Kadhajalakam is a window to the world of fictional writings by a collective of writers

കാവൽ

കാവൽ

മുന്നിലും പിന്നിലുമുള്ളവരുടെ അക്ഷമ ദീർഘനിശ്വാസമായും പിറുപിറുപ്പായും പുറത്തു വന്നു കൊണ്ടിരിയ്ക്കവേ ഞാൻ ശരീരഭാരം ഇടതു കാലിൽ നിന്നും വലതു കാലിലേയ്ക്ക് മാറ്റി.

ക്യൂവിൽ, ഊഴം കാത്ത് നില്ക്കാൻ തുടങ്ങിയിട്ട് മുപ്പതു മിനിറ്റായിരുന്നു. ഒച്ചിൻറെ വേഗതയിലാണോ ക്യൂവിന്റെ ചലനം എന്ന് ഞാൻ ചിന്തിച്ചു. അകത്തേയ്ക്ക് കയറിപ്പോയവർ തിരിച്ചിറങ്ങി വരുന്നത് സഞ്ചികളും ഭാണ്ഡങ്ങളും ഒക്കെ ആയിട്ടാണ്. എല്ലാവരുടെയും മുഖത്ത് ഒരേ നിശ്ചയദാർട്യം. എന്റെ മുന്നിൽ, 60 വയസ്സ് കണ്ടേക്കാവുന്ന തടിച്ച് പൊക്കം കുറഞ്ഞ ഒരു അച്ഛനായിരുന്നുവെങ്കിൽ, പുറകിൽ, 35 വയസ്സ് തോന്നിയ്ക്കുന്ന, യുവത്വത്തിനോട് യാത്ര പറഞ്ഞു കൊണ്ടിരിയ്ക്കുന്ന, ഒരാഴ്ചത്തെ ശ്മശ്രുക്കളോട് കൂടിയ മറ്റൊരച്ഛനായിരുന്നു.

വെയിൽ ചാഞ്ഞപ്പോൾ ഞാൻ ക്യൂവിന്റെ മുന്നിലെത്തി. കെട്ടിടത്തിന്റെ വരാന്തയിൽ, ഭിത്തിയോട് ചേർത്തിട്ടിരുന്ന ബെഞ്ചിൽ, ചെവിയിൽ തുന്നിക്കെട്ടലിന്റെ പാടുകളുള്ള മെലിഞ്ഞ ഒരു താടിക്കാരൻ എനിയ്ക്കഭിമുഖമായി ഇരിപ്പുണ്ടായിരുന്നു. മുന്നിലുള്ള ഡെസ്കിൽ നിന്നും അയാൾ ഒരു പേപ്പർ എന്റെ നേരെ നീക്കി വച്ചു. 

"എന്താ വേണ്ടത്"?

മറ്റൊരു വെള്ളപേപ്പർ എടുത്ത് അയാൾ എഴുതാൻ തയ്യാറെടുത്തു. ആദ്യം നീക്കി വച്ചു തന്ന പേപ്പറിൽ ഞാൻ കണ്ണോടിച്ചു. വാങ്ങാൻ വന്ന സാധനങ്ങളുടെ വിലവിവരപ്പട്ടികയായിരുന്നു അത്.

"ചെറിയ പിസ്റ്റൽ- ഒന്ന്, നാടൻ ബോംബുകൾ-പത്ത്, വടിവാൾ -രണ്ട്...." ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ താടിക്കാരൻ ഇടയ്ക്ക് കയറി.

"പുതിയ സാധനം വന്നിട്ടുണ്ട്......'ഷോക്കർ'. അതാ പേര്. ശരീരത്തിൽ ചേർത്ത് വച്ചമർത്തിയാൽ കുറച്ച് നേരത്തേയ്ക്ക് ബോധം പോകും. വില അല്പം കൂടുതലാണെങ്കിലും സാധനം നന്നായി വിറ്റു പോകുന്നുണ്ട്"

"അതും ഇരിയ്ക്കട്ടെ. അല്ലാ, ഇതൊക്കെ വാങ്ങിയ്ക്കാൻ സാധാരണക്കാരന്റെ കയ്യിൽ പണം ഉണ്ടാകുമോ".

"പണം ഉണ്ടാക്കിയല്ലേ പറ്റൂ സാറേ....വെളിയിലുള്ള കടകളിൽ കിട്ടുന്ന പിച്ചാത്തികളും മറ്റായുധങ്ങളും പോരാതെ വരുന്നത് കൊണ്ടല്ലേ പ്രഹരശേഷി ഉറപ്പു വരുത്തുന്ന, നിയമ വിരുദ്ധമായ ഈ ആയുധങ്ങൾ തേടി അച്ഛൻമാർ വരുന്നത്. അത് വാങ്ങാൻ അവർ എങ്ങിനെയും പണമുണ്ടാക്കും……. ഉള്ളതൊക്കെ വിറ്റിട്ടാണെങ്കിലും" 

താടിക്കാരൻ അല്പ്പനേരം മുറ്റത്തെവിടെയ്ക്കോ നോക്കിയിരുന്നു.

"ഞാനും ഒരച്ഛനാണ്!!...അയാൾ സ്വയമെന്ന പോലെ പതിയെ പറഞ്ഞു.

വില കൊടുത്തു സാധനങ്ങൾ വാങ്ങി ഇറങ്ങിയപ്പോൾ ഇരുട്ട് വീണിരുന്നു .

നഗരത്തിലൂടെ നരികൾ നടക്കുന്നത് ഞാൻ കണ്ടു. അവയുടെ ദംഷ്ട്രകളിലൂടെ രക്തം ഇറ്റു വീണുകൊണ്ടിരുന്നു.

ഒൻപതു മണിയോടെ വീട്ടിലെത്തി. ഗെയ്റ്റിനു വശത്ത്, ഭിത്തിയിൽ പ്രത്യേക സ്ഥലത്തായി പിടിപ്പിച്ചിരുന്ന ബെല്ലിൽ വിരലമർത്തി. ഗെയ്റ്റിനു മുകളിൽ ഘടിപ്പിച്ച ചുവന്ന ലൈറ്റ് ഓഫ് ആയി. അതിനർത്ഥം അകത്തു സീ സീ ടീവിയിൽ ഭാര്യ എന്നെ കണ്ടു കഴിഞ്ഞു എന്നും മതിലിലും ഗെയ്റ്റിലും ഘടിപ്പിച്ച വൈദ്യുതി ബന്ധം വിഛെദിച്ചു കഴിഞ്ഞു എന്നുമാണ്. ഞാൻ ഗെയ്റ്റ് തുറന്ന് അകത്തു കയറി, വീണ്ടും ഗെയ്റ്റ് അടച്ചു കുറ്റിയിട്ടു . തിരിഞ്ഞു നടക്കുന്നതിനു മുൻപ് തന്നെ ചുവന്ന ലൈറ്റ് വീണ്ടും കത്തി. ഗെയ്റ്റിലൂടെയും മതിലിലൂടെയും വൈദ്യുതി വീണ്ടും പാഞ്ഞു തുടങ്ങി.

സിറ്റൗട്ടിലെ ഭിത്തിയിൽ ഘടിപ്പിച്ചിരുന്ന കോളിംഗ് ബെല്ലിൽ ഞാൻ വിരലമർത്തി. ഒപ്പം പതിവ് പോലെ പാസ്സ്വേർഡ് ഉം വിളിച്ചു പറഞ്ഞു.

നരികൾ ഏതു വേഷത്തിലും വരാം.

ഭാര്യ വാതിൽ തുറന്നു.

ഞാൻ അകത്തു കയറി വാതിൽ അടച്ചു 10 സാക്ഷകളും ഇട്ടു.

"എന്താ താമസിച്ചേ" ഭാര്യ.

അതിനുത്തരം പറയാതെ ഞാൻ മോളെവിടെ എന്നവളോട് ചോദിച്ചു. ഭാര്യയുടെ ഉത്തരം കിട്ടുന്നതിനു മുൻപ് തന്നെ സഞ്ചിയുമായി ഞാൻ മോളുടെ മുറിയിലേയ്ക്ക് നടന്നു.

അവൾ ഉറങ്ങുകയായിരുന്നു,…. സമാധാനത്തോടെ! ഈ പ്രപഞ്ചത്തിന്റെ എല്ലാ നിഷ്കളങ്കതകളും എന്റെ കുഞ്ഞിന്റെ മുഖത്ത് ഞാൻ കണ്ടു. അവളുടെ ബെഡ്ഡിൽ ചിതറിക്കിടന്നിരുന്ന പുസ്തകങ്ങൾ എടുത്തു മേശപ്പുറത്തു വച്ച് ഞാൻ തിരിഞ്ഞു നടന്നു.

"മോൾ ഇന്നെന്നോട് വെളിയിൽ പോകാൻ അനുവാദം ചോദിച്ചു ". ഭാര്യ അടുത്തേയ്ക്ക് വന്നു 

"നീയെന്തു പറഞ്ഞു"

അവളെന്റെ കണ്ണുകളിലേയ്ക്ക് നോക്കി. അവളുടെ നോട്ടത്തിന്റെ ആഴം എന്റെ കൺപോളകൾ അടപ്പിച്ചു.

ഞാൻ സ്റ്റോർ റൂമിലേയ്ക്ക് പോയി. സഞ്ചിയിൽ നിന്നും വടിവാൾ വലിച്ചെടുത്ത് ഞാൻ സിറ്റ് ഔട്ടിൽ വന്നിരുന്നു. ഭാര്യ കതകു പൂട്ടി കിടക്കാനായി പോയി.

തണുപ്പടിയ്ക്കാതിരിയ്ക്കാനായി എടുത്ത ഷാൾ, ചെവി മൂടി, തലയിലൂടെ ഇട്ടു ഞാൻ കസേരയിൽ ചെന്നിരുന്നു. വടിവാൾ താഴെ വയ്ക്കാതെ തന്നെ ഒരു സിഗരെറ്റിനു തീ കൊളുത്തി. പൂന്തോട്ടത്തിലെ എവെർഗ്രീൻ ചെടിയിൽ നിന്നും മഞ്ഞു തുള്ളികൾ വീഴുന്നതും നോക്കി, കാലു മുന്നിലേയ്ക്ക് നീട്ടി വച്ചിരുന്ന് ഞാൻ പുകയൂതി വിട്ടു.

തെരുവിൽ, നരികൾ ഓരിയിടാൻ തുടങ്ങി. വടിവാളിലുള്ള എന്റെ പിടുത്തം മുറുകി വരുന്നത് ഞാനറിഞ്ഞു...!

സ്നേഹഭൂമി

സ്നേഹഭൂമി

സംഭവാമി

സംഭവാമി