Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

പറഞ്ഞു മറന്ന കഥ

പറഞ്ഞു മറന്ന കഥ

സ്നേഹനൊമ്പരങ്ങളുടെ ചില്ലുകൂട്ടിൽ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങൾ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്‌. പ്രവാസത്തിന്റെ ചില്ലറ നീറ്റലുകൾക്കുമപ്പുറത്ത്‌ വേർപാടിന്റെ നൊമ്പരങ്ങൾ ഉപ്പുതൂണുകളെ ഓർമ്മിപ്പിക്കവണ്ണം ചിന്തകളിൽ എന്നും കൂട്ടിനുണ്ടായിരുന്നു. സ്വപ്നങ്ങളുടെ കൂടെ ബാല്യത്തിന്റെ പാതയോരം ചേർന്നുനടക്കുമ്പോൾ ആയതിനു കാരണഭൂതനായവനിൽ സ്വയം അലിഞ്ഞില്ലാതാവുന്ന അവസ്ഥ, എല്ലാം പൊടിഞ്ഞൊന്നാകുന്നതുപൊലെ. ബാല്യത്തിലെ ആകാശങ്ങൾക്കു വലിപ്പം കുറവായിരുന്നു, ഏറിയാൽ ഒരു ചെമ്മൺപാതയുടെ നീളവും വീതിയും അല്ലെങ്കിൽ മരമൊഴിഞ്ഞ ഒരു റബ്ബർക്കാടിന്റെ ചതുരവിന്യാസത്തിൽ.

ശാന്ത സമുദ്രത്തിന്റെ തിരയിളക്കങ്ങളെ കരയിൽ നിന്നും വേർതിരിക്കുന്ന നീലമലകളുടെ താഴ്വര, ഉരുക്കും ചില്ലുകളും കൊണ്ടു മനോഹരമാക്കിയ സ്തംഭതുല്യ ഹർമ്യങ്ങളിൽ മനുഷ്യൻ എറുംബുകളെപ്പൊലെ പണിയെടുക്കുന്നു, അന്യഗ്ഗ്രഹ ജീവികളെപ്പോലെ അഭിവാദനം ചെയ്യുന്നു, നിറംമങ്ങിയ ചേഷ്ടകൾ. മരുഭൂമിയും മഹാസമുദ്രവും മാമലകളും ഒരുമിക്കുന്ന മറ്റൊരു ത്രിവേണി . മരുഭൂമിയൊടുചേർന്ന പർവതശിഖരങ്ങളിൽ വളരാൻ മടിച്ചു കരിഞ്ഞു തുടങ്ങിയ കറുകപ്പുല്ലുകൾ കടലോമലനിരകളിലെ പച്ചപ്പുകണ്ടു തേങ്ങിയതുപോലെ, പർവതങ്ങൾ തളിർക്കുന്ന വർഷമാസങ്ങൾക്കായ്‌ കാത്തിരിക്കുന്നതുപൊലെ. ആകാശങ്ങൾക്കു വലിപ്പം വച്ചു തുടങ്ങിയിരിക്കുന്നു, ഇന്നത്‌ നീണ്ടു പരന്ന്‌ ശാന്ത സമുദ്രത്തിന്റെ വടക്കു കിഴക്കെ ഉള്ളുമുതൽ അങ്ങു ഹോവി മരുഭൂമിയുടെ തെക്കെ അറ്റംവരെ പരന്നുകിടക്കുന്നു.

അയാൾ പുറത്തെയ്ക്കിറങ്ങി, ഇടനാഴികൾ പിന്നിട്ടു വലത്തേ അറ്റത്തെ ലിഫ്റ്റിനെ ലക്ഷ്യമാക്കി, എതിരെ പോകുന്നവർക്കു തടസ്സമുണ്ടാക്കാതെ പതിയെ നടന്നു. പതിമൂന്ന്‌, …… അഞ്ച്‌, അഞ്ചാം നിലയുടെ തുറവിയിലെയ്ക്കയാൾ ഇറങ്ങി, താഴെ അലമദിൻ ബൊളിവാഡും പാർക്ക്‌ അവന്യുവും ഒന്നിക്കുന്നു. നിരത്തുകളിൽ ഇടതടവില്ലാതെ ഒഴുകുന്ന പലവർണ്ണങ്ങളിലുള്ള ചെറുതും വലുതുമായ വാഹനങ്ങൾ, ഒരിക്കലും അവസാനിക്കാത്ത യാത്രകൾ. നാട്ടിൻപുറത്തെ ഇടുങ്ങിയ പാതയോരത്തെ റബ്ബർക്കാടുകളിലേയ്ക്കു തുറക്കുന്ന കൂറ്റൻവാതിലുകളുടെ പായൽ പിടിച്ച കെട്ടിൽ വെറുതെകിടന്നു നേരം പോക്കിയ സന്ധ്യകളിൽ, അതിർഭിത്തികളിൽ നിന്നടർന്നുവീണ തേക്കിൻ പൂവുകൾ നിരത്തിലുടയാതെ കിടക്കുമായിരുന്നു, പുലർകാല സഞ്ചാരികൾക്കുവിരിച്ച വെളുത്ത പരവതാനിപോലെ.

ഹെരിട്ടജ്‌ കെട്ടിടസമുച്ചയങ്ങൾക്കിടയിലൂടെ കിഴക്കോട്ടു നോക്കിയാൽ വേനലിന്റെ വറുതി കാണാം, കരിഞ്ഞു തീരാറായ സാൻ ജോസ്‌ പട്ടണത്തിലെ ദാരിദ്ര്യത്തിന്റെ ബാഹ്യ അടയാളങ്ങൾ. ഉണ്മയെ ഉൾക്കൊള്ളുവാൻ കഴിയാത്തവണ്ണം സാന്ത ക്ളാര തെരുവിലെ അംബരചുംബികൾ തലയെടുപ്പോടെ നിൽക്കുന്നു. `ഇറങ്ങിയേക്കാം`, അയാൾ പതിയെ പിറുപിറുത്തു. വെള്ളിയാഴ്ച്ചയല്ലെ, സ്ഥിരം ജോലിക്കാരൊക്കെ നാലുമണിയാകാൻ കാത്തിരിക്കും, പിന്നെ ഒരൊട്ടമാണ്, എവിടെയൊ എത്തിപ്പെടാനുള്ള നെട്ടോട്ടം. പക്ഷെ അയാളൊരു കൊണ്ട്രാക്റ്റർ ആണ്‌, കുറച്ചു കാലത്തേയ്ക്കുമാത്രം വിളിക്കപ്പെട്ടവൻ, കാലവധി പൂർത്തിയാക്കിയാൽ മടങ്ങണം. “ഈ ജീവിതം തന്നെ...”. അയാൾ പതിയെ നൂറ്റിമുപ്പത്തിനാലാം മുറിയിലേക്കു കയറി. അടുത്ത മുറിയിൽനിന്ന്‌ വിയറ്റ്നാംകാരനായ അയാളുടെ മാനേജർ ആരോടൊ ഉറക്കെ സംസാരിക്കുന്നു. പാതിയുയർത്തിയ ജനാലമറയിലൂടെ നെടുകെയും കുറുകെയും പോകുന്ന വാഹനങ്ങളും നോക്കി അയാളിരുന്നു. അന്തർസംസ്ഥാന പാതയോരത്തെ ആപ്പിസുമുറിയും ഇരുവശങ്ങളിലെ പാതിയുയർത്തിയ ചില്ലുജാലകങ്ങളും അയാൾക്ക്‌ ഒരുതരം പ്രഹേളികപൊലെ തോന്നി. എക്സ്പ്രെസ്‌ പാതയിലെ ചെറുതും വലുതുമായ വാഹനങ്ങൾ ജന്മാന്തരങ്ങളിലൂടെ ഓടിമറയുന്ന തലമുറകളായി, നേർപാതയിൽ പിടിച്ചുനിർത്തുന്ന നിരത്തിലെ വെളുത്ത വരകൾ പഴയതിന്റെ പൊടിഞ്ഞുതുടങ്ങിയ ഓർമകളിലേയ്ക്കു അയാളെ വലിച്ചുകൊണ്ടു പോകുന്നതുപോലെ.

പകലിന്റെ പ്രകാശം കുറഞ്ഞു വന്നുകൊണ്ടിരുന്നു. കിഴക്കെ ടവറിന്റെ നിഴലുകൾ അലമദിൻ റോഡും കടന്ന്‌ ഹെരിട്ടജ്‌ കെട്ടിടത്തിന്റെ പാതിയിലെത്തിനിൽക്കുന്നു. ഒന്നിനെ മറ്റൊന്ന്‌ മറയ്ക്കാൻ ശ്രമിക്കുന്നതുപോലെ. കുഞ്ഞുന്നാളിൽ അമ്മയുടെ പഴയ സാരിത്തുണികൾ പടിഞ്ഞാറെത്തിണ്ണയിൽ വലിച്ചുകെട്ടി സന്ധ്യയ്ക്കു നിഴൽ നാടകം കളിച്ചതും, എണ്ണവിളക്കൂതിയണച്ച്‌ ജാലകവാതിലിലൂടെത്തിനോക്കിയ ചാന്ദ്രിക വെളിച്ചത്തിൽ എട്ടത്തിയെ പേടിപ്പിച്ചതും അയാൾക്കിന്നും ഓർമ്മയുണ്ട്‌. റബ്ബർക്കാടുകളിലൂടെയുള്ള ഇരുട്ടിന്റെ മറപിടിച്ചുള്ള യാത്രകൾ എന്നും ഭയമുളവാക്കുന്നവയായിരുന്നു. വായനശാലയിൽ നിന്നുള്ള രാത്രിമടക്കത്തിനു അങ്ങൊട്ടുള്ളതിലും തിടുക്കവുമുണ്ടായിരുന്നു, കണ്ണുകൾ ആരോ മുന്നോട്ടു പിടിച്ചുകെട്ടിയതുപൊലെ, ഇരുപുറവും നോക്കാതെ ഒരൊറ്റയോട്ടം.

വെറുതെ ഈ – പത്രങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ടിരുന്നപ്പൊഴാണു വാതില്പ്പുറത്ത്‌ പരിചയമുള്ള ഒരു സ്വരം കേട്ടത്‌, `മി . രമേശൻ, പ്ളീസ്‌ കം`. അയാലുടെ മാനേജർ. രണ്ടു കുട്ടികളുണ്ടയാൾക്ക്‌, രണ്ടാമൻ സ്റ്റാൻഫൊർഡ്‌ സർവ്വകലാശാലയിൽ ഉന്നതപഠനം നടത്തുന്നു. ട്രങ്ങ്‌ ഫം നെ കാണുമ്പൊഴൊക്കെ അയാൾക്ക്‌ ഓർമ്മവരുന്നത്‌ ഒന്നാം വർഷ ബിരുദത്തിനു നടുവിലത്തെ നിരയിലിരുന്ന സെബാസ്റ്റ്യനെയാണു, പ്രി-ഡിഗ്ഗ്രിയുടെ മുഴുവൻ ദിവസ്സങ്ങളിലും ക്ഷൗരം ചെയ്തിട്ടും മീശമുളയ്ക്കാതിരുന്ന പറമ്പിൽ സെബാനെ. ട്രങ്ങ്‌ ഇടയ്ക്കു വിളിയ്ക്കാറുണ്ടയാളെ. അടുത്തിടെ പോയ ഉഷ്ണകാല യാത്രകളുടെ കടൽത്തീര കഥകൾ പറയാനോ, അവസാനിക്കുവാൻ പോകുന്ന കോണ്ട്രാക്റ്റിന്റെ പുതുക്കിയ തിയതി വിവരങ്ങളേക്കുറിച്ച്‌ സംസാരിക്കുവാനോ മറ്റോ. ഒരു ചെറിയ മൗനത്തിന്റെ അവസാനം ട്രങ്ങ്‌ പറഞ്ഞു തുടങ്ങി, പിന്നീട് അദ്ദേഹം കാണിച്ച അസാധാരണമായ തിടുക്കം രമേശനിൽ എന്തോ ഒരു തരം കൗതുകമുളവാക്കി. എന്തൊക്കെയൊ പറഞ്ഞവസാനിപ്പിക്കാൻ ട്രങ്ങ്‌ പ്രയാസപ്പെടുന്നതുപോലെ. “സി മിസ്റ്റർ രമേഷ്‌ പൊതുവാൾ, കമ്പനി ഡിഡ്നോട്ട്‌ റീച്ച്‌ ദി സെക്കന്റ്‌ ക്വാർട്ടർ എക്സ്പെക്ടേഷൻസ്‌ ആൻഡ്‌ അസ്‌പെർ ടുഡേസ്‌ സി.ഇ.ഒ ചാറ്റ്‌, വി ഹാവ്‌   ഡിസിഷൻറ്റു കട്ട്‌ ഡ്ൺ അവർ സ്റ്റ്രെങ്ങ്ത്‌. അൺഫൊർചുനേറ്റ്ലി, യു ആർ വൺ എമങ്ങ്‌ ദെം. താങ്ക്സ്‌ ഫോർ യുവർ സർവീസസ്‌”. ഒന്നും മനസ്സിലാകാത്തതുപൊലെ രമേശൻ ഇനിയും മീശമുളയ്ക്കാത്ത ട്രങ്ങിന്റെ വടുക്കൾ നിറഞ്ഞ മുഖത്തേയ്ക്ക്‌ നോക്കി, പതിയെ കണ്ണൂകൾ ചില്ലുജാലകങ്ങൾ തുളച്ച്‌ എൺപത്തിയേഴാം എക്സ്പ്രെസ്‌ നിരത്തിന്റെ രണ്ടാം പകുതിയിലെത്തിനിന്നു, വാഹനങ്ങൾ താഴ്വരയെ പടിഞ്ഞാറോട്ടു തട്ടിമാറ്റി കണ്മുൻപിൽനിന്നും ഓടിമറഞ്ഞുകൊണ്ടിരിക്കുന്നു.

അധികമൊന്നും തിരികെ നൽകാനയാൾക്കില്ലായിരുന്നു, ഒരു ഐ.ബി.എം തിങ്ക്പാഡ്‌ ലാപ്ടൊപ്പും പിന്നെ കുറച്ചു റെഫെറൻസ്‌ പുസ്തകങ്ങളും, ഒക്കെ വളരെപ്പെട്ടന്നു കഴിഞ്ഞു, മറ്റാരാലോ തട്ടിമാറ്റപ്പെടുന്നതുപൊലെ. ഇറങ്ങി വന്ന വഴിയിൽ കണ്ട ചിരപരിചിതങ്ങളായ ഇടനാഴികൾ എങ്ങോ ഒരു കൊളുത്തിട്ടു വലിക്കുന്നതുപൊലെ അയാൾക്ക്‌ തോന്നിച്ചു. ഒക്കെ നഷ്ടപ്പെട്ട തോൾ സഞ്ചിയും ചുമലിലിട്ട്‌ ലിഫ്റ്റിറങ്ങി താഴെയെത്തി. മനസ്സിന്റെ കനം വാരിയെല്ലുകളും തുളച്ചു ശൂന്യമായ തോൾസഞ്ചി നിറച്ചതുപോലെ, താങ്ങാൻ കഴിയാത്ത എന്തോ ഒരു ഭാരം. പതിയെ ബേസ്മെന്റിലെത്തി അയാളുടെ കാറിനായി പരതി, കാഴ്ചക്കുറവു തോന്നുന്നു, മറവി ബാധിച്ചതുപോലെ.

പതിയെ വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണയാൾ, അറിയാതെ എൽ.പി സ്കൂളിലെ കണക്കധ്യാപകനെ രമേശനോർമ്മവന്നു, കുറെ പെരുക്കപ്പട്ടികകളും.
നാട്ടിലെ വീടിന്റെ വക ഇ എം ഐ = 35000 രൂപ
വണ്ടി മേടിച്ച വക ഇ എം ഐ = 200 ഡോളർ
വീട്ടു വാടക = 1800 ഡോളർ
കറന്റ്‌, വെള്ളം, ഫോൺ = 300 ഡോളർ
പെങ്ങടെ മോൾ ഷിബി യുടെ കല്യാണത്തിനു കൊടുക്കാമെന്നേറ്റ വക = 5000 ഡോളർ
അളിയനു കടമായി മേടിച്ച വക തിരികെക്കൊടുക്കാനുള്ളത്‌ = 8000 ഡോളർ
പിന്നെ ഇത്തിരി ഭക്ഷണം കഴിക്കേണ്ടെ...??

തൊണ്ണുറുകളുടെ അവസാനം മൗണ്ട്‌ റോഡിലൂടെ കാലത്തു രണ്ടിഡ്ഡലിയും കഴിച്ച്‌, ദിവസം മുഴുവനും ബയോഡാറ്റയുമായി അലഞ്ഞ ദിവസങ്ങൾ. ഇഡ്ഡലി ഒന്നു കുറച്ചാൽ രണ്ടു കോപ്പികൾ കൂടുതൽ എടുക്കാം, ഒക്കെ അയാളുടെ പ്രഞ്ജയിലേയ്ക്ക്‌ ഒരു പവർ പോയിന്റ്‌ അവതരണം പോലെ കടന്നുവന്നു.

വളരെപ്പെട്ടന്ന്‌ നിരത്തിൽ അയാളുടെ മുൻപേ ഉണ്ടായിരുന്ന വാഹനങ്ങൾ പിടിച്ചുവലിച്ചതുപൊലെ നിന്നു. അയാൾ ഇരുപത്തിയേഴും പതിനെട്ടും തമ്മിലുള്ള സങ്കലനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇടിയുടെ ആക്കത്തിൽ അഞ്ചു മീറ്റർ നിരങ്ങിയാണു വണ്ടി നിന്നത്‌. ഒന്നും പറ്റിയിട്ടില്ല, അയാൾ പുറത്തിറങ്ങിനോക്കി, തൊട്ടുമുന്നിൽ കിടക്കുന്ന ബി.എം.ഡബ്ളിയുവിന്റെ വാലറ്റം അത്ര മോശമല്ലാത്തതരത്തിൽ തകർന്നിരിക്കുന്നു. വണ്ടിയിൽ നിന്നും ചാടിയിറങ്ങിയ വെള്ളക്കാരൻ എന്തൊക്കെയൊ ഉച്ചത്തിൽ സംസാരിക്കുന്നു, ഒക്കെ പാഞ്ഞുപോകുന്ന വാഹനങ്ങളുടെ മുരൾച്ചയിൽ അലിഞ്ഞു പൊയ്കൊണ്ടിരുന്നു. വെള്ളക്കാരൻ പോലിസിനെ വിളിച്ചുകൊണ്ടിരിക്കുന്നു, രമേശൻ കൂട്ടപ്പെടുവാൻ പോകുന്ന വാഹന ഇൻഷൂറൻസ്‌ തുകയും കൂടി തന്റെ ലിസ്റ്റിലേയ്ക്കു ചേർക്കുകയാണ്‌, അതിനു മുൻപ്‌, `ഇരുപത്തിയേഴും പതിനെട്ടും....`.

അയാൾ കാറിനുള്ളിലേയ്ക്കു കയറിയിരുന്നു, പാതിചാരി അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന കുഞ്ഞുരമേശൻ. അയാൾ പതിയെ നടക്കുകയാണു, കരിഞ്ഞു നിലം പൊത്തിയ റബ്ബർമരങ്ങളുടെ നനുത്ത ഇലകൾ വിരിച്ച തവിട്ടു പരവതാനിയിലൂടെ. ചെറുമാമലകളിൽ ചാലുകീറിയ മെലിഞ്ഞുനീണ്ട വലരികളിൽ കാൽകഴുകി, ചിതറിയ കൊന്നപ്പൂവുകളുടെയും വിടർന്ന കൈതക്കാടുകളുടെയും അപ്പുറത്തുള്ള അയാളുടെ പ്രൈമറി സ്കൂളിലേയ്ക്ക്‌... 

നഷ്ടങ്ങൾ ബാക്കിവയ്ക്കുന്നത്

നഷ്ടങ്ങൾ ബാക്കിവയ്ക്കുന്നത്

കർണ്ണധർമ്മം

കർണ്ണധർമ്മം