Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

അവസാനത്തെ ദുരന്തം

അവസാനത്തെ ദുരന്തം

ഭുതകാലത്തിലെ ഏതോ നിശബ്ദമായ വീഥിയിലൂടെ സഞ്ചരിക്കുന്ന ഒരു അനുഭവം അവന്റെ മനസ്സിൽ നിറഞ്ഞുനിന്നു. പാതിയിലധികം എഴുതി തീർന്ന ഡയറിയിലൂടെ പതിവു പോലെ അവൻ കണ്ണുകൾ ഓടിച്ചു. എഴുതി മുഴുമിപ്പിക്കാനാവത്ത ഓർമ്മക്കുറിപ്പുകൾ. വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും കൊണ്ട് കാടുകയറിയ മനസ്സ് അതിന്റെ പൂർത്തീകരണത്തെ ഭയപ്പെടുന്നു. ആ ഡയറി എഴുതാൻ തുടങ്ങിയതു മുതൽ അപശകുനങ്ങൾ. ഓരോവാക്കും അറംപറ്റുന്നതുപോലെ.

ആദ്യമായി ആ ഡയറിയിൽ പേന പതിഞ്ഞപ്പോൾ തന്റെ ജനാലയിലൂടെ ഒരു മിന്നൽ പിളർവീശി. പാതിരാക്കാറ്റിന്റെ കൈകൾ ആ ജനാലയുടെ പാളികളെ ചലിപ്പിച്ചുകൊണ്ടേയിരുന്നു. രാത്രിയുടെ മാറിലുടെ മിന്നാമിനുങ്ങുകൾ പറന്നു നടന്നു. അവയിൽ ഒന്ന് ആ ഡയറിക്ക് മുകളിൽ പറന്നിറങ്ങി തന്റെ പേനത്തുമ്പിൽ തടസ്സമായി നിലകൊണ്ടു. മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. ജനാലയിൽ കൂടി ഡയറിയിലേക്ക് പതിച്ച മഴതുള്ളികൾ അവളുടെ പേരിനെ നനച്ചു. മഷി പടർന്നു വികൃതമായി. ഒരു അപശകുനംപോലെ. അവൻ മനസ്സിൽ ഒരു തീരുമാനം എടുത്തു ഇനി ആ ഡയറിയിൽ ഒരിക്കൽ പോലും അവളുടെ പേരെഴുതില്ല.

മനസ്സിന്റെ ഏതോ ഒരുകോണിൽ അവളുടെ മുഖം തെളിഞ്ഞു നില്ക്കുന്നു. അവൻ തന്റെ മേശതുറന്നു. അതിൽ സൂക്ഷിച്ചിരുന്ന ചെറിയ പെട്ടി എടുത്തു. ഒരു മയിൽപ്പീലിയും. പിന്നെ ഉടഞ്ഞ കുറേ കരിവളകളും. പണ്ട് മുത്തശ്ശി പറഞ്ഞിരുന്നു, ഉടഞ്ഞ കുപ്പിവളകൾ സൂക്ഷിക്കുന്നത് അപശകുനം ആണു പോലും. പക്ഷേ തന്റെ പ്രണയത്തിന്റെ ഓർമ്മകളെ അവൻ സൂക്ഷിച്ചു വച്ചു. മുത്തശ്ശിയുടെ വാക്കുകളിൽ വിശ്വാസം തോന്നിയില്ല. എന്നാൽ ചില പഴമൊഴികൾ അവന് വിശ്വസിക്കാൻ തോന്നിയിരുന്നു. അതിൽ ഒന്ന്, ഏതൊരു പെൺകുട്ടിക്കാണോ സ്നേഹത്തോടെ കരിവളകൾ വാങ്ങിക്കൊടുക്കുന്നത് അവളെ സ്വന്തമാക്കാൻ കഴിയും. അവൾക്കു കൈനിറയെ കുപ്പിവളകൾ താൻ വാങ്ങി അണിയിച്ചിരുന്നു. അതിൽ ഉടഞ്ഞ ഒന്നു രണ്ടെണ്ണം സൂക്ഷിച്ചുവച്ചിരിക്കുന്നു.

പ്രണയത്തിന്റെ ഓർമ്മക്കുറിപ്പുകൾ.

മായ. ഒരിക്കൽ മാത്രം ആ ഡയറിയിൽ അവനെഴുതിയ പേര്, മഴത്തുള്ളികളാൽ വികൃതമാക്കപ്പെട്ട പേര്. തന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് അലിഞ്ഞു ചേർന്ന പേര്. പിന്നീടൊരിക്കലും ആ ഡയറിയിൽ അവൻ ആ പേരെഴുതിയിട്ടില്ല. ഈ നിമിഷം വരെ. ഒരു വിശ്വാസം. വെറുമൊരു വിശ്വാസം.

അവളെ തനിക്കു കിട്ടണമേ എന്ന് ഉള്ളുരുകി അവൻ പ്രാർത്ഥിച്ചിരുന്നു. മാഞ്ഞൂർ കാവിലെ ശ്രീകോവിലിനു മുന്നിൽ പ്രസാദത്തിനായി കൈനീട്ടി നില്ക്കുമ്പോൾ മനസ്സിൽ ഒരു തരം പരിഭ്രമം അലയടിക്കും. അന്ന് തിരുമേനി നല്ക്കുന്ന പ്രസാദത്തിലെ പൂക്കളുടെ നിറത്തെപ്പറ്റി ആയിരിക്കും മനസ്സിലെ വ്യാകുലത. ചുവന്ന പൂക്കൾ ആണെങ്കിൽ ആഗ്രഹസാഫല്യം. മഞ്ഞപ്പൂക്കൾ ദുഃഖത്തിന്റെ പ്രതീകവും. എന്തു കൊണ്ടോ എല്ലായിപ്പോഴും പ്രസാദത്തോടൊപ്പം ഒരു മഞ്ഞപ്പൂവെങ്കിലും ഉണ്ടായിരിക്കും. അതിനാലാവാം അവളെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം മനസ്സിൽ ഒരു നഷ്ടബോധം. എല്ലാം വെറും തോന്നലുകൾ മാത്രം ആയിരിക്കാം.

തന്റെ വീടിന്റെ മച്ചിലെ അനേകം ഗൗളികളിൽ ഒന്നിന് അസാധാരണമായ വലിപ്പം ഉണ്ടായിരുന്നു. ഇരുണ്ട നിറമുള്ള അതിന്റെ തുറിച്ച കണ്ണുകൾ അപശകുനമായി അവനനുഭവപ്പെട്ടു. അവൾ തനിക്ക് ആദ്യമായി ഫോട്ടോനല്കിയ ദിവസം അവൻ ഭയത്തോടുകൂടി ഇന്നും ഓർക്കുന്നു. ആ ഫോട്ടോ സൂക്ഷിച്ചു വയ്ക്കാനായി മേശതുറന്നപ്പോൾ ആ വലിയ ഗൗളി വലിയ ശബ്ദത്തിൽ ചിലച്ചു. അവൻ തല ഉയർത്തി അതിനെ നോക്കി. പെട്ടന്ന് അത് അവന്റെ കൈയ്യിലെ ഫോട്ടോയ്ക്കുമേൽ പതിച്ചു. ഫോട്ടോയും ഗൗളിയും നിലംപതിച്ചു. അത് എവിടേക്കോ ഓടി ഒളിച്ചു. അന്നു രാത്രി മുഴുവൻ ആ അപശകുനത്തിന്റെ സന്ദേശവാഹകൻ ചിലച്ചുകൊണ്ടേ ഇരുന്നു.

അവന്റെ ഉറക്കത്തിനും സമാധാനത്തിനും മുകളിൽ ആ ശബ്ദം പ്രതിധ്വനിച്ചു നിന്നു.

ഒരിക്കൽ അവളുടെ ആൽബത്തിൽനിധി പോലെ സൂക്ഷിച്ചിരുന്ന തന്റെ ഒരു ചിത്രം അവൻ കാണാനിടയായി. പണ്ടെപ്പോഴോ കന്യാകുമാരിയിൽ വച്ച് എടുത്ത ഒരു ചിത്രം. അസ്തമന സൂര്യന്റെ മനോഹാരിത നോക്കി നില്ക്കുന്ന തന്റെ ഒരു ചിത്രം. അതു കണ്ടപ്പോൾ പെട്ടന്ന് മുത്തശ്ശിയുടെ വാക്കുകൾ ഓർമ്മവന്നു. "അസ്തമന സൂര്യനൊപ്പം പടം എടുത്താൽ അത് അപശകുനമാണ്. ആ പടം വീട്ടിൽ സൂക്ഷിക്കാനും പാടില്ല."

അസ്തമിക്കാൻ പോകുന്ന സൂര്യനും, ആയുസ്സ് അസ്തമിക്കാൻ പോകുന്ന മനുഷ്യന്നും എന്നതായിരുന്നു അതിന് വാഖ്യാനമായി മുത്തശ്ശി പറഞ്ഞത്. സൂര്യൻ നാളെ വീണ്ടും ഉദിക്കും എന്നാൽ മനുഷ്യനോ?

അവളറിയാതെ ആ ഫോട്ടോ കൈക്കലാക്കാൻ അവൻ ശ്രമിച്ചു. പക്ഷേ, സാധിക്കാതെ പോയി.

മഴയെ അവൻ വല്ലാതെ ഭയപ്പെട്ടിരുന്നു, മഴ പെയ്യുന്ന രാത്രികൾ അവന്റെ ഉറക്കം കെടുത്തിയിരുത്തു. പ്രത്യേകിച്ചും നീണ്ട ഇടവേളകൾക്കു ശേഷം പെയ്യുന്ന മഴ. പുതു മണ്ണിന്റെ ഗന്ധം അവന് വല്ലാത്ത ഒരു ശ്വാസം മുട്ടലായിരുന്നു നല്കിയിരുന്നത്.

മനസ്സിന്റെ ഭയത്തിന് ഘനം ഏറുമ്പോൾ അവൻ പൂജാ മുറിയിൽ ഏറെനേരം കണ്ണടച്ച് പ്രാർത്ഥിക്കും. പിന്നെ രാമായണം തുറന്ന് ആദ്യം കണ്ണിൽ പെടുന്ന വരികൾ വായിക്കും. പലപ്പേഴും സീതാ അപഹരണം ആയിരിക്കും അവന് കിട്ടാറുള്ളത്.

അപ്പേഴെല്ലാം ഭയത്തിന്റെ ഘനം വർദ്ധിച്ചു കൊണ്ടേയിരുന്നു.

ദു:സ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുന്ന രാത്രികളിൽ മരണത്തിന്റെ സന്ദേശവാഹകരായ ചാവാലിപ്പട്ടികൾ മോങ്ങിക്കരയുന്നുണ്ടായിരിക്കും. മരണത്തിന്റെ കറുപ്പ് അവനിലേക്ക് നിറയുന്നതു പോലെ.

ഒരിക്കൽ ഉറക്കത്തിന്റെ ഏതോ ഒരു യാമത്തിൽ അവൻ വിചിത്രമായ ഒരു സ്വപ്നത്തിലൂടെ കടന്നു പോയി.

മഞ്ഞുമൂടിയ ഒരു കൊച്ചു കുന്നിന്റെ നെറുകയിലെ പള്ളിയിൽ നിന്നും മണി മുഴങ്ങി കൊണ്ടേയിരുന്നു. മരണത്തിന്റെ മണിമുഴക്കം. തന്റെ നിശ്ചലമായ ശരീരം വെള്ളപുതച്ച് ആ പള്ളിക്കുള്ളിൽ കിടക്കുന്നു. ചുറ്റിനും കൂടിനിന്നിരുന്നവരുടെ ഇടയിൽ അവന്റെ കണ്ണുകൾ അവളെത്തേടുകയായിരുന്നു. അവന്റെ ശരീരത്തിലേക്ക് ആരൊക്കെയോ കുറേ ചുവന്ന പനിനീർപുഷ്പ്പങ്ങൾ കൊണ്ടുവച്ചു. അവന്റെ ഹൃദയത്തിനു മുകളിലായി രണ്ടു പൂക്കൾ വക്കാനുള്ള സ്ഥലം അവശേഷിച്ചു. രണ്ടുപനിനീർപുഷ്പങ്ങളുമായുള്ള അവളുടെ വരവും പ്രതീക്ഷിച്ച് അവന്റെ ശരീരം നിശ്ചലമായി കിടന്നു.

മഞ്ഞുമൂടിയ കഴിക്കുള്ളിൽ കിടക്കുമ്പോഴും അവൾ എത്തും എന്നുള്ള ഒരു പ്രതീക്ഷ മാത്രം ബാക്കി നിർത്തിയിരുന്നു. അവന്റെ ശരീരത്തിന് മുകളിലേക്ക് ഓരോ പിടിമണ്ണു വീഴുമ്പോഴും പ്രതീക്ഷ നശിക്കാതെ കാത്തുസൂക്ഷിച്ചു.

അവസാനത്തെ പിടി മണ്ണും മുഖത്തേക്ക് വീണപ്പോൾ. അവൻ ഉറക്കത്തിൽ നിന്നും ചാടിയെണീറ്റൂ. പുറത്തു നിന്നിരുന്ന റോസ്സ് ചെടിയിൽ ചുവന്ന രണ്ടുപൂവുകൾ വിരിഞ്ഞു നിന്നിരുന്നു. അന്ന് അവളുടെ മുടിയിലും രണ്ടു ചുവന്ന റോസ്സ് ഉണ്ടായിരുന്നു. ഞാനവളുടെ കൈയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

"തന്റെ അവസാനയാത്രയിൽ ഈ പനിനീർ പൂവുകൾക്കായി കാത്തിരുന്നിട്ടും നീ എന്തുകൊണ്ട് അവയുമായി വന്നില്ല...?"

ചോദ്യം കേട്ടതും തന്റെ കണ്ണുകളിലേക്ക് അവൾ വെറുതേ ഒന്നുനോക്കി പിന്നീട് അർത്ഥം മനസ്സിലാവാത്ത ഭാവത്തിൽ ആരണ്ടുപൂവുകളും അവന്റെ നേർക്ക് നീട്ടി.....

തുലാവർഷം തിമിർത്തു പെയ്യുന്ന ഒരു കാളരാത്രിയിൽ മച്ചിന്റെ മുകളിലെ ആ കറുത്തഗൗളി നിർത്താതെ ചിലച്ചു കൊണ്ടിരുന്നു. അതിന്റെ ശബ്ദത്തിനു മുകളിലായി ചാവാലിപ്പട്ടികൾ മോങ്ങിക്കരഞ്ഞു കൊണ്ടിരുന്നു. ചുറ്റിനും അപശകുനങ്ങൾ. മനസ്സിൽ ഒരു വല്ലാത്ത ഭയം നിറഞ്ഞു..... നാരായണ...... നാരായണ...... നാരായണ......എന്ന് പുലമ്പിക്കൊണ്ട് അവൻ തന്റെ പുതപ്പ് തലവഴിമുടിക്കിടന്നൂ.

പിറ്റെ ദിവസത്തെ പ്രഭാതം അപശകുനങ്ങളെ അന്വർത്ഥമാക്കികൊണ്ടായിരുന്നു ഉദിച്ചത്. മുത്തശ്ശിയുടെ ചേതനയ ശരീരമായിരുന്നു അന്നത്തെക്കണി. പറമ്പിന്റെ തെക്കുവശത്തെ മാവിന്റെ കൊമ്പു മുറിക്കുമ്പോൾ വലിയ ഒരു കഷ്ണം തെറിച്ച് ആരുടെയോ ശരീരത്തെ മുറിവേല്പ്പിച്ചു.

അപലക്ഷണം. ഒന്നു കൊണ്ട് തൃപ്തിയാവില്ലാ എന്നുണ്ടോ. കൃഷ്ണക്കണിയാർ പിറുപിറുത്തു. അയാളുടെ വാക്കുകൾ ഫലിച്ചിരികുന്നു. ഒരാഴ്ചയ്ക്കു ശേഷം അമ്മാവന്റെ മകളുടെ ശരീരം പുഴയുടെ മാറിൽ പൊന്തിയിരുന്നു. കുളിക്കുബോൾ കാൽ വഴുതിവീണതായിരുന്നുവത്രെ.

"ഒന്നിൽ പെഴച്ചാൽ മൂന്നിൽ തീരും......." എന്ന പഴമൊഴിയെ ആണ് ഇപ്പോൾ നാട്ടുകാർ കൂട്ടു പിടിച്ചിരിക്കുന്നത്. രണ്ടായില്ലേ. ഇനി ഉടനെ കാണും അടുത്തത്. എല്ലാവരുടെയും മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ട് ആചോദ്യം മുഴങ്ങിക്കേട്ടു. മൂന്നാമത് ആര്?

അവൻ മേശയുടെ ഡ്രോവലിച്ചടച്ചു. പുറത്ത് വല്ലാത്ത ഒരു പാതിരാക്കാറ്റ് വീശിക്കൊണ്ടിരുന്നു. കാറ്റിന്റെ കൈകൾ വലിയ അശോകമരത്തിന്റെ ചില്ലകളെ തഴുകി കടന്നുപോയി. ആ മരവും മറ്റൊരു അപശകുനത്തിന്റെ അടയാളമിയിരുന്നു. അത് വിരഹത്തേയും, ഏകാന്തതയെയും സൂചിപ്പിക്കുന്നതായി പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. അശോകവനിയിലെ സീതയെപ്പോലെ. ആരെക്കെയോ പലപ്പോഴായി ആ മരം മുറിച്ചുമാറ്റണം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എന്തു കൊണ്ടോ, ഒരു മരവും മുറിച്ചുകളയാൻ മനസ്സനുവദിച്ചില്ല.

ആ രാത്രിക്ക് പതിവിലും അധികം കൂരിരുട്ടും, ഏകാന്തതയും തോന്നി. ഏകാന്തതയെ അലോസരപ്പെടുത്തിക്കൊണ്ട് ഇടക്കിടക്ക് ചാവാലിപ്പട്ടികൾ മോങ്ങിക്കരയുന്നുണ്ടായിരുന്നു.

അവയുടെ കരച്ചിലിന് മരണത്തിന്റെ താളം ഉണ്ടായിരുന്നു. ആ ശബ്ദം അവനോട് അടുത്തുകൊണ്ടേ ഇരുന്നു. അതെ മരണം അവനോട് അടുത്തുകൊണ്ടേ ഇരിക്കുന്നു.

നാലു മാസങ്ങൾക്കുമുമ്പാണ് അവനാ സത്യം മനസ്സിലാക്കിയത്. തനിക്കും മരണത്തിനും ഇടയിലുള്ള പാലം ബ്രെയിൻ ടൂമറിന്റെ രൂപത്തിൽ നിലകൊള്ളുന്നൂ. ആരേയും അറിയിക്കാതെ ഇത്രനാളും മനസ്സിൽ സൂക്ഷിച്ച ആ രഹസ്യം ഉമിതീപോൽ നീറുന്നു. അവളോട് പറയണം എന്നു പലപ്പോഴും തോന്നിയിരുന്നു. പക്ഷേ എന്തുകൊണ്ടോ പറയാൻ കഴിഞ്ഞില്ല.

മനസ്സിലെ അന്ധവിശ്വാസങ്ങളും, വിശ്വാസങ്ങളും യാഥാർത്ഥ്യത്തിനു മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളായി നിലകൊണ്ടപ്പോൾ ഒന്നു പകച്ചുപോയി അവൻ. മരണത്തെ കൺ മൂന്നിൽ കാണുന്തോറും. പ്രണയത്തിന്റെ തീവ്രത ഏറിക്കൊണ്ടിരുന്നു. അതിനാൽ ജീവിക്കാനുള്ള ആഗ്രഹവും.

നാളെ പ്രഭാതത്തിൽ താൻ ഒരു യാത്രയ്ക്കൊരുങ്ങുകയാണ് ചെന്നൈയിലേക്ക്. ഒരു അവസാന ശ്രമത്തിനായി, ഒരു സർജ്ജറിക്കായി. ഒരു പരീക്ഷണം. പോകുന്നതിനുമുമ്പ് അവളോട് എല്ലാം തുറന്നു പറയേണ്ടി വന്നൂ. ആ മുഖത്തുനോക്കി പറയാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല. ഫോണിലൂടെ അവൻ എല്ലാം അവളോട് പറഞ്ഞു. ഫോണിന്റെ മറുതലയ്ക്കൽ അടിക്കിപ്പിടിച്ചിരുന്ന ഒരു തേങ്ങൽ അണപൊട്ടി ഒഴുകിയതുപോലെ അവന് അനുഭവപ്പെട്ടു. ഫോൺ ഡിസ്കണക്ടായി.

നിസ്സംഗ്ഗതയോടെ അവൻ പുറത്തേ ഇരുട്ടിലേക്ക് നോക്കിയിരുന്നു. എല്ലാം നഷ്ടപ്പെട്ടവന്റെ നിസംഗ്ഗത. അവളുടെ മനസ്സിൽ എന്തായിരിക്കും ഇപ്പോൾ...? ആ മുഖത്തിന്റെ ഓർമ്മ അവന്റെ കണ്ണുകളെ ഈറനണിയിച്ചു.

അവൻ പൂർത്തിയാവാത്ത തന്റെ ഡയറി എടുത്തു. അതിലെ അവസാനത്തെ വാക്കുകൾ വായിച്ചു.

"മരണം എത്രയോ അടുത്തെത്തിയിരിക്കുന്നൂ......"

മച്ചിന്റെ മുകളിലെ കറുത്ത ഗൗളി, ഒന്നു ചിലച്ചു. അവൻ അതിനെ നോക്കി പുഞ്ചിരിച്ചു. അതിന്റെ വാൽ മുറിഞ്ഞ് ആ ഡയറിയിലേക്ക് വീണു. ഏറെനേരത്തെ പിടച്ചിലിനുശേഷം അത് നിശ്ചലമായി. തന്റെ ജീവിതത്തിലേക്ക് അത് ചിലച്ച് കൊണ്ടു വന്ന അപശകനങ്ങൾക്ക് ഒരു പ്രായശ്ചിത്തം. ആ ഗൗളി അവന്റെ ദൃഷ്ടിയിൽ നിന്ന് എങ്ങോ ഓടി മറഞ്ഞു. അതിന്റെ അവതാര ലക്ഷ്യം പൂർത്തിയായതുപോലെ. ഇനി തന്റെ ജീവിതത്തിലേക്ക് ഒരു ദുശകുനമാകില്ല എന്ന് അത് പറയുന്നതായി അവന് തോന്നി.

അവൻ പേന കൈയ്യിലെടുത്ത് അവസാനമായി എഴുതിച്ചേർത്തു.

"മായ...... അടുത്ത ജന്മം നമ്മുക്കൊരുമിക്കാം....."

പെട്ടന്ന് പുറത്തുനിന്നും കുറേ മഴത്തുള്ളികൾ ആ ഡയറിയിലേക്ക് പതിച്ചു. അവന്റെ വാക്കുകളെ വികൃതമാക്കി. അവൻ തന്റെ പ്രതിജ്ഞ ലംഘിച്ചതിന്റെ അമർഷം പ്രകടമാക്കിയതുപോലെ.

അവനാഡയറി മേശയ്ക്കുള്ളിൽ വച്ചു. ജനാലകൾ ചേർത്തടച്ചു. പുറംലോകവുമായുള്ള അവസാന ബന്ധവും വിശ്‌ഛേദിച്ചതുപോലെ. മുറിയിലെ ലൈറ്റുകൾ അണഞ്ഞു. അവൻ ഇരുട്ടിന്റെ മാറിൽ കണ്ണുകൾ അടച്ചു കിടന്നു. അവസാനദുരന്തവും പ്രതീക്ഷിച്ച്.

പെട്ടന്ന് ഫോൺ ശബ്ദിച്ചു....... അവൾ ആയിരിക്കും.....

അവൻ ആ ബെല്ലുകൾക്ക് ചെവികൊടുക്കാതെ കണ്ണുകൾ അടച്ചു....... ഉറക്കത്തിലേക്കമർന്നു.....

അപ്പോഴും അവന്റെ മുറിയിലെ ടെലിഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടേയിരുന്നു....

കുപ്പിവളകൾ പറഞ്ഞത്

കുപ്പിവളകൾ പറഞ്ഞത്

അശ്വതി

അശ്വതി