Kadhajalakam is a window to the world of fictional writings by a collective of writers

മൈഥിലി

മൈഥിലി

ദേവാലയം സ്തുതിപ്പുകളാൽ മുഖരിതമായ വേളയിൽ ആൾക്കൂട്ടത്തിൽ ജീവസുറ്റ വദനങ്ങളിൽ നിനക്കായ് ഞാൻ തിരഞ്ഞു

സ്വപ്നങ്ങൾക്ക് നിറം പകർന്ന രാജകുമാരിയെ ഭൂമിയിൽ കാണായ്കയാൽ സ്വപ്നങ്ങൾക്ക് ഉറവിടം തേടി അലയാൻ തുടങ്ങുന്നു..

കണ്ടുകിട്ടുമെന്ന് ഉറപ്പിലായ്കിലും നീയാകുന്ന സത്യം എനിയ്ക്കായ് മായികവലയം തീർത്ത് കാത്തിരിയ്ക്കുന്നു എന്ന് ഞാനറിയുന്നു....

കാലം കാത്തുവച്ച സ്വപ്നഭൂമിയിൽ നിന്നെയും കാത്ത് യാഥാർഥ്യത്തിന്റെ മേലങ്കിയണിയപ്പെട്ടവൻ തുടരുന്നു...

പരിഹാസച്ചുവയിൽ ചിരിയ്ക്കുന്ന മുഖങ്ങളിലെ ഈർഷ്യയും ചൊരുക്കും കണ്ടില്ല എന്ന് നടിയ്ക്കുകിലും അവ ചൂണ്ടുന്നത് എനിക്കുനേരെ തന്നെയാകുന്നു എന്ന് നീയും മനസിലാക്കുന്നുവല്ലോ...

വെറുപ്പിന്റെ മൂടുപടം അണിയാൻ പ്രേരണയായത് നീയാകുന്ന സത്യം നിലനില്കുന്നു എന്ന ഉറപ്പാണ്

കാണുന്ന മുഖങ്ങളിൽ തെളിയുന്ന ഭാവങ്ങൾ നിനക്കൊത്ത് നോക്കിയെങ്കിലും ആരിലും അത് ചേർന്നുകണ്ടില്ല

ആരിലും യോജിയ്ക്കായ്കയാൽ നീ പിന്നെയും തിരശീലക്ക് പിന്നിലെന്ന് കരുതുന്നുവോ...

തെറ്റ് പറ്റിയത് നിനക്കാണ്

ഈ തിരശീല എനിയ്ക്കുമുന്നിൽ നിറയപ്പെടുന്നില്ല..

മായികവലയം ഭേദ്യമാകുന്നത് കണക്കേ മനസ്സിന്റെ മന്ത്രദണ്ടിനാൽ എന്നേ ഞാനത് ഭേദിച്ചുകഴിഞ്ഞുവെന്ന് നിനക്കിനിയും മനസ്സിലായില്ല എന്നുണ്ടോ...

എത്രനാൾ നീ നടനം തുടരും ...?

നാട്യം നിന്നെ എത്രനാൾ എന്നിൽ നിന്നും ദൂരെ മാറ്റിനിർത്തും ..??

സ്വപ്നങ്ങളിൽപോലും മുഖം മറയ്ക്കാൻ നീ പ്രേരിതയാകുമ്പോൾ ഞാൻ അക്ഷമനാകുന്നുവെന്ന് നീ കരുതുന്നുവോ???

സ്വപ്നങ്ങൾക്ക് ചിറക് മുളചിരുന്നെങ്കിൽ എന്നുഞാൻ ആഗ്രഹിയ്ക്കുന്നില്ല .. ചിറകടിച്ച് പറന്നുയർന്നാൽ നീയാകുന്ന സ്വപ്നം നഷ്ടമായെക്കുമോ എന്ന ഭയം എന്നെ വേട്ടയാടുന്നു..

പക്ഷെ... വേട്ടയാടപെടുംബോഴും ആ ഭയത്തെയും ഞാൻ സ്നേഹിച്ചുതുടങ്ങിയിരിക്കുന്നു .. ഉറവിടം നീയാകുന്നു എന്നതിനാൽ .. നീയെന്ന സത്യം നിലനില്ക്കുന്നു എന്നതിനു തെളിവായി ആ ഭയം എന്നിൽ അവശേഷിയ്ക്കുന്നു ..

മായികസ്വപ്നങ്ങളിൽ വിലയം കൊള്ളുന്നവന്റെ ജീവനില്ലാത്ത സ്വപ്നമായി തുടരാൻ നിനക്ക് കഴിയില്ല.. ജീവന്റെ തുടിപ്പുകൾ ശേഷിക്കുന്നു എന്നതിന് തെളിവായി നീ തുടരേണ്ടിയിരിയ്ക്കുന്നു ..

ഓർമകളിൽ കണ്ടുമറന്ന മുഖങ്ങളിൽ നിന്റെ മുഖം കാണുവാൻ പിന്നോട്ട് നടന്നു ..

കാമം നുരഞ്ഞ്പൊന്തുന്ന കണ്ണുകൾക്ക് ഉടമയായവൾ ഉമിനീര് തുപ്പിയ പാനീയം വശ്യമായി ചുണ്ടുകൾക്ക് നേരേ നീട്ടിയപ്പോൾ മനസ്സിൽ ഉയർന്നുവന്ന മോഹങ്ങളിൽ .. ത്രസിച്ചുനിന്ന ഞരമ്പുകൾക്ക് ഹരം പകർന്ന മേനിയിൽ .. നിന്റെ സാമീപ്യം ഉണ്ടായിരുന്നോ..??

നീ തന്നെയായിരുന്നോ അത്???

അല്ല എന്ന് പലവുരു മനസ്സ് ആവർത്തിയ്ക്കുന്നു ..

സ്വപ്നങ്ങൾക്ക് നിറം പകർന്നവൾക്ക് ചേർന്ന ഭാവങ്ങൾ ആ മിഴികളിൽ കണ്ട ഭാവങ്ങളുമായി യോജിയ്ക്കുന്നതായി തോന്നിയില്ല..

ഇല്ല....അത് നീ ആയിരുന്നില്ല....

കുറ്റബോധത്തിന് ഹേതുവായവൾ കണ്ണീരുണങ്ങിയ മിഴികളാൽ എന്നേ നോക്കിയപ്പോൾ അവളുടെ മിഴികളിൽ നിറഞ്ഞുനിന്നത് നീ തന്നെ ആയിരുന്നുവോ??

കളങ്കമറിഞിരുന്നില്ലാത്തവൾക്ക് ശരീരം പകുത്തപ്പോൾ നല്കിയ ഉറപ്പുകളിൽ വിശ്വസിച്ചവൾ തേങ്ങലായി തുടർന്നപ്പോൾ .. കറിവേപ്പിലകൾ കുമിഞ്ഞുകൂടാൻ തുടങ്ങിയപ്പോൾ .....കണ്ണീർ തളംകെട്ടിയ ഇമകൾക്ക് ഉടമയായവൾക്ക് നിന്റെ മുഖഛായ ഉണ്ടായിരുന്നുവോ??

ഇല്ല എന്ന് മനസ്സ് വീണ്ടും ആവർത്തിയ്ക്കുന്നു ..

കാമത്തിനോ രോഷത്തിനോ കണ്ണീരിനോ നിന്നെ ജയിയ്ക്കാൻ കഴിയില്ല എന്ന് ഞാൻ മനസിലാക്കുന്നു

വാക്കുകൾക്കും വികാരങ്ങൾക്കും അതീതയായി നീ തുടരുമ്പോൾ ബാക്കിയാകുന്നത് ഭ്രാന്തനെന്നു വിളിക്കപെട്ടവന്റെ സ്വപ്നങ്ങളാണ് . നഷ്ടപെടുവാൻ തയ്യാറല്ലാത്തവന്റെ സ്വപ്നങ്ങൾക്ക് രാവില പിറക്കുന്ന നക്ഷത്രങ്ങളുടെ ആയുസ്സ് മതിയാവില്ല എന്ന് മനസ്സ് ഉറപ്പിച്ചുകഴിഞ്ഞു . നിലാവ് തെളിഞ്ഞുനില്ക്കവേ സൂര്യാംശു തെളിയുമ്പോൾ മറയപ്പെടണം എന്നാകിലും മരണം മുന്നിൽ തെളിയുന്നില്ല . അസ്തമയം സൂര്യനേ പുൽകുമ്പോൾ നിദ്രയിൽനിന്നും ഉണരുവാൻ പ്രാപ്തയാകുന്ന താരകം എനിയ്ക്ക് വഴികാട്ടിയാകുന്നുവെന്നു ഞാൻ മനസിലാക്കുന്നു .

അനന്തതയിൽ നിലകൊള്ളുന്ന സത്യത്തിന്റെ കാൽപ്പാടുകൾ പിന്തുടർന്നുകൊണ്ട് തുടരുന്നു..

ചീവീടുകൾ ഉറക്കം നടിച്ച രാത്രികളിൽ നിശബ്ദതയുടെ കളിത്തോഴനായി ജീവൻ തുടിയ്ക്കുന്ന സ്പന്ദനങ്ങളുടെ ഉറവിടം തേടി പിന്നെയും......

നീയാകുന്ന സത്യം നിലനിൽക്കുന്നുവെന്ന് ഉറപ്പുള്ളതിനാൽ മിഥ്യയെന്ന വാക്കുപോലും അസംബന്ധമെന്ന് കാണുവാൻ മനസ്സ്

വെംബൽകൊള്ളൂന്നത് ഞാൻ അറിയുന്നു . ഇരുട്ടിന്റെ മറവിലും നീ തേടിയത് എന്നെതന്നെയായിരുന്നു എന്ന തിരിച്ചറിവ് എന്നിൽ ഉദയം കൊണ്ടിരിയ്ക്കുന്നു.

തിങ്കൾകല മിന്നിമറയാൻ തുടങ്ങവേ പ്രകാശരേണുക്കൾ അരങ്ങുകീഴടക്കാൻ തുടങ്ങിയപ്പോഴും നിന്റെ സാന്നിധ്യം ഞാനറിഞ്ഞിരുന്നു ...

അദ്രിശ്യമായ സത്യത്തിന്റെ ദൃശ്യമായ സൗന്ദര്യം എന്നെ മത്തുപിടിപ്പിച്ചു തുടങ്ങിയിരിക്കുന്നു .. അന്ത്യമില്ലാത്ത യാത്രകൾ തുടങ്ങുവാൻ ഞാൻ താല്പര്യപ്പെടുന്നില്ല .. യാത്രകൾ ലക്ഷ്യമില്ലാത്തവന്റെ നേരംകൊല്ലിയായ തോഴനാവുകിൽ ഞാനവയെ പുല്കേണ്ടതില്ലലോ ...

മരണമില്ലാത്തവളായി നീ തുടരുമെന്നും ജനനവും മരണവും നിന്നെ ജയിയ്ക്കാൻ പ്രാപ്തയല്ല എന്നും ഞാനറിയുന്നു...

കാത്തിരിപ്പിന്റെ നാളുകൾ തുടരുന്നു...

നിന്നിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നത് ഞാനറിയുന്നു...

കാത്തിരിപ്പിന്റെ നോവിനെ ജയിയ്ക്കാൻ പ്രതീക്ഷയുടെ തേരാളി ഒപ്പം ചേർന്നുകഴിഞ്ഞു ..

ഭ്രാന്തന്റെ സ്വപ്നങ്ങൾ മരിയ്ക്കുന്നില്ല ..

നിലയ്ക്കാത്ത ഓളങ്ങൾ കണക്കേ തുടരുന്ന സ്വപ്നാടനങ്ങൾ ...

കടിഞ്ഞാൺ തകർത്ത് മുന്നേറിയ കുതിരയുടെ കുളമ്പടികൾ നാലുപാടും മുഴങ്ങികേട്ടുക്കൊണ്ടിരുന്നു ...

ഓളങ്ങൾ കടൽപ്പരപ്പിൽ രോഗവിവരങ്ങൾ പകർത്തിയെഴുതി ...

കടൽക്കാക്കകൾ അക്ഷരങ്ങൾ ചേർത്തുവായിച്ചു..’ചിത്തഭ്രമം’.

എന്ത് ഞാൻ പ്രാർഥിക്കേണ്ടു?

എന്ത് ഞാൻ പ്രാർഥിക്കേണ്ടു?

യുദ്ധം

യുദ്ധം