Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

റിഹാക്കുറു

റിഹാക്കുറു

തുടക്കം

‘കൊങ്ങെച്ച കുറാനി’ ?

‘കമെ നുക്കുറ…’. അലച്ചു ചിതറിയ തിരമാലച്ചുരുളുകളെയും നോക്കി തീരത്തെ പഞ്ചസാരമണലിലുറപ്പിച്ച കയറുതൊട്ടിലിൽ ചാഞ്ഞു കിടന്ന് പ്രദീപ് അബ്രഹാം മറുപടി പറഞ്ഞു. അന്യമായിരുന്ന ഈ ഭാഷ പ്രദീപിനു പെട്ടന്നു വഴങ്ങിയതുപൊലെ. ആറാം തരത്തിലെ ഇസ്മായിൽ മറുപടിക്കു നില്‍ക്കാതെ തിരകളിലേക്കു തെന്നിയിറങ്ങി. ഓട്ടത്തിൽ ഇസ്മയിലിനെ വിട്ടൊഴിഞ്ഞ ഭൂതം പോലെ ‘റിഹാക്കുറു’ വിന്റെ മനം മടുപ്പിക്കുന്ന മണം പ്രദീപിന്റെ ചാരുകസാലയുടെ പാർശ്വങ്ങളെ വിട്ടൊഴിയാൻ മടിച്ചുനിന്നു.

മീനും മീൻ കറിയും പ്രദീപിനെന്നും ഇഷ്ടമായിരുന്നു. വിശേഷാൽ പുളിയിട്ടു വെച്ച വൈക്കം മത്തിയും മരച്ചീനി പുഴുങ്ങിയതും. പൊട്ടങ്കുളത്തെ നെല്ലൊഴിഞ്ഞ നിലങ്ങളിൽ പെയ്ത്തുവെള്ളത്തിൽ ഓടിത്തിമിർക്കുന്ന പരൽക്കുഞ്ഞുങ്ങളെ കഴുത്തിൽ ഒറ്റത്തോർത്തു കെട്ടി ഒഴിഞ്ഞ ഹെർകുലീസ് റമ്മിന്റെ നിറവയറൻ കുപ്പിയിലാക്കിയ ബാല്യത്തിൽ പ്രദീപിനു മീനുകൾ വെറുമൊരു കാഴ്ചവസ്തു മാത്രമായിരുന്നു. 

ഒറ്റയാകലുകളുടെ നേർക്കാഴ്ച്ചയാണു ദ്വീപുകളിലെ ജീവിതം, ഒറ്റപ്പെട്ട ഒരു തുരുത്തിലെ അധികമൊന്നും കേൾക്കാനും കാണാനുമില്ലാത്ത നിറം മങ്ങിയ പകലുകൾ, ആധുനികതയുടെ ആവരണങ്ങളില്ലാതെ ഇത്തിരിപ്പോന്ന മോഹങ്ങളുമായി ജീവിച്ചു തീർക്കുന്ന ഒരു കൂട്ടം മനുഷ്യർ. ‘ഓർക്കാം നിനക്ക് എന്റെ പ്രിയമുള്ള വലിയകരയിലെ കൂട്ടുകാരാ, തീർക്കാൻ എളുതല്ല ഈ പത്തു ഹെക്ടർ തുണ്ടുഭൂമിയിലെ ജീവിതം’. പ്രദീപ് വെറുതെ കുറിച്ചിടുകയാണ്, ഈ വരികൾ എരിഞ്ഞുതീരുന്ന ഈ ചെറുജന്മത്തിലെവിടെയെങ്കിലും, വിദൂരമായ എങ്ങൊ, എത്തിപ്പെടാൻ കഴിയും എന്നു കരുതുന്ന പരന്ന മൈതാനങ്ങളിൽ, പർവ്വതശിഖരങ്ങളിൽ, അയാൾക്ക് ഒരു ചെറു നിർവ്രുതി നല്‍കിയേക്കാം, കരിഞ്ഞു തുടങ്ങിയ ഓർമ്മപ്പാടങ്ങളിൽ ഒരിറ്റു ജീവജലം പകർന്നേക്കാം.

നുറുങ്ങിയടർന്നുതുടങ്ങിയ ഇരുണ്ട പച്ചനിറമുള്ള ‘സാളങ്ക’ യിലെ ആദ്യ കടൽ യാത്രയെക്കുറിച്ചു ചിന്തിച്ചാൽ, പരന്ന നീല ജലാശയവും, ആഴിപ്പടർപ്പിലെ കുതിച്ചുതുള്ളുന്ന ഡോൾഫിൻ മീനുകളും, ടുണ മീൻ ഉണക്കിപ്പൊടിച്ചുചേർത്തുണ്ടാക്കിയ നൂഡിൽ സൂപ്പുമാണു അയാൾക്ക് ഓർമ്മവരുന്നത്. അന്തിവെളിച്ചത്തിൽ ചെന്നെത്തിയ തുണ്ടുഭൂമി നിറയെ തെങ്ങും കടച്ചക്കമരങ്ങളും മാത്രം. കൈവെള്ളയിലെ വരകൾ പോലെ നെടുകെയും കുറുകെയും പഞ്ചസ്സാരമണലുപാകിയ നിരത്തുകൾ. നാലും കൂടിയ വഴിയോരത്ത് ഇടുങ്ങി ഒതുങ്ങിയ രണ്ടു പലവ്യഞ്ജന പീടികകൾ, അടുത്ത തെരുവിൽ പവിഴക്കല്ലുകൾ ചെത്തി കടൽമണലും കുമ്മായവും തേച്ചുയർത്തിയ മേൽക്കൂര ചാഞ്ഞ വീടിനോടു ചേർന്നൊരു ഒറ്റമുറിയൻ ചായക്കട. ഇടത്തേയ്ക്കു നൂറ്റൻപത് വാര നടന്നാൽ പള്ളിക്കൂടവും ആശുപത്രിയും. നാൽക്കവലയിൽ നിന്നും നാലുപാടും നോക്കിയാൽ മഹാസമുദ്രത്തിലെ തിരയാട്ടങ്ങൾ വ്യക്തതയോടെ കാണാം.

പതിയെ അഹമ്മദ് മണിക്ക് അടുത്തുവന്ന്  ‘ദിവേഹി’യിൽ തുന്നിച്ചേർത്ത ആംഗ്ഗലെയ ഭാഷയിൽ പ്രദിപിനോടു പറഞ്ഞു, ‘അണ്ണാണി, മികെ, ഹൌസ് ഇസ് ഹിയർ’. അയാൾ മണിക്കിന്റെ പിന്നാലെ നടന്നു. വളർന്നുതീർന്ന കടപ്ളാവുകൾ നിറയെ പാകമായ കടച്ചക്കകൾ ഇലകൾ മറച്ചു നില്‍ക്കുന്നു, കവലയുടെ പടിഞ്ഞാറെയറ്റം തീരത്തെ മണൽപ്പാടങ്ങളിൽ സന്ധ്യയുടെ നിറം വീണു തുടങ്ങി. മണിക്കിന്റെ വീടിനോടു ചേർന്നൊരു കുടുസുമുറി. വീൽബാരൊയിൽ നിന്നിറക്കിവച്ച പ്രദിപിന്റെ രണ്ട് പെട്ടികളിലും നിറയെ പോറലുകൾ മണലിലൂടെ ആരോ വലിച്ചതുപോലെ. പാതിചാരിയ വാതിൽ തള്ളിത്തുറന്ന് ഒരു ചെറിയ ചെമ്പുപാത്രത്തിൽ വെള്ളവുമായി ഒരു പെൺകുട്ടി, അവൾ ചോദിച്ചു, ‘ഫെൻ ബേണം?' എവിടെയൊ മാത്രുഭാഷയുടെ ഒരു തഴുകൽ, ‘താങ്ക്യു’, പ്രദീപ് മറുപടി പറഞ്ഞു. അവൾ പോയപ്പൊൾ മനം മടുപ്പിക്കുന്ന ഒരു തരം മണം മുറിയിലവൾ ഉപേക്ഷിച്ചുപോയതുപോലെ, അത്തറും കടൽമീൻ കഴുകിയ വെള്ളവും കൂട്ടിച്ചേർത്തതുപോലെ, അപരിചിതമായ, വേർതിരിക്കാനാവാത്ത അസഹനീയമായ ഒരു നവഗ്ഗന്ധം. പ്രദിപ് പിൻവാതിൽ പതിയെത്തുറന്നു, മുറിയുടെ പുറത്തു അടച്ചുകെട്ടി മേൽക്കൂരയില്ലാത്ത ഇത്തിരിപ്പോന്ന ഒരിടം, തെക്കേക്കൊണിൽ സിമന്റു വളയമിറക്കിയ ഒരു കിണർ, വടക്കുമാറി ഒരു ഇന്ത്യൻ ക്ലൊസെറ്റ്, മുകളിൽനിന്നും കടപ്ളാവൂകളുടെ താഴ്ന്ന ചില്ലകൾ കുളിച്ചാർത്തിന്റെ നാലു ചുവരുകൾക്കുള്ളിലേയ്ക്ക് വളർന്നിറങ്ങിയിരിക്കുന്നു. തറയിൽ നിറയെ കരിഞ്ഞ പ്ളാവിലകളും പ്രജനനം നടക്കാതെ ചീഞ്ഞുപൊഴിഞ്ഞ ഇളം മഞ്ഞ പൂക്കളും. ഉൾവരാന്തയുടെ തെക്കെക്കോണിൽനിന്നും മണിക്കിന്റെ അസ്വസ്തതകൾ രാത്രിയേറെച്ചെല്ലുന്നതുവരെ അവ്യക്തമായി കേൾക്കാമായിരുന്നു. താഴ്ന്നു തിരിയുന്ന വലിയ ഇതളുകളുള്ള ഇന്ത്യൻ നിർമ്മിത ഖെയ്ത്താൻ പങ്കയുടെ അസ്വാരസ്യങ്ങൾക്കിടയിലൂടെ അവ നേർത്തു പതിയെ ഇല്ലായ്മയിലേയ്ക്ക് ഊർന്നിറങ്ങിക്കൊണ്ടിരുന്നു.

ജനാലയ്ക്കരുകിലെ പതിയെയുള്ള ഒരു ഉണർത്തുവിളി കേട്ടുകൊണ്ടാണയാൾ ഉറക്കം വിട്ടെണീറ്റത്. വലത്തെ പാളിയുടെ ഇത്തിരി വിടവിലൂടെ ആരുടെയൊ ഇരുണ്ട മുഖം തെന്നിമറഞ്ഞതുപോലെ. പതിയെ കിടക്കവിട്ടെണീറ്റ് പുറത്തെ വാതിൽ തുറന്ന് ഇടത്തിണ്ണയിലേയ്ക്കിറങ്ങി. പലകമേശയിൽ എന്തൊക്കെയോ മൂടിവച്ചിരിക്കുന്നു. അയാൾ മൂടിതുറക്കാൻ തിരിഞ്ഞപ്പോഴേയ്ക്കും അവൾ ഓടിയടുത്തു വന്നു, മണിക്കിന്റെ മകൾ.

‘വാട്ട് ഈസ് യുവർ നെയിം?’.
‘മുറുഷിദ’. അവൾ മറുപടി പറഞ്ഞു.
‘ബ്രെക്ക് ഫാസ്റ്റ്’, പറഞ്ഞുകൊണ്ടവൾ പുറത്തേയ്ക്കോടി. പ്രദീപ് മൂടി തുറന്നു നോക്കി, കരിഞ്ഞു മടങ്ങിയ രണ്ട് ചപ്പാത്തിയും, മുട്ട പൊരിച്ചതും. പൊരിച്ച മുട്ടയിൽ അലങ്കാരപ്പണികൾ ചെയ്തതുപോലെ ക്ഷാരപടലങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.

………

‘സാർ’, ‘മികെ കണ്‍ട്രി വര ബൊഡു ഉണ്ണാണി?’,
‘സ്റ്റാന്‍ഡ് അപ്’. പ്രദീപ് മറുപടി പറഞ്ഞു, ‘പ്ളീസ് ടോക്ക് ഇൻ ഇംഗ്ലീഷ്’.
‘മശെക്കൊ ഇംഗ്ലീഷ് ന എങ്കെ’ , പ്രദീപ് പതിനൊന്നാം തരത്തിലെ അയാൾക്കു വീതം വെച്ചു നൽകപ്പെട്ട നാല്‍പത്തിമൂന്നു മുഖങ്ങളിലൂടെയും ദൈന്യതയോടെ ഒന്നു കണ്ണോടിച്ചു, മണിക്കിന്റെ മകൾ മുറുഷിദ, വലത്തെ നിരയിൽ ഒന്നാമതിരിക്കുന്നു. പുറത്തെ സ്വാതന്ദ്യ്രങ്ങളിലൂടെ മേഞ്ഞുനടക്കാൻ കൊതിക്കുന്ന രണ്ടു ചെമ്മരിയാട്ടിൻ കുട്ടികളെ ഇറുകിയ തൂവെള്ള യൂണിഫോമിനുള്ളിൽ അവൾ വളർത്തുന്നതുപോലെ.

‘മുറുഷിദ, വാട്ട് ഡിഡ് ഹീ മീൻ?’ അവളുടെ തടിച്ചുമലർന്ന ചുണ്ടുകളിലേയ്ക്ക് നോക്കി പ്രദീപ് നിന്നു.
‘സാർ, ഹീ മീൻ, ഈസ് യുവർ കണ്‍ട്രി റിയലി ഹ്വൂജ്’.
യേസ് … യെസ്…അയാൾ തലയനക്കി .

വൈകുന്നേരമായപ്പൊഴെയ്ക്കും പ്രദീപ് പതിയെ പുറത്തേയ്ക്കിറങ്ങി. വീതികുറഞ്ഞ നിരത്തുകളുടെ ഇരുപുറങ്ങളിലും കടൽക്കല്ലുകളും കുമ്മായവും ചേർത്തു നിർമ്മിച്ച വലിപ്പം കുറഞ്ഞ വീടുകൾ നിരയായിരിക്കുന്നു. പവിഴക്കല്ലുകൾ പെറുക്കിയടുക്കിയ പുറമതിലുകളിൾ ശംഖിന്റെയും ചിപ്പിയുടെയും അവശിഷ്ടങ്ങൾ അലങ്കാരപ്പണികൾ ചെയ്തിരിക്കുന്നു. മണൽ നിലങ്ങളിലെ തെങ്ങിന്‍ കൂട്ടങ്ങൾക്കിടയിലൂടെ തീരത്തേയ്ക്ക് നടന്നു. തിരകൾക്കഭിമുഖമായി നിരത്തിയിരിക്കുന്ന കയറുതൊട്ടിലുകളിലൊന്നിൽ അയാൾ ചാരിക്കിടന്നു. പുറംകടലിലെ കപ്പൽച്ചാലിലൂടെ വിദൂരതകളിലേയ്ക്കു തുഴയുന്ന കൂറ്റൻ നൌകകൾ. അയാൾ പതിയെ കണ്ണുകളടച്ച് കയറുതൊട്ടിലിന്റെ ഇരുമ്പ് പടിയിലേയ്ക്ക് ശിരസ്സ് ചായ്ച്ചു കിടന്നു, ഓർമ്മകൾ പവിഴപ്പുറ്റുകളും, കടച്ചക്കമരങ്ങളും, മഹാസമുദ്രങ്ങളും താണ്ടി പൊന്നൊഴുകും തോടിന്റെ കരയോളം എത്തിച്ചേർന്നിരിക്കുന്നു. വെളുത്തേടത്തു ലക്ഷ്മിയമ്മ കടവിലെ പരന്നകല്ലിൽ അയാളുടെ കുഞ്ഞുമകളുടെ തൂറൽ പടർന്ന അരികുകൾ തൂന്നി നിറം മങ്ങിയ വെളുത്ത തുണി തല്ലിക്കഴുകുന്നു. ‘കൊച്ചപ്പിയിട്ടേ…… ‘, നീട്ടിവിളിച്ചുകൊണ്ട് അയാളുടെ അമ്മ പുറത്തേയ്ക്ക് ഓടി, രണ്ടു മൂന്ന് പെരിങ്ങലത്തിന്റെ ഇലകളുമായി തിരികെവരുന്നു.

‘ഹായ്’,
‘ഹായ്’, ഐ ആം പ്രദിപ് അബ്രാഹാം, ന്യു കമ്പ്യുട്ടർ ടീച്ചർ റ്റു അവർ സ്കൂൾ’.
‘നൈസ് ടു മീറ്റ് യൂ’, ഐ ആം യൂസഫ് അലി ഖാൻ, യുവർ ഡോക്ടർ, മോർ പ്രിസൈസ്ലി, ഐലന്റ് ഡോക്ടർ’.
‘നൈസ് ടു മീറ്റ് യൂ ടൂ’.

ഒടുക്കം

സായാഹ്നങ്ങളിൽ തീരത്തെ കയറുതൊട്ടിലിൽ കിടന്നു തിരകളെണ്ണിക്കരയാൻ യൂസഫ് അലി ഖാനും പ്രദീപിന്റെ കൂടെയുണ്ടാവും. ലാഹോറിൽ നിന്നും നാലുവർഷങ്ങൾക്കുമുൻപാണു അലി നിലന്തുവിലെത്തിയത്, തുരുത്തിലെ ആദ്യത്തെ അലോപ്പതി വൈദ്യൻ. തുരുത്തിലെ പ്രദീപിന്റെ അവധിദിവസങ്ങൾ അലി ഖാനൊപ്പം ഓടിത്തീരപ്പെട്ടുകൊണ്ടിരുന്നു.

“ഡോക്ടർ അലി യു ക്യാൻ ഡു ഇറ്റ്, ജസ്റ്റ് മൂവ് യുവർ ഹാൻഡ്സ് സൈഡ്വേർഡ്സ്. റിലാക്സ്……, സ്ളോവ്ലി….. യാ… യ മൂവ് എഹെഡ്”. പ്രദീപ് ഡോക്ടർ അലിയെ നീന്തൽ പരിശീലിപ്പിക്കുകയാണ്, തീരത്തെ ആഴം കുറഞ്ഞ പവിഴത്തടാകങ്ങളിൽ. വെള്ളിയാഴ്ചയുടെ വിരസതകൾ മാറ്റാൻ മറ്റൊന്നുമില്ലെങ്കിൽ പ്രദീപ് പറയും, “ഡോക്ടർ, ലെറ്റ് അസ് ഹാവ് എ ഡ്രിങ്ക്, എ സോൾട്ട് വാട്ടർ ഡ്രിങ്ക്”. അലി എന്നും തയ്യാറാണ്, കടൽക്കരയിലെ ഇളം നീല പവിഴത്തടാകങ്ങളിൽ, മദ്ധ്യരേഖയിലെ സൂര്യതാപമേറ്റു കിടക്കാനും, പിന്നെ ഇത്തിരി ഉപ്പുവെള്ളം നീന്തൽ പരിശീലനത്തിനിടയിൽ കുടിക്കാനും. പൊന്നൊഴുംതോട്ടിലെ പുളിങ്കയത്തിന്റെ ചുവട്ടിലെ കരിനീല വെള്ളത്തിൽ മലർന്നു കിടന്നു ജലക്രീഡകളിൽ രസിക്കുന്ന വയറൻ തവളകളെയാണ് അലിയുടെ നീന്തൽ പരിശീലനം പ്രദിപിനെ ഒാർമ്മപ്പെടുത്തുന്നത്.

“സാർ, കൊങ്ങെച്ചെ കുറാനി?” തിരയാട്ടങ്ങളിൽ നീന്തിത്തിമിർക്കുന്ന കുറെ പെൺകുട്ടികൾക്കിടയിൽ നിന്നും മുറുഷിദയുടെ സ്വരം അയാൾ ആയാസമില്ലാതെ തിരിച്ചറിഞ്ഞു. അവൾ തിരകൾക്കിടയിലൂടെ ഊളിയിട്ട് അയാളുടെ അടുത്തേയ്ക്കു വന്നു. “സാർ, കൊങ്ങെച്ചെ കുറാനി?”, അവൾ കൂടുതൽ അധികാരത്തോടെ ചോദിച്ചു. “അഹാരുമെൻ, സ്വിം കുളാനി”. അയാൾ പറഞ്ഞു. കനം കുറഞ്ഞ് കുർത്ത പോലെ തോന്നിച്ച അവളുടെ ഇളം റോസുടുപ്പിഴകൾ ചെമ്മരിയാട്ടിൻ കുട്ടികളോട് പറ്റിച്ചേർന്നു കിടക്കുന്നു. പിഞ്ചിക്കിറിയ തുണിയിഴകൾക്കിടയിലൂടെ അവയുടെ കണ്ണൂകൾ പുറത്തേയ്ക്കു തുറിച്ചുനോക്കി നില്‍ക്കുന്നു. അയാൾ അലിയെ നോക്കി, പതിയെ മുറുഷിദയോടു പറഞ്ഞു.

“പ്ളീസ് മൂവ് റ്റു ദ അദർ എന്‍ഡ്”. എന്നിട്ടയാൾ തീരം നോക്കി നീന്തി. മണൽപ്പരപ്പിൽ വിരിച്ച വീതികുറഞ്ഞ കച്ചക്കുറിയതിന്റെ മുകളിൽ അലി ആകാശം നോക്കി കിടക്കുന്നു. സായന്തനത്തിന്റെ നിറംകൊണ്ടുതുടങ്ങിയ പഞ്ചസാരമണൽ പരപ്പിൽ അലിയുടെ കാലോരം ചേർന്നയാൾ ഇരുന്നു. ടൂണ മീനിന്റെ പൊടിഞ്ഞു നുറുങ്ങിയ എല്ലിൻ കക്ഷണങ്ങൾ തീരത്ത് ചിതറിക്കിടക്കുന്നു. പകലിന്റെ അധ്വാനമിച്ചവുമായി തോണികൾ ഒന്നൊന്നായി തീരം ചേർന്നുകൊണ്ടിരിയ്ക്കുന്നു.

“ഹേയ് അലി, ഐ ഹാവ് എ ക്വസ്റ്റ്യൻ ”
“വാട്ട്?”. തോണികളിൽ നിന്നിറക്കുന്ന ടൂണ മിനുകളെ നോക്കി ഭാവപ്പകർച്ചയില്ലാതെ അലി ചോദിച്ചു.
“വൈ എവരിവൺ ഹാസ് എ സ്മെൽ ഇൻ ദിസ് ഐലന്റ്?”
“ഓ.. ദാറ്റ്….ദാറ്റ് ഈസ് ദ സ്മെൻ ഒാഫ് റിഹാക്കുറു”.
“റിഹാക്കുറു? വാട്ട്?”
“യപ്…… റിഹാക്കുറു… ഫിഷ് പേസ്റ്റ്..ഫ്രം ടൂണ…. ദിസ് ഈസ് എ പ്രോട്ടീൻ റിച്ച് ഫൂഡ് ദെ മേയ്ക്ക് അറ്റ് ഹോം. ദിസ് മേയ്ക്സ് യൂ, മോർ വിറൈൽ, സിന്‍സ് ഇറ്റ് ഹാസ് എ ലോട്ട് ഓഫ് പ്രോട്ടീൻ”.

സസ്യാഹാരികളായിരുന്ന പൂർവ്വ്വഭാരത മുനിവര്യന്മാരെ അയാൾ ശിരസ്സുതാഴ്ത്തി തൊഴുതു. പ്രത്യുത്പാദനക്രിയകളിൽ പ്രൊട്ടീനുള്ള പങ്കിനേക്കുറിച്ചോർത്തുകൊണ്ട് പ്രദീപ് മണിക്കിന്റെ വീട് ലക്ഷ്യമാക്കി നടന്നു. വഴിയോരങ്ങളിലെ വീടുകളുടെ, കടപ്ളാവിൻ തൈകൾ അരികുമറച്ച പിന്നാമ്പുറങ്ങളിൾ നിറയെ ആളനക്കവും വെളിച്ചവും. കടപ്ളാവിന്റെ തടിച്ച ഇലച്ചാർത്തുകൾ വകഞ്ഞുമാറ്റി ഐലന്റ് ചീഫ് ജലീലിന്റെ വീട്ടുമുറ്റത്തേയ്ക്ക് അയാൾ ഒന്നു കണ്ണോടിച്ചു. വലിയ ചെമ്പുപാത്രങ്ങളിൽ മുഴുവനോടെ തിളച്ചു മറിയുന്ന ടൂണ മീനുകൾ, കുറെ ആളുകൾ ടൂണ വെന്ത വെള്ളം കുറുക്കിപ്പറ്റിക്കുന്നു. തുരുത്തിലെ എല്ലാവരും തന്നെ എത്തിച്ചേർന്നിരിക്കുന്നു. മുറുഷിദ മെഴുത്തുരുണ്ട ടൂണ മീനുകളെ കഴുകി വെടിപ്പാക്കുന്നു. മണിക്കിന്റെ ഭാര്യ ജലീലുമായി പറ്റിച്ചേർന്നുനിന്ന് കുറുകി ഉറച്ച പേസ്റ്റ് ചെറിയ കുപ്പികളിലാക്കുന്നു. കൂറ്റൻ കടച്ചക്കമരങ്ങളിൽ രാക്കാറ്റിന്റെ ചിണുങ്ങൽ കേൾക്കാം. രാവേറെച്ചെന്നെങ്കിലും തെരുവുകളിൾ സഞ്ചാരസ്മ്രുദികളുണർത്തി ആരുടെയൊക്കെയൊ കാൽപ്പെരുമാറ്റങ്ങൾ. ഒക്കെത്തിനും സാക്ഷിയായി നിലാവും തിരകളും മാത്രം. അകലെ പുറം കടലിൽ നങ്കൂരമിട്ടിരിക്കുന്ന മത്സ്യബന്ധന നൌകയിലെ വിളക്കുകൾ അണഞ്ഞു തുടങ്ങിയിരിക്കുന്നു. വീട്ടിലെയ്ക്കുള്ള ഇടത്തെ ചെറുവഴിയിലേയ്ക്കു കയറിയപ്പോൾ മുന്നിലൂടെ ആരൊ തിടുക്കത്തിൽ നടന്ന് എതിർവശത്തെ വീടിന്റെ വാതിൽപ്പുറം എത്തി നില്‍ക്കുന്നു. സൂക്ഷിച്ചുനോക്കി, അഹമ്മെദ് മണിക്ക്, അറിയാതെ അയാൾ ഒന്നു നിന്നു. വാതിൽപ്പാളി പതിയെ തുറക്കപ്പെടുന്നു. ഫാത്തിമ, പള്ളിക്കൂടത്തിലെ രണ്ടാം ക്ലാസ് ടിച്ചർ. രണ്ടുകുട്ടികളുണ്ടവൾക്ക്, മൊഴിചൊല്ലാൻ 200 റൂഫിയ കോടതിയിൽ കൊടുത്തവൾ കാത്തിരിക്കുകയാണ്.

പ്രദീപ് പതിയെ കട്ടിലിന്റെ പടിയിലേയ്ക്കു തലചായ്ച്ച് കിടന്ന് ദക്ഷിണേന്ത്യയിലെ ഐ.ടി പ്രൊഫെഷണലുകളെക്കുറിച്ചൊർത്തു. സസ്യാഹാരം കഴിച്ച് കമ്പ്യുട്ടറുകളുടെ മുൻപിൽ ദിവസം മുഴുവനും ഇരുന്നാൽ പ്രൊട്ടിൻ അസന്തുലനം ഉണ്ടാവാം എന്ന പത്രവാർത്തയെക്കുറിച്ചോർത്തു, ഐ. ടി പ്രൊഫെഷണലുകളുടെ ഇടയിലെ വർധിച്ചുവരുന്ന വിവാഹമോചനങ്ങളെക്കുറിച്ചു വായിച്ചതോർത്തു. പിന്നെ റിഹാക്കുറുവിനെയും മുറുഷിദയേയും ഫാത്തിമയേയും മണിക്കിനെയും മണിക്കിന്റെ ഭാര്യയെയും ഓർത്തു. എന്നിട്ട് റിഹാക്കുറുവിന്റെ വ്യവസായ സാധ്യതകളേക്കുറിച്ച് ചിന്തിച്ചു. പെട്ടന്നയാൾ അയാളോടുതന്നെ ഒരു ചോദ്യം അറിയാതെ ചോദിച്ചുപോയി ” ആസിയാൻ കരാറിന്റെ വസ്തുപ്പട്ടികയിൽ വ്യാപാരം ചെയ്യാവുന്ന വസ്തുക്കളിൽ റിഹാക്കുറു ഉണ്ടാവുമൊ?”

പ്രദീപ് ചാടിയെണീറ്റ് തന്റെ കമ്പ്യുട്ടറിൽ ഇന്ത്യൻ വാണിജ്യകാര്യമന്ത്രാലയത്തിന്റെ ഇന്റർനെറ്റ് പുറങ്ങളിലെ ആസിയാൻ കരാറിന്റെ വസ്തുപ്പട്ടികയിൻ റിഹാക്കുറുവിനായി പരതാൻ തുടങ്ങി. പുറത്തു മണിക്കിന്റെ പാദപതനങ്ങൾ ചെറുതായിക്കേൾക്കാം. റിഹാക്കുറുവിന്റെ അടുപ്പുകനലുകലുക്കുമേൽ ജലീൽ കടൽ വെള്ളം കോരിയൊഴിച്ചതിന്റെ ശബ്ദം തിരകളുടെ ഇരമ്പലിൽ കേൾക്കാനാവാതെ പോയി.

 ആന്റണിച്ചേട്ടന്റെ തിരുശേഷിപ്പ്

ആന്റണിച്ചേട്ടന്റെ തിരുശേഷിപ്പ്

കുവൈറ്റ്‌ പ്രാർത്ഥന –ഒരു ഓർമ്മ കുറിപ്പ്

കുവൈറ്റ്‌ പ്രാർത്ഥന –ഒരു ഓർമ്മ കുറിപ്പ്