Kadhajalakam is a window to the world of fictional writings by a collective of writers

കുവൈറ്റ്‌ പ്രാർത്ഥന –ഒരു ഓർമ്മ കുറിപ്പ്

കുവൈറ്റ്‌ പ്രാർത്ഥന –ഒരു ഓർമ്മ കുറിപ്പ്

പഴയ തടി അലമാര അടുക്കിയപ്പോൾ കുറെ പേപ്പറുകൾക്കിടയിൽ പൊടിപിടിച്ചു കിടന്ന എന്റെ ഒരു ആദ്യ കാല സാഹിത്യ രചന കണ്ടു. ഇരുപതു വർഷം മുൻപ് കുത്തിക്കുറിച്ചത്…

ഞാൻ എന്ന യുവ കഥാകാരി എഴുതി…

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറാമാണ്ട്. ഇറാക്കി പ്രസിഡണ്ട്  സദ്ദാം ‍ ഹുസ്സൈൻ കുവൈറ്റ് പിടിച്ചടക്കിയ സമയം. ജോർജ്ജ് ബുഷിന്റെ അമേരിക്കൻ സേന ഇറാക്കിലേക്ക് സ്കഡ് മിസൈലുകളും പേട്രിയോട്ടുകളും വിക്ഷേപിക്കയും ബോംബുകൾ വർഷിക്കയും ചെയ്ത കാലഘട്ടം.

ഇവിടെ നമ്മുടെ കൊച്ചു കേരളത്തിൽ  ഭീതിയും ആകാംക്ഷയും നിറഞ്ഞു നിന്നു. ടെലിവിഷനിൽ കൂടിയും റേഡിയോയിലൂടെയും യുദ്ധ വിശേഷങ്ങൾ നമ്മൾ അറിഞ്ഞു കൊണ്ടിരുന്നു. കുവൈറ്റിലുള്ള നമ്മുടെ ബന്ധുക്കളെ ഫോണിൽ കൂടെയോ കത്തു മുഖേനയൊ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.

ഇന്ത്യാ ഗവർമെന്റ് ജോർദ്ദാനിലേയ്ക്ക് പ്രത്യേക വിമാനം അയച്ചു കുവൈറ്റിൽ നിന്നും ജോർദ്ദാനിൽ നിന്നും എത്തിയിരുന്ന നമ്മുടെ സഹോദരങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടു വന്നിരുന്നു. കൊടും യാതനകളുടെ കഥകൾ. ട്രക്കിൽ കയറി ജോർദ്ദാനിൽ എത്തിയിട്ടു അഭയാർഥി ക്യാമ്പിൽ കഴിഞ്ഞ ശേഷം വിമാന മാർഗം നാട്ടിൽ എത്തിയിരുന്നു. ജീവ രക്ഷാർഥമുള്ള പരക്കം പാച്ചിൽ. സകലതും ഉപേക്ഷിച്ച്.

മധ്യതിരുവിതാംകൂറിലെ കോഴഞ്ചേരി എന്ന സ്ഥലത്തിന്റെ പ്രാന്ത പ്രദേശമായ പുന്നക്കാട് എന്ന ഗ്രാമം കുവൈറ്റിലെ ഈ സംഭവ വികാസങ്ങൾ മൂലം ആടിയുലഞ്ഞു. മധ്യകേരളത്തിൽ നിന്നും അക്കാലത്ത് കുവൈറ്റിലുണ്ടായിരുന്ന മലയാളികളിൽ ഒരു നല്ല വിഭാഗം കോഴഞ്ചേരിയിൽ നിന്നും പ്രാന്ത പ്രദേശങ്ങളിൽ നിന്നുമായിരുന്നു.

കുവൈറ്റിലെ കോഴഞ്ചേരി മലയാളികളെക്കുറിച്ച് അന്നു പല കഥകൾ ഞാൻ കേട്ടിരുന്നു. കുവൈറ്റിൽ ഒരു കോഴഞ്ചേരി സ്ട്രീറ്റ് ഉണ്ടായിരുന്നു എന്നാണു അതിൽ ഒന്ന്. സത്യമാണോ എന്നെനിക്കറിയില്ല. ഒരു പക്ഷെ ഒരു ദേശസ്നേഹിയായ കുവൈറ്റുകാരൻ വെറുതെ പടച്ചു വിട്ടതാകാം. ഒരിക്കൽ ഒരു കുവൈറ്റുകാരൻ പറഞ്ഞു കെ. ഒ. സി. (കുവൈറ്റ് ഓയിൽ കമ്പനി) യുടെ പേര് മാറ്റി കേരള ഓയിൽ കമ്പനി എന്നും പിന്നീട് കോഴഞ്ചേരി ഓയിൽ കമ്പനി എന്നുമാക്കി അത്രേ. ഇതൊരു തമാശയാ യിരുന്നുവെങ്കിലും കുവൈറ്റിലെ കോഴഞ്ചേരിക്കാരുടെ അംഗ ബലത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പരാമർശം.

സ്ഥലം ക്രിസ്തീയ ദേവാലയത്തിലെ ജനങ്ങളും വളരെ ആകാംക്ഷാഭരിതരായിരുന്നു.. കാരണം മിക്ക വീടുകളിൽ നിന്നും ഒരാളെങ്കിലുമുണ്ട്
കുവൈറ്റിൽ. പള്ളി പുതുക്കി പണിതതും, മതിൽ കെട്ടിയതും, പള്ളി വക മിഡിൽ സ്കൂൾ കെട്ടിടം പുനർ നിർമ്മിച്ചതും അവര്‍ അയച്ചു തന്ന പണം കൊണ്ടായിരുന്നു.

വീടുകളിൽ ശ്മശാന മൂകത. കവലയിൽ കുവൈറ്റും ഇറാക്കും യുദ്ധവുമൊക്കെ തന്നെ ചർച്ചാ വിഷയം. ചട്ടൻ തോമയുടെ റേഷൻ കടയിൽ, പോസ്ടാഫീസിന്റെ വരാന്തയിൽ, ഭാസ്കരന്റെ ചായക്കടയിൽ എല്ലാം.

“എന്റെ കർത്താവേ എന്റെ കുഞ്ഞുങ്ങളെക്കുറിച്ചു ഒരു വിവരോമില്ല”

“ഈ മാസം പതിനാറാംതിയ വരുമെന്ന് കാണിച്ചു രണ്ടു മാസം മുമ്പേ ഒരു കത്തു വന്നു. അത് കഴിഞ്ഞു ഒന്നും അറിഞ്ഞിട്ടില്ല”

മകൻ സൈമച്ചനും കുടുംബവും കുവൈറ്റിലുള്ള മേരി ചേടത്തിയുടെ കണ്ണ് നനഞ്ഞു.

“കർത്താവ് എന്റെ കണ്ണീര് കാണാതിരിക്കില്ല. എന്റെ കുഞ്ഞുങ്ങൾക്ക് ഒരാപത്തും വരുത്തില്ല. ആ കൊച്ചു കുഞ്ഞുങ്ങടെ കാര്യം ഓർക്കുമ്പോഴാ എനിക്ക് വിഷമം. അതുങ്ങളെ ഇതു വരെ ഒന്ന് കാണാൻ പോലും പറ്റീട്ടില്ല. രണ്ടും അവിടാ ഒണ്ടായത്.” മകൻ രാജനെയും കുടുംബത്തെയും ഓർത്തു വിലപിക്കുന്ന തോശാ ചേടത്തി.

പള്ളിയിലെ സ്ത്രീജന കൂട്ടായ്മ ഒരു തീരുമാനമെടുത്തു. കുവൈറ്റിൽ കഷ്ട്ടപ്പെടുന്ന നമ്മുടെ മക്കൾക്കുവേണ്ടി ഒരു പ്രാർഥനാ യോഗം. ‘കുവൈറ്റു പ്രാർഥന’. എല്ലാ ശനിയാഴ്ചയും രാത്രി ഏഴു മണിക്ക്.

“ആദ്യ പ്രാർഥന എന്റെ വീട്ടിൽ തന്നെ വേണം”. തോശാ ചേടത്തി നിർബന്ധം പിടിച്ചു.

കന്നി പ്രാർഥനയ്ക്ക് വലിയ ജനക്കൂട്ടം. അതിൽ സ്ത്രീജന കൂട്ടായ്മ സെക്രട്ടറിയായ ഞാനും. തിണ്ണയ്ക്ക് സ്ഥലമില്ലാതെ മുറ്റത്ത് കസേര ഇടേണ്ടി വന്നു. എല്ലാവരും വികാരഭരിതർ. മണിക്കൂറുകൾ നീണ്ട പ്രാർഥന, അനേക വിഷയങ്ങളെക്കുറിച്ച്, സദ്ദാം ഹുസ്സെനു നല്ല ബുദ്ധി തോന്നി കുവൈറ്റിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ, അമേരിക്കൻ സേനയുടെ കരങ്ങൾക്ക് ശക്തി പകരാൻ, ടയോട്ട സണ്ണിക്ക് വേണ്ടി (കുവൈറ്റിൽ ടയോട്ടാ കാർ ഡീലർഷിപ്പ് നടത്തുന്ന അദ്ദേഹം ആ സമയം മലയാളികളെ ഇന്ത്യയിലേക്ക് കയറ്റി വിടാൻ സഹായിച്ചിരുന്നു)

താറാ മുതുക്കി എന്നെല്ലാവരും വിളിക്കുന്ന സാറാമ്മ ലൂക്കോസിന് പ്രാർഥന നാവിൻ തുമ്പത്ത്. അവരുടെയായിരുന്നു ആദ്യ ഊഴം.

“ദൈവമേ ഞങ്ങടെ മക്കൾ കുവൈറ്റിൽ കിടന്നു കഷ്ട്ടപ്പെടുന്നു” “നന്ദിയോടു സ്തോത്രം ചെയ്യുന്നു”

ഓരോ വാചകത്തിന് ശേഷവും “നന്ദിയോടു സ്തോത്രം ചെയ്യന്നു” എന്നു ചേർക്കും. അതവരുടെ പതിവാണ്.

അവരുടെ അടുത്തിരുന്ന മറിയാമ്മ സാറിന്റെ ഊറിയ ചിരി ഞാൻ ശ്രദ്ധിച്ചു. താറാ മുതുക്കി തുടർന്നു.

“കർത്താവേ അവർക്ക് കുവേറ്റീന്നു രക്ഷ പെടാനുള്ള മാർഗങ്ങൾ ഒക്കെയും അടഞ്ഞിരിക്കുന്നു.” “നന്ദിയോടു സ്തോത്രം ചെയ്യുന്നു”

അവർ കൂടുതൽ നന്ദി വാക്കുകൾ അനവസരത്തിൽ പ്രയോഗിക്കുമെന്ന് തോന്നിയിട്ടു ഞാൻ അവരുടെ പ്രുഷ്ട ഭാഗത്ത് ഒരു നുള്ളു വച്ചു കൊടുത്തു. കാര്യം മനസ്സിലാക്കിയിട്ടോ എന്തോ അവരു പ്രാർഥന പെട്ടന്നവസാനിച്ചു.

അടുത്ത പ്രാർഥന ഒരു തോമസുകുട്ടിച്ചായന്റെ വീട്ടിൽ. ഒറ്റ മകൻ കുര്യൻ വർഗീസ് കുവൈറ്റിൽ പോയിട്ട് അധികം കാലമായിട്ടില്ല.

“അവനു അവിടെ പോയിട്ട് യാതൊരാവശ്യോം ഇല്ലാരുന്നു. ബി.കോം. കഴിഞ്ഞപ്പം എന്റെ തുണിക്കടേം നടത്തി ഇവിടെ എങ്ങാനും നിൽക്കാൻ പറഞ്ഞതാ, കേട്ടില്ല. അവിടെ അവനു അത്ര നല്ല ജോലിയൊന്നുമല്ല”.അദ്ദേഹം തൊണ്ടയിടറി പറഞ്ഞു.

അന്നു പ്രാർഥനയ്ക്ക് വന്നവർ വളരെ സന്തോഷത്തിലാണ്. കാരണം ഇന്ത്യൻ വിദേശ കാര്യ മന്ത്രി ഐ. കെ.ഗുജ്റാൾ കുവൈറ്റിലേക്ക് പോകുന്നു. ഒരു വിമാനം നിറയെ കത്തുകളുമായി തിരികെ വരുന്നെന്ന്. അന്നത്തെ പ്രാർഥന മുഴുവൻ ഗുജരാളിന്റെ ഈ സാഹസിക സംരംഭത്തെക്കുറിച്ച്.

“കുജറാള്‍ ഒരു ദൈവ ദൂതനാണ് അല്ലെങ്കിൽ സ്വന്തം ജീവൻ പണയപ്പെടുത്തി ഈ സമയത്ത് കുവൈറ്റിൽ പോകുമാരുന്നോ” താറാ മുതുക്കിയുടെ അഭിപ്രായം.

അടുത്ത പ്രാർഥന താഴെക്കുറ്റെ ജോണിയുടെ വീട്ടിലായിരുന്നു. ജോണിയുടെ അച്ഛൻ മാത്തനും ഭാര്യയും മാത്രമേ വീട്ടിൽ ഉള്ളു. ജോണി കുവൈറ്റിലും മറ്റു രണ്ടു സഹോദരർ ദുബായിലുമാണ്. അന്ന് പ്രാർഥനയ്ക്ക് വന്നവർക്കെല്ലാം പെരുത്ത സന്തോഷം. കാരണം പലർക്കും ‘കുജറാലിന്റെ കത്തു’ കിട്ടിയിരിക്കുന്നു.

“ജോണി ഇപ്പോൾ ജോർദ്ദാനിലാണ്. ഇറാക്കി പട്ടാളക്കാർ അവന്റെ അപ്പാർട്മെന്റ്‌ കൊള്ളയടിച്ചു. ഒരു അറബിയുടെ ട്രക്കിൽ കയറി കഷ്ട്ടപ്പെട്ടാണ് ജോർദ്ദാനിൽ എത്തിയത്”. മാത്തച്ചന്റെ വാക്കുകളിൽ ദുഖവും ഭീതിയും.

ദൈവം ‘കുജറാളിലൂടെ’പ്രവർത്തിച്ചതിന്, ‘കടന്നു വന്നവർ’ എല്ലാം വളരെ നന്ദിയുള്ളവരായിരുന്നു.

ഇറാക്കിന്റെ ഈ കുവൈറ്റ്‌ ആക്രമണം എന്റെ ഈ കൊച്ചു ഗ്രാമത്തെ ആകെ മാനസാന്തരപ്പെടുത്തിയിരിക്കുന്നു. വീടുകളിൽ എല്ലാം കൃത്യമായ സന്ധ്യാ പ്രാർഥന. അയൽവാസികളും ബദ്ധശത്രുക്കളുമായിരുന്ന അടിമുറിയിലെ പൊടിച്ചായനും (കുട്ടികൾ കളിയാക്കി ഇന്ഗ്ലിഷിലെ ഡസ്റ്റ് എന്നാണു അദേഹത്തെ വിളിച്ചിരുന്നത്‌) തടത്തിലെ കറിയാച്ചനും തമ്മിൽ വീണ്ടും സംസാരിക്കാൻ തുടങ്ങി. കാരണം രണ്ടു പേരും പൊരുതുന്നത് ഒരു പൊതു ശത്രുവിനെതിരെയാണ്. ശക്തനായ സദ്ദാം ഹുസ്സെൻ. രണ്ടു പേരും പ്രാർഥനയ്ക്ക് വരുന്നുമുണ്ട്. രാത്രിയിൽ പ്രാർഥനയ്ക്ക് പോകുമ്പോൾ കറിയാച്ചൻ ടോർച്ചു വെട്ടം തെളിച്ചു കൊടുക്കുന്നത് ഇപ്പോൾ പൊടിച്ചാനാണ്. കറിയാച്ചന് കണ്ണിനു കാഴ്ച കുറവും പാമ്പിനെ പേടിയുമാണ്.

കുളങ്ങര മഠത്തിലെ അന്നമ്മ സാറിന്റെ വീടിനു ചുറ്റും പത്തടിയിൽ കെട്ടിയ കരിങ്കൽ മതിൽ ഉണ്ടായിരുന്നു. കാവലിനു കൂറ്റൻ രണ്ടു അൽസേഷ്യൻ നായ്ക്കളും. മലേഷ്യയിൽ നിന്നും നാട്ടിൽ വന്നു താമസിക്കയാണ്. ഭർത്താവ് പാപ്പച്ചന്‍ മരിച്ച ശേഷം തനിയെയാണ് താമസം. ഒരേയൊരു മകൻ സണ്ണി കുവൈറ്റിലാണ്. ആ പടു കൂറ്റൻ ബംഗ്ലാവിന്റെ ഗേറ്റ് ഒരിക്കലും തുറന്നിട്ടിരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. ആരെങ്കിലും ഗേറ്റ് തുറന്നു വളപ്പിൽ കയറിയാൽ നായ്ക്കളെ അഴിച്ചു വിടും. അതിനാൽ ഭിക്ഷക്കാർ കയറി ചെല്ലാൻ മടിച്ചിരുന്നു. ഇപ്പോൾ ഗേറ്റ് മലർക്കെ തുറന്നിട്ടിരിക്കുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും കയറി ചെല്ലാം. കുഴപ്പമുണ്ടായത് നായ്ക്കൾക്ക് മാത്രം. പകൽ മുഴുവനും കൂട്ടിൽ കിടക്കേണ്ട ഗതികേട്. ഇപ്പോൾ വരാന്തയിൽ എപ്പോഴും ഒന്നു രണ്ടു പേരു കാണും, ചൂടുള്ള യുദ്ധ വാർത്തകളുമായി.

അന്നമ്മ സാറ്  ‘അറുത്ത കൈക്ക് ഉപ്പു തേക്കില്ല’ എന്ന് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ അതെല്ലാം മാറി. ഭിക്ഷക്കാർക്ക് ഇന്ന് സന്തോഷമാണ്. അവർക്ക് അരിയും പൈസയും ധാരാളം ലഭിക്കുന്നു.

“സംഭാവന കൊടുക്കുന്നവർ അന്നമ്മ സാറിനെ കണ്ടു പഠിക്കണം”

പുലരി ആർട്സ്‌ ആന്‍ഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ സെക്ക്രട്ടറി രാജു കരിപ്പള്ളിൽ പറയുന്നതു കേട്ടു.രാജുവും കൂട്ടരും ‘കുവൈറ്റ് സഹായ ഫണ്ട്’ പിരിക്കയാണ്. കുവൈറ്റിലുള്ള നാട്ടുകാരുടെ ഇവിടെയുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസം പകരാൻ. ‘പുര വേകുമ്പോൾ വാഴ വെട്ടുന്നവർ’.

ഇന്നത്തെ പ്രാർഥന അന്നമ്മ സാറിന്റെ വീട്ടിൽ. പുതു മണം മാറാത്ത ബൈബിൾ ഞാൻ ശ്രദ്ധിച്ചു. പുതുതായി വാങ്ങിയതാണ് ഒരു ഡസൻ.

ഇന്ന് എല്ലാവർക്കും ഒരു പുത്തൻ ഉണർവ്. കാരണം പലരും കുവൈറ്റിൽ നിന്നും തിരികെ എത്തി തുടങ്ങി. താഴേക്കൂറ്റെ ജോണിയും തെക്കേ വീട്ടിലെ ജോമോനും കുടുംബവും തിരികെ എത്തി.

“സണ്ണിയും കുടുംബവും പത്താന്തിയ എത്തും. ദൈവം എന്റെ നിലവിളി കേട്ടു”. അന്നമ്മ സാറിന്റെ മുഖത്തു നന്ദി കലർന്ന പുഞ്ചിരി.

ഈ ആഴ്ചത്തെ പ്രാർഥന എന്റെ വീട്ടിൽ. ആളു വളരെ കുറവ്. അന്നമ്മ സാറിനെയും താഴെക്കുറ്റെ മാത്തനെയും മറ്റു പലരെയും കണ്ടില്ല. എല്ലാവരും മക്കൾ തിരികെ വന്നതിന്റെ തിരക്കിൽ .

“അന്നമ്മ സാറും സണ്ണീം വേളാങ്കണ്ണിക്ക് പോയെന്നു കേട്ടു” താറാ മുതുക്കി പറഞ്ഞു.

ഓരോ ആഴ്ച കഴിയുന്തോറും കുവൈറ്റിൽ നിന്നും തിരികെ വരുന്നവരുടെ അംഗ സംഖ്യ വർദ്ധിച്ചുകൊണ്ടിരുന്നു.വീടുകളിൽ ഉത്സാഹ തിമർപ്പ്‌. കവലകൾ സംസാര മുഖരിതം. ഭാസ്കരന്റെ ചായ പീടികയുടെ തിണ്ണയിൽ തിരികെ എത്തിയ കുവൈറ്റുകാരുടെ വീര സാഹസിക കഥകളുടെ കേളി കൊട്ട്.

ബാർബർ നാരായണന്റെ കടയുടെ മുൻപിൽ ആളുകൾ കൂടി നിൽക്കുന്നതു കണ്ടു ഞാൻ അങ്ങോട്ടു ചെന്നു നോക്കി. തെക്കേ വീട്ടിലെ ജോമോൻ എന്തോ കൈയിൽ പൊക്കി പിടിച്ചു പ്രദർപ്പിക്കയാണ്. ഒരു പട്ടാളക്കാരന്റെ ഹെല്‍മെറ്റ്. യുദ്ധം തുടങ്ങിയപ്പോൾ കുറെ ദിവസം ജോമോനും കൂട്ടുകാരും അപ്പാർടുമെന്ടു വിട്ടു സുഹ്രുത്തിന്റെ വീട്ടിൽ പോയി താമസിച്ചു. ആ സമയം ഇറാക്കി പട്ടാളക്കാർ ജോമോന്റെ അപ്പാർട്ടുമെന്റിൽ കയറി സകലതും കൊള്ളയടിച്ചു. അതിലൊരു പട്ടാളക്കാരൻ മറന്നു വെച്ചു പോയ ഹെൽമെറ്റാണ്. ജോമോൻ അത് പൊന്നു പോലെ സൂക്ഷിക്കുന്നു. കുവൈറ്റ് യുദ്ധത്തിന്റെ സ്മാരകമായി. അത് കാണാനും ഒന്നു തൊട്ടു നോക്കാനും ആളുകളുടെ തിരക്ക്. ‘കാലിഫോർണിയ അച്ചായൻ’ എന്നറിയപ്പെടുന്ന ബേബിച്ചായന്‍ അതിനു വില പറയുന്നതു കണ്ടു. അമേരിക്കയിൽ നിന്ന് തിരിച്ചു വന്ന ‘അച്ചായന്’ കരകൌശല വസ്തുക്കൾ ഒരു ഹരമാണ്. ജോമോൻ അതു കൊടുക്കാൻ തയാറായില്ല.

പ്രവാസികളുടെ തിരിച്ചു വരവ് കൂടിയതോടു കൂടി “കുവൈറ്റ് പ്രാർഥന’ യുടെ അംഗ ബലം അനുദിനം കുറഞ്ഞു വന്നു.

“എന്തു പറ്റി പ്രാർഥനയ്ക്ക്, ഒന്നും കാണുന്നില്ലല്ലോ”

ഞാൻ തോശാ ചെടത്തിയെ പള്ളിയിൽ കണ്ടപ്പോൾ ചോദിച്ചു.

“എന്തോ പറയാനാ എന്റെ കുഞ്ഞമ്മ സാറേ, രാജൻ വന്നെപ്പിന്നെ നിന്നു തിരിയാന്‍ സമയമില്ല”

“അവന്റെ ഏളെ കൊച്ചിനാണേൽ അസുഖമൊഴിഞ്ഞ നേരോമില്ല”

അങ്ങനെ ഓരോ ദിവസവും ‘പിന്മാററക്കാരുടെ’ അംഗ സംഖ്യ വർധിച്ചു വന്നു. ഓരോരോ ഒഴിവു കഴിവുകൾ പ്രാർഥനയ്ക്ക് പോകാതിരിക്കാൻ. പൊടിച്ചായനും കറിയാച്ചനും രാത്രിയിൽ ഇപ്പോൾ തീരെ കണ്ണ് കാണാൻ വയ്യ. കൂടെ ചെവി കേൾക്കാനും. താഴെക്കൂട്ടെ മാത്തന് ശനിയാഴ്ച രാത്രികളിൽ മാത്രം കലശലായ വാതത്തിന്റെ അസുഖം. തോമസുകുട്ടിച്ചായനു പെട്ടെന്ന് ദൈവ വിശ്വാസം കുറഞ്ഞത്രെ. അങ്ങനെ ഓരോരോ കാരണങ്ങൾ.

ഇന്നത്തെ പ്രാർത്ഥന അന്നമ്മ സാറിന്റെ വീട്ടിൽ. താറാ മുതുക്കിയും ഞാനും കൂടി കൃത്യ സമയത്ത് തന്നെ അവിടെ എത്തി.

ഇന്നു ഗേറ്റ് പൂട്ടിക്കിടന്നു. അൽസേഷ്യൻ നായ്ക്കളെ പൂട്ടിയിരുന്നില്ല.

ഞങ്ങൾ കുറെ നേരം വെളിയിൽ നിന്നു. പട്ടികളുടെ കുര കേട്ട് അന്നമ്മ സാറു വന്നു ഗേറ്റ് തുറന്നു.

“കൂട്ടി കിടന്നു കൈസറും മോണാലിസയും മടുത്തു”. “അതുകൊണ്ട് ഇപ്പോ അഴിച്ചു വിട്ടിരിക്കയാ”

“അതുമല്ല കൂട്ടിലിട്ടു വളർത്തിയാൽ പട്ടികൾക്ക് ഡിപ്പ്രഷനും കൂടും”

“മലേഷ്യയിൽ വച്ച് എനിക്ക് ഒരു പട്ടിയുണ്ടായിരുന്നു, പൊമേറിയാൻ ” “ഞങ്ങൾ രണ്ടാഴ്ച ജപ്പാനിൽ പോയി മടങ്ങി വന്നു ഒരാഴ്ചക്കകം അവൻ ചത്തു”. “കൂട്ടിലിട്ടിട്ടു ഒരു തമിഴനെ നോക്കാൻ ഏൽപ്പിച്ചിട്ട് പോയതാ”

“ഡിപ്പ്രഷനായിരുന്നു എന്നാണ് ചൈനാക്കാരൻ വെറ്റിനറി ഡോക്ടർ പറഞ്ഞത്”.

ഒരു മണിക്കൂറിരുന്നിട്ടും ആരും വന്നില്ല. ഞാനും താറാ മുതുക്കിയും മാത്രം.

“ഞങ്ങളിറങ്ങുന്നു” ഞാൻ പറഞ്ഞു.

“എന്നാലങ്ങനെയാട്ട്, ആരും വരുമെന്ന് തോന്നുന്നില്ല”. അന്നമ്മ സാർ.

ഒരു കാപ്പി കുടിച്ചിട്ട് പോകാം എന്നവര്‍ പറഞ്ഞില്ല.

പരിഭവിച്ചിട്ടു കാര്യമില്ല. കുറെ മാസങ്ങളിൽ വിഭവ സമ്രുദ്ധമായ ഭക്ഷണം കഴിച്ചതല്ലേ. കോഴിയും, ആടും,മാടും, ഫ്രൈഡ്‌ റൈസ്സുമെല്ലാം.

എല്ലാം ആ സദ്ദാം ഹുസൈന്റെ സഹായം കൊണ്ട്.

അതിന്റെ കാലം കഴിഞ്ഞിരിക്കുന്നു.

‘ഫോർ എവരിതിങ്ങ് ദേർ ഈസ് എ സീസൺ’ എന്നാണല്ലോ ഇന്ഗ്ലിഷിലെ പഴമൊഴി.

എല്ലാറ്റിനും ഒരു കാലം.

“നടാനൊരു കാലം, നനയ്ക്കാനൊരുകാലം, വിളവെടുക്കാനൊരു കാലം” എന്ന് അമ്മ പറഞ്ഞതോർക്കുന്നു.

കുവൈറ്റ് യുദ്ധം മൂലമുണ്ടായ താല്‍ക്കാലിക സമ്രുദ്ധി അവസാനിച്ചിരിക്കുന്നു.. അതിന്റെ കാലം കഴിഞ്ഞു.

തിരികെ വരുന്ന വഴി താറാ മുതുക്കി പറഞ്ഞു.

“എന്നാലും എന്റെ സാറേ അവര് ഒരു കട്ടൻ കാപ്പി പോലും തന്നില്ലല്ലോ”

“കൊച്ചമ്മേ നമ്മടെ രണ്ടു പെരടേം വീട്ടിന്ന്‍ കുവൈറ്റില്‍ ആരുമില്ല. മക്കള് അവിടെ ഉള്ളോർക്ക് താല്പ്പര്യോമില്ല. പിന്നെന്തിനു പ്രാർത്ഥന. ഇതാർക്കു വേണ്ടിയാ? നമ്മളെന്തിനാ മിനക്കെടുന്നെ?”

അവര് പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. പാലം കടക്കുവോളം നാരായണ—- എന്ന പുരാതന സൂക്തം മനസ്സിൽ മിന്നി മറഞ്ഞു.

“ശരിയാ താറാ മുതുക്കി, കുവൈറ്റ് പ്രാർഥന നമുക്ക് പിരിച്ചു വിടണം” ഞാൻ പറഞ്ഞു.

“താറാ, എന്റെ വീട്ടിക്കൂടെ വന്നിട്ട് പോകാം”

പാവം അവർക്ക് നല്ല വിശപ്പു കാണും. ഞാൻ ചിന്തിച്ചു. അവർ സാമ്പത്തികമായി വളരെ പിന്നോക്കമാണ്. ഹിന്ദു പിന്നോക്ക സമുദായത്തിൽ നിന്നും പള്ളിയിൽ ചേർന്നവർ. നടക്കാൻ വയ്യാത്ത ഭർത്താവും വിധവയായ മരുമോളും കുട്ടികളും. ദൈവഭക്തയാണെങ്കിലും ഈ പ്രാർഥനയ്ക്ക് വരാൻ പ്രധാന കാരണം നല്ല ശാപ്പടായിരുന്നു എന്ന് എനിക്ക് നന്നായറിയാം.

ഞാനവർക്ക് കുറച്ചു കഞ്ഞിയും പയറും പപ്പടവും കൊടുത്തു.

കഞ്ഞി കുടിച്ച ശേഷം താറാ മുതുക്കി പറഞ്ഞു.

“നമുക്കൊന്നു പ്രാർഥിക്കാം”

അവസാനത്തെ കുവൈറ്റ് പ്രാർഥന!!

“ദൈവമേ കുവൈറ്റിൽ കെടന്നു കഷ്ട്ടപ്പെട്ട ഞങ്ങളടെ മക്കളെ സുഖമായി നാട്ടിൽ എത്തിച്ചതിനു നന്ദിയോടെ സ്തോത്ത്രം ചെയ്യുന്നു”

ഇത്തവണ നന്ദി എന്ന വാക്ക് അവര്‍ ശരിയായി പ്രയോഗിച്ചു. എനിക്ക് ‘പുറകു വശത്തു’ നുള്ളേണ്ടി വന്നില്ല.

പ്രാർഥനയ്ക്ക് ശേഷം അവരു പോയി. കുവൈറ്റു പ്രാർഥനയുടെ കുറെ നല്ല ഓർമ്മകളുമായി. അവർ ഇരുട്ടിൽ മറയുന്നതു വരെ ഞാൻ നോക്കി നിന്നു.

ഞാൻ ചിന്തിച്ചു. പാവം കുറെ ദിവസം നല്ല ഭക്ഷണം കഴിച്ചു വിശപ്പടക്കി. ചോറു പൊതികൾ വീട്ടിലും കൊണ്ടുപോയി കുടുംബത്തിനും പേരക്കുട്ടികൾക്കും കൊടുത്തു, അവരുടെ പട്ടിണിയകറ്റി.

പാവം നിർധനയായ സ്ത്രീ. അവര്‍ മനസ്സിൽ അപേക്ഷിക്കുന്നുണ്ടാവാം സദ്ദാം ഹുസ്സൈന്റെ വീണ്ടുമൊരു കുവൈറ്റ് ആക്രമണത്തിനുവേണ്ടി, 

സമ്രുദ്ധിയുടെ ആ ദിനങ്ങളുടെ മടങ്ങി വരവിനു വേണ്ടി, 

ആ നല്ല നാളേക്ക് വേണ്ടി…

റിഹാക്കുറു

റിഹാക്കുറു

മുഖമില്ലാത്തവർ

മുഖമില്ലാത്തവർ