Kadhajalakam is a window to the world of fictional writings by a collective of writers

മുഖമില്ലാത്തവർ

മുഖമില്ലാത്തവർ

ഒരു നാൾ, ഒരു രാത്രി, എന്റെ കട്ടി­ലിന്റെ ചുറ്റുനിന്നും നാലുപേർ എന്റെ അടുത്തുവന്നു. അരണ്ട വെളി­ച്ച­ത്തിലും അവ­രുടെ കയ്യി­ലു­ണ്ടാ­യി­രുന്ന   യന്ത്ര­ഭാ­ഗ­ങ്ങൾ അഴി­ച്ചെ­ടു­ക്കാ­നുള്ള ഉപ­ക­രണങ്ങൾ ഞാൻ കണ്ടു.

അവർ എന്റെ അടു­ത്തേക്ക്‌ വന്നു. രണ്ടുപേർ എന്റെ രണ്ടു ചെവികൾക്കും താഴെ ഉപ­ക­രണങ്ങൾകൊണ്ട്‌ അഴി­ക്കാൻ തുട­ങ്ങി. ഒരാൾ നെറ്റിക്കുമേലെയും മറ്റൊ­രാൾ താടിക്കുതാഴെ­യും. കൺതു­റ­ന്നി­ല്ലെ­ങ്കിലും എല്ലാംഞാൻ കാണു­ന്നു­ണ്ടാ­യി­രു­ന്നു. എനിക്കു ചലി­ക്കാൻ കഴി­യു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല. ഹൃദയമിടി­പ്പുമാത്രം ഞാൻ അറി­ഞ്ഞു.

മുഖം പാതി ഇളകിത്തുട­ങ്ങി. അഴി­ക്കു­ന്ന­തി­നി­ട­യിൽ ഒരാൾ കുറച്ചു നേരം മാറിനിന്ന് ഒരു സിഗ­രറ്റുവലി­ച്ചു. വീണ്ടും അയാൾ അവ­രോ­ടൊപ്പം കൂടി. ആരും പര­സ്പരം സംസാ­രിച്ചതേയില്ല. കുറെ നേരത്തെ ശ്രമ­ഫ­ല­മായി അവരെന്റെ മുഖം ഇള­ക്കി­യെ­ടു­ത്തു.

ഈ സമ­യ­മ­ത്രയും എനിക്ക്‌ വേദ­നി­ച്ചിരുന്നി­ല്ല. അവർ എന്റെ മുഖം തിരിച്ചും മറിച്ചും നോക്കി­യ­തിനുശേഷം ഒന്നും മിണ്ടാതെ നട­ന്ന­ക­ന്നു.

ഞാൻ അഗാധ ചിന്ത­യി­ലാ­ണ്ടു. എന്റെ പ്രശ്നം നാളെ മുതൽ ഞാൻ എങ്ങനെ പുറ­ത്തേ­ക്കി­റങ്ങും, എങ്ങനെ ജന­ങ്ങളെ അഭി­മു­ഖീ­ക­രിക്കും എന്നാ­യി­രു­ന്നു. അവ­രെന്നെ കൂട്ട­മായി നിന്നു പരി­ഹ­സി­ക്കും. സമൂ­ഹ­ത്തിൽ നിന്നും ഒറ്റപ്പെടുത്തും, തീർച്ച.

രാവിലെ എണീറ്റു കുറെ നേരം മുക­ളി­ലേക്കു നോക്കി കിട­ന്നു. പിന്നെ മെല്ലെ എണീറ്റു കണ്ണാടി­യിൽ നോക്കി. മുഖം നഷ്ട­പ്പെട്ട എന്റെ തല­യുടെ മുൻഭാഗം ഞാൻ കണ്ടു. ഏതൊ­രാൾക്കും അവജ്ഞ തോന്നുന്ന തര­ത്തിൽ വികൃ­ത­മായ മുഖം.

മടിച്ചു മടിച്ചു ഞാൻ വസ്ത്രം മാറി ഓഫീ­സിൽ പോവാൻ തയ്യാ­റാ­യി. പക്ഷെ തെ­രുവിന്റെ ഓരത്തു ബസ്‌ കാത്തു നിൽക്കു­മ്പോഴും ആരും എന്നെ ഗൗനിച്ച­തേ­യി­ല്ല. അവ­രു­ടെ­യൊക്കെ മന­സ്സു­കൾ വേറെ­യെ­വിടെയൊക്കയോ ആയി­രു­ന്നു. പരി­ഭ്ര­മ­ത്താൽ തെരു­വിന്റെ ഒരു ഓരത്ത്‌ ഞാൻ പതുങ്ങി നിന്നു. ബസ്‌ കാത്തു നിൽക്കു­ന്ന­വ­രിലും, വഴി­യി­ലൂടെ നടന്നു പോകുന്ന പലർക്കും മുഖ­മി­ല്ലാ­യി­രുന്നു എന്നത്‌ അപ്പോ­ഴാണു ഞാൻ ശ്രദ്ധി­ച്ച­ത്‌. ഒരു ചമ്മലോ പതർച്ചയോ ഇല്ലാതെ അവർ എന്റെ മുന്നി­ലൂടെ കടന്നു പോയ്കൊ­ണ്ടി­രു­ന്നു. ചാടി കുതിച്ചു വന്ന ബസിലെ ഡ്രൈവർക്കും മുഖ­മു­ണ്ടാ­യി­രു­ന്നി­ല്ല. ക്ളീനർക്കും കണ്ട­ക്റ്റർക്കും മുഖം പാതി മാത്രം.      യാത്ര­ക്കാ­രിൽ ഭൂരി­ഭാ­ഗ­ത്തിനും മുഖ­­മു­ണ്ടാ­യി­രു­ന്നി­ല്ല.

എങ്ങ­നെയോ കൈവന്ന ആത്മ­വി­ശ്വാസം കൈമു­ത­ലാക്കി ഞാൻ എന്റെ മുഖ­മില്ലാത്ത തല­യു­യർത്തി ബസിലെ ഒഴിഞ്ഞ സീറ്റിൽ അമർന്നി­രു­ന്നു. ബസിന്റെ സീറ്റി­ലി­രുന്നു പുറ­ത്താക്കു നോക്കി ഇരി­ക്കു­മ്പോഴും വഴി­യ­രി­കിലൂടെ പോകു­ന്ന­വ­രുടെ മുഖം ഞാൻ ശ്രദ്ധ­ച്ച­തേ­യി­ല്ല.

ഓഫീ­സി­ലെ­ത്തി­യ­പ്പോഴേക്കും ഞാനക്കാ­ര്യ­ങ്ങ­ളെല്ലാം മറ­ന്നി­രു­ന്നു. മുഖ­മു­ള്ളതും ഇല്ലാ­ത്തതും എന്നെ സംബ­ന്ധിച്ചു ഒരു പ്രശ്ന­മ­ല്ലാത്ത രീതി­യിൽ ഞാൻ എന്റെ ജോലി­യി­ലേക്കു കട­ന്നു.

കുവൈറ്റ്‌ പ്രാർത്ഥന –ഒരു ഓർമ്മ കുറിപ്പ്

കുവൈറ്റ്‌ പ്രാർത്ഥന –ഒരു ഓർമ്മ കുറിപ്പ്

നഷ്ടമാകുന്ന പോളിസികൾ

നഷ്ടമാകുന്ന പോളിസികൾ