Kadhajalakam is a window to the world of fictional writings by a collective of writers

“അത് നീ ആകുന്നു”

“അത് നീ ആകുന്നു”

“അയ്യപ്പന്‍ ഭക്തരുടെ ദൈവമാണ് കണ്ട ആക്റ്റിവിസ്റ്റ്കള്‍ക്ക് കേറി നിരങ്ങാനുള്ള സ്ഥലമല്ല പാവനമായ ഈ മണ്ണ്”....മുതിര്‍ന്ന കാരണവരായ നേതാവ് അവളെ നോക്കി ആക്രോശിച്ചതും അഞ്ചു പത്തു പേര്‍ ചേര്‍ന്ന സംഘം അവളെ പെണ്ണെന്നു പോലും പരിഗണിക്കാതെ തലങ്ങും വിലങ്ങും തല്ലി.........

ചെറുത്തുനില്‍ക്കാന്‍ കെല്‍പ്പില്ലാതെ ജീവനും കയ്യില്‍ മുറുകെ പിടിച്ച് അവള്‍ ഓടി കല്ലും മുള്ളും നിറഞ്ഞ നേരിന്റെ കാനന പാതയിലൂടെ. ആ ഇരുളില്‍ കാട്ടുമൃഗങ്ങള്‍ അവളെ ഭയപ്പെടുത്താതെ ഓടിയൊളിച്ചു. തന്‍റെ ശരീരത്തില്‍ നിന്നും പൊട്ടിമുളച്ച ശിഖരങ്ങളുടെ ഭാരം താങ്ങാനാവാതെ പാതിയൊടിഞ്ഞ് ഭൂമിയിലേക്ക് തലകുനിച്ചിറങ്ങിപ്പോകാന്‍ വെമ്പുന്ന ശബരിഗിരിയുടെ ഉള്‍ക്കാട്ടിലെ ഒരു മഹാവൃക്ഷച്ചുവട്ടില്‍ അവള്‍ ബോധമറ്റു വീണു.

എത്ര നേരം അങ്ങിനെ കിടന്നു എന്നറിയില്ല. തന്‍റെ കാലിലെ മുറിപ്പാടില്‍ ആരോ ശക്തിയായി അമര്‍ത്തികൊണ്ടിരിക്കുന്നു. നിലാവെളിച്ചത്തില്‍ കറുത്ത ഒരു രൂപം തന്‍റെ കാലിലെ രക്തം നുണഞ്ഞുകൊണ്ടിരിക്കുന്നത് കണ്ട് ഞെട്ടി അവള്‍ പിറകോട്ടേക്ക്മാറി. പല്ലുകള്‍ കാട്ടി തന്‍റെ നേരെനോക്കി ചിരിക്കുന്നത് ഒരു കഴുതയാണെന്ന് മനസ്സിലായപ്പോള്‍ അവളുടെ ഭീതിമാറി. പതിയെ കൊടുംകാട്ടിലെവിടെയോ നഷ്ട്ടപ്പെട്ട സത്യത്തിന്‍റെ പൊരുള്‍ തേടി കണ്ണുകള്‍ പായിച്ചു നിര്‍വികാരമായ് അവള്‍ ഇരുന്നു.

“മല കയറാനുള്ള നിന്‍റെ ഭ്രാന്ത് എന്തായിരുന്നു.....രാഷ്ട്രീയമോ അതോ സാമ്പത്തികമോ.......”കഴുത അവളോട്‌ ചോദിച്ചു.

“തത്വമസി..........”

അവളുടെ ഉത്തരം കേട്ടതും കഴുത പൊട്ടിച്ചിരിച്ചു.

“ചെറുപ്പത്തില്‍ ആദ്യമായ് മലചവിട്ടിയപ്പോള്‍ മുത്തച്ചന്‍ പറഞ്ഞു മോള് മാളികപ്പുറമാണെന്ന്. മാളികപ്പുറത്തമ്മ അയ്യപ്പനോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തിയ ആ കഥ അച്ഛന്‍ പറഞ്ഞു തന്നപ്പോള്‍ മുതല്‍, പല രാത്രിയിലും അവരുടെ പരിണയം സ്വപ്നം കണ്ടുറങ്ങിയിട്ടുണ്ട്. ഈ സന്നിധിയില്‍ ഈ ജന്മം മുഴുവന്‍ ഒരു മാളികപ്പുറത്തമ്മയായി വരാന്‍ കൊതിക്കാത്ത ഋതുമതികള്‍ ആരാണുള്ളത്. തന്‍റെ പ്രണയിനിയേ തന്‍റെ അരികില്‍ ചേര്‍ത്തു നിര്‍ത്തിയ അയ്യപ്പന്‍റെ മനസ്സ് ഈ അയ്യപ്പഭക്തര്‍ക്ക് കാണാന്‍കഴിയാതെ പോയതെന്തേ....?”

എല്ലാം കേട്ടുകൊണ്ട്, തൊട്ടടുത്ത് മണ്ണില്‍ പുതഞ്ഞു കിടന്ന വിസര്‍ജ്യം നക്കി നുണഞ്ഞു കൊണ്ട് കഴുത ചോദിച്ചു.

“അതിന് നീ ഋതുമതിയായ പെണ്ണല്ലേ...ഇവിടുത്തെ ആചാരംവച്ചു നോക്കിയാല്‍.....” വാക്കുകള്‍ മുഴുമിപ്പിക്കാതെ തൊട്ടടുത്തുള്ള പെണ്‍കഴുതയുമായ്‌ മുട്ടിയും ഉരുമ്മിയും രതിയുടെ താളം ഒപ്പിച്ചു നിന്നു.

“ഋതുത്വം എന്‍റെ തെറ്റാണോ ....ദൈവത്തിന്‍റെ തെറ്റല്ലേ ...?

“ഞാന്‍ കഴുതയാണ്‌ ....എനിക്കറിയില്ല....!”...ആലസ്യത്തിനിടയില്‍ കഴുത പറഞ്ഞു.

അല്‍പ്പം കഴിഞ്ഞ് കഴുത പറഞ്ഞു:

“കുട്ടീ ഞാന്‍ സന്നിധാനത്തേക്ക് പോകുകയാണ് ഈ രണ്ട് മാസമേ നിങ്ങളെ കൊണ്ടുള്ള ബുദ്ധിമുട്ട് ഉണ്ടാവുകയുള്ളൂ. അത് കഴിഞ്ഞാല്‍ അയ്യനും ഈ കാനന ഭൂമിയുടെ ഓരോ മുക്കും മൂലയും ഞങ്ങളുടെ സ്വന്തമാണ്. അപ്പോള്‍ തീണ്ടലും തൊടീലും ഇല്ല സ്നേഹം മാത്രം....”

ഒരു കാര്യം കൂടെ പറയട്ടെ:

“വരും ജന്മത്തില്‍ നീ ഒരു കഴുതയായ് ജനിക്കാന്‍ പ്രാര്‍ഥിക്കുക......”

കഴുതകള്‍ നടന്നുനീങ്ങി മൈലുകള്‍ താണ്ടി സന്നിദാനത്തോട് അടുക്കാറായപ്പോള്‍ ഒരു പുലി ഉള്‍ക്കാട്ടിനെ ലക്ഷ്യമാക്കി പായുന്നത് കണ്ടു.

പുലിപ്പുറത്ത് ആരോ ഒരാളും ഉണ്ട്, തീര്‍ച്ച.

‘അത് നീ ആകുന്നു’!

നിഴലുകൾ

നിഴലുകൾ

കബർ

കബർ