Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

ആത്മനിർവ്വേദങ്ങളുടെ താഴ്വര

ആത്മനിർവ്വേദങ്ങളുടെ താഴ്വര

അസ്തമയ സൂര്യന്റെ വേർപാട് നോക്കി, നെറ്റിയിൽ സിന്ദൂരം വാരിവിതറി നിൽക്കുന്ന രുംതേക് താഴ്വരയിലെ ഒരു  മൊണാസ്ട്രിയിൽ വച്ചാണ് രവി  മീരയെ  കണ്ടുമുട്ടിയത് . ഏറെ നാളായിരിക്കുന്നു അവർ തമ്മിൽ കണ്ടിട്ട് ..  മീരയുടെ നെറ്റിയിലും അസ്തമയ സൂര്യന്റെ അരുണിമയാണോ താൻ കാണുന്നതെന്ന് ഉറപ്പു വരുത്താൻ അയാൾ ശ്രമിച്ചു. രവി തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കി പുഞ്ചിരിച്ചു കൊണ്ട്  മീര ചോദിച്ചു

 "എന്താ രവി, ഇങ്ങനെ ആളുകളെ കാണാത്തതു പോലെ നോക്കുന്നത് ? " അയാളുടെ  മനസ്സറിയാനായി തിടുക്കം കൂട്ടിയ കാര്യം പിന്നീട് അവൾ പറഞ്ഞു.

 "ഒരു വർഷമായി കല്യാണം കഴിഞ്ഞിട്ട്.."  രവി ജാള്യതയോടെ ചിരിച്ചു.

 "ഭർത്താവ്??" അയാൾ ചോദിച്ചു .

 "ബാങ്ക് മാനേജർ ആണ് "

"ഇവിടെ ?"

"ഒരു നോർത്ത് ഈസ്റ്റ് ടൂർ പാക്കേജിന്റെ ഭാഗമായി വന്നതാണ് ." മീര പറഞ്ഞു.

"ഞാനും ഒരു യാത്രയിൽ ആണ് .." രവി പറഞ്ഞു.

മീരയുടെ ഭർത്താവിനെ എവിടെയും കാണാൻ കഴിഞ്ഞില്ല . എവിടെയാണെന്ന് ചോദിയ്ക്കാൻ രവി ഒരുങ്ങിയെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. ഇപ്പോൾ തന്നെ ഒരുപാട് ചോദ്യങ്ങളായി.  മീര എന്തു വിചാരിക്കും..? എന്നാലും അയാൾക്ക്‌ അവളിൽ നിന്ന് കണ്ണെടുക്കാൻ കഴിഞ്ഞില്ല . ഇളം മഞ്ഞ ഷിഫോൺ സാരിയിൽ അവൾ ഒരു കണിക്കൊന്നയെ പോലെ പൂത്തുലഞ്ഞു നിന്നു. ചന്ദനത്തിന്റെ മണമുള്ള പെർഫ്യൂം ആണ് അവൾ ഇപ്പോളും ഉപയോഗിക്കുന്നത് . അവളുടെ മാറിൽ പുതച്ച പഷ്മിന ഷാളിലെ  കടും ചുവപ്പു പൂക്കൾ അവളുടെ ശ്വാസഗതിക്കു അനുസരിച്ചു ഉയരുകയും താഴുകയും ചെയ്തു. രവി പെട്ടെന്ന് തന്റെ കണ്ണുകൾ പിൻവലിച്ചു .

ഛെ! തനിക്കെന്താണ് പറ്റിയത്? മീര ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്.

"മീര ആളാകെ മാറിയിരിക്കുന്നു " വിഷയം മാറ്റാനെന്ന വണ്ണം രവി പറഞ്ഞു .

മീര ഒരു നിമിഷത്തേക്ക് നിശബ്ദയായി.

"രവി ആഗ്രഹിച്ചിരുന്നത് പോലുള്ള മാറ്റമാണോ?" അവൾ ചോദിച്ചു.

രവി ആകെ വല്ലാതായി . അവളുടെ കണ്ണുകൾ അയാളെ കൊത്തി വലിക്കുന്നത് പോലെ രവിക്ക് തോന്നി .

"ഞാൻ പോകട്ടെ.. പറ്റിയാൽ പോകുന്നതിനു മുൻപ് കാണാം.. " മീര പറഞ്ഞു . എന്നിട്ടു തിടുക്കത്തിൽ നടന്നു നീങ്ങി . മീര അകന്നകന്നു ദൂരെ സൂര്യനോടൊപ്പം അസ്തമിക്കുന്നത് വരെ രവി അവളെ നോക്കി നിന്നു. മനസ്സ് നഷ്ടബോധം പോലെ തോന്നുന്ന ഒരു വികാരം കടഞ്ഞെടുത്തു രവിക്ക് സമ്മാനിച്ചു . അന്ന് രാത്രി നന്നായി മദ്യപിച്ചിട്ടാണ് രവി ഉറങ്ങാൻ കിടന്നത്.

രവിയുടെ ശരീരത്തിൽ ഇപ്പോൾ  കടും ചുവപ്പു പൂക്കൾ തുന്നിയ ഒരു പഷ്മിന ഷാൾ  ഇഴഞ്ഞു നടക്കുകയാണ് . ഒരു കരിനാഗത്തെ പോലെ സീല്ക്കരിച്ചു കൊണ്ട് അത് മദ്യത്തിന്റെ മണമുള്ള അയാളുടെ  നിശ്വാസങ്ങൾ മുഴുവൻ ഒപ്പിയെടുത്തു. പതുക്കെ പതുക്കെ മുറിയിൽ ചന്ദന തൈലത്തിന്റെ മണം കുമിഞ്ഞു കൂടുവാൻ തുടങ്ങി. രവിക്ക് മത്തു പിടിച്ചു , തലച്ചോറിനുള്ളിൽ ഒരായിരം  മിന്നൽ പിണറുകൾ... രവി നിലവിളിക്കാൻ ശ്രമിച്ചു "മീരാ..." എന്നാൽ ശബ്ദം പുറത്തു വരുന്നില്ല…….

റിസപ്ഷനിൽ നിന്നുള്ള ഫോൺ ശബ്ദിച്ചപ്പോൾ രവി ഞെട്ടി എഴുന്നേറ്റു.

"സർ , ഒരു ഗസ്റ്റ് ഉണ്ട്. "

അങ്ങേത്തലക്കൽ നിന്നും റിസെപ്ഷനിസ്റ് വിളിച്ചു പറഞ്ഞു. അയാൾ പതുക്കെ എണീറ്റു . ആകെ വിയർത്തിരിക്കുന്നു . തലേന്നത്തെ ഉറക്കം ഒട്ടും ശരിയായിട്ടില്ല . സമയം രാവിലെ ഒൻപതര. ധൃതിയിൽ റെഡി ആയി താഴേക്കു ചെന്നപ്പോൾ അവിടെ അയാളെ നോക്കി മീര നിൽക്കുന്നുണ്ടായിരുന്നു . ആകാശ നീല നിറത്തിലുള്ള ഒരു കോട്ടൺ സാരി ആണ് വേഷം . തനിക്കു ചേരുന്ന നിറങ്ങൾ തിരഞ്ഞെടുക്കാൻ മീരയുടെയത്ര മിടുക്കു വേറെയാർക്കും ഉണ്ടായിരുന്നില്ല... അതെ മിടുക്കോടെ അവൾ ആളുകളെയും തിരഞ്ഞെടുത്തിരുന്നെങ്കിൽ....

"എന്താ സർ ?  ഇത്രയും വൈകിയാണോ എന്നും എഴുന്നേൽപ്പ്?" അവൾ പുഞ്ചിരിയോടെ ചോദിച്ചു. രവിക്കു വിശ്വസിക്കാൻ സാധിച്ചില്ല. മീര തന്നെ തിരക്കി വരും എന്ന് അയാൾ ഒട്ടും തന്നെ കരുതിയിരുന്നില്ല. യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ മീരയുടെ മുഖത്തുണ്ടായ പരിഭ്രമം രവി കണ്ടതാണ്. കാണേണ്ടിയിരുന്നില്ല എന്നപോലെ . എന്നാൽ ഇപ്പോളിതാ മീര തന്നെ തിരക്കി വന്നിരിക്കുന്നു .

"മീര എന്താ ഇവിടെ?"

"അതെന്താ? എനിക്കിവിടെ വരാൻ പാടില്ലേ ?" മീര ചോദിച്ചു.

"അതല്ല.! ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല . "

"ശരി .! എന്നാൽ നമുക്ക് പോവാം ?" അവൾ ചോദിച്ചു .

"എങ്ങോട്ട്?"

"അത് ശരി ! ഇവിടം വരെ വന്നത് ഹോട്ടൽ മുറിയിൽ കിടന്നു ഉറങ്ങി തീർക്കാനാണോ ?"

"...മീര.. മീരയെന്നാണ് തിരിച്ചു പോകുന്നത് ?"

"ഓഹോ ! ഞാൻ തിരിച്ചു പോയിട്ടേ ഇനി പകൽ വെളിച്ചം കാണൂ ?" അവൾ കളിയാക്കി ചിരിച്ചു .

"അങ്ങനെയൊന്നുമില്ല .. മീര പൊയ്ക്കൊള്ളൂ . എനിക്ക് നല്ല തലവേദന " രവി താഴേക്കു നോക്കി പറഞ്ഞു.

"ഇന്നലെ നല്ലതു പോലെ അകത്താക്കിയോ? അതാവും " മീര പറഞ്ഞു . രവിക്ക് അരോചകമാവാൻ തുടങ്ങി .

 "മനസ്സിൽ ഒരുപാട് ശ്രമപ്പെട്ടു കൊട്ടിയടച്ച ചില വാതിലുകൾ ഇവൾ തുറക്കാൻ ശ്രമിക്കുകയാണോ ?’.  രവി  മനസ്സിൽ പറഞ്ഞു . മീര വിടുന്ന മട്ടില്ല . അവൾ പിന്നെയും നിർബന്ധിച്ചപ്പോൾ അയാൾ അവളുടെ  കൂടെ പുറത്തേക്കു  ഇറങ്ങി.

*************

 ടീസ്റ്റ നദിക്കരയിലെ മഞ്ഞയും പച്ചയും ചുവപ്പും നിറം കലർന്ന പ്രാർത്ഥനാ പതാകകൾക്കു ചുവട്ടിൽ അവർ ഇരുന്നു . തന്റെ പേരിൽ മനുഷ്യർ ഉണ്ടാക്കിയ  കരാറുകളെയൊന്നും വകവയ്ക്കാതെ ഒരു തപസ്വിനിയുടെ സൗമ്യതയോടെ ടീസ്റ്റ നദി അവരുടെ മുന്നിലൂടെ ഒഴുകി . നദിയുടെ മറുകരയ്ക്കൽ ഉറുമ്പിൻ കൂട്ടങ്ങളെ പോലെ ചുവന്ന അംഗവസ്ത്രം ധരിച്ച ബുദ്ധസന്യാസിമാർ  വരിയിൽ നടന്നു പോകുന്നുണ്ടായിരുന്നു .  ദൂരെ റുംതേക് മൊണാസ്ട്രയിൽ നിന്നും തിങ്ങ്ഷ, റാഗ്-ദുങ് എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ബുദ്ധമത  പ്രാർത്ഥനകൾ അലയടിച്ചു കൊണ്ടിരുന്നു.  എന്തു  പറയണം എന്നറിയാതെ , ഔപചാരികതയുടെ മേൽക്കുപ്പായം ധരിച്ചു തങ്ങളെ അതിനുള്ളിൽ ഒളിപ്പിച്ചു വെച്ച് അവർ രണ്ടു പേരും മൗനമായി കുറെ നേരമിരുന്നു.

 രവിയാണ് സംസാരിച്ചു തുടങ്ങിയത് .

"ഞാൻ ഇവിടെ വരാൻ പാടില്ലായിരുന്നു . മീരയെ കാണാൻ പാടില്ലായിരുന്നു . നമ്മൾ രണ്ടു പേർക്കും ഈ കൂടിക്കാഴ്ച്ച വലിയ വിഷമം ആണ് വരുത്തിവയ്ക്കുക.. നോക്കിക്കോളൂ."

ഏറെ നേരത്തെ മൗനത്തിനു ശേഷം മീര പറഞ്ഞു

"ഞാൻ നാളെ തിരിച്ചു  പോവുകയാണ് . പോകുന്നതിനു മുൻപ് എനിക്ക് രവിയെ കാണണമെന്ന് തോന്നി .

രവിക്ക് സുഖമാണോ ?"

"അതെ.. " അയാൾ ഒരു വാക്കിൽ ചുരുക്കി.

"ജോലിയൊക്കെ എങ്ങനെ പോകുന്നു? ഇത്ര ദിവസത്തെ ലീവ് ഒക്കെ കിട്ടുമോ ?"

"ഞാൻ ജോലി രാജി വച്ചു ."

"അയ്യോ ........ അത് ഞാൻ അറിഞ്ഞില്ല "

"പിന്നെ എന്താണറിഞ്ഞത്?"

"ഒന്നും അറിഞ്ഞില്ല ...... രവി എവിടെയാണെന്നോ, എന്തു  ചെയ്യുന്നെന്നോ ..... ഒന്നും... ഞാൻ അറിയാൻ ശ്രമിച്ചില്ല ... അതാണ് സത്യം" മീര വാക്കുകൾക്കായി പരതി.   അവളുടെ കണ്ണുകൾ നിറഞ്ഞു .

രവി ശാന്തനായി പറഞ്ഞു .

"അത് പോട്ടെ ..! എല്ലാം കഴിഞ്ഞ കാര്യങ്ങൾ.. "

മീര ദൂരേക്ക് നോക്കി ഇരിക്കുകയാണ് . വിഷയം മാറ്റാനെന്ന വണ്ണം രവി ചോദിച്ചു

"എന്താ ഒറ്റയ്ക്ക് വന്നത്? ഭർത്താവു വന്നിട്ടില്ലേ?"

"ഇല്ല .. ഞാൻ മാത്രമായി ഒരു യാത്ര പോവാൻ കുറെ നാളായി വിചാരിക്കുന്നു . കെട്ടുപാടുകൾ ഒന്നുമില്ലാതെ.. മനസ്സിനും ശരീരത്തിനും ഒരു പുനർജ്ജന്മം അത്യാവശ്യം ആയി തോന്നി . " മീര പറഞ്ഞു.

"ഞാനും ഇന്ത്യ ഒട്ടാകെ ഒരു യാത്രയാണ് വിചാരിക്കുന്നത്  . ഇനി ഹിമാചൽ പ്രദേശിലേക്കു ... അവിടെ നിന്നു എവിടേക്കാണെന്നു തീരുമാനിച്ചിട്ടില്ല ഇതുവരെ.. മനസ്സ് തണുക്കുന്നതു വരെ യാത്ര നീളും...." രവി വാക്കുകൾ അളന്നു തൂക്കിയാണ് സംസാരിച്ചത്.

"നാളെ  രവിയുടെ പിറന്നാൾ ആണ് ...." മീര ഓർമ്മപ്പെടുത്തി.

അതിശയത്തോടെ രവി ചോദിച്ചു " അതൊക്കെ ഓർമ്മയുണ്ടോ?"

മീര ഉത്തരം പറഞ്ഞില്ല . അങ്ങിനെയൊരു ചോദ്യം ചോദിക്കേണ്ടിയിരുന്നില്ലെന്നു രവിക്ക് തോന്നി .

"ഞാൻ എങ്ങനെ രവി താമസിക്കുന്ന സ്ഥലം കണ്ടു പിടിച്ചു എന്ന് രവി ഇത് വരെ ചോദിച്ചില്ല..". മീര പറഞ്ഞു.

അപ്പോഴാണ് അതെ പറ്റി അയാൾ ഓർത്തത് തന്നെ .." ശരിയാണ്! അതെങ്ങനെയാണ് മീരക്ക് മനസ്സി ലായത്?"

"നീട്ടി നീട്ടി വെച്ചു അവസാനം നടക്കാതെ  പോയ ഒരു ഹണിമൂൺ ട്രിപ്പിനായി നമ്മൾ ബുക്ക് ചെയ്തു വെച്ചിരുന്ന ഹോട്ടൽ ആയിരുന്നല്ലോ അത്.. ജനവാതിലിലൂടെ  നോക്കിയാൽ മഞ്ഞു പുതച്ച താഴ്വരകൾ കാണാൻ സാധിക്കുന്ന ന്യൂ കാസിൽ ഹോട്ടലിന്റെ ചിത്രങ്ങൾ എന്നെ  കാണിച്ചു കൊതിപ്പിച്ചിരുന്നത്  എനിക്കത്ര പെട്ടന്ന് മറക്കാൻ പറ്റുമോ?"

 മീരയുടെ വാക്കുകൾ ഒരു ഇടിമുഴക്കം പോലെയാണ് രവിയുടെ ചെവികളിൽ വന്നു വീണത്.

"ഇന്നലെ രവിയെ കണ്ടപ്പോൾ മുതൽ എന്റെ മനസ്സ് അസ്വസ്‌ഥമായിരുന്നു . രാത്രിയിൽ ശരിക്കൊന്ന് ഉറങ്ങാൻ പോലും സാധിച്ചില്ല.. രവിയെ ഒരിക്കൽ കൂടി കാണണമെന്ന് തോന്നി , എന്നാൽ തമ്മിൽ കണ്ടപ്പോൾ രവി എവിടെയാണ് താമസിക്കുന്നത് എന്ന് ഞാൻ ചോദിച്ചതുമില്ല. പിന്നെ ഒരു വൃഥാശ്രമം നടത്തി നോക്കിയതാണ്..ഹോട്ടലിന്റെ റിസെപ്ഷനിലേക്കു നടക്കുമ്പോൾ രവി അവിടെ ഉണ്ടാവണേ എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു ... എന്നെപ്പോലെ രവിയും നമ്മുടെ പഴയ കാലത്തിന്റെ മധുരമായ ഓർമ്മകളെ മറക്കാൻ അനുവദിക്കാതെ മുറുകെ പിടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ... " മീരയുടെ വാക്കുകൾ ഇടറി.

രവി തരിച്ചിരിക്കുകയായിരുന്നു . ന്യൂ കാസിൽ ഹോട്ടലിലെ മുന്നൂറ്റിയൊന്നാം നമ്പർ മുറിയിലെ ജനവാതിലിലൂടെ മഞ്ഞു പുതച്ച താഴ്വരകൾ നോക്കി  മദ്യത്തിന്റെ ലഹരി നുണഞ്ഞു കൊണ്ട് അയാൾ മീരയെ ഓർക്കാറുണ്ടായിരുന്നു . മീരയുടെ  സ്വപ്നമായിരുന്നു സിക്കിമിലേക്ക് ഒരു യാത്ര . രവി അത് അവൾക്കു വാക്കു കൊടുക്കുകയും ചെയ്തിരുന്നു . എന്നാൽ മറ്റു പല വാക്കുകളും പോലെ അതും അയാൾക്ക്‌ നിറവേറ്റാൻ പറ്റാതെ പോയെന്നു മാത്രം.

"മീരാ ... ഞാൻ.. നീ ഇപ്പോഴും ..." രവിക്ക് വാക്കുകൾ കിട്ടിയില്ല.

"ഇവിടേക്കുള്ള യാത്ര.. അതും രവിയോടൊത്ത്, അതെന്റെ സ്വപ്നമായിരുന്നു. ഇത് എന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ്.. എല്ലാ അർത്ഥത്തിലും..." അവൾ രവിയുടെ കൈകൾ അവളുടെ കൈകളിൽ കോരിയെടുത്തു . പിന്നീട് ഒരു താമരത്തണ്ടു പോലെ വാടി രവിയുടെ മാറിലേക്ക് വീണു കരഞ്ഞു. ഇളം കാറ്റിൽ നിറഭേദങ്ങളുടെ ഓളങ്ങൾ സൃഷ്ടിച്ചു കൊണ്ട്  പ്രാർത്ഥനാ പതാകകൾ അതിനു സാക്ഷിയായി.

**********

ന്യൂ കാസിൽ ഹോട്ടലിലെ മുന്നൂറ്റിയൊന്നാം നമ്പർ മുറിയിൽ രവിയുടെ മാറിൽ തല ചായ്ച്ചു കിടക്കുമ്പോളും മീരയുടെ കണ്ണുകൾ ചാലുകീറി ഒഴുകികൊണ്ടേ ഇരുന്നു .. രവി ആ കണ്ണുനീർ ചുംബനങ്ങൾ കൊണ്ട് ഒപ്പിയെടുത്തു.. "കരയേണ്ട സമയമല്ലിത് " രവി ഓർമിപ്പിച്ചു.

"എന്തിനാണ് രവി... എന്തിനാണ് നമ്മൾ തമ്മിൽ പിരിഞ്ഞത്? ഏതൊരു വിവാഹജീവിതത്തിലും ഉണ്ടായേക്കാവുന്ന നിസ്സാര  പ്രശ്നങ്ങളെ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നുള്ളു എന്ന് മനസ്സിലാക്കാൻ നമ്മളെന്താണ് ഇത്രയും വൈകിയത്?? "

"അറിയില്ല ... എനിക്കറിയില്ല മീരാ .. എന്റെ ഈ നശിച്ച ഈഗോ ആയിരുന്നു  എല്ലാത്തിനും കാരണം.. ഏതോ കവി പാടിയത് പോലെ , നഷ്ടങ്ങൾ അറിയാതെ നഷ്ടപ്പെടുത്തുകയായിരുന്നു നാം . ഇനി പരസ്പരം പഴി പറഞ്ഞിട്ടെന്തു കാര്യം..."

"ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും വേറെ വിവാഹം കഴിക്കിലായിരുന്നു.. " മീര പറഞ്ഞു. " ആരെങ്കിലും ഒക്കെ ഉണ്ടെന്ന  തോന്നലെങ്കിലും വേണം മനുഷ്യന് ജീവിക്കാൻ "

മീര രവിയെ നോക്കി.

"എനിക്ക് എന്റെ തെറ്റു മനസ്സിലായി മീര!. നമ്മൾ ഒരുമിച്ചു ജീവിക്കേണ്ടവരാണ്' എന്ന് രവി പറയുന്നത് കേൾക്കാൻ അവളുടെ മനസ്സ് കൊതിച്ചു .. അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു ചെറുനാളം കെടാതെ  കത്തുന്നുണ്ടായിരുന്നു .

രവി അവളെ ജനലിന്നരികിലേക്കു ക്ഷണിച്ചു. അവിടെ നിന്ന് കൊണ്ട് അവർ മഞ്ഞു പുതച്ച താഴ്വരകൾ കണ്ടു . മീരയുടെ കണ്ണുകൾ, ഒരിക്കൽ നഷ്ടപ്പെട്ടു എന്ന് കരുതിയ  കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയുടേത് പോലെ ആത്‌മഹർഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു . രവി അവളെത്തന്നെ ഉറ്റുനോക്കി .  ഒരിക്കൽ തന്റെ ഭാര്യയായിരുന്ന പെൺകുട്ടി . താൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും അറിഞ്ഞവൾ.. ഇന്നും അത് രണ്ടും അയാൾക്കന്യമായിരിക്കുന്നു .. അവളെ വീണ്ടും തന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ അയാൾ വെമ്പൽ കൊണ്ടു.

"എന്നോട് ക്ഷമിക്കു മീര.. എനിക്കൊരവസരം കൂടി തരു .. എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരൂ" അയാൾ ഒരായിരം വട്ടം മനസ്സ് കൊണ്ട് അവളെ ക്ഷണിച്ചു. എന്നാൽ എന്നത്തേയും പോലെ അന്നും അയാൾ വാക്കുകൾക്കു പിശുക്കു കാണിച്ചു .

************

പിറ്റേന്ന് കാലത്തു മീര പോകാൻ യാത്രയായി.. ഇത് വരെ കാണാത്ത ഒരു തരം കാഠിന്യം മീരയുടെ മുഖത്തു നിറഞ്ഞു നിന്നു. മീരയ്ക്ക് പോകാനായുള്ള ജീപ്പ് ഹോട്ടലിന്റെ മുന്നിൽ വന്നു നിന്നപ്പോൾ രവി  അവളുടെ ബാഗെടുത്തു മുന്നിൽ നടന്നു. പുറപ്പെടുന്നതിനു മുൻപ്, രവി അവൾക്കു  ഒരു പുസ്തകം സമ്മാനിച്ചു . പത്മരാജന്റെ ' ലോല ' എന്ന പുസ്‌തകം . അതിൽ അടിവരയിട്ടു വെച്ചിരുന്ന വരികൾ മീര  വീണ്ടും വീണ്ടും  വായിച്ചു . ഒരു തുള്ളി കണ്ണുനീർ പോലുമില്ലാതെ വറ്റി വരണ്ട കണ്ണുകളോടെ..

"വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല ,

നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക ,

ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക..."

ഗാങ്ടോക്ക് താഴ്വരയിൽ മീരയ്ക്ക് യാത്രമൊഴി നൽകിക്കൊണ്ട് പ്രാർത്ഥനാ പതാകകൾ പിന്നെയും പാറിക്കളിച്ചു.

അടിയാധാർ

അടിയാധാർ

 കുഞ്ഞന്റെ മലയിറക്കം

കുഞ്ഞന്റെ മലയിറക്കം