Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

 പട്ടം പോലെ

പട്ടം പോലെ

ഇതു പതിവുള്ളതല്ല. ശ്രീലതയാകെ ആശങ്കാകുലയായി.തന്‍റെ കോൾ കണ്ടാലുടനെ തിരിച്ചു വിളിക്കാറുള്ള ആളാണ്. ഫോണ്‍ ചെയ്ത് ആവശ്യമില്ലാതെ ശല്യം ചെയ്തതിന് വഴക്കു പറയുമെങ്കിലും. ഇതിപ്പൊ രണ്ടു ദിവസമായിരിക്കുന്നു. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. പക്ഷെ അറ്റന്‍റു ചെയ്യുന്നില്ല. കഴിഞ്ഞ ദിവസം പിന്നെ  വെള്ളിയാഴ്ചയാണ്, ഉറക്കമാണ്, ഫോണ്‍ സൈലന്‍ഡ് മോഡി ലായിരുന്നു, തുടങ്ങിയ പതിവു നുണകളാണെന്നു വിചാരിക്കാം പക്ഷെ ഇന്ന്?  നോക്കാം ഇന്നിനിയെന്തു നുണയുമായാണ് വരുകയെന്ന്.

ഏതു ദിവസമാണെങ്കിലും ചങ്ങാതിമാരുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ ഉറങ്ങാത്തയാളാണ്. ഇന്നത്തെ കാര്യമങ്ങനെയല്ല . ഈ സമയം ഡ്യൂട്ടിയിലുണ്ടാകേണ്ടതാണ്. ഗ്രൂപ്പിലും കാണുന്നില്ല.  നാളിതുവരെ അങ്ങേരുടെ സാമാധാനം കളഞ്ഞുവെന്ന പരാതി കേള്‍‍ക്കുന്നതല്ലാതെ സ്വന്തമായി ഇതുവരെയിത്ര ആധിപ്പിടിച്ചിട്ടില്ല.

"നീയിങ്ങനെ സ്വന്തം നഖം തിന്നാതെ ജീവന്‍റെ ഓഫീസിലെ ഫോണിലേക്ക് വിളിക്ക്"

അദ്ദേഹത്തിന്‍റെ അമ്മയാണ്.

"ഞാന്‍ വിളിച്ചു, കിട്ടുന്നില്ലമ്മേ"

കഴിഞ്ഞ തവണയങ്ങെരുടെ ഓഫീസില്‍ വിളിച്ചതിന്‍റെ ക്ഷീണം തീര്‍ന്നില്ല അപ്പോഴാ..

" അതു പിന്നെയന്നവന്‍ മീറ്റിംഗിലായിരുന്നപ്പോള്‍ ഫോണെടുത്ത മാനേജറിനൊട് നിന്‍റെ സ്ഥിരം പ്രഭാഷണം നടത്തിയതിനല്ലെ അവന്‍ വഴക്കു പറഞ്ഞത്"

ഇവര്‍ക്കെങ്ങനെ മനസ്സ് വായിക്കാന്‍ പറ്റുന്നു! അങ്ങേരന്നു കിടന്നുതുള്ളിയതിനൊരു പരിധിയുമില്ലായിരുന്നു. ഞാനാറിഞ്ഞൊ ശരിക്കും മീറ്റിംഗിലായിരുന്നെന്ന്?ഏപ്പോഴും സുഹൃത്തുക്കളുമായി ചാറ്റുന്നതിനനുള്ള സൂത്രമായെ ജീവന്‍റെ മീറ്റിംഗികളെ കണ്ടിട്ടുള്ളു.

ഇളയ ചെക്കന്‍ സമയത്തു കുളിക്കാൻ കേറാത്തതും സമയത്ത് ട്യൂഷനു പോകാത്തതും അങ്ങേരു കൊഞ്ചിച്ച് വഷളാക്കിയിട്ടല്ലേ? അതുപിന്നെയാരോടു പറയണം? ഞാനറിഞ്ഞൊ മീറ്റിംഗിലായതു കൊണ്ട് അങ്ങേരുടെ മാനേജ൪ക്ക് ഫോണ്‍ ഡൈവെര്‍ട്ടു ചെയ്തിക്കുകയാണെന്ന്?

"മടിക്കണ്ട മോളെ വിളിച്ചുനോക്ക് ഓഫീസിലാണോന്നറിയാമല്ലോ?"

ഇവരിന്നെന്നെ തെറികേള്‍പ്പിച്ചെ അടങ്ങൂവെന്നാണൊ?. അല്ലേലും മോനെക്കൊണ്ട് തന്നെ ചീത്തകേള്‍പ്പിക്കാന്‍ ഒരു പ്രത്യേക കഴിവുണ്ട് ഈ മഹതിക്ക്.

സാധാരണയായി പ്രവർത്തി ദിവസങ്ങളില്‍ വെളുപ്പാന്‍ കാലത്തു തന്നെ ഗുഡ്മോര്‍ണിംഗ് പറച്ചിലുമായി കോമണ്‍ ഗ്രുുപ്പില്‍ നായകന്‍ അവതരിക്കാറുള്ളതാണ്. ഇന്നിപ്പോള്‍ സമയം ഒന്‍പതു കഴിഞ്ഞു . ഒരു വിവരവുമില്ല..ഗുഡ് മോര്‍ണിംഗുമില്ല.

ഇനി സുഖമില്ലാതെയെങ്ങാനും? ഏയ് അങ്ങനാണെങ്കില്‍ ഗ്രൂപ്പിലെ മഹതിമഹാന്‍മാരുടെ അനുശോചന സന്ദേശങ്ങളുടെ പ്രവാഹമായേനെ. കഴിഞ്ഞപ്രാവശ്യം ചെറിയെന്തൊ അസുഖംവന്നു ഹോസ്പിറ്റലില്‍ കിടന്നപ്പോഴും മഹതികളുടെ സന്ദേശങ്ങൾക്ക് കമന്‍റുമായി പ്രത്യക്ഷപ്പെട്ടയാളാണ്. അതിനെ ചൊല്ലി കഴിഞ്ഞദിവസം കൂടി വഴക്കിട്ടതാണ്..അന്നെന്തായിരുന്നു ? ആ... ഏതാണ്ട് ശ്വാസം മുട്ടലോ മറ്റൊ ആയിരുന്നു...കളവായിരിക്കും..ആ പേരും പറഞ്ഞു ഹോസ്പിറ്റലില്‍ കിടന്നു നഴ്സുമാരോട്  സൊള്ളാമല്ലൊ.

ഇനി ഹാന്‍ങ്ങ്ഔട്ടില്‍ വന്ന മെസ്സേജിന്‍റെ ഉടമയുടെ വഴിയേ പോയൊ? സ്ത്രീകളുടെ വാക്കുകേട്ട് മുന്‍പിന്‍ നോക്കാതെ എടുത്തുചാടുന്നയാളാണെന്ന് പണ്ട് ഒരുപ്രാവശ്യം തന്‍റെ കാര്യത്തില്‍ തെളിയിച്ചതാണ്. അതാണു തന്‍റെ ആശങ്കയേറ്റുന്ന പ്രധാനകാരണം.

അയാള്‍ പ്രതികരിക്കാത്ത നിമിഷങ്ങളേറുന്തോറും തന്റെ രക്തസമ്മർദ്ദമേറുന്നതവള്‍ തിരിച്ചറിഞ്ഞു. എന്തായാലും  ആരുടെയൊപ്പമാണ് സൊള്ളുന്നതറിയാമല്ലൊ? ചിന്തകള്‍ കൂടുതല്‍ കാടുകയറുന്നതിനു മുന്‍പെ ഫോണ്‍ കയ്യിലെടുത്തു.. "ഹലൊ". മേ എെ.. ഹൂയീസ് ഒാണ്‍ ദ ലൈന്‍ പ്ളീസ്?. മറുപുറത്ത് മുഴക്കമുള്ള ശബ്ദം. പക്ഷെയങ്ങേരല്ല. ജീവന്‍റെ വൈഫാന്നുപറഞ്ഞപ്പോള്‍ ഒരു നിമിഷത്തെയിടവേളക്കു ശേഷം മറുപടി:

"വില്‍ കാള്‍ യു ബാക്കിന്നെ മൊമെന്‍റ്" ഫോണ്‍ നിശബ്ദമായി.

ഇതിപ്പോ എന്താ കഥ?.വല്ല ചങ്ങാതിയുമാകും.ഇങ്ങനെ പറയാന്‍ ഏല്‍പിച്ചിതാകും.. സുഹൃത്തുക്കളെ എന്തുകാര്യത്തിലും ന്യായീകരിക്കാനും സഹായിക്കാനും ‍ ഒരു മടിയുമില്ലാത്ത ആളാണല്ലൊ. അപ്പോള്‍ തിരിച്ചു സഹായിക്കാതിരിക്കുമൊ?

"ജീവനെ കിട്ടിയൊ മോളെ?" അമ്മയുടെ സ്വരത്തിലും ഇത്തിരി ആശങ്കയുണ്ടൊ..

"ഇല്ലമ്മെ. വേറാരാണ്ടാണ് ഫൊണെടുത്തത്. തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു വെച്ചു."

"അവനിന്നി വല്ല മീറ്റിംഗിലുമാണൊ?".

"അറിയില്ല"

തെല്ലു നീരസത്തൊടെ ഫോണുമായി കിടപ്പുമുറിയിലേക്ക് നീങ്ങവേ മനസ്സിലോര്‍ത്തു:

 "അതു തന്നാ തന്‍റേയും സംശയം. ഏതവളുമായിട്ടാ മീറ്റിംഗ് എന്നുകൂടിയറിഞ്ഞാൽ മതിയായിരുന്നു"

അങ്ങേരുടെ ഫേയ്സ്ബുക്കില്‍ പരതിനോക്കാം. വല്ല തുമ്പുംകിട്ടിയാലൊ..

"നീ നന്നാവത്തില്ല. മുഴുത്ത വട്ടാണ്. രണ്ടു പതിറ്റാണ്ടായി അറിയാവുന്നയാള്‍ . കൂടെ പത്തു പതിനഞ്ച് കൊല്ലമായി ജീവിക്കുന്നൊരാളുടെ മനസ്സറിയാന്‍ നിനക്ക് ഫേയ്സ്ബുക്കു തപ്പിയാലെ കഴിയുവെങ്കില്‍ പിന്നെ ഭാര്യായാന്നു പറഞ്ഞു കൂടെ ജീവിക്കുന്നതില്‍ ഒര൪ത്ഥവുമില്ല"

രാജിയുടെ, ക്യാന്റീനിൽ  വച്ചുള്ള വാക്കുകള്‍ തന്നെതെല്ലൊന്നമ്പരപ്പിച്ചു.

" നിന്നെപ്പോലെ തന്നെ ജീവനുമൊരു സ്വതന്ത്രവ്യക്തിയാണ്, സാമൂഹികജീവിയാണ്. അപ്പോള്‍ സുഹൃത്തുക്കളുണ്ടാകും അതില്‍ ചിലപ്പോള്‍ ആണും പെണ്ണും കാണും. നല്ലവരും മോശമായവരും ഉണ്ടാകാം. അതു നിന്‍റെ സുഹൃത്തുക്കളിലുമില്ലെ?"

ഞാന്‍ സ്നേഹിക്കുന്നതു പോലെയാരും ഭര്‍ത്താവിനെ സ്നേഹിക്കുന്നുണ്ടാവില്ല" അവളുടെ വാദങ്ങളെ ഖണ്ഡിക്കാനൊരു ശ്രമം ഞാൻ നടത്തി നോക്കി.

" അതുകൊണ്ടിങ്ങനെ ഭര്‍ത്താവിന്‍റെ ഏതുപ്രവൃത്തിയും ചാരകണ്ണുകളാല്‍ നീരീക്ഷിക്കുകയും അതിഴകീറി പരിശോധിക്കുകയും വേണോ? ഒരുതരം മാനസികരോഗമാണിത്. പിന്നെ ഭര്‍ത്താവിനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ലോകത്തിലെ ആദ്യത്തെ ഭാര്യയൊന്നുമല്ല നീ. ലോകത്തെ ബഹുഭൂരിപക്ഷവും അങ്ങനെ തന്നെയാണ്."

"എനിക്കെന്‍റെ കാര്യമെയറിയുള്ളു. മറ്റുള്ളവരുടെ കാര്യമെനിക്കറിയില്ല."  തോറ്റുകോടുക്കാൻ ഞാനൊരുക്കമായിരുന്നില്ല.

"ഇതു തന്നെയാണ് ഞാന്‍ പറഞ്ഞു വന്നത്. നീ അങ്ങേരെ മനസ്സിലാക്കാൻ ശ്രമിച്ചുനോക്കിയിട്ടില്ലാന്ന്. ആയിരുന്നെല്‍ നീയിങ്ങനെ നൂലിൽ കെട്ടി പറത്താന്‍ നോക്കില്ലായിരുന്നു. അതുകൊണ്ടാ നിന്‍റേത് സ്നേഹമല്ല രോഗമാണെന്നു ഞാന്‍ പറയാന്‍ കാരണം"

എന്‍റെ മുഖം ഇരുണ്ടതു കണ്ടിട്ടാകാം അവള്‍ തെല്ലൊന്നു മയപ്പെടുത്തി.

 "നിനക്ക് സ്നേഹമെന്നാല്‍ ഭ്രാന്താണ്. അതാരോടാണെങ്കിലുമതെ. പൊതുവെ പ്രണയ വിവാഹിതര്‍ക്കാണീ അസുഖം കൂടുതല്‍. വര്‍ത്തമാനകാലത്തെ സംഭവങ്ങളെ ഭൂതകാല കണ്ണടയിലൂടെ വായിക്കുന്നതു കൊണ്ടാണത് "

"ഒരാള്‍ ഇങ്ങനെയേ ആകാവൂ എന്നുള്ള പൊതുബോധത്തില്‍ നിന്നുത്ഭവിക്കുന്ന രൂഢമൂലമായ, സാമ്പ്രദായികമായ സാങ്കല്‍പിക ചിന്തകളില്‍ നിന്നും പുറത്തു കടക്കാനുള്ള നിന്‍റെ വിമുഖതയും കഴിവില്ലായ്മയുമാണിത്.  ഇതിനൊറ്റ പരിഹാരമെയുള്ളു. അടുത്ത പ്രാവശ്യം ലീവിനു വരുമ്പോള്‍ ഒരു ജിപിഎസ് ചിപ് വാങ്ങി അങ്ങെരുടെ ദേഹത്തു പിടിപ്പിക്കുക. എന്നിട്ട് അത്  നിന്‍റെ ഫൊണുമായി ഘടിപ്പിക്കുക. അപ്പോളെങ്ങോട്ടു നീങ്ങിയാലും അറിയാം"

എന്‍റെ കണ്ണിലെ ആകാംക്ഷ കണ്ടിട്ടൊയെന്തോ അവള്‍ പൊട്ടിച്ചിരിച്ചു. അവളോടൊക്കെ തന്റെ പ്രശ്നം ഷെയര്‍ചെയ്യണ്ടായിരുന്നുവെന്ന് തോന്നി. ഭര്‍ത്താവിനാല്‍ ത്യജിക്കപ്പെട്ടൊരാള്‍ ആണല്ലൊ അവൾ. അപ്പോള്‍ തന്‍റെ ആശങ്കകള്‍ മനസിലാക്കാന്‍ കഴിഞ്ഞേക്കുമെന്ന് കരുതിയതാ. ഇത്രയേറെ ആഴത്തില്‍ അറിവുള്ളയാളുടെ ജീവിതമെന്തേ വിവാഹമോചനത്തിലെത്തി? ഉപദേശിക്കാനെളുപ്പമാണ്. പ്രത്യേകിച്ചും മറ്റൊരാളുടെ കാര്യത്തില്‍.

"നിന്‍റെ ഭാവത്തിന്റെ അര്‍ത്ഥമെനിക്ക് മനസ്സിലായി. പണ്ടേയതങ്ങനെയാണ്. തന്‍റെ മനസ്സിലുള്ളത് മുഖത്തുനിന്നു മറ്റൊരാള്‍ക്കു വായിക്കാം. എന്‍റെ ജീവിതം നിന്‍റേതിനു നേരെ വിരുദ്ധ ദിശയിലായിരുന്നു. സന്തോഷിനില്ലാത്ത ശീലങ്ങൊന്നുമില്ലായിരുന്നു. പോരാത്തതിന് നിന്‍റെ അതെ അസുഖത്തിന്‍റെ പാരമ്യതയിലും. ഓഫീസില്‍ നിന്നു അഞ്ചു മിനിട്ട് വൈകിയാല്‍, ഫോണെടുക്കാന്‍ താമസിച്ചാല്‍ സഹപ്രവർത്തകരെ കണ്ടു ചിരിച്ചു പോയാല്‍... അങ്ങനെയങ്ങനെ..വീട്ടിലുള്ള കുരുന്നിന്‍റെ നേരെ ആ  സംശയമുന നീണ്ട ദിവസമെല്ലാം ചെന്നവസാനിച്ചു"

ഞാൻ അവളുടെ കണ്ണില്‍ ദു:ഖം പ്രതീക്ഷിച്ചു.  പക്ഷെ അവിടെ വലിയൊരാശ്വാസത്തിന്‍ തിളക്കം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

"എടീ ഇവിടെ പലരുടെയും ഭര്‍ത്താക്കന്മാര്‍ക്കുള്ള പല ചീത്ത സ്വഭാവങ്ങളും നിന്റെ ഭർത്താവായ ജീവനില്ലാന്നു നീ തന്നെയാ പറയുന്നത്. എന്നാല്‍ പല നല്ല ഗുണങ്ങളുണ്ടുതാനും. ഉദാഹരണത്തിന് മദ്യപാനം .പുകവലി.ധൂര്‍ത്ത്.." അവളുടെ ശബ്ദമിടറിയൊ...

"തൊണ്ണൂറ്റൊൻപത് ശതമാനം കുടുംബങ്ങളുടെയും തകര്‍ച്ചയുടെ കാരണമീ ദുശ്ശീലങ്ങളാണ്. അത്തരം ദുശ്ശീലങ്ങൾക്ക്   ഇതുവരെ അടിമപ്പെടാത്തൊരാള്‍ മറ്റേതുരീതിയില്‍ വഴിതെറ്റുമെന്നാ നീ ഭയക്കുന്നത്?."

തന്‍റെ മുഖത്തെ അനിഷ്ടം കണ്ടിട്ടാകാം അവളെണീറ്റു .                     

 "നീ നിന്‍റെ ഇഷ്ടംപ്പോലെ ആയിക്കൊ...അപൂര്‍വ്വമായി കിട്ടിയ നല്ലൊരു ജീവിതമിങ്ങനെ സംശയത്തിന്‍ തീയിലുരുക്കി നഷ്ടപ്പെടുത്തരുത്. ജീവിതാന്ത്യത്തിലല്ല സ്നേഹമെന്തെന്ന് തിരിച്ചറിയേണ്ടത്. ഇപ്പൊഴാണ്. ജീവിതമൊന്നെയുള്ളു. പിന്നീടിതോര്‍ത്ത് ദു:ഖിക്കേണ്ടി വരരുത്.."

"ജീവന്‍ തിരിച്ചുവിളിച്ചൊ മോളെ?

അമ്മയാണ് പിന്നെയും.

"ഇപ്പോള്‍ പിന്നെയും ഒരു മണിക്കൂ൪ കഴിഞ്ഞല്ലൊ? സാധാരണ നിന്‍റെ നമ്പര്‍ കണ്ടാല്‍ തിരിച്ചു വിളിക്കാതിരിക്കില്ലല്ലോ?. നീയൊന്നു കൂടെ അവന്‍റെ ഓഫീസ് ഫോണില്‍ വിളിച്ചു നൊക്കൂ"

അമ്മയുടെ സ്വരത്തിലും  നേര്‍ത്ത ആശങ്കയുണ്ടിപ്പോള്‍. കുറച്ചു അവരും ആശങ്കപ്പെടട്ടെ. ഞാന്‍ മാത്രം വിഷമിച്ചാല്‍ പോരല്ലൊ. മോന്‍ ശ്രീരാമചന്ദ്രനാണെന്നാണല്ലൊ മാതാവിന്റെ വിചാരം!

എന്തെങ്കിലും പുതിയ കഥയുണ്ടാക്കിക്കൊണ്ടാവും ഇന്നത്തെ വരവ്. ഈയിടെയായി തിരക്കാണു മീറ്റിംഗിൽ തുടങ്ങിയ പതിവു കഥകള്‍ക്ക് മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഫോണെടുക്കാത്ത കാര്യത്തില്‍ വഴക്കിട്ടപ്പോള്‍ കമ്പനിയിലെ ഒരു ചെറുപ്പക്കാരൻ കുഴഞ്ഞു വീണു മരിച്ച കഥയാണ് പറഞ്ഞത് .അതിനു‍  മുൻപുള്ള ആഴ്ച ഒരു വനിതാ സ്റ്റാഫിന്‍റെ കഥയാണ് അവതരിപ്പിച്ചത്. അവര്‍ റൂമില്‍ മരിച്ചുകിടന്നതു രണ്ടു ദിവസം കഴിഞ്ഞാ കൂടെയുള്ളവർ പോലും അറിഞ്ഞതത്രെ. ആരെങ്കിലും വിശ്വസിക്കുമൊ?  ഇത്തരം കാര്യമാകുമ്പോള്‍ ഞാന്‍ നിശബ്ദമാകുമല്ലൊ. അതാ ടെക്നിക്ക്. കഥയൊന്ന് മാറ്റിപിടിക്കെന്നു കളിയാക്കി പറഞ്ഞതിനു കേട്ട ചീത്തക്കു കണക്കില്ലായിരുന്നു. കള്ളം ഞാന്‍ കണ്ടുപിടിച്ചതിന്‍റെ ജാള്യത മറക്കാന്‍ എന്നെ ചീത്ത പറഞ്ഞ് കൊന്നില്ലാന്നെയുള്ളു. ഈ കള്ളത്തരങ്ങള്‍ കക്ഷിക്ക് പണ്ടും കുറവില്ലായിരുന്നല്ലൊ? അന്നൊക്കെ വൈകി വരുന്നതിനു വഴിയിലുണ്ടായ ഏതെങ്കിലും ആക്സിഡന്‍റായിരുന്നു കഥാതന്തു.

ഇന്നിപ്പോൾ എവിടെപ്പോയതാവും? വഴിത്തെറ്റിക്കാന്‍ പറ്റിയ കൂട്ടുകാര്‍ക്കു ഒരു ക്ഷാമവുമില്ലാത്തയാളാണ്. പണ്ട്, കള്ളു കുടിക്കില്ലെങ്കിലും കുടിച്ചിറങ്ങുന്ന സുഹൃത്തുക്കളെ ബാറില്‍ നിന്നും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നൊരു ഏര്‍പ്പാടുണ്ടായിരുന്നു. അതുപിന്നെ പോട്ടെയെന്നു വയ്ക്കാറുണ്ട് . ചീത്ത കൂട്ടുകൂടി വഴിയെങ്ങാനും തെറ്റുമോന്നാ പ്രധാന സംശയം.

"നീ മിഴിച്ചു നില്‍ക്കാതെ അവനെയൊന്നു വിളിക്ക്" അമ്മയ്ക്ക്  ആധിയായി തുടങ്ങി. ഇന്നത്തെ ചീത്ത അമ്മകൊടുത്തോളും. വേഗം ഫോണെടുത്തു നമ്പ൪ ഡയല്‍ ചെയ്തു.. സ്ത്രീ ശബ്ദമാണ് അറബിയിലാണല്ലൊയെന്ന് വിചാരിച്ചപ്പോഴേക്കും ഭാഷ മാറി " നമ്പര്‍ യൂ ഹാവ് ഡയല്‍ഡ് ഇസ് സ്വിച്ച്ടോഫ്" 

"അമ്മെ ദെ ഇന്നും ഫോണ്‍ ഓഫ് ചെയ്തു"

ഉറക്കെ വിളിച്ചു പറഞ്ഞ് സ്വന്തം ഫോണില്‍ ഞാൻ മുഖം പൂഴ്ത്തി.

വീട്ടിലെ ലാന്‍ഡ് ഫോണില്‍ ലോംഗ് ബെൽ കേട്ടാണവള്‍ മുഖമുയര്‍ത്തിയത്.

"ജീവനായിരിക്കും. ഞാനെടുക്കാം. നീയെടുത്തിന്നി വഴക്കിടണ്ട"

അമ്മ അടുത്തമുറിയില്‍ നിന്നും വിളിച്ചു പറഞ്ഞു.

ചില ദിവസങ്ങളില്‍ ഫോണ്‍ സ്വിച്ച് ഒാഫാക്കിയിട്ട് ലാന്‍ഡ് ഫൊണില്‍ വിളിച്ച് "ഫോണ് ഓഫാ അമ്മെ അതാ വിളിക്കെത്തെ"യെന്നു പറഞ്ഞു അമ്മയെ പറ്റിക്കുന്ന സ്ഥിരമേര്‍പ്പാടുള്ളതാ.അമ്മയും മോനും കൂടെയായിക്കോട്ടെ. വെറുതെ വഴക്കിടണ്ടാന്നോര്‍ത്ത് ഞാനും. പണ്ടെ വീട്ടിലെ ചെറിയ കാര്യങ്ങള്‍ പറഞ്ഞു മകന്‍റെ സമാധാനം കെടുത്തുന്നുവെന്ന് ശൈലജയോട് അമ്മ പരാതി പറഞ്ഞതായി അറിഞ്ഞു. ഞാനായിട്ട് ആരുടെയും സമാധാനം പോകേണ്ട. എന്തായാലും ഫോണെടുക്കുന്നില്ലാന്നു തീരുമാനിച്ചു കിടപ്പുമുറിയിലേക്ക് പിന്മാറി.

ഫോണിന്‍റെ ഇടവിട്ടുള്ള നിലവിളി തുടർന്നു. അമ്മ അടുക്കളയില്‍ നിന്നെത്തിയില്ലെ?

ശ്രദ്ധ വീണ്ടുമൊരുക്കല്‍ കൂടി അയാളുടെ ഫേയ്സ് ബുക്കിലേക്ക് പിന്‍തിരിച്ചു. പുതിയ ചരടുകള്‍ക്കായി തിരച്ചിൽ തുടര്‍ന്നു...താഴേയ്ക്ക് സ്ക്രോൾ ചെയ്തു. താനും ജീവനും തേക്കടിയിലെ ആരണ്യ നിവാസ് റിസോർട്ടിന്റെ പടിക്കെട്ടിൽ നിൽക്കുന്ന, ഇക്കഴിഞ്ഞ ജൂണിലെ മഴയത്തെടുത്ത പ്രൊഫൈൽ പിക്ച്ചറിന്റെ താഴെ, ഒന്നൊന്നായി കമന്റുകൾ വന്നു തുടങ്ങി... ഞങ്ങളുടെ ജീവന് ആദരാഞ്ജ... വാചകം മുഴുവനാക്കുന്നതിന് മുൻപേ അവൾ പിറകോട്ട് മറിഞ്ഞു.

പെയ്തൊഴിയാതെ

പെയ്തൊഴിയാതെ

നിന്‍റെ വിരലുകള്‍

നിന്‍റെ വിരലുകള്‍