Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

ദൈവത്തിന് മരണമില്ല

ദൈവത്തിന് മരണമില്ല

ഫോൺ അടിച്ചു ഒരു പ്രാവശ്യം മാത്രം അതി­നർത്ഥം അപ്പ­ച്ച­നാ­ണെ­ന്നാ­ണ്‌. അപ്പ­ച്ചൻ പറഞ്ഞിരുന്നു, ഫോൺ ഒന്നു­മാത്രം അടി­ച്ചാൽ, അതു­മി­ക്ക­വാറും  ഞാനാ­യി­രിക്കുമെന്ന്. ചെലവുചുരുക്കലിന്റെ ഭാഗമായിട്ടാണ്. ഞാൻ ഉടനെ തിരി­ച്ചു­വി­ളിച്ചു.

അപ്പ­ച്ചൻ: എടാ നമ്മടെ രാമൻ മരി­ച്ചു­പോയി.

ഞാൻ ഒന്ന് നിശ്ചലമായി. പക്ഷേ മൂളി­ക്കേ­ട്ടു. അപ്പച്ചൻ തുടർന്നു.

അവന്‌ കുടലിന്റെ അസുഖം ആയി­രു­ന്നു.  നാലു­ദി­വസം പുഷ്പ­ഗിരി ആശു­പ­ത്രി­യിൽ കിട­ന്നു. പക്ഷേ രക്ഷ­പെ­ട്ടില്ല.

ഞാൻ പതിയെ ഫോൺ താഴെ­വെ­ച്ചു.  സ്വയം മന്ത്രി­ച്ചു. ഏയ്, രാമൻകുട്ടി മരി­ക്കില്ല! 

രാമൻകു­ട്ടി, ഞങ്ങ­ളുടെ കുടി­കി­ട­പ്പു­കാ­രൻ, പാപ്പി പുല­യ­ന്റെ, ഏറ്റവും ഇള­യ­മ­കൻ. സുന്ദ­രൻ. ശ്രീകൃ­ഷ്ണന്റെ തനി­രൂപം, ദേഹ­വ­ടിവ്‌ ചുരു­ളൻ മുടി. നാൽപ്പത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ നടന്ന സംഭ­വം, ഇന്നും ഓർമ്മകളുടെ മുൻനിരയിലിടം പിടിച്ചിരിക്കുന്നു. ഓരോണ­ക്കാലം! മഴ­യുണ്ട്‌. വെള്ള­പ്പൊ­ക്ക­മുണ്ട്‌, പമ്പയാർ കലങ്ങിയൊഴുകുന്നു.  വള്ളംകളിയുടെ അന്നുകാലത്തുതന്നെ രാമൻ വീട്ടിൽ വന്നി­രുന്നു. ഞങ്ങൾ ബാല്യ­കാല ചങ്ങാതിമാരാ­യി­രു­ന്നു.  അവനും എനിക്കും വയസ്സ്‌ പന്ത്രണ്ട്‌. 

കൊച്ച­മ്പ്രാ, വള്ളംകളിക്ക്‌ തുഴ­ക്കാർക്കായി അങ്ങാടി­യിൽ ആട്ടി­റച്ചിവെട്ടു­ന്നുണ്ട്‌. ആവശ്യക്കാർക്ക്‌, അത്‌ വിൽക്കു­ന്നു­മുണ്ട്‌.

രാമാ, അതിന്‌ എനി­ക്കെ­വിടാ പണം?

അമ്മച്ചി തരും.

അമ്മച്ചി മുറ്റത്തേക്കിറങ്ങി വന്നു. രാമാ, നീ ആ തൈത്തെ­ങ്ങിൽ കയറി നാലഞ്ചുതേങ്ങാ പിരിക്ക്‌.

പന്ത്ര­ണ്ടു­ക്കാ­ര­നാ­ണെ­ങ്കിലും, അവ­ന­തി­നൊക്കെ തന്റേ­ട­മു­ണ്ട്‌.

അവൻ കാർത്ത്യാ­യനി ചോവത്തി­യുടെ കട­യിൽ ചെന്ന്‌ തേങ്ങ കാശാ­ക്കി, ഇറ­ച്ചി കൊണ്ടുവന്നു.

വെങ്ങാഴി വീട്ടിൽ, ഉച്ച­ഭ­ക്ഷണം കഴി­ഞ്ഞ്‌, ഷോട്ട്‌, ചുണ്ടൻ വള്ള­ത്തിൽ തുഴ­യു­വാൻ തുഴ­ക്കാർ തയ്യാ­റെ­ടു­ക്കു­ക­യാണ്‌. വയറു നിറ­ഞ്ഞാൽ ശരിക്കും തുഴ­യുമോ? ആർക്ക­റിയാം. വീട്ടിൽ എന്റെ ഏറ്റവും ഇളയ അമ്മാവൻ വന്നി­രു­ന്നു, കോത­മം­ലത്തു നിന്ന്‌.

ഞാനും, രാമനും, അങ്കിളും ആട്ടി­റച്ചി ആസ്വ­ദിച്ചു വിര­ലു­കൾ നക്കി. 

ഇത്തിരിമ കൂടി തേങ്ങാപ്പാല് പിഴിയാരുന്നു. അമ്മച്ചി കുപ്പിപ്പിലാസ് എടുത്ത് വയ്ക്കെ പതിയെ പറഞ്ഞു.

ഞങ്ങ­ളുടെ വീട്‌ ആറ്റി­ന­രി­കി­ലാ­ണ്‌. ആറും, വീടും തമ്മിൽ ഒരു റോഡിന്റെ വേർപാട്‌. ഞങ്ങളുടെ മാലിക്ക്‌ (പു­റം­പോ­ക്ക്‌) അപ്പ­ച്ചൻ പതി­ച്ചെ­ടു­ത്ത­താ­ണ്‌. ആൾക്കാർ പുറമ്പോക്കിൽ കൂടാൻ നിൽക്കുന്നു. വലിയ ബഹ­ളം. അവിടെ നിന്നാൽ പമ്പയാറിന്റെ നൂറ്റെൺപത്‌ ഡിഗ്രി വ്യൂവും കിട്ടും.

ഞാനും, രാമനും, അങ്കിളും മുൻപ­ന്തി­യിൽ നല്ല കാഴ്ച­ കി­ട്ടു­ന്നി­ടത്ത്‌ ഇത്തിരിയിടമു­റ­പ്പി­ച്ചു.

ആറ്റിൽ നല്ലതിരക്കാണ്. പലതരം വള്ള­ങ്ങൾ, യന്ത്രം പിടിപ്പിച്ച ബോട്ടു­കൾ, പള്ളിയോടങ്ങൾ. ഒരു ബോട്ടിന്റെ മുക­ളിലിരുന്ന് ഒരാൾ ഉച്ച­ഭാ­ഷി­ണി­യിലൂടെ 'കുട്ട­നാ­ടൻ പുഞ്ച­യിലെ കൊച്ചു­പെണ്ണേ' എന്ന് അത്യുച്ചത്തിൽ പാടിത്തിമിർക്കുന്നു. നല്ല­വണ്ണം മിനു­ങ്ങി­യി­ട്ടു­ണ്ടെന്നത് തീർച്ചയാണ്. അട്ട­ഹാസം, ചൂള­മടി, പിന്നെ ഇടയ്ക്കിടെയുള്ള കൂക്കു­വിളിയും

കാണികൾക്കിടയിൽ നിന്ന് ഉച്ച­ത്തിൽ ഒരു വിദ്വാൻ, 'എടാ, റാഫീ, അതു നിനക്ക്‌ ഹിന്ദി­യിൽ പാടാമോടാ?'

അടുത്തു നിന്ന വേറൊ­രു­ വി­ദ്വാൻ, 'പമ്പാ മേ മോരു നാച്ചാ കിസി കി ന ദേഖാ'.

അങ്കിൾ, 'സണ്ണീ, ഇതു വള്ളം കളി­യല്ല. വെളളം കളി­യാണ്‌'

പടി­ഞ്ഞാ­റോ­ട്ടു­നോ­ക്കി. തേവേ­രി­ക്ക­ട­വിൽ  ഷോട്ട്‌ ഉൾപ്പെടെ ചുണ്ടൻ വള­ള­ങ്ങൾ അണി­നി­ര­ന്നിട്ടു­ണ്ട്‌. ചുണ്ടൻമാർ, ആറ്റിന്റെ അക്ക­രെ­യി­ക്ക­രെ, വലിച്ചു മുറു­ക്കിയ കയ­റിൽ മുട്ടി മുട്ടി നിൽക്കു­ക­യാണ്‌. വെടി­പൊ­ട്ടു­മ്പോൾ ഓട്ടം തുടങ്ങും. 

നിമിഷങ്ങൾ മാത്രം. വെടി പൊട്ടി!

വള്ള­ങ്ങൾ മുൻപോട്ട്‌ കുതിച്ചു പായുന്നു, പടക്കുതി­ര­കളെപ്പോലെ.

ഷോട്ട്‌, അൽപ്പം പുറ­കിലാണ്.അതിന്റെ തുഴ­ക്കാർക്ക്‌ ചങ്കു­റ്റ­മുണ്ട്‌. കാണി­കൾ ആർത്തു. ഷോട്ട്‌, ഷോട്ട്‌, ഷോട്ട്‌!

ആവേശം! ഷോട്ട്‌ പെട്ടന്ന്‌ മുൻനി­ര­യിൽ!

ഒപ്പ­ത്തി­നൊപ്പം! ആർക്കും ജയി­ക്കാം! പാട്ടും താളവും മുറുകി! തുഴ­ക്കാർ ആഞ്ഞാഞ്ഞു വലിച്ചു! ഷോട്ട്‌ മുന്നിൽ! കാരണം ചവി­ട്ടി­പ്പാ­ടുന്ന, നിരണം തോമ­സിന്റെ ആവേശം!

ഷോട്ടു വിജ­യിച്ചു! വീണ്ടും! 

ആ ആവേശത്തള്ളിച്ചയിൽ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. ചളിയിൽ കാലുകൾ പുതഞ്ഞുപോയിരിക്കുന്നു. കുതിച്ചിട്ടും മുകളിലെയ്ക്ക് ഉയരാൻ കഴിയുന്നില്ല. എന്റെ ശ്വസനനാളികളിൽ പമ്പയിലെ കലക്കവെള്ളം നിറഞ്ഞു. എന്റെ തലയ്ക്ക് മീതെ തോറ്റുമടങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ നിഴലുകൾ പതിയെ തുഴഞ്ഞുനീങ്ങുന്നു. കാണികളുടെ ആരവങ്ങൾ ഏറ്റെടുക്കാൻ വെള്ളം നിറഞ്ഞ എന്റെ ചെകിടുകൾക്കായില്ല. 

പതിയെ കണ്ണിലേയ്ക് ഒരു മഴത്തുള്ളി വീണു. അതിശക്തമായി നെഞ്ചിനുമുകളിൽ കാരിരുമ്പിന്റെ ശക്തിയിൽ ആരോ അമർത്തുന്നു. ഓരോ അമർത്തലിലും വായിലൂടെ നുരയും പതയും പമ്പയാറിലെ കലക്കവെള്ളവും. കണ്ണ് പതിയെ തുറന്നു. രാമൻകുട്ടി. അവനൊരാവേശത്തോടെ എന്റെ ഉയിരിനെ കടിച്ചുപിടിച്ചിരിക്കയാണ്. തിരുമ്മിയും ഉരുട്ടിയും അതിലേയ്ക്ക് പ്രാണവായു പകർന്നു നൽകുകയാണ്. 

നാൽപ്പത്‌ വർഷ­ങ്ങൾക്കു­ശേഷം ഇപ്പോൾ അപ്പച്ചൻ നുണപറയുകയാണ്. രാമൻകുട്ടി മരിച്ചെന്ന്. 

ഞാൻ നിറഞ്ഞ കണ്ണാൽ മന്ത്രിച്ചു, എനിക്കൊരു രണ്ടാം ജന്മം തന്ന എന്റെ രാമൻകുട്ടി ദൈവമാണ്. ദൈവത്തിന് മരണമില്ല.

ബീജം

ബീജം

പൊട്ടൻ

പൊട്ടൻ