Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

കാര്യമാത്ര പ്രസക്തമായ ഖണ്ഡികകൾ

കാര്യമാത്ര പ്രസക്തമായ ഖണ്ഡികകൾ

പതിവുപോലെ എറണാകുളത്തെ വനവാസകാലത്തിലാണ് ശീര്‍ഷകത്തിലാസ്പദമായ കഥയല്ല, കാര്യം നടക്കുന്നത്. ഞാനപ്പോള്‍ കൊച്ചിയില്‍ 'പരസ്യ തോന്ന്യവാസങ്ങളില്‍' മുഴുകിയിരിപ്പാണ്. സാധാരണ എന്റെ തലമുറയിലെ 'ആണ്‍ സൃഷ്ടികള്‍ക്ക്' ഡിഗ്രി തന്നെ അധികപ്പറ്റാകുന്ന കാലത്ത് ഒരു ബിരുദാനന്തര ബിരുദം കൂടെയുള്ളതിന്റെ അഹങ്കാരത്തിലും, മലയാളം മറ്റാരേക്കാളും നന്നായി വശമുണ്ടെന്ന ആത്മവിശ്വാസത്തിലും, സര്‍വ്വോപരി എഴുത്തുകാരനാകാന്‍ താടി വളര്‍ത്തി തുടങ്ങിയതിനാലും 'മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം' കഴിഞ്ഞു ഞാന്‍ എഴുത്തുകാരും, സംവിധായകരും, നടന്മാരും, മേല്‍ തസ്തികകളിലേക്ക് കയറിപ്പറ്റാന്‍ നടക്കുന്നവരും നിലവില്‍ കൊതുകിനെക്കാളേറേ പെറ്റുപെരുകുന്ന കൊച്ചിക്ക് തന്നെ വളയം തിരിച്ചു.

കഴിഞ്ഞ ജനുവരിയില്‍ അങ്ങനെ 'ക്ലീഷേ കോണ്‍സെപ്റ്റ്‌സ്' എന്നൊരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായി അഭ്യാസം ആരംഭിച്ചു. ആറുമാസത്തോളം നീണ്ടു നില്‍ക്കുന്ന ട്രെയിനിംഗ്. ശരി, പഠിച്ചേക്കാം. നമ്മള്‍ക്ക് പ്രവൃത്തി പരിചയം കുറവല്ലോ. പക്ഷേ ഇടയ്‌ക്കൊക്കെ രാത്രി കിടക്കുന്നതിന് മുന്‍പ് 'എഴുത്തുകാരാ, നിനക്കിനി എഴുത്തു പഠിക്കാനൊക്കെയുണ്ടോ' എന്ന സ്വത്വപ്രശ്‌നം എന്നെ അലട്ടിക്കൊണ്ടിരുന്നു. എന്നിരുന്നാലും കാലമങ്ങനെ കുറച്ചു കാര്യമാത്രപ്രസക്തമായ ഖണ്ഡികകളുമായി നീങ്ങി. നാട്ടില്‍ കുറച്ചു കാലം പണിയൊന്നുമില്ലാതെ തെണ്ടിയതിനാലും, മുക്കുകളിലിരുന്നു സിഗരറ്റ് വലിക്കുന്നത് നാട്ടുകാര്‍ കണ്ടതിനാലും, വൈകുന്നേരങ്ങളില്‍ അതേ ആകാശം പോലെ ചൊമല കളറുള്ള പെഗ്ഗ്, ജോലിയും സ്ഥിര വരുമാനവുമുള്ള സമപ്രായക്കാരുടെ കൂടെ സക്കാത്തിന് കുടിച്ച് ചിറി നക്കിയും തുളസി ചവച്ചും വീട്ടില്‍ കയറാറുള്ളതു കൊണ്ടും പ്രാദേശിക അന്തരീക്ഷത്തില്‍ എനിക്ക് പുല്ലു വിലയായിരുന്നു മേല്‍തീയ്യതികളില്‍ നിലവിലുണ്ടായിരുന്നത്. അതുകൊണ്ടാണ് വിഷുവിന്റെ നാല് ദിവസ ലീവിന് മാത്രം നാട്ടിലേക്ക് മടങ്ങിയാല്‍ മതിയെന്നൊരു തീരുമാനമെടുത്തതും. കിട്ടുന്ന അവധികളും മാസവരിയും നഗരഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിച്ച്, രണ്ടുമുറി വാടകവീട്ടില്‍ ഞാന്‍ അങ്ങനെ ഒറ്റയായി കഴിഞ്ഞു.

എല്ലാ പരസ്യ ഏജന്‍സികളിലെയും പോലെ ഞങ്ങളും ഒന്നരമാസം മുന്‍പേ വിഷുഘോഷങ്ങള്‍ തുടങ്ങി. മാര്‍ച്ചിന്റെ തുടക്കത്തില്‍ തന്നെ വേനലും, വിഷു ക്യാപെയ്‌നുകളും ഒരുമിച്ചെത്തി. ഞാനങ്ങനെ ആ കാലങ്ങളില്‍ വിഷുവിന്റെ വാചക കസര്‍ത്തുകളില്‍ വ്യാപൃതനായി. പൊന്‍കണി-പൂക്കണി, ഡബിള്‍ ഹംഗാമ കൈനീട്ടം, കണികാണം കണിക്കൊന്ന, ഓഫറുകളുടെ വെടിക്കെട്ട്, പുതുമയുടെ പുലര്‍ക്കണി, നീട്ടക്കൂടുതലുള്ള നേട്ടം ഇത്യാദി ശീര്‍ഷക കെട്ടുകളോടെ ഞാന്‍ ഉപഭോക്തവിന്റെ തലമണ്ടയില്‍ പോയിന്റും ഫോക്കസും ചെയ്ത്, വിഷുചന്തയിലേക്ക് ചട-പട വെടിയുതിര്‍ത്തു. അവിടെ കുറേ പേര്‍ എന്റെ പേനത്തുമ്പുകൊണ്ട് വെടിയേറ്റ് പിടിഞ്ഞു വീണു, കുറച്ചു പേരുടെ കൈകാലുകള്‍ അറ്റു, ശേഷിപ്പുകള്‍ ശേഷം ജീവനും എടുത്തോടി. എന്റെ വാചകങ്ങള്‍ക്ക് സ്റ്റുഡിയോവില്‍ മജ്ജയും മാംസവും വച്ചു. അവര്‍ ഡിസൈനില്‍ മുഴുവന്‍ മഞ്ഞിച്ച പശ്ചാത്തലം വിരിച്ച് എല്ലാത്തിലും വാട്ടര്‍മാര്‍ക്കെന്ന കണക്കെ കണിക്കൊന്നയും തിരുകികയറ്റി. വാചകങ്ങള്‍ക്ക് കാഴ്ചയുടെ ഭാഷ്യം വന്നതോടെ എന്റെ 'വെടിപൊട്ടിക്കല്‍' പേന വിട്ട് പീരങ്കി കുഴലുകൊണ്ടായി. ഡിസൈനുകളിലെല്ലാം ലാത്തിരി, പൂത്തിരി, കമ്പിത്തിരി, മത്താപ്പ് തുടങ്ങി പൊട്ടിത്തെറിക്കുന്നതെല്ലാം പ്രതീകാത്മകമായ എന്തിനെയോ പ്രതിനിധാനം ചെയ്തു കിടപ്പുണ്ടായിരുന്നു. പ്രൂഫ് ചെക്കിംഗില്‍ വള്ളി പുള്ളി വിടാതെ ശരിയാക്കി ഞാന്‍ ഡിസൈന്‍ അപ്രൂവലിന് വിട്ട്, ഇരട്ടപെറ്റ നിര്‍വൃതിയില്‍ ക്യാബിനിലിരുന്നു.

ഏപ്രിലില്‍ അപ്രതീക്ഷിതമായൊരു ഇൻക്രിമെന്റും അഞ്ചു ദിവസത്തില്‍ കൂടുതല്‍ ലീവും കിട്ടിയതോടെ നാട്ടില്‍ വിഷു കെങ്കേമമായി. അവിടെ എത്തിയത് മറ്റൊരു ഉപഗ്രഹ കഥ. അമ്മയ്ക്ക് സാരിയും, അച്ഛന് മാന്‍ഷന്‍ ഹൗസിന്റെ ഫുള്ളും,റിലയന്‍സില്‍ ട്രെന്‍ഡില്‍ നിന്നും ഡബിള്‍ സ്വര്‍ണ്ണക്കര മുണ്ടും,വയലറ്റ് കുത്തനെ വരകളിലൊരു 'നെറ്റ്‌പ്ലേ' ഷര്‍ട്ടു കൂടിയെടുത്ത് ഞാന്‍ കാര്‍ഡുരച്ച് പോയിന്റ് വാങ്ങി. വടക്കും ഭാഗത്തേക്ക് പോകുന്ന വിഷുക്കാരൊക്കെ ട്രെയിനില്‍ കടന്നല്‍ക്കൂട്ടത്തിനെ പോലെ പറ്റിയിരുന്നു. നാട്ടിലെത്തി വിഷുവാക്കാനുള്ള നഗരപറവകളുടെ ഇടയില്‍ കയറി കൂടി മലബാര്‍ എക്‌സ്പ്രസിന്റെ ജനറലിലെവിടെയോ ഞാൻ വഴിയവസാനിക്കുന്ന ഒരു ടിക്കറ്റായി. കയ്യിലെ രണ്ടു ബാഗുകള്‍, കക്ഷത്തിലും ബാക്കി മറ്റൊന്ന് ഇരുമുടിക്കെട്ടു വയ്ക്കുന്ന മണ്ഡകാല അയ്യപ്പനപ്പോലെ തലയിലുമേറ്റി ട്രെയിനിന്റെ താളത്തിനൊപ്പം ബാലന്‍സില്ലാതെ ആടിക്കൊണ്ടിരുന്നു. 

'ആരെ കാണാന്‍, സ്വാമിയെ കാണാന്‍, സ്വാമിയെ കണ്ടാല്‍ മോക്ഷം കിട്ടും. മോക്ഷദായക അയപ്പോ...!'

അങ്ങനെയൊരു വിഷുപ്പുലരിയെ കണി കണ്ട് ട്രെയിന്‍ എന്റെ പൊക്കിള്‍ കൊടിയറ്റത്തേക്ക് ശരണം വിളിച്ച് ഊര്‍ന്നിറങ്ങി. പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും, നാട്ടില്‍ അപ്പോഴെക്കും ഞാനെന്ന നിലനില്പിന് അത്യാവശ്യം മൂല്യം കൂടി:

'ആരാ വന്നത്?'

'കൊച്ചിയില്‍ ഏതോ കെട്ടിടത്തിന്റെ ആകാശ നിലയില്‍ കാറ്റു കൊണ്ടിരിക്കുന്നൊരാള്‍!'

'വെറുതെ വന്നതാണോ?'

'ലീവിന് വന്നത്, വിഷു ആഘോഷിക്കാന്‍!'

'നാട്ടില്‍ ബാക്കിയതുങ്ങളെപ്പോലെ തെണ്ടി നടപ്പാണോ?'

'പോടോ, ട്രെയിനിംഗ് കഴിഞ്ഞാൽ മാസമുറ 25 ആവും.'

'കണ്ട പണിയില്ലാത്ത പണിയാണോ?'

'അല്ല, വാക്കുകൾക്ക് ഗര്‍ഭമുണ്ടാക്കി വാക്യങ്ങളുണ്ടാക്കുന്നവനാണവൻ!'

'എഴുത്തെന്ന് പറഞ്ഞ് അലക്കാ ജുബ്ബയിട്ട് കഞ്ചാവടിയാണോ?'

'അവന്‍ കോര്‍പ്പറേറ്റ് ബുദ്ധിജീവിയാണ്. എ.സിയ്ക്കു താഴെ ഗൂഗിളില്‍ എഴുതി മായ്ച്ച്, ശേഷിപ്പ് മെയില്‍ ചെയ്യുന്നു. ആരോ ആര്‍ക്കോ വിറ്റ് കാശാക്കുന്നു, അതിലൊരു പങ്ക് കൈപ്പറ്റുന്നു.'

അങ്ങനെ കാര്യങ്ങള്‍ ഏകദേശ നേര്‍ദിശയിലായി. എനിക്കെന്നോട് തന്നെ കണ്ണാടിയില്‍ അപകര്‍ഷതാ ബോധം തോന്നുന്ന ഒരൊറ്റയിടമാണ് കഷണ്ടി കയറിയ തല. എറണാകുളത്തെ ക്ലോറിന്‍ വെള്ളത്തില്‍ കുളിയും ജപവും കഴിഞ്ഞ് ചീകിയൊതുക്കാറുണ്ടായിരുന്നവ, തലയിലെരു 'റ' ശേഷിപ്പിച്ച് വിടപറയാതെ പടിയിറങ്ങിപ്പോയി. 'അങ്ങനെയുള്ളൊരു തല' എന്റെ നഗരജീവിതം കൂടുതല്‍ അരൂപമാക്കി. കാലത്തിന്റെ കടൽ മുഴുവൻ എടുക്കുന്നതിനു മുൻപ് ഉള്ള മുടി വെച്ച് കല്യാണം കഴിക്കാന്‍ അമ്മയും ജാതകവും ഒരുപോലെ പറഞ്ഞു. ഞാനങ്ങനെ കല്യാണ കാലിച്ചന്തയിലെ സാലറിയുള്ള, സുമുഖനല്ലാത്ത, ശരിക്കും 27മാത്രം ഉള്ള ചെറുപ്പക്കാരനായി. കഷണ്ടി, ജോലി, കല്യാണം, കള്ളുകുടി. യുവത്വത്തിന്റെ വ്യവഹാരങ്ങളത്രേ!

ആഘോഷങ്ങളുടെ ആലസ്യം അധികമൊന്നും മാറാതെ, ഓഫീസില്‍ പകുതിയില്‍ മുറിഞ്ഞ തുടര്‍ച്ച പോലെ തിരിച്ചു ചേക്കേറി കുറച്ചു നാള്‍ കാര്യവ്യായമങ്ങളേതുമില്ലാതെയിരുന്നു. തദവസരങ്ങളിലാണല്ലോ നമ്മള്‍ ശേഷം കാലത്തെപ്പറ്റി ഓര്‍ക്കാറ്. ആ ഒരുമാസത്തിനുള്ളില്‍ കുറേയേറേ വീടുകളില്‍ ചായയും മയ്യത്ത് കേക്കും കുടിക്കാന്‍ പോയ എന്റെ കല്യാണാലോചനകള്‍ 'സര്‍ഗാത്മക തലവരുടെ' റീ വര്‍ക്ക് ആവശ്യപ്പെടുന്ന കോപ്പികളെപ്പോലെ നിഷ്‌കരുണം മടങ്ങി വന്നു. വിഗ്ഗ് വയ്ക്കാമെന്നായി അമ്മയും ബ്രോക്കറും പിന്നെ കല്യാണക്കാര്യത്തില്‍ മാത്രം ഇടപെടാറുള്ള അമ്മാവന്‍മാരും. 'അങ്ങനെ എന്നെ ഇഷ്ടപ്പെടുന്നവര്‍ എന്നെയല്ലല്ലോ ഇഷ്ടപ്പെടുന്നത്' എന്ന ഉള്‍ വെളിപാടില്‍ വിശ്വസിച്ച് ഞാന്‍ കണ്ണാടി അധികം നേക്കാതെ ജോലി നോക്കി. അതിനിടയില്‍ കൈപ്പുണ്യ മസാലയ്ക്ക് വേണ്ടി എഴുതിയ 'ഇത്തിരി മസാല ചേര്‍ക്കാത്ത മലയാളിയോ' എന്ന കോപ്പി കേറിയങ്ങ് കൊളുത്തി. കെപ്പുണ്യ കുറച്ചധികം അടുക്കളകളില്‍ കയറിക്കൂടിയതിന് എന്റെ വാക്കുകൾക്കും അനിഷേധ്യമായ ഒരു പങ്കുണ്ടായി.

'ഘനശ്യാമന്‍, നമ്മളുടെ പുതിയ ക്ലൈന്റാണ് കേശഭാര. കഷണ്ടി മാറാനും മുടിയുടെ ഉള്ള് തഴച്ചു വളരാനും ഒക്കെയുള്ളൊരു ഹെയര്‍ ഓയിലാണ്. ഈ മാസം 25 ന് പിച്ചിങ്ങാണ്. താന്‍ പോയി സാംപിളായി കുറച്ചു കവിതയെഴുതിക്കൊണ്ടു വാ..'

സര്‍ഗാത്മക തലവന്റെ ബ്രീഫിനു റാന്‍ മൂളി ഞാന്‍ ക്യാമ്പിനില്‍ വന്നിരുന്ന് സ്വന്തം കഷണ്ടിത്തലയില്‍ തലോടി. ഞാനൊരു ബുദ്ധിജീവിയായതു കൊണ്ടു സഹപ്രവർത്തകരോട് അധികമൊന്നും മിണ്ടാതെ, ഒരു കപ്പ് കാപ്പി കുടിയില്‍ മാത്രം തീരുന്ന ബന്ധം മനപൂർവ്വം സൂക്ഷിച്ചിരുന്നു. അതിനാൽ പുതിയ ആലോചനകളുടെ പണിയില്‍ പോലും അധികം ആരോടും ചർച്ചിക്കലുകളൊന്നും തന്നെയില്ല. ക്യാമ്പിനിലിരുന്നു ചടച്ചപ്പോള്‍ മിനി വില്‍സ് പുകയ്ക്കാനുള്ള പദ്ധതിയിട്ട് പുറത്തിറങ്ങി. എപ്പോഴോ സിഗരറ്റ് വലി ഇഷ്‌ടമൊക്കെ വിട്ടു ശീലമായിരിക്കുന്നു. എങ്കിലും എല്ലാ വില്‍സിന്റെ പുകച്ചുരുളുകളിലും ഒറ്റപ്പെടലിന്റെ ഒരൊറ്റ ലഹരിയേയുള്ളൂ. ചുണ്ടിലെരിയുന്ന സിഗരറ്റ് കഷ്ണത്തില്‍ നിന്നും ഉതിര്‍ന്നു പോകുന്ന വെളുത്ത മേഘക്കീറുകള്‍. അതില്‍ എനിക്ക് അത്ര പരിചയമല്ലാത്ത ഒരു കറുത്ത മുഖം. വാം ടോണിലുള്ള അയാളുടെ പശ്ചാത്തലം. അപരിചിതന്റെ തലയില്‍ നിറയെ വരണ്ട മൊട്ടക്കുന്നുകള്‍. തലയില്‍ പച്ചപ്പുകള്‍ ഇല്ലാതെ അയാള്‍ എന്നെ നിസ്സംഗ്ഗ ഭാവത്തില്‍ നോക്കി നില്‍ക്കുന്നു. എനിക്കും അയാള്‍ക്കുമിടയില്‍ വെളുത്ത പുക കഷ്ണങ്ങള്‍.

ഞാന്‍ വേഗം ക്യാബിനിലെത്തി ഇങ്ങനെയൊരു കോപ്പി എഴുതി: 'വരണ്ടത്, വരേണ്ട!' 

താഴെ കാര്യമാത്രപ്രസക്തമായ ഖണ്ഡികയായി ഇതും ചേര്‍ത്തു: എന്തിന് തലകള്‍ മൊട്ടക്കുന്നുകളാക്കണം? കഷണ്ടിയ്ക്ക് ശ്വാശ്വതമായ പരിഹാരം ഇനി കേശഭാരയിലൂടെ... 

ഇത് മതിയാവും. ഇനി ഈ പദങ്ങളൊക്കെ വച്ച് സര്‍ഗാത്മക തലവന് മുന്‍പില്‍ കഥകളി കാണിച്ച് പട്ടും വളയും വാങ്ങിച്ചെടുക്കണം. വേറൊരാള്‍ ഇതിനെപ്പറ്റി കൂടുതലാലോചിച്ച് വേറെയൊന്ന് കണ്ടെത്തുന്നതിന് മുന്‍പ് 'ഈ വഴി' വെട്ടിത്തെളിച്ച് സ്ഥാപിച്ചെടുക്കണമെന്ന വാക്കുകളിലെ സ്വാര്‍ത്ഥ്വബോധത്തില്‍ ഞാന്‍ സര്‍ഗാത്മകന്റെ ക്യാബിനിലേക്ക് ഓടിക്കയറി.

അയാള്‍ അതിലേക്കൊന്നു ശരിക്ക് നോക്കി. തന്റെ വെയര്‍ഫെയററിന്റെ വട്ടഫ്രെയിമുള്ള കണ്ണട വെറുതേ അനക്കി കുഷ്യൻ കസേരയിൽ പിന്നോട്ട് ചാഞ്ഞു. 

'ഒരു കോപ്പിറെറ്റര്‍ എന്ന നിലയില്‍ ഘനശ്യാമന്‍, ഘനശ്യാമനു എത്ര മാര്‍ക്കു കൊടുക്കും'

'അഞ്ചു കൊടുക്കും സാര്‍!' സംശ്ശയലേശമന്യേ ഞാന്‍ പറഞ്ഞു.

'ഞാന്‍ കൂടിയാല്‍ ഒരു മൂന്ന് തരും. ഈ കോപ്പി കൊണ്ടു താന്‍ എന്ത് ഉദ്ദേശിക്കുന്നു? മിനറല്‍ വാട്ടറിന്റെ പരസ്യം പോലുണ്ടല്ലോ...'

'സാര്‍, വരണ്ടു നില്‍ക്കുന്നതാണ് കഷണ്ടി. പച്ചപ്പ് ഒരു പ്രതീക്ഷയാണ്. ആ ഒരു പ്രതീക്ഷയിലാണല്ലോ സാര്‍ ഹെയര്‍ ഓയിലും ഫെയിസ് ക്രീമുകളും ഇവിടെ വിറ്റു പോകുന്നത്.'

' ഉം. പക്ഷേ വാങ്ങുന്ന ഒരാള്‍ക്ക് ഇതൊക്കെ ചിന്തിക്കാന്‍ പോയിട്ട് നോക്കാനുള്ള സമയം ഇന്നില്ല. അതുകൊണ്ട് ക്രീയേറ്റിവിറ്റി വിട്ട് താന്‍ കേശഭാരയുടെ കാര്യത്തില്‍ പ്രൊഡക്റ്റ് റിലേറ്റാവൂ. എന്നീട്ട് ആയുര്‍വ്വേദ ഉത്പന്നം എന്നത് ഒരു യുണീക് സെല്ലിംഗ് പോയിന്‍ാക്കി കോപ്പി എഴുത്.' 

'അങ്ങനെത്തന്നെ നേതാവേ' എന്നും പറഞ്ഞു, വരണ്ടു വേണ്ടാതായി പോയ കോപ്പിയും പെറുക്കി 

ഞാന്‍ വീണ്ടും ക്യാബിനിൽ വന്നിരുന്നു കുത്തിക്കുറിപ്പ് തുടങ്ങി.

എഴുതി, ബാക്ക് സ്‌പെയ്‌സ് അടിച്ചു, വീണ്ടും എഴുതി, വീണ്ടും ബാക്ക് സ്‌പെയ്‌സടിച്ചു, അതങ്ങനെ തുടര്‍ന്നു. പിന്നീട് നെറ്റില്‍ തപ്പി കുറച്ച് റെഫറന്‍സ് എടുത്തു. മുൻപേ നടന്നവരുടെ പിന്നിലൂടെ നടന്നു പിന്നീട് തളര്‍ന്ന് ആ വഴി ഒടുവില്‍ റഷ്യയില്‍ അവസാനിച്ചു.

നോക്കുമ്പോള്‍ ലെനിന്‍ അവിടെയിരുന്ന് വോഡ്ക സിപ്പ് ചെയ്യുന്നു.

'അടിക്കുന്നോ രണ്ടെണ്ണം. ഒരു കമ്പനിക്ക്..?'

'വേണ്ട, ഓഫീസ് ടൈമാണ്.'

'ഗുഡ്. അങ്ങനെയാവണം ജോലിക്കാര്‍. സഖാവിന്റെ ജോലി എങ്ങനെപോകുന്നു..?'

'9 തൊട്ട് 6 വരെ. ഇടയ്ക്ക് ഒരു മണിക്കൂര്‍ ബ്രേക്ക് എടുക്കാം. തിങ്കള്‍ മുതല്‍ ശനി വരെ അങ്ങനെ പോകുന്നു.'

'എന്താണ് ഈ വഴിയൊക്കെ..?'

'തൊഴിലിന്റെ ഭാഗമായി തന്നെ!'

ലെനിന്‍ കാര്യം മനസിലാവാതെ തന്റെ മുഴുത്ത കഷണ്ടിയില്‍ ഒന്നു തടവി. 

പിന്നീട് തുടര്‍ന്നു. 'വാക്കുകള്‍ക്ക് വേണ്ടി ഇത്രയും ദൂരം വരേണ്ട കാര്യമുണ്ടോ സഖാവേ, പ്രത്യേകിച്ച് താനൊരു എഴുത്തുകാരനാകുമ്പോൾ...' 

'തിരക്കുണ്ട് സഖാവേ, കുറച്ചു വാക്കുകള്‍ തപ്പണം.കാണാം, ലാല്‍ സലാം!

'ലാൽസലാം. ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ' 

കഷണ്ടി സഖാവിന്റെ ചോദ്യങ്ങള്‍ക്ക് കൂടുതല്‍ മറുപടിയില്ലാത്തതിനാല്‍ ആ സന്ധി സംഭാഷണം അവിടെ അങ്ങനെ അവസാനിപ്പിച്ച് ഞാന്‍ തിരിച്ചു ക്യാബിനിലേക്ക് വന്നു.

യാത്രയുടെ ആലസ്യം, ക്ഷീണം, മൂത്രശങ്ക!

ഞാന്‍ ടോയ്‌ലെറ്റില്‍ പോയി കാര്യം സാധിച്ചതിനു ശേഷം ഒരു ആശ്വാസ ദീര്‍ഘ നിശ്വാസം വിട്ടു. ഏതൊരു ശരാശരി മലയാളിയെയും പോലെ മൂത്രം ഒഴിച്ച് മുഖം കൂടി കഴുകി. തലയ്ക്കു മുകളില്‍ ഒന്‍പത് വാട്ടിന്റെ 'സിസ്‌ക' കത്തി നില്‍ക്കുന്നു. കണ്ണാടിയില്‍ പ്രകാശിക്കുന്ന സ്വന്തം കഷണ്ടിത്തല. ഒരു നിമിഷം എന്നെത്തന്നെ കേശഭാരയുടെ പ്രൊഡക്ട് ലോഞ്ച് ക്യാംപെയ്‌നിന്റെ ഡിസൈനില്‍ കണ്ടു. അവിടുന്ന് തന്നെ ഞാന്‍ കോപ്പിയെഴുതി: 

മുടി വേണ്ടേ? മടി വേണ്ട, ഉപയോഗിക്കൂ, കേശഭാര! 

ഹെഡിംഗ്ഗിനു താഴെ നാലുവരി കൂടി ഈ വിധം ചേര്‍ത്തു: കഷണ്ടി കാരണം പരിഹാസ്യനാവുന്നോ, ഒറ്റപ്പെടുന്നോ, ആത്മവിശ്വാസം നഷ്ടപ്പെടുന്നോ, കല്യാണാലോചനകള്‍ മുടങ്ങുന്നോ, ദാമ്പത്യം തകരുന്നോ...? ഉപയോഗിക്കൂ, കേശഭാര ഒരു നൂറു ശതമാനം ആയുര്‍വ്വേദ ഉല്പന്നം!

കക്കൂസില്‍ പെറ്റുവീണ കോപ്പിക്കുഞ്ഞുങ്ങള്‍ ജന്മരഹസ്യമറിയാതെ വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു.

ഓർമ്മക്കായ്

ഓർമ്മക്കായ്

ബീജം

ബീജം