Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

കുമ്പളം കുന്നിലെ ചിന്തകൾ

കുമ്പളം കുന്നിലെ ചിന്തകൾ

ഒരു ദശകത്തിനുശേഷം വീണ്ടും അതെ മീൻ തീയൽ കുട്ടിയിട്ടും അന്നത്തെപ്പോലെ വയറു മുറുക്കെ കഴിക്കാൻ പറ്റിയില്ല. കൈകഴുകി ചുറ്റും നോക്കി. വീടിനെവിടെയെല്ലാമോ ചെറിയ മാറ്റം വരുത്തിയതൊഴിച്ചാൽ വലിയ മാറ്റങ്ങൾ ഒന്നുമില്ല .

നീയൊന്നും കഴിച്ചില്ലല്ലോ ?

ഞാനിപ്പോൾ ഭക്ഷണം കുറച്ചേ കഴിക്കാറുള്ളു, അമ്മെ.

തോർത്തുവേണോ മോനെ?

വേണ്ട എന്റെ കയ്യിൽ ടവൽ ഉണ്ടെന്നു പറഞ്ഞു നോക്കിയപ്പോഴേക്കും അവന്റെ അമ്മ തിരിച്ചു നടന്നു തുടങ്ങിയിരുന്നു . 'അമ്മ അന്ന് കണ്ടതിലും വല്ലാതെ ക്ഷീണിച്ചിരിക്കുന്നു . ശരീരത്തിന് മാത്രമല്ല മനസ്സിനുമില്ലേ ആ തളർച്ച?

'എന്നാലും ഇത്രനാൾ ഒന്ന് വിളിക്കുകപോലും ചെയ്തില്ലലോ മോനെ?'

അവരുടെ ശബ്ദത്തിലെ പരിഭവം നേരത്തെ പ്രതീക്ഷിച്ചിരുന്നു.

'ഒന്നുമില്ലമ്മെ, ഓരോ തിരക്കിൽ ഒന്നും നടന്നില്ല'.

'അപ്പോൾ നിന്റെ പുതിയ വീട്ടിലെ  ഒത്തുകുടലിൽ പോലും പറയാൻ മറന്ന തിരക്കിലായിപ്പോയോ?'

ആ ചോദ്യത്തിനുമുന്നിൽ ഞാൻ മൗനംകൊണ്ടു തോറ്റു പിന്മാറി. മുൻപ് വീട്ടിലേക്ക് ക്ഷണിച്ചപ്പോഴൊക്കെ ഞാൻ നിന്റെ വീട്ടുകൂടലിനു വരാമെന്നു പറഞ്ഞതായിരുന്നല്ലോ?

ഒരുപക്ഷെ നിന്റെ കാർക്കശ്യവും അവന്റെ ദുരഭിമാനവും അല്ലെ കാരണമെന്ന ചോദ്യത്തിൽ ജീവിതാനുഭവങ്ങളിലെ തിരിച്ചറിവിന്റെ ശക്തി ഞാൻ അറിയുന്നു.

'പോട്ടെ , അച്ചനുമമ്മക്കും സുഖമാണോ?'

'കുഴപ്പമൊന്നുമില്ല, ഭക്ഷണത്തേക്കാൾ മരുന്നുകൾ കഴിച്ചങ്ങനെ കഴിയുന്നു'.

'ഏട്ടനും കുടുംബവും എന്ത് പറയുന്നു?'

എന്റെ മനസ്സൊന്നു പതറി. അതിനുള്ള ഉത്തരം പറയാൻ മടിച്ചതുകൊണ്ടല്ലേ ആ ചോദ്യം അരുതെന്ന് ആഗ്രഹിച്ചത്.

ഉത്തരം പ്രതീക്ഷിച്ചുള്ള ആ നോട്ടം വീണ്ടും അതെ ചോദ്യം ആവർത്തിക്കുമെന്ന് തോന്നിയതുകൊണ്ടു

‘ഏട്ടൻ പോയി’

'പോയോ? എങ്ങോട്ടു?'

'നമ്മെ വിട്ടു പോയി'

ഓപ്പറേഷൻ തിയേറ്ററിലെ മുതിർന്ന നഴ്‌സിന്റെ മുഖത്ത് ഒരുപാട് മരണങ്ങൾ നേരിൽ കണ്ടതിന്റെ ധൈര്യമെല്ലാം ചോർന്നുപോയാത്തതുപോലെ, വല്ലാത്ത ഭാവമാറ്റം.

'എന്തുപറ്റി മോനെ?'

'സമയമടുത്താൽ പോയല്ലേ പറ്റൂ അമ്മേ'.

'കാരണത്തിനൊരു മഞ്ഞപിത്തം'

'അറിയാൻ താമസിച്ചോ?'

'രണ്ടാഴ്‌ചയോളം കൊച്ചി അമൃതയിൽ ആവുന്നതെല്ലാം ശ്രമിച്ചു, പക്ഷെ?'

അസ്വസ്ഥമായ നിശബ്ദത എല്ലാവരിലും വേദനിപ്പിക്കുന്ന ഓർമ്മകൾ.

അവന്റെ അമ്മ എന്റെ ഏട്ടനെ കണ്ടിട്ടില്ല. എങ്കിലും അവൻ പറഞ്ഞറിഞ്ഞതാകാം . അവർക്കെല്ലാം ഏട്ടനോട് വല്ലാത്ത അടുപ്പമുള്ളതുപോലെ.

അതുപിന്നെ അങ്ങനെയല്ലേ, അവൻ വീട്ടിൽ വരുമ്പോൾ ഏട്ടനോട് വലിയ കുട്ടായിരുന്നല്ലോ .

എവിടെയോ നുരഞ്ഞുപൊങ്ങുന്ന അസ്വസ്ഥയിൽ നിന്നകലാൻ ഞാൻ ഒന്ന് കുന്നിൻ മുകളിൽ കയറി വരാമെന്നുപറഞ്ഞു തിരിഞ്ഞു നടന്നു.

കുന്നിൻ മുകളിയ്ക്കുള്ള ആദ്യ പടിയെന്നപോലെ അതെ മാവിൻ വേര് ഇപ്പോഴും, ഒരു ജന്മം മുഴുവൻ ഈ കർമ്മം ഞാൻ എറ്റോളമെന്ന ഭാവത്തിൽ തലമുറകളുടെ ചവിട്ടേറ്റ് തഴമ്പിച്ചിരിക്കുന്നു. നീണ്ട പത്തുവർഷങ്ങൾക്ക് ശേഷം ഒരു സഹായമെന്നോണം എന്റെ കാലുകൾക്കു താങ്ങായി വീണ്ടും. ഒരു നന്ദി പറഞ്ഞ് തിരിഞ്ഞു മാവിനെ നോക്കി. പ്രായം എന്നെമാത്രമല്ല…. അവളെയും ബാധിച്ചല്ലോ.

അന്ന് കണ്ട പൂത്തുലഞ്ഞ കന്യകയുടെ പ്രസരിപ്പ് ഇപ്പോളില്ല. എന്നെപ്പോലെ ക്ഷീണിച്ചിരിക്കുന്നു. അവിടിവിടെ നരച്ചതുപോലെ ഇലകൾ പഴുത്തും ഉണങ്ങിയും.

എന്നും മലകയറുമ്പോൾ ആദ്യം മുകളിലെത്താനുള്ള ഏന്റെ അത്യാഗ്രഹം എന്നിൽനിന്ന് മാഞ്ഞിരിക്കുന്നു.

വയനാട്ടിലെ ചെമ്പറമല ആദ്യം കയറിയത് അഭിമാനത്തോടെ ഞാനിപ്പോഴും പഴയാറുണ്ട്.

ആ കാലത്തിന്റെ ഓർമയിൽനിറഞ്ഞ മത്സരോത്സുകത എന്നെ മുകളിലേക്ക് കൈപിടിച്ചു നയിക്കുന്നതിനിടയിൽ ആരെയോ പ്രതീക്ഷിക്കുന്നപോലെ ഏകാകിയായ കുമ്പളക്കായ്.

ഹോ .. ഈ കുന്നിന് കുമ്പളം കുന്നെന്നു പേര് വന്നതിനുകാരണം അന്നവൻ പറഞ്ഞിരുന്നല്ലോ.

ആരും നട്ടുനനക്കാതെ കുന്നുമുഴുവൻ താനെ വളർന്നുനിറയുന്ന കുമ്പളവള്ളികൾ, അന്ന് അതിന്റെ കായ്കൾ വകഞ്ഞ് മാറ്റി മുകളിലോട്ടു നടന്നതല്ലേ. പക്ഷെ ഇന്നിതാ ഒരേ ഒരെണ്ണം മാത്രം.

ഈ ഒരു ജന്മത്തിൽനിന്നു മോക്ഷം നല്കാൻ ആരെങ്കിലും കത്തിയുമായ് വരുന്നത് കാത്തിരുന്ന് മടുത്തതുപോലെ.

ഈ കുന്നും ഒരുപാടു മാറിയിരിക്കുന്നു . എന്റെ കണ്ണുകൾ അന്നിരുന്ന ആ പാറക്കല്ലിനായ് തിരഞ്ഞു.

ഭാഗ്യം അതിനുമാത്രം ഒന്നും പറ്റിയിട്ടില്ല.

ആ കല്ലിനു ഞാനും അവനും തമ്മിലുള്ള ആത്മ ബന്ധത്തെ അറിയുന്നതുപോലെ.

അപ്രതിക്ഷിതമായി  മറൈൻ കോഴ്സിന്റെ ക്ലാസിൽ വച്ച് തുടങ്ങിയ സൗഹൃദം ഒരു സിൽവർജൂബിലി കഴിഞ്ഞിരിക്കുന്നു. മറ്റെല്ലാവരും പലവഴിക്കുപോയി. എന്നിട്ടും ഏതോ ഒരു ജന്മ ബന്ധം പോലെ ബാംഗ്ലൂരിലും പിന്നെ മുസ്കറ്റിലും കൂടെയെത്തി. എന്നിട്ടും ഒരു ജോലിക്കുവേണ്ടി എനിക്കവനെ സഹായിക്കാൻ കഴിഞ്ഞില്ല.

നമുക്ക് ഒരു ബിസിനസ് തുടങ്ങാമെന്ന് ഞാൻ അവനോടു ഒരുപാടു പറഞ്ഞു. പക്ഷെ അവനതിഷ്ടമല്ലായിരുന്നു.

ഓരോ ലീവിലും ഞങ്ങൾ കണ്ടുമുട്ടാറുണ്ടായിരുന്നു.

അന്ന് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു എത്രനേരം ഇവിടെയിരുന്നു . അന്നവൻ എവിടെനിന്നോ സംഘടിപ്പിച്ച ഇളം കള്ളിന്റെ ലഹരിൽ എന്റെ കൗമാര ചിന്തകളിൽ ഉന്മാദം നിറച്ച മലകൾക്കായ് എന്റെ കണ്ണുകൾ തിരഞ്ഞു.

അകലെ ഒരേപോലെ ഉയർന്നുനിൽക്കുന്ന രണ്ടു മലകൾ അതിനിടയിലൂടെ ഒരു നേർത്ത രേഖപോലുള്ള നെൽപ്പാടം. എന്റെ മനസ്സിൽ സംസ്‌കൃതം ക്‌ളാസിൽ കേട്ടുമറന്ന കുമാരസംഭവത്തിലെ പാർവതി വർണ്ണയിലെ താമരത്തണ്ടിനിടമില്ലാത്ത തുടുത്ത മാറിടംപോലെ തോന്നി.

പക്ഷെ ഇപ്പോൾ

സാഡിസ്റ്റുണ്ടാക്കിയ സിഗററ്റുപാടുപോലെ അവിടിവിടെ ഉരുണ്ടു കൂടിയ കെട്ടിടങ്ങളും മൺ കുഴികളും.

അതിനിടയിൽ ഏതോ മോഡേൺ ആർട്ടിസ്റ്റിന്റെ ഭ്രാന്തൻ ചിന്തകളാൽ കീറിമുറിക്കപ്പെട്ടതുപോലെ പ്രത്യക്ഷമായ ബ്ലാക്‌ടോപ് റോഡ്.

ഹോ ..വരണ്ടായിരുന്നു എന്റെ മനസ്സിലെ കുളിരിലേയ്ക്കി തീക്കനൽ വാരിയിടാൻ.

അറിയില്ല, ഈയിടെയായി എന്റെ മുന്നിൽ എല്ലാം അനർത്ഥങ്ങളാണല്ലോ.

പോക്കുവെയിൽ ആകാശത്തു ചൈത്രം ചാലിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ നിഴലുകൾക്കിടയിലൂടെ ആരെല്ലാമോ എത്തിനോക്കുന്നതുപോലെ.

അന്നവൻ വെറുതെ പറഞ്ഞു.

നിന്റെ നാട്ടിലെ കുന്നിൽനിന്നു നോക്കിയാൽ ആകാശം ഇത്ര ചുകന്നുകാണില്ല കാരണം അറിയാമോ?

എന്ത് ചോദ്യമെന്ന ഭാവത്തിൽ ഞാനവനെ നോക്കി.

കുറച്ചു ദിവസങ്ങൾക്കുമുന്പ് പേപ്പറിൽ ഒരു കൊലപാതകം വായിച്ചിരുന്നോ? അത് ആ കാണുന്ന വയലിൻ നടുവിൽ വച്ചായിരുന്നു. ഇവിടെ ചിതറുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ രക്തംചീറ്റൽ നാല്പതുകിലോമീറ്റൽ അകലെയുള്ള നിന്റെ കുന്നിൻമുകളിലെ ആകാശത്തിൽ പ്രതിഫലിക്കില്ലല്ലോ?

ആർക്കുവേണ്ടിയാടാ ഈ കോല? ദൈവം നമുക്കുതന്ന ഈ കഷ്ണികമായ ജീവിതം എന്തിനോവേണ്ടി കളയുന്നവർ.

നിനക്കുതോന്നുന്നുഡോ കളയാൻ ആഗ്രഹിച്ചവരുടെ ജീവനാണ് കൊഴിയുന്നതെന്ന്?

അങ്ങനെയാണെങ്കിൽ ഒന്നിനും പോകാതെ കല്ലുവെട്ടി അച്ഛനെയും അമ്മയെയും നോക്കി വൈകുന്നേരം ഒരു രസത്തിനു കളിക്കാൻ പോയവനെ അവർ കൊല്ലില്ലായിരുന്നല്ലോ.

എന്ത്?

അതെ, അവർക്കു എണ്ണം തികക്കാൻ ആരെങ്കിലും മതി.

ഹോ , മതി നിന്റെ നാട് , ശരിയാണ് ഞാൻ നിന്റെ വീട് കണ്ടുപിടിക്കാൻ വഴി ചോദിച്ചപ്പോൾ എല്ലാവരും സംശയത്തോടെ നോക്കുന്നതുപോലെ തോന്നി.

എന്തൊരു കഷ്ടം, ചിലർ മറ്റുള്ളവർക്കുവേണ്ടി സ്വന്തം അവയവം നൽകി സ്നേഹിക്കുബോൾ ചിലർ ഒന്നിനുമല്ലാതെ മറ്റുള്ളവനെ കീറിമുറിക്കുന്നു.

ഇവരിൽ പലരും ആദർശമോ വിരോധമോ കൊണ്ടല്ല എങ്ങനെ ചെയ്യുന്നത്. കാശിനുവേണ്ടി എന്തും ചെയ്യും. വേണമെങ്കിൽ സ്വന്തം അച്ഛനെയും അമ്മയെയും ഇല്ലാതാക്കാൻ പോലും.

വാളെടുത്തവൻ വാളാലെ , അതൊരു പ്രകൃതി സത്യമാണ്. എങ്ങനെ ചെയ്യുന്നവൻ നിയമത്തിനും കൊലക്കത്തിക്കും മുന്പിൽനിന്നു രക്ഷപ്പെട്ടാലും പ്രകൃതിയിൽ നിന്ന് രക്ഷപ്പെടില്ല.

എന്ന് നിസ്സഹായരായ നമ്മൾ ആശ്വസിക്കും, അല്ലെങ്കിൽ ആഗ്രഹിക്കും.

രണ്ടാനമ്മയുടെ തലയിണമന്ത്രത്തിൽ സ്വന്തം പിഞ്ചു മകനെ ശാരീരികമായ് ആക്രമിച്ച് കൊല്ലാൻ നോക്കുന്ന അച്ഛൻ. സാമ്പത്തികലാഭത്തിനായി സ്വന്തം മകളെ മറ്റുള്ളവർക്ക് കാഴ്ചവെക്കുന്ന അമ്മ.

എന്താണ് ഇവരുടെ മാനസിക നില.

കലികാലമെന്നല്ലേ പറയാൻ പറ്റൂ.

അതെ അവനവനു നഷ്ടം വരുന്നതുവരെ അങ്ങനെ ചിന്തിക്കാം, നമുക്കുവന്നാലോ?

അറിയില്ല, ഇത്തരം ദുഷ്ട ശക്തികളിൽനിന്നും കാത്തുരക്ഷിക്കണേയെന്നു ദൈവങ്ങളോടും പ്രകൃതിയോടും പ്രാർത്ഥിക്കാറുണ്ട്.

ഏറെ ഇഷ്ടപ്പെടുന്ന ആർക്കെങ്കിലും ഈ ലോകത്തിന്റെ ഭംഗിയായ ആകാശവും പൂക്കളും മലകളും മഴയും എന്നെന്നേക്കുമായി നഷ്ടമാവുന്നത് നീ ചിന്തിച്ചിട്ടുണ്ടോ?

മനസിനു സന്തോഷം നൽകുന്ന പ്രകൃതിതാളങ്ങളും ഗ്രേറ്റ് മ്യൂസിഷ്യൻസിന്റെ മെലഡികളും ഇനിയൊരിക്കലും തഴുകാതെ അവരുടെ കാതുകൾ നിലക്കുന്നത് നീ ചിന്തിച്ചിട്ടുണ്ടോ?

നിറങ്ങളും നിഴലും തിളക്കവുമറിയാതെ കണ്ണുകൾ എന്നേക്കുമായടയുന്നതു നീ ചിന്തിച്ചിട്ടുണ്ടോ?

ഒരുപക്ഷെ അവനവനു വന്നാൽ കുഴപ്പമില്ലെങ്കിലും ഏറ്റവും ഇഷ്ടമുള്ള ആർക്കും അങ്ങനെ വരരരുതെന്നു തോന്നുന്നില്ലേ മനസ്സിൽ.

ഇതെല്ലാം ചിന്തിച്ചിരുന്നെകിൽ ആരും ആരെയും കൊല്ലില്ലായിരുന്നു.

ഒരുപക്ഷെ മരിച്ചവർ ഒന്നുമറിയില്ലെങ്കിലും മറ്റുള്ളവർക്കല്ലേ എല്ലാ നഷ്ടവും.

ഇനിയൊരിക്കലും ആ സ്നേഹം കിട്ടില്ലലോ, ഇതറിഞ്ഞെങ്കിൽ എന്റെ ഉള്ളിലെ സ്നേഹം കൂടുതൽ പ്രകടിപ്പിച്ചേനെ. എല്ലാ ഈഗോയും അടക്കി എപ്പോഴും ചിരിച്ചേനേ . എന്നെല്ലാം പിന്നെയല്ലേ ചിന്തിക്കൂ.

അതുകൊണ്ടാണ് മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണെന്നു പറയുന്നത്.

ജീവിതത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിച്ചു വാർധക്യസഹജമായ അസുഖങ്ങൾകൊണ്ട് അനങ്ങാൻ പോലും വയ്യാതെ വേദനകളുടെ നടുവിൽ ഒന്ന് മരിച്ചാൽ മതിയെന്നാഗ്രഹിച്ചിട്ടും വർഷങ്ങളോളം കഷ്ടപ്പെടുന്നവർ.

ചിരിയും കളിയും കൺകുളിർക്കെ കാണുന്നതിനുമുന്പേ അകലങ്ങളിലേക്ക് മറയുന്ന പിഞ്ചോമനകൾ.

ജീവിതാവസാനംവരെ തുണയാകുമെന്നു കരുതിയെങ്കിലും പാതിവഴിയിൽ തനിച്ചാക്കിപ്പോകുന്ന ഇണ.

ഓർമ്മകൾ മാത്രം ബാക്കിയാക്കി അകലങ്ങളിലേക്ക് മായുന്നവർ എന്നും ഒരു ദുഃഖമല്ലേ?

ഇന്ന് ഞാൻ നാളെ നീ എന്നതൊരു സത്യമല്ലേ?

മറക്കാനുള്ള കഴിവ് ആരാനുഗ്രഹമാവുന്നതു ഇവിടെയല്ലേ?

അകലങ്ങളിൽ മറയുന്ന സുര്യൻ വീണ്ടും വരുമെന്നറിയുന്നതുകൊണ്ടല്ലേ സന്ധ്യയെ എല്ലാവരും ആസ്വദിക്കുന്നത്.

പക്ഷെ മരണം അങ്ങനെയല്ലലോ, ഒരിക്കലും തിരുച്ചുവരാത്ത അവസാന യാത്രയല്ലേ?

അകലങ്ങളിൽ മറഞ്ഞുതുടങ്ങിയ സൂര്യൻ എന്നെ എത്തിനോക്കുന്നപോലെ. സമയം വല്ലാതെ മുന്നോട്ടോടിക്കൊണ്ടിരുന്നു. വാ നമുക്ക് പോകാം.

ഞാൻ അവനിരുന്നിടത്തേക്കു നോക്കി . അവിടം ശൂന്യമാണല്ലോ.

എനിക്കുള്ളിലെവിടെയോ ഒരു വല്ലാത്ത ഭയം. ഞാൻ വേഗം കുന്നിറങ്ങാൻ തുടങ്ങി.

അകത്തു കയറാതെ മുറ്റത്തുനിന്ന് ഞാൻ പോകട്ടെയെന്നു ചോദിക്കാൻ നോക്കുബോൾ , അകത്തെ ചുമരിൽ അവന്റെ പാർട്ടിപ്പതാകയുടെ ഫ്രയിമിലൊതുങ്ങിയ അവന്റെ ഫോട്ടോയ്ക്ക് താഴെ കരഞ്ഞുകലങ്ങിയ കണ്ണുമായ് അവന്റെയമ്മ.

ഇന്ന് പോകണ്ട, രാത്രിയാവാറായില്ലേ, അവന്റെ അമ്മയുടെ സ്വരം ഇടറിയിരുന്നു.

ഇല്ലമ്മേ എനിക്ക് പോകണം പിന്നൊരിക്കൽ തിരികെ വരാം.

അവനില്ലാതെ ഞാൻ ഇവിടെ ആരാണ്? എന്റെ മനസ്സെന്നോടുതന്നെ ചോദിച്ചു.

നടന്നു നീങ്ങുന്നതിനിടയിൽ ഒരിക്കൽ കുടി തിരിഞ്ഞുനോക്കി . അപ്പോഴും 'അമ്മ എന്നെ നോക്കികൊണ്ടേയിരുന്നു.

വേണ്ടായിരുന്നു , വരണ്ടായിരുന്നു എല്ലാവരെയും വീണ്ടും വേദനിപ്പിക്കാൻ. പത്തു വർഷം പിണങ്ങിനിന്നു. പിന്നെ, എന്നെ ഒന്ന് വിളിക്കാത്തവനെ എനിക്കും വേണ്ട എന്ന ധാർഷ്ട്യം ഒഴിവാക്കി ഒന്ന് ചെന്ന് കണ്ടു കുറെ ചീത്തപറയാമെന്നുകരുതി വന്നപ്പോൾ അവനെന്നെ തോൽപ്പിച്ചു മടങ്ങിയിരിക്കുന്നു. ഒരു പിണക്കത്തിന്റെ നീറ്റൽ എനിക്കുമാത്രം സമ്മാനിച്ച്.. എന്തിനിപ്പോൾ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നു.

എല്ലാത്തിനും മാപ്പു പറഞ്ഞ് ഇനിയൊരിക്കലും ഇങ്ങോട്ടില്ലെന്നു പറഞ്ഞകന്നു. ഒരുനാൾ ഓർമ്മകൾ മാത്രം ബാക്കിയാക്കി എനിക്കും എല്ലാറ്റിനോടും വിടപറയേണ്ടതല്ലേ?

ജമന്തിപ്പൂവുകൾ

ജമന്തിപ്പൂവുകൾ

ആത്മാക്കളുടെ പ്രണയം

ആത്മാക്കളുടെ പ്രണയം