Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

സ്വർഗ്ഗം താണ്ടി വന്നവൻ

സ്വർഗ്ഗം താണ്ടി വന്നവൻ

നോക്കത്താ ദൂരത്ത്‌ വലിയ വയലുകൾക്കിപ്പുറത്ത് ഒരു കുന്നിൻ ചെരുവിലായിരുന്നു ഞാനും എന്‍റെ അളിയനും. എന്തിന് ഇവിടേക്ക് വന്നു എന്ന്‍ ഓർത്തെടുക്കാൻ കഴിയുന്നില്ല. ചരൽമണ്ണ് നിറഞ്ഞ ഒരു നടപ്പാതക്ക് മുന്നിലായിരുന്നു ഞങ്ങളുടെ വീട്. നടപ്പാതക്ക് വലതു വശത്തായി കമ്മ്യൂണിസ്റ്റ് പച്ചയും തൊട്ടാവാടിയുമെല്ലാം നിറഞ്ഞ ഒരു ചെറിയ കുറ്റിക്കാട്, അതിനു മറുവശത്തായി ചുറ്റിലും മതിലു കെട്ടിയ ഭംഗിയുള്ള ഒരു ഇരുനില വീട്. വീടിന്‍റെ മുറ്റത്ത് ഒന്ന്‍ രണ്ട് കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. ആ ചുറ്റുമതിലോളം വിശാലമായിരിക്കും ആ വീട്ടുകാരുടെ സ്വകാര്യത. ആ വീട്ടിൽ താമസിക്കാൻ എനിക്ക് കൊതിയായി. വീടിനു തൊട്ടപ്പുറത്തായി നടപ്പാതയോട് ചേർന്ന് തെങ്ങോല മടഞ്ഞു മേഞ്ഞമേൽക്കൂരയുള്ള ഒരു വലിയ ചായപ്പീടിക. നാലാൾക്കിരിക്കത്തക്ക വലിപ്പത്തിലുള്ള കുറച്ച് ബെഞ്ചുകളും ഡെസ്ക്കുകളും, ഊണ് വിളമ്പാനുള്ള വാഴഇലകൾ വെട്ടിവെച്ചിരിക്കുന്നു. പക്ഷെ അവിടെ ഭക്ഷണം കഴിക്കാനും വിളമ്പാനുമൊന്നും ആരെയും കാണുന്നില്ല. ചായപ്പീടിക കഴിഞ്ഞാൽ പിന്നെ നടപ്പാത വലത്തോട്ട് തിരിഞ്ഞ് കുന്നുകയറുകയായി. വെള്ളത്തിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് കുറ്റിക്കാടിനപ്പുറത്തായി ഒരല്പം ഉയരത്തിലായി ഒരു കുളം, അതിനു വശത്തിലൂടെ കുന്നുകയറിത്തുടങ്ങുന്ന നടപ്പാത യാത്രികനെ കൊണ്ടുപോകുന്നത് എങ്ങോട്ടാണെന്ന് അറിയില്ല. നടപ്പാതയെ മുറിച്ച് കടന്ന്‍ ഓടിവരുന്ന കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ട്രൌസറുകളിട്ട മെലിഞ്ഞുണങ്ങിയ കുട്ടികൾ വലിയ ശബ്ദത്തിൽ വെള്ളത്തിലേക്ക് എടുത്ത് ചാടുന്നു. 
“ആ കുളത്തിനപ്പുറത്ത് ഞാവൽപഴത്തിന്‍റെ ഒരു വലിയ തോട്ടമാണത്രേ.”. അളിയന്‍റെ വാക്കുകൾക്ക് ഞാവൽപഴത്തോളം മധുരമുണ്ടായിരുന്നു. ഉത്കണ്ഠയോടെഅങ്ങോട്ട് പോവാനൊരുങ്ങിയ എന്നെ അളിയന്‍ തടഞ്ഞു, 
“സല കഴിഞ്ഞു കാണും... ഇനി അങ്ങോട്ട്‌ പോയാൽ കട തുറക്കാൻ വൈകും..വാ.. നമുക്ക് പോവ്വാ. പിന്നൊരിക്കൽ വരാം.”. അളിയനൊരു ബാഗാല നടത്തുകയായിരുന്നു. എനിക്കെന്തായാലും അങ്ങോട്ട്‌ പോണം, അവിടെപ്പോയി ഞാവൽപഴം കഴിച്ച് കുളത്തിൽ നീന്തിയിട്ടെ ഞാൻ വരൂ എന്ന് അളിയനോട് പറഞ്ഞു. 
“ഒറ്റക്ക് പോണ്ടാ.. അവിടെ ഹറാമികളുണ്ടാവും”- അളിയന്‍ വീണ്ടും എന്നെ പിന്തിരിപ്പിച്ചു. പെട്ടെന്ന്‍ വായുവിൽ ബാങ്കിന്‍റെ ശബ്ദം നിറഞ്ഞു, അളിയൻ എന്നോട് കള്ളം പറയുകയായിരുന്നു. സലക്ക് ബാങ്ക് കൊടുക്കുന്നതെയുള്ളൂ. അളിയനോട് എനിക്ക് ഭയങ്കര ദേഷ്യംതോന്നി. കുളത്തെ ലക്ഷ്യമാക്കി ഞാൻ ഓടി. ഓടുന്നതിനിടയിൽ ഞാൻ എവിടെയോ വീണു. വീഴ്ചയുടെ ആഘാതത്തിൽ ഞാൻ കണ്ണുതുറന്നു . ബെഡിൽ കിടക്കുകയായിരുന്നു ഞാൻ. അപ്പോഴും ബാങ്ക് വിളി അവസ്സാനിച്ചിട്ടില്ലായിരുന്നു. എല്ലാം മനസ്സിലാക്കാൻ എനിക്ക് നിമിഷങ്ങൾ വേണ്ടിവന്നു. ഞാൻ സ്വപ്നം കാണുകയായിരുന്നു. ഞാൻ കണ്ട സ്വപ്നത്തിലെ വീട് എന്‍റെ വീടായിരുന്നു. ആ വഴിയും കുളവും ചായപ്പീടികയും ഞാവല്‍ക്കാടും എന്‍റെ ഗ്രാമത്തിലെത്‌ ആയിരുന്നു. ഞാൻ പതിയേ എഴുന്നേറ്റ് ജനാല കർട്ടൻ മാറ്റി പുറത്തേയ്ക്ക് നോക്കി. കണ്ണിനു ഒട്ടും കുളിർമ നല്‍കാത്ത കാഴ്ചകൾ, മണൽക്കാടിനിടയിലൂടെയുള്ള നാലുവരിപ്പാതയിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ. അതിനപ്പുറത്തായി കെട്ടിടങ്ങൾ, വീണ്ടും കെട്ടിടങ്ങൾ ,അതിനപ്പുറവും കെട്ടിടങ്ങൾ. ആ സ്വപ്നം അവസാനിച്ചിരുന്നില്ലായിരുന്നെങ്കിൽ എന്ന്‍ ഞാൻ ആശിച്ചു.
സ്വപ്നത്തിലെ എന്‍റെ വീടും ഗ്രാമവും സ്വർഗ്ഗീയ സമാനമായി എനിക്ക് തോന്നി. സത്യത്തിൽ  ഞാൻ സ്വർഗത്തിൽ നിന്നും വന്നവനാണല്ലേ!. 'അതെ,ദൈവത്തിന്റെ സ്വന്തം നാട്ടീന്ന് '

അരോഹ

അരോഹ

നഷ്ടങ്ങൾ ബാക്കിവയ്ക്കുന്നത്

നഷ്ടങ്ങൾ ബാക്കിവയ്ക്കുന്നത്