Kadhajalakam is a window to the world of fictional writings by a collective of writers

സ്നേഹഭൂമി

സ്നേഹഭൂമി

‘പാഠം മൂന്ന്‌, ഓണം.
ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്‌.
ഓണം ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ്‌ ആഘോഷിക്കപ്പെടുന്നത്‌.’
മുൻവശത്തെ അഴിയിട്ട വരാന്തയുടെ അറ്റത്തായി കുറുകെ ഇട്ടിരിക്കുന്ന പഴയ മേശയുടെ പുറത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ മാത്തുക്കുട്ടി മലയാളപാഠം വായിക്കുകയായിരുന്നു. അപ്പോഴാണ്‌ അപ്പുറത്തെ വീട്ടിലെ ഹാജിറുമ്മായുടെ താറാവിന്റേതുപോലുള്ള പരുക്കൻശബ്ദം സാധാരണയിലും ഉച്ചത്തിൽ അവരുടെ മുറ്റത്തു നിന്നും അവൻ കേട്ടത്‌. പുസ്തകത്തിൽ നിന്നും ശ്രദ്ധ തിരിച്ച്‌ മാത്തുക്കുട്ടി തല ഉയർത്തി നോക്കി. ഹാജിറുമ്മ അവരുടെ മുറ്റത്തു നിന്നും തന്റെ വീട്ടിലെ കോഴികളെ ആട്ടിപ്പായിക്കുന്നതിന്റെ ഒച്ചപ്പാടാണ്‌ .

“അയ്യയ്യോ... ഈ ഹറാംപിറന്ന കോഴികളെക്കൊണ്ട്‌ ഞാൻ തോറ്റല്ലോ എന്റെ പടച്ചോനെ. നിർമ്മലേ.. നിർമ്മലേ.. ദാ നോക്ക്‌, മുറ്റമടിച്ചു വാരിയിട്ടു അഞ്ചു നിമിഷം പോലുമായിട്ടില്ല. അപ്പോഴേക്കും കോഴീം കുട്ട്യോളും അവിടെയെല്ലാം തൂറി വൃത്തികേടാക്കിയല്ലോ.. ഇവറ്റകളെ ഞാനിന്നു കൊത്തിയരിഞ്ഞു സൂപ്പുണ്ടാക്കും.”
പുരയുടെ മൂലയിൽ ചാരിവെച്ചിരുന്ന കുറ്റിച്ചൂൽ കൈയ്യിലെടുത്ത്‌ ഹാജിറാത്ത കോഴികളുടെ പിന്നാലെ പാഞ്ഞു.
“പോ..പോ.. ആശ്രീകരങ്ങള്‌ .. തൂറാൻ മാത്രമായി മുറ്റത്തേക്ക്‌ ഓടി വരും..”
ഹാജിറാത്തയുടെ ഹാലിളക്കത്തിൽ അന്തംവിട്ട തള്ളക്കോഴി കൊത്തിപ്പിരിക്കാറായ കുഞ്ഞുങ്ങളേം കൊണ്ട്‌ ‘ഈ ആയമ്മക്ക്‌ ഇതെന്തിന്റെ കേടാ’ എന്ന ഭാവേന കോ.. കൊക്കോ.. കോ എന്ന്‌ അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട്‌ അടുത്ത പറമ്പിലേക്ക്‌ ഓടിയും പറന്നും രക്ഷപെട്ടു.

“അമ്മേ...അമ്മേ…”
മാത്തുക്കുട്ടി അടുക്കളയിലേക്കു നോക്കി നീട്ടിവിളിച്ചു. മാത്തുക്കുട്ടിയെ സ്കൂളിൽ അയക്കുവാനുള്ള തിരക്കുകളുമായി അടുക്കളയിലായിരുന്ന അമ്മ നിർമ്മല അവന്റെ വിളി കേട്ട്‌ ഉമ്മറത്തേക്ക്‌ വന്നു.
“എന്താടാ ഒച്ച വെക്കണത്‌ ?”.
“ദാ അങ്ങോട്ട്‌ നോക്ക്‌”.
ഹാജിറാത്ത നിന്ന ദിക്കിലേക്കായി വിരൽ ചൂണ്ടിക്കൊണ്ട്‌ അവൻ പറഞ്ഞു. കൈയ്യിൽ ചൂലുമായി കലിതുള്ളി നില്ക്കുന്ന ഹാജിറാത്തയെ കണ്ടപ്പോൾത്തന്നെ നിർമ്മലക്കു കാര്യം പിടികിട്ടി. ചുണ്ടിൽ അമളി പറ്റിയ ഒരു ചിരിയുമായി അവൾ മുറ്റത്തേക്കിറങ്ങി. നിർമ്മലയെ കണ്ട മാത്രയിൽ ഹാജിറാത്ത പരാതിയുടെ കെട്ടഴിച്ചു.
“നോക്ക്‌ നിർമ്മലെ, നിന്റെ കോഴികളെല്ലാം കൂടി എന്റെ മുറ്റം എത്ര വൃത്തികേടാക്കീന്ന്‌. അടിച്ചു വാരീട്ടു പത്തു നിമിഷം പോലും ആയിട്ടില്ല. തൂത്തുവാരിയ മുറ്റത്ത്‌ മാത്രമേ അവറ്റകൾ തൂറൂന്ന്‌ നോമ്പ്‌ നോറ്റ മട്ടാ”. ഒറ്റശ്വാസത്തിൽ ഇത്രേം പറഞ്ഞുകൊണ്ട്‌ വാക്യത്തിന്‌ അവർ ധൃതിയിൽ ഒരു പൂർണവിരാമമിട്ടു.
“ഞാനിവറ്റകളെ ഇപ്പൊ കൂടഴിച്ചു വിട്ടതേയുള്ളല്ലോ എന്റെ കർത്താവേ. എല്ലാം കൂടി അങ്ങോട്ടാ പാഞ്ഞു വന്നത്‌?. ആ ഉസൈൻകുട്ടിക്കാക്ക ഈ വഴിയെങ്ങാനും വന്നിരുന്നെങ്കിൽ ഒക്കെത്തിനേം പിടിച്ചു കൊടുത്തേക്കാമാരുന്നു”.
നിർമ്മല സ്വയം പതം പറഞ്ഞു. കോഴിക്കാഷ്ടം കോരിക്കളയുന്നതിനായി തൊടിയിൽ നിന്നും രണ്ടുമൂന്നു പഴുത്ത പ്ലാവിലകൾ പെറുക്കിയെടുത്തുകൊണ്ടവൾ ഹാജിറാത്തയുടെ മുറ്റത്തേക്ക്‌ നടന്നു.
“കോഴിച്ചെടി ഞാൻ കോരിക്കളയാം ഹാജിറാത്ത”. അവൾ പറഞ്ഞു. കോഴികളോടുള്ള കലി കുറച്ചൊന്നടങ്ങിയ ഹാജിറാത്ത മൂക്കിൻതുമ്പത്തെ വലിയ കറുത്ത മറുകിൽ ചൂണ്ടാണി വിരൽ കൊണ്ട്‌ ചെറുതായൊന്നു ചൊറിഞ്ഞുകൊണ്ട്‌ മേനി പറഞ്ഞു.
“വേണ്ട നിർമ്മലേ ഞാൻ തന്നെ കോരിക്കളഞ്ഞോളാം”. നിർമ്മല പക്ഷെ സമ്മതിച്ചില്ല. ഇലകളിൽ തോണ്ടിയെടുത്ത കോഴിക്കാഷ്ടം പറമ്പിൽ നില്ക്കുന്ന വാഴയുടെ ചുവട്ടിൽ നിക്ഷേപിക്കാനായി അവൾ തിരിഞ്ഞു നടക്കുമ്പോൾ ഹാജിറാത്ത ചോദിച്ചു,
“ജെയിംസ്‌ ഇന്നലേം കുടിച്ചിട്ടാണ്‌ വന്നത്‌ അല്ലേ നിർമ്മലേ? ആ മാപ്പിള നന്നാവൂന്നു തോന്നണില്ല.” ചോദ്യത്തോടൊപ്പം ഒരു പ്രസ്താവന കൂടി മേമ്പൊടിയായി ഇരിക്കട്ടെ എന്ന്‌ കരുതി അവർ പറഞ്ഞു.
കോഴിക്കാഷ്ടം വാഴച്ചുവട്ടിലേക്ക്‌ എറിഞ്ഞുകൊണ്ട്‌ വിളറിയ ഒരു ചിരി മാത്രം മറുപടിയായി നൽകി നിർമ്മല ആ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി. “മാത്തൂട്ടിക്കു സ്കൂളിൽ പോകാൻ സമയമായിത്താ, ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ”. ധൃതിയിൽ വീട്ടിലേക്കു നടക്കുന്ന നിർമ്മലയോടായി ഹജിരാത്ത പിന്നെയും പിന്നിൽ നിന്ന്‌ പറഞ്ഞു,
“ഇന്നലെ കുത്തിച്ച നെല്ലിന്റെ തവിട്‌ തണ്ടികയിൽ ഇരിപ്പുണ്ട്‌. നീ അതെടുത്തു കുറച്ചാ കോഴികൾക്ക്‌ കുഴച്ചുവെച്ച്‌ കൊടുക്ക്‌. അവറ്റകളുടെ വയറ്റിലെ കത്തലൊന്നു കുറയട്ടെ.“


ടൗണിന്റെ തിരക്കിൽ നിന്നും വേറിട്ടു നില്ക്കുന്ന, എന്നാൽ മുനിസിപ്പാലിറ്റിയുടെ തന്നെ ഭാഗമായ പ്രകൃതിരമണീയമായ ഒരു പ്രദേശമായിരുന്നു അത്‌. ഹാജിറാത്ത യുടെ ഭർത്താവ്‌ സുലൈമാൻ സാഹിബ്‌ വാടകയ്ക്ക്‌ കൊടുക്കുവാനായി പണിത ഒറ്റമുറി വീട്ടിലാണ്‌ മാത്തുക്കുട്ടിയും അപ്പയും അമ്മയും താമസിച്ചുപോന്നത്‌. സാഹിബിന്റെ വീടും ഈ വാടകവീടിനോട്‌ ചേർന്നുതന്നെയായിരുന്നു. പ്രധാന റോഡിൽ നിന്നും ശാഖയായി പിരിയുന്ന മറ്റൊരു ടാറിട്ട റോഡായിരുന്നു ഈ രണ്ടു വീടുകളുടെയും മുറ്റത്തിന്റെ അതിർത്തി. റോഡിന്റെ ഇരുവശങ്ങളിലുമായി വേറെയും ധാരാളം വീടുകൾ ഒറ്റയും തെറ്റയുമായി ഇടം പിടിച്ചിരുന്നു.
സുലൈമാൻ സാഹിബിനെ ‘സായിപ്പ്‌’ എന്നാണ്‌ നാട്ടുകാർ എല്ലാവരും വിളിച്ചിരുന്നത്‌. കാലപ്പഴക്കത്തിൽ സാഹിബ്‌ സായിപ്പായി മാറുകയാണ്‌ ചെയ്തത്‌. അദ്ദേഹത്തിന്റെ മുൻതലമുറക്കാർ വടക്കേഇന്ത്യയിൽ നിന്നും കേരളത്തിലേക്ക്‌ കച്ചവട സംബന്ധമായി കുടിയേറിപ്പാർത്ത പട്ടാണികളായിരുന്നു. ഉറുദു കലർന്ന ഹിന്ദിയാണ്‌ അവർ വീട്ടിൽ സംസാരിച്ചിരുന്നത്‌. മലയാളം ഒരു തരത്തിൽ അവർക്കു രണ്ടാം ഭാഷയായിരുന്നു എന്നുവേണം പറയാൻ. പുറത്തുള്ളവരോട്‌ സംസാരിക്കാൻ മാത്രമാണ്‌ അവർ മലയാള ഭാഷ ഉപയോഗിച്ചത്‌ .


നീണ്ടു നിവർന്ന്‌, വലിയ ബാഹുക്കളോടു കൂടിയ സായിപ്പിനെ അയൽവാസികൾക്കും നാട്ടുകാർക്കും ഒരുപോലെ ആദരവും ബഹുമാനവുമായിരുന്നു. ആരുടേയും ഏതാവശ്യങ്ങളുടെയും മുഖത്ത്‌ സായിപ്പിന്റെ സാന്നിധ്യവും സഹായവും ആവശ്യപ്പെടാതെ തന്നെ ലഭിച്ചിരുന്നു. നിർമ്മലയും ഭർത്താവും സായിപ്പിന്റെ വീട്ടിൽ താമസം തുടങ്ങിയതിനു ശേഷമാണ്‌ അവർക്ക്‌ മാത്തുക്കുട്ടി ജനിച്ചത്‌. അതുകൊണ്ടു തന്നെ സ്വന്തം കുട്ടികളോടെന്നപോലെ സായിപ്പിന്‌ അവനോടു വാത്സല്യമായിരുന്നു. ഉമ്മറത്തെ മേശപ്പുറത്തിരുന്നു ഗൃഹപാഠം ചെയ്യൂന്ന മാത്തുക്കുട്ടിയെ കാണുമ്പോഴൊക്കെയും അവന്റെ കൊഞ്ചിയുള്ള മറുപടി കേൾക്കുവാൻ വേണ്ടി സായിപ്പ്‌ അവനോട്‌ എന്തെങ്കിലും കുശലം ചോദിക്കും, അതൊരുപക്ഷെ ഇങ്ങനെയാകും.
”മാത്തൂട്ടി എന്തൊക്കെയുണ്ട്‌ വിശേഷങ്ങൾ? മോൻ നന്നായി പഠിക്കുന്നുണ്ടോ?“
”ഉവ്വ്‌ അബ്ബാ, ഞാനാണ്‌ ക്ലാസില്‌ ഫസ്റ്റ്‌“. മാത്തുക്കുട്ടി സായിപ്പിനെ അദ്ദേഹത്തിന്റെ കുട്ടികൾ വിളിക്കുന്ന പോലെ അബ്ബാ എന്നാണ്‌ വിളിച്ചിരുന്നത്‌.
”കൊള്ളാം, മോൻ നന്നായി പഠിച്ചു വല്ല്യ കളക്ടറാവണം കേട്ടോ“.
”നിക്ക്‌ ഡോട്രാവാനാണിഷ്ടം അബ്ബാ. അമ്മയ്ക്കും ഞാൻ ഡോട്ട്രാവുന്നതാ ഇഷ്ടം.“
”ആങ്ൻഘ! അതും കൊള്ളാം. മാത്തൂട്ടി ഡോട്ടറാവുമ്പം അബ്ബായുടെ നെഞ്ചിലൊക്കെ കുഴലുവെച്ചു പരിശോധിക്ക്വോ “ ?.
”ഉം, അബ്ബാനേം ഹാജിറുമ്മാനേം എല്ലാവരേം ഞാൻ കുഴല്‌ വെച്ച്‌ പരിശോധിക്കും. പക്ഷേങ്കി സുബൈറിക്കാക്കയെ ഞാൻ ഊരേല്‌ വല്ല്യ സൂചി കൊണ്ട്‌ കുത്തിവെക്കും“. മുഖത്ത്‌ ഊറിവന്ന ചിരി മറച്ചുപിടിച്ചുകൊണ്ട്‌ സായിപ്പ്‌ ചോദിക്കും.
”അതെന്താ ഇക്കാക്ക മോനെ പോരുകുത്തിയോ?“.
”പോരുകുത്തിയില്ല. പക്ഷെ ഇക്കാക്ക എന്റെ ചായപ്പെൻസിലിന്റെ മൊന ഒടിച്ചുകളഞ്ഞു“.
”അത്‌ ഇക്കാക്ക അറിയാണ്ട്‌ പറ്റീതാരിക്കും. അബ്ബാ മോന്‌ രണ്ടു ചായപ്പെൻസിൽ വാങ്ങിത്തരാട്ടോ“.
സായിപ്പ്‌ അവനെ ആശ്വസിപ്പിക്കും. ആദ്യം മാത്തുക്കുട്ടി സന്തോഷത്തോടെ ഒന്ന്‌ മൂളും. പിന്നെ ചെറിയ ആലോചനയോടെ പറയും.
”അല്ലെങ്കിൽ വേണ്ട അബ്ബാ, അമ്മ അറിഞ്ഞാൽ എന്നെ വഴക്കുപറയും“. മാത്തുക്കുട്ടിയോട്‌ വർത്തമാനം പറഞ്ഞു കഴിയുമ്പോഴൊക്കെയും സായിപ്പിന്റെ മുഖത്ത്‌ ഊറിക്കൂടുന്ന ഒരു ചിരിയുണ്ടാകും. അംഗീകാരത്തിന്റെയും അഭിനന്ദനത്തിന്റെയും ചിരി.
”മാത്തൂട്ടി കുളിക്കാൻ വരൂ, സ്ക്കൂളിൽ പോകാൻ സമയമായി“. നിർമ്മല അടുക്കളയിൽ നിന്നും മാത്തുക്കുട്ടിയെ ഓർമ്മിപ്പിച്ചു. ”ദാ വരുന്നു അമ്മേ“. പുസ്തകം മടക്കി ബാഗിൽ വെച്ചുകൊണ്ട്‌ അവൻ പറഞ്ഞു. കൈകൾ പിന്നിൽ കുത്തി മേശപ്പുറത്ത്‌ നിന്നും ഊർന്നിറങ്ങി കിടപ്പുമുറിയിലൂടെ അടുക്കളയിൽ അമ്മയുടെ അടുക്കളയിലേക്കു നീങ്ങുമ്പോൾ പുതച്ചുമൂടി കൂർക്കം വലിച്ചുറങ്ങുന്ന പിതാവിനെ അവൻ വശത്തേക്ക്‌ ഒളികണ്ണിട്ടു നോക്കി. എന്നും രാത്രിയിൽ കുടിച്ചു പൂസായി വരുന്ന അപ്പയെ അവനു സ്നേഹമായിരുന്നോ ഭയമായിരുന്നോ എന്ന്‌ അവനു തന്നെ അറിയില്ലായിരുന്നു. അടുപ്പത്തേക്കാൾ അപരിചിതത്വം ആയിരുന്നു അവനു സ്വന്തം പിതാവിനോട്‌ തോന്നിയിരുന്ന വികാരം. അവന്‌ എല്ലാം തന്റെ അമ്മയായിരുന്നു .

മാത്തുക്കുട്ടിയുടെ ജനനം നിർമ്മലയുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഭർത്താവിന്റെ മദ്യപാനശീലം നിമിത്തം കുടുംബവീട്ടിൽ നിന്നും വാടകവീട്ടിലേക്ക്‌ മാറിത്താമസിക്കേണ്ടി വന്നപ്പോൾ അവളാകെ നിരാശയും ദുഖിതയുമായിരുന്നു. മാത്തുക്കുട്ടി പിറന്നുവീണ്‌ അവന്റെ മുഖം ആദ്യം കണ്ട മാത്രയിൽത്തന്നെ അവൾ എല്ലാ ദുഖവും നിരാശയും താല്ക്കാലികമായിട്ടെങ്കിലും മറന്നു പോയിരുന്നു. ഇപ്പോൾ അവൻ വളർന്ന്‌ സ്കൂളിൽ പോയിത്തുടങ്ങിയിരിക്കുന്നു. അവൻ ജനിച്ച്‌ ആദ്യനാളിൽ അയൽപക്കത്തെ രമണിയേടത്തി കുട്ടിയെ കാണാൻ വന്ന സന്ദർഭം അവൾ ഇടയ്ക്കിടെ ഓർക്കും ,
“കുട്ടിയുടെ നാള്‌ നോക്കിയോ നിർമ്മലെ?” അവർ ചോദിച്ചു.
“ഇല്ല രമണിയേടത്തി. എന്തോ, നാളിലും നക്ഷത്രത്തിലുമൊന്നും എനിക്കത്ര വിശ്വാസം പോര.”
“എല്ലാത്തിലും കാര്യമുണ്ട്‌ നിർമ്മലെ. ജ്യോതിഷോം ഒരു ശാസ്ത്രല്ലേ. ഞങ്ങൾ ഹിന്ദുക്കൾക്ക്‌ ഇതിലൊക്കെ കുറച്ചു വിശ്വാസോം കാര്യങ്ങളുമുണ്ട്‌. കുറച്ചനുഭവങ്ങളും ഉണ്ടെന്നു കൂട്ടിക്കോളൂ. വീട്ടില്‌ കോകിലേടെ നാൾ പൂരാടമാ. കുട്ടി ജനിച്ചു ജാതകം പരിശോധിച്ചപ്പോഴേ അറിഞ്ഞു കുടുംബത്തിൽ കഷ്ടകാലമാണെന്ന്‌. ശങ്കുവേട്ടന്റെ ഒരുവശം തളർന്നു പോയിരുന്നില്ലേ ആയിടക്ക്‌. ഇപ്പോഴല്ലേ പിന്നേം എഴുന്നേറ്റു നടക്കാറായത്‌. വഴിപാടും പ്രാർഥനകളും എത്ര മാത്രം കഴിച്ചു. പൂരാടത്തന്ത പുറത്തെന്നാ ചൊല്ല്‌. ഏതായാലും ജീവനെടുക്കാതെ ഈശ്വരൻ കാത്തു. അതൊക്കെ പോട്ടെ, കുട്ടി ജനിച്ച സമയമൊന്നു പറയൂ നിർമ്മലെ നീ….ഞാൻ കലണ്ടറിൽ ഒന്ന്‌ നോക്കട്ടെ”.
നിർമ്മല ജനനസമയം പറഞ്ഞു കൊടുത്തു. രമണിയേടത്തി കലണ്ടർ നോക്കി ആഹ്ലാദത്തോടെ പറഞ്ഞു, “ആഹാ കാർത്തികയാണല്ലോ നാൾ. കാർത്തിക നാളുകാർ കീർത്തി കേൾപ്പിക്കും. ഇവൻ മിടുക്കനാകും നിർമ്മലെ.” രമണിയേടത്തിയുടെ വാക്കുകൾ ഓർക്കുമ്പോൾ അവളുടെ ഹൃദയം എപ്പോഴും അഭിമാനത്തോടെ തുടികൊള്ളും.
മാത്തുക്കുട്ടിയെ കുളിപ്പിച്ചൊരുക്കി കൂട്ടുകാരോടൊപ്പം നിർമ്മല യാത്രയാക്കി. അവന്റെ സ്കൂൾ ടൗണിന്റെ നടുവിലായിരുന്നു. ഏകദേശം ഒരു കിലോമീറ്ററോളം ദൂരമുണ്ട്‌ വീട്ടിൽ നിന്നും സ്കൂളിലേക്ക്‌. അതേ സ്കൂളിൽ പഠിക്കുന്ന അയൽപക്കത്തെ മുതിർന്നതും ചെറുതുമായ കുട്ടികളെല്ലാം ഒരു പറ്റമായിട്ടാണ്‌ സ്കൂളിലേക്ക്‌ പോകുന്നതും തിരിച്ചു വരുന്നതും. കൂട്ടത്തില ഏറ്റവും ചെറിയ ആളാണ്‌ മാത്തുക്കുട്ടി. ബസുകളും ചെറുവാഹനങ്ങളും ചീറിപ്പായുന്ന പ്രധാന റോഡ്‌ ഒഴിവാക്കിക്കൊണ്ട്‌ വയലേലകളും മുട്ടോളം മാത്രം വെള്ളമുള്ള കുറിച്ചിത്തോടും അതിർത്തി പങ്കിട്ടെടുക്കുന്ന വീതി കൂടിയ നടവരമ്പിലൂടെയാണ്‌ രാവിലെയും വൈകുന്നേരവുമുള്ള കുട്ടികളുടെ ഈ ഘോഷയാത്ര. പാടവും തോടും നിറയെ കുളയട്ടകളും നീർക്കോലിപ്പാമ്പുകളും ചെറു മത്സ്യങ്ങളുമുണ്ട്‌. ഇര തേടുന്ന നീർക്കോലികളെ കല്ലെറിഞ്ഞു കൊല്ലുന്നതാണ്‌ ഈ യാത്രയിലെ ഏറ്റവും രസകരമായ അനുഭവം. യാത്രയുടെ അവസാനം ഏറ്റവും കൂടുതൽ പാമ്പുകളെ കല്ലെറിഞ്ഞു കൊന്നയാളാണ്‌ വിജയി. അത്‌ കൂട്ടത്തിൽ ഏറ്റവും മുതിർന്നയാളും സംഘത്തിന്റെ നേതാവുമായ സഹദേവനായിരിക്കും .
സ്കൂളിൽ അധ്യാപകർക്കും സഹപാഠികൾക്കും മാത്തുക്കുട്ടിയെ വാത്സല്യമാണ്‌. മലയാളം പഠിപ്പിക്കുന്ന രാധാമണി ടീച്ചറിനോട്‌ അവനു പ്രത്യേക സ്നേഹമുണ്ട്‌. മുസ്ലീം കുട്ടികളെ അറബി പഠിപ്പിക്കുന്ന മൂസ്സാക്കുട്ടിസാറിനെ മാത്രമാണ്‌ അവനു ഭയം. കൈയ്യിൽ വലിയ ചൂരൽ വീശിക്കൊണ്ട്‌ ഉരുണ്ടുരുണ്ട്‌ വരുന്ന മൂസ്സാക്കുട്ടിസാറിനെ ദൂരെനിന്നു കാണുമ്പോൾത്തന്നെ അവൻ ഡെസ്ക്കുകളുടെ പിന്നിൽ മറഞ്ഞിരിക്കും. ക്ലാസ്‌ റൂമിൽ നിന്നും ജനൽ വാതിലിനുള്ളിലൂടെ സ്കൂൾമുറ്റത്തേക്ക്‌ ചാടിയതിന്‌ സുബൈറിക്കാക്കക്ക്‌ മൂസ്സാക്കുട്ടി സാറിൽ നിന്നും നല്ല ചുട്ട അടി കിട്ടിയത്‌ അവൻ കണ്ടതാണ്‌. അതിനു ശേഷം മാത്തുക്കുട്ടിക്കു മൂസ്സാസാറിനെ കൂടുതൽ ഭയമാണ്‌. ക്രിസ്ത്യാനിയായതു കൊണ്ട്‌ അറബി പഠിക്കേണ്ട എന്നുള്ളത്‌ അവൻ വലിയ രക്ഷയായി കരുതി.

വീട്ടിലെ തിരക്കുകളെല്ലാം ഒതുങ്ങിക്കഴിഞ്ഞപ്പോൾ ആഴ്ച വട്ടക്കാരനായ തുണിക്കാരന്റെ പക്കൽ നിന്നും കുറച്ചുനാൾ മുൻപ്‌ വാങ്ങിയ ബ്ലൗസിന്റെ തുണി അല്പം അകലെ താമസിക്കുന്ന തയ്യല്ക്കാരി ഗ്രേസിയുടെ കൈയ്യിൽ തയ്ക്കുവാൻ കൊടുക്കാനായി നിർംമല വീടുപൂട്ടി പുറത്തിറങ്ങി. മുറ്റത്തു നിന്നും റോഡിലേക്ക്‌ കടന്നപ്പോൾ സായിപ്പിന്റെ ചെങ്കൽമതിൽ കുത്തിത്തുരന്ന്‌ ചെറിയ കഷണങ്ങൾ അടർത്തിയെടുക്കുന്ന കാർത്ത്യായിനിത്തള്ളയെ കണ്ടു. അടർത്തിയെടുത്ത ചെങ്കല്ലിന്റെ ഒരു ചെറിയ കഷണം വായിലിട്ടു രുചിയോടെ നുണഞ്ഞുകൊണ്ട്‌ അവർ അന്വേഷണ ത്വരയോടെ നിർമ്മലയോട്‌ ചോദിച്ചു,
“നിർമ്മലപ്പുള്ള ഇതെങ്ങോട്ടാ?”.
“ഇവിടെ അടുത്തുവരെ പോകുവാ കാർത്ത്യാനീ.”
ലക്ഷ്യം ഒഴിവാക്കിക്കൊണ്ട്‌ അവൾ പറഞ്ഞു.
പിന്നെ തള്ളയുടെ കൈയ്യിലിരിക്കുന്ന ചെങ്കല്ലിലേക്കു നോക്കിക്കൊണ്ട്‌ കൃത്രിമമായ ദേഷ്യത്തോടെ പറഞ്ഞു,
“ചെങ്കല്ല്‌ തിന്നരുതെന്നു നിങ്ങളോടിതെത്ര വട്ടം പറഞ്ഞിരിക്കുന്നു തള്ളെ. നിങ്ങളുടെ വയറ്റിലാകെ വിരയും കൃമിയും പണ്ടേ നിറഞ്ഞു കാണും. അതുമാത്രമോ, തുരന്നു തുരന്ന്‌ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു താഴെ വീഴാറായി. ആ സായിപ്പോ ഹാജിറാത്തയോ കാണാത്തത്‌ നിങ്ങടെ ഭാഗ്യം”.
നിർമ്മലയുടെ ശകാരത്തോട്‌ കാർത്ത്യായിനിത്തള്ള പ്രതികരിച്ചില്ല. അവർ ചെങ്കല്ല്‌ നുണയുന്നത്‌ തുടർന്നുകൊണ്ടേയിരുന്നു. ആ സർക്കാരാശുപത്രീ പോയീ കുറച്ചു മരുന്ന്‌ വാങ്ങി കഴിച്ചുകൂടെ നിങ്ങൾക്ക്‌ ? അവൾ പിന്നെയും ചോദിച്ചു . പൊട്ടിയൊലിക്കുന്ന കടവായും നീര്‌ വീർത്തു ചുവന്ന ചുണ്ടുകളും പ്രത്യേക രീതിയിൽ സമന്വയിപ്പിച്ച്‌ ആത്മനിന്ദ നിറഞ്ഞ ചിരിയോടെ അവർ പറഞ്ഞു.
“ ഓ പോയി..പോയി. പതിവുപോലെ കൊറച്ചു കോയിന വെള്ളം കലക്കിത്തന്നു . അത്‌ മുറക്ക്‌ മോന്തണുണ്ട്‌ ഞാൻ.”
നിർമ്മല സഹതാപത്തോടെ അവരെ നോക്കി. പിന്നെ സ്വരം മയപ്പെടുത്തി ചോദിച്ചു. “ഞാൻ വീട്‌ തുറന്ന്‌ കുറച്ചു കഞ്ഞിയെടുത്തു തരട്ടെ, വിശപ്പുണ്ടോ നിങ്ങൾക്ക്‌ ?”
“വേണ്ട പുള്ളെ. വിശപ്പില്ലാണ്ടായിട്ടു നാളെത്രയായി. ഒരു നേരോ മറ്റോ എന്തെങ്കിലും കഴിച്ചാലായി. അതും വേണ്ടാതായിത്തുടങ്ങി”.
അവരുടെ മാംസം വറ്റിയ ശരീരത്തിലേക്ക്‌ അവൾ സഹതാപത്തോടെ നോക്കി. ചെങ്കല്ലു നുണയുന്ന താളത്തിൽ തൂങ്ങിക്കിടക്കുന്ന വലിയ ഓട്ടച്ചെവികൾ താളാത്മകമായി ചലിച്ചു കൊണ്ടിരുന്നു. നീണ്ട ഒരു നെടുവീർപ്പോടെ നിർമ്മല പറഞ്ഞു.
“എന്നാൽ ഞാൻ പോകുവാ ആ ചെങ്കല്ല്‌ ഇനീം തിന്നണ്ട ”. അവർ സമ്മതത്തോടെ ശബ്ദമില്ലാതെ തലകുലുക്കുക മാത്രം ചെയ്തു.
മതങ്ങളും മതാനുഷ്ടാനങ്ങളും മനുഷ്യസ്നേഹമെന്ന വികാരത്തിന്‌ മുൻപിൽ പരസ്പരം കൈകോർത്തുനിന്ന നാടായിരുന്നു അത്‌. ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യാനിയോ എന്ന തരംതിരിവില്ലാതെ എല്ലാവരും മനുഷ്യാരാണെന്നുള്ള തിരിച്ചറിവായിരുന്നു അവിടെ താമസിച്ചിരുന്നവരുടെ പ്രത്യേകത. പ്രധാന റോഡിന്റെ അപ്പുറവും ഇപ്പുറവുമായി ഹിന്ദുക്കളുടെ അമ്പലവും മുസ്ലീങ്ങളുടെ മോസ്കും പരസ്പരം നമസ്കാരം പറഞ്ഞു തലയുയർത്തി നിന്നു. ക്രിസ്ത്യൻ പള്ളി മാത്രം ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരത്തായിരുന്നു.
ആരാധനാലയങ്ങളിൽ നിന്നുമുള്ള കീർത്തനങ്ങളും ബാങ്ക്‌ വിളിയും മണി നാദങ്ങളും അവരുടെ അന്തരീക്ഷത്തിൽ മതസൗഹാർദത്തിന്റെ അപൂർവമായ ഒരു സിംഫണി താളാത്മകമായി ഉയർത്തിക്കൊണ്ടേയിരുന്നു.
ആ ശബ്ദത്തിന്റെ പ്രതിധ്വനിയിൽ പ്രപഞ്ചത്തിന്റെയും സകല ചരാചരങ്ങളുടെയും സൃഷ്ടാവിനെ അവർ ഓരോരുത്തരും അവരുടേതായ ദൈവങ്ങളുടെ രൂപത്തിൽ ഭക്തിയോടെ ധ്യാനിച്ച്‌ ഹൃദയത്തിൽ പ്രാർത്ഥിച്ചു നമസ്കരിച്ചു.
ഈദും ബക്രീദും, ക്രിസ്തുമസ്സും പെസഹായും, വിഷുവും ഓണവുമെല്ലാം അവർ കൊണ്ടും കൊടുത്തും ആഘോഷിച്ചു. സഹദേവന്റെ വീട്ടിലെ ചാണകം മെഴുകിയ വീട്ടുമുറ്റത്തെ പൂക്കളത്തിലേക്ക്‌ എല്ലാ കൂട്ടുകാരുടെയും സംഭാവന, അത്തം മുതൽ തിരുവോണ നാൾ വരെ ചേമ്പിലത്താളുകളിൽ രാവിലെ തന്നെ പ്രസാദമായി എത്തിച്ചേർന്നിരുന്നു. തുമ്പയും, മുക്കൂറ്റിയും, കദളിയും, കമ്മല്പ്പൂവുമെല്ലാം അവരുടെ പൂശേഖരങ്ങളിൽ ആത്മനിർവൃതിയോടെ ഇടം കൊണ്ടു. ഒരു വലിയ കൂട്ടുകുടുംബത്തിലെ അംഗങ്ങളെപ്പോലെ അവർ പരസ്പരം സ്നേഹിച്ചും പരിഭവിച്ചും അവിടെ ജീവിച്ചു പോന്നു. വിദ്വേഷത്തിനും സ്പർദ്ധക്കും അവരുടെ ലോകത്ത്‌ ഇടമുണ്ടായിരുന്നില്ല. ഓരോ വീട്ടിലെയും പ്രശ്നങ്ങൾ എല്ലാവരുടേതുമായിരുന്നു. അവരുടെ സന്തോഷങ്ങളും അങ്ങനെ തന്നെ. പറിച്ചു നടപ്പെട്ടതാണെങ്കിലും നിർമലയും ആ നാടിനെയും അവിടുത്തെ മനുഷ്യരെയും ഒരിപാടിഷ്ടപ്പെട്ടു കഴിഞ്ഞിർഉന്നു.
ഭർത്താവിന്റെ ഇടക്കിടെയുള്ള മദ്യപാനം നിത്യേനെയുള്ള ശീലമായി മാറിക്കഴിഞ്ഞിരുന്നു. ജോലിയിൽ സംഭവിച്ച വീഴ്ചകൾക്ക്‌ സഹപ്രവർത്തകരുടെ സഹകരണം കൊണ്ടും മേലുദ്യോഗസ്ഥന്റെ സഹതാപം കൊണ്ടും മാത്രമാണ്‌ അന്വേഷണവും സസ്പെൻഷനും ഒഴിവായത്‌. പക്ഷെ ഇങ്ങനെ പോയാൽ അതെവിടെ ചെന്നെത്തുമെന്ന്‌ നിർമ്മലക്ക്‌ യാതൊരു എത്തും പിടിയും കിട്ടിയില്ല. അനുഭവത്തിന്റെ തീച്ചൂളയിൽ വെന്തുരുകുമ്പോഴും കുലീനയായ അവൾ ഭർത്താവിന്റെ മോചനത്തിനും നന്മക്കുമായി ഭിത്തിയിൽ ഉറപ്പിച്ച സ്‌റാന്റിൽ വെച്ചിരിക്കുന്ന ക്രിസ്തുവിന്റെ രൂപത്തിന്‌ മുൻപിൽ മെഴുകുതിരികൾ കത്തിച്ചുവെച്ച്‌ ഉള്ളരുകി പ്രാർത്ഥിച്ചു.
തീർഥാടനത്തിനു പോകുന്ന ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും കൈയ്യിൽ പോലും അവൾ വഴിപാടുകൾ കൊടുത്തയച്ചു. പക്ഷെ എല്ലാ ദൈവങ്ങളും അവളുടെ പ്രാർത്ഥനകൾക്ക്‌ മുൻപിൽ മറുപടി നൽകാതെ മുഖം തിരിച്ചു നിന്നതേയുള്ളൂ.
ഭർത്താവ്‌ സുബോധത്തോടെ എഴുന്നേല്ക്കുന്ന രാവിലെകളിൽ ചിലപ്പോൾ അവൾ അയാളോട്‌ പരിഭവം പറഞ്ഞു കരയും. “ഒരു കുഞ്ഞു വളർന്നു വരുന്നുണ്ടെന്ന ചിന്ത പോലും നിങ്ങൾക്കില്ലല്ലോ. എന്നും ഇങ്ങനെ കുടിച്ചു കൂത്താടി വന്നാൽ അവൻ അത്‌ കണ്ടല്ലേ വളരുന്നത്‌. അവനായി ഒന്നും കരുതിവെക്കേണ്ട. പക്ഷെ മറ്റു കുഞ്ഞുങ്ങളെപ്പോലെ അന്തസ്സായി വളരുവാനുള്ള അവകാശം അവനുമില്ലേ ”.? അയാൾ എല്ലാം മൗനമായി കേൾക്കും. പിന്നെ പറയും,
“ഇന്നത്തോട്‌ കൂടി എല്ലാം നിർത്തി നിർമ്മലെ. എന്റെ കുട്ടിയാണെ സ..” സത്യമെന്ന വാക്ക്‌ ഉച്ചരിക്കുന്നതിനു മുൻപെ നിർമ്മല ഭർത്താവിന്റെ വായ്‌ പൊത്തും. “വേണ്ട, എത്രയോ വട്ടം ഞാനിതു കേട്ടുകഴിഞ്ഞു. മനുഷ്യൻ മനസ്‌ വെച്ചാൽ പറ്റാത്തതൊന്നുമില്ല. അതിനുള്ള ആഗ്രഹമാണ്‌ വേണ്ടത്‌. കൂട്ടിയുടെ തലയിൽ കൈവെച്ചുള്ള സത്യമല്ല, ആ താൽപര്യമാണ്‌ നിങ്ങൾക്ക്‌ വേണ്ടത്‌.” ഒരു തത്വജ്ഞാനിയെപ്പോലെ അവൾ പറയും. ചിലപ്പോൾ അവൾ ചിന്തിക്കും ദൈവമേ ഈ മനുഷ്യനെ തനിക്കൊന്നു വെറുക്കുവാനെങ്കിലും പറ്റിയിരുന്നെങ്കിൽ എന്ന്‌. അടുത്ത നിമിഷത്തിൽ തന്റെ ഭോഷത്വത്തെ ഓർത്ത്‌ അവൾ പശ്ചാത്തപിച്ചു പ്രാർത്ഥിക്കും. ഭർത്താവിന്റെ കുറവുകൾ മനസ്സിൽ കടുത്ത നീറ്റലായിരുന്നെങ്കിലും അയാളെ വെറുക്കുവാൻ അവൾക്കാവില്ലായിരുന്നു .

***************************************
കാലവർഷം തിമിർത്തു പെയ്തുകൊണ്ടിരുന്നു...പാടങ്ങളും കുറിച്ചിത്തോടും പുഴപോലെ കവിഞ്ഞൊഴുകി. തോടിനു കുറുകെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ തൊട്ടു താഴെ വരെ വെള്ളം നിറഞ്ഞു പൊങ്ങി.. സന്ധ്യ മയങ്ങിയപ്പോൾ മഴയൊന്നു കുറഞ്ഞു. മാത്തുക്കുട്ടിയെ നിർമല നേരത്തെ കിടത്തിയുറക്കിയിരുന്നു. അവളുടെ മനസ്സാകെ പതിവില്ലാതെ അസ്വസ്തമായിരുന്നു.
പുറത്തു കാക്കകളുടെയും പക്ഷികളുടെയും ചിലമ്പൽ കേൾക്കാതായിക്കഴിഞ്ഞു. ഇനിയും മാത്തുക്കുട്ടിയുടെ അപ്പ വീടെത്തിയിട്ടില്ല. പ്രാർത്ഥന കഴിഞ്ഞവൾ കുട്ടിയോടൊപ്പം വെറുതെ കിടന്നു. അകാരണമായി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. മുറ്റത്തെ പാദസ്വനത്തിനായി അവൾ ഓരോ നിമിഷവും കാതോർത്ത്‌ കിടന്നു.
രാത്രിയുടെ യാമങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീഴുമ്പോൾ നിർമ്മലയുടെ ഉള്ളിലെ നേർത്ത ഭയം വർദ്ധിച്ചു വർദ്ധിച്ചു വന്നു. രാത്രി എത്ര വൈകിയാലും ഒരിക്കലും ജെയിംസ്‌ വീട്ടിൽ വരാതിരുന്നിട്ടില്ല. ഭയവും ചിന്തകളും ഉറക്കത്തെ അവളിൽ നിന്നും അകറ്റി നിർത്തി. അല്ലെങ്കിലും ഭർത്താവ്‌ വരാതെ അവൾ ഉറങ്ങാറുണ്ടായിരുന്നില്ല.
മനസ്സിന്റെയും ശരീരത്തിന്റെയും ക്ഷീണം എപ്പോഴോ ഒരു മയക്കം അവളുടെ കണ്ണിമകളിൽ കൊണ്ടുവന്നു. താമസിയാതെ തന്നെ വരാന്തയുടെ വാതിലിൽ മുട്ടും, “നിർമ്മലേ” എന്നുള്ള വിളിയും കേട്ട്‌ അവൾ ഞെട്ടിയുണർന്നു. ഭർത്താവിന്റെ സ്വരമല്ല താൻ കേട്ടതെന്ന്‌ അവൾക്കുറപ്പായിരുന്നു. അതേസമയം ആ ശബ്ദം നല്ല പരിചിതവുമായിരുന്നു. വീണ്ടും വിളി കേട്ടു. “നിർമ്മലേ.” ഒപ്പം മറ്റ്‌ പലരുടെയും അടക്കം പറയുന്ന ശബ്ദങ്ങളും.
അവളുടെ ഹൃദയത്തിൽ ഇടിവാൾ മിന്നി. പുറത്തേക്കുള്ള വാതിൽ മലർക്കെ തുറന്ന നിർമ്മല സായിപ്പും ഹാജിറാത്തയും മറ്റു ചില അയൽവാസികളും മുറ്റത്ത്‌ നില്ക്കുന്നത്‌ കണ്ടു. അവരുടെ മുഖത്തുനിന്നും ദുഖവും സഹതാപവും അവൾ വായിച്ചറിഞ്ഞു. “എന്താ..എന്താ.. എല്ലാവരും കൂടി ഈ അസമയത്റ്റ്ഹ്‌“.? വേപഥുവോടെ അവൾ ചോദിച്ചു.
”ഒന്നുമില്ല നിർമ്മലെ, ജെയിംസിനു ചെറിയൊരു നെഞ്ചുവേദന. ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുവാ.“
ആശ്വസിപ്പിക്കുന്ന സ്വരത്തിൽ സായിപ്പ്‌ പറഞ്ഞു. നിർമ്മലയോട്‌ ചേർന്നുനിന്ന്‌ ഹാജിറാത്ത അവളുടെ കൈകളിൽ പിടിച്ചു. ”ഒന്നുമില്ല മോളെ. സായിപ്പ്‌ ഇപ്പൊ ആശുപത്രീന്നല്ലേ വരണത്‌. നിന്നോട്‌ പറയാണ്ടിരിക്കാൻ പറ്റില്ലാലോ എന്ന്‌ കരുതിയാ ഈ അസമയത്ത്‌ തന്നെ വിളിച്ചുണർത്തിയത്‌. വാ അകത്തേക്ക്‌ പോകാം“.
അവർ അവളെ മുറിയിലേക്ക്‌ താങ്ങി നടത്തി. നിർമ്മലയുടെ ശരീരം കുഴഞ്ഞു തുടങ്ങിയിരുന്നു. അവൾക്കുറക്കെ കരയണമെന്നു തോന്നി. പക്ഷെ ശരീരത്തിന്റെ കുഴച്ചിൽ അവളുടെ നാവിനെ കൂടി ബാധിച്ചു കഴിഞ്ഞിരുന്നു.
ജീവിതത്തിൽ അപ്രതീക്ഷിതമായി ഏറ്റ പ്രഹരം നിർമ്മലയെ തളർത്തി. ഭർത്താവിന്റെ അകാലമരണം ഉണ്ടാക്കിയ ശൂന്യത വലിയൊരു ചോദ്യചിഹ്നം പോലെ അവളുടെ മുൻപിൽ വാപിളർന്നു നിന്നു. തായ്‌ വേരു ദ്രവിച്ചു തുടങ്ങിയിരുന്നെങ്കിലും താങ്ങും തണലുമായി നിന്ന വൃക്ഷം കടപുഴകി വീണതുപോലെയാണ്‌ അവൾക്കു തോന്നിയത്‌.
എല്ലാം ശരിയായി വരും എന്ന കാത്തിരിപ്പിനും പ്രതീക്ഷക്കും അർത്ഥം നഷ്ടപ്പെട്ടിരിക്കുന്നു. കട്ടിലിൽ തളർന്നു കിടക്കുവാൻ മാത്രമേ അവൾക്കു കഴിഞ്ഞുള്ളു.
അയൽപക്കത്തെ സ്ത്രീകൾ ഓരോരുത്തരും മാറി മാറി വന്നവളുടെ അടുക്കലിരുന്ന്‌ ആശ്വാസ വാക്കുകൾ പറഞ്ഞു. ഭക്ഷണം കഴിക്കുവാൻ നിർബന്ധിച്ചു. ഹാജിറാത്ത സ്വന്തം മകളെപ്പോലെ അവളെ പരിചരിച്ചു. എണ്ണമയം വറ്റിയ അവളുടെ തലമുടിയിഴകളിലൂടെ വിരൽ കോതിക്കൊണ്ട്‌ അരുമയോടും ദുഖത്തോടും കൂടി അവർ പറഞ്ഞു.
”നോക്ക്‌ മോളെ, ജീവിതം ഇവിടം കൊണ്ട്‌ തീരില്ലല്ലോ. പടച്ചോന്റെ നിശ്ചയമല്ലേ മനുഷേന്റെ ജീവിതം. അങ്ങേരു നിശ്ചയിക്കുമ്പോഴേ എല്ലാം നടക്കൂ. നീ ആ കുട്ടിയെ ഓർത്ത്‌ ധൈര്യപ്പെട്‌. എഴുന്നേറ്റ്‌ ഈ പൊടിയരിക്കഞ്ഞി ഇത്തിരി കുടിക്ക്‌ “.
ജെയിംസിന്റെ മരണദിവസം മുതൽ നിർമ്മലയുടെ മാതാവ്‌ അവളോടും കുട്ടിയോടും ഒപ്പമുണ്ടായിരുന്നു. അവളുടെ പിതാവ്‌ കുറച്ചു മൈലുകൾ ദൂരത്തുള്ള സ്വന്തം വീട്ടിൽ പോയും വന്നും അവളുടെ കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു.
മതാചാരപ്രകാരമുള്ള ചടങ്ങുകൾ കഴിഞ്ഞാൽ നിർമ്മലയെ തങ്ങളോടൊപ്പം സ്വന്തം വീട്ടിലേക്കു കൊണ്ടുപോകാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം.
ഒരാഴ്ചക്ക്‌ ശേഷം മാത്തുക്കുട്ടി വീണ്ടും കൂട്ടുകാരോടൊത്തു സ്കൂളിൽ പോയിത്തുടങ്ങി. അപ്പയുടെ മരണം എന്ന നഷ്ടത്തേക്കാൾ അമ്മയുടെ കരച്ചിലും തളർച്ചയുമാണ്‌ അവനെ കൂടുതൽ ഭയപ്പെടുത്തിയത്‌. സ്കൂളിലായിരിക്കുമ്പോഴും അവന്റെ മനസ്സ്‌ അമ്മയോടൊപ്പമായിരുന്നു.
സദാ പ്രസന്നമായിരുന്ന അവന്റെ മുഖത്ത്‌ ഭീതിയും മൗനവും കുടിയേറിയിരിക്കുന്നത്‌ അധ്യാപകരിൽ പോലും സഹതാപമുണർത്തി. ഉച്ചക്ക്‌ ഊണു കഴിക്കുന്ന സമയത്ത്‌ രാധാമണിട്ടീച്ചർ അവനെ സ്റ്റാഫ്‌ റൂമിൽ കൊണ്ടുപോയി തന്നോടൊപ്പം ഇരുത്തി ഊണുകഴിപ്പിച്ചു.
ചടങ്ങുകളെല്ലാം കഴിഞ്ഞതിന്റെ പിറ്റേന്ന്‌ നിർമ്മലയേയും കുട്ടിയേയും സ്വന്തം വീട്ടിലേക്കു കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ പിതാവ്‌ ആരംഭിച്ചു. സാധനസാമഗ്രികൾ എല്ലാം ഒരു ലോറിയിൽ ആദ്യമേ അയച്ചു. ഉച്ച കഴിഞ്ഞ്‌ അവർക്ക്‌ പോകുവാനുള്ള വാഹനവും വീട്ടുമുറ്റത്തെത്തി. എല്ലാ വീടുകളിൽ നിന്നും കുട്ടികളടക്കമുള്ളവർ അവിടെ സന്നിഹിതരായിരുന്നു. അവരുടെ കണ്ണുകളിൽ സ്നേഹത്തിന്റെ നീർത്തുള്ളികൾ നനവുണ്ടാക്കികൊണ്ടേയിരുന്നു. നിർമ്മല അവർക്ക്‌ സ്വന്തം മകളും സഹോദരിയും ചേച്ചിയുമൊക്കെയായിരുന്നല്ലോ.
നിറകണ്ണുകളോടെ നിർമ്മല എല്ലാവരോടുമായി യാത്ര പറഞ്ഞു. സുബൈറിക്കാക്ക വ്യസനത്തോടെ മാത്തുക്കുട്ടിയോടു ചോദിച്ചു, ”മാത്തൂട്ടി ഇനി വേറെ സ്കൂളിലാ പോണതല്ലേ?“ അവൻ തലയാട്ടി. തെങ്ങോല കൊണ്ടുണ്ടാക്കിയ ചെറിയൊരു ഓലപ്പന്ത്‌ സുബൈറിക്കാക്ക അവന്റെ കൈയ്യിൽ വെച്ചുകൊടുത്തു. പിന്നെ അവിടെനിന്നും തേങ്ങിക്കരഞ്ഞു കൊണ്ട്‌ ഓടിയകന്നു. സായിപ്പ്‌ അവനെ കൈകളിൽ എടുത്തു നെറുകയിൽ ചുംബിച്ചു.
”മാത്തൂട്ടി നന്നായി പഠിച്ചു മിടുക്കനാകണം കേട്ടോ“.
അയാളുടെ സ്വരവും നനഞ്ഞിരുന്നു. നന്മനിറഞ്ഞ കുറച്ചു മനുഷ്യരുടെ ഇടയിൽ നിന്നും എന്നെന്നേക്കുമായി പറിച്ചെറിയപ്പെടുന്ന വേദനയാണ്‌ നിർമ്മലക്കനുഭവപ്പെട്ടത്‌. തുളുമ്പുന്ന മിഴികളോടും വിങ്ങുന്ന ഹൃദയത്തോടും കൂടി അവൾ എല്ലാവരോടും മൗനാനുവാദം ചോദിച്ചു. പിന്നെ വാഹനത്തിലേക്ക്‌ കയറി.
****************************
ഓർമ്മകളിൽ മായാത്ത ചിത്രങ്ങൾ കോറിയിട്ടു കടന്നു പോയ ബാല്യത്തിന്റെ കളിമുറ്റത്തേക്ക്‌ മാത്തുക്കുട്ടി വീണ്ടും വന്നു, വർഷങ്ങൾക്കുശേഷം. അമ്മ നിർമ്മലയുമൊത്ത്‌ മനസ്സിന്റെ ഉള്ളറകളിൽ മറഞ്ഞുകിടന്നിരുന്ന നിധിശേഖരങ്ങൾ ഓരോന്നും, ഓരോ കാഴ്ചയിലും അവന്റെ കണ്മുൻപിൽ മറനീക്കി പുറത്തുവന്നു.
നിലത്തെഴുത്ത്‌ പഠിച്ച ആശാൻ കളരിയുടെ കെട്ടിടം പിന്നിട്ട്‌ വാഹനം മുന്നോട്ടു പോകുമ്പോൾ കൈവിരൽ തുമ്പിൽ അക്ഷരങ്ങൾ കോറിപ്പിച്ച്‌ അറിവിന്റെ വിശാലമായ ലോകത്തിലേക്ക്‌ വാതായനങ്ങൾ തുറന്നു തന്ന ഗോമതേശ്വരി ടീച്ചറെ അവൻ ഓർത്തു. വാഹനം ഓടിക്കുമ്പോൾ അമ്മയോടായി അവൻ പറഞ്ഞു,
“ഗോമതി ആശാട്ടി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ആവോ”.
“ഉണ്ടാവണം മാത്തൂട്ടി”. അവൾ പറഞ്ഞു.
“നിന്നെ എഴുത്തിനിരുത്തുമ്പോൾ അവർക്ക്‌ അത്രമാത്രം പ്രായമൊന്നും ആയിട്ടില്ലലോ”. ശരിയാണ്‌ അവൻ സമ്മതത്തോടെ തലയാട്ടി.
“നീ ഇപ്പോഴും ആശാട്ടിയുടെ മുഖം ഓർക്കുന്നുണ്ടോ?” നിർമ്മല വീണ്ടും ചോദിച്ചു. മാത്തുക്കുട്ടി അമ്മയുടെ മുഖത്ത്‌ നോക്കി ചിരിച്ചു.
“ഉം... കുറച്ചു മുൻപും കൂടി കണ്ടതുപോലെ”.
വാഹനം സുലൈമാൻ സാഹിബിന്റെ വീടിനു മുൻപിലായി റോഡരികിൽ മാത്തുക്കുട്ടി ഒതുക്കിനിർത്തി. പഴയ ഓടിട്ട വീടിന്റെ സ്ഥാനത്ത്‌ വലിയൊരു ഇരുനിലക്കെട്ടിടം പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്നു. മാത്തുക്കുട്ടി ജനിച്ച വീടും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. പകരം അവിടെ തകരയും കാശിത്തുമ്പയും തഴച്ചുവളർന്ന്‌ ചെറുകാറ്റിൽ തലയാട്ടി നിന്നു.
പണ്ട്‌ കാർത്ത്യായിനി തുരന്ന്‌ തുളകൾ വീഴ്ത്തിയ ചെങ്കൽ മതിൽ കോൺക്രീറ്റ്‌ ബ്ലോക്കുകൾ കൊണ്ട്‌ പണിത്‌, തേച്ച്‌, വെള്ള പൂശിയ മനോഹരമായ മതിലായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞിരുന്നു. മാത്തുക്കുട്ടിയും അമ്മയും പരസ്പരം നോട്ടം കൈമാറി. പിന്നെ വാഹനത്തിൽ നിന്നും ഇറങ്ങി വലിയ ഇരുമ്പ്‌ ഗേറ്റിനടുക്കലേക്ക്‌ നടന്നു.
ഗേറ്റ്‌ തുറന്ന്‌ മുറ്റത്തേക്ക്‌ പ്രവേശിക്കുമ്പോൾ നിർമ്മല മാത്തുക്കുട്ടിയോടു പറഞ്ഞു,
“സായിപ്പും കുടുംബവും തന്നെയാണോ ഇവിടെ താമസിക്കുന്നതെന്ന്‌ എനിക്ക്‌ സംശയം തോന്നുന്നു”.
“എനിക്കും..”. തലയാട്ടിക്കൊണ്ട്‌ മാത്തുക്കുട്ടി പ്രതിവചിച്ചു.
“എന്തായാലും കയറി നോക്കാം.”
കോളിങ്‌ ബെല്ലിൽ വിരലമർത്തി അവർ പുറത്തു കാത്തു നിന്നു. അകത്തുനിന്നും താളാത്മകമായ മണിനാദം ആരോഹണാവരോഹണ ക്രമത്തിൽ ഉയർന്നു കേട്ടു. പിന്നെ ആരോ നടന്നടുക്കുന്ന ശബ്ദവും. സന്ദർശക മുറിയുടെ ജനൽ കർട്ടൻ പെട്ടെന്ന്‌ വശത്തേക്ക്‌ തെന്നിമാറി. വെളുത്ത്‌ സുന്ദരിയായ ഒരു യുവതിയുടെ മുഖം കൗതുകത്തോടെ പുറത്തേക്കു നോക്കി.
“ആരാണത്‌ സഫിയ?.”
മറ്റൊരു ചോദ്യം അകത്തുനിന്നും കേട്ടു. ഹാജിറാത്തയുടെ പരുക്കൻ ശബ്ദം നിർമ്മലയുടെ കാതുകൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവൾ മാത്തുക്കുട്ടിയെ നോക്കി അർത്ഥവത്തായി ചിരിച്ചു. നാലു മിഴികൾ ജനൽവാതിലിനു പിന്നിൽ നിന്നും അവരെ ഒരു നിമിഷം അപരിചിതത്വത്തോടെ നോക്കി. പുഞ്ചിരിച്ചു കൊണ്ട്‌ അവരെത്തന്നെ നോക്കി പുറത്തു നില്ക്കുന്ന പ്രൗഢയായ മധ്യവയസ്ക്കയും സുന്ദരനായ ചെറുപ്പക്കാരനും രണ്ടു പേരിലും ആശയക്കുഴപ്പം വേണ്ടുവോളമുണ്ടാക്കിക്കഴിഞ്ഞിരുന്നു. പാതി തുറന്ന വാതിലിലൂടെ ഹാജിറാത്ത സങ്കോചത്തോടെ ചോദിച്ചു,
“ആരാണ്‌ മനസിലായില്ല?”
ചോദ്യത്തോടൊപ്പം തിരിച്ചറിവിന്റെ ഒരു മിന്നലാട്ടം ഉടൻ തന്നെ അവരുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ടു.
“പടച്ചോനെ ഇത്‌ നമ്മുടെ നിർമ്മലയല്ലേ”.
സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും ഹാജിറാത്തയുടെ കണ്ണുകൾ വികസിച്ച്‌ പുറത്തേക്കുന്തി വന്നു. മൂക്കിൻ തുമ്പത്തെ കറുത്ത മറുകിൽ കിളിർത്ത രോമങ്ങൾ അവരുടെ ഭാവ ചലനങ്ങൾക്കൊപ്പം കുസൃതിയോടെ നൃത്തം വെച്ചു. തലയെ മറയ്ക്കുന്ന തട്ടത്തോടൊപ്പം നീണ്ട കൈയ്യുള്ള നൈറ്റിയായിരുന്നു അവരുടെ പുതിയ വേഷം.
ഹാജിറാത്ത നിർമ്മലയെ വാത്സല്യത്തോടെ ആശ്ലേഷിച്ചു.
“വാ വാ അകത്തേക്ക്‌ കേറി വാ”. അവർ ഇരുവരെയും സന്ദർശക മുറിയുടെ ആഡംബരത്തിലേക്ക്‌ ക്ഷണിച്ചു. നിർമ്മലയും മാത്തുക്കുട്ടിയും അകത്തേക്ക്‌ കയറുമ്പോൾ ഹാജിറാത്ത പറഞ്ഞു,
“എനിക്ക്‌ ആദ്യം മനസിലായില്ലാട്ടോ നിർമ്മലെ. എത്ര വർഷങ്ങളായി കണ്ടിട്ട്‌. നിർമ്മല കുറച്ചുകൂടി വണ്ണോം വെച്ചു”.
“ഇത്താ അതുപോലെ തന്നെയിരിക്കുന്നു, വേഷത്തിൽ മാത്രമേ മാറ്റമുള്ളൂ”. നിർമ്മല ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
മാത്തുക്കുട്ടിയും അമ്മയും ഇരുന്ന സോഫക്ക്‌ എതിർവശത്തായി ഹാജിറാത്തയും ഇരുന്നു.
“കൂടെയുള്ള ആളെ ഇനിയും മനസ്സിലായില്ലാട്ടോ നിർമ്മലെ?“. അവർ ജാള്യത്തോടെ പറഞ്ഞു. നിർമ്മല വീണ്ടും ചിരിച്ചു, ”ഒന്നുകൂടി സുക്ഷിച്ചു നോക്കൂ ഇത്ത‘. ഹജിരാത്ത മാത്തുക്കുട്ടിയെ സാകൂതം ചില നിമിഷങ്ങൾ നോക്കി .
“ മാത്തൂട്ടി .??” അവർ അർദ്ധോക്തിയിൽ നിർത്തി.
മാത്തുക്കുട്ടി കുസൃതിയോടെ ചിരിച്ചു. പിന്നെ പറഞ്ഞു, “അങ്ങിനെയാണ്‌ ഇഷ്ട്ടമുള്ളവർ എന്നെ വിളിക്കാറ്‌” .
“അള്ളോ ന്റെ കുഞ്ഞിനെ ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ പടച്ചോനേ”. അവർ താടി കരത്തിൽ താങ്ങി വീണ്ടും അത്ഭുതം കൂറി. “മഞ്ചാടിക്കുരു പോലിരുന്ന ഇത്തിരിപ്പോന്ന ആ ചെക്കനാണിതെന്ന്‌ എനിക്ക്‌ വിശ്വസിക്കാനേ പറ്റണില്ല”.
“ന്റെ കുട്ടി എന്തെടുക്കുവാ?”
അവൻ വീണ്ടും കുസൃതിയോടെ ചിരിച്ചു. പിന്നെ ചോദിച്ചു,
“ആരാവണമ്ന്നാണ്‌ എല്ലാവരും എന്റടുത്തു പറയാറുണ്ടായിരുന്നത്‌.?”
അതിനു മറുപടി നിഷ്കളങ്കമായ ഒരു ചിരി മാത്രമായിരുന്നു.
“മാത്തൂട്ടി.. ?” നിർമല വാത്സല്യം കലർന്ന താക്കീതോടെ അവനെ വിളിച്ചു. പിന്നെ ഹാജിറാത്തയോടായി പറഞ്ഞു, “അവൻ ഡോക്ടറാണിത്താ”.
“ആണോ?” അവരുടെ മുഖത്ത്‌ അത്ഭുതത്തേക്കാൾ ആദരവായിരുന്നു ഇത്തവണ നിഴലിച്ചത്‌.
“മാത്തൂട്ടി കുഞ്ഞുന്നാളിലേ മിടുക്കനായിരുന്നല്ലോ” എന്ന്‌ പറഞ്ഞുകൊണ്ട്‌ അവർ അകത്തേക്ക്‌ നോക്കി നീട്ടി വിളിച്ചു, “സഫിയാ???”
മാത്തുക്കുട്ടിയും നിർമ്മലയും അകത്തേക്ക്‌ പ്രവേശിക്കുമ്പോഴേക്കും ഉൾമുറിയിലേക്ക്‌ പിൻവലിഞ്ഞു കഴിഞ്ഞിരുന്ന പെൺകുട്ടി വാതില്ക്കൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവളെ നോക്കി ഹാജിറാത്ത പറഞ്ഞു.
“നമ്മുടെ പഴയ വീട്ടിൽ താമസിച്ചിരുന്നവരാണ്‌”.
പിന്നെ ഹിന്ദിയിൽ സല്ക്കാരത്തിനുള്ള നിർദേശങ്ങൾ ചുരുക്കമായി നല്കി. സഫിയ അവരെ നോക്കി കുലീനമായി ചിരിച്ചുകൊണ്ട്‌ അകത്തേക്ക്‌ പോയി.
“സുബൈറിന്റെ ഭാര്യയാണ്‌. അവനങ്ങ്‌ പേർഷ്യയിലല്ലെ, വന്നു പോയിട്ട്‌ മൂന്നു മാസേ ആയിട്ടുള്ളൂ. നാസറിന്‌ ആലോചിച്ചു കൊണ്ടിരിക്കണ്‌. അവന്‌ ഒരു പെൺകുട്ടികളേം പിടിക്കൂല.” അവർ വർത്തമാനം തുടർന്നു കൊണ്ടേയിരുന്നു. “പഴയ അയൽവക്കക്കാരിൽ പലരും സ്ഥലോക്കെ വിറ്റ്‌ അടുത്തും അകലയുമൊക്കെയായി പോയി. രമണിയും കുടുംബവും ഇപ്പോഴും ഇവിടെത്തന്നെയുണ്ട്‌. കോകിലയുടെ കല്യാണം ഇനിയും കഴിഞ്ഞിട്ടില്ല. അത്‌ രമണിക്കൊരു സങ്കടാണ്‌.”
ഇടയ്ക്കു മാത്തുകുട്ടി ചോദിച്ചു, “അബ്ബ എവിടെ?”
“ഓ അത്‌ പറയാൻ മറന്നു”.
“അബ്ബക്ക്‌ പഴയതുപോലൊന്നും വയ്യ മോനെ. വലിവുണ്ട്‌. പോരാത്തതിന്‌ ഇപ്പൊ ഒരു അറ്റാക്കും കഴിഞ്ഞിരിക്കുവാ. കടയിലൊന്നും പോവാറില്ല. മുകളിലെ മുറിയിലുണ്ട്‌, അതിലെപ്പോഴും ചടഞ്ഞുകിടപ്പാ. വല്ലപ്പോഴുമൊന്നു താഴേക്കിറങ്ങിയാലായി. നാസറാണ്‌ എല്ലാം നോക്കി നടത്തണത്‌. ഞാൻ താഴേക്ക്‌ വിളിക്കാം.”
അവരുടെ സ്വരത്തിൽ വ്യസനമുണ്ടായിരുന്നു.
മാത്തുക്കുട്ടി അത്‌ തടഞ്ഞു. “വേണ്ട ഞങ്ങൾ മുകളിലേക്കു ചെല്ലാം.”
“എന്നാൽ ചായ കുടിച്ചിട്ട്‌ മോളിലേക്ക്‌ പോകാം. സഫിയാ…” അവർ വീണ്ടും അകത്തേക്ക്‌ നോക്കി നീട്ടി വിളിച്ചു.
“അബ്ബ, ഇതാരൊക്കെയാണ്‌ വന്നേക്കണതെന്നു നോക്കൂ”. ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്നു കൊണ്ട്‌ ഹാജിറാത്ത പറഞ്ഞു.
പാതിമയക്കത്തിൽ നിന്നും ഉണർന്ന സായിപ്പ്‌ സാവധാനം ആയാസത്തോടെ കിടക്കയിൽ നിവർന്നിരുന്നു. പിന്നെ ഭാര്യയുടെ പിറകിലായി നില്ക്കുന്ന മധ്യ വയസ്കയെയും ചെറുപ്പക്കാരനെയും സൂക്ഷ്മതയോടെ നോക്കി. നിറസന്തോഷത്തോടെയുള്ള ഒരു ചിരി അദ്ദേഹത്തിന്റെ മുഖത്ത്‌ വിരിഞ്ഞു.
“നിങ്ങളെപ്പോൾ വന്നു?”. തളർന്നതെങ്കിലും ഉത്സാഹമുള്ള ശബ്ദത്തിൽ സായിപ്പ്‌ ചോദിച്ചു.
“ഞങ്ങൾ വന്നിട്ട്‌ കുറച്ചു നേരമായി. അബ്ബയ്ക്ക്‌ എന്നെ മനസിലായോ? ..”
മാത്തുക്കുട്ടി ചോദിച്ചു.
“മനസിലായില്ലല്ലോ. നീ അബ്ബയെക്കാൾ വലുതായില്ലേ. ഏതായാലും രണ്ടുപേരും അങ്ങോട്ടിരിക്ക്‌”.
മുറിയിൽ ഇട്ടിരുന്ന കസേരകൾ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ അയാൾ തമാശയോടെ പറഞ്ഞു..
നിർമ്മല നിന്നുകൊണ്ട്‌ തന്നെ പറഞ്ഞു “ഹാജിറാത്ത എല്ലാം പറഞ്ഞു. ഇപ്പോൾ എങ്ങനെയുണ്ട്‌?”.
“ഓ അങ്ങനെയൊക്കെ പോണൂ നിർമ്മലെ. ആകപ്പാടെ ഒരു തളർച്ചയാ എപ്പോഴും.” ഒരുകാലത്ത്‌ അരോഗദൃഢഗാത്രനായിരുന്ന ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിർമ്മലക്ക്‌ സഹതാപം തോന്നി. അവൾ വെറുതെ മൂളുക മാത്രം ചെയ്തു.
“മാത്തൂട്ടി ഡോക്ടറാ അബ്ബാ” ഹജിരാത്ത സാന്ദർഭികമായി പറഞ്ഞു .
“അതെയോ?. അല്ലെങ്കിലും എനിക്കറിയാമായിരുന്നു, നീ വലിയ ആളാകുമെന്ന്‌.”
“ഇങ്ങടുത്തുവാ,”
aഅദ്ദേഹത്തിന്റെ ഇരുകൈകളും തന്റെ കൈപ്പത്തികൾക്കുള്ളിൽ ഒതുക്കി. അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു. അബ്ബയെ ഒരിക്കലും മാത്തുക്കുട്ടി ഇത്തരം ഒരവസ്ഥയിൽ പ്രതീക്ഷിച്ചില്ലായിരുന്നു.
“നീ കുഴൽ കൊണ്ടുവന്നിട്ടുണ്ടോ മാത്തൂട്ടി?”
സായിപ്പ്‌ തമാശയോടെ അവനെ സന്തോഷിപ്പിക്കുവാൻ ചോദിച്ചു. അവൻ കൊച്ചു കുട്ടികളെപ്പോലെ നിഷേധത്തോടെ തലയാട്ടി.
“ഇവിടെ എൻടടുത്തിരിക്ക്‌”. മാത്തുക്കുട്ടി ബെഡിൽ സായിപ്പിനരുകിലായി ഇരുന്നു .
“സന്തോഷമായി എനിക്ക്‌. എന്റെ കുട്ടി വലിയ ആളായല്ലോ. ഇനീപ്പോ എന്നെ നോക്കാൻ വേറൊരു ഡോക്ടറും വേണ്ട, നീ മാത്രം മതി.”
അയാളുടെ സ്വരവും ഇടറിയിരുന്നു.
അധ്യയനം കഴിഞ്ഞ ശിഷ്യൻ ഗുരുമുഖത്ത്‌ നിന്നും അനുഗ്രഹം വാങ്ങുന്ന പുണ്യ മുഹൂർത്തം പോലെ മനോഹരവും വൈകാരികവുമായിരുന്നു ആ നിമിഷങ്ങൾ.
ദീർഘനേരത്തിനു ശേഷം യാത്ര പറഞ്ഞിറങ്ങുമ്പോൾ മാത്തുക്കുട്ടി അബ്ബയോടു തമാശ പറഞ്ഞു.
“ഇനിയും വരാം കൈയ്യിൽ കുഴലുമായി”.
മതത്തിന്റെയും കെട്ടുപാടുകളുടെയും അതിർവരമ്പുകൾ മനുഷ്യൻ എന്ന നാലക്ഷരത്തിന്‌ മുൻപിലലിഞ്ഞ്‌ അപ്രത്യക്ഷമാകുന്നത്‌ അവൻ മുതിർന്നതിനു ശേഷം വീണ്ടും അനുഭവിച്ചറിയുകയായിരുന്നു.
വാഹനത്തിന്റെ ചക്രങ്ങൾ ഉരുണ്ടു നീങ്ങുമ്പോൾ അവൻ പുറത്തേക്കു നോക്കി വീണ്ടും കൈകൾ വീശി. ഇനിയും ആ സ്നേഹഭൂമിയിലേക്ക്‌ മടങ്ങി വരാമെന്ന മൗന വാഗ്ദാനത്തോടെ

 ബാലന്റെ ഗ്രാമം

ബാലന്റെ ഗ്രാമം

കാവൽ

കാവൽ