Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

അയാൾ

അയാൾ

ദേ ഭ്രാന്തൻ.. ഭ്രാന്തൻ...

ആ വിളികൾ അയാളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ഭൂതകാല ജീവിതത്തിന്റെ ഏതോ ഇരുണ്ട  ഇടനാഴിയിൽ അയാൾക്കെല്ലാം നഷ്ടമാവുകയായിരുന്നു. ഒടുവിൽ ഭ്രാന്തനെന്നു  മുദ്രകുത്തി ആ നാല് ചുവരുകൾക്കുള്ളിൽ സ്വയം എരിഞ്ഞടങ്ങുമ്പോൾ അയാൾ വിധിയെ പഴിച്ചു. വസന്തവും വർഷവും വേനലുമണിഞ്ഞ് കടന്നു പോയ കാലഘട്ടങ്ങൾ അയാളുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ദേഹം ശോഷിച്ച് എല്ലുകൾ പുറത്തേയ്ക്കു തള്ളിയിരിക്കുന്നു. ജടയും നീണ്ടുവളർന്ന  താടിരോമങ്ങളും അയാളുടെ ഭ്രാന്തനെന്ന രൂപത്തെ  സ്പഷ്ടമാക്കി. കണ്ണുകൾ ഒരലങ്കാരം മാത്രമായിരിക്കുന്നു. അവ ഇരുട്ടിൽ വെളിച്ചത്തെ തേടുന്നു. കറുത്ത ചായത്തിൽ മുക്കിയെടുത്ത ചണത്തുണി പോലെ ആ മുറിയിൽ വേർതിരിക്കാൻ കഴിയാത്ത വിധം അയാൾ അലിഞ്ഞു ചേർന്നിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ദിശയറിയാതെ ഒഴുകുന്ന ആ മനുഷ്യനിൽ  ഭൂതകാലസ്മരണകളോ ഭാവിയെ ചൊല്ലിയുള്ള ആശങ്കകളോ കുടിക്കൊണ്ടിരുന്നില്ല. ജീവിതത്തിന്റെ മറിഞ്ഞു പോയ താളുകളിൽ അയാൾക്കെല്ലാം ഉണ്ടായിരുന്നു. ഇന്നിപ്പോൾ ഇതാ ചിത്തഭ്രമത്തിനടിമപ്പെട്ട്. ആമത്തിൽ, അന്ധകാരത്തിന്റെ കാവൽക്കാരനായി അയാൾ.

ആമത്തിൽ കിടന്നുരഞ്ഞ് അയാളുടെ കാലിൽ ഒരു വൃണം രൂപപ്പെട്ടിരുന്നു. അതിൽ ചങ്ങലയുടെ കണ്ണികൾ തട്ടുമ്പോൾ അയാൾ വേദന കൊണ്ട് പുളഞ്ഞു. അയാളുടെ നയനങ്ങളിൽ  നിന്നുതിർന്ന കണ്ണുനീർ തുള്ളികൾ ഭൂമിയുടെ മാറിലെ  നൊമ്പരങ്ങളായി. വേദനകൾ ചിലവേള  നിലവിളികളായി. പക്ഷെ അവയെല്ലാം ആ നാല്  ചുവരുകൾക്കുള്ളിൽ തന്നെ തങ്ങി നിന്നു. ഈ വലിയ ഭൂമിക്കും അതിനു മീതെ പരന്നു കിടക്കുന്ന ആകാശത്തിനുമിടയിൽ താൻ ഏകനാണെന്നയാൾക്കു തോന്നി. 

വേദന കഠിനമാവുമ്പോൾ നിലവിളിയുടെ ശക്തിയും ഏറി വന്നു. ഒരുനാൾ ആ കാരാഗൃഹം ഭേദിച്ച് ആ നിലവിളി  പുറംലോകത്തിന്റെ തെളിമയിലേയ്ക്ക് പ്രവേശിച്ചു. ഒരു മാലാഖയുടെ രൂപം കൊണ്ട് അയാളുടെ ഗദ്ഗഗങ്ങൾ അവിടെ നിന്നും ദൈവസന്നിധിയിലേക്ക് യാത്രയായി. ഭൂമിയും ഏഴാകാശങ്ങളും താണ്ടി ദൈവസന്നിധിയിലെത്തിയ അവ ആ മനുഷ്യനെ പറ്റിയും അവന്റെ നിസ്സഹായാവസ്ഥയെ പറ്റിയും ദൈവത്തോട് പറഞ്ഞു. ദൈവം അയാളെ സഹായിക്കാൻ  തീരുമാനിച്ചു. ഒരശരീരിയായി ദൈവം  അയാളോടെഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. അയാളുടെ ഹൃദയത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞുപോയി. തൊണ്ട വറ്റി വരണ്ടു. ദേഹമാസകലം വിയർത്തു. അധരങ്ങൾ വിറച്ചു കൊണ്ടയാൾ ചോദിച്ചു. "ആരാ..".അല്പനേരത്തെ നിശബ്തതയ്ക്കു ശേഷം വീണ്ടും ഒരശരീരി. "എഴുന്നേൽക്കൂ...".അയാളുടെയുള്ളിൽ ഭീതി നിറഞ്ഞാടി. വീണ്ടും നിശബ്ദത അവിടം കീഴടക്കിയപ്പോൾ അയാൾ പതുക്കെ ധൈര്യം വീണ്ടെടുക്കാൻ ശ്രമിച്ചു. പിന്നെ തപ്പി തടഞ്ഞ് എങ്ങനെയൊക്കെയോ എഴുന്നേറ്റ് നിന്നു. "നിങ്ങളാരാ....നിങ്ങക്കെന്നെ...എന്നെ..രക്ഷിക്കാൻ പറ്റൊ..?" അശരീരിയ്ക്ക് നേരെ കൈകൂപ്പിക്കൊണ്ടയാൾ ചോദിച്ചു. ആ നിമിഷം ഈ നാളത്രയും തന്നെ ബന്ധനസ്ഥനാക്കിയിരുന്ന ആ തടിയൻ ചങ്ങല തന്റെ കാലിൽ നിന്നൂർന്ന് പോകുന്നത്  അയാളറിഞ്ഞു. സ്വാതന്ത്ര്യം, അതയാളിൽ അനിർവചനീയമായ ഒരാനന്ദം സൃഷ്ടിച്ചു. അയാൾ നന്ദി സൂചകമായി കൈകൾ മേലോട്ടുയർത്തുകയും ശിരസ്സ് കുനിച്ച് അശരീരിയെ വന്ദിക്കുകയും ചെയ്തു. അയാളുടെ നയനങ്ങൾ ആനന്ദാശ്രുക്കൾ പൊഴിച്ചു. അന്നേരം അവിടെ ഒരു വാതിൽ തുറക്കപ്പെട്ടു. തന്നെ ആവരണം ചെയ്യപ്പെട്ടിരുന്ന ഇരുട്ടിന്റെ കനത്ത പാട കീറിമുറിച്ചയാൾ വാതിലിനു നേരെ നടന്നു.

വെളുത്ത പരവതാനി പോലെ നീണ്ടു നിവർന്നു കിടക്കുന്ന മൺപാതയാണ് മുന്നിൽ. അവ അയാളെയും വഹിച്ച് മുന്നോട്ടോടി. വഴിയുടെ ഇരുവശക്കാഴ്ചകൾ വിഭിന്നമായിരുന്നു. കരിമ്പനകൾ നിറഞ്ഞ ആ കൊച്ചു ഗ്രാമത്തിലൂടെ നടന്നു നീങ്ങുമ്പോൾ തന്നെ തഴുകിത്തലോടുന്ന മന്ദമാരുതന്റെ സാന്നിധ്യവും വശക്കാഴ്ചകളുടെ അഭൗമമായ സൗന്ദര്യവും  അയാളാസ്വദിച്ചു. മനോഹരമായ ഈ ഭൂമിയുടെയും ആകാശത്തിന്റെയും സർവ്വചരാചരങ്ങളുടെയും സൃഷ്ടികർത്താവിനെ സ്തുതിച്ചുകൊണ്ടയാൾ യാത്ര തുടർന്നു. ആ ഗ്രാമം കടന്ന്, പുഴയും കാടും മലയും കടന്ന് മനോഹരമായ ഒരു താഴ്‌വരയിൽ അയാൾ എത്തിച്ചേർന്നു.

പച്ച പുൽമെത്ത കൊണ്ടലങ്കരിച്ച പ്രകൃതി. അങ്ങിങ്ങായി ചില മരങ്ങൾ നിൽക്കുന്നുണ്ട്.അതിൽ ചുവന്ന നിറത്തിലുള്ള പഴങ്ങളും ധാരാളമുണ്ട്. കണ്ടാൽ കൊതിയൂറുന്ന തരത്തിൽ അവയങ്ങനെ തുടുത്ത് നിൽക്കുകയാണ്.കുറച്ച്  അകലെയായി ഒരു തടാകം കണ്ടു. അയാൾ അതിനടുത്തേയ്ക്കു നടന്നു. നല്ല തെളിഞ്ഞ വെള്ളം. ഒന്ന് രണ്ട് കുമ്പിളെടുത്ത് കുടിച്ച് നോക്കി. നല്ല തണുപ്പുണ്ട്.എങ്കിൽ ഒരു കുളിയാവാം എന്ന് കരുതി വസ്ത്രങ്ങൾ അഴിച്ചു മാറ്റി അയാൾ പതുക്കെ തടാകത്തിലേക്കിറങ്ങി. ആഴം കുറവാണ്.വെള്ളം ഓളം വെട്ടുന്നതിനിടയിൽ അവ്യക്തമായ തന്റെ പ്രതിബിംബം അയാൾ ശ്രദ്ധിച്ചു. അയാൾ ഇളകാതെ നിന്നു. ഇപ്പോൾ വ്യക്തമായി കാണാം. അയാൾ സൂക്ഷിച്ച് നോക്കി. താൻ കൂടുതൽ സുന്ദരനായിരിക്കുന്നു. അയാളുടെ  അധരങ്ങൾ ഒരു ചെറു പുഞ്ചിരി തൂകി. ഒന്ന് മുങ്ങി നിവർന്ന് അയാൾ കരയിലേക്കു കയറി.കുറച്ച് നേരം ഇരുന്ന് ശരീരം ഉണങ്ങിയ ശേഷം അയാൾ വസ്ത്രങ്ങൾ എടുത്തണിഞ്ഞു. നല്ല വിശപ്പുണ്ട്. അയാൾ മരങ്ങൾ നിൽക്കുന്നിടത്തേയ്ക്ക് ലക്ഷ്യം വെച്ച് നടന്നു. ഒരു വിധേന മരത്തിൽ വലിഞ്ഞ് കയറി  അതിൽ നിന്നിരുന്ന പഴങ്ങൾ ആർത്തിയോടെ അയാൾ കഴിച്ചു. അവ തേനൂറുന്നതും വളരെ  മധുരമുള്ളതുമായിരുന്നു. അത്രയും രുചിയുള്ള ഒന്നും അയാൾ അത് വരെ കഴിച്ചിട്ടില്ലായിരുന്നു. വിശപ്പടങ്ങിയപ്പോൾ വിശ്രമിക്കാനായി അയാൾ ഒരു മരച്ചുവട്ടിൽ ഇരുന്നു. ഇളങ്കാറ്റിന്റെ തലോടലിൽ അയാൾ അവിടെയിരുന്ന് മയങ്ങി. അപ്പോൾ  ആകാശത്തിലെ പറവകളെ പോലെ  താൻ പറക്കുന്നതും ഭൂമിയിലെ ചെറു പുഴുക്കളെ പോലെ നിലത്തിഴയുന്നതും അയാൾ കണ്ടു. ഇരുട്ട്... വഴുവഴുപ്പുള്ള ഇരുട്ട്. അത് തനിക്കുചുറ്റും ഒരു  കനത്ത പാട സൃഷ്ടിക്കുന്നതായി അയാൾക്കുതോന്നി. ചങ്ങലയുടെ കണ്ണികൾ കാലിലെ വൃണത്തിൽ ഉരസിയപ്പോൾ അയാൾ വേദന കൊണ്ട് ഉറക്കെ നിലവിളിച്ചു. ഉന്മയ്ക്കും പൊയ്യിനും ഇടയിലെ ആ രാത്രിയപ്പോൾ പകലിലേയ്ക്ക് ഇഴുകിചേരുകയായിരുന്നു. 

എന്റെ ഗൗരിക്കുട്ടി ഉറങ്ങുന്നില്ല

എന്റെ ഗൗരിക്കുട്ടി ഉറങ്ങുന്നില്ല

സാന്‍ഡ് പേപ്പര്‍

സാന്‍ഡ് പേപ്പര്‍