Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

പ്രളയം

പ്രളയം

പരന്നുകിടക്കുന്ന മണല്‍ത്തിട്ടയില്‍ നിന്നും, ഉണക്കാനിട്ടിരുന്ന മീനുകളെ ഓരോന്നായി പെറുക്കിയെടുത്ത്, മണല്‍ തട്ടിക്കളഞ്ഞു കൂടയ്ക്കുള്ളില്‍ അടുക്കിവച്ചതിനുശേഷം, അവള്‍ ശാന്തമായ കടലിനെ ഒന്നു തിരിഞ്ഞുനോക്കി. പിന്നെ കടലമ്മയുടെ കനിവിനെ ഓര്‍ത്തുകൊണ്ട്‌ തിരകളെ ഏറെനേരം അങ്ങനെ നോക്കിയിരുന്നു..

രേവമ്മ.

ഉയരം കുറഞ്ഞു കറുത്ത നിറം. ചുവന്ന ബ്ലൗസും നെടുങ്ങനെ കറുത്ത വരകളുള്ള കൈലിയുമാണ് വേഷം.നിറംമങ്ങിപ്പോയ ഒരു മൂക്കുത്തിയും, കണ്ണുകളില്‍ തെളിഞ്ഞ പ്രകാശവും അവളുടെ എടുത്തു പറയേണ്ട പ്രത്യേകതകള്‍ ആണ്.

കടലിന്‍റെ നെഞ്ചില്‍ ഊയലാടിക്കൊണ്ടിരുന്ന തിരമാലകള്‍ക്കു മുകളില്‍, അബദ്ധത്തില്‍ പൊങ്ങിവരുന്ന മീനുകളും അവയെ മാത്രം ലക്ഷ്യമാക്കി താഴ്ന്നു പറക്കുന്ന കടല്‍പക്ഷികളും അവിടെ ധാരാളമായുണ്ടായിരുന്നു.

ഒരു തിരമാല ഓടിയെത്തി അവളുടെ കാലുകളെ ഒന്നു തൊട്ടുതിരികെപ്പോയി.പെട്ടെന്നു തന്നെ അവള്‍ മീന്‍കുട്ട എടുത്തു ഒക്കത്തു വച്ചതിനാല്‍ ഉണക്കമീനുകള്‍ നനഞ്ഞില്ല.

കടലിനപ്പുറം ജ്വലിച്ചു നിന്നിരുന്ന സൂര്യനെ നോക്കി മനോഹരമായി ചിരിച്ചുകൊണ്ടു രേവമ്മ തന്‍റെ കുടിലിനുള്ളിലേക്കു കയറി.

സാധാരണ, ഉണക്കമീനുകള്‍ ഓരോന്നായി ചെറിയ പ്ലാസ്റ്റിക്‌ കവറുകളില്‍ നിറയ്ക്കുമ്പോള്‍, അതിനൊപ്പം തന്‍റെ സ്വപ്നങ്ങള്‍ കൂടി ചേര്‍ത്തുവയ്ക്കുകയാണു പതിവ്. ഇന്നും അതിനു മാറ്റമുണ്ടായില്ല.സ്വപ്‌നങ്ങള്‍ വാനത്തെക്കുയരുമ്പോള്‍,തലയ്ക്കു മുകളില്‍ സംരക്ഷണ കവചങ്ങളായി തൂങ്ങിനിന്നിരുന്ന പഴയ ആസ്ബറ്റോസ് ഷീറ്റിന്‍റെ ദ്രവിച്ച കഷ്ണങ്ങള്‍ മുന്നിലേക്കു ചിതറി വീണു.അതു തീര്‍ത്ത വിടവുകളിലൂടെ അവള്‍, ആകാശത്തിലെ  തന്‍റെ സ്വപ്നങ്ങള്‍ക്കു കൂട്ടുപോയി. മീനിനും മീന്‍കുട്ടയ്ക്കും കടലിനും തിരമാലകൾക്കും കടല്‍പക്ഷികൾക്കുമെല്ലാം അപ്പുറം പറുദീസയുടെ ലോകത്തേക്ക്.

*      *      *       *      *       *

മഴയുടെ ആദ്യകണങ്ങള്‍ ഷീറ്റിന്‍റെ വിടവിലൂടെ മൂര്‍ദ്ധാവി ല്‍ വീണപ്പോള്‍, ചിതറിത്തെറിച്ച സ്വപ്നങ്ങളെ അവിടെ ഉപേക്ഷിച്ച് അവള്‍ ചാടി എഴുന്നേറ്റു. എന്നിട്ടു ഉണക്കമീനുകള്‍ ഭദ്രമാണെന്നു ഉറപ്പു വരുത്താനായി ടിന്നിനെ ഒന്നുകൂടി മുറുക്കെ അടച്ചുവച്ചു.

മഴ തിമിര്‍ത്തു പെയ്യുകയാണ്. കടലിലേക്കു പെയ്യുന്ന മഴയുടെ ഭംഗി വേറെ എവിടെ കാണാനാവും? മഴത്തുള്ളികളും കടലമ്മയുമായുള്ള ലയനമാണത്.മഴ ശക്തിപ്രാപിച്ചതിനനുസരിച്ചു കടലിന്‍റെ ഇരമ്പവും കൂടിവന്നു.ചെറിയ തോണികള്‍ അവിടവിടെയായി കണ്ടിരുന്നതു ഇപ്പോള്‍ കാണാനില്ല.കടല്‍പക്ഷികളും മീനുകളെ ഉപേക്ഷിച്ചു പറന്നു പോയിരുന്നു.

അയയില്‍ വിരിച്ചിരുന്ന കുഞ്ഞുടുപ്പുകള്‍ നനയാതെ എടുത്തു മാറ്റുമ്പോള്‍ രേവമ്മ, പഠിക്കാന്‍ പോയ തന്‍റെ മക്കളെ ഓര്‍ത്തു. മീന്‍ കച്ചവടത്തിനായി വലിയ മാര്‍ക്കെറ്റില്‍ പോയ കെട്ടിയോനും തിരികെ എത്തിയിട്ടില്ല.നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കടലമ്മയെ നോക്കി രേവമ്മ ഉറക്കെ പാടി:

"കടലമ്മേ....കാത്തോളണേ.....

അഗതിയാം ....അടിയങ്ങളെ...."

എന്നിട്ടവള്‍ അല്പനേരം കണ്ണടച്ചു നിന്നു.

ഓര്‍മ്മവച്ചനാള്‍ മുതല്‍ക്കുള്ള ശീലമാണത്. തള്ളാനും കൊള്ളാനും കടലമ്മ മാത്രം എന്ന വിശ്വാസത്തില്‍ നിന്നും ഉടലെടുത്ത ചില രീതികള്‍. വിശ്വാസങ്ങള്‍ ഒരിക്കലുമൊരു തെറ്റല്ലല്ലോ,അവ തരുന്ന ആത്മബലവും അത്രതന്നെ വലുതാണ്.

"നിയ്യെന്താടീ ഈ മഴയത്ത് കടലമ്മാനെ നോക്കിക്കൊണ്ട് നിക്കുവാണോ?"

കെട്ടിയോനാണ്. കൂടെ മക്കളും. അവരുടെ പുസ്തകങ്ങളും ഉടുപ്പുകളും ആകെ നനഞ്ഞിരിക്കുന്നു.. വാശിയോടെ പെയ്യുന്ന മഴയേയും, ആര്‍ത്തിരമ്പുന്ന കടലിനേയും അവിടെ വിട്ട് അവള്‍ മക്കളോടും കെട്ടിയോനുമൊത്ത് തന്‍റെ കുടിലിനുള്ളിലേയ്ക്ക് കയറി.

തുടർച്ചയായ മൂന്നാം ദിവസവും  മഴ നിന്നു പെയ്യുകയാണ്. കരയില്‍ കെട്ടിനിര്‍ത്തിയിരുന്ന വഞ്ചികളും ചെറുതോണികളും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. എന്നിട്ടും കലി അടങ്ങാതെ കടല്‍ കരയെ തന്നിലേക്കു കൂടുതല്‍ ശക്തിയോടെ വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആ ഒറ്റമുറിവീട്ടിലെ ആസ്ബറ്റോസ് ഷീറ്റുകളിലുള്ള വിടവുകള്‍ മഴയെ സങ്കോചത്തോടെ അകത്തേക്കു ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ചെത്തിയ അതിഥി, മെല്ലെ ഒന്നൊഴിയാതെ നിസ്സങ്കോചം അകത്തേക്കു പെയ്തൊഴിഞ്ഞു.

കടലാസ് തോണികള്‍ വെള്ളത്തില്‍ ഒഴുക്കി കളിക്കുകയാണ് മക്കള്‍. വീടിന്‍റെ അകത്തളങ്ങളില്‍ കെട്ടിനില്‍ക്കാന്‍ ശ്രമിക്കുന്ന വെള്ളം, പഴയ ചായപ്പാത്രത്തിൽ കോരിമാറ്റാന്‍ വൃഥാ പാടുപെടുന്ന കെട്ടിയോനെ കണ്ട് രേവമ്മ ആത്മഗതം ചെയ്തു:

"എത്ര മാറ്റിയാലും പിന്നെയും നിറയും. മഴ നില്‍ക്കുന്നില്ലല്ലോ "

അകത്തും പുറത്തും നിറയുന്ന മഴയില്‍ അവള്‍ മക്കളെ തന്നോടു ചേര്‍ത്തുപിടിച്ചു.

ഉണക്കമീന്‍ അപ്പോഴും നനയാതെ ഭദ്രമായി ഒരിടത്തിരുന്നു.

കെട്ടിയോന്‍ എഴുന്നേറ്റു പോയി ഒരു കുഞ്ഞു റേഡിയോ എടുത്തു വച്ച് ഓണ്‍ ചെയ്തുനോക്കി. ആ കൊച്ചു പെട്ടി, തന്‍റെ അവസാന രോദനം പോലെ വലിഞ്ഞു വലിഞ്ഞു പറഞ്ഞൊപ്പിച്ചു:

"തീരദേശത്തില്‍ കാറ്റും മഴയും ശക്തമാകുന്നു. ഒരാഴ്ചത്തെക്കു കടലില്‍ പോകരുതെന്ന കര്‍ശ്ശന നിയന്ത്രണം മത്സ്യതൊഴിലാളികൾക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു."

പതിയെ മൂളിയും ഇരമ്പിയും റേഡിയൊ എന്തൊക്കെയോ  പറഞ്ഞുകൊണ്ടിരുന്നു. പിന്നെ ആ ശബ്ദം നേർത്ത് നിശ്ചലമായി.

ആര്‍ത്തിരമ്പുന്ന കടലിന്‍റെ ഗര്‍ജ്ജനം കൂടിക്കൂടി വന്നുകൊണ്ടിരുന്നു. കടല്‍പ്പുറത്തു കൂടി ആളുകള്‍ ഓടുന്നതിന്‍റെയും, അലമുറയിട്ട് കരയുന്നതിന്‍റെയും ശബ്ദം കേട്ടു. റേഡിയോ വലിച്ചെറിഞ്ഞു കെട്ടിയോന്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതും രേവമ്മ വിലക്കി.

കാറ്റിന്‍റെ വേഗത കൂടിവന്നു. തീരത്തുണ്ടായിരുന്ന തോണികളും ചെറുവഞ്ചികളും കാറ്റില്‍ ആടിയുലഞ്ഞഴിഞ്ഞ് കടലിലേക്കൊഴുകാന്‍ തുടങ്ങി.

ആകാശം കാര്‍മേഘങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരുന്നു.ചുറ്റിനും കട്ട പിടിച്ച ഇരുട്ടു മാത്രം.കൂട്ടിനു കടലിന്‍റെ ഇരമ്പലും.

ആദ്യമായി അവള്‍ കടലിനെ ഭയപ്പെട്ടു. കാറ്റിനേയും, മഴയേയും പേടിച്ചു. ഇരുട്ടിന്‍റെ മറവില്‍ ആര്‍ത്തിരമ്പി വരുന്ന കടൽ, ‍ കരയെ ഒന്നാകെ വിഴുങ്ങുമോ എന്നവള്‍ ഭയന്നു.

"അമ്മിണീ....ഗോപിക്കുട്ടാ.......തോമാസ്സെ......"

രേവമ്മയുടെ ശബ്ദത്തിന്‍റെ പ്രതിധ്വനി കടലമ്മ ഏറ്റെടുത്തു കഴിഞ്ഞു. സഹായത്തിനായി അവിടെ ആരെയും അവള്‍ കണ്ടില്ല. 

അടുത്ത ക്ഷണം എന്താണു സംഭവിക്കുന്നത്‌ എന്നുചിന്തിക്കാന്‍ അവസരം നല്‍കാതെ, വലിയൊരു ശബ്ദത്തോടെ കുടിലിനോടു ചേര്‍ന്നു നിന്നിരുന്ന മരം കടപുഴകി വീണു. അവിടെ കെട്ടിയിരുന്ന അയ പൊട്ടിവീണ് താഴെ മണലിനോട്‌ പറ്റിക്കിടന്നു. ഇപ്പോള്‍ കടലിന്‍റെ ഇരമ്പം രേവമ്മയുടെ ഹൃദയതാളവുമായി ചേര്‍ന്ന് രണ്ടും ഒരുപോലെ പ്രക്ഷുബ്ധമായി.

ഇളകിയാടുന്ന കുടിലിന്‍റെ വാതില്‍ ഒന്നുകൂടി ചേര്‍ത്തടച്ച് അവള്‍ അകത്തേക്കു കടന്നു. നനഞ്ഞു വിറച്ച്, പേടിച്ചരണ്ട കണ്ണുകളുമായി നില്‍ക്കുന്ന മക്കളെ തന്നോടു ചേര്‍ത്തുപിടിക്കുമ്പോള്‍, ഇനിയും നനയാത്ത ഒരിടം കണ്ടു കിട്ടുമോ എന്നറിയാന്‍ അവള്‍ ചുറ്റിനും ഒന്നു കണ്ണോടിച്ചു. ഒരു കൂന്തന്‍ തൊപ്പി എടുത്തു തലയില്‍ കമഴ്ത്തിക്കൊണ്ട് വെള്ളം മാറ്റാനുള്ള പാഴ്ശ്രമത്തിലാണ് കെട്ടിയോന്‍.

ഇറ്റിറ്റു വീണിരുന്ന വെള്ളത്തെ തങ്ങളുടെ കൈകളിലെടുത്തു അമ്മാനമാടിക്കൊണ്ടിരുന്ന കുഞ്ഞുങ്ങള്‍ ഇപ്പോള്‍ തളര്‍ന്നിരിക്കുന്നു. വിശപ്പും ക്ഷീണവും തണുപ്പും അവരെ വല്ലാതെ തളര്‍ത്തിക്കഴിഞ്ഞു.

കാറ്റിനും കടലിനും ശക്തി കുറയുന്നില്ല.  പ്രായക്കൂടുതല്‍ വക വയ്ക്കാതെ, ഇതുവരെ സുരക്ഷിത കവചം തീര്‍ത്ത് നിന്നിരുന്ന ആസ്ബറ്റോസ് ഷീറ്റ് കാറ്റിന്‍റെ ചലനത്തിനനുസരിച്ചു വിറ കൊള്ളാന്‍ തുടങ്ങി. ഒരുപ്രകമ്പന ശബ്ദത്തിനു അനുബന്ധമായി കുടിലിന്‍റെ ഭിത്തികളും അവിടുത്തെ മനുഷ്യരുടെ മനസ്സുകളും ഭീതിയാല്‍ വിറങ്ങലിച്ചു നിന്നു. അവസാനമായി തീരത്തേക്കു വീശിയടിച്ച ഒരു ചുഴലിക്കൊടുങ്കാറ്റില്‍ ആസ്ബറ്റോസ് പാളികൾ ആ ദുരവസ്ഥയോടുള്ള പ്രതിഷേധമെന്നവണ്ണം  ആടിയുലഞ്ഞു. 

പിന്നെ, ഗത്യന്തരമില്ലാതെ, കാറ്റിന്‍റെ ശക്തിയില്‍ ഇളകിപ്പറിഞ്ഞ് ഒരു കൂറ്റന്‍ പക്ഷിയെപ്പോലെ ആകാശത്തിലേക്കുയര്‍ന്നു പറന്നു നീങ്ങി.

മഴയ്ക്ക്‌ ശക്തി കൂടിക്കൊണ്ടിരുന്നു, കാറ്റിനും. കടൽ,‍ കരയെ ആലിംഗനം ചെയ്യുന്നതിനായി ഉയർത്തിപ്പിടിച്ച കൈകളുമായി കാത്തു നില്‍ക്കുന്നു..

വെള്ളം പൊങ്ങാന്‍ തുടങ്ങി......

ഒരു തുള്ളി ഇരുതുള്ളി.....അങ്ങനെ പെരുകിപ്പെരുകി.....പ്രളയം.......

ഇപ്പോള്‍ ആകാശം മുഴുവനായും കാണാം. കട്ടക്കറുപ്പില്‍ ദിക്കറിയാതെ പകച്ചുനില്‍ക്കുന്ന മനുഷ്യജന്മങ്ങള്‍. ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളുടെ ശബ്ദം ഏറ്റവും ഭയാനകമായി തോന്നി അപ്പോളവര്‍ക്ക്. എപ്പോള്‍ വേണമെങ്കിലും നിലം പൊത്താന്‍ തയ്യാറായി കടകട ശബ്ദത്തോടെ വിറച്ചുനില്‍ക്കുന്ന വാതില്‍പ്പാളികളെ തല്ലിതകര്‍ത്ത് അവര്‍ ഓടി.....

രേവമ്മ മക്കളെ തന്നിലേക്കു ചേര്‍ത്തുപിടിച്ചുകൊണ്ടിരുന്നു,ഒരു കാറ്റിനും മഴയ്ക്കും അവരെ വിട്ടു കൊടുക്കില്ലെന്ന വാശിപോലെ. ഇളകിപ്പോയ കുടിലിന്‍റെ ആണിക്കല്ല് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തെ  ഉപേക്ഷിച്ച് അയാളും അവര്‍ക്കൊപ്പം ചേര്‍ന്നു.

ഉണക്കമീനുകള്‍ വച്ച് അടച്ച പഴയ തകരപാത്രം മഴവെള്ളത്തില്‍ ഒഴുകിനടന്നു. രേവമ്മയുടെ പാഴായ സ്വപ്നങ്ങളുടെ ബാക്കിപത്രം പോലെ..

കൈസർ

കൈസർ

ജോണി വാക്കർ

ജോണി വാക്കർ