Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

സ്വർണ്ണം

സ്വർണ്ണം

ഗ്രാമത്തിലൊരു സിദ്ധന്‍ പ്രത്യക്ഷപെട്ടു. ആദ്യകാഴ്ചയില്‍ തന്നെ അദ്ദേഹം ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി. അദ്ദേഹത്തെ കാണുവാന്‍  ഗ്രാമവാസികൾ തിക്കും തിരക്കും ഉണ്ടാക്കി കാലത്തുമുതൽ കാത്തുനിന്നു. അദ്ദേഹത്തിന്റെ ഒരു ചെറുപുഞ്ചിരിതന്നെ ശാന്തിയേകുന്നതായിരുന്നു. ആ കൈകള്‍ കൊണ്ട് സ്പര്‍ശിക്കുമ്പോള്‍ രോഗികള്‍ക്ക് വേദന കുറയുന്നതു പോലെ തോന്നി. മാനസിക വ്യഥ അനുഭവിക്കുന്നവര്‍ക്ക്  മനോഭാരങ്ങള്‍ ഒഴിഞ്ഞു പോകുന്നതായി അനുഭവപെട്ടു. മനുഷ്യര്‍ മാത്രമല്ല, പട്ടികള്‍, പശുക്കള്‍, ചെറിയ പറവകള്‍ മുതലായ സകല ജീവജാലങ്ങളും അദ്ദേഹത്തിന്റെ സാമീപ്യം കൊതിച്ച് അദ്ദേഹം നടന്ന വഴിയരികുകളിൽ ഇമവെട്ടാതെ വന്നുനിന്നു. സാന്നിധ്യം കൊണ്ട് മാത്രം ശാന്തി പ്രസരിപ്പിക്കുന്ന അത്ഭുത സിദ്ധനെ കാണാന്‍ അന്യദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ വന്നു. അദേഹത്തെ ചിലര്‍ ദൈവത്തെപോലെ കണ്ടു. മറ്റു ചിലര്‍ അദ്ദേഹത്തിന്റെ ചുറ്റിനും കൂടി ശിഷ്യന്മാര്‍ ചമഞ്ഞു. പക്ഷെ അന്നാട്ടിലെ പുരോഹിതന്മാര്‍ മാത്രം അദ്ദേഹത്തെ ഭയന്നു, രഹസ്യമായി വെറുത്തു.  അദ്ദേഹം ജാലവിദ്യക്കാരന്‍ ആണെന്ന് ചില പുരോഹിതന്മാര്‍ പറഞ്ഞു പരത്തുകയും, അദ്ദേഹത്തെ ആരാധിക്കുന്നത് ദൈവകോപം ഉണ്ടാക്കും എന്നു വിളംബരം നടത്തുകയും ചെയ്തു. പക്ഷെ കാര്യമായ ഫലം ഒന്നും ഉണ്ടായില്ല. മലമുകളില്‍ നിന്നു കുത്തിയൊലിച്ചുവരുന്ന അരുവിയിലെ തണുത്ത ജലധാര താഴ്‌വരയില്‍ എത്തുമ്പോള്‍ ശാന്തമാകുന്നത് പോലെ,   സിദ്ധന്റെ സാമീപ്യം മൂലം ഉണ്ടാകുന്ന ശാന്തി അനുഭവിച്ചവര്‍ അവിടെ തന്നെ ഉറച്ചു നിന്നു.  സിദ്ധന്റെ പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ധിച്ചു. ഒരിക്കല്‍ ഒരു ധനികനായ വ്യക്തി സിദ്ധനെ സന്ദര്‍ശിച്ചപ്പോള്‍ പട്ടുകൊണ്ട് നെയ്ത മേല്‍മുണ്ടും ഒരു ജോഡി സ്വര്‍ണ്ണച്ചെരുപ്പുകളും കാഴ്ച ആയി അര്‍പ്പിച്ചു. പക്ഷെ സിദ്ധന്‍ അത് ശ്രദ്ധിച്ചതേയില്ല. അദ്ദേഹം മന്ദഹസിച്ചുകൊണ്ട് മൌനം പൂണ്ടു. തെല്ലൊരു അത്ഭുതത്തോടെ നോക്കിയിരുന്ന ധനികനോട് അദ്ദേഹം മൊഴിഞ്ഞു. "വസ്തുക്കള്‍ വിശിഷ്ടം ആണെന്ന് തോന്നുന്നത്  മനസ്സിന്റെ ഒരു കളിയാണ്‌. മനസ്സ് നിര്‍മ്മലമായാല്‍ എല്ലാ വസ്തുക്കളും ഒന്ന് തന്നെ. വസ്തുക്കളില്‍ നിന്നു യാതൊരു സന്തോഷവുമുണ്ടാവില്ലെന്ന് സാരം!" 
ധനികന്‍ വീണ്ടും ആരാഞ്ഞു, "ദയവായി വിശദീകരിച്ചാലും, പ്രഭോ"  
ഗുരു മന്ദഹസിച്ചുകൊണ്ട് പറഞ്ഞു. " ഈ ലോകത്തിലെ സകല വസ്തുക്കളും മണ്ണില്‍ നിന്നുണ്ടായവയാണ്. സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹങ്ങള്‍ അടക്കം സമസ്ത ജീവജാലങ്ങളുടെ ശരീരം  വരെയും മണ്ണില്‍ നിന്നു ഉത്ഭവിച്ചതാകുന്നു. പക്ഷെ നിന്റെ ശരീരത്തെ ചലിപ്പിക്കുന്ന ആത്മാവ് ഈശ്വരനില്‍ നിന്ന് ഉത്ഭവിച്ചതും.  മണ്ണില്‍ നിന്നു വന്നത് മണ്ണിലേക്കും ഈശ്വരനില്‍ നിന്നു വന്നത് ഈശ്വരനിലെക്കും തിരിച്ചു പോകുന്നു.  ഇതില്‍ ഏതു വേണമെന്ന് നിനക്ക് തീരുമാനിക്കാം..."  
അന്ന് മുതല്‍ ആ ധനികന്‍ സിദ്ധന്റെ ഒരു ശിഷ്യനായി സ്വയം അവരോധിച്ചു അവിടെ പാര്‍ക്കാന്‍ തുടങ്ങി. ഗുരു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കയും അവ ലിഖിതങ്ങള്‍ ആക്കി മാറ്റുകയും ചെയ്തു പോന്നു. 
നാളുകള്‍ കഴിഞ്ഞു.  സിദ്ധന്‍ ദേഹം വെടിഞ്ഞു. ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ പണിതു. പുസ്തകങ്ങള്‍ എഴുതി. ഒരു മതം തന്നെ സ്ഥാപിച്ചു. ആ പഴയ ധനികന്‍ ആയിരുന്നു  പ്രധാന ശിഷ്യന്‍. സിദ്ധന്‍ അദ്ദേഹത്തിന് ദീക്ഷ നല്‍കിയ ദിനം ആ മതത്തിന്റെ പുണ്യദിനമായി ആചരിക്കപെട്ടു. ഒരു ത്രാസ്സിന്റെ ഒരു തളികയില്‍ സ്വര്‍ണ്ണംവും മറ്റേ തളികയില്‍ തുല്യ ഭാരമുള്ള ഇരുമ്പ് കക്ഷണവും എടുത്തു വെച്ച് തൂക്കിയ ശേഷം തുല്യ ഭാരം രേഖപ്പെടുത്തുകയും പല മന്ത്രങ്ങള്‍ ഉരുവിടുകയും, ഈ ലോകത്തിലെ എല്ലാം ഒന്നാണ്, ഒന്നാണ്, ഒന്നാണ് എന്ന് അര്‍ഥം വരുന്ന സ്തോത്രങ്ങള്‍ ഓതുകയും ചെയ്യുന്ന ചടങ്ങ് ആ ദിവസത്തിന്റെ മുഖ്യ പരിപാടി ആണ്. ചടങ്ങിനു ശേഷം ആ സ്വര്‍ണ്ണക്കട്ടി ആരാധാനലയത്തില്‍ സമര്‍പ്പിക്കുന്നു. മതം ലോകമെങ്ങും പ്രചാരം നേടിയതോടെ പില്‍കാലത്ത് ഈ വിശേഷ ചടങ്ങിനു വേണ്ടി സ്വര്‍ണ്ണം സമാഹരിക്കാന്‍  ജനങ്ങള്‍ തമ്മില്‍ മത്സരിച്ചു. ധനികരായ വിശ്വാസികള്‍ വലിയ സ്വര്‍ണ്ണക്കട്ടികള്‍ കൊണ്ട് ആ ചടങ്ങ് നടത്തി. അവരുടെ ആദ്ധ്യാത്മികത അതോടു കൂടി വര്‍ധിച്ചു വരുന്നതായി പുരോഹിതന്മാര്‍ പ്രശംസിച്ചു.  സ്വര്‍ണ്ണം കിട്ടാതിരുന്ന പാവങ്ങള്‍  ഈ ജന്മം തങ്ങള്‍ക്കു ആത്മശാന്തി ലഭിക്കയില്ലെന്നു കരുതി ദുഖിച്ചു.  ചിലര്‍ സ്വര്‍ണ്ണം മോഷ്ടിച്ചു. ചിലര്‍ സ്വത്തു വരെ വിറ്റ് സ്വര്‍ണ്ണം ശേഖരിച്ചു. ഓരോരുത്തരുടെ മനസ്സിലെ  പാപഭാരങ്ങള്‍ക്ക് അനുസൃതമായി വേണം സ്വര്‍ണ്ണക്കട്ടിയുടെ ഭാരം തീരുമാനിക്കാന്‍ എന്ന് പുരോഹിതര്‍  ഉദ്‌ഘോഷിച്ചു.  കാലക്രമേണ സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നുയര്‍ന്നു വന്നു.  മണ്ണില്‍ സ്വര്‍ണ്ണത്തിന്റെ ശേഖരം ഉള്ള ചില രാജ്യങ്ങളെ പിടിച്ചടക്കാന്‍  വേണ്ടി വലിയ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ വരെ ഉണ്ടായി. യുദ്ധക്കെടുതിയില്‍ ആയിരങ്ങള്‍ മരിച്ചു വീണു. ഇപ്പോള്‍ അവരുടെ ആത്മാക്കള്‍ യാത്രയാവുകയാണ്...... ത്രാസ്സുകള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌... സിദ്ധന്റെ അടുത്തേക്ക്....
 

പ്രയാണം

പ്രയാണം

വീണ്ടും ഒരു ഫ്രണ്ട് റിക്വസ്റ്റ്

വീണ്ടും ഒരു ഫ്രണ്ട് റിക്വസ്റ്റ്