Kadhajalakam is a window to the world of fictional writings by a collective of writers

 ​അവി(വാ)ഹിതം

​അവി(വാ)ഹിതം

ഡോക്ടർ റാം മിടുക്കനായിരുന്നു. മിടുക്കനെന്ന് പറഞ്ഞാൽ  മിടുമിടുക്കൻ. ആർട്ടിഫിഷ്യൽ ഇന്റെല്ലിജെൻസിൽ ഡോക്ടറേറ്റ്‌ , ഒരു ആഗോള കമ്പനിയുടെ കുവൈറ്റ് റീജിയണൽ ഓഫീസിന്റെ പർച്ചേസിംഗ് വിഭാഗത്തിന്റെ തലവൻ, നല്ലൊരു ഗായകൻ, സർവോപരി ലോക സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന “ബ്ലിസ്ഫുൾ ഇന്റർനാഷണലിന്റെ “ കുവൈറ്റിലെ സീനിയർ പ്രചാരകൻ.

ഇങ്ങനൊരാൾ സിനിമയിൽ മാത്രമേ ഉണ്ടാകൂ എന്ന് പറയും മുന്‍പ്, കുവൈറ്റിലെ മലയാളി സമൂഹത്തിൽ ഒന്നന്വേഷിച്ചു നോക്കൂ.

എന്തായാലും സമാധാനത്തിന്റെ പ്രവാചകന്റെ വീടൊരു അതിർത്തിഗ്രാമം പോലെയായിരുന്നു. ഇന്റർനെറ്റ് വഴി ഡോക്ടറിന്റെ വാചാടോപതയിലും വർണ്ണപ്പകിട്ടുള്ള വ്യക്തിത്വത്തിലും ആകൃഷ്ടയായി വന്ന സൗദ ആയിരുന്നു സമാധാനക്കേടിന്റെ അതിർത്തിയിൽ ഡോക്ടറിന്റെ ശത്രുപക്ഷത്ത്.

നാലു വർഷത്തെ ദാമ്പത്യത്തിലെടുത്തു പറയാൻ പൊരുത്തങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സകലകലാവല്ലഭന്റെ വിരുദ്ധധ്രുവത്തിലായിരുന്നു അന്തർമുഖിയായ സൗദയുടെ രാശി . പ്രാണോർജ്ജം കൂടുതലായിരുന്ന റാമിന്റെ ക്ഷീരപഥത്തിൽ ചുറ്റിയ ഉപഗ്രഹങ്ങളിൽ ഒന്ന് മാത്രമായി ഒതുങ്ങി സൗദ.

ഇതേ കാലഘട്ടത്തിലാണ് “ബ്ലിസ്സ്ഫുൾ ഇന്റര്‍നാഷനൽ” യോഗാ ക്ലാസ്സ്‌ തുടങ്ങാൻ പദ്ധതി ഇട്ടതു. അതോടെ ഹഠയോഗം അരച്ചുകലക്കി കുടിച്ചിരുന്ന റാമിന് തന്റെ കഴിവിന്റെ മറ്റൊരു പീലി കൂടി നീർത്താനുള്ള അവസരം കരഗതമായി. ശേഷം കഥയിലേയ്ക്ക്.

രണ്ടാമത്തെ യോഗാ ബാച്ചിന്റെ ഇടവേള സമയത്ത് ആണെന്ന് തോന്നണു, മുഖത്തു അങ്ങിങ്ങ് മുഖക്കുരു നിറഞ്ഞ, വിരിഞ്ഞ വില്ലുപോലെ കണ്‍പുരികങ്ങളുള്ള ഒരു സുന്ദരി ക്ലാസ്സിന്റെ പിന്നിൽ ആരോടും ഇടപഴകാതെ ഇരിക്കുന്നത് യോഗാ ഗുരുവിന്റെ കണ്ണിൽ പെട്ടത്.

റാം ആ ഏകാന്തതയുടെ സമീപം ചെന്നു. ഒരു പുഞ്ചിരിയോടെ.

“ എന്താ പേര്, എന്തെങ്കിലും വയ്യായ്കയുണ്ടോ “

ആ ചോദ്യത്തിന്റെ സത്യസന്ധതയും കണ്ണുകളിലെ ആർദ്രതയും ഹിരണ്‍മയിയുടെ മനസ്സിൽ ഒരു ചലനമുണ്ടാക്കി.

“ഒന്നുമില്ല മാഷേ , ഒരു തലവേദന , അത് കൊണ്ട് വിശ്രമിച്ചതാ”

“മം. ഇവിടത്തെ യോഗമുറകൾ ശെരിയായി പതിനാലു ദിവസം ചെയ്യൂ. പിന്നെ മൈഗ്രേനൊന്നും വരില്ല. കുട്ടിയുടെ പേരെന്താ “

“ഹിരണ്മയി. കണ്പീലികളിലെ മസ്കാര വെട്ടിത്തിളങ്ങി.

*********

അഞ്ചു ദിന യോഗവിദ്യയുടെ നാലാംനാൾ ചില കഠിനമായ അഭ്യാസ മുറകൾ ഉണ്ടായിരുന്നു.

ശീർഷാസനത്തിൽ കാൽവണ്ണകളുടെ വടിവ് വെളിപ്പെടും എന്ന ശങ്കയിൽ പൂർണ്ണമായി നിർദേശങ്ങൾ പാലിക്കാതെ നിന്ന ഹിരണ്‍മയിക്ക് മാഷിന്റെ വക താക്കീതുണ്ടായി, സാമീപ്യവും. തലയിലേയ്ക്ക് ഇരച്ചുകയറിയ രക്തം മുഖത്തെ കൂടുതൽ ചുവന്നതാക്കി.

ഒരു കിതപ്പോടെ പൂർവസ്ഥിതിയിലേക്ക് വന്ന ഹിരണിനു റാമിന്റെ കാന്തവലയത്തിന്റെ കരസ്പര്‍ശം ഏറ്റതു പോലെ തോന്നി.

*********

ഹിരന്മയിയുടെ ജീവിതം പർവതശിഖരത്തിൽ നിന്നും സമുദ്രഗർത്തത്തിലെയ്ക്കുള്ള ഒരു കൂപ്പുകുത്തൽ ആയിരുന്നു.

വീട്ടുകാർ നിശ്ചയിച്ച ആർമി കേണലിനെ സ്വീകരിച്ചു പ്രതീക്ഷയോടെ തുടങ്ങിയ ജീവിതം.

ചന്തു കാശ്മീരിലായിരുന്നു ജനിച്ചതും വളർന്നതും . ആറു തലയുള്ള ആദിശേഷന്റെ മന്ദിരം ചേർന്നു കിടന്ന മന്സാർ തടാകത്തിന്റെ കരയിൽ , മൂടിക്കെട്ടി നിന്ന സന്ധ്യകളോന്നിൽ , വാ പിളർന്നു തുടിയ്ക്കുന്ന മീനുകളെ നോക്കി ചന്തു നിന്ന നേരം. മെല്ലെ ഹിരണിനെ അടുത്തോട്ടു ചേർത്തു നിർത്തി മൂർദ്ധാവിൽ ഉമ്മ വെച്ച മധുമോഹന്റെ സ്നേഹം അവളുടെ ജീവിതത്തിന്റെ തന്നെ തണൽക്കുടയായി. 

തൊട്ടടുത്ത മാസം അതിർത്തി കടന്നെത്തിയ തീവ്രവാദികള്‍ ഉറി സൈനിക ക്യാംമ്പിനു നേരെ വെടിയുതിർത്തു. ഈയംപാറ്റകളെ പോലെ പിടഞ്ഞുവീണ ജീവനുകളെ ദേശീയ പതാക പുതച്ചു സൈനിക ക്യാമ്പിൽ ആചാരവെടികള്‍ക്കായി കിടത്തിയിരുന്നു. അപ്പോളും ഓർമയുടെ പാളികൾക്ക്‌ വ്യക്തത വരാത്ത ചന്തുവിന്റെ കാഴചകൾ കാശ്മീരിലെ ശൈത്യത്തിന്റെ മഞ്ഞുപുഷ്പങ്ങളെ നോക്കി അദ്ഭുതം കൂറി നില്‍ക്കുകയായിരുന്നു. 

വിഷാദരോഗത്തിനു അടിമയായ ഹിരണിനു ചന്തുവിനെ തിരിച്ചറിയാന്‍ കൂടി കഴിഞ്ഞില്ല. മരുന്നുകളുടെയും പ്രാർഥനകളുടെയും ഫലമായി ഹിരൺ പതിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു.പിന്നെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി , തന്നെക്കാളും വളരെ മുതിർന്ന ബാലുവിനെ സ്വീകരിച്ചുകൊണ്ട് ഒരു സാധ്വിയെപ്പോലെ ജീവിതം തള്ളി നീക്കുകയായിരുന്നു ഹിരൺ .

അങ്ങനെ ഒരു വരണ്ട ജൂണിൽ ആണ് ബാലുവിന്റെ പ്രേരണക്ക് വഴങ്ങി മനസ്സില്ലാമനസ്സോടെ യോഗ . കുവൈറ്റ്‌ പ്രവാസത്തിന്റെ അലസചര്യകൾ ഭാര്യയുടെ ശരീരത്തിനും മനസ്സിനും കാരാഗൃഹങ്ങൾ തീർക്കരുതെന്നു നിർബന്ധമുണ്ടായിരുന്നു ബാലുവിന്. 

*********

യോഗയുടെ അഞ്ചാം ദിനം, എല്ലാവരും ഒരു കുടുംബാഘോഷമാക്കി.

അന്ന് കോളേജ് പ്രണയത്തിനു സ്വന്തം കൈ കൊണ്ട് മധുരം ഉണ്ടാക്കാൻ കാണിച്ച അതെ സ്നേഹവായ്പ്പോടെ ഹിരന്മയി മനോഹരമായി ഉണ്ണിയപ്പങ്ങൾ ഉണ്ടാക്കി എടുത്തു.

ചൂടോടെ ചന്തുവിനു കുറച്ചു കൊടുത്തിട്ട് ഉണ്ണിയപ്പങ്ങൾ ഡബ്ബയിലാക്കി ക്ലാസ്സിലേയ്ക്ക് കൊണ്ട് പോകുമ്പോൾ, അവൾ തന്റെ ഹൃദയത്തിലെ കുഞ്ഞുതുടിപ്പുകളുടെ ശബ്ദത്തെ വ്യക്തമായികേട്ടു.

സകലകലാവല്ലഭന്റെ കളം നിറഞ്ഞുള്ള പകർന്നാട്ടത്തിൽ അഞ്ചാം ദിനം ഹിരന്മയിയുടെ മനസ്സ് ചഞ്ചലമായി.

യോഗയുടെ കൂടെ പാശ്ചാത്യ ബീറ്റുകൾ ഇടകലർത്തി ഒരു യോഗ ഫ്യൂഷൻ ഡാന്‍സ് ആയിരുന്നു റാമിന്റെ പ്രകടനപരതയുടെ പാരമ്യം. ചടുല വാദ്യങ്ങള്‍ക്കൊത്തു ആ സംഘം ശരീരവും മനസ്സും ഒരേ താളത്തിൽ ചലിപ്പിച്ചുക്കൊണ്ടേയിരുന്നു.

ഹിരണ്‍മയിക്ക് തന്റെ ശരീരഭാരം കുറഞ്ഞത്‌ പോലെയും അതൊരു ഒറ്റച്ചിറകായി പാറി നടക്കുംപോലെയും അനുഭവപ്പെട്ടു.

ഒരു പെന്മനസ്സിലും സ്വയം കുടിയിരിക്കാത്ത ഡോക്ടറും ഉള്ളില്‍ പുകഞ്ഞുകൊണ്ടേയിരുന്നു. തന്റെ നേര്‍ക്ക്‌ നീളുന്ന ഒരു ജോഡി കണ്ണുകള്‍ തന്റെ ജീവോര്‍ജ്ജം ആവാഹിക്കുന്ന ഒരു യോഗദണ്ട് പോലെ തോന്നി.

*********

സൗദ അക്ഷമയായിരുന്നു. ആറു വര്‍ഷങ്ങളില്‍ പ്രണയം വറ്റി വരണ്ട പോലെ.. കല്യാണത്തിന് മുന്‍പ് അവള്‍ക്കു എഴുതിയിരുന്ന മൂന്നും നാലും പുറം കവിഞ്ഞിരുന്ന പ്രണയ ലേഖനങ്ങള്‍ ഇപ്പോളില്ല. അവളെ നെഞ്ചോട്‌ ചേര്‍ത്ത് പാട്ട് പാടി ഉറക്കിയിരുന്ന രാവുകള്‍ ഇപ്പോളില്ല.

റാമിന്റെ സ്റ്റഡി റൂമില്‍ നിന്നു വരുന്ന അരണ്ട വെളിച്ചം അവളുടെ ഉറക്കം കെടുത്തി.

അന്ന് റാമിനും ഉറങ്ങാന്‍ കഴിയുമായിരുന്നില്ല. അയാളുടെ ഉള്ളിലെ സര്‍വ വികാരങ്ങളും അന്ന് ഒരു ചുഴിക്കുത്തില്‍ പെട്ട പോലെ മഥനം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.മനസ്സിന്റെ തുടിപ്പുകള്‍ അക്ഷരങ്ങളായി.

“നീയുറങ്ങിയപ്പോള്‍ അരികില്‍ ഞാന്‍ വന്നിരുന്നു

ചുറ്റും വിടര്‍ന്ന പിച്ചി മൊട്ടിന്റെ മണം

പാല മരത്തിന്റെ ഇലകളിലൂടെ ഉതിര്‍ന്നു വീണ നിലാവിന്റെ ചില്ലുകള്‍ മണ്‍തരികളെ രത്നങ്ങളാക്കി.

ഒരു സ്വപ്നത്തില്‍ മുഴുകിയ പോലെ , നിന്റെ കണ്ണുകള്‍ പാതി അടഞ്ഞിരുന്നു

നിനക്ക് ചുറ്റും ചെമ്പകത്തിലെ ഉതിര്‍പ്പൂവുകള്‍ വീണുകിടന്നു

നിന്റെ നേര്‍ത്ത ശ്വാസതാളം എന്റെ ഹൃദയമിടിപ്പ്‌ കൂട്ടി

നിന്റെ ദേഹസുഗന്ധം കാറ്റില്‍ സംഗീതമായി പടര്‍ന്നു

അതുള്‍ക്കൊണ്ട ഒരു ശ്വാസം മതിയായിരുന്നു ഈ ജന്മം പൂര്‍ണ്ണമാകാന്‍ !

*********

ബാലു ഒരു ശുദ്ധനാണെന്ന് ഹിരണിനു തോന്നി. ഹിരണ്‍മയിയുടെ എല്ലാ ദുഖങ്ങളും ഉള്‍ക്കൊണ്ടു അവളെ പാണിഗ്രഹം ചെയ്തവന്‍. ആദ്യ ഭാര്യയുടെ വിയോഗം അയാളെ പലപ്പോഴും വിചിത്രസ്വഭാവമുള്ളവനാക്കി . പലപ്പോഴും മൌനത്തിലേക്ക്‌ വഴുതി വീഴും. ചിലപ്പോള്‍ മുറിയടച്ചു എല്ലാത്തില്‍ നിന്നും അകന്നിരിക്കും. എന്നാലും ചന്തുവിനും ഹിരണിനും ഇടയിലെ ലോകത്തില്‍ ഒരു കടന്നുകയറ്റം ഒരിക്കലും നടത്തിയില്ല അയാള്‍.

ഹിരണിന്റെ സ്നേഹത്തിനായുള്ള വിങ്ങല്‍ പലപ്പോഴും അയാള്‍ മനസ്സിലാക്കാതെ പോയി എന്ന് ഹിരണിനു തോന്നി. അവള്‍ക്കാവശ്യം ഒരു രക്ഷകര്‍ത്താവിനെ

ആയിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ , അവളുടെ മനസ്സിനെ പിടിച്ചു നിര്‍ത്താതെ അയാള്‍ അവര്‍ക്ക് വേണ്ടി എല്ലാം ചെയ്തുകൊടുത്തുകൊണ്ടേയിരുന്നു.

ബാലുവും ചന്തുവും പോയപ്പോള്‍ നിര്‍ജീവമായ വില്ലായുടെ പുറത്തേയ്ക്ക് ഹിരണ്‍ കണ്ണോടിച്ചു. പുറത്തെ പച്ചപ്പിന്റെ അഭാവം പോലെ , ഉള്ളിലും വരണ്ടുണങ്ങിയ തരളത. മെല്ലെ അവള്‍ മൊബൈലിലെ സന്ദേശങ്ങള്‍ ശ്രദ്ധിച്ചു. എന്തോ റാമിന്റെ പ്രൊഫൈലില്‍ കേറി നോക്കാന്‍ മനസ്സ് വ്യഗ്രമായി . “ തിളങ്ങുന്ന കണ്ണുകള്‍ക്കും സുന്ദരമായ മുഖത്തിനുമപ്പുറം എന്തോ അവളില്‍ തറച്ചുകയറിക്കൊണ്ടേയിരുന്നു.

അല്പം അകലെ ഓഫീസിലെ മുന്തിയ കാബിനുകളിലോന്നില് , കഴിഞ്ഞുപോയ യോഗാ ക്ലാസ്സിന്റെ ഫോട്ടോകള്‍ സ്ക്രോള്‍ ചെയ്തു നോക്കുന്നുണ്ടായിരുന്ന റാമിന്റെ കണ്ണുകളും ഒരു മുഖത്തില്‍ തന്നെ ഉടക്കിനിന്നു.

ഏതാണ്ട് ഒരേ സമയം റാമും ഹിരന്മയിയും ആദ്യമായി പരസ്പരം സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. അയാളുടെ വ്യക്തിത്വത്തിന്റെ ആശ്വമേധത്തില്‍ ഹിരണിന്റെ മനസ്സിന്റെ അതിര്‍ത്തികള്‍ നേര്‍ത് നേര്‍ത്തു ഇല്ലാതായി.

ഭൂതകാലത്തിന്റെ കറുത്ത് മരവിച്ച ഓര്‍മകളുടെയും റാം ഹിമപര്‍വത്തില്‍ നിന്നും ഉത്ഭവിക്കുന്ന ശുദ്ധമായ സ്നേഹത്തിന്റെ കുളിര്‍കാറ്റിന്റെയും ഇടയില്‍ പെട്ടു ഹിരന്മയി വിയര്‍ത്തു പോയി.

“ അച്ഛന്‍ എന്നു വരുമമ്മേ ?”

ക്ലാസ്സ്‌ കഴിഞ്ഞു വന്ന ചന്തുവിന്റെ പരിചിതസ്വരം അവളെ വര്‍ത്തമാനകാലത്തില്‍ തിരിച്ചെത്തിച്ചു.

*********

സൗദ വീട്ടുജോലികള്‍ തീര്‍ത്തിട്ട് കുളിക്കാന്‍ കയറി. ചുരുണ്ട് തോളോട് ചേര്‍ന്ന മുടിയിഴകളെ ജലബിന്ദുക്കള്‍ ഈറനില്‍ മുക്കി. എത്രയോ യുവാക്കള്‍ കണ്ണ് കൊണ്ട് തൊട്ടുഴിഞ്ഞ നിതംബ ഭംഗി നിലക്കണ്ണാടിയില്‍ അവയുടെ അനാഥത്വം വിളിച്ചോതി.

നങ്കൂരം നഷ്ടപ്പെട്ട കപ്പലിനെ പോലെ അവളുടെ മനസ്സ് ചിന്താമാലകള്‍ തട്ടി ശിഥിലമായി.

ദുര്‍ബലമായ തന്റെ ഗര്‍ഭാശയ ഭിത്തികളെ പോലെ, അവളുടെ കണ്ണീര്‍ ഗ്രന്ഥികളും പൊട്ടിയൊഴുകി.

എപ്പോഴും ആശ്വസിപ്പിക്കുന്ന ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ ബെന്നിയുടെ ആശ്വാസവാക്കുകള്‍ അവളോര്‍മ്മിച്ചു.

“സൌദാ, നിങ്ങലൊരിക്കല്‍ അമ്മയാകും.. നിങ്ങള്‍ക്ക് ദൈവം ഒരമ്മയുടെ മനസ്സിന്റെ കരുണയും സ്നിഗ്ദ്ധതയും തന്നിട്ടുണ്ട് . കാര്യമായ കുഴപ്പങ്ങള്‍ കാണുന്നില്ല .ശരീരം മനസ്സിനെ പിന്തുടരും നോക്കിക്കോളൂ” ആ സ്നേഹം നിറഞ്ഞ വാക്കുകളില്‍ സൗദ ജീവിതം നീട്ടിയെടുത്തു.

*********

പൊടുന്നനെ ആണ് ബാലുവിന്റെ മുത്തശ്ശി മരണക്കിടക്കയിലായത്.

എനിക്കെന്റെ ബാലുവിനെ അവസാനമായി കാണണം എന്ന വൃദ്ധവിലാപം ബാലുവിനെ കലുഷിതമാക്കി . ഭാര്യയേയും മകനെയും കുറച്ചു ദിവസത്തേയ്ക്ക് ഒറ്റയ്ക്കാക്കി ബാലു നാട്ടിലേയ്ക്ക് പുറപ്പെട്ടു.

ഹിരണിന്റെ ഫോണില്‍ റാമിന്റെ അന്വേഷണം എത്തി. ഒറ്റയ്ക്കാണ് പുതുസൌഹൃദം എന്ന് കേട്ട റാം കളിയായി ചോദിച്ചു.

“ അന്നത്തെ ഉണ്ണിയപ്പം ഒന്നും കൂടി ഉണ്ടാക്കാമോ ഹിരണ്‍ ? എനിക്ക് അന്ന് കഴിച്ചു മതിയായില്ല“

“ അതിനെന്താ റാം.. വൈകിട്ട് പോന്നോളൂ.. ചന്തുവിനും റാമിനും കൊതിതീരെ തരാമല്ലോ “ വാക്കുകള്‍ കൈ വിട്ടു പോകും പോലെ തോന്നി ഹിരണിനു.

*********

എപ്പോള്‍ വിളിച്ചാലും ബിസി കാണിക്കുന്ന റാമിന്റെ നമ്പറില്‍ നിന്നും കുതറി മാറി സൌദയുടെ വിരലുകള്‍ ഡോക്ടര്‍ ബെന്നിയുടെ സ്വകാര്യ നമ്പറിന്റെ സാന്ത്വനങ്ങളിലെയ്ക്ക് ചെന്നെത്തപ്പെട്ടു.

“ അതിനെന്താ സൗദ , എപ്പോളും സൌദയ്ക്ക് എന്നോട് എന്ത് വേണോ സംസാരിക്കാം. ക്ലിനിക്കില്‍ പ്രൈവസി കുറവാണെങ്കില്‍ വൈകുന്നേരം വീട്ടിലേയ്ക്ക് വരൂ. ഇന്ന് അതിഥികള്‍ ആരുമില്ല. അല്ലെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്ന മുരടന്‍ ഡോക്ടറിനു ഏതു അതിഥി വരാന്‍ ! ചെറിയ നര്‍മത്തിന്റെ മേമ്പൊടി ഇട്ട വാക്കുകള്‍ സൌദയില്‍ ചിരിയുണര്‍ത്തി.

വീടിന്റെ ചാവി പുറത്തു ഷൂ റാക്കിന്റെ രഹസ്യ അറകളില്‍ തിരുകി സൗദ വീട് വിട്ടിറങ്ങി. മിടിക്കുന്ന ഹൃദയത്തോടെ.

“ വരൂ സൗദ , ഇവിടെ ജോലിക്കാര്‍ ആരുമില്ല. എന്താ കുടിക്കാന്‍ വേണ്ടത് ?”

“ ഒന്നും വേണ്ട ഡോക്ടര്‍.എനിക്കൊരു കാര്യം പറയണം”

“ എന്താ സൗദ”

“ ക്ലിനിക്കിന്റെ നാല് ചുവരുകള്‍ക്ക് പോലും കേള്‍ക്കാന്‍ പാടില്ലാത്ത ഒരു കാര്യം ഉണ്ട് ഡോക്ടര്‍. “ സൗദ തല താഴ്ത്തി.

“എന്തായാലും പറയൂ” ഡോക്ടറിന്റെ കണ്ണുകള്‍ കൂടുതല്‍ വികസിച്ചതായി.

“ റാം സ്നേഹമുള്ളവനായിരുന്നു. സ്നേഹത്തിന്റെ പാരമ്യത്തിലും ഒരു സ്ത്രീ എന്ന നിലയില്‍ എന്നെ അയാള്‍ക്ക്‌ തൃപ്തനാക്കാന്‍ കഴിഞ്ഞിരുന്നില്ല” ഒഴുകിത്തുടങ്ങും മുന്‍പ് ഉറഞ്ഞുപോയ നീര്‍ച്ചാല്‍ പോലെ വിങ്ങിയ ആ നാളുകള്‍ സൌദയുടെ മനസ്സില്‍ മിന്നിമറഞ്ഞു.

“ എന്നിട്ടും ഈ കാര്യം ഒളിച്ചു വെച്ചു സൌദ ഈ അസ്ഥിയുരുകും ചികിത്സയ്ക്ക് ഇറങ്ങി തിരിച്ചു സൗദ ?”

“റാമിനെ ആരും കുറ്റം പറയരുത് ഉണ്ടാകരുത് എന്ന് കരുതി എല്ലാം സഹിക്കുകയായിരുന്നു”കണ്ണീര്‍ക്കുടങ്ങള്‍ പൊട്ടി.

“ സൗദ വിഷമിക്കണ്ട” തലകുനിച്ചു കരയുകയായിരുന്ന സൌദയുടെ ശിരസ്സില്‍ ഡോക്ടര്‍ ബെന്നിയുടെ കൈവിരലുകള്‍ നീണ്ട തലോടലുകള്‍ തീര്‍ത്തു. ആ കരസര്‍പ്പങ്ങള്‍ പുളഞ്ഞു പുളഞ്ഞു അവളുടെ തോളിലൂടെ ചുമലിലെക്കിറങ്ങി. അവിടെ നിന്നും അതവളുടെ മാറില്‍ വിഷദംശനങ്ങള്‍ ഏല്‍പ്പിച്ചു തുടങ്ങി.

ഒരു ഞെട്ടലോടെ ഡോക്ടര്‍ ബെന്നിയെ തള്ളിമാറ്റി സൗദ പുറത്തേക്കോടി.

അങ്ങ് ദൂരെ ട്യൂബുകളുടെയും ജീവന്‍രക്ഷാഉപകരണങ്ങളുടെയും തടവില്‍ കിടക്കുന്ന മുത്തശ്ശിയുടെ മുഖം അവസാനമായി കണ്ടു ബാലു ആശുപത്രിയുടെ പുറത്തെക്കിറങ്ങി. ചന്തുവിനു മലയാളം കോമിക്സും ഹിരണിനു ജീവനായ കാശ്മീരി പുതപ്പുകളും എവിടെകിട്ടുമെന്നു തിരയാന്‍.

ഏതാണ്ട് അതെ സമയത്ത് റാം ഓഫീസില്‍ നിന്നിറങ്ങി. നേരത്തെ നിശ്ചയിച്ചത് പോലെ റാമിന്റെ കാര്‍ ഹിരണ്‍മയിയുടെ സബ് അര്‍ബന്‍ വില്ലായുടെ ഗേറ്റ് കടന്നു. ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത നിര്‍വാണസൌഗന്ധിക പുഷ്പങ്ങളുടെ സുഗന്ധവും തേടി.

പണയം

പണയം

ദൈവപുത്രി

ദൈവപുത്രി