Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

ജമന്തിപ്പൂവുകൾ

ജമന്തിപ്പൂവുകൾ

നാല് എ യുടെ അസംബ്ലി. ആണ്‍കുട്ടികളുടെ നിരയില്‍ പോക്കക്കുറവിന്റെ പരിഗണനയിൽ എന്നും ഞാൻ വരിയിൽ മുന്നിലായിരുന്നു. ഇടതു വശത്ത് പെണ്‍കുട്ടികളുടെ വരിയിലേക്ക് തിരിയാൻ വയ്യ. അവിടെ പഠിപ്പിന്റെയും കൂടി കാര്യത്തിൽ സ്മിജ മുന്നിൽ നില്പുണ്ടാകും. 'കോപിച്ചിട്ടാകുമോ നിക്കുന്നത്?' ഇന്നലെ പണ്ടാരമടങ്ങാന്‍ അവളോട്‌ ഇഷ്ടമാണെന്ന് പറയുകേം ചെയ്തു. 'ഏയ് , എതിർപ്പൊന്നും ഉണ്ടാവാൻ വഴിയില്ല', പ്രാർഥനയുടെ സമയത്ത് ഇടക്കണ്ണിട്ടു എന്നെ നോക്കി എന്നോട് ചിരിച്ചതാണ്, പാത്രം കഴുകുമ്പോഴും ചിരിച്ചു, നാല് മണി ബെല്ലടിച്ചു പോകുന്ന വഴി സുധാകരചെട്ടന്റെ വേലി കഴിയുന്നിടത്ത് വച്ചും തിരിഞ്ഞു നോക്കി ചിരിച്ചു, മനസിനെ സമാധാനിപ്പന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നെഞ്ചിടിപ്പ് വെളുത്ത കുപ്പായത്തിന്റെ മുകളിലൂടെ കാണാമായിരുന്നു.

അസംബ്ലി ബെല്ലടി കേട്ട് ഞെട്ടി തിരിഞ്ഞു, ദൈവമേ, അവളെ വരിയിൽ കാണാനില്ല. എന്റെ ചങ്കിടിപ്പ് കൂടാൻ തുടങ്ങി.

ഇന്ദിര ടീച്ചറും ലീഡര്‍ സുധിയും പതാകയ്ക്ക് താഴെ വന്നുനിന്നു, കുട്ടികള് അസംബ്ലിക്ക് വേലിക്കടിയിലൂടെയും, അരമതില്‍ ചാടിക്കടന്നും വരിയിലേക്ക് ചേര്‍ന്നു, ചേച്ചിമാർ‍ വരാന്തയില്‍ നിന്ന് പ്രാർഥന ചൊല്ലി തുടങ്ങി, കഞ്ഞി വയ്ക്കുന്ന ഗോപാലൻ ചേട്ടനും കട്ട് തിന്നാന്‍ വരുന്ന കിങ്ങിണി പൂച്ചയും ഇന്ദിര ടീച്ചറുടെ അസംബ്ലിയിൽ അറ്റെൻഷൻ, ഞാനൊഴികെ. എന്റെ മനസ്സിൽ മുഴുവൻ ഇന്നലെ നടന്ന സംഭവങ്ങൾ മിന്നി മറിയുകയായിരുന്നു. പതിവിലും നേരത്തെയാണ് ഇന്നലെ ക്ലാസ്സില്‍ എത്തിയത്. ഒന്നാം ബെഞ്ചിന്റെ സൈഡില് തന്നെ സ്മിജയിരിപ്പുണ്ടായിരുന്നു. ഭാഗ്യത്തിന് ആരും ക്ലാസ്സിലുണ്ടയിരുനില്ല, ഇങ്ങനെയൊരവസരം അവസരം ഇനി കിട്ടിയെന്നുവരില്ല. മുഴുവൻ ധൈര്യവും പിടിച്ചു ഞാനവളുടെ അടുത്തേക്ക് ചെന്നു. ബുക്ക് വായിച്ചിരുന അവള്‍ തലയുയർത്തി നോക്കി.

എന്താ?

ചോദ്യം കേട്ട് എന്റെ സകല ഇന്ദ്രിയങ്ങളും കൊട്ടിയടച്ചു. ഉള്ളിൽ യാതൊരു താളവും ഇല്ലാതെ മേളം പിരിമുറുകി. ആ താളമില്ലായ്മയിൽ നാവിൽ അറിയാതെ വീണുപോയി നിന്നും വീണുപോയി.

എനിക്കിയാളെ ഇഷ്ടമാണ്.

അവളാകെ സ്തംഭിച്ചു, എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും സുമേഷും റഹ്മാനും ക്ലാസിലേക്ക് കയറി വന്നു. വിവരദോഷികൾ.പറയാന്‍ വന്നത് അവളതു പോലെ വിഴുങ്ങി. മറുപടി കേൾക്കാൻ പറ്റാത്തതിൽ ഞാൻ പരിഭ്രമിച്ചു. അനുകൂലമാവാനാണ് സാധ്യത സുഭാഷിണി ടീച്ചറുടെ ക്ലാസ്സ് നടക്കുന്നതിനിടയിൽ കൂട്ടുകാരികൾക്കിടയിലൂടെ അവൾ‍ എത്തിനോക്കുന്നത് ശ്രദ്ധിച്ചിരുന്നു.

എല്ലാ ഭാരതീയരും നമ്മുടെ സഹോദരി സഹോദരന്മാരാണ്, ലീഡര്‍ സുധിയുടെ ഉച്ചത്തിലുള്ള പ്രതിജ്ഞ ചൊല്ലികൊടുക്കലാണ് അസംബ്ലിയിൽ ആണെന്ന ബോധം തിരിച്ചെത്തിച്ചത്. ചുറ്റും നോക്കി എല്ലാവരും അച്ചടക്കത്തോടെ ആണ്. പുറത്തു റോഡില്‍ രണ്ടു അവ്യക്ത രൂപങ്ങൾ വേഗത്തില്‍ നടന്നു വരുന്നത് കണ്ടു.

ദൈവമേ...

സ്മിജയുടെ കയ്യും പിടിച്ചു അവളുടെ അമ്മ ചെളിവെള്ളം ചവിട്ടി തെറിപ്പിച്ചു നടന്നു വരുന്നു. നോട്ടം എന്റെ നേര്‍ക്കാണ്. ഇന്നലെ ചിരിച്ചു കാണിച്ചു പോയവളാണ്. എന്റെ നെഞ്ചിടിപ്പ് ഒഴികെ എനിക്കൊന്നും കേള്‍കാൻ വയ്യാതായി. ശ്വാസം മുട്ടുന്ന പോലെ അസംബ്ലിയില്‍ നിന്ന് ഓടിപ്പോകാനും വയ്‌യ.പേടിച്ച പോലെ ആ അമ്മ എന്റെ നേര്‍ക് തന്നെ ആയിരുന്നു. ലീഡർ സുധിയുടെയും ഇന്ദിര ടീച്ചറുടെയും ഇടയിലൂടെ അവര്‍ എന്റെ നേരെ അലറി വിളിച്ചു വന്നു...

ഈ പീറചെറുക്കൻ ഇന്നലെ...

ശ്വാസം മുട്ട് കൂടി കൂടി ചുമ വന്നു, കണ്ണിൽ ഇരുട്ട് കയറി. ചുറ്റും കുട്ടികൾ കറങ്ങുന്ന പോലെ, ദേശീയ പതാക തല കുത്തനെ നിന്ന് വീശി. ഇന്ദിര ടീച്ചറും നാണു മാഷും പറഞ്ഞപ്പോഴാണ് തല കറങ്ങി വീണതും ആ അമ്മ പറഞ്ഞിട്ട് പോയതും മനസിലായത്.

അസുഖം കാരണം ആനുകൂല്യം. സുമേഷ് പി. എസ്, സുധീഷ്‌ സി. കെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരുടെ കൂടെ വീട്ടിലേക്കു പറഞ്ഞു വിട്ടു. മേലാൽ ഇത് ആവര്‍ത്തിക്കരുത് എന്നൊരു താക്കീതും. നാണു മാഷുടെ പറച്ചില്‍ കേട്ട് സുമേഷ് അവന്റെ വാപൊത്തി വളിച്ച ഒരു ചിരി ചിരിച്ചു.

എന്റെ മനസമാധാനക്കേടിനു യാതൊരു പരിഗണനയും നല്‍കാതെ വഴി മുഴുവന്‍ മാവിലും പേരയിലും കല്ലെറിഞ്ഞു അവര്‍ കിട്ടിയ അവസരം ഉപയോഗപ്പെടുതുന്നുണ്ടായിരുന്നു. വീടെത്തുന്നവരെ ഉറ്റ ചങ്ങാതിമാര്‍ തലകറക്കവും ശ്വാസം മുട്ടലും പറഞ്ഞു എന്നെ കളിയാക്കി കൊണ്ടിരുന്നു.

പ്രതീക്ഷിച്ച പോലെ പശുവുമായി അമ്മ പറമ്പിൽ തന്നെ നില്പുണ്ട്ടായിരുന്നു.

"എന്ത് പറ്റി മോനെ നേരത്തെ പോന്നത്". വാത്സല്യത്തോടെ അമ്മ ചോദിച്ചു.

സുധീഷ്‌ സി. കെ പോക്കറ്റില്‍ നിന്നും ഒരു കത്തെടുത്തു അമ്മക്ക് കൊടുത്തു. അടുത്ത പാര. ഇത്രയും നേരമായിട്ടും ഒരുത്തനും ഒരക്ഷരം പറഞ്ഞില്ല, സത്യസന്ധർ. ദൈവമേ... അതിൽ എന്താവും എഴുതിയിരിക്കുക?

കത്ത് വായിച്ചു എന്നെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അമ്മപറഞ്ഞു.

കുഴപ്പമില്ലട...

ചായകുടിയും കഴിഞ്ഞു യാത്രപറയുമ്പോള്‍ കൂട്ടുകാരുടെ ചിരിയിൽ ശ്വാസം മുട്ടലും വീട്ടിൽ കൊണ്ടാക്കലും, രണ്ടാളും ഇനിയും എന്നിൽ നിന്ന് വേറെന്തോ പ്രതീക്ഷിക്കുന്നത് പോലെ തോന്നി. ഉച്ച കഴിഞ്ഞിട്ടും അമ്മ അതെ പറ്റി ഒന്നും ചോദിച്ചില്ല. നാല് മണി ബെൽ അടിച്ചു കുട്ടികൾ വീടിനു മുന്നിലൂടെ പോയിതുടങ്ങി. നാണക്കേട്‌ മറക്കാൻ വീടിനകത്ത് കയറി ജനലിലൂടെ പുറത്തേക്കു നോക്കി ഇരുന്നു.

ചിലർ വീട്ടിലേക്കു നോക്കി ഇളകിച്ചിരിക്കുന്നുണ്ടായിരുന്നു, അറിയാത്തവര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. മറ്റുചിലര്‍ ഉമ്മറത്ത്‌ വന്നു അമ്മയോടീ വിവരം തിരക്കി. മനസിലെ കുറ്റബോധം കൊണ്ട് പകൽ മുഴുവൻ അമ്മയെ എല്ലാ പണികളിലും സഹായിച്ചു. മിക്കതും അമ്മക്ക് ഇരട്ടിപണിയായി. നാലുമണി പലഹാരം ഇഷ്ടമുള്ളത് വാങ്ങികൊള്ളാൻ പറഞ്ഞ് അമ്മ 5 രൂപ കയ്യില്‍ വച്ച് തന്നു.

'നടന്നു പോയാല്‍ മതി' , ഉണ്ണിബാലചെട്ടന്റെ പീടികയിലേക്ക്‌ ഓടുന്ന വഴി അമ്മ പറഞ്ഞു.ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടു പേര്‍ വീട്ടിലേക്കു കയറുന്നത് ജനലിലൂടെ കണ്ടു. ദൈവമേ, സ്മിജയും അമ്മയും!

അമ്മ ഉമ്മറത്തേക്ക് പോയി.ഞാന്‍ ഓടി തൊഴുത്തിന്റെ പുറകിലോളിച്ചു.ആ അമ്മ അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്. സംസാരത്തിനിടയിൽ അമ്മ എന്നെ തിരയുന്നത് കണ്ടു. 'ദൈവമേ, അമ്പലക്കുളത്തിലേയ്ക്ക് ചാടിയാലോ?' അടുത്ത നോട്ടത്തില്‍ അമ്മ പിടിച്ചു.

'ഇങ്ങു വാടാ'.

വിളിച്ചത് സ്നേഹത്തിലാണ് . 'നിന്റെ ക്ലാസ്സിലെ കുട്ടിയും അമ്മയും വന്നപ്പോൾ നീയെന്താ ഒളിച്ചു നിക്കുന്നത്?'. 'അവരിത്തിരി ജമന്തി വിത്ത് വാങ്ങാന്‍ വന്നതാ'. കൈയിലുള്ള ജമന്തി വിത്തുകൾ ആയമ്മയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു. ഒളിക്കണ്ണിട്ട് നോക്കുമ്പോളെല്ലാം സ്മിജ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. സ്മിജക്ക് അമ്മ ഒരു ഓറഞ്ച് ജമന്തിപ്പൂവ് കൊടുക്കുന്നത് നിഴലിലൂടെ ഞാൻകണ്ടു.

മുഖത്ത് നോക്കാതെ ഞാനാ അമ്മയോടും സ്മിജയോടും യാത്ര പറഞ്ഞു. നാണക്കെടുകാരണം പിറ്റേ ദിവസം ക്ലാസ് ബെല്‍ അടിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് സ്കൂളിൽ ചെന്നത്. ടീച്ചറുടെ അനുവാദം വാങ്ങാൻ ചെന്ന് നിന്നതും സുമേഷു തന്റെ വാപൊത്തി ഒരു വല്ലാത്ത ചിരിതുടങ്ങി. ക്ലാസിൽ അലയടിച്ച അടക്കിയ പരിഹാസച്ചിരിയില്‍ ടീച്ചറും പങ്കുചേർന്നു.

ദുഷ്ട!. ഇതിനെല്ലാം കാരണക്കാരിയായവളെ ഞാന്‍ തലകുമ്പിട്ടു അരിശത്തോടെ നോക്കി. അല്പം വാടിയ ഓറഞ്ച് ജമന്തി പൂവും തലയിൽചൂടി, വാത്സല്യത്തോടെ, അല്പം പോലും പരിഹാസമില്ലാതെ ഇതൊന്നും കാര്യമാക്കണ്ട എന്ന ഭാവത്തില്‍ സ്മിജ എന്നെ നോക്കി പുഞ്ചിരിച്ചു.

ഓലപ്പന്ത്‌

ഓലപ്പന്ത്‌

കുമ്പളം കുന്നിലെ ചിന്തകൾ

കുമ്പളം കുന്നിലെ ചിന്തകൾ