കഥാജാലകം

View Original

മഹ്മരീദിലെ നദികൾ

അർത്ഥമില്ലാത്ത ഒരു വാക്കാണ് മെഹ്മരീദ്, എന്നാൽ ഈ വാക്ക് ഒരു പ്രഹേളികയുമാണ്. മഹ്മരീദിലെ നദികൾ അസ്തിത്വത്തിന്റെ അനാദിയിൽ നിന്നുള്ളവയാണ്. ഓരോ നദിയും അനേകം  ശാഖകളും, ഉപശാഖകളുമായി  പല പാതകളിലൂടെ ഒഴുകി, മണ്ണിനെയും ചെടികളെയും മൃഗങ്ങളെയും തഴുകിയൊഴുകി. ചന്ദ്രബിംബം രാത്രിയിൽ നദിയലകൾക്കു പൊട്ടുകുത്തി. വ്യത്യസ്ത ആകൃതിയിലുള്ള പൊട്ടുകൾ ഓരോ ദിവസവും ചന്ദ്രൻ നദികൾക്ക് സമ്മാനിച്ചു.  ചന്ദ്രകാന്തി നദികളെ നീലിമയിൽ ആഴ്ത്തി, ജലോപരിതലത്തെ നീലിമകൊണ്ട് കെട്ടിപ്പൊതിഞ്ഞു. ഭൂമിയുടെ ഏതോ  കോണിൽ നിന്ന് ഒരു പരിവ്രാജകൻ മെഹ്മരീദിലെ ഏതോ  ഒരു നദിയുടെ തീരത്ത് ചന്ദ്രന്റെ പ്രതിബിംബത്തെ നോക്കിക്കൊണ്ടിരുന്നു. അയാൾ ചന്ദ്രനുമായി താദാത്മ്യം പ്രാപിച്ചു. അയാൾ ഭൂമിയിലേക്ക് നോക്കി, സൂര്യകിരണങ്ങൾ കടമെടുത്തുക്കൊണ്ട്. അയാൾക്ക്‌ കടമായി തോന്നിയെങ്കിലും സൂര്യൻ ഉദാരമനസ്കനാണ്, സൂര്യൻ നിസ്വാർത്ഥമായി ചന്ദ്രന് വെളിച്ചം നൽകുന്നു. ദൂരെ ഒരു മരപ്പൊത്തിൽ പക്ഷിക്കുഞ്ഞുങ്ങൾ ചിലച്ചു. പക്ഷിയമ്മ കുട്ടികളെ ശാന്തരാക്കാനായി ഒരു കഥ പറഞ്ഞു തുടങ്ങി.

"മക്കളേ   ഇന്ന് മഹ്മരീദിന്റെ കഥ പറഞ്ഞു തരാം..., നമ്മളുടെ പൂർവികർ മെഹ്മരീദിന്റെ എല്ലാ പരിണാമങ്ങൾക്കും സാക്ഷിയായവരാണ്.  മരുഭൂമിയിൽ നിന്ന് വനത്തിലേക്ക്, വനത്തിൽനിന്ന് വീണ്ടും മരുഭൂമിയിലേക്ക്, വീണ്ടും വനത്തിലേക്ക് അങ്ങനെ കാലചക്രം  കറങ്ങിക്കൊണ്ടിരുന്നു. എന്നാൽ ഇടക്കെപ്പോഴോ കാലചക്രത്തിന്റെ ചലനമറ്റു, വനം മരുഭൂമിയായി മാറുന്ന പ്രക്രിയയുടെ പകുതിക്ക് വെച്ച് ചക്രം നിന്നു. അങ്ങനെ മഹ്മരീദ് നാം ഇന്ന് കാണുന്ന ഭൂപ്രകൃതിക്ക് ഉടമയായി, പകുതി വനം, മറുപകുതി മരുഭൂമി. കാലചക്രം കുറച്ചു നാളുകൾക്കു ശേഷം പിന്നെയും ഉരുളാൻ തുടങ്ങി. എന്നാൽ മഹ്മരീദിനെ ചക്രങ്ങൾ സ്പർശിച്ചില്ല. മഹ്മരീദ് പകുതി വനവും മറുപകുതി മരുഭൂമിയുമായിത്തന്നെ തുടർന്നു. മഹ്മരീദിലൂടെ അനേകം സംസ്കാരങ്ങൾ കടന്നു പോയി, ജന്മങ്ങൾ കടന്നു പോയി, എന്നാൽ മഹ്മരീദ് മാത്രം മാറിയില്ല. മരുഭൂമിയിൽ ഒരു മണൽതരി പോലും സ്ഥാനം മാറിയില്ല, കാറ്റ് വീശിയില്ല. വനത്തിൽ ഒരു ഇല പോലും കൊഴിയുകയോ തളിർക്കുകയോ  ചെയ്തില്ല. എല്ലാം മാറ്റത്തിന് അതീതമായി തുടർന്നു.

"അപ്പോൾ മഹ്മരീദിലെ നദികളോ? "ഒരു പക്ഷിക്കുഞ്ഞ്   ചോദിച്ചു.                                                 

"മഹ്മരീദിലെ നദികൾ  ഉറവിടമില്ലായ്മയെ സൂചിപ്പിക്കുന്നു, ഈ നദികളുടെ ഉദ്ഭവസ്ഥാനം എവിടെയാണെന്ന് ആർക്കുമറിയില്ല. അവ ശാഖകളും, ഉപശാഖകളുമായ് പല പാതകളിലൂടെ ഒഴുകുന്നു. വർഷത്തിലൊരിക്കൽ മഹ്മരീദിൽ  എത്തുന്ന ഏതെങ്കിലും ഒരു പരിവ്രാജകൻ മാത്രം മഹ്മരീദിലെ നദികളുടെ ഉറവിടങ്ങളെ അറിയുന്നു".

"അതെങ്ങനെയാ അമ്മേ പരിവ്രാജകൻ നദികളുടെ ഉറവിടങ്ങളെ അറിയുന്നത്?"                         

"അതാണ് മകനെ മഹ്മരീദിലെ നദികളെ ഒരു പ്രഹേളികയാക്കുന്നത്,പരിവ്രാജകൻ മാത്രം ഉറവിടത്തെ അറിയുന്നു, എങ്ങനെ അറിയുന്നുവെന്ന് അമ്മക്കറിയില്ല മോനെ "                 

"വർഷത്തിലൊരിക്കൽ പരിവ്രാജകൻ എന്തിനാണമ്മേ മഹ്മരീദിലെത്തുന്നത്?"                            

"അനേകം പരിവ്രാജകർ നിർവാണം പ്രാപിച്ചിട്ടുള്ളത് മഹ്മരീദിലാണ്, അവരുടെ സ്പന്ദനങ്ങൾ ഇപ്പോഴും മഹ്മരീദിൽ നിലനിൽക്കുന്നു, അത് പുതിയ പരിവ്രാജകരുടെ ധ്യാനത്തിന് സഹായകമാകുന്നു."

"കാലചക്രം പിന്നീടും കറങ്ങിയെങ്കിലും, മഹ്മരീദിനെ എന്താണ് ചക്രങ്ങൾ സ്പർശിക്കാഞ്ഞത് ?"

"പണ്ട് തഥാഗതൻ എന്നൊരു യോഗി മഹ്മരീദിൽ നിർവാണം പ്രാപിച്ചു, ആ സമയത്ത് യോഗിയുടെ ആത്മാവ് വികസിക്കാൻ തുടങ്ങി, ആത്മാവ്  മഹ്മരീദിനെയാകെ മൂടി, മഹ്മരീദ് യോഗിയുടെ ആത്മാവിന്റെ ഭാഗമായി മാറി. യോഗി നിർവാണം പ്രാപിച്ചതോടെ കാലചക്രത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി, കർമ്മപാശം പൊട്ടി .ആത്മാവിന്റെ ഭാഗമായ മഹ്മരീദും അങ്ങനെ കാലചക്രത്തിൽ നിന്ന് സ്വതന്ത്രമായി". 

ഇതെല്ലാം കേട്ടുകൊണ്ട് ചന്ദ്രൻ  പുഞ്ചിരിച്ചു , തഥാഗതൻ പുഞ്ചിരിച്ചു. പരിവ്രാജകരുടെ ഞെരുക്കങ്ങൾ ചന്ദ്രനിൽ തട്ടി പ്രതിധ്വനിച്ചു.