട്‌ മണി ശബ്ദമുണ്ടാക്കി അജയുടെ അടുത്തേക്ക് വന്നു  .അജയ് ബാഗ്‌ കൊണ്ട് വീശി. ബാഗ്‌ പോത്തിന്‍റെ കൊമ്പിലുടക്കി. അതൊരു ശബ്ദം ഉണ്ടാക്കി അവനെ നോക്കി .പന്തികേട് തോന്നിയ അജയ് പിറകിലേയ്ക്ക് തിരിഞ്ഞ് വേഗത്തില്‍  ചുവടുകള്‍ വച്ചു. പോത്ത് അവന്റെ മുന്നിലേയ്ക് ഓടിയടുത്തു. അജയ് ബാഗ്‌ നിലത്തിട്ട് മുറിയുടെ വാതിൽ ലക്ഷ്യമാക്കി ഓടി. പോത്ത് അവനെ പിന്നാലെയുണ്ട്. ഒരു ഞൊടിയിടയിൽ അജയ് ഹോസ്റ്റല്‍ ഗേറ്റും കടന്ന് പുറത്തേക്കോടി. പോത്ത് അവന്‍റെ പിറകെയും.

********

പിറ്റേന്ന് അജയുടെ മരണവാര്‍ത്ത കേട്ടിട്ടാണ് ഹോസ്റ്റല്‍ ഉണര്‍ന്നത് .റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മരിച്ചു കിടക്കുന്ന അജയ്. ഹോസ്റ്റല്‍ അധികൃതര്‍ പോലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‍ ക്രൈം സീനില്‍ പോലീസിനെയും വിദ്യാര്‍ത്ഥികളേയും കൊണ്ട്  നിറഞ്ഞിരിക്കുകയാണ് .സബ്ഇന്‍സ്പെക്ടര്‍ ജീവന്‍ അഗസ്റ്റിനാണ് അന്വഷണ ചുമതല.

“ഫോര്‍മാലിറ്റി കഴിഞ്ഞാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കാനുള്ള നടപടികള്‍ തുടങ്ങാം“. അടുത്ത് നില്‍ക്കുന്നൊരു പോലിസുക്കാരനോട് ജീവന്‍ പറഞ്ഞു .പെട്ടന്നാണ് അജയുടെ മൃതദേഹത്തിനടുത്ത് പകുതി ഒടിഞ്ഞൊരു മയില്‍പ്പീലി ജീവന്‍റെ  കണ്ണില്‍പ്പെട്ടത് .അയാള്‍ പതിയെ മയില്‍പ്പീലി കൈയിലെടുത്തു.

“കോളേജ് കോമ്പൌണ്ടിലെ എല്ലാ സിസിടിവിയുടെയും ഫൂട്ടേജ് എടുക്കണം“. ജീവന്‍ പോലിസുക്കാരനെ ഓര്‍മ്മപ്പെടുത്തി. 

********

ഇസ്പെക്ടര്‍ ജീവന്‍ അഗസ്റ്റിന്‍റെ ഓഫീസ്

കോളേജിലെ സിസിടിവി ക്യാമറകളിലെ ഫൂട്ടേജ് നോക്കുകയായിരുന്നു ജീവന്‍. ഹോസ്റ്റലിന്‍റെ മുന്‍വശത്തെ ക്യാമറ ഫൂട്ടേജില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി. കോളേജിന്‍റെ ഗേറ്റിന്‍റെ മുന്നില്‍ നിന്നിരുന്ന പോത്തിനെ ബാഗ്‌ കൊണ്ട് വീശി ഗേറ്റ് തുറന്ന്  അകത്തേക്ക്‌ കടക്കുന്ന അജയ്. അതിനുശേഷം ബൈക്ക് പാര്‍ക്ക്‌ ചെയ്ത് വരുമ്പോള്‍ പോത്ത് അജയെ ഓടിക്കുന്നതും അജയ് പേടിച്ച് ഹോസ്റ്റല്‍ ഗേറ്റ് കടന്ന് പുറത്തേയ്ക്ക് ഓടുന്നതുമായിരുന്നു അതില്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നത്. പിന്നെ അജയ് മരിച്ച സ്ഥലത്ത് നിന്നെടുത്ത ഫോട്ടോഗ്രാഫ്സ് ജീവൻ പരിശോധിക്കാന്‍ തുടങ്ങി.

“പോത്ത് കുത്തിയതിന്‍റെയൊ തൊഴിച്ചതിന്റെയൊ  ലക്ഷണങ്ങളൊന്നും കാണാന്‍ ഇലല്ലോ “ ജീവന്‍ ക്യാമറയിലെ ആ വീഡിയോ വീണ്ടുമൊന്ന് റീവൈന്‍ഡ് ചെയ്ത് നോക്കി. പിന്നെ കൈയ്യിലുള്ള ചിത്രങ്ങളിലും നോക്കി. പോത്ത് കുത്തിയിട്ടില്ല എന്ന കാര്യം ജീവന് വ്യക്തമായി .ആ സമയത്ത് പോത്ത് എങ്ങനെ അവിടെ വന്നു ? ആരാണ്  പോത്തിനെ അവിടെ കൊണ്ടുവന്ന് നിറുത്തിയത്? ഗേറ്റില്‍ നിന്നിരുന്ന ആ പോത്ത് അജയ്‌യെ പിന്തുടര്‍ന്ന്‍ പാര്‍ക്കിംഗ് വരെ എത്തി അവിടെ നിന്ന് ഓടിച്ചു ഹോസ്റ്റലിന്‍റെ വെളിയിലേയ്ക്ക് കൊണ്ടുവന്ന് കൊലചെയ്യുകയായിരുന്നു. പോത്ത് കുത്തിയല്ല മരണം എന്ന് വ്യക്തം. കാരണം അജയ്‌യുടെ ശരീരത്തില്‍ പോത്ത് കുത്തിയതിന്‍ന്റെയൊ തൊഴിച്ചതിന്റെയൊ അടയാളങ്ങള്‍ ഒന്നുപോലും ഉണ്ടായിരുന്നില്ല. പിന്നെയാര്? ആ പോത്ത് എങ്ങനെ അവിടെ വന്നു? സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ മയില്‍പ്പീലി? ആരായിരിക്കും കൊലയാളി? പോത്തിന്‍റെ റോള്‍ എന്താണ് ഈ കൊലയില്‍? അങ്ങനെ  പിടിക്കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും അനുമാനങ്ങളുമായി  ജീവന്‍ ചിത്രങ്ങളും നോക്കി നില്‍ക്കുമ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി ഒരു പോലീസുക്കാരന്‍ ജീവന്‍റെ അടുത്തേയ്ക്ക് വരുന്നത്. അയാള്‍ ആ റിപ്പോര്‍ട്ട്‌ ജീവന് കൈമാറി. കാലുകളില്‍ ചെറിയ മുറിപാടുകള്‍ ഉണ്ടെങ്കിലും പ്രധാന മരണ കാരണം പുറമേ നിന്നുള്ള ആഘാതമോ ക്ഷതമോ ഏല്‍ക്കാതെ നട്ടെല്ലും അസ്ഥികളും ഓടിഞ്ഞുപോയതാണെന്നാണ് റിപ്പോര്‍ട്ടില്‍ അജയുടെ മരണ കാരണമായി എഴുതിയിരിക്കുന്നത്.

“പുറമേ നിന്ന് ആഘാതമോ ക്ഷതമോ ഏല്‍ക്കാതെ അസ്ഥികള്‍ എങ്ങനെ ഓടിയും? സാഹചര്യ തെളിവുകള്‍ പ്രകാരം പോത്ത് കുത്തിയതായ യാതൊരു ലക്ഷണവും ഇല്ല …..അടിപിടി നടന്നതിന്‍റെ ലക്ഷണവും ഇല്ല ….കാലിലെ മുറിപാട്‌ ചിലപ്പോ ഓടുമ്പോള്‍ എവിടെയെങ്കിലും തട്ടി ഉണ്ടായതാവം ….അസ്ഥികളും നട്ടെല്ലും എങ്ങനെ തകര്‍ന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തവര്‍ക്കും അറിയില്ല…ഒരു ഗുലുമാല് പിടിച്ച കേസാണലോ . “ ജീവന്‍ ഒരു ആത്മഗതം നടത്തി.

********

മറ്റൊരു ദിവസം.

ഇരുട്ട് നിറഞ്ഞ ആ കുളത്തില്‍ നിന്ന് കരയിലേക്ക് അയാള്‍ നീന്തി. ശരീരത്തിലെ വെള്ളം  തോര്‍ത്ത്‌ കൊണ്ട് തുടയ്ക്കാതെ തോര്‍ത്തുമുണ്ട് എടുത്തുകൊണ്ട്  കുളത്തിന്‍റെ ചവിട്ടുപടികള്‍ ചവട്ടികയറി. പ്രായം ഒരു അറുപത് കടന്നുക്കാണുമെങ്കിലും പ്രായത്തെ തോല്‍പ്പിച്ചുകൊണ്ട് പതിനെട്ടുക്കാരന്‍റെ ചുറുചുറുക്കത്തോടെ അവസാനപടികൾ അയാള്‍ ഓടിക്കയറി. പതിയെ എന്തോ മന്ത്രിക്കുന്നുണ്ട് .വികലമായ ആ ശബ്ദത്തിന് അനുസരിച്ച് അയാളുടെ മുഖത്തെ ഭാവവും മാറുന്നുണ്ടായിരുന്നു .കണ്ണില്‍ നിന്ന് ഇറങ്ങി വന്ന കണ്ണീര്‍ പതിയെ കൈകൊണ്ട് തുടച്ചുനീക്കി. കണ്ണീർ പ്രവാഹമൊരു പ്രതികാരചാലകമായി രൂപാന്തരപ്പെടുകയായിരുന്നു. ഉമ്മറവാതില്‍ തുറന്നയാള്‍ നേരെ പോയത് ഉപാസന മൂര്‍ത്തി കുടികൊള്ളുന്ന പൂജാമുറയിലെക്കായിരുന്നു. കൈകള്‍ കൂപ്പി കണ്ണടച്ച്പ്രാര്‍ത്ഥിച്ച ശേഷം ഉപാസന മൂര്‍ത്തിയുടെ അരികത്തായിരുന്ന ഒരു ചെറിയ ചെപ്പ് അയാള്‍ പതിയെ തുറന്നു .അരയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് അഴിച്ച് പൂര്‍ണ നഗ്നനായ അയാള്‍ ചെപ്പില്‍ നിന്ന് എന്തോ എടുത്ത് ചെവിയുടെ പിന്നില്‍ പുരട്ടി ഇരുട്ടിലേക്ക് മറഞ്ഞു

********

പിറ്റേന്ന് വീണ്ടും ഹോസ്റ്റലിന്‍റെ അടുത്തുള്ള  ആ റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മറ്റൊരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. മരിച്ച അജയുടെ ഉറ്റ സൂഹൃത്തായിരുന്ന റോയ് ആണ് കൊല്ലപ്പെട്ടത്. ഇന്‍ഫര്‍മേഷന്‍ ലഭിച്ചയുടനെ ജീവന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. റോയിയുടെ മൃതദേഹത്തിനടുത്ത് നിന്ന് ജീവന് വീണ്ടും ഒരു മയില്‍പ്പീലി കിട്ടി. പകുതിയോടിഞ്ഞ ഒരു മയില്‍പ്പീലി. കോളേജ് പ്രിന്‍സിപ്പല്‍ അതിനിടയില്‍ ജീവന്‍റെ അടുത്തേക്ക് നടന്നുവന്നു.

“സാര്‍ ….കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ട് കൊലപാതകം നടന്നു ...ആരാണ് ആ കൊലയാളി ….ഇതുവരെയും നിങ്ങള്‍ക്ക് കൊലയാളിയെ പിടിക്കാനായിട്ടില്ല ...പിള്ളേരൊക്കെ പേടിച്ചിരിക്കുകയാണ് ….പലരും ദൂരെ സ്ഥലങ്ങളില്‍ നിന്ന് വന്നു ഹോസ്റ്റലില്‍ നിന്ന്  പഠിക്കുന്നവരാണ് ….ഇനിയും അയാള്‍ വിദ്യാര്‍ഥികളെ കൊല്ലുമോ? ആരാണ് അയാള്‍?“ പ്രിന്‍സിപ്പല്‍ ജീവനോട്‌ ചോദിച്ചു.

“കൊലയാളി ഒരു പോത്താണ് “

“പോത്തോ ? “

“തത്കാലം ഇത്ര അറിഞ്ഞാല്‍ മതി “

അടുത്ത് നിന്ന പോലിസുക്കാരനോട് സിസിടിവി ഫൂട്ടേജ് എടുക്കാന്‍ പറഞ്ഞുകൊണ്ട് ജീവന്‍ ഓഫീസിലേയ്ക്ക് തിരിച്ചു.

********

കോളേജില്‍ നിന്ന് എടുത്ത സിസിടിവി ഫൂട്ടേജ് നോക്കുകയായിരുന്നു ജീവന്‍ .ഒരു പോലീസുക്കാരന്‍ ജീവന്‍റെ അടുത്തേക്ക് നടന്നുവന്നു

“സാര്‍ ...റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വന്നിട്ടുണ്ട്“

“മ് ...മരണകാരണം നട്ടെല്ലും അസ്ഥികളും ഓടിഞ്ഞിട്ട്‌ ….. അല്ലേ “

“അതെ സാര്‍“

“അതും പുറത്ത് നിന്ന് ആഘാതമോ ക്ഷതമോ ഏല്‍ക്കാതെ ...ശരിയല്ലേ“? സിസിടിവി ഫൂട്ടേജ് നോക്കികൊണ്ട്‌ തന്നെ ജീവന്‍ പോലിസുക്കാരനോട് ചോദിച്ചു.

“അതെ സാര്‍ ...സാറിന് എങ്ങനെ?“

“സാറിന് എങ്ങനെ മനസ്സിലായി എന്നല്ലേ ചോദിയ്ക്കാന്‍ വന്നത്? “

“അതെ സാര്‍ “ അയാള്‍ ജീവനോട് പറഞ്ഞു.

“മ്…..അജയ്‌യെ കൊന്നവര്‍ തന്നെയാണ് ഈ കൊലക്കും പിന്നില്‍….ആ പോത്ത്. ദെ സ്ക്രീനിലേക്ക് നോക്ക്….ഇത് അജയ് മരിച്ചപ്പോള്‍ റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ...ഇത് റോയ് മരിച്ച അന്ന് റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ. രണ്ടിലും കാണാം ഒരു പോത്ത് അവരെ ഓടിക്കുന്നതായി“

“അതെ സാര്‍ ...പക്ഷേ ഒരു പോത്ത് എങ്ങനെയാണ് ഒരാളെ കൊല്ലുന്നത്? അതും പരിക്കുകളൊന്നും ഏല്‍പ്പിക്കാതെ?...ഒരാളെ കൊല്ലാന്‍  പോത്തിനെ എങ്ങനെ ട്രെയിന്‍ ചെയ്യിപ്പിക്കും?“ സ്ക്രീനിലേക്ക് നോക്കി പോലീസുക്കാരന്‍ ചോദിച്ചു.

“രണ്ടു വീഡിയോയും നോക്കി തനിയ്ക്ക് എന്തെങ്കിലും വ്യത്യസ്തമായി കാണാന്‍ സാധിക്കുന്നുണ്ടോ“? ജീവന്‍ പോലിസുക്കാരനോട് ചോദിച്ചു. പോലീസുക്കാരന്‍ വീണ്ടും വീണ്ടും വീഡിയോ റീവൈന്‍ഡ് ചെയ്തു നോക്കി.

“രണ്ടിലും ഒരു പോത്ത് കൊല്ലപ്പെട്ടവരെ ഓടിയ്ക്കുന്നുണ്ട് ..അതല്ലാതെ ഒന്നും തോന്നുന്നില്ല സാര്‍“.

“സൂക്ഷിച്ച്‌ നോക്ക് ...രണ്ടിലെയും പോത്തുകളെ …..അജയെ ഓടിപ്പിച്ചതും കൊലപ്പെടുത്തിയെന്നും പറയപ്പെടുന്ന പോത്തിന് ഒരു കൊമ്പേയുള്ളൂ…..ഇനി റോയിയെ കൊന്ന പോത്തിനെ നോക്ക് ….അതിന് വാലില്ല പക്ഷേ കൊമ്പുകള്‍ ഉണ്ട്“

“ശരിയാണ് സാര്‍...സാര്‍ പറഞ്ഞത് കറക്റ്റാണ്...രണ്ടും വത്യസ്ത പോത്തുകളാണോ സാര്‍ ...പോത്തിനെ ഉപയോഗിച്ച് എങ്ങനെയാണ് കൊലനടത്തുന്നത് ?....ഇതിന്‍റെ മോട്ടിവ് എന്തായിരിക്കും?“

“അത് കണ്ടെത്തെണം ….പിന്നെ വേരെയൊരു സാമ്യം കൂടിയുണ്ട് ...കൊലനടന്നിരിക്കുന്നത് രണ്ടും അമാവാസി ദിവസമാണ് ...അതായത് ഇനിയൊരു കൊലപാതകം നടക്കുമെങ്കില്‍ അത് അടുത്ത അമാവസിക്കാകും ...അത് തടയണം നമ്മുക്ക് ...അജയുടെയും റോയിയുടെയും ഉറ്റ മിത്രങ്ങളില്‍ ആരെങ്കിലും ആകാം കൊലയാളിയുടെ അടുത്ത ടാര്‍ഗറ്റ് ….ആ കൊലപാതകം നമ്മുക്ക് തടയണം “

********

ദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരു അമാവാസി.

കുളിച്ച് ഉപാസന മൂര്‍ത്തിയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച് അതിന് മുന്നിലിരിക്കുന്ന ചെപ്പ് തുറന്ന് അയാള്‍ ചെവിക്കരുകില്‍ പതിയെ എന്തോ  പുരട്ടി ഇരുട്ടിലേക്ക് നടന്നു തന്‍റെ അടുത്ത ഇരയെ തിരഞ്ഞ്. കൈയില്‍ കരുതിയിരുന്ന മയില്‍പ്പീലി അയാള്‍ പുറത്തേയ്ക്ക് എടുത്തു.

“എല്ലാം നിനക്ക് വേണ്ടി ലക്ഷ്മി   ….നിനക്ക് വേണ്ടി ..ഒരുത്തന്‍ കൂടി ബാക്കിയുണ്ട് …. അവനെയും നിന്‍റെ അടുത്തേയ്ക്ക് ഇന്ന് ഞാന്‍ പറഞ്ഞയക്കും“. മയില്‍പ്പീലിയില്‍  പതിയെ തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു. അത് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ ചുവക്കുന്നുണ്ടായിരുന്നു. അയാളുടെ നടത്തത്തിന്‍റെ വേഗത യാന്ത്രികമായി വേഗത്തിലായി.

********

“മിസ്റ്റര്‍ ജീവന്‍ ...താങ്കള്‍ക്ക് ഉറപ്പുണ്ടോ ? ഈ പ്ലാന്‍ വര്‍ക്ക്‌ ആവുമോ ?...എവിടെയെങ്കിലും ഒന്ന് നമ്മള്‍ പാളിയാല്‍ ഒരു ജീവനാണ് നഷ്ടപ്പെടാന്‍ പോകുന്നത് “ പ്രിന്‍സിപ്പല്‍ ഒരു താക്കിത് പോലെ  ജീവനോട്‌ പറഞ്ഞു.

“ഇതല്ലാതെ വേറെ വഴികള്‍ ഇല്ല ...എനിയ്ക്കറിയാം കുറച്ച് അപകടം പിടിച്ചതാണിതെന്ന് …..അജയെയും റോയിയെയും കൊലപ്പെടുത്തിയ സ്ഥിതിക്ക് അടുത്തത് അവരുടെ തന്നെ കൂട്ടുക്കാരനായ വിവേക്  തന്നെ ആയിരിക്കും നെക്സ്റ്റ് ടാര്‍ഗറ്റ് എന്നാണ് എന്‍റെ നിഗമനം”

“അതെങ്ങനെ ഇത്രയ്ക്കും ഉറപ്പിച്ച് പറയാനാകും വിവേകായിരിക്കും അടുത്ത ടാര്‍ഗറ്റെന്ന്?“ വിവേകിനെ നോക്കി പ്രിന്‍സിപ്പല്‍ ചോദിച്ചു.

“പ്ലസ്‌ടു മുതല്‍ ഇപ്പോ ഈ എഞ്ചിനീയറിംഗ് വരെ അജയും റോയിയും വിവേകും ഒരിമിച്ചാണ് പഠിച്ചത് ...അല്ലേ വിവേക് “ വിവേക് അതെയെന്ന് തലയാട്ടി.

“ഒരു ദിവസത്തിലെ കൂടുതല്‍ സമയവും ഇവര്‍ ഒരുമിച്ചുതന്നെയായിരുന്നു  …...നല്ലതിനാണെങ്കിലും ചീത്തയ്ക്കാണെങ്കിലും ഒരുമിച്ച് തന്നെ ...പക്ഷേ ഇവരെ കുറിച്ച്  അന്വേഷിച്ചപ്പോള്‍  നല്ലതൊന്നും ആരും പറഞ്ഞതായി കേട്ടില്ല….പലതും കേട്ടപ്പോള്‍ ലോക്കപ്പില്‍ കയറ്റി രണ്ടെണ്ണം കൊടുക്കാനാ തോന്നിയത് ..അത്രക്കും ഉണ്ട് ഇവന്മാർ ചെയ്ത് കൂട്ടിയത് ...ഇവര്‍ ആരോടോ എന്തോ ചെയ്യ്തതിന്‍റെ ഫലമാണ്‌ ഇപ്പോ ഇവരെ തേടി വന്നിരിക്കുന്നത്…തേടി വന്നതിന്  വേണ്ടത് ഇവരുടെ ജീവനും  …. ഇവരെയും ആ കൊലയാളിയേയും അല്ലെങ്കില്‍ ആ പോത്തുമായി  ബന്ധിപ്പിക്കുന്ന എന്തോ ഒരു സംഭവം നടന്നിട്ടുണ്ട് ….പറയു വിവേക് ആരാണ് അയാള്‍“.

“അറിയില്ല സാര്‍ ….സത്യമായും എനിയ്ക്കറിയില്ല“.

“എങ്ങനെ അറിയാനാ അല്ലേ …..ഒന്നല്ലല്ലോ  ചെയ്ത് കൂട്ടിയിരിക്കുന്ന കാര്യങ്ങള്‍ ...പിന്നെ എങ്ങനെ ഓര്‍മയുണ്ടാവാനാ“. വിവേക് പതിയെ തലതാഴ്ത്തി പ്രിൻസിപ്പലിന്റെ മേശമേലിരുന്ന പേപ്പർ വെയിറ്റിലേക്ക് നോക്കി. 

“ഹ്മം പേടിക്കണ്ട ഇന്ന് ഞങ്ങള്‍ക്ക് വിവേകിനെ സഹായിച്ചേ പറ്റു ….അയാളെ എന്ത് വിലകൊടുത്തും ഞങ്ങള്‍ പിടിച്ചിരിക്കും  എന്‍റെ  നിഗമനം ശരിയെങ്കില്‍ കൊലയാളി പോത്ത്  ഇന്ന് വിവേകിനെ തേടി ഇവിടെ വന്നിരിക്കും…..ടെന്‍ഷനുണ്ടോ വിവേക് ? “ ജീവന്‍ വിവേകിനോട് ചോദിച്ചു.വിവേക് പതറിയ ശബ്ദത്തില്‍ ഇല്ലെന്ന് പറഞ്ഞു

“വിവേക് നമ്മുക്ക് ഇന്ന് നേരിടേണ്ടത് മനുഷ്യന്‍റെ ബുദ്ധിയുള്ള ഒരു പോത്തിനെയാണ്  …..അജയെ കൊന്ന ...റോയിയെ കൊന്ന ….ആ പോത്തിനെയാണ് നേരിടേണ്ടത് .. ….ചൂണ്ടയില്‍ മണ്ണിരയെ  കൊളുത്തി  നമ്മള്‍ മീന്‍ പിടിയ്ക്കില്ലേ …ഇന്ന് നമ്മള്‍ ചെയ്യുന്നതും അതാണ് …...ഇവിടെ വിവേകാണ് ചൂണ്ടയിലെ മണ്ണിര … കൊബൌണ്ടിന്‍റെ  മധ്യത്തില്‍ തന്നെ വിവേക് നില്‍ക്കണം...പുറമേ ഭയം തോന്നാതെ തികച്ചും സാധാരണമായി തന്നെ നില്‍ക്കണം ….പോലിസ് ഇവിടെയുണ്ടെന്ന് കൊലയാളിക്ക് ഒരു കാരണവശാലും  സംശയം തോന്നരുത് ... ….ഞങ്ങള്‍ മാറി അപ്പുറത്ത് നില്‍ക്കുന്നുണ്ടാവും …..പോത്ത് കവാടം കടന്നയുടന്‍ തന്നെ വിവേക് അലര്‍ട്ട് ആവണം എന്നാലോ ഭയം പുറത്ത് കാണിക്കരുത് ...പോത്ത് വിവേകിന്‍റെ ഒരടി മുന്നില്‍ എത്തുന്ന ആ സെക്കന്റില്‍ ഞങ്ങള്‍ പോത്തിന്  നേരെ വല വീശും …വല എറിയുന്ന സമയത്ത് പോത്തിന്‍റെ  അടുത്ത് നിന്ന് വിവേക് അകലം പാലിക്കണം ...വലയ്ക്കുള്ളില്‍ കുരുങ്ങുവാന്‍ ഇടയാവരുത് ...പിന്നെ വിവേക് അവിടെ നില്‍ക്കരുത് ...ഓടി രക്ഷപ്പെടണം .....ക്ലിയര്‍ വിവേക് ?” ജീവന്‍ വിവേകിനോട് ചോദിച്ചു .വിവേക് മനസ്സിലായെന്ന രീതിയില്‍ തലയാട്ടി 

“അല്ല സാര്‍ ….ഈ വല പോത്തിനെയൊക്കെ പിടിയ്ക്കാന്‍ പറ്റാവുന്ന സ്ട്രോങ്ങാണോ  ?” വിവേക് ഒരു സംശയത്തോടെ ജീവനോട്‌ ചോദിച്ചു

“പേടിക്കണ്ട ...കാട്ടാന വന്നാലും തകര്‍ക്കാന്‍ പറ്റാത്ത വലയാണ് …...ഗയ്സ് ഗെറ്റ് റെഡി ...പൊസിഷന്‍സ് “ ജീവന്‍ പോലീസുക്കാര്‍ക്ക് അവരവരുടെ സ്ഥാനങ്ങളില്‍ പോയി നില്‍ക്കുവാന്‍ നിര്‍ദേശം നല്‍കി.ഉള്ളില്‍ അല്പം ഭയം ഉണ്ടെങ്കില്‍കൂടിയും അത് പുറത്ത് കാണിക്കാതെ വിവേകും കാത്തിരിക്കുകയാണ്‌  തന്‍റെ കൊലയാളി ആരെന്നറിയാന്‍  .ജീവന്‍ കൈയ്യിലെ  വയര്‍ലെസ് ചുണ്ടോട് അടുപ്പിച്ച്‌ ഹോസ്റ്റല്‍ കവാടത്തിലേയ്ക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ്.സമയം പന്ത്രണ്ടാവാന്‍ ഏതാനും നിമിഷങ്ങള്‍ ബാക്കി .അകലെ കൂമന്‍റെയും നായക്കളുടെയും ഓരിയിടല്‍ ഒരു ഓളം പോലെ റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ധ്വനിച്ചു നിന്നു.ജീവന്‍ വാച്ചിലേയ്ക്ക് നോക്കി വയര്‍ലെസ്സിലൂടെ പതിയെ ജീവന്‍ മറ്റ് പോലീസുകാരോടായി നിര്‍ദേശം നല്‍കി

“ഗയ്സ് .….സബ്ജെക്റ്റ് റീച്ച് ആവാന്‍ ഏതാനും മിനിട്ടുകള്‍ മാത്രം “

വിവേകിന്‍റെ ഹൃദയമിടിപ്പ്‌ കൂടാന്‍ തുടങ്ങി .പെട്ടന്നൊരു ഇടിവെട്ടി അതിനുപിന്നാലെ അകലെ നിന്ന് ഒരു മണിയൊച്ച അവര്‍ക്ക് കേള്‍ക്കാന്‍ തുടങ്ങി .ജീവന്‍ കണ്ണുകള്‍ കൊണ്ട് വിവേകിന് മുന്നറിയിപ്പ് നല്‍കി .ആ മണിയൊച്ച അവരുടെ അരികിലേയ്ക്ക് അടുത്തടുത്ത് വന്നു  .വിവേക് നിന്ന നില്‍പ്പില്‍ വിയര്‍ക്കാന്‍ തുടങ്ങി .ജീവനും മറ്റ് പോലീസുക്കാരും ഗേറ്റില്‍ തന്നെ നോക്കി നില്‍ക്കുകയാണ് .ഗേറ്റ് വരെ വന്ന ആ മണി ശബ്ദം പെട്ടന്ന്‍  നിലച്ചു .വിവേകും പോലീസുക്കാരും ജീവന്‍റെ മുഖത്തേക്ക് നോക്കി .ജീവന്‍ വെയിറ്റ് ചെയ്യാന്‍ എന്ന് തോന്നിപ്പിക്കും രീതിയില്‍ അവരോട് ആംഗ്യം കട്ടി . രണ്ടു നിമിഷം നിശബ്ദത .മണി ശബ്ദം ഇങ്ങോട്ട് പോയതെന്ന് അറിയാതെ അവര്‍ പരസ്പരം മുഖത്തേക്ക് നോക്കി .പെട്ടന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പോത്ത് ഹോസ്റ്റല്‍ ഗേറ്റ് ഇടിച്ച് തള്ളികൊണ്ട് അകത്തേക്ക്‌ കയറി.കഴുത്തിലൊരു മണിയും ഒറ്റക്കണ്ണ്‍ മാത്രമുള്ള  ഒരു പോത്ത്.

“ഗയ്സ് സബ്ജെക്റ്റ് ഗേറ്റ് കടന്നു “ ജീവന്‍ പോലീസുക്കാര്‍ക്ക് വയര്‍ലെസിലൂടെ ഒരുങ്ങി നില്‍ക്കാന്‍  നിര്‍ദേശം നല്‍കി വീണ്ടും .ഗേറ്റ് കടന്ന പോത്ത് ഹോസ്റ്റല്‍ കൊബൌണ്ടിന്‍റെ മധ്യത്തില്‍ നില്‍ക്കുന്ന വിവേകിന് നേരെ പായുകയാണ്

“ത്രീ ….ടു ...വണ്‍ …...ഗയ്സ് നെറ്റ്സ്സ്  “ പോത്ത് വിവേകിന്‍റെ അടുത്തെത്താറായപ്പോള്‍ ജീവന്‍ അലറികൊണ്ട് പറഞ്ഞു .ഇരുട്ടില്‍ മറഞ്ഞു നിന്നിരുന്ന പോലീസ്സുകാര്‍ ആ പോത്തിന് നേരെ വല വീശി .വിവേക് വലയില്‍ കുരുങ്ങാതെ പെട്ടന്ന് തന്നെ ഒഴിഞ്ഞുമാറി .വല കൃത്യം പോത്തിന്‍റെ മേലെ തന്നെ വന്നുവീണു .അതിന് അനങ്ങാനൊരു അവസരം കിട്ടുന്നതിന് മുന്‍പുതന്നെ  വേറെയൊരു പോലീസുക്കാരന്‍ അതിന്‍റെ കഴുത്തിലെയ്ക്കൊരു കയറിട്ട് മുറുക്കി .പോത്ത് അപ്പോഴും വിവേകിനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു .പോലീസുക്കാരന്‍ പോത്തിന്‍റെ കഴുത്തിലെ കയര്‍ വലിക്കാന്‍ നോക്കി .അത് വലിയൊരു ശബ്ദം ഉണ്ടാക്കികൊണ്ട് സര്‍വശക്തിയുമെടുത്ത് അതിന്‍റെ തലയൊന്ന് കുലുക്കി .കഴുത്തിലെ കയറില്‍ പിടിച്ചു നിന്നിരുന്ന പോലീസുക്കാരന്‍ തെറിച്ചു വീണു .പിറകിലേയ്ക്ക് രണ്ടു ചുവടുകള്‍ വെച്ചതിനുശേഷം അത്  വീണ്ടുമൊന്ന് അലറി  .പിറകില്‍ നില്‍ക്കുന്ന രണ്ട്  പോലീസുക്കാരെ തൊഴിച്ചതിനുശേഷം സര്‍വശക്തിയുമെടുത്ത് അത് വിവേകിന് നേരെ പാഞ്ഞു .കാട്ടാന വന്നാലും ഒന്നും സംഭവിക്കില്ലെന്ന് ജീവന്‍ പറഞ്ഞ വല ആ ശക്തിയ്ക്ക് മുന്നില്‍ എത്ര ക്ഷണങ്ങള്‍ ആയെന്ന്‍  നിശ്ചയമില്ല  .തന്‍റെ നേരെ പാഞ്ഞു വരുന്ന പോത്തിനെ കണ്ട് വിവേകും ഓടി. കൊബൌണ്ടും കടന്നും ഓടി അതിനുപിന്നാലെ പോത്തും പോത്തിന്‍റെ പിന്നാലെ ജീവനും മറ്റ് പോലീസുക്കാരും .ഇരുട്ട് നിറഞ്ഞ റബ്ബര്‍ മരങ്ങള്‍ക്കിടയിലേയ്ക്കായിരുന്നു വിവേക് ഓടിക്കയറിയത്  .ആ സമയം നല്ല മിന്നലും ഇടിവെട്ടും ഉണ്ടായിരുന്നു .ദിക്കറിയാതെ ഓടിയ വിവേക് എവിടെയോ തട്ടി നിലത്തുവീണു .എഴുന്നേല്‍ക്കാന്‍ തുടങ്ങിയതും തൊട്ടുപിന്നില്‍ തന്നെ ഉണ്ടായിരുന്ന പോത്ത് വിവേകിനെ ഇടിച്ച് തെറിപ്പിച്ചു .ആ സമയം  ജീവനും മറ്റ് പോലീസുക്കാരും വളരെയകലെയായിരുന്നു .വിവേക് വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ വീണ്ടും ശ്രമം നടത്തിയെങ്കിലും പോത്തിന്‍റെ നില്‍പ്പ് കണ്ട് ഭയന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു .മിന്നലിന്‍റെ വെളിച്ചത്തില്‍ ഭീതി നിറഞ്ഞ മുഖത്തോടെ വിവേക് തന്‍റെ ജീവനുവേണ്ടി പോത്തിനോട് യാചിച്ചു .പോത്ത് തലക്കുലുക്കി കൊണ്ട് വിവേകിനെ വലയം വെക്കാന്‍ തുടങ്ങി .ഓടാന്‍ പറ്റാതെ ,എന്ത് ചെയ്യണം എന്നറിയാതെ അകലെ നിന്ന് ഓടിവരുന്ന ജീവനെയും പോലീസുക്കാരെയും നോക്കി വിവേക് .വിവേകിനെ വലം വെയ്ക്കുന്നതിനിടയില്‍ തല കുലുക്കികൊണ്ട് അലറുന്നുണ്ടായിരുന്നു പോത്ത് .ജീവനും പോലീസുക്കാരും അടുത്തെത്താറായപ്പോള്‍ പോത്ത് വലയം വെക്കുന്നത് നിറുത്തി പതിയെ വിവേകിന്‍റെ അടുത്തേയ്ക്ക് ചുവടുവെച്ചു .അതിന്‍റെ തല വിവേകിന്‍റെ മുഖത്തോട് ചേര്‍ത്ത് നിറുത്തി .വിവേക് പേടിച്ച്  ഒരടി പിറകിലേക്ക് നീങ്ങി .മിന്നലിന്‍റെ വെളിച്ചത്തില്‍ ഒരു മയില്‍പ്പീലി പോത്തിന്‍റെ തലയ്ക്ക് മുകളില്‍ വായുവിലൂടെ വന്നുനിന്നത് വിവേക് കണ്ടു .അപ്പോഴേക്കും ജീവനും പോലീസുകാരും വിവേകിന്‍റെ അടുത്തേക്ക് എത്തിയിരുന്നു.നിലത്തേയ്ക്ക് വീഴാതെ വായുവില്‍ നില്‍ക്കുന്ന മയില്‍പ്പീലി കണ്ട് അവരും  അമ്പരന്നു .പെട്ടന്ന്‍ വീണ്ടും ഇടിവെട്ടി ശക്തമായി മഴ പെയ്യാന്‍ തുടങ്ങി .മഴത്തുള്ളി പോത്തിന്‍റെ മുകളില്‍ പതിച്ചതും അതിന്‍റെ രൂപം മാറുവാന്‍ തുടങ്ങി .പോത്ത് നിന്നിടത്ത് പൂര്‍ണ്ണ നഗ്നനായി മയില്‍പ്പീലി കൈയില്‍ പിടിച്ചുകൊണ്ട് ഒരു വയസ്സനായ ഒരാള്‍ .എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ വിവേകും ജീവനും പോലീസുക്കാരും അമ്പരന്നു നില്‍ക്കെ അയാള്‍ ആ മയില്‍പ്പീലി വിവേകിന് നേരെ നീട്ടി .വിവേക് ചാടി കയറി അയാളുടെ കയ്യില്‍ കയറിപിടിച്ചു .ജീവനും പോലീസുക്കാരും അയാളുടെ നേര്‍ക്ക് ചാടിവീണു .അയാളുടെ കയ്യില്‍ നിന്ന് മയില്‍പ്പീലി നിലത്തുവീണു 

“പരട്ടുകിളവാ….എന്ന കൊല്ലണമല്ലെ …...താനാരാടോ  അനന്തഭദ്രത്തിലെ ദിഗംബരനോ രൂപം മാറാന്‍ “ വിവേക് പറയലും അയാളുടെ മുഖംനോക്കി ഒന്നുകൊടുക്കലും കഴിഞ്ഞിരുന്നു .അയാളുടെ ചുണ്ടില്‍ ചോര പൊട്ടി .അയാള്‍ വിവേകിനെ തുറിച്ചുനോക്കി .പോലീസുകാര്‍ കൈകള്‍ പിടിച്ചതുകൊണ്ട്  അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്‌ അയാള്‍ക്ക്

“എന്താടാ കിളവാ  തുറിച്ച് നോക്കുന്നത് “അയാളുടെ മുഖത്ത് വീണ്ടും വിവേകിന്‍റെ കരങ്ങള്‍ പതിഞ്ഞു .അയാള്‍ ചിരിച്ചുകൊണ്ട് വായില്‍ നിന്ന് രക്തം അവന്‍റെ മുഖത്തേക്ക് തുപ്പി

“കണ്ടില്ലേ കിളവന്‍റെ അഹങ്കാരം …..പിടിച്ച് ജയില്‍ അടയ്ക്ക് സാറെ “ വിവേക് ജീവനെ നോക്കി പറഞ്ഞു

“അറസ്റ്റ് ഹിം “ പോത്തിന്‍റെ രൂപമാറ്റം കണ്ട് അമ്പരന്നു നില്‍ക്കുകയായിരുന്ന ജീവന്‍ പോലീസുകാരോടായി പറഞ്ഞു .പോലീസുകാര്‍ അയാളെ കൈവിലങ്ങിട്ട്‌ ജീപ്പിലെയ്ക്ക് വലിച്ചുകൊണ്ട് പോയി .വലിച്ചുകൊണ്ട് പോവുമ്പോഴും അയാള്‍ വിവേകിനെ നോക്കുന്നുണ്ടായിരുന്നു അടങ്ങാത്ത പകയോടെയുള്ള ഒരു നോട്ടം

---------------------------------------------------

പോലീസ് സ്റ്റേഷന്‍

 

“ഇയാള്‍ക്ക് ഉടുക്കാന്‍ എന്തെങ്കിലും കൊടുത്ത് എന്‍റെ റൂമിലേക്ക്‌ കൊണ്ടുവാ “ ജീവന്‍ ഒരു പോലീസുകാരനോട്‌ പറഞ്ഞു .നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസുകാരന്‍ അയാളെ ജീവന്‍റെ റൂമിലേക്ക്‌ എത്തിച്ചു.അയാളുടെ ചുണ്ടില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു

“ആരാണ് നിങ്ങള്‍? ...എന്തിനാണ് അജയെയും റോയിയെയും കൊന്നത് ?...എന്തിനാണ് വിവേകിനെ കൊലപ്പെടുത്താന്‍ നോക്കിയത് ? “ അയാള്‍ ജീവന്‍റെ ചോദ്യത്തിന് മറുപടി നല്‍കിയില്ല

“ഹേയ് മിസ്റ്റര്‍ ...നിങ്ങളോടാണ്‌ ചോദിച്ചത് ….നിങ്ങളാണ് അവരെ കൊന്നതിന് പൂര്‍ണമായ തെളിവുകള്‍ ലഭിച്ചാണ്  ഞാന്‍ ചോദിക്കുന്നത് ….ആരാണ് നിങ്ങള്‍ ? എന്താണ് നിങ്ങളുടെ പേര്‍ ? എന്തിനാണ് അവരെ കൊന്നത് ?...നിങ്ങള്‍ ഇനിയും വായ തുറന്നില്ലെങ്കില്‍ ….ഞങ്ങള്‍ക്ക് നിര്‍ബന്ധിച്ചു തുറപ്പിക്കെണ്ടിവരും ….അത് നിങ്ങള്‍ക്ക് അത്ര നല്ലതായിരിക്കില്ല …..പറയു ആരാണ് നിങ്ങള്‍ ? “ അയാള്‍ കുറച്ച് വെള്ളം വേണമെന്ന്‍ ആംഗ്യം കാട്ടി .ജീവന്‍ അയാള്‍ക്ക് ഒരു ഗ്ലാസ്സില്‍ വെള്ളം നല്‍കി.

“മണിയന്‍ ….മണിയന്‍ എന്നാണ് സാര്‍ എന്‍റെ പേര് ….ജനിച്ച സ്ഥലം കുറച്ച് വടക്കാണ്‌ ….ഇവിടെ റബ്ബര്‍ ടാപ്പിങ്ങിനായി വന്നതാണ്‌ “ അയാള്‍ സംസാരിക്കാന്‍ തുടങ്ങി

“ശരി …..എന്തിനാണ് അജയെയും റോയിയെയും നിങ്ങള്‍ കൊലപ്പെടുത്തിയത് “ .അയാള്‍ വെള്ളം ഗ്ലാസ്സ് പെട്ടന്ന്‍ മേശയില്‍ വെച്ചു .അയാളുടെ മുഖം മാറുന്നത് ജീവന്‍ ശ്രദ്ധിച്ചു .അയാളുടെ കണ്ണില്‍ നിന്ന് ഒരിറ്റ്  കണ്ണീര്‍ തറയില്‍ വന്നുപ്പതിച്ചു .അയാള്‍ ലക്ഷ്മി എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കരയാന്‍ തുടങ്ങി

----------------------------------------------------

അജയ് കൊല്ലപ്പെടുന്നതിന് ഒരു മാസം മുന്‍പ്

 

“ലക്ഷ്മി …..ലക്ഷ്മി ……...എവിടെയാ നീ “ കയ്യിലൊരു പൊതിയുമായി മണിയന്‍ ലക്ഷ്മിയെ വിളിച്ചു

“ഞാന്‍ ഇവിടെ ഉണ്ട് ഏട്ടാ “ അടുക്കളയില്‍ നിന്ന് ലക്ഷ്മിയുടെ മറുപടി വന്നു

“നീയൊന്ന് ഇങ്ങോട്ട്  വന്നേ  “

“ഞാന്‍ ഇവിടെ തേങ്ങ അരയ്ക്കുകയാ ..ഇപ്പോ വരാന്‍ പറ്റില്ല “

“അതൊക്കെ പിന്നെ അരയ്ക്കാം ….നീയൊന്ന്  ഇങ്ങോട്ട് വന്നേ  വേഗം “

“ഈ മനുഷ്യന്‍റെ ഒരു കാര്യം “ ലക്ഷ്മി മണിയന്‍റെ അടുത്തേക്ക് വന്നു

“എന്തിനാ ഇങ്ങനെ കിടന്നുവിളിക്കുന്നത് ….എന്താണ് കാര്യം “ അവള്‍ കുറച്ച് ദേഷ്യത്തോടെ മണിയനോട് ചോദിച്ചു

“നീ ഒന്ന്‍ കണ്ണടച്ചേ “ മണിയന്‍ അവളോട്‌ കണ്ണടയ്ക്കാന്‍ പറഞ്ഞു

“കണ്ണടയ്ക്കാനൊ …..ഏട്ടന്‍ ഒന്ന് മിണ്ടാതെ പോയെ …..എനിയ്ക്ക് അവിടെ ഒത്തിരി പണിയുണ്ട് ….കൊഞ്ചിക്കൊഞ്ചി നില്‍ക്കാന്‍ ഇപ്പോ സമയമില്ല “

“നീ കണ്ണടയ്ക്ക്ക് ….ഒരു കാര്യം ഉണ്ടന്നേ  “ മണിയന്‍ ലക്ഷ്മിയോട് വീണ്ടും കണ്ണുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടു .മണിയന്‍ ആവശ്യപ്പെട്ടപ്പോലെ ലക്ഷ്മി കണ്ണുകള്‍ അടച്ചു  .മണിയന്‍ കൈയില്‍ ഉണ്ടായിരുന്ന പൊതിയഴിച്ച് അതില്‍ നിന്ന് ചെറിയൊരു സ്വര്‍ണമാല പുറത്തേക്ക് എടുത്തു

“ഇനി കൈനീട്ടിയെ….” ലക്ഷ്മി കൈ നീട്ടി.മണിയന്‍ അവളുടെ കൈവെള്ളയില്‍  ആ സ്വര്‍ണമാല  പതിയെ വെച്ചു .

“ഇനി കണ്ണ് തുറന്നോ “ അവള്‍ കണ്ണ് തുറന്നു

“ഇതാര്‍ക്കാ മണിയേട്ടാ …..എനിക്കാണോ  ?”

“അതെ …...ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത എന്താണെന്ന് ഓര്‍മ്മയുണ്ടോ ലക്ഷ്മി ? ….ഇന്നേക്ക്  മുപ്പത് കൊല്ലം കഴിഞ്ഞിരിക്കുന്നു എന്‍റെ താലി നിന്‍റെ കഴുത്തില്‍ വീണിട്ട് “

“എന്നാലും വേണ്ടായിരുന്നു മണിയേട്ടാ …...ഒരുപാട് കാശായി കാണില്ലെ ?”

“കൊച്ചുങ്ങള്‍ ഇല്ലാത്ത നമ്മള്‍ക്ക് എന്തിനാ സമ്പാദ്യം ലക്ഷ്മി….കാശൊന്നും നോക്കിയില്ല  “ അത് പറഞ്ഞപ്പോള്‍ ലക്ഷ്മിയുടെ മുഖം വാടി .

“നീ ആ മാലയോന്ന് ഇട്ടുനോക്കിയെ ...ഭംഗിയുണ്ടോയെന്ന് നോക്കട്ടെ “

“ഞാന്‍ കൈ കഴുകിയിട്ടില്ല ഏട്ടാ ..”

“ഇവിടെ വാ ഞാന്‍ ഇട്ടുതരാം “മണിയന്‍ മാല അവളുടെ കഴുത്തിലെയ്ക്ക് ഇട്ടുകൊടുത്തു

“എങ്ങനെ ഉണ്ട് ഇഷ്ടായോ “

“ഇഷ്ടായി ഏട്ടാ ….ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഒരു സ്വര്‍ണമാല ….ഒരുപാട് ഇഷ്ടായി “ അവള്‍ ചിരിച്ചുകൊണ്ട് മണിയനോട് പറഞ്ഞു

“ഇന്ന് രാത്രി നമ്മുക്ക് പട്ടണത്തില്‍  നിന്ന് ഭക്ഷണം  കഴിക്കാം ….നിന്‍റെ ഇഷ്ടപ്പെട്ട ലാലേട്ടന്‍റെ ഒരു പടവും ടാക്കിസില്‍  വന്നിട്ടുണ്ട് അതും കാണാം …..സന്തോഷമായോ “ ലക്ഷ്മി സന്തോഷമായെന്ന് തലയാട്ടി.

അന്ന് രാത്രി ടൌണില്‍ നിന്ന് വരുകയായിരുന്നു മണിയനും ലക്ഷ്മിയും .റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള ആ പാതയില്‍ അവര്‍ കൈകള്‍ പിടിച്ചുകൊണ്ട് നടന്നു

“മാല എനിയ്ക്ക് ഒത്തിരി  ഇഷ്ടായി മണിയേട്ട “ മാലയില്‍ പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു

“അപ്പൊ നിന്‍റെ മണിയേട്ടനെ നിനക്ക് ഇഷ്ടായില്ലേ ഇത്രക്കാലമായിട്ടും….മാല മാത്രമാണോ നിനക്ക് ഇഷ്ടായത്  “ മണിയന്‍ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു

“പോ അവിടുന്ന് “ ലക്ഷ്മി മണിയന്‍റെ കൈയില്‍ നുള്ളികൊണ്ട്‌ പറഞ്ഞു .അതിനിടയില്‍  രണ്ട് ബൈക്കുകള്‍ അവരെ കടന്ന് വേഗത്തില്‍ പോയി .പക്ഷെ മുന്നില്‍ പോയ ബൈക്ക് അവരെ കണ്ടപ്പോള്‍ പെട്ടന്ന്‍ ബ്രേക്കിട്ട് നിറുത്തി അത് കണ്ട് അതിന് പിന്നിലുള്ള മറ്റേ ബൈക്കും നിറുത്തി .പിന്നിട്  അവരുടെ അടുത്തേയ്ക്ക് തിരിച്ച്  വന്നു .മുന്നിലെ ബൈക്ക് ലക്ഷ്മിയുടെ അടുത്തേക്ക് പതിയെ വന്നു  ബൈക്കിന്‍റെ പിറകില്‍ ഇരുന്നവന്‍  അവളുടെ കഴുത്തിലെ മാലയില്‍ കയറിപ്പിടിച്ചു .അതെ സമയം പിന്നില്‍ വന്നിരുന്ന ബൈക്കുക്കാരന്‍ ബൈക്ക് കൊണ്ട് മണിയനെ ഇടിച്ച് തെറിപ്പിച്ചു . ലക്ഷ്മി മാലയില്‍ മുറുക്കിപ്പിടിച്ചു .ബൈക്കില്‍ ഇരുന്നവന്‍ അവളെ തള്ളി താഴേയ്ക്ക് ഇടാന്‍ നോക്കിയെങ്കിലും മാലയില്‍ അവളുടെ പിടിത്തം ശക്തമായിരുന്നു .പെട്ടന്ന്‍ പിറകില്‍ നിന്ന് മണിയനെ ഇടിച്ചിട്ട അതെ ബൈക്കുക്കാരന്‍ അവളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .അവള്‍ തെറിച്ചു റോഡില്‍ വീണു. സഹായത്തിനായി അവള്‍  മണിയനെ വിളിക്കുന്നുണ്ടെങ്കിലും ഇടിയുടെ ആഘാതത്തില്‍ അയാളുടെ കാലുകള്‍ ഒടിഞ്ഞ് എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം അയാളും അവളെ നോക്കി കരയുകയായിരുന്നു .ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടശേഷം ബൈക്കില്‍ നിന്ന് ഒരുവന്‍ ഇറങ്ങി  ലക്ഷ്മിയുടെ അടുത്തേക്ക് നടന്നു .അയാള്‍ അവളുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാനോരുങ്ങി .തലയില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടെങ്കിലും ലക്ഷ്മി പരമാവധി ശക്തിയില്‍  മാല മുറുക്കിപ്പിടിച്ചു .അപ്പോള്‍ വേറെയൊരുത്തന്‍ മണിയന്‍ നോക്കിനില്‍ക്കെ ലക്ഷ്മിയുടെ തലയില്‍ വലിയൊരു കല്ല്‌ എടുത്ത്  വളരെ ശക്തിയില്‍ ഒരറ്റയടി  .ഒരു പിടച്ചില്‍ മാത്രം പിന്നെ അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു .

മണിയന്‍ ലക്ഷ്മിയെന്ന് വിളിച്ച് ഉറക്കെ കരഞ്ഞെങ്കിലും കാര്യമുണ്ടായില്ല .അവര്‍ അവളുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുത്തു ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് പോയി.മണിയന്‍ ഇഴഞ്ഞുകൊണ്ട് ലക്ഷ്മിയുടെ അടുത്തേക്ക് നീങ്ങി.അയാള്‍ ലക്ഷ്മി ലക്ഷ്മിയെന്ന് വിളിച്ചു നോക്കിയെങ്കിലും ലക്ഷ്മി മരിച്ചിരുന്നു .

“ലക്ഷ്മി ……….” അയാളുടെ നിലവിളി റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മാത്രമായി അവസാനിച്ചു

-------------------------------------------

“അതെ അതിലെ രണ്ടുപേരെ ഞാന്‍ തന്നെയാ കൊന്നത് ………നാടിന്‍റെ പുരോഗതിയ്ക്ക്  വേണ്ടി അഹോരാത്രം കഷ്ടപ്പെട്ടവരെയല്ല  ഞാന്‍ കൊന്നത് ….പോക്കറ്റ്‌ മണിക്കും കഞ്ചാവിനും മദ്യത്തിനും  വേണ്ടി എന്ത് തോന്ന്യാസവും തെണ്ടിത്തരവും ചെയ്തിരുന്ന ക്രിമിനലുകളെയാണ്   …..ഇനി ഒരുത്തന്‍ കൂടി ബാക്കിയുണ്ട് …...അവനെ …..അവനെ …..എന്‍റെ ലക്ഷ്മിയെ …..തീര്‍ക്കും അവനെയും  ഞാന്‍ “ മണിയന്‍ വല്ലാത്തൊരു പ്രതികാരം നിറഞ്ഞ ഭാവത്തോടെ ജീവനോട് പറഞ്ഞു

“സോറി മണിയന്‍ ….സംഭവിക്കാന്‍ പാടില്ലാത്തതാണ് താങ്കള്‍ക്ക് സംഭവിച്ചത് …. ഒന്ന് ചോദിച്ചോട്ടെ ….. പോത്തിന്‍റെ രൂപത്തില്‍ വന്നാണ് നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിരിക്കുന്നത് …...നിങ്ങള്‍ എങ്ങനെ പോത്തായി മാറുന്നു ? “ ജീവന്‍ ഒരു സംശയത്തോടെ മണിയനോട് ചോദിച്ചു .അത് കേട്ടതും അയാള്‍ അട്ടഹസിക്കാന്‍ തുടങ്ങി

“പറയു ….എങ്ങനെയാണ് നിങ്ങളൊരു പോത്തായി മാറിയത് “

“പണ്ട് …..ജാതിവ്യവസ്ഥയും നിറത്തിന്‍റെ അടിസ്ഥാനത്തില്‍ വിവേചനവും  നിലനിന്നിരുന്ന കാലത്ത്  …..തന്നെ ദ്രോഹിച്ച ജന്മിമാരെയും ഉന്നത ജാതിയില്‍പ്പെട്ടവരയും  തിരിച്ചൊന്നും ചെയ്യാനാകാതെ മനംനൊന്ത്  ഒരു പാണന്‍ തന്‍റെ വിഷമം പറയാനും പ്രാര്‍ത്ഥിക്കാനും വേണ്ടി കളിമണ്ണ്‍ കൊണ്ടൊരു രൂപം ഉണ്ടാക്കി .തന്‍റെ കറുത്ത നിറം ആ  രൂപത്തിന്  കിട്ടാനായി തീയില്‍ ചുട്ടെടുത്ത് കറുപ്പ് നിറം വരുത്തി ആ രൂപത്തെ പാണന്‍  ഉപാസിക്കാന്‍ തുടങ്ങി .പ്രാര്‍ത്ഥനയുടെ ശക്തികൊണ്ട് ഉപാസനമൂര്‍ത്തി പാണന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.തന്‍റെ വിഷമം അറിയിച്ച പാണന് മൂര്‍ത്തിയൊരു വിദ്യ പറഞ്ഞു കൊടുത്തു ….തന്നെ ദ്രോഹിക്കുന്നവരെ തിരിച്ചും എന്തെങ്കിലും ചെയ്യാനുള്ള ഒരു വിദ്യ …….ഒടിവിദ്യ …..ഒടിമരുന്ന് ചെവിയുടെ പിന്നില്‍ പുരട്ടിയാല്‍  നമ്മള്‍ വിചാരിക്കുന്ന രൂപത്തിലേയ്ക്ക് മാറുവാനാകും ….ഇരുട്ടില്‍ മാത്രമേ ഈ വിദ്യ ഫലിക്കുകയുള്ളൂ ……ഇഷ്ട രൂപത്തില്‍ വന്ന് വടിയോ  വടിപ്പോലെ എന്തെങ്കിലും എടുത്തുകൊണ്ട് ശത്രുവിനെ നോക്കി ഒരു മന്ത്രംചൊല്ലിയാല്‍ ശത്രുവിന്‍റെ നട്ടെല്ലും അസ്ഥികളും ഒടിഞ്ഞ് പോകും …..അതുകൊണ്ടാണ് ഇതിനെ ഒടിവിദ്യ എന്ന് പറയുന്നത് ….  .ഈ മൂന്ന് പേരേ   എന്‍റെ ഈ ശരീരംകൊണ്ട്   ഒന്നും ചെയ്യാനാകില്ല എന്നറിയാം ….വയസ്സായില്ലേ ….അവരെ നേരിടാനുള്ള ശക്തിയില്ല  ഈ ശരീരത്തിന് …...എന്‍റെ ലക്ഷ്മിയെ കൊന്നവരെ വെറുതെ വിടാനും  ഞാന്‍ ഒരുക്കമായിരുന്നില്ല .....അത് കൊണ്ടാണ് ഒടിവേഷം കെട്ടിയതും കൊലനടത്തിയതും ...പക്ഷെ ഇന്നലെ ...മഴ പെയ്തപ്പോള്‍ മഴത്തുള്ളികള്‍ ചെവിയുടെ ഭാഗങ്ങളില്‍ വീണതുകൊണ്ട്   ഒടിമരുന്ന് ഒലിച്ചുപോയി …. അങ്ങനെയാണ് മനുഷ്യ രൂപത്തില്‍ നിങ്ങള്‍ എന്നെ പിടിച്ചതും  ….. അവന്‍ രക്ഷപ്പെട്ടതും  “ മണിയന്‍ പറഞ്ഞുനിര്‍ത്തിയതും ജീവന്‍റെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി

“ഓ മൈ ഗോഡ് ...എപ്പോ….ഇതാ പുറപ്പെടുകയാണ്  “ ജീവന്‍ ഫോണിലൂടെ പറഞ്ഞു .

“ഹോസ്റ്റലില്‍ നിന്നാണ് കോള്‍ …..വിവേക് കൊല്ലപ്പെട്ടു “ ജീവന്‍ മണിയനോട് പറഞ്ഞു .അത് കേട്ടപ്പോള്‍ അയാള്‍ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു

“ഒടിയന്മാര്‍ ഇനിയും ജനിക്കും"

സ്വപ്ന ശലഭം

സ്വപ്ന ശലഭം

അടിയാധാർ

അടിയാധാർ