Kadhajalakam is a window to the world of fictional writings by a collective of writers

അവരിടങ്ങൾ

അവരിടങ്ങൾ

ഓഫീസിൽ നിന്നിറങ്ങിയ വൈകുന്നേരം, മൊബൈലിൽ ആ മെസേജ് അവനെ തേടി എത്തിയതു മുതൽ അവനൊരുതരം ആളിക്കത്തലിൽ ആയിരുന്നു. ഒരിടത്തു നിൽക്കാനോ ഇരിക്കാനോ വയ്യാത്ത വിധം, ആകാംക്ഷ കൊണ്ടു നീറിപുകയുന്ന അവസ്ഥ. തനിക്ക് എന്താണിങ്ങനെ എന്നാലോചിച്ചിട്ടു അവനൊരു ഉത്തരം കിട്ടിയതുമില്ല.അവൻ വീണ്ടും മൊബൈൽ എടുത്ത് ആ മെസ്സേജ് ഒന്നുകൂടി വായിച്ചു.

"ഇന്ന് രാത്രി ഞാൻ നിന്റെ നഗരത്തിൽ ഉണ്ടാകും,മറ്റൊരു യാത്രയുടെ ഇടവേളയിൽ, ഒരു രണ്ടു മണിക്കൂർ നേരം. കഴിയുമെങ്കിൽ കാണുക...സംസാരിക്കാം.. "

കാലങ്ങളായി പ്രിയപ്പെട്ടതെന്ന് അവൻ കരുതുന്ന ഒരാളിൽ നിന്ന് അവൻ ആഗ്രഹിച്ചു കൊണ്ടിരുന്ന പ്രതികരണം, അപ്രതീക്ഷിതമായി ഇതാ വന്നെത്തിയിരിക്കുന്നു. പക്ഷെ, തിരിച്ചറിയാനാവാത്ത വികാരങ്ങാളാൽ താൻ അധൈര്യനായി പോകുന്നു എന്ന് അവൻ സംശയിച്ചു.

അവൾ, മൂന്നു വർഷം മുൻപ് തുടങ്ങിയ പരിചയം. ഫേസ്ബുക്ക് സൗഹൃദങ്ങളിലേക്ക് എഴുത്തുകാരും കവികളും കൂടുതലായി ചേക്കേറി തുടങ്ങിയ കാലത്ത് അവിചാരിതമായി കണ്ട ഒരു മുഖം.പരസ്പരം മിണ്ടാതെ , സൗഹൃദ കൂട്ടങ്ങളിൽ ഒരാളായി പിന്നെയും കുറെ കാലം. അവളുടെ എഴുത്തിനോട് ഇടക്കൊക്കെ തോന്നിയ പ്രണയം പതിയെ അവളോടും..!സംസാരിച്ചു തുടങ്ങിയപ്പോൾ പ്രണയം കത്തിപ്പടർന്നു. പക്ഷെ ഒരിക്കൽ പോലും ഔപചാരികമായ സൗഹൃദത്തിന്റെ വരമ്പ് അവൾ മുറിച്ചു കടന്നില്ല. കൂടുതലോ കുറവോ ഇല്ലാത്ത വിധം, സംസാരങ്ങൾ അവളുടെതായ ലോകത്ത് ഒതുക്കി നിർത്തി. പ്രതീക്ഷിക്കുന്ന പ്രണയത്തിന്റെ ഒഴുക്ക് കിട്ടാതാകുന്തോറും അവൾ അവന്റെ മനസ്സിൽ പ്രണയത്തിന്റെ അഗ്നിപർവതം പോലെ പുകഞ്ഞു കൊണ്ടിരുന്നു.കാത്തിരിപ്പുകൾക്ക് അർത്ഥമില്ല എന്ന്‌ തോന്നുന്ന ചില നിമിഷങ്ങളിൽ അവൾ അവന്റെ നേർക്ക് വാക്കുകളായി പെയ്തിറങ്ങി. പ്രതീക്ഷ പൂത്തു നിറയുന്ന അവസരങ്ങളിൽ അവൾ ഒന്നും മിണ്ടാതെ മാഞ്ഞു പോയി.അങ്ങനെ കുറെ കാലങ്ങൾ.കാണാൻ ഒരു അവസരം ചോദിക്കുമ്പോഴൊക്കെ അവൾ ചിരിച്ചൊഴിഞ്ഞു.അവൾ എഴുതുന്നതൊക്കെയും തനിക്ക് വായിക്കാൻ വേണ്ടി മാത്രം ആണെന്ന വിശ്വാസത്തിൽ വീണ്ടും പ്രതീക്ഷകൾ കൊണ്ടു നടന്നു!

വീണ്ടും കുറേക്കാലം നീണ്ട മൗനം. അവൾ മൗനമണിയുന്ന അവസരങ്ങളിലൊക്കെ അവൻ അവളെ ശല്യപ്പെടുത്തിയിരുന്നില്ല, ഒരിക്കലും. അവളൊരു ചിരിയോടെ എപ്പോഴെങ്കിലും വരുമെന്ന വിശ്വാസം ആയിരുന്നു. പക്ഷെ, അത്തവണ കാത്തിരിപ്പിന് നീളം കൂടി. അതിനിടയിൽ ജോലി, കല്യാണം, അങ്ങനെ മാറ്റങ്ങൾ അവന്റെ ജീവിതത്തിലേക്ക് ചേക്കേറി!!

ജീവിതത്തിലേക്ക് കൂടെ കൂട്ടിയവൾ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വേറൊരു ലോകം തന്നു, മറ്റെല്ലാം മറക്കാൻ പഠിപ്പിച്ചു. ലക്ഷ്മി, ഡോക്ടർ ആയി തീരുക എന്ന സ്വപ്നം സഫലമാക്കാൻ മറ്റൊരു നഗരത്തിൽ താമസിച്ചു പഠിക്കുന്നു.അവൻ ആലോചനകളിൽ ദീർഘമായി നിശ്വസിച്ചു.

വൈകിട്ട് ജോലി കഴിഞ്ഞിറങ്ങി ലക്ഷ്മിയുടെ കാൾ അറ്റൻഡ് ചെയ്ത് സംസാരിച്ചു വച്ചതിനു ശേഷമാണ് അവളുടെ മെസ്സേജ് അവനെ തേടി എത്തിയത്.അതുകൊണ്ട് നേരെ വീട്ടിലെത്തി, മറ്റെങ്ങും പോകാതെ വീട്ടിൽ തന്നെ ചുരുണ്ടു കൂടിയിരുന്നു.അവളെ കാണുന്ന നിമിഷം അവൻ വെറുതെ സങ്കല്പിച്ചു നോക്കി.അവൻ പെട്ടെന്ന് എഴുന്നേറ്റ് ബെഡ്റൂമിലെ കണ്ണാടിയിൽ തന്റെ മുഖം നോക്കി. നിരന്തരമായുള്ള, ജോലി സംബന്ധമായ യാത്രകൾ കാരണം മുഖം കരുവാളിച്ചിരിക്കുന്നു.അവൾക്ക് തന്നെ ഇഷ്ടപ്പെടുമോ എന്ന സംശയത്തോടെ അവൻ താടിയിൽ വിരലുഴിഞ്ഞു.

അവൻ ക്ലോക്കിൽ നോക്കി. സമയം എട്ട്. രാത്രി പത്തു മണിക്ക് അവളുടെ ബസ് എത്തും. അടുത്ത ബസ് പന്ത്രണ്ടരക്ക് ആണ്. അത് വരെ ഉള്ള സമയം അവൾക്കൊപ്പം!! ആകാംക്ഷ കൊണ്ട് തന്റെ ഹൃദയം പൊട്ടിപ്പോകുമെന്ന് അവനു തോന്നി. ഇനിയും രണ്ടു മണിക്കൂർ കടന്നു പോകണമല്ലോ എന്നോർത്തപ്പോൾ അവനു വീട്ടിലിരിക്കാൻ തോന്നിയില്ല.വീട് പൂട്ടി പുറത്തിറങ്ങി.കുറച്ചു നേരം കൂട്ടുകാരുടെ ആരുടെ എങ്കിലും അടുത്ത് പോയിരുന്നാൽ ഈ സംഘർഷത്തിനു ഒരു ആശ്വാസം കിട്ടുമെന്ന് അവനു തോന്നി.

കാലങ്ങളായി കൂടെ നടക്കുന്ന സുഹൃത്തിനു മുന്നിൽ ഉള്ളിലെ സംഘർഷം മറച്ചു പിടിക്കാൻ അവനു നന്നേ പാടുപെടേണ്ടി വന്നു. സംസാരിച്ചിരിക്കുമ്പോഴൊക്കെയും അവൻ അസ്വസ്ഥനായി സമയം നോക്കി കൊണ്ടിരുന്നു. അത്താഴം കഴിക്കാനുള്ള സുഹൃത്തിന്റെ നിർബന്ധത്തിനു നിൽക്കാതെ അവൻ യാത്ര പറഞ്ഞിറങ്ങി. ഇനിയുമുണ്ട് അരമണിക്കൂർ. ബസ് സ്റ്റാൻഡിനു മുന്നിലുള്ള കടയുടെ അടുത്തായി അവൻ ബൈക്ക് പാർക്ക്‌ ചെയ്തു.കാത്തിരുപ്പ് !!

സമയം ഇഴഞ്ഞു നീങ്ങുന്നതിനൊപ്പം അവന്റെ മൊബൈലിൽ അവളുടെ മെസ്സേജ് വന്നു.

"എത്തിക്കൊണ്ടിരിക്കുന്നു "

"ഞാനിവിടെ തന്നെ ഉണ്ട് "എന്ന് അവൻ തിരിച്ചു മെസ്സേജ് അയച്ചു..

ഒരു സിഗരറ്റ് വലിക്കണം എന്നവന് അതിയായ ആഗ്രഹം തോന്നിയെങ്കിലും വേണ്ട എന്ന്‌ കരുതി.

"എത്തി " അവളുടെ മെസ്സേജ്.

തന്റെ കൈകൾ വിറക്കുന്നുണ്ട് എന്ന് അവനൊരു അതിശയത്തോടെ കണ്ടു.അവനു ചിരി വന്നു !

അവൻ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു കൊണ്ട് കൈകൾ മാറിൽ കെട്ടി അവളെ സ്വീകരിക്കാൻ തയ്യാറായി നിന്നു.

ബസ് സ്റ്റാന്റിനുള്ളിലെ മങ്ങിയ ഇരുട്ടിൽ നിന്ന് ഒരു സ്ത്രീരൂപം റോഡിലെ വെളിച്ചത്തിലേക്ക് ഇറങ്ങി നിന്ന് ചുറ്റും നോക്കുന്നത് അവൻ കണ്ടു.

അവൾ !!!

അവൻ വലതുകരം ഉയർത്തി, അതേ നിമിഷത്തിൽ അവൾ അവനെ കണ്ടിരുന്നു.

അവൾ പെട്ടെന്ന് റോഡ് മുറിച്ചു കടന്ന് അവന്റെ അരികിലേക്ക് എത്തി.തൊട്ടുമുന്നിൽ അവൾ വന്നു നിന്നപ്പോൾ അത് വരെ മനസ്സിൽ കരുതിയതൊക്കെ മറന്നത് പോലെ അവൻ നിന്നു.

അവൾ ചിരിച്ചു. കൈനീട്ടി. അവൻ വിറയ്ക്കുന്ന വലതുകരം കൊണ്ട് അവളുടെ നീട്ടിയ വിരലുകളിൽ തൊട്ടു.

അവൾ വീണ്ടും ചിരിച്ചു, "ഞാൻ...... വന്നു..!!

അവൻ വാക്കുകൾ മറന്നു.അവൾ അവന്റെ കൈയിൽ നിന്ന് തന്റെ കൈ സ്വതന്ത്രമാക്കി തോളിൽ കിടന്ന ബാഗ് അല്പം മുകളിലേക്ക് കയറ്റി ഇട്ടു.

"കുറെ നേരമായോ വന്നിട്ട് "

"ഇല്ല... ഞാൻ....കുറച്ചു നേരമായി... പോകാം? അവൻ പറഞ്ഞൊപ്പിച്ചു!

"വിശക്കുന്നു "! അവൾ അവനെ നോക്കി.

"കയറൂ " അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

അവന്റെ തോളിൽ തൊട്ട് അവൾ ബൈക്കിൽ കയറി, അവനു പുറകിൽ അവനെ തൊടാതെ ഇരുന്നിട്ട് , അവന്റെ തോളിൽ നിന്ന് കൈകൾ പിൻവലിച്ചു.

തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ അവർ മുഖാമുഖം ഇരുന്നു. വളരെ സാവധാനം ഭക്ഷണം കഴിക്കുന്ന അവളുടെ മുഖത്തേക്ക് അവൻ നോക്കിയിരുന്നു. ഫോട്ടോകളിൽ കാണുന്നതിനേക്കാൾ അല്പം മെലിഞ്ഞിട്ടാണ്.അലസമായി, തോളിൽ ചിതറിക്കിടക്കുന്ന മുടി.യാത്രാക്ഷീണം പടർത്തിയ മിഴികളിലെ കണ്മഷി.!കാത്തിരുന്നു കാണുന്ന രൂപം. ഈ നിമിഷം, താൻ ആണ് ലോകത്തിലെ ഏറ്റവും സന്തോഷവാനായ പുരുഷനെന്ന് അവൾ അറിയുന്നുണ്ടാകുമോ? !

അവൾ പെട്ടെന്ന് മുഖമുയർത്തി അവനെ നോക്കി !!

അവൻ നോട്ടം മാറ്റി മുന്നിലെ ഗ്ലാസിൽ നിന്നു വെള്ളം കുടിച്ചു. അവൾ എണീറ്റു പോയി കൈ കഴുകി വന്നപ്പോഴേക്കും അവൻ ബില്ല് കൊടുത്തു.

ബൈക്കിൽ കയറുന്നതിനു മുൻപ് അവൾ അവനെ നോക്കി

"തന്റെ നഗരം ഒന്ന് കാണിച്ചു തരൂ.പറഞ്ഞു കേട്ട അറിവല്ലേയുള്ളൂ എനിക്ക് !!

അവൻ ചിരിച്ചു "കയറിക്കോ. എല്ലാം കണ്ടിട്ടേ ഇന്ന് പോകുള്ളൂ. "

താൻ ജനിച്ചുവളർന്ന ആ നഗരത്തെ കുറിച്ച് അവൻ പറയുന്നത് കേട്ടുകൊണ്ട് അവനു പിറകിൽ അവളിരുന്നു. എന്നും വന്നിരിക്കാറുള്ള സ്ഥലങ്ങൾ, കാണാറുള്ള ആളുകൾ, അങ്ങനെ ഓരോന്നും അവൻ വിശദമാക്കി കൊണ്ടിരുന്നു.

ഇടക്ക് അവൾ ചോദിച്ചു.. "നമ്മളിനി എങ്ങോട്ടാ? !

"എന്റെ വീട്ടിലേക്ക് "

"വീട്ടുകാർക്ക് ബുദ്ധിമുട്ടാകുമോ? !

"അവിടെ ആരുമില്ല."

.....

അവൾ പെട്ടെന്ന് നിശബ്ദ ആയത് കണ്ട് അവൻ തോളിനു മീതെ തല ചെരിച്ചു അവളെ നോക്കി. "പേടിക്കണ്ട, കുളിച്ചു ഫ്രഷ് ആയിട്ട് കുറച്ചു നേരം ഉറങ്ങിക്കോളൂ. ക്ഷീണം മാറട്ടെ."

"പേടിയൊന്നുമില്ല " അവൾ ചിരിച്ചു.

വീടിനു മുന്നിൽ ബൈക്ക് പാർക്ക്‌ ചെയ്തിട്ടു അവൻ പോക്കറ്റിൽ നിന്ന് താക്കോലെടുത്തു മുൻവാതിൽ തുറന്നു. അവളുടെ ബാഗ് കൈയിൽ വാങ്ങി അവൾക്ക് കയറാനായി വഴി മാറി നിന്നു.അവൾ വീടിനകത്തു കയറി ചുറ്റും നോക്കി.

"വാടക വീടാ.ഞാനെന്റെ സ്വപ്നഭവനം പണിതു കൊണ്ടിരിക്കുകയാണ്. അഞ്ചാറു മാസത്തിനുള്ളിൽ പണി തീരും "

അവൾ അവനെ നോക്കിയിട്ട് ഭിത്തിയിലിരിക്കുന്ന ഫോട്ടോയിൽ നോക്കി.

"അച്ഛൻ... എന്റെ ഓർമയുടെ തുടക്കം മുതൽ അച്ഛൻ ഈ ഫോട്ടോ ആണ്."

അവന്റെ സ്വരം തന്റെ തൊട്ടുപുറകിൽ നിന്ന് അവൾ കേട്ടു.

"ബാത്റൂം..? !! അവൾ പെട്ടെന്ന് തിരിഞ്ഞ് അവനെ നോക്കി.

"വരൂ... "അവൻ ഇടത് വശത്തുള്ള മുറി തുറന്നു.

"എന്റെ മുറിയാ"

അവൾ ബാഗ് കട്ടിലിൽ വച്ചു. അവൻ അലമാര തുറന്ന് ഒരു മുണ്ടും ഷർട്ടും എടുത്ത് അവളുടെ നേരെ നീട്ടി.

അവളുടെ കണ്ണുകൾ വിടർന്നു.

"വേണ്ട.എന്റെ കൈയിൽ വേറെ ഡ്രെസ്സുണ്ട്."

"അത് സാരമില്ല.പോകുന്നത് വരെ ഇത് ധരിക്കൂ." അവനൊരു അപേക്ഷ പോലെ പറഞ്ഞു. അവളൊരു നിമിഷം അവനെ നോക്കി നിന്നു. കൈകൾ നീട്ടി, അവൻ അത് അവളുടെ കൈകളിൽ കൊടുത്തു.

അവളെ മുറിയിൽ തനിച്ചു വിട്ടിട്ട് അവൻ പുറത്തിറങ്ങി ടീവി ഓൺ ചെയ്തു. ചാനലുകൾ മാറ്റി കാണുന്നുണ്ടെങ്കിലും തന്റെ മനസ് അവളെ ചുറ്റി പറക്കുന്നു എന്ന്‌ അവനു തോന്നി.

അവൾ വാതിൽ തുറന്നിറങ്ങി വന്നപ്പോൾ അവൻ ആഹ്ലാദത്തോടെ എഴുന്നേറ്റു. അവളെ അടിമുടി നോക്കി. തന്റെ മുണ്ടും ഷർട്ടും ധരിച്ചു നിൽക്കുന്ന അവൾ.

"എങ്ങനെ ഉണ്ട് "?!

അവൾ കുസൃതിയോടെ കണ്ണിറുക്കി...

"ഞാൻ വിചാരിച്ചതിനേക്കാൾ ഭംഗിയായിട്ടുണ്ട്." അവൾ ഉറക്കെ ചിരിച്ചു..

"ഇനി കുറച്ചു നേരം കിടന്നോളൂ.ഒരു മണിക്കൂർ കൂടി സമയം ഉണ്ട്. "

"ഉം..." അവൻ നനഞ്ഞ മുടി മാറിലേക്കെടുത്തു കൊണ്ട് തിരിഞ്ഞു.കട്ടിലിൽ ഇടത് വശം ചെരിഞ്ഞു കിടന്നു.വാതിലിനു പുറത്ത് അവനെ കാണാം.അവൻ അവളെ നോക്കി വാത്സല്യത്തോടെ ചിരിച്ചു. അവൾ എന്തോ ഓർത്തിട്ടെന്നവണ്ണം പെട്ടെന്ന് എഴുന്നേറ്റിരുന്നു.

"അനന്താ... "അവൾ അവനെ നോക്കി വിളിച്ചു..

അവൻ ചോദ്യഭാവത്തിൽ നോക്കി.

"ഇങ്ങുവരൂ.. "

അവൻ എഴുന്നേറ്റു ചെന്ന്, അവളുടെ അരികിൽ ഇരുന്നു.

"എന്തുപറ്റി, ഉറങ്ങുന്നില്ലേ? !

അവൾ കൈകൾ രണ്ടും മടിയിൽ വച്ച്, മുഖം ചെരിച്ച് അവനെ നോക്കി

"മൂന്നുവർഷത്തിനിടയിൽ ആദ്യമായി കാണുകയല്ലേ നമ്മൾ.ആദ്യമായി.എന്നെ കണ്ടപ്പോൾ എന്ത് തോന്നി "? !

അവൻ ചിരിച്ചു. തന്റെ ഇടതു കരം അവളുടെ മടിയിൽ വിശ്രമിക്കുന്ന കരങ്ങളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവളുടെ മിഴികളിലേക്ക് നോക്കി.

"വെറുതെ....വെറുതെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നി.ഉമ്മ വയ്ക്കാൻ തോന്നി.. "

അവളുടെ മുഖത്ത് ചിരി മാഞ്ഞു.. അവൻ പതർച്ചയില്ലാത്ത സ്വരത്തിൽ, അവളുടെ മുഖത്തിനടുത്തേക്ക് മുഖം അടുപ്പിച്ചു വീണ്ടും പറഞ്ഞു,

"ഈ നിമിഷത്തിന്റെ ഓർമ്മക്ക് അതെന്റെ ഒരു ആഗ്രഹമായിട്ട് പറഞ്ഞതാ.. " ചിരിച്ചു കൊണ്ട് അവൻ തന്റെ കൈകൾ പിൻവലിച്ചു.

"പക്ഷെ വേണ്ട... " അവൻ വീണ്ടും ചിരിച്ചു. അവന്റെ കണ്ണുകളിൽ നിറഞ്ഞ നനവിന്റെ തിളക്കം അവൾ കണ്ടു..

അവൾ എഴുന്നേറ്റു. അവനും..

അവനെതിരെ, കൈകൾ പുറകിൽ ചേർത്ത് , ഭിത്തിയിൽ ചാരി നിന്ന് അവൾ അവനെ സൂക്ഷിച്ചു നോക്കി.. "പക്ഷെ, എനിക്ക് വേണം."

അവൻ വിശ്വാസം വരാത്തത് പോലെ അവളെ നോക്കി.അവൾ അവനെ നോക്കി വെല്ലുവിളിക്കുന്നത് പോലെ ചിരിച്ചു.

അവൻ സ്വയം മറന്നത് പോലെ അവളെ നോക്കി നിന്നു. അവൾ അവന്റെ നേരെ കൈകൾ നീട്ടി.

പതിയെ നടന്ന് അവൻ അവളുടെ തൊട്ടു മുന്നിൽ നിന്നു. തന്റെ നെഞ്ചിനൊപ്പം ആണവളുടെ ഉയരം എന്നവൻ കണ്ടു.അവന്റെ മുഖത്തേക്ക് നോക്കാൻ ഉയർത്തിയ അവളുടെ മുഖം..!!അവൻ ഇരുകൈകളും അവളുടെ കവിളിൽ ചേർത്തു.

"ഉറപ്പാണോ? !

മറുപടി പറയാതെ അവൾ ചിരിച്ചു.അവളുടെ നിശ്വാസത്തിന്റെ ചൂട് അവന്റെ കഴുത്തിൽ തട്ടി.

അവൻ വലതു കൈ അവളുടെ ഇടുപ്പിൽ ചുറ്റി തന്റെ ദേഹത്തോട് ചേർത്തു നിർത്തി. ഇരുകൈകളും അവന്റെ നെഞ്ചിൽ ചേർത്ത് അവൾ മുഖം ഉയർത്തി.അവളുടെ നനഞ്ഞ ചുണ്ടുകളുടെ മൃദുത്വത്തിലേക്ക് അവൻ മുഖം താഴ്ത്തി .നിറഞ്ഞ ശ്വാസത്തിന്റെ തെറ്റിയ വേഗതയോടെ അവളുടെ കൈകൾ അവന്റെ കഴുത്തിൽ ചുറ്റി.ഇരുകൈകളും കൊണ്ട് അവനവളെ കൂടുതൽ ചേർത്തു പിടിച്ചു.നിമിഷങ്ങൾ തീ പിടിച്ച പോലെ അവരെ പൊള്ളിച്ചു കൊണ്ടിരുന്നു.അവളുടെ കഴുത്തിലെ വിയപ്പിൽ അവന്റെ മുഖം കുതിർന്നു.അലയാൻ തുടങ്ങിയ അവന്റെ കൈകളുടെ വേഗതയെ അവൾ തടഞ്ഞു.അവളുടെ വിരലുകളെ അവൻ കോർത്തു പിടിച്ചു.അവളവന്റെ നെഞ്ചിൽ കൈ ചേർത്ത് അവനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചു. വിട്ടു പോകാനാവാതെ അവനവളെ തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ടിരുന്നു.അവളല്പം ബലം പ്രയോഗിച്ചു അവനെ തള്ളിയകറ്റി.ആഴത്തിൽ ചെന്നിട്ട്, തിരിച്ച് ജലോപരിതലത്തിൽ എത്തി ശ്വാസം എടുക്കുന്നത് പോലെ അവൾ കിതച്ചു.അവൻ നിശബ്ദനായി അവളെ നോക്കി നിന്നു.അവൾ വിയർപ്പിൽ മുങ്ങിയ മുഖം ഉയർത്തി അവനെ നോക്കി..

"അനന്താ... "

ഉം..??

എനിക്ക്.. എനിക്ക് പോകാൻ സമയമാകുന്നു. !!

"ഓ.. യെസ്.. യെസ്.. റെഡി ആകൂ.. "

അവൻ വാതിലിനു നേരെ നടന്നു. അവളെ ഒന്നുകൂടി തിരിഞ്ഞു നോക്കി. അവൾ ചിരിച്ചു.

ബാഗിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് ധരിച്ചിട്ട്, അഴിച്ചു വച്ച അവൻ നൽകിയ മുണ്ടും ഷർട്ടും നോക്കി അവളൽപനേരം നിന്നു.പതിയെ വിരലുകൾ കൊണ്ട് അവളതിലൊന്നു തൊട്ടു..!!

തിരിച്ചുള്ള യാത്രയിൽ അവർക്കിടയിൽ നിശബ്ദത നിറഞ്ഞു.അവൻ ഇടക്ക് അവളുടെ കൈയെടുത്തു തന്റെ വയറിനു മീതെ ചുറ്റിപിടിപ്പിച്ചു.അവൾ അവനോട് ചേർന്നിരുന്നു.

ബസ് വരാൻ കാത്തു നിൽക്കുമ്പോൾ അവൻ അവളെ നോക്കി

"ഇനി..? !!

"ഇതുപോലെ എന്നെങ്കിലും, എപ്പോഴെങ്കിലും." അവൾ അവന്റെ മുഖത്ത് നോക്കിയില്ല.

അവനൊന്നും മിണ്ടിയില്ല.

ബസ് വന്നു നിന്നപ്പോൾ അവൻ ബാഗ് അവൾക്ക് നേരെ നീട്ടി. അവളത് വാങ്ങി തോളിൽ തൂക്കി.

"കാണാം. " അവളവനെ നോക്കി ചിരിച്ചു.

അവൻ തലയാട്ടി..

"കാണാം." അവന്റെ സ്വരം പതിഞ്ഞു.

അവൾ പതിയെ അവനിൽ നിന്ന് തിരിഞ്ഞു നടന്നു.. ബസിനു നേരെ നടക്കുമ്പോൾ ഒരിക്കൽ കൂടി അവളവനെ തിരിഞ്ഞു നോക്കിയില്ല.. !!


ഇന്നലെയായിരുന്നു ആ കല്യാണം

ഇന്നലെയായിരുന്നു ആ കല്യാണം

മീനുകളുടെ സഖിയെത്തേടി

മീനുകളുടെ സഖിയെത്തേടി