Kadhajalakam is a window to the world of fictional writings by a collective of writers

കൈസർ

കൈസർ

ജോമോൻ അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. ഉറക്കം വരാത്തതുകൊണ്ട് കുറേനേരം കണ്ണുതുറന്ന് മുകളിലോട്ടുനോക്കി കിടന്നു. പുറത്ത് നല്ല നിലാവുണ്ട്. റൂമില് ഫാനിന്‍റെ ശബ്ദം മാത്രം. എഴുന്നേറ്റിരുന്ന്‍ മൊബൈലിൽ ടൈപ്പുചെയ്തു " L.A.B.R.A.D.O.O.R " .

'O' ഒരെണ്ണം കൂടിപോയി. ഒറിജിനൽ പേര് ലാബ്രഡോർ റിട്രിവർ ആയുസ്സ് പത്തുമുതൽ പന്ത്രണ്ട് വർഷം വരെ.

അന്ന്‍ എറണാകുളത്ത്നിന്ന് വന്ന ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ്സിൽ വലിയൊരു കട്ടിക്കൂടും പിടിച്ച് ഉതുപ്പാൻ വന്നിറങ്ങിയിട്ട് പത്തു പന്ത്രണ്ട് കൊല്ലമെങ്കിലുമായി കാണും. അന്ന് ചോദിച്ചവർക്കൊക്കെ കൂട്‌ തുറന്ന് തന്‍റെ പുതിയ പട്ടികുട്ടിയെ കാണിച്ചു കൊടുത്താണ് ഉതുപ്പാൻ വിട്ടിലേക്ക്‌ നടന്നത്. അവ്യക്തമായി അന്നു കണ്ട കുഞ്ഞുപട്ടിയുടെ മുഖം ജോമോൻ ഓർത്തെടുക്കാൻ ശ്രമിച്ചു.

സർട്ടിഫിക്കറ്റുകളെല്ലാം കൈയിൽ കരുതി നാട്ടിലെ പ്രധാന റോഡരികിലെ വലിയ വീടിന്‍റെ മുന്നിൽ ജോമോൻ നിന്നു. പക്ഷെ ഗേയ്റ്റ് തുറന്ന്‍ അകത്തു കയറാൻ ചെറിയൊരു പേടി. ഉതുപ്പാന്‍റെ പട്ടിപ്രേമത്തെ പറ്റി ജോമോൻ ഒത്തിരി കേട്ടിട്ടുണ്ട്. കുറച്ചുനേരം കാത്തുനിന്ന ശേഷം രണ്ടും കല്‍പ്പിച്ച് ജോമോൻ ഗേയ്റ്റ് തള്ളി തുറന്ന് അകത്തേക്ക് നടന്നു,

കോളിംഗ് ബെല്ലടിച്ചു. രണ്ടുമിനിറ്റു കഴിഞ്ഞ് ഒന്നോടെ ശ്രമിച്ചു. തിരിച്ച് നടക്കാൻ തുടങ്ങിയപ്പോൾ ആരോ വാതിൽ തുറന്നു. തലയിൽ നിന്ന് നെറ്റിയിലേക്ക് ഒലിച്ചിറങ്ങിയ കറുത്ത ചായം തോളത്തുകിടക്കുന്ന തുണികൊണ്ട് തുടച്ച് ഉതുപ്പാൻ കാര്യം തിരക്കി.

ഹാളിലിരുന്ന് ജോമോൻ ചുറ്റും നോക്കി ഉതുപ്പാന്‍റെ ഭാര്യയും മക്കളും കൊച്ചുമക്കളും ഇതിലൊന്നും പെടാതെ ഒരു ഇന്ദിരാഗാന്ധിയും ഭിത്തിയിലിരുന്ന്‍ ജോമോനെ നോക്കി ചിരിച്ചു. ഈ വലിയ വിട്ടിൽ ഉതുപ്പാൻ ഒറ്റക്കാണ് താമസം. സർട്ടിഫിക്കറ്റുകൾ മറിച്ചുനോക്കുന്ന ഉതുപ്പാനെ ജോമോൻ നിരിക്ഷിച്ചു ആൾക്ക് പത്തറുപത്തഞ്ച് വയസ്സ് പ്രായം വരും പക്ഷെ കണ്ടാൽ പറയില്ല. ഇരുവശത്തെയും മുടി നിട്ടി കറുപ്പിച്ച് മുകളിലോട്ട്‌ ചീവി കഷണ്ടി മറച്ചിരിക്കുന്നു. മുടിയുടെ വിടവിലുടെ ഉതുപ്പാന്‍റെ കഷണ്ടി തല തിളങ്ങി.

നാട്ടിലെ പലരും ഉതുപ്പാന്‍റെ കേറോഫിലാണ് കടല് കടന്നത്. ഉതുപ്പാന്‍റെ മക്കളെല്ലാം ഗൾഫിൽ നല്ല നിലയിലാണ്. തിരിച്ച് നടക്കുന്നതിനിടയിൽ ജോമോൻ ഒഴിഞ്ഞ പട്ടികൂട് ശ്രദ്ധിച്ചു. എത്ര ആലോചിച്ചിട്ടും ഉതുപ്പാന്‍റെ പട്ടിയുടെ പേര് ജോമോന് ഓർത്തെടുക്കാൻ പറ്റിയില്ല. അക്കാലത്ത് പട്ടികൾക്ക് പതിവായി എല്ലാവരുമിടുന്ന ഏതോ ഒരുപേരാണ്, ആപേര് ആലോചിച്ചുകൊണ്ട്‌ ജോമോൻ പുറത്തെക്കുനടന്നു.

ചെറുപ്പത്തിൽ ഉതുപ്പാന്‍റെ പട്ടിയെ കാണാനായി മറ്റുകുട്ടികൾക്കൊപ്പം ജോമോനും മുറ്റത്തിറങ്ങി നോക്കി നിന്നിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ഉതുപ്പാൻ തന്‍റെ പട്ടിയുമായി നടക്കാനിറങ്ങും, ഇത്തിരിപ്പോന്ന പട്ടിയുടെ ചങ്ങല പിടിച്ച് നെഞ്ചും വിരിച്ച് ആനപ്പാപ്പാന്‍റെ ഗമയിൽ നടന്ന് പോകുന്ന പഴയ ഉതുപ്പാനെ ജോമോൻ ഓർത്തെടുത്തു

ഉതുപ്പാന്‍റെ കുരയ്ക്കാത്ത പട്ടിയുടെ പേര് പറഞ്ഞപ്പോ മലയാളം സാറ് ഏതോ ജർമൻ ചക്രവർത്തിയുടെ പേരാണതെന്ന് പറഞ്ഞത് ജോമോൻ ഓർത്തു. മൊബൈലിൽ ടൈപ്പുചെയ്ത് സെർച്ച് ചെയ്തു. ഒടുവിൽ ജോമോൻ കണ്ടുപിടിച്ചു; ഉതുപ്പാന്‍റെ പട്ടിയുടെ പേര് കൈസർ.

തൊഴിൽവീഥി വാങ്ങി തിരിച്ചുവരുന്ന വഴിക്കാണ് ജോമോൻ ഉതുപ്പാനെ കണ്ടത്. ബൈക്ക് നിറുത്തി കാര്യം തിരക്കിയപ്പോ ഉതുപ്പാന് ആളെ മനസിലായിരുന്നില്ല. ബാങ്കിൽ നിന്നു വരുന്നവഴി തന്‍റെ ആക്ടിവ കേടായി വഴിക്ക് പെട്ട ഉതുപ്പാനെ ജോമോൻ വീട്ടിലെത്തിച്ചു. അന്നും കൈസറിന്‍റെ കൂട് കാലിയായിരുന്നു. തിരിച്ച് പോരാൻ തുടങ്ങുമ്പോ ഉതുപ്പാൻ അടുത്തയാഴ്ച തന്‍റെ മകളും മരുമകനും വരുന്ന കാര്യം ജോമോനോട് പറഞ്ഞു.

രാവിലെ പരിചയമില്ലാത്ത നമ്പർ തെളിഞ്ഞപ്പോ ആകാംഷയോടെയാണ് ജോമോൻ ഫോണെടുത്തത്. മറുവശത്ത് ഉതുപ്പാന്‍റെ ശബ്ദം.

ആക്റ്റിവ വർക്ക്ഷോപ്പിൽ നിന്നെടുത്ത് ജോമോൻ ഉതുപ്പാന്‍റെ വിട്ടിലേക്ക്‌ തിരിച്ചു. ഉതുപ്പാൻ മൂന്നാമത്തെ പെഗ്ഗ് ഒഴിച്ചപ്പോളാണ് ചോദിക്കാനുള്ള ധൈര്യം ജോമോന് വന്നത്. അടുക്കള വാതിൽ തുറന്ന് ഉതുപ്പാൻ പുറത്തേക്ക് നടന്നു ഒപ്പം ജോമോനും. പുറകുവശത്തെ ചായ്ച്ചുകെട്ടിലേക്ക് ഉതുപ്പാൻ വിരൾ ചൂണ്ടി. ആ കാഴ്ച്ച കണ്ടയാൾ തരിച്ചു നിന്നു.

അക്കാലത്ത് ആരോട് ചോദിച്ചാലും ഉതുപ്പാന്‍റെ പട്ടിയെ പറ്റി എന്തെങ്കിലുമൊരു കഥ കേൾക്കാം. കോഴിക്കടയിൽ നിന്ന് ഉതുപ്പാൻ കൈസറിനുള്ള ഇറച്ചി പ്രത്യേകം വാങ്ങിപോകുന്നത് പലരും കണ്ടിട്ടുണ്ട്. എറണാകുളത്ത് പട്ടികളുടെ ഫാഷൻഷോക്ക് കാറിൽ കൈസറുമായി ഉതുപ്പാൻ പോയ കഥ ആരോ പറഞ്ഞപ്പോൾ ആളുകൾ അന്തം വിട്ട് കേട്ടുനിന്നു. ഉതുപ്പാന്‍റെ പുത്തൻ വിടിന്‍റെ മുന്നിലുടെ നടന്നു പോകുമ്പോൾ കൈസറെ കാണാനായി കുട്ടികൾ ഗേറ്റിന്‍റെ വിടവിലുടെ എത്തി നോക്കും. ഉതുപ്പാന്‍റെ പട്ടിയെ പറ്റി പറഞ്ഞ് തർക്കിച്ച്‌ തല്ലുണ്ടാക്കിയവർ വരെ അന്നുണ്ടായിരുന്നു.

കൈസർ കുരക്കില്ല എന്നകാര്യം ഉതുപ്പാൻ പതുക്കെയാണ് മനസ്സിലായത്. കുറച്ചുകാലം ഉതുപ്പാൻ മൃഗാശുപത്രിൽ കയറി ഇറങ്ങി, പൊടികൈകൾ പലതും പരിക്ഷിച്ചു. എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോൾ നിരാശനായ ഉതുപ്പാൻ ഒടുവിൽ കൈസറെ ഉപേക്ഷിക്കാൻ തിരുമാനിച്ചു.

കൈസറെ കയറ്റി വണ്ടി ഗേറ്റ് കടന്നപ്പോൾ ഉതുപ്പാന്‍റെ മകൾ നിലവിളിച്ചു. ചന്തയുടെ ഒഴിഞ്ഞ മൂലയിൽ കൈസറെ ഇറക്കിവിട്ട് നിറകണ്ണുകളോടെ ഉതുപ്പാൻ വിട്ടിൽ തിരിച്ചെത്തി.

മുന്നാം ദിവസ്സം പള്ളിയിൽ പോകാനിറങ്ങിയ ഉതുപ്പാൻ ആ കാഴ്ച കണ്ട് ഞെട്ടി. ഗേറ്റിന്‍റെ അഴികൾക്കിടയിലൂടെ തലയിട്ട് കൈസർ ഉതുപ്പാനെ നോക്കി.

ചായ്ച്ചുകെട്ടിന്‍റെ മൂലയിൽനിന്ന് ഉതുപ്പാനെയും കൈസരെയും ജോമോൻ മാറി മാറി നോക്കി. കൈസർ എന്തോ ശബ്ദമുണ്ടാക്കി. വയസ്സായ പട്ടിയെ മുന്‍വശത്ത് കൂട്ടിലിടുന്നത് ലക്ഷണക്കെടാണെന്നു ഉതുപ്പനോട് ആരോ പറഞ്ഞതുകൊണ്ട് കൈസറിന്‍റെ താമസം മാസങ്ങളായി ഈ ചായ്ച്ചുകെട്ടിലാണ്. ചായ്ച്ചുകെട്ടിലെ അരണ്ടവെളിച്ചത്തിൽ അവ്യക്തമായി കൈസറെ കണ്ടു. രോമാമൊക്കെ കൊഴിഞ്ഞിരിക്കുന്നു. ചുക്കിച്ചുളിഞ്ഞ മുഖം. കണ്ണുകളിൽ പീളകെട്ടി ഒഴുകി ആകെ മൊത്തം വല്ലാത്തൊരു കാഴ്ച്ച.

മരുമകൻ വന്നതിന്‍റെ പിറ്റേ ദിവസ്സം ഉതുപ്പാൻ ജോമോനെ ഫോണിൽ വിളിച്ചു. രാവിലെ കുളിച്ചൊരുങ്ങി സർട്ടിഫിക്കറ്റുകൾ ഫയലിൽ തിരുകി ജോമോൻ ഉതുപ്പാന്‍റെ വീട്ടുമുറ്റത്തെത്തി. വാതിൽ തുറന്നത് ഉതുപ്പാന്‍റെ മകളാണ്. സർട്ടിഫിക്കറ്റുകൾ മറിച്ചു നോക്കുന്ന ഉതുപ്പാന്‍റെ മരുമകൻ ഉതുപ്പാനെപ്പോലെ അധികം സംസാരിക്കുന്ന കൂട്ടത്തിലായിരുന്നില്ല. ജോമോൻ ചുറ്റും നോക്കി ഉതുപ്പാനെ അവിടെ എങ്ങും കണ്ടില്ല. ഉതുപ്പാന്‍റെ മകൾക്ക് ഫോട്ടോയിൽ  കണ്ട ഉതുപ്പാന്‍റെ ഭാര്യയുടെ അതേ മുഖം പോലെ ജോമോന് തോന്നി.

വ്യക്തമായ മറുപടി ഒന്നും കിട്ടിയില്ലെങ്കിലും ഫോറിൻ മിട്ടായി നുണഞ്ഞ് വിട്ടിലേക്ക് ജോമോൻ നടന്നത് സന്തോഷത്തോടെയാണ്.

ഉതുപ്പാന്‍റെ വിളിയും കാത്ത് ജോമോൻ ദിവസ്സങ്ങൾ തള്ളിനീക്കി. ഉതുപ്പാൻ മകളുടെ അടുത്തേക്ക് താമസ്സം മാറുന്ന കാര്യം കേട്ടപ്പോൾ ജോമോൻ ആദ്യം ഓർത്തത് കൈസറെക്കുറിച്ചായിരുന്നു. ആ വയസ്സൻ  പട്ടിയെ വിട്ടുപിരിയാൻ പറ്റാത്തതുകൊണ്ടാണ് ഉതുപ്പാൻ ഇത്രയും കാലം ഈ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞുകൂടിയത്. ഉതുപ്പാൻ എവിടെ താമസിക്കണമെന്നുള്ളത് അയാളുടെ സ്വകാര്യതയാണെങ്കിലും ഗൾഫ് ജോലിയുടെ കാര്യമോർത്തപ്പോൾ ജോമോന് ചെറിയ നിരാശ തോന്നി.

ഗേറ്റു തുറന്ന് ജോമോൻ അകത്തേക്ക് നടന്നു. ഉതുപ്പാൻ ഇറയത്ത്‌ പത്രം വായിച്ചിരുപ്പുണ്ട്. അവർ പരസ്പരം കണ്ടു, സംസാരിച്ചു, വിശേഷങ്ങൾ തിരക്കി. തന്‍റെ ജോലിക്കാര്യം മരുമകൻ പറഞ്ഞതായി കേട്ടപ്പോൾ ജോമോൻ സന്തോഷിച്ചു. വല്ലാത്തൊരശ്വസം അയാൾക്ക് തോന്നി. സംസാരം നീണ്ടു.

ജോമോൻ ഒരിക്കലും ആ ചോദ്യം പ്രതിക്ഷിചിരുന്നില്ല. കൈസറെ പറ്റി പറഞ്ഞ് ഒച്ചയിടറിയ ഉതുപ്പനോട് പറ്റില്ലെന്ന് പറയാനും ജോമോന് സാധിച്ചില്ല. ചിലവിനുള്ള പണം ക്രത്യമായി ഉതുപ്പാൻ അയച്ചുതരും. ഉതുപ്പാനുമായി ഒരു ബന്ധം ഉണ്ടാകുന്നത് നല്ലതാണെന്ന് ജോമോന് ആലോചിച്ചപ്പോൾ തോന്നി. താൻ സമ്മതിച്ചില്ലെങ്കിൽ അവർ അതിനെ കുത്തിവച്ചു കൊല്ലുമായിരുന്നെന്നു കേട്ടപ്പോൾ ജോമോന് സ്വന്തം തിരുമാനത്തിൽ അഭിമാനം തോന്നി.

സുഹൃത്തിന്‍റെ ഒട്ടോവിളിച്ചു ജോമോൻ അവിടെ എത്തുമ്പോൾ ഉതുപ്പാൻ കൈസറിന് ഭക്ഷണം കൊടുക്കുകയായിരുന്നു. ചായ്ച്ചുകെട്ടിൽ നിന്ന് കൈസറെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ജോമോന്‍റെ സുഹൃത്ത് മൂക്കുപൊത്തി. ഒന്നും വേണ്ടിയിരുന്നില്ലെന്ന്‍ ജോമോന് അപ്പോൾ തോന്നി. ചങ്ങലക്കൊപ്പം ഒരു ചെറുകവറും ജോമോന്‍റെ കൈയിൽ കൊടുത്ത് ഉതുപ്പാൻ അകത്തേക്ക് നടന്നുപോയി. കവറിൽ പണമായിരിക്കുമെന്ന് ജോമോൻ ഊഹിച്ചു. ഓട്ടോ ഗേയ്റ്റ് കടന്നപ്പോൾ കൈസർ വല്ലാത്തൊരു ശബ്ദത്തിൽ കരഞ്ഞു.

ഉതുപ്പാനെ എയർപ്പോർട്ടിലാക്കാൻ കൂടെ പോയത് ജോമോനാണ്. അദ്യമായിട്ടാണ് പാന്‍റും ഷൾട്ടും ഷുവുമൊക്കെ ഇട്ട് ജോമോൻ ഉതുപ്പാനെ കാണുന്നത്. കാർ ഗേറ്റ് കടന്നപ്പോൾ പുറകിലിരുന്ന ഉതുപ്പാന്‍റെ കണ്ണുകൾ നിറയുന്നത് ജോമോൻ കണ്ണാടിയിലൂടെ കണ്ടു. താൻ ഇതുപോലെ ഒരിക്കൽ എയർപ്പോർട്ടിലേക്ക് പോകുന്ന രംഗം മനസ്സിൽ കണ്ട് ജോമോൻ പുഞ്ചിരിച്ചു.

ഉതുപ്പാനെ യാത്രയാക്കി ജോമോൻ തിരിച്ചെത്തിയപ്പോൾ നേരം വൈകി. അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. ഉറക്കം വരാത്തതുകൊണ്ട് കുറേനേരം കണ്ണുതുറന്ന് മുകളിലോട്ടുനോക്കി കിടന്നു. പുറത്ത് നല്ല നിലാവുണ്ട്. റൂമില് ഫാനിന്‍റെ ശബ്ദം മാത്രം. എഴുന്നേറ്റിരുന്ന്‍ മൊബൈലിൽ ടൈപ്പുചെയ്തു " L.A.B.R.A.D.O.O.R " .

ഉപ്പിന്റെ മണം

ഉപ്പിന്റെ മണം

പ്രളയം

പ്രളയം