കഥാജാലകം

View Original

തുമ്പികളെ ട്രെയിൻ ഇടിക്കുമോ?

കുട്ടിക്ക് അന്ന് വലിയ ഉത്സാഹമായിരുന്നു .വീട്ടിലും തൊടിയിലും അവൻ ഓടി  നടന്നു . തൊഴുത്തിൽ അയവിറക്കി നിന്ന പശുക്കളും, മരച്ചില്ലകളിൽ പാഞ്ഞു നടന്ന അണ്ണാറക്കണ്ണന്മാരും, മുട്ടയിടാൻ കൂടിന്റെ മൂലയിൽ പമ്മിയിരുന്ന പുള്ളിപ്പിടയേയുമൊന്നും  അവൻ ശ്രദ്ധിച്ചില്ല . വെറുതെ തുള്ളിക്കളിച്ചു നടന്നു ... 

പുള്ളിപ്പിടയോട് കാര്യം പറയണമെന്നുണ്ടായിരുന്നു കുട്ടിക്ക് . പക്ഷെ ട്രെയിൻ എന്നൊക്കെ പറഞ്ഞാൽ അതിനു മനസ്സിലാകുമോ ? കുട്ടിക്ക് തന്നെ ശരിക്കും  അതെന്താന്ന് അറിയില്ല . ആദ്യായി കാണാൻ പോവുകയല്ലേ  ട്രെയിൻ !!! കണ്ടു വന്നിട്ട് പറഞ്ഞു കൊടുക്കാം . ഇവർക്കും ക്‌ളാസ്സിലെ കൂട്ടുകാർക്കെല്ലാവർക്കും . അതെ. ഇന്ന് കുട്ടി ആദ്യമായി ട്രെയിൻ കാണാൻ പോവുകയാണ് ... 

മാമനെ യാത്ര അയക്കാൻ പോകുന്നവരുടെ കൂട്ടത്തിൽ കുട്ടിയുടെ പേര് ആദ്യമില്ലായിരുന്നു . അമ്മയുടെ അടുത്തു സകല വിദ്യയും, പട്ടിണി സമരവും നടത്തിയാണ് യാത്രയയക്കാൻ പോകുന്നവരുടെ ലിസ്റ്റിൽ കയറിക്കൂടിയത്. .കൂടെ മാമന്റെ റെക്കമെൻഡേഷനുമുണ്ടായിരുന്നു. കുട്ടിക്ക് മാമനെയും, മാമന് കുട്ടിയേയും ജീവനാണ്. അദ്ദേഹം പട്ടാളക്കാരനാണ് . നല്ല പൊക്കവും മസിലും കട്ടി മീശയുമുണ്ട്. അടുത്ത് വരുമ്പോൾ പനാമ സിഗരറ്റിന്റെ മണവും . അച്ഛൻ ബീഡിയാണ് വലിക്കാറ്. അതിന്റെ മണം കുട്ടിക്ക് ഇഷ്ടല്ല്യ . എന്നാൽ പനാമയുടേത് ഇഷ്ടമാണ് . കുട്ടിയും വലുതാകുമ്പോൾ പനാമയായിരിക്കും  വലിക്കുക.

കുട്ടികൾ പുകവലിക്കാൻ പാടില്ലാത്രേ . ഒരു ദിവസം അച്ഛൻ കാണാതെ ഒരു ബീഡികുറ്റി എടുത്ത് തൊഴുത്തിന്റെ പുറകിലിരുന്ന് വലിച്ചു തുടങ്ങുകയായിരുന്നു . ആദ്യത്തെ വലിയിൽ തൊണ്ടയും മൂക്കും പുകഞ്ഞു നെഞ്ചിൽ കെട്ടി . ചുമച്ചു ചുമച്ചു കുട്ടിയുടെ കണ്ണിലൂടെ വെള്ളമൊഴുകി . മുഖം ചുമന്നു . ബീഡികുറ്റി വലിച്ചെറിഞ്ഞു. തിരിഞ്ഞപ്പോൾ മാമൻ !!

ഞെട്ടിപ്പോയി . പറഞ്ഞതെല്ലാം ചുമയിൽ മുങ്ങിപ്പോയി . മാമൻ കിണറ്റിൻ കരയിൽ കൊണ്ടുപോയി  മുഖവും  കഴുകി, കുറച്ചു വെള്ളം കുടിക്കാനും തന്നപ്പോൾ ചുമ നിന്നു . പിന്നെ കുട്ടി രക്ഷപ്പെടാനുള്ള കരച്ചിൽ തുടങ്ങി . അച്ഛന്റെ മുറിയുടെ ചായിപ്പിൽ, ഓടിന്റെ ഇടയിൽ തിരുകി വയ്ച്ചിരിക്കുന്ന പുളിവാറിന്റെ വടിയാണ് മനസ്സിൽ വന്നത് . അതിന്റെ ഒരൊറ്റ അടിയിൽ കാലു മുഴുവൻ ചുട്ടുപൊള്ളുന്ന ഒരു വേദനയുണ്ട് .പക്ഷെ മാമൻ രക്ഷപ്പെടുത്തി. ആരോടും പറഞ്ഞില്ല . കുറേ ഉപദേശിച്ചു . കുട്ടികൾ  പുകവലിച്ചാൽ ചങ്കും കരളും വാടുമെന്നെല്ലാം . കുട്ടി അന്നേ  അത്  നിർത്തി . ഇനി വലുതാകുമ്പോൾ പനാമയേ വലിക്കു .

മാമൻ ലീവിനു വന്നാൽ നല്ല രസമാണ് .  ഞങ്ങളുടെ വീട്ടിൽ തന്നെയാണ് തങ്ങാറ് . അച്ഛനും അമ്മാവനെ വലിയ ഇഷ്ടമാണ് . അച്ഛൻ ചിരിച്ചും, തമാശ പറഞ്ഞും, ഇരിക്കുന്നത് കാണാൻ പറ്റുന്നത് മാമൻ വരുമ്പോഴാണ് . ആ ദിവസങ്ങളിൽ അമ്മയുടെ വക സ്പെഷ്യൽ കോഴിയും മീനും താറാവുമൊക്കെയുണ്ടാവും . കുട്ടിക്ക് കോളാണ്. മാമൻ തിരിച്ചു പോകുമ്പോഴാണ് സങ്കടം . എല്ലാവർക്കും . അച്ഛൻ വരെ മിണ്ടാതെ നടക്കും . അമ്മ അടുപ്പിനടുത്തിരുന്ന് കരയും , അപ്പൂപ്പനും അമ്മുമ്മയും മുറിയിലേയ്ക്ക് തന്നെ ഒതുങ്ങും .കുട്ടിക്കും നല്ല വിഷമം വരും . പക്ഷെ ഈ പ്രാവിശ്യമില്ല്യാ. മാമന്റെ കൂടെ ട്രെയിൻ കാണാൻ പോവുകയല്ലേ!

കുട്ടി ബസിന്റെ ജനലിലൂടെ നോക്കിയപ്പോൾ നീണ്ട ഒരു കെട്ടിടം കണ്ടു . ഇതാത്രെ റെയിൽവേ സ്റ്റേഷൻ . അച്ഛൻ പറഞ്ഞു തന്നതാണ് . വണ്ടി നിർത്തിയിറങ്ങി . മാമന്റെ വലിയ പെട്ടി അച്ഛനാണ് എടുത്തിരിക്കുന്നത് . ചെറിയ ബാഗ് മാമന്റെ കൈയിൽ .മാമന് ട്രെയിനിൽ കഴിക്കാനുള്ള ഭക്ഷണ പൊതി അമ്മയുടെ പക്കലും. അധികം ആളുകളൊന്നുമില്ല.. അകത്തെ ചെറിയ ഒരു കൂട്ടിൽ ഒരാളിരിക്കുന്നു . മാമൻ അവിടുന്ന് ടിക്കറ്റെടുത്തു . ഞങ്ങൾ സ്റ്റേഷന്റെ അകത്തേയ്ക്കു കയറി . എവിടെ ട്രെയിൻ ?? രണ്ടു സൈഡിലേക്കും നീണ്ടു കിടക്കുന്ന പാളങ്ങൾ , കുറച്ചു ചാര് ബെഞ്ചുകൾ , തൂക്കി ഇട്ടിരിക്കുന്ന ഒരു മണി .വെള്ള ഷർട്ടിട്ട് തൊപ്പി വച്ച ഒരാൾ . ഞൊണ്ടി നടക്കുന്ന ഒരു പട്ടി , മൂടിപ്പുതച്ചിരിക്കുന്ന ഒരു ഭിക്ഷക്കാരൻ, പിന്നെ കുറച്ചു യാത്രക്കാരും . ... ട്രെയിൻ എവിടെ ??? 

കുട്ടിയ്ക്ക് ശരിക്കും സങ്കടായി . എത്രനാളത്തെ കൊതിയാ !എന്നിട്ട് ട്രെയിൻ എവിടെ ? കരച്ചില് വന്നു ... കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോഴാണ് മാമൻ ശ്രദ്ധിച്ചത്. പറഞ്ഞപ്പോൾ വലിയ ഒരു ചിരി ആയിരുന്നു  മാമന്റെ വക. പിന്നെ പറഞ്ഞുതന്നു , ദൂരെന്ന് വരുന്നേ ഉള്ളത്രെ ട്രെയിൻ . കുട്ടിയ്ക്ക്  ചമ്മലായി ... ട്രെയിൻ  കാണാൻ പോകുന്ന മുതിർന്ന കുട്ടിയാ . അങ്ങനെ കരയാൻ പാടില്ല . ദൂരേന്ന് വന്ന് ദൂരേയ്ക്ക് പോകുന്ന ട്രെയിൻ ... അധികം ചിന്തിച്ചു മെനക്കെടാതെ കുട്ടി സ്റ്റേഷൻ ചുറ്റി നടന്നു .

ഇളം  വെയിൽ പറ്റിക്കിടക്കുന്ന പാളങ്ങളിൽ പറന്നു നടക്കുന്ന തുമ്പികൾ . ചെറു കാറ്റിൽ  തുള്ളുന്ന ചുമന്ന നിറങ്ങളിൽ തിളങ്ങുന്ന ചിറകുകളുള്ള തുമ്പികൾ . കുറേയുണ്ട് .വായുവിൽ പടം വരച്ചു കളിക്കുന്നു . അമ്മയും കുട്ടികളുമാകും. അല്ലെങ്കിൽ കൂട്ടുകാർ ആയേക്കാം. .കുട്ടിക്കവയേ വല്യ ഇഷ്ടായി . അച്ഛനെയും അമ്മയെയും മാമനെയും എല്ലാം വിളിച്ചു കാണിച്ചു .സംസാരിച്ചു കൊണ്ടിരുന്ന അവർ അത് ശ്രദ്ധിച്ചു എന്ന് തോന്നുന്നില്ല . ഒരു ചെറിയ ദേഷ്യം വന്നെങ്കിലും കുട്ടി പിന്നെയും തുമ്പിയുടെ പുറകെ കൂടി . എണ്ണം എടുക്കാൻ നോക്കിയിട്ട് പറ്റണില്ല . എണ്ണി വരുമ്പോൾ പിന്നെയും കുറെ പറന്നു കയറി വരും . കുട്ടി ശ്രമം ഉപേക്ഷിച്ചു . പെട്ടെന്ന് കുട്ടിയെ ഞെട്ടിച്ചുകൊണ്ട് മണി മുഴങ്ങി . ട്രെയിൻ വരാറായി . മാമൻ പെട്ടിയെല്ലാം ഒന്നുകൂടെ അടുപ്പിച്ചു വച്ചു . ടിക്കറ്റ് എല്ലാം പോക്കറ്റിൽ നിന്നെടുത്തു നോക്കി തിരിച്ചിട്ടു . എല്ലാവരും എഴുന്നേറ്റു . പക്ഷെ കുട്ടിയുടെ കണ്ണുകൾ അപ്പോഴും തുമ്പികളിലായിരുന്നു.. ഇതൊന്നും നോക്കാതെ അവ പിന്നെയും പാളത്തിന്റെ മുകളിൽ കളി തുടരുകയാണ് . കുട്ടിയുടെ മനസ്സിലേക്ക് എവിടെ നിന്നോ ഒരു ചിന്ത കയറി വന്നു. . ഈ പാളത്തിൽ കൂടെയാണ് ട്രെയിൻ വരുന്നത് .അതിന്റെ അടുത്തു തുമ്പിയെ കാണാൻ പോയതിനു വരെ അച്ഛന്റെ വഴക്ക് കേട്ടു . ട്രെയിൻ ഓടി വരുമ്പോൾ അടുത്തു പോലും പോകാൻ പാടില്ലാത്രേ .അപ്പോപ്പിന്നെ ഈ തുമ്പികൾ ??? അവയെ ട്രെയിൻ ഇടിക്കില്ലേ ??

തുമ്പിയെ ട്രെയിൻ ഇടിക്കില്ലേ ?? മാമൻ പോകുന്ന സങ്കടത്തിൽ നിന്ന അച്ഛനും അമ്മയും ചിരിച്ചു മറിയുന്നു . അപ്പൂപ്പനും അമ്മുമ്മയും ഊറി ചിരിക്കുന്നു . മാമൻ വരെ ചിരിക്കുന്നു . എന്താ ഇത്ര ചിരിക്കാൻ! കുട്ടിയ്ക്ക് എല്ലാവരോടും ദേഷ്യം വന്നു . അത് ചെറിയ ജീവിയല്ലേ, അതിനെ എങ്ങിനെയാ വലിയ ട്രെയിൻ മുട്ടുന്നത് ?? മാമൻ ഓരോന്ന് പറഞ്ഞ് കുട്ടിയെ സമാധനിപ്പിക്കാൻ നോക്കി . കുട്ടി കുതറി മാറി നിന്നു . ഇനി ഇവരോട് ഒന്നും ചോദിക്കില്ല . കുട്ടി കണ്ടുപിടിച്ചോളാം . ഇപ്പൊ വരുമല്ലോ ട്രെയിൻ! കാണാല്ലോ.. പക്ഷെ തുമ്പികൾക്ക് വല്ലതും പറ്റുമോ ? ചത്തു പോയാലോ ? കുട്ടിയ്ക്ക് സങ്കടമാകും . എന്ത് ഭംഗിയാ അവറ്റകളെ കാണാൻ! ഇവർക്ക്  വേറെ മാറിനിന്നു കളിയ്ക്കാൻ പാടില്ലേ ? അച്ഛനും അമ്മയും ഒന്നുമില്ലേ വഴക്ക് പറയാൻ ? ഇവയെ പാളത്തിൽ നിന്ന് ഓടിക്കാൻ എന്താ വഴി ? ആരും കാണാതെ കുട്ടി ഒരു കല്ല് എടുത്ത് എറിഞ്ഞുനോക്കി  . രക്ഷയില്ല . കൈകൊണ്ട് ആട്ടി നോക്കി. ഇല്ല അവ മാറുന്നില്ല . ദൂരെ നിന്ന് കൂകുന്ന ശബ്ദത്തോടെ, ഒരു പൊട്ടു പോലെ ട്രെയിൻ വരുന്നു .

കുട്ടിയ്ക്ക്  ആകാംഷയും, സങ്കടവും, പേടിയുമെല്ലാം  വന്നു. ദൂരെ നിന്ന് വലുതായി വരുന്ന ട്രെയ്‌നിനെയും, അതൊന്നും നോക്കാതെ കളിക്കുന്ന തുമ്പികളെയും കുട്ടി മാറി മാറി നോക്കി . എന്ത് വലുതാ ട്രെയിൻ!  അത് ഈ തുമ്പിയെ ഇടിച്ചാൽ ഒന്നും ബാക്കിയുണ്ടാവില്ല . ട്രയിൻ അടുത്തെത്താറായി . കുട്ടി സർവ്വ ശക്തിയുമെടുത്ത് കൈയെടുത്തുവീശി തുമ്പിയെ ഓടിക്കാൻ നോക്കി . പെട്ടെന്ന് അച്ഛൻ പാലത്തിനടുത്തെത്തിയ കുട്ടിയെ വലിച്ചുമാറ്റി . നല്ല വഴക്കും കിട്ടി . ചെകിടടയ്ക്കുന്ന ശബ്ദത്തോടെ ട്രെയിൻ വന്നു  . അച്ഛന്റെ കൈയ്യിൽ നിന്ന് കുതറി കുട്ടി നോക്കുമ്പോൾ തുമ്പികളെ ഒന്നും കാണാനില്ല . ട്രെയിൻ ഇടിച്ചോ ? അതോ പറന്ന് പോയോ ? ട്രെയിനിൽ നിന്ന് പലരും ഇറങ്ങുന്നു . പലരും കയറുന്നു . മാമനും കയറുന്നു . കുട്ടി ഒന്നും ശ്രദ്ധിച്ചില്ല . കണ്ണ് പാളത്തിലും ട്രെയിനിലും പാറി നടന്നു . അവ രക്ഷപെട്ടോ അതോ മരിച്ചോ ???

തിരിച്ചു വീട്ടിലേയ്ക്ക് പോകുമ്പോൾ എല്ലാവരും ഓരോ ഓർമകളിലായിരുന്നു . അധികപേരും മൗനത്തിൽ . എങ്കിലും മാമൻ പോകുന്നത് അതിർത്തിയിലെ യുദ്ധ രംഗത്തേക്ക് ആണെന്നും ചൈനക്കാർ വലിയ ദുഷ്ടൻമാരാണെന്നും ആരോ പറയുന്നത് കുട്ടി കേട്ടു . ട്രെയിൻ വിട്ടുപോയിക്കഴിഞ്ഞപ്പോൾ, അതിന്റെ അവസാനത്തെ വലിയ ഇരുമ്പ് ചക്രങ്ങൾ ഉരുണ്ട് മാറിയപ്പോൾ, പാളത്തിൽ കിടന്നിരുന്ന ചതഞ്ഞ, ചുമന്ന തുമ്പിയായിരുന്നു കുട്ടിയുടെ മനസ്സിൽ . അതിന്റെ മുകളിൽ പിന്നെയും കളി തുടർന്നുകൊണ്ടിരിക്കുന്ന മറ്റു തുമ്പികളുടെ ചിറകുകളിലെ തിളക്കവും .....