Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

പുതപ്പ്

പുതപ്പ്

പുതപ്പിനടിയിൽ എന്താണിത്ര ചൂട്? അയാൾക്ക് ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു. സാധാരണ ദേഷ്യം പിടിക്കുമ്പോൾ ചെയ്യുന്നതു പോലെ അവൾക്കിട്ടു നാല് പറഞ്ഞു. അല്ല പിന്നെ!  

ഉറങ്ങുമ്പോൾ ഇത്ര ചൂടില്ലായിരുന്നു. 

ഇവളിതെന്താ കേൾക്കാത്ത ഭാവം? ആ...അല്ലേലും ഇവളൊരു നിർവികാരപരബ്രഹ്മം തന്നെയാ. അയാൾക്ക് ചിരി പൊട്ടി. വലിയ വലിയ വാക്കുകൾ. അതിന് കാരണവുമുണ്ട്.

എന്റെ കയ്യും പിടിച്ചു ഈ വീട്ടിൽ കേറിയപ്പോൾ മുതൽ  ഇവളിങ്ങനാ. ആദ്യത്തെ രാത്രി പേടിച്ചു വിറച്ചു തന്റെ മുഖത്ത് നോക്കുക പോലും ചെയ്യാതെ മുഖം കുനിച്ചു നിന്ന അന്ന് തുടങ്ങി ഇന്ന് വരെ, അവളെ ഞാൻ ഇവിടെ ആളാവാൻ വിട്ടിട്ടില്ല. അതെങ്ങനെ? ഞാനൊരാണല്ലേ. ഭർത്താവ്. അയാൾ അമർത്തി മൂളി. അവളെ എന്നും വല്യ ഇഷ്ടമൊക്കെത്തന്നെ. പക്ഷെ കാണിക്കാൻ പാടില്ലല്ലോ. തലയിൽ കേറും ഈ പെണ്ണുങ്ങൾ.

അതിനുശേഷം എത്രയെത്ര രാത്രികൾ!

സ്നേഹത്തോടെ രണ്ടു വാക്ക് പറയാൻ നാവ് തരിക്കും. പക്ഷെ പുറത്തു വരില്ല. നിലാവിന്റെ വെളിച്ചത്തിൽ അവൾ പലപ്പോളും എന്നെ പാളി നോക്കിയത് കണ്ടിട്ടും, കാണാത്ത പോലെ എത്ര തവണ കിടന്നിരിക്കുന്നു.  ഞാനാരാ മോൻ. അവൾ തലയിണയിൽ മുഖം അമർത്തി കരയുമ്പോൾ, ഞാൻ അറിയാത്ത മട്ടിൽ മേലിൽ കൈ വെക്കാറുണ്ട്. പക്ഷെ തഴുകാൻ നേരം എന്തോ ഒരു തടസ്സം പോലെ. കൈ നീങ്ങാറില്ല. 

ആ..പോട്ടെ...

ഈ ചൂട് സഹിക്കാൻ പറ്റുന്നില്ല. ഇവൾക്ക് ഒന്ന് വീശിത്തന്നു കൂടേ? അല്ലങ്കിൽ തന്നെ ഈയിടെയായി തന്റെ കാര്യത്തിൽ അവൾക്ക് ഒരു  ശ്രദ്ധയുമില്ല. അതെങ്ങനാ.  വീട്ടിലെ മുഴുവൻ കാര്യക്കാരിയല്ലേ, പണ്ടേക്കും പണ്ടേ. രാവിലെ നാല് മണി മുതൽ തുടങ്ങുന്ന അവളുടെ ദിവസങ്ങളെ പറ്റി ഓർക്കാറുണ്ടെങ്കിലും ഇതുവരെ പരിതപിച്ചിട്ടില്ല. എന്ത് ചെയ്യാനാ? ഭാര്യമാർ അങ്ങനെ തന്നെ വേണം. അമ്മേടെ കുത്തുവാക്കൊക്കെ കേട്ടാലും എല്ലാം ചെയ്യുമായിരുന്നു പാവം. എന്നാലും മോളെക്കൊണ്ടു ഒരു സ്പൂണെടുപ്പിക്കണത് പോലും എനിക്ക് ഇഷ്ടമല്ലാന്നു അവൾക്കറിയാം. അങ്ങനൊരു ഗുണമുണ്ടവൾക്ക്. എല്ലാം അറിഞ്ഞു പെരുമാറിക്കോളും. 

മോൾക്കും മോനും വേണ്ടതെന്താന്ന് ഓഫീസിൽ പോവുമ്പോ ചോദിക്കാറുണ്ടായിരുന്നു എന്നും. ഒരിക്കൽപ്പോലും അവളുടെ ആവശ്യങ്ങൾ ചോദിച്ചിട്ടില്ലല്ലോ എന്നയാൾ അതിശയത്തോടെ ഓർത്തു. മക്കൾ മുതിർന്നപ്പോൾ എല്ലാ കാര്യത്തിലും അവരുടെ അഭിപ്രായങ്ങൾ കേട്ടു. അന്നും അവളോട് ഒന്നും ചോദിച്ചില്ല. അല്ലാ, അവൾക്കു അത്രക്ക് വിവരോം ഇല്ല. വീടിന്റെ മുറ്റോം തൊടിയും അമ്പലോം അടുക്കളേം ആയി കഴിയണ അവൾക്കെന്തറിയാം! പാവം.

മോൾ കല്യാണം കഴിഞ്ഞു  പോയപ്പോ, എല്ലാ ആഴ്ചയും ഒന്ന് കണ്ടില്ലെങ്കിലുള്ള എന്റെ വിമ്മിട്ടം കണ്ടു അവൾ ആശ്വസിപ്പിച്ചത് ഓർമ്മ വന്നു. അവളെ ഞാൻ ആറു മാസത്തിൽ ഒരിക്കൽ പോലും സ്വന്തം വീട്ടിൽ വിടാറില്ലായിരുന്നല്ലോ എന്ന് അപ്പോഴാണ് ഓർത്തത്. സാരമില്ല. അവൾക്ക് പരാതി ഒന്നും കാണില്ല. ഇന്ന് വരെ  ഒരു പരാതിയും പറഞ്ഞിട്ടുമില്ല. മോൻ ദൂരെ പോയപ്പോളും, അവൾ വന്നു എന്റെ കൈ അമർത്തിപ്പിടിച്ചു, 'ഞാനുണ്ടല്ലോ പിന്നെന്താ' എന്നു പറയാതെ പറഞ്ഞു. അപ്പോൾ അവളെ തിരിച്ചു ആശ്വസിപ്പിക്കാത്തതു കണ്ണുനീരിൽ കാഴ്ച മങ്ങിയിട്ടാണ്. അല്ലാതെ സ്നേഹമില്ലാഞ്ഞിട്ടല്ല. അയാൾ ഒന്ന് തേങ്ങി.

അവളെ ആരും കാണാതെ ഒന്നമർത്തി കെട്ടിപ്പിടിക്കാൻ തോന്നി അയാൾക്ക്. താൻ ഉറങ്ങി എന്ന് കരുതി പതുക്കെ തന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങുന്ന ഒരു ഇരുപതുകാരി ഓർമകളിൽ തെളിഞ്ഞു. താൻ ഒന്നു ഞരങ്ങുമ്പോളെക്കും ഞെട്ടി മാറിക്കിടക്കും. അവൾ കാണാതെ അമർത്തി ചിരിച്ചിട്ടുണ്ട് അന്നൊക്കെ. അല്ലാ, അവൾ ഉറങ്ങുമ്പോൾ, ഞാൻ ഉമ്മ വെച്ചതൊക്കെ അവളും ഇത് പോലെ അറിഞ്ഞു കാണുമോ? അയ്യോ, ആകെ നാണക്കേടാവൂലേ? ഏയ്! ഉണ്ടാവില്ല, ഉണ്ടേൽ തലയിൽ കേറിയേനെ, തലയണമന്ത്രം ചൊല്ലിത്തന്നേനെ. 

അവളൊരു കൊച്ചു സുന്ദരി തന്നെ ആയിരുന്നു. നാണിച്ചും പേടിച്ചും മാത്രം തന്റെ കൂടെ നിന്ന ഒരു പാവം. ഈ നശിച്ച ചൂട്. ഇനി കറണ്ടു പോയതാവുമോ ആവോ. ഇവളിതെവിടെ പോയി കിടക്കുന്നു! അമ്പലത്തിലെങ്ങാനും പോയോ ആവോ. എനിക്കൊരു പനി വന്നാൽ ഓടും അവിടേക്ക്. വഴിപാടും ശുശ്രൂഷയും. പുറത്തു കാണിക്കാറില്ലെങ്കിലും അവളങ്ങനെ അടുത്തിരിക്കുന്നത് എന്നും എനിക്കിഷ്ടമാണ്.

എത്ര രാത്രികളിൽ അവൾ ഉറങ്ങാതെ കാവലിരുന്നിട്ടുണ്ട്. മക്കളുടെ പരീക്ഷയും ഇന്റർവ്യൂവും എല്ലാം അവൾക്ക് ശിവരാത്രികൾ തന്നെയായിരുന്നു സമ്മാനിച്ചത്. അവൾക്ക് പകൽ ജോലിക്കൊന്നും പോവണ്ടല്ലോ. അത് കൊണ്ട് കുഴപ്പമില്ല. അയാൾ സ്വയം സമാധാനിച്ചു.

പക്ഷെ മക്കൾക്കെന്നും എന്നോടായിരുന്നു പഥ്യം കൂടുതൽ. അഭിമാനത്തോടെ അയാൾ ഓർത്തു. അത് കൊണ്ട് തന്നെ ഉള്ള സ്വത്തും സമ്പാദ്യവും എല്ലാം അവർക്കെഴുതി വെച്ചു. അങ്ങനെയല്ലേ വേണ്ടത്. അടുക്കളക്ക് പുറത്തു ഒരു ജീവിതം അവർക്കല്ലേ ഉള്ളത്. അവൾ എന്നും എന്റെ കൂടെ മാത്രമല്ലേ കാണൂ. അവളെയും കൊണ്ട്  ചില സ്ഥലങ്ങളിലൊക്കെ പോകണം. പാവം ഒന്ന് കൈ പിടിച്ചു പോലും എങ്ങും കൊണ്ട് പോയിട്ടില്ല. എല്ലാം കഴിഞ്ഞു സ്വസ്‌ഥമാട്ടെയെന്ന് വച്ചു. അല്ല, അത് മതി. സമയമുണ്ടല്ലോ.

ഇത് ഞാൻ പറയുമ്പോൾ എന്തായിരിക്കും സന്തോഷം. പണ്ടൊരു സാരി വാങ്ങിക്കൊടുത്ത ദിവസം ആരും കാണാതെ പിന്നിലൂടെ വന്നു എന്റെ കവിളിൽ ഒരുമ്മ തന്നിട്ടുണ്ട്. മേലും മനസ്സും കുളിരു കോരിയിട്ടും ആ സമയം പുറത്തു വന്നത്, എന്റെ തീ പാറുന്ന നോട്ടമാണ്.

"എന്താ നിനക്ക് ?അമ്മയോ അച്ഛനോ കണ്ടോണ്ടു വന്നാ കഴിഞ്ഞു. ഇത്തിരി കൂടി പക്വത കാണിച്ചൂടെ?"

ഇരുപതോ ഇരുപതൊന്നോ വയസ്സിൽ തന്റെ മോൾക്കെത്ര പക്വത ഉണ്ടായിരുന്നു എന്നോർത്ത് അയാൾ ചിരിച്ചു പോയി. പിന്നീടൊരിക്കലും അവൾ അങ്ങനെ ചെയ്തിട്ടില്ല. 

സാരമില്ല. എല്ലാരുടെ മുന്നിലും ഇരുത്തം വന്ന ദമ്പതികളാവാൻ കഴിഞ്ഞല്ലോ. അയാൾ നഷ്ടബോധത്തോടെ ചിരിച്ചു.

ഇതാരൊക്കെയാ ഒച്ച വെക്കുന്നത്?

"ഇവരിനിയും പോയില്ലേ? നിങ്ങളോടു പറഞ്ഞതല്ലേ സമയമായിന്നു?"

മോന്റെ ഭാര്യ ..ഈ കുട്ടിക്ക് നല്ല തന്റേടമാണ്. ഇവളെപ്പോലല്ല. നല്ല കാര്യഗൗരവം. ആരോടാണാവോ.

ഒരു ചിലമ്പിച്ച ശബ്ദം അയാൾ കേട്ടു:

"മോളെ ഇത്തിരി നേരം കൂടി ഞാൻ ഇവിടിരുന്നോട്ടെ" 

"അല്ലാ.. ഇവളിവിടെ താഴെ ഇരിപ്പുണ്ടായിരുന്നോ ..ഇത്ര നേരം ഞാൻ വിളിച്ചു കൂവിയിട്ടും ഇവള് കേട്ടില്ലേ? 

നല്ല ചീത്ത വിളിച്ചു അയാൾ:

"നിന്നോട് എത്ര നേരായി പറയുന്നു ചൂട് ചൂട്ന്നു. ഒരു  ശ്രദ്ധ ഇല്ല ഒന്നിലും. കഴുത"

ഇവൾക്ക് ഒരു ഭാവഭേദോമില്ല. ഇവളുടെ ചെവി പൊട്ടിയോ?

"വേണ്ട. വൃദ്ധസദനത്തിന്റെ വണ്ടി വന്നു. പോവാൻ നോക്ക്...ഉം... ഞങ്ങൾ ഇതും വിറ്റിട്ടു പോവുമ്പോ നിങ്ങളെ തെരുവിലിറക്കീന്നു പറയണ്ടാന്ന് കരുതീട്ടാ. അല്ലാതൊന്ന്വല്ല.. ഒരു സെന്റിമെന്റ്സ്! വേഗം ഇറങ്ങാൻ!"

അയാൾ ചാടി എണീക്കാൻ നോക്കി.

 "ആരാടി നീ എന്റെ ദേവൂനെ ഇറക്കി വിടാൻ! ഞാനുള്ളടത്തെ അവളും കാണു"

'എന്റെ ദേവു 'എന്ന് കേട്ടപ്പോൾ അവളൊന്നു ഞെട്ടിയോ..പിന്നെന്തേ തിരിഞ്ഞു നോക്കാത്തെ?

"ദേവൂ .....നീ പൊവാണോ. ഞാൻ എന്ത് ചെയ്യുമെടി ഒറ്റയ്ക്ക്. നീയില്ലാതെ ഞാൻ. എനിക്കൊന്നും അറിയില്ലെടി. നീ വെറുതെ എന്റെ അടുത്തിരുന്നാ മതി. നിന്നെ എനിക്ക് വല്യ ഇഷ്ടാണ് മോളെ."

അയാളുടെ ഒച്ച ഗദ്ഗദത്താൽ തൊണ്ടയിൽ കുരുങ്ങി.

ആവൂ...അവൾ തിരിച്ചു വരുന്നുണ്ട്. ഞാൻ വിളിച്ചാ വരാതിരിക്കാൻ അവൾ ഇനി വേറെ ജന്മം ജനിക്കണം. അയാൾ അഹങ്കാരത്തോടെ കണ്ണ് നിറഞ്ഞു ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവൾ മെല്ലെ അയാൾക്കരികിലെത്തി. ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു:

"ഉണ്ണ്യേട്ടാ ..ഞാൻ പോവാണ്. ഒറ്റ പ്രാർത്ഥനമാത്രേ ന്ക്ക്ള്ളു...അടുത്ത ജന്മത്തിലും ന്റെ ഉണ്ണ്യേട്ടന്റെ കൈ കൊണ്ട് തന്നെ ഈ സിന്ദൂരരേഖ ചുവക്കണേന്നു."

അവൾ തുളുമ്പുന്ന മിഴികളോടെ ആ ചിരാതു കെടുത്തി മെല്ലെ നടന്നകന്നു. അയാളുടെ ചൂടു മാറി..പതുക്കെ പതുക്കെ മണ്ണിന്റെ തണുപ്പ് അയാളെ പൊതിഞ്ഞു.

"ദേവൂ ..എനിക്ക് തണുക്കുന്നെടി..ഒന്ന് പുതപ്പിച്ചു താ"

അയാൾ അലറി വിളിച്ചത് കേട്ട് അവൾ തിരിച്ചു വരുമെന്നു കൊതിച്ചു.

അവൾ ഉപേക്ഷിച്ചു പോയ ആ തൊടിയും അവളുടെ സിന്ദൂരരേഖ പോലെ ശൂന്യമായ അയാളുടെ മനസ്സും.

മെല്ലെ മെല്ലെ ആ പിൻവിളികൾ മണ്ണിൽ അലിഞ്ഞലിഞ്ഞില്ലാതായി...

പകലവസാനിക്കുന്നിടം

പകലവസാനിക്കുന്നിടം

ഉപ്പിന്റെ മണം

ഉപ്പിന്റെ മണം