Kadhajalakam is a window to the world of fictional writings by a collective of writers

മണ്ണിന്റെ തണുപ്പ്

മണ്ണിന്റെ തണുപ്പ്

നടപ്പാതയിലെ ചുവന്നമണ്ണില്‍ ചവുട്ടി ധ്രിതിയില്‍ നടന്ന് അബുവും ആരിഫും വീട്ടിലെത്തിയപ്പോള്‍ ചേച്ചി പാല്‍ തിളപ്പിക്കുകയായിരുന്നു. ബിസ്ക്കറ്റും പാലുമൊക്കെക്കഴിച്ച് ഉന്മേഷവാന്മാരായി രണ്ടുപേരും കളിക്കാനിറങ്ങും. മറ്റു കുട്ടികള്‍ക്കൊന്നും കിട്ടാത്ത ഒരു പ്രത്യേക സ്ഥലം അവര്‍ക്കുണ്ട്. അവരുടെ മാത്രമൊരു രഹസ്യസങ്കേതം. വീടിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന ബാബയുടെ മുറി.  കളിമണ്‍ പ്രതിമകള്‍ ഉണ്ടാക്കലാണ് ബാബയുടെ ജോലി. പ്രതിമകള്‍ ടൌണിൽ കൊണ്ടുചെന്ന് വിറ്റു കിട്ടുന്ന ചെറിയ വരുമാനത്തില്‍ ആ വൃദ്ധനായ മനുഷ്യന്‍ വര്‍ഷങ്ങളായി കഴിയുന്നു. നീണ്ട വെള്ളത്താടിയും വെള്ളിതലമുടിയും ഉള്ളതുകൊണ്ടാകാം, ക്രിസ്തുമസ് നാളുകളില്‍ അദ്ദേഹത്തെ സാന്റാ അപ്പുപ്പനാക്കുവാൻ കോളനി ലെ കുട്ടികള്‍ മത്സരിച്ചിരുന്നു. പണ്ട് കാലത്ത് ഇമ്മിണി വല്യൊരു ആര്‍ട്ട്‌ ഷോപ്പിന്റെ ഉടമയായിരുന്നു ബാബയെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചപ്പോഴുണ്ടായ മറുപടി ഇങ്ങനെയായിരുന്നു : "തുടക്കം ഉള്ളതിനെല്ലാം ഈ ദുനിയാവില്‍ ഒടുക്കവും ഉണ്ട്..." സ്വതവേ ഉള്ള ഒരു മൃദുലമായ ചിരിയില്‍ പൊതിഞ്ഞാണ് അദ്ദേഹം എന്തും പറയുക.

അബുവും ആരിഫും ശബ്ദമുണ്ടാക്കാതെ പടികള്‍ കയറി മുകളിലെത്തി. ബാബയുടെ മുറിയുടെ വശത്തുള്ള ജനല്‍പ്പടിയില്‍ അവര്‍ പ്രതീക്ഷിച്ചതു പോലെ തന്നെ രണ്ടു പ്രതിമകള്‍ ഇരിപ്പുണ്ടായിരുന്നു. ഒന്ന് ഒരു യോദ്ധാവിന്റെ. രണ്ടാമത്തത് ഒരു വ്യാളിയുടെ. സൃഷ്ടികര്‍മം കഴിഞ്ഞു ഉറങ്ങാന്‍ പോയ ബ്ബ്രഹ്മാവിനെ പോലെ ബാബാ ശാന്തമായി ഉറങ്ങുന്നു. അബു യോദ്ധാവിന്റെ പ്രതിമയില്‍ കയറിപ്പിടിച്ച ശേഷം പറഞ്ഞു, "ഇത് ഞാന്‍". ആരിഫിനും  യോദ്ധാവിന്റെ പ്രതിമ വേണം എന്ന ആഗ്രഹം തോന്നിയെങ്കിലും അബു എടുത്ത സ്ഥിതിക്ക് തനിക്കു ഇനി വ്യാളി തന്നെ ബാക്കിയെന്ന് അവർ മനസ്സിലോർത്തു. വ്യാളിയുടെ പ്രതിമയില്‍ തൊട്ട ശേഷം ആരിഫ് പറഞ്ഞു, "ഞാന്‍ വ്യാളി".

രണ്ടു  പ്രതിമകളും ജീവസ്സുറ്റതായിരുന്നു. യോദ്ധാവിന്റെ മുഖത്തെ പേശികള്‍ പോലും കാണിക്കത്തക്കവിധം ചെറുരേഖകള്‍പോലും അതിലുണ്ടായിരുന്നു. വ്യാളിയുടെത് അത്യധികം ഭയാനകമായ മുഖമായിരുന്നു. സര്‍പ്പത്തിനു ചിറകുമുളച്ചത് പോലുള്ള അതിന്റെ  ശരീരത്തിലെ ചെതുമ്പലുകള്‍ ഓരോന്നായി തെറിച്ചുനിൽക്കുന്നു. തീ തുപ്പാന്‍ ഒരുങ്ങി നില്‍ക്കുന്ന മുഖഭാവം ആ പ്രതിമയെ കൂടുതല്‍ ബീഭത്സമാക്കി.

പ്രതിമകള്‍ രണ്ടുമെടുത്ത് അവര്‍ തൊട്ടപ്പുറത്തെ മുറിയിലേയ്‌ക്കോടിക്കയറി.

"വാ കളി തുടങ്ങാം..". അബു ആവേശത്തോടെ പറഞ്ഞു. പ്രതിമകള്‍ രണ്ടും അവര്‍ നേര്‍ക്കുനേരെ വച്ചു. മച്ചിലെ പൊടിഞ്ഞു തുടങ്ങിയ ഓടുകളുടെ വിടവിലൂടെ സൂര്യപ്രകാശം പ്രതിമകളില്‍ തട്ടി നിഴലുകളായി മാറി അകംഭിത്തികളില്‍ വീണു.

പ്രതിമ ചൂണ്ടിക്കാട്ടി അബു പറഞ്ഞു "കണ്ടോ യോദ്ധാവിന്റെ വാള്.. ഇതുകൊണ്ട് നിഷ്പ്രയാസം വ്യാളിയുടെ കഴുത്ത് വെട്ടാം"

ആരിഫ് തോറ്റ് കൊടുക്കാന്‍ വയ്യാതെ പറഞ്ഞു " ഈ വ്യാളി കാഴ്ചയില്‍ ചെറുതാ..പക്ഷെ തീ തുപ്പാന്‍ കഴിവുണ്ട്.. തീ തുപ്പിയാല്‍ പിന്നെ നിന്റെ യോദ്ധാവ് എങ്ങനെ വാള് വീശും"

അബു തിരിച്ചടിച്ചു " യോദ്ധാക്കള്‍ വ്യാളികളെ തോല്‍പ്പിച്ച എത്രയോ കഥകള്‍ ഉണ്ട്.. നീ കേട്ടിട്ടില്ലേ"

ആരിഫ്‌ പറഞ്ഞു "അത് ദുഷ്ട വ്യാളികള്‍...ഇത് നല്ല വ്യാളിയാണ്....നന്മ ആണ് ജയിക്കുക എന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്"

കുട്ടികളുടെ വാക്പോര് അങ്ങനെ പുരോഗമിച്ചു. അബുവും ആരിഫും അവരവരുടെ പ്രതിമകളെ പറ്റി മത്സരിച്ചു വര്‍ണ്ണനകള്‍ നടത്തി. അപ്പുറത്തെ മുറിയില്‍ ഉറങ്ങുന്ന ബാബാ ഉണരാതിരിക്കാന്‍ അവര്‍ പത്യേകം ശ്രദ്ദിച്ചു. ബാബാ അറിഞ്ഞാല്‍ ചെലപ്പോ ഉമ്മയോട് പറഞ്ഞു കൊടുക്കും. പിന്നെ ഈ ഒളിച്ചുകളി പറ്റില്ല. കളി എല്ലാ ദിവസവും തുടര്‍ന്നു. ഓരോ ദിവസവും പുതിയ പ്രതിമകള്‍ അവരെയും കാത്ത് ജന്നല്‍പ്പടിയില്‍ ഇരിപ്പുണ്ടാവും. ശാന്തമായ നിദ്രയില്‍ മുങ്ങിക്കിടക്കുന്ന ബാബയും അതിനടുത്തായി ഉണ്ടാകും.  ആ ശാന്തിയുടെ മറവില്‍ കുട്ടികള്‍ പ്രതിമകളെ മനസ്സില്‍ പ്രതിഷ്ടിച്ചു വായ്‌പ്പോര് നടത്തും. കളി കഴിഞ്ഞ ശേഷം അവര്‍ പ്രതിമകളെടുത്ത് ജന്നല്‍പ്പടിയില്‍ തിരികെ വെയ്കും, ബാബാ ഉണരുന്നതിനു മുന്‍പേ.

പക്ഷെ എന്നും കളി വഴക്കില്‍ ആണ് അവസാനിച്ചിരുന്നത്. ചില ദിവസങ്ങളില്‍ അവര്‍ തല്ലു കൂടി.  ചില വഴക്കുകള്‍ ദിവസങ്ങളോളം നീണ്ടു. പള്ളിക്കൂടത്തിലെ മാഷിനോട് വ്യാളിയുടെ ശക്തികളെ പറ്റി ചോദിച്ചതിനു ആരിഫിനു ശകാരം കേള്‍ക്കേണ്ടി വന്നു. പഠിക്കേണ്ട സമയത്ത് കാര്‍ട്ടുണ്‍ കണ്ട് സമയം കളയരുത് എന്ന ഒരു ഉപദേശവും അവനു കിട്ടി. ഒരിക്കല്‍ താന്‍ ഒരു വ്യാളിയായി മാറി, തന്റെ ശത്രുക്കളെയെല്ലാം അടിയറവു പറയിപ്പിക്കുന്ന രംഗങ്ങള്‍ ആരിഫ് കിനാവ് കണ്ടു.

ഹനുമാനാണോ അതോ ഗണപതിയ്ക്കാണോ ശക്തി എന്ന് ഓത്തുപള്ളിയിലെ മുസ്ലിയാരോട് അബു ഒരിക്കൽ ചോദിച്ചത് മദ്രസയെ മൊത്തത്തില്‍ ഞെട്ടിച്ചു. പണ്ടെങ്ങോ കണ്ട പുരാണ സീരിയലിന്റെ ബലത്തില്‍  ആധികാരികഭാവത്തിൽ  മുസ്ല്യാര് പറഞ്ഞു:  "ഹ്മ്മം.... ശക്തി കൂടുതല് ഹനുമാനു തന്നെ.. ഗണപതിയ്ക്ക് ബുദ്ധിയാണ് കൂടുതല്‍". ഉത്തരം കേട്ട പാടെ ആരിഫ് പറഞ്ഞു "കണ്ടോ കണ്ടോ.. ഹനുമാന്‍ തന്നെ.."

തല്‍ക്കാലത്തേക്ക് അബു ഒന്നടങ്ങി. പക്ഷെ അവന്‍ അത്രേ പെട്ടന്ന് വിട്ടു കൊടുക്കുന്നവനല്ല. ചുറ്റോടു ചുറ്റും ഉസ്താദുമാരുടെ ഭവനങ്ങളും ചെറിയ മദ്രസകളും മാത്രമുള്ള  പള്ളിപ്പറമ്പിലൂടെ, തിരികെ വീടിലേക്ക്‌ നടക്കുമ്പോള്‍ ഗണപതി എങ്ങനെ ഹനുമാനെ ജയിക്കും എന്നതിനെപറ്റി വാ തോരാതെ വര്‍ണിച്ചുകൊണ്ടിരുന്നു. പള്ളിപ്പറമ്പിന്റെ ചുവന്ന മണ്ണില്‍ അവരുടെ കാല്‍പാദപ്പാടുകൾ നീണ്ടു നിവര്‍ന്നു കിടന്നു.

അബുവിന്റെയും ആരിഫിന്റെയും പോരാട്ട കഥകള്‍ അധികം വൈകാതെ അവരുടെ വീട്ടിലും എത്തി. ഉമ്മയെക്കാള്‍ കുടുതല്‍ അവരോടു ദേഷ്യപ്പെട്ടത്  ചേച്ചിയാണ്. അവള്‍  ഒരിക്കല്‍ രണ്ടിനെയും പിടിച്ചു നിര്‍ത്തി ചെവിക്കു നുള്ളിക്കൊണ്ടിരുന്നപ്പോള്‍ ബാബാ മുകളില്‍ നിന്ന് ഇറങ്ങിവന്നു. അവള്‍  ബാബയോട് പറഞ്ഞു " കണ്ടോ ബാബാ.. എപ്പോ നോക്കിയാലും വഴക്കാ". വെള്ളിത്താടി തടവിക്കൊണ്ട് ബാബാ പറഞ്ഞു "ചെവിയില്‍ നല്ലോണം പിച്ച്... സര്‍വനാഡികളുടെയും സംഗമസ്ഥാനമാണ് ചെവി. അവിടെ ഞെരടിയാല്‍ ബുദ്ധി തെളിയും.. ഹ്മം നല്ലോണം പിച്ച്...തലച്ചോറിലെ മാറാലകളൊക്കെ അങ്ങ് പോകട്ടെ...ഹ ഹ ഹ ഹ  "  ഗംഭീരമായ ഒരു ചിരിയും ചിരിച്ചു കൊണ്ട് അതികായനായ ആ വെള്ളത്താടിക്കാരന്‍ പുറത്തേക്കു പോയി.  അദ്ദേഹത്തിന്റെ തുകല്‍ ചെരിപ്പ് തറയില്‍ ഉരസുന്നതിന്റെ ശബ്ദം കൂടുതല്‍ തെളിമയോടെ കേട്ടതായി ആരിഫിനു തോന്നി.

വഴക്ക് കേള്‍ക്കുന്നത് പതിവായതോടെ അബുവിനും ആരിഫിനും അതൊരു പ്രശ്നമല്ലതായി. മുകള്‍നിലയിലെ പ്രതിമകള്‍ മാന്ത്രികമായ വശ്യതയോടെ അവരെ മാടിവിളിച്ചുകൊണ്ടിരുന്നു.  ജീവിതത്തിലെ മുഴുവന്‍ രസവും ആ പ്രതിമകളിയിലാണെന്ന് അവര്‍ക്ക് തോന്നി. ഓരോ കളിയിലും അവര്‍ അവരവര്‍ക്ക്  കിട്ടിയ പ്രതിമകളുടെ സവിശേഷതകളെ കീറിമുറിച്ചു പരിശോധിച്ചു. താരതമ്യം നടത്തി. കഥകള്‍ മെനഞ്ഞു വിജയപരാജയ സാധ്യതകളെ പറ്റി തര്‍ക്കിച്ചു. അടുത്ത ദിവസം കിട്ടാന്‍ പോകുന്ന പ്രതിമ ഏതാണെന്നോര്‍ത്ത് ആകാംക്ഷാഭരിതരായി.

പഞ്ചാരക്കട്ടയിലേക്ക്  ഉറുമ്പ് ചെല്ലുന്നത് പോലെ ദിനവും അവര്‍ മുകളിലെക്കുള്ള പടികള്‍ അരിച്ചു കയറി. നിരന്തര പരാജയങ്ങള്‍ ആരിഫിന്റെ മനസ്സില്നെ വല്ലാതെ ഉലച്ചിരുന്നു. എന്നാല്‍ സ്ഥിരം ജയിച്ചിരുന്ന അബുവിന്റെ മനസ്സും ശാന്തമായിരുന്നില്ല. പുതിയ വിജയങ്ങൾ എങ്ങനെ നേടിയെടുക്കും എന്ന ചിന്ത അവനെ ആകുലനാക്കി. പിറ്റേന്നും ബാബയുടെ മുറിയിലേക്കവർ ആകാംക്ഷയോടെ ഓടിച്ചെന്നു. മുറിയിലെ ചില മാറ്റങ്ങള്‍ അവര്‍ ശ്രദ്ധിച്ചു. സാധനങ്ങള്‍ എല്ലാം തന്നെ ഭാണ്ടക്കെട്ടുകളിലാക്കി വെച്ചിരിക്കുന്നു. പതിവില്‍ നിന്ന് വിപരീതമായി അനേകം പ്രതിമകള്‍ ജന്നൽപ്പടിയിൽ നിരത്തിവെച്ചിരിക്കുന്നു. യോദ്ധാവ്, വ്യാളി, ശ്രീബുദ്ധന്‍, യേശു, ഹനുമാന്‍.....അങ്ങനെ പലതരത്തിലുള്ള പ്രതിമകൾ. അല്പം അത്ഭുതത്തോടെ അവ നോക്കി നില്‌ക്കെ പിന്നില്‍ നിന്ന് ബാബയുടെ ശബ്ദം കേട്ടു. "വഴക്കാളികള്‍ ഇന്നും എത്തിയോ"? അബുവും ആരിഫും ചെറുജാള്യത്തിൽ തിരിഞ്ഞുനോക്കി. പതിയെ ബാബാ രണ്ടുപേരുടെയും  തോളുകളില്‍ കയ്യമർത്തിവച്ച ശേഷം അവരെ നോക്കി ചിരിച്ചു. എന്നിട്ടദ്ദേഹം ശാന്തമായി  പറഞ്ഞു. "വ്യാളിയും യോദ്ധാവും സുഹൃത്തുക്കളായിരുന്നു. ആ യോദ്ധാവിന്റെ വാഹനമാണ് വ്യാളി". "ഹ ഹ ഹ.. അല്ലെങ്കിൽ അതാണ് യഥാര്‍ത്ഥ കഥ". ബാബയുടെ മുഖത്ത് ദൈവികമായ ചിരി. ആരിഫും അബുവും അത്ഭുതം കൂറി മന്ദഹസിച്ചു അന്യോന്യം നോക്കി.

അബു ചോദിച്ചു: "എന്തേ എല്ലാം പെറുക്കിയടക്കിയത്? ബാബാ ഇവിടുന്നു പോവ്വാണോ?"

ബാബ അവന്റെ ചെവിയിൽ പറഞ്ഞു. "ഞാന്‍ പോകുന്നു. വാടക കൊടുക്കാന്‍ പണമില്ല. നിന്റെ ഉമ്മ അത് നേരിട്ട് പറയുന്നതിന് മുന്‍പ് ഞാന്‍ ഇവിടുന്നിറങ്ങും."

"ഉമ്മയോട് ഞങ്ങള്‍ പറയാം ബാബയുടെ കൈയില്‍ പൈസ ഇല്ലാത്ത കൊണ്ടാണെന്ന്" ആരിഫ്‌ സാവധാനം പറഞ്ഞു.

"എന്റെ കൈയില്‍ പൈസ ഇല്ല എന്നുള്ളത് എന്റെ കഥ. അത് നിന്റെ ഉമ്മ ക്ക് അറിയേണ്ട കാര്യമില്ല. ഉമ്മാക്ക് ഉമ്മാടെ ഒരുപാടു കഥകൾ വേറെ പറയാനുണ്ടാവും....ഹ ഹ". ബാബാ പിന്നെയും ചിരിച്ചു.

"എന്നത്തേയും പോലെ ഇന്നും ഞാന്‍ രണ്ടു പ്രതിമകള്‍ ഉണ്ടാക്കാന്‍ പോകുകയാണ്...അതോടെ നിങ്ങള്‍  ചിലത് പഠിക്കും എന്ന് കരുതുന്നു.. പഠിപ്പിക്കാന്‍ പറ്റിയ പരുവത്തില്‍ ആണ് നിങ്ങളിപ്പോള്‍...നനഞ്ഞ മണ്ണ് പോലെ"

പറഞ്ഞുകൊണ്ട് ബാബാ എണീറ്റ്‌ നിന്നു. പ്രതിമകളെല്ലാം കൈയിലെടുത്തു. എന്നിട് ശക്തിയായി നിലത്തേക്കവയൊക്കെ വലിച്ചെറിഞ്ഞു. എറിഞ്ഞു നിലത്തു വീണിട്ടും പൊട്ടാത്തവ കൈയിലെടുത്തു തമ്മിലുടച്ചു. ചുവന്ന മണ്ണിന്‍റെ ധൂമപടലങ്ങള്‍  മുറിയിലാകെ നിറഞ്ഞു. അവരുടെ പ്രിയപ്പെട്ട കളിക്കോപ്പുകളായ യേശുവും ഗണപതിയും വ്യാളിയുമെല്ലാം കേവലം ചുവന്ന നേര്‍ത്ത പൊടികളായി മാറുന്ന കാഴ്ച അവര്‍ അല്പം ഞെട്ടലോടെ കണ്ടു. പതിയെ വീണ്ടും സൃഷ്ടിക്ക് ആധാരമായ ചുവന്ന മണ്ണിലേക്ക് ജീവദായകിയായ ജലം പകര്‍ന്നു ബാബാ അതിനെ കൂട്ടിക്കുഴച്ചു. ആരിഫും അബുവും കണ്ണും മിഴിച്ച് ബാബാ ചെയ്യുന്നതും നോക്കി ഇരുന്നു.

"ഇനി പറ, ഇതില്‍ യോദ്ധാവ് എവിടെ, വ്യാളി എവിടെ?" മന്ദഹസിച്ചുകൊണ്ട് ബാബാ ചോദിച്ചു. 

ഉത്തമ ശിഷ്യന്മാരെപ്പോലെ പ്രസന്ന ഭാവത്തില്‍ മൂകരായി അബുവും ആരിഫും ഒന്നും മിണ്ടാതിരുന്നു.

അല്പം നനഞ്ഞ മണ്ണെടുത്ത് ആരിഫ് അബുവിന്റെ മുഖത്തു തേച്ചു. അബു ചിരിച്ചു കൊണ്ട് തിരിച്ചും. 

മണ്ണിനു തണുപ്പുണ്ടായിരുന്നു.  ആ  മണ്ണ്  അവരുടെ തൊലിപ്പുറത്ത് നിന്നും ജീവന്റെ ചൂടിനെ വലിച്ചെടുത്തുണങ്ങിയടര്‍ന്നു. ശുഷ്കവും സമയബന്ധിതവുമായ  മനുഷ്യമനസ്സിന്‍റെ ചട്ടക്കൂടുകളില്‍ക്കിടന്നു  ഞെരിയുന്ന അനാദിയായ ആത്മാവിന്റെ ചൂട്. 

സൃഷ്ടികര്‍മത്തില്‍ ഏര്‍പ്പെടുന്ന ദൈവത്തെ പോലെ ബാബാ ഇരുന്നു. ധൂമപടലങ്ങള്‍  തരികളായി അടിഞ്ഞ് ബാബയുടെ വെളുത്ത താടിരോമങ്ങളുടെ ഇടയില്‍ ചേക്കേറി. കൈ കൊണ്ട് കുഴച്ചു കൊണ്ടിരിക്കുന്ന മണ്ണില്‍ മാത്രം നോക്കികൊണ്ട്‌ ബാബാ തുടര്‍ന്നു :

"പ്രതിമകള്‍ മാറി മാറി വരും. പക്ഷെ ഈ മണ്ണ് മാറില്ല. അത് അങ്ങനെ തന്നെ നില്‍ക്കും. പ്രതിമകള്‍ക്ക് ആയുസ്സുണ്ട്. തുടക്കവും ഒടുക്കവും  ഉണ്ട്.  അതുകൊണ്ടാണ് അവയെ പറ്റി കഥകള്‍ ഉള്ളത്;  പക്ഷെ മണ്ണിനു തുടക്കവും ഒടുക്കവും  ഇല്ല. ഈ ഭൂമി ഉണ്ടായ കാലം മുതൽ ഇവിടുള്ളതാണീ മണ്ണ്. പ്രതിമയില്‍ സത്യമില്ല; മണ്ണിലാണ് സത്യം".

ബാബാ സാവധാനം രണ്ടു  രൂപങ്ങള്‍ കളിമണ്ണില്‍ തീര്‍ത്തു. ആരിഫിന്‍റെയും അബുവിന്‍റെയും രൂപങ്ങളായിരുന്നു അവ. "എനിക്കാകെയുള്ള സമ്പാദ്യം ഈ മണ്ണ് ആണ്. അത് ഞാന്‍ ഇതാ നിങ്ങൾക്ക് തരുന്നു. രണ്ടു വഴക്കാളികളുടെ രൂപത്തില്‍". ചിരിച്ചു കൊണ്ട് ബാബാ ആ രണ്ടു പ്രതിമകളും എടുത്തു ജനല്‍പ്പടിയില്‍ വെച്ചു.

അബുവും ആരിഫും കൈയ്കള്‍ ചേര്‍ത്ത് പിടിച്ചു നിന്നു. സ്വന്തം പ്രതിമകളില്‍ അവര്‍ക്ക് മറ്റ് കഥകള്‍ കണ്ടെത്താനായില്ല. ബാഹ്യലോകത്തു നിന്നും ആന്തരികലോകത്തേക്ക് അവരുടെ മനസ്സുകള്‍ പിന്തിരിഞ്ഞു. കഥകള്‍ അസ്തമിച്ച അവരുടെ മനസ്സില്‍ ആത്മസാക്ഷത്കാരത്തിന്റെ മഹാകാശം നൈമിഷികമായി തെളിഞ്ഞു. . ധൂമ പടലങ്ങള്‍ സൂര്യപ്രകാശമേറ്റ് തിളങ്ങി മുറിയില്‍  അലകളായി സ്പന്ദിച്ചു. ആ സ്പന്ദനങ്ങളില്‍ നിന്ന് ഉടലെടുത്ത ആദിമജീവജാലങ്ങളെ പോലെ  അബുവും ആരിഫും നിന്നു. അബു അബുവിനെയും ആരിഫ്‌ ആരിഫിനെയും ഒരു കണ്ണാടിയിലെന്നപോലെ കണ്ടു. പരസ്പര താരതമ്യങ്ങളുടെ  കൊടുമുടിയില്‍  നിന്നും  ആത്മനിര്‍വൃതിയുടെ  താഴ്‌വരയിലേക്ക് അവര്‍  സാവധാനം പതിച്ചു. ഒരേ മണ്ണില്‍  സൃഷ്ടിക്കപെട്ട കുട്ടികള്‍ അവരുടെ തരികളെ തിരിച്ചറിഞ്ഞു. കോടാനുകോടി ചുവന്ന മൺതരികള്‍ ചേര്‍ന്ന ആ പ്രതിമകള്‍  അവരെ നോക്കി ചിരിച്ചു. ഏതൊരു പ്രതിമയെയും പോലെ ഉടച്ചു വാര്‍ക്കപ്പെടുന്ന ദിവസവും കാത്തുകൊണ്ട് അവയും ആ ജനാലപ്പടിയിലിരുന്നു. 

 

സമ്മാനപ്പൊതി

സമ്മാനപ്പൊതി

പെയ്തൊഴിയാതെ

പെയ്തൊഴിയാതെ