Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

കുപ്പിവളകൾ പറഞ്ഞത്

കുപ്പിവളകൾ പറഞ്ഞത്

തുലാവർഷപ്പച്ചനിറഞ്ഞ നെടുമ്പാശ്ശേരിയുടെ മണ്ണിൽ വിമാനം കിതച്ചു നിന്നപ്പോൾ അവളുടെ കണ്ണുകളിൽ ചെറിയൊരു നനവ് പടർന്നു.

ഈശ്വരാ, എന്ത് ധൈര്യത്തിലാണ് താൻ ഈ നാട്ടിൽ വന്നത്. ഇന്നലെ കഴിഞ്ഞ പോലെ എല്ലാം.. ഒരു പുലർകാലേ കണ്ടുണർന്ന സ്വപ്നത്തിന്റെ ചിറകിലേറി കാതങ്ങൾതാണ്ടി എന്തിനായിരുന്നു തിരികെയുള്ള ഈ യാത്ര? എടുത്തു ചാടി ഈ തീരുമാനം എടുക്കേണ്ടതില്ലായിരുന്നു. താൻ മറക്കാൻ ശ്രമിക്കുന്ന, എന്നാൽ ദിനംപ്രതി കൂടുതൽ തെളിഞ്ഞു വരുന്ന ചിത്രങ്ങൾ. ഇവിടെ എല്ലാവരും എന്നോടൊപ്പം എല്ലാം മറന്നിരിക്കുമോ?

 ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഒരു കാർ പിടിച്ചു തൻ്റെ കൊച്ചു ഗ്രാമത്തിലേക്ക്.........ഒരു കാലത്തു തൻ്റെ എല്ലാമായിരുന്ന തറവാട്ടിലേക്ക്.

പുറത്ത് ഇന്നലെപ്പെയ്തോഴിഞ്ഞുമറഞ്ഞ മഴയുടെ നനവ്. ഒരു തണുത്ത കാറ്റിൽ കണ്ണുകൾ തനിയെ അടഞ്ഞു. എ സി വേണ്ട എന്ന് ഡ്രൈവറോട് പറഞ്ഞത് തന്നെ ഈ കുളിർമ മുഖത്ത് തട്ടാനാണ്. കൃത്രിമത്തണുപ്പിൽ പുതച്ചു മൂടിക്കഴിഞ്ഞ പതിനാറു വർഷങ്ങൾ. ആ കരിമ്പടം കീറി മാറ്റി ഇന്നിതാ സുലേഖ ഭാസ്കർ പഴയ ശ്രീകുട്ടിയായി മാറുന്നു. ഒരു പൂമ്പാറ്റ പ്യൂപ്പയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ലാഘവത്തോടെ.

 അവളുടെ കണ്ണുകളിൽ ഒരു മഞ്ഞുതുള്ളി പോലെ ആ ഓർമ്മകൾ ചിറകടിച്ചു. തിളങ്ങുന്ന പാട്ടുപാവാടയിൽ തത്തിക്കളിച്ച ബാല്യം..തുമ്പികളെ പിടിച്ചും,അപ്പൂപ്പൻ താടി പറപ്പിച്ചും, മുത്തച്ഛന്റെ നെഞ്ചിലെ ചൂടിൽ കഥകൾ കേട്ടുറങ്ങിയും, മുത്തശ്ശിയുടെ കൈവിരൽതുമ്പിൽ തൂങ്ങി അമ്പോറ്റിക്കു മുന്നിൽ വണങ്ങി അതിരാവിലെ കെട്ടിയ തുളസിമാല ചാർത്താൻ കൊടുത്തും, വളർന്നു വന്ന നിഷ്കളങ്കയായ ശ്രീക്കുട്ടി. അമ്മ ചുട്ടുകൂട്ടിയ ദോശയുടെ സ്വാദ് എന്താണെന്നറിയാൻ അച്ഛൻ വാരിത്തരണമായിരുന്നു..എല്ലാവരും കൊഞ്ചിച്ചു വളർത്തിയ രാജകുമാരി, അതായിരുന്നു അവൾ. അവളുടെ എല്ലാ വികൃതികൾക്കും ശിക്ഷ വാങ്ങുന്ന ഒരു കൊച്ചു കൂട്ടുകാരനും അവൾക്കുണ്ടായിരുന്നു.അവളുടെ കുഞ്ഞേട്ടൻ. ശ്രീകുട്ടിക്ക് ഏറ്റവും ഇഷ്ടം കുഞ്ഞേട്ടനെയാണെന്നു പറഞ്ഞാൽ എന്തും സാധിച്ചു തരുമായിരുന്നു ആ പാവം.

അങ്ങനെ കളിച്ചു നടന്ന ബാല്യത്തിൽ നിന്നും കൗമാരത്തിന്റെ തുടിപ്പിലേക്കും പിന്നെ യൗവനത്തിന്റെ നിറത്തിലേക്കും അവൾ ചുവടു വെച്ചപ്പോൾ ആ കളിചിരികളുടെ അർഥം മാറി..ആദ്യത്തെ മുഖക്കുരു കവിളിൽ കണ്ട സങ്കടം കൊണ്ട് അമ്മുചേച്ചിടെ കല്യാണം കൂടില്ലെന്നു പറഞ്ഞു വാശി പിടിച്ച ശ്രീക്കുട്ടിയുടെ കവിളിൽ നുള്ളിക്കൊണ്ട് അവൻ പറഞ്ഞു. എന്റെ ശ്രീകുട്ടിക്ക് കണ്ണ് പെടാതിരിക്കാനാ ഈ മുഖക്കുരുവിന്റെ കുഞ്ഞുപാടുകൾ. ആരും കാണാതെ ആ മുഖക്കുരുവിനെ താലോലിക്കുമായിരുന്നു അവൾ പിന്നീടെന്നും.

ആദ്യമായി ദാവണി ചുറ്റിയ ദിവസം കയ്യിൽ ആരും കാണാതെ ഇട്ടു തന്ന ചുവന്ന കുപ്പിവളകൾ, പിന്നെന്നോ അമ്പലമുറ്റത്തെ ആൽത്തറക്കു താഴെ നിന്ന് ചാർത്തിയ ചന്ദനത്തിന്റെ തണുപ്പ്, കാവിൽ വിളക്കു വെക്കുന്ന അവൾക്കു പേടി മാറാൻ  ആരും കാണാതെ കൂട്ട് നിൽക്കുന്നത് കണ്ട മൺചെരാത്.  ഒക്കെയും ആ  പ്രണയത്തിനു സാക്ഷികളായി.

ടൗണിലെ കോളേജിൽ ഉയർന്ന വിദ്യാഭാസം തേടി പോയപ്പോളും അവനു താല്പര്യം നാട്ടിൽ ജന്മിത്വം വിളിച്ചോതുന്ന വയലും പറമ്പും സംരക്ഷിക്കലായിരുന്നു. അവരുടെ കല്യാണക്കാര്യം വീട്ടിൽ ചർച്ചയായത് വളരെപ്പെട്ടെന്നായിരുന്നു. മുറപ്രകാരമുള്ള കല്യാണം അന്യം നിന്നിട്ടൊന്നുമില്ല ഏട്ടാ..അവനു അവളെ മതി എന്ന് അപ്പച്ചി വന്നു പറഞ്ഞതും ജാതകം ചേർത്ത് വെച്ച്  അച്ഛൻ തീരുമാനിച്ചതും എല്ലാം അവൾ അറിയാതെ ആയിരുന്നു.

അത്തവണ അവൾ അവധിക്കു വന്നത് ഒരു സന്തോഷ വർത്തയുമായാണ്..തനിക്കു ദൂരെ ഒരു വലിയ കമ്പനിയിൽ ജോലി കിട്ടിയിട്ടുണ്ട്..രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ജോയിൻ ചെയ്യണം..അപ്പോളേക്കും റിസൾട്ടും വരും..എന്തായാലും കോഴ്സ് കഴിഞ്ഞല്ലോ. സന്തോഷം കൊണ്ട് എല്ലാവരും മതി മറന്നപ്പോളാണ് 'അമ്മ അക്കാര്യം പറഞ്ഞത്..മോളെ കുഞ്ഞനോടൊന്നു ചോദിച്ചിട്ടാവാം..അവൻ ഇവിടത്തെ കാര്യങ്ങളൊക്കെ വിട്ടു അങ്ങോട്ടൊക്കെ വരൊ.

അവളുടെ കണ്ണുകൾ ജ്വലിച്ചു. എന്റെ കാര്യങ്ങൾ മറ്റൊരാളോടെന്തിന് ചോദിക്കണം. അയാൾ എന്റെ ആരാ. 

പടി കടന്നു വന്ന അവന്റെ കാതിൽ തീക്കനൽ പോലെ ആ വാക്കുകൾ വന്നു പതിച്ചു. ഒരു നിമിഷം ആ പടിക്കൽ നിശ്ചലം നിന്ന ആ കാലുകൾ പുറകോട്ടു മെല്ലെ വലിഞ്ഞു. പാടത്തിനു നടുവിലെ വഴിയിൽ ഉച്ചചൂടേറ്റു വാടിയ നെൽനാമ്പുകൾ  അവന്റെ കണ്ണുനീരിനു കൈലേസായി. നീർക്കണങ്ങളാൽ  മങ്ങിയ കണ്ണുകളിൽ  അവളുടെ അകൽച്ച തെളിഞ്ഞു വന്നു. കുഞ്ഞേട്ടാ എന്ന വിളികളിൽ വന്ന മാറ്റം, തൊട്ടുരുമ്മി നടക്കാൻ കൊതിച്ച ഇടനാഴികളിൽ ഇഴഞ്ഞു വീണ ഇരുട്ട്, അവധികൾക്കിടയിലെ ദൈർഖ്യം, അങ്ങനെ പലതും..അവൾ സമ്മാനിച്ച ആദ്യ ചുംബനത്തിന്റെ ചൂട് അവന്റെ നെഞ്ചിൽ കിടന്നു പൊള്ളി.പതുക്കെ അവൻ തൻ്റെ മാളത്തിലേയ്ക്ക് ഉൾവലിയപ്പെട്ടു.  കുറെ ഓർമകളുമായി...

പിറ്റേ ദിവസം ആ വീടുണർന്നതു ഒരു നിലവിളിയോടെയാണ്.. പഞ്ചവർണ്ണക്കിളിയുടെ പാട്ടു നിലച്ച കൂടു പോലെ അവളുടെ മുറിയും, അവിടെ അവൾ ഉപേക്ഷിച്ച കുപ്പിവളകളും അനാഥമായി കിടന്നു.

പതിയെ അവൾ സുലേഖ ഭാസ്കർ എന്ന പരിഷ്കാരത്തിന്റെ കുപ്പായം എടുത്തണിഞ്ഞു. ഭാസ്കർ എന്ന തൻ്റെ കാമുകനോടൊപ്പം ഓടിപ്പോയ രാത്രിയെക്കുറിച്ചോർത്ത് അധികമൊന്നും അവൾ പരിതപിച്ചില്ല. അഞ്ചാറു വർഷങ്ങൾ അങ്ങനെ അവർ മറ്റൊരു രാജ്യത്തു സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തു കൊണ്ട് കഴിഞ്ഞു. കോടീശ്വരനായ ഭർത്താവിന്റെ പത്നിയായി വലിയ ഒരു ഉദ്യോഗസ്ഥയായി  അവൾ തൻ്റെ ജീവിതം ആഘോഷിച്ചു.  എന്നാൽ മിക്ക രാവുകളിലും അവൾ പഴയ ശ്രീക്കുട്ടിയായി. നനുത്ത പ്രഭാതങ്ങളിൽ പലപ്പോഴും കുപ്പിവളകൾ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു.

പൊട്ടിത്തകർന്ന കുപ്പിവളകളിൽ നിന്നും രക്തം ഇട്ടു വീഴുന്നത് കണ്ടു കരഞ്ഞിട്ടുണ്ട്. ആ രക്തം തൻ്റെ ഹൃദയത്തിൽ കോറി വരച്ച മുറിവിൽ നിന്നാണോ എന്നോർത്ത് വിതുമ്പാറുണ്ട്..ഏതോ ഒരു കോണിൽ മൺചെരാതും, കുപ്പിവളകളും, ഇടനാഴിയും, അമ്പലവും, കാവും മായാതെ കിടന്നു.

ചായം തേച്ച സ്നേഹത്തിൽ നിന്നും തെളിനീർ തുളുമ്പുന്ന പ്രണയം ഉതിർന്നു മാറ്റാൻ അവൾക്കു പതിനാറു വർഷങ്ങൾ വേണ്ടി വന്നു. അങ്ങനെ വീണ്ടും തന്റെ മണ്ണിലേക്ക്. തറവാടിന്റെ മുറ്റത്തു ടാക്സി വന്നു നിന്നപ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞു. അഹങ്കാരത്തോടെ തലയുയർത്തി നിന്നിരുന്ന മേലെക്കൽ തറവാട് ദൂരെ നിന്നും ഒരു പ്രേതഭവനം പോലെ തോന്നിച്ചു.

കാട് പിടിച്ചു കിടക്കുന്ന് വീടും ചുറ്റുപാടും. അവളുടെ നെഞ്ചിൽ ഒരു സൂചിമുന തറഞ്ഞു കയറി..അച്ഛൻ, അമ്മ, എവിടെ അവരെല്ലാം..പണ്ടൊരിക്കൽ ഫോൺ വിളിച്ചപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിലുണ്ട്.."ദയവു ചെയ്തു ഇനി നീ വിളിക്കരുത്..വളർത്തി വലുതാക്കിയ ഒരു നിമിഷമെങ്കിലും ഓർമയിൽ ഉണ്ടെങ്കിൽ ഞങ്ങളെ ഇനി ബുദ്ധിമുട്ടിക്കരുത് .."

അതിനു ശേഷം പത്തു പന്ത്രണ്ടു വർഷമായി..അവരെല്ലാം എവിടെപ്പോയി. അവളുടെ ശിരസ്സിലൂടെ ഒരു മരവിപ്പ് താഴേയ്ക്ക് പടർന്നിറങ്ങി. കാവും കുളവും ജീർണിച്ചു കിടക്കുന്നു. പടിപ്പുര ഇപ്പോൾത്തന്നെ പൊളിഞ്ഞു വീഴുമെന്നു തോന്നും. അപ്പൂപ്പന്റെ ചാരുകസേര കാലൊടിഞ്ഞു ഒരു മൂലയ്ക്ക് കിടക്കുന്നു. പൂമുഖത്തു തൂക്കുവിളക്കിന്റെ കൊളുത്തു ആരെയോ കാക്കുന്നത് പോലെ തോന്നി. തൊടിയിലേക്കിറങ്ങിയപ്പോൾ അവളുടെ കാലുകൾ വിറച്ചു. പിച്ച വെച്ച് നടന്ന വഴികൾ അവൾക്കു അപരിചിതമായി തോന്നി. പെട്ടെന്ന് അങ്ങ് ദൂരെ അവൾ അത് കണ്ടു. വാരി വരിയായി നാല് അസ്ഥിത്തറകൾ. ചുറ്റും കാട് പിടിച്ചു കിടക്കുന്നു. .പക്ഷെ അതിൽ കെട്ടു പോയ തിരിയും ഇറ്റു  വീഴുന്ന എണ്ണയും. ഉള്ളിൽ നിന്ന് അറിയാതെ ഒരു തേങ്ങൽ. സന്ധ്യ മയങ്ങാറായിരിക്കുണൂ. അവൾ മെല്ലെ പൂമുഖത്തേക്കു കയറി. എന്ത് ചെയ്യും എന്ന് ഒരു രൂപവുമില്ല. പെട്ടെന്ന് പിന്നാമ്പുറത്തൊരു കാലൊച്ച കെട്ടു.

തന്റെ കണ്ണുകളെ അവൾക്കു വിശ്വസിക്കാനായില്ല. കയ്യിൽ എണ്ണയും വിളക്കുമായി ഒരാൾ. മെലിഞ്ഞുണങ്ങി താടിയും മുടിയുമായി ഒരു ഭ്രാന്തൻ. അയാൾ അസ്ഥിത്തറയിൽ വിളക്ക് വെക്കുന്നു. അവൾക്കു ഭയം തോന്നി. അയാൾ പതുക്കെ കാവിനരികിലേക്കു നീങ്ങി. അവൾ പതിയെ പിന്നാലെ ചെന്നു. അവിടെ അയാൾ ചെരാതുകൾ തെളിയിക്കുന്നു. അവളുടെ തേങ്ങൽ കേട്ടു അയാൾ തിരിഞ്ഞു നോക്കി. ജീവൻ നഷ്ടമായിക്കൊണ്ടിരുന്ന ആ കണ്ണുകളിൽ പൊടുന്നനെ വെളിച്ചം നിറഞ്ഞതുപോലെ.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ക്ലാവ് പിടിച്ച നാഴികമണിയിലെ നാവു പോലെ  മെല്ലെ മെല്ലെ അയാളുടെ നാവുകൾ ചലിച്ചു.."ശ്രീക്കുട്ടി........ "

കാലം തന്റെ കരവിരുത് കാണിച്ച ആ മുഖം കാലമിത്ര കഴിഞ്ഞിട്ടും അയാൾക്കു  ഒരു ചെറിയ സംശയം പോലും തോന്നിയില്ല..അവൾ കരഞ്ഞു കൊണ്ട് അയാളുടെ അടുത്തേയ്ക്ക് ഓടിയെത്തി നെഞ്ചോട് ചേർന്നു നിന്നു. കണ്ണുകളിൽ നിന്നും തീരാനഷ്ടങ്ങളുടെയും കൊടിയ പശ്ചാത്താപത്തിന്റെയും  നൊമ്പരം അണപൊട്ടിയൊഴുകി.

"അഭിനയിച്ചു മടുത്തു കുഞ്ഞേട്ടാ, എനിക്ക് ഒരു ദിവസമെങ്കിലും ആ പഴയ ശ്രീക്കുട്ടിയാവണം"

അയാളുടെ ചുണ്ടുകളിൽ ഒരു ചിരി തെളിഞ്ഞു.

അവർ ഒരുമിച്ചു കാവിൽ വിളക്ക് തെളിച്ചു. തിരിച്ചു വരുമ്പോൾ അവളുടെ കയ്യിൽ കോറി വലിച്ച മുൾച്ചെടി അയാൾ പതിയെ പിഴുതെടുത്ത് കളഞ്ഞു. നീറുന്ന കയ്യിൽ അപ്പച്ചെടി തേച്ചു. കുഞ്ഞേട്ടന് ഒരു മാറ്റവുമില്ല. അവൾ കൊഞ്ചി. പൂമുഖത്തിരുന്ന് കഥകൾ പറഞ്ഞു ..അയാൾ തന്റെ മടിയിൽ നിന്നും പഴയ കുറെ കുപ്പിവളകലെടുത്ത് അവൾക്കു നൽകി. അവൾ ആശ്ചര്യപ്പെട്ടു. ഞാൻ വരുമെന്ന് എങ്ങനെ അറിഞ്ഞു. എന്നെങ്കിലും നീ വരുമെന്ന് എനിക്കറിയാമായിരുന്നു. അവൾ പൊട്ടിക്കരഞ്ഞു. അവളുടെ കവിളിൽ നുള്ളിക്കൊണ്ടു അവൻ വിളിച്ചു, ശ്രീക്കുട്ടി...

ആ രാത്രി പുലർന്നപ്പോൾ അവൾ ഞെട്ടി എണീറ്റു. മുന്നിൽ ഒരാൾ. :ആരാ..എവിടുന്നാ..", ഞാൻ സുലേഖ..ഇവിടത്തെ ആണ്. കുറെ കാലായി വന്നിട്ട്."

"ഓ..മനസ്സിലായി..മനസ്സിലായി..കുറെ കേട്ടിരിക്കുന്നു..പരിഹാസം തുളുമ്പുന്ന വാക്കുകളിൽ അയാൾ പറഞ്ഞു."

"ഇവിടെ കുഞ്ഞേട്ടൻ ഉണ്ടാരുന്നു..അല്ല..ഉണ്ണികൃഷ്ണൻ..മേലേടത്തെ ലക്ഷിയമ്മേടെ മകൻ..ഇപ്പൊ കാണാനില്ല".

"നിങ്ങൾ എന്തൊക്കെയാ പുലമ്പുന്നത്..അയാളൊക്കെ മരിച്ചിട്ടു നാലഞ്ചു വർഷമായി..അവരുടെ  വീടൊക്കെ വിറ്റു".

മനസ്സിലാകെ കറുപ്പ് നിറം പടർന്നതുപോലെ. മുന്നിൽ കാണുന്നതൊക്കെ കറുത്ത് ചടച്ച നിഴൽരൂപങ്ങൾ. 

"ഈ വീടും ഇങ്ങനെ കിടക്കുകയാ..പാമ്പും പഴുതാരയും  നിറഞ്ഞു വൃത്തിയാക്കാൻ പോലും ആരുമില്ല..ഉണ്ണി മരിക്കും വരെ എന്നും വന്നു വൃത്തിയാകുമായിരുന്നു..നാലഞ്ചു വർഷം മുന്നേ എന്തോ ഒരു പനി വന്നാണയാൾ മരിച്ചത്."

"നിങ്ങൾ പോകുമ്പോ ഇതൊന്നു വിറ്റിട്ടു പൊക്കൊളു"

അയാൾ വീണ്ടും എന്തെല്ലാമോ പറഞ്ഞു. താൻ സ്വപ്നം കാണുകയായിരുന്നോ..പക്ഷെ അസ്ഥിത്തറയിൽ എണ്ണ വറ്റിയിരുന്നില്ല അപ്പോഴും.

പൂമുഖത്തു പൊട്ടി വീണ കുപ്പിവളത്തുണ്ടുകൾ. അവളുടെ കൈത്തണ്ടയിൽ അപ്പയുടെ പച്ച നിറം ..നീറുന്നു കൈത്തണ്ട. അവൾ തിരിച്ചു പോവാനെണീറ്റു. വീണ്ടും സുലേഖ ഭാസ്കറിന്റെ കുപ്പായം എടുത്തണിയാൻ തയ്യാറെടുത്തു. മനസ്സ്  മുഴുവൻ കലങ്ങി മറിഞ്ഞിരിക്കുന്നു. തിരിഞ്ഞു നോക്കവേ പൂമുഖത്തു അയാളുടെ നിഴൽ രൂപം തെളിഞ്ഞു വന്നു. പൊട്ടിക്കിടന്ന കുപ്പിവളകളിൽ നിന്നും രക്തം ഇറ്റിറ്റു വീഴുന്നു. കാവിൽ അപ്പോളും കാലൊച്ചകൾ നിലച്ചിരുന്നില്ല. അങ്ങ് ദൂരെ അസ്ഥിത്തറയിൽ ഒരു തിരി തെളിഞ്ഞു നിന്നു. വീണ്ടും ആർക്കോ വേണ്ടി കാതോർത്ത്. കണ്ണും നട്ട്...

 

ഒഴുകിനടക്കുന്നവർ

ഒഴുകിനടക്കുന്നവർ

അവസാനത്തെ ദുരന്തം

അവസാനത്തെ ദുരന്തം