Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

മറയില്ലാതെ; അതിരുകൾ തീർക്കാതെ

മറയില്ലാതെ; അതിരുകൾ തീർക്കാതെ

വാർധക്യമായിട്ടില്ല;

അന്ത്യം അടുത്തെന്ന്  ഒരുവരും സൂചിപ്പിച്ചിട്ടുമില്ല.

എന്നിരുന്നാലും ---!

എനിക്കും  ഒരു മോഹം;

 'കഥ എഴുതണം;

എന്റെ സ്വന്തം കഥ;

 ഓ,  പരിചയപ്പെടുത്താൻ വിട്ടു.

ഞാനൊരു ഇത്തിൾക്കണ്ണി.

ഇവിടെ ഈ മുത്തശ്ശിമാവിനൊപ്പം പാർക്കുന്നു

സർഗാത്മകതയിലെ എന്റെ ഇടം -

ഇനിയും ഒഴിഞ്ഞു കിടന്നു കൂടാ!

അത് കണ്ടെത്തണം; ഉറപ്പിക്കണം;

പരിഹസിക്കാൻ ' ആർക്കേലും പരിപാടിയുണ്ടെങ്കിൽ ;

ആദ്യം തന്നെ പറയട്ടെ; നടപ്പില്ല;

പരിഹാസം!

അതു മാത്രം, കേട്ടാ ഞാൻ വളർന്നത്;

 അറിവു വെച്ച നിമിഷം മുതൽ!

ചൂഷകൻ,

 കുഴിമടിയൻ,  

സ്വാർത്ഥൻ ,

അമ്മ (ഭൂമി) പോലും എഴയലയത്ത് അടുപ്പിക്കാത്ത നിഷേധി;

അവഗണന,

പരിഹാസം,

 പുച്ഛം!

 നികൃഷ്ടമായതു സർവവും എറ്റുവാങ്ങി വളർന്നു;

 മാന്യ ഭാഷയിൽ,

പരോപ ജീവി; പരാന്നഭോജി!

ഇത്തിൾ ക്കണ്ണി!

കത്തിച്ചാലും കുത്തിക്കുടിക്കുന്നവൻ!

മണ്ണിന്റെ മണമില്ലാത്തവൻ!

അധ്വാനമെന്നു കേൾക്കുമ്പോഴേ കാർക്കിക്കുന്നവൻ;

 പ്രകൃതി നിയമം  നിനയാത്തവൻ, നെറികെട്ടവൻ!

സത്തുക്കളെ വഴിതെറ്റിക്കുന്നവൻ!

വിഷ്ണു ശർമ്മാവിനെ ,കബളിപ്പിച്ച് , അഞ്ചു തന്ത്രവും ഒളിച്ചുകേട്ടു ഹൃദിസ്ഥമാക്കിയ ഗുരുത്വ ദോഷി!

ശപിക്കപ്പെട്ടവൻ;

ചാണക്യ തന്ത്രങ്ങൾ ജീവശ്വാസമാക്കിയവൻ!

അംഗീകൃത ലിസ്റ്റിലില്ലെങ്കിലും,

'ചിരംജ്ജിവി'  !

അശ്വത്ഥാമാവിനൊപ്പം ഇരിപ്പിടം കിട്ടിയവൻ!

ലോകം വഴിമാറിനടന്നിട്ടുള്ളവരോടു  ചെയ്തുപോന്നത് തന്നെ എന്നോടും ചെയ്തു;

നല്ലതിനു നേരേ കണ്ണടച്ചു;

മോശമപ്പടി  ഭൂതക്കണ്ണാടി വെച്ച് കണ്ടെത്തി;

പെരുമ്പറകൊട്ടി സർവ്വർക്കും കേൾപ്പിച്ചു.

എനിക്കുള്ള വിധിയും നിശ്ചയിച്ചു.

സ്വയംപര്യാപ്തതയുടെ,  മഹിമക്ക്    പാരവെച്ച ദ്രോഹി !

അവഗണനകളുടെ ഘോഷയാത്ര നിറഞ്ഞ കൗമാരം;

സാധുക്കൾ ;നാട്ടുവൈദ്യന്മാരിൽ ചിലർ പറഞ്ഞു;

ഇത്തിളും, ജീവി!

ജീവിപ്പിക്കുന്ന മൃതസഞ്ജീവിനി' യും; വൈദ്യന്മാരുടെ തിരിച്ചറിവ്;

ഈറ്റില്ലങ്ങളിൽ ചലനമുണ്ടാക്കി! അംഗനമാർ അവിടെ നിന്നും, കുളി കഴിഞ്ഞ് ജീവിതാരാമത്തിലെത്തി!

പിന്നെയും ചേതോഹര വസന്തങ്ങൾ   വിരിയിച്ചു!

"ശത്രു തന്നിലും ബലവാനാങ്കിൽ, തല (ബുദ്ധി) കൊണ്ടു വേണം നേരിടാൻ"

ഉത്സാഹികൾ,  ചെറുപ്പക്കാർ  എന്നിൽ നിന്ന് അറിഞ്ഞു.

ജനപ്പെരുപ്പം! നിയന്ത്രിക്കാൻ, വല്ലാണ്ടായപ്പോൾ കുടുംബാസൂത്രണം!

പോംവഴികൾ ,കാണാതെ, ഭരണകൂടങ്ങൾ ഇരുട്ടിൽ തപ്പി!

കണ്ടെത്തിയ വഴികളാകട്ടെ  പാതിയിൽത്തന്നെ അടഞ്ഞും പോയി.

ആളും, അർത്ഥവും, ഒന്നു തന്നെ ഇല്ലാതെ, ഞാനും എന്റെ തരക്കാരും ദൗത്യം ഏറ്റെടുത്തു.

ശാന്തി മന്ത്രം  മാത്രം ഉരുവിട്ട് പദ്ധതി  വിജയിപ്പിച്ചു.    

അംഗീകാരങ്ങൾ!   എന്നും അത്  നിഷേധിക്കപ്പെട്ട വർഗം!

ജന്മനക്ഷത്രം  നിശ്ചയമില്ല; യൗവ്വനത്തിലേ,ശുക്രദശ വന്നു! അതറിയാം;

അത് നീണ്ടു നിൽക്കുകാണെന്നും തീർച്ചയുണ്ടു്!

പ്രായം ഏറിയിട്ടില്ലെന്ന് ആദ്യമേ പറഞ്ഞു; പച്ചപ്പരമാർത്ഥം തന്നാ!

"കൊല്ലങ്ങളായി ശുക്രൻ നടപ്പാന്നു" കുടുംബ ജോത്സ്യൻ തറപ്പിച്ചു പറയുന്നു!

നിങ്ങൾക്കറിയാം, എം. ബി. എ ക്ലാസ്സുകളിൽ, ഞാൻ ചർച്ചാ വിഷയമായി!

ഗവേഷണങ്ങൾ പൊടിപൊടിച്ചു. നോക്കി നിൽക്കെ സ്ഥിതിമാറി മറിഞ്ഞില്ലേ!

 "സ്കിൽഡ്  ലേബേഴ്സിന് ' ഡിമാന്റില്ലാതൊരു കാലമോ?  

ഒരിക്കലും ഉണ്ടാവില്ല.                  

ഗസ്റ്റായി തലങ്ങും വിലങ്ങു ഞാൻ പറന്നു!

ലോകോത്തര സർവകലാശാലകളിൽ! ഇന്ന്  അത് ചരിത്രത്തിന്റെ ഭാഗം!

എന്നെപ്പോലെ സ്വസ്ഥമായി ജീവിക്കുന്നവരുടെ ക്ലാസ്സ് വേണം ച്ചാൽ, സവിധത്തിൽ നേരിട്ടെത്തണം;

കാണണമെന്നുള്ളവർ, ബുക്ക് ചെയ്ത് നേരിട്ട് വരണം. വരുന്നുണ്ട്; കാണുന്നുമുണ്ടു്;

ഒഴുകും; ഇനി അങ്ങോട്ട്

ശക്തിയായിത്തന്നെ ഒഴുകും;

കുടുംബ ജോത്സ്യന്റെ പ്രവചനമല്ലിത്.

പിഴയ്ക്കാത്ത എന്റെ അനുഭവപാഠം;

മനുഷ്യൻ !               

"ഭൂമിയുടെ ക്യാൻസർ " ! 

അങ്ങനെയും  വിളിക്കുന്നു;

എനിക്ക്, അത്രയ്ക്കങ്ങോട്ടു തോന്നിയിട്ടില്ല;

അനുഭവം വെച്ചു പറയട്ടെ,   അവരും

ഉപകാരികളായ ജീവവർഗങ്ങൾ  തന്നെയാ;

'കൊലപാതകികൾ ' എന്നു മുദ്ര ചാർത്തിയ മരം വെട്ടുകാർ ;

നിത്യവും കാണുന്നവർ;

എന്നെയും ,കൂട്ടരേയും അവർ

കാരുണ്യത്തിന്റെ   കണ്ണകൾ കൊണ്ടേ   കണ്ടിട്ടുള്ളൂ!    

 അവരെത്തിയാൽ ആയുധങ്ങളൊന്നും കൂടാതെ, വേദനിപ്പിക്കാതെ, ഞങ്ങളെ ആദ്യം തന്നെ എടുത്ത് ,അങ്ങോട്ടോ ഇങ്ങോട്ടോ  ഇടും;

 സമീപത്തെ മരച്ചില്ലകളിൽ എത്തുന്ന ഞങ്ങൾ, ക്ഷമയോടെ നാളു നീക്കും;

മെല്ലെ, മെല്ലെ പച്ച പിടിക്കും;

വളരും!

ജീവന് യാതൊരു ഭീഷണിയും ഇല്ല,

ഇതുവരെയില്ല!

ഇനിയങ്ങോട്ട്?   അതിന് വഴി കാണുന്നുമില്ല!

ഇനി എന്റെ സുഹൃത്തുക്കൾ; ഇത്തിൾക്കണ്ണിക്കും, സുഹൃത്തോ!

അത്ഭുതം തോന്നുന്നുണ്ടാവും!

ഉണ്ട്, അനവധി സുഹൃത്തുക്കളുണ്ട്.

വനം, വനജീവികൾ; വൃക്ഷങ്ങൾ - ഇവയെക്കാപ്പം കഴിയുന്നതിനാലാവാം എന്നെ വെറും 'കാട 'നായിട്ടാണ് അധികം പേരും കാണുന്നത്.

കുറക്കന്മാരും ഞങ്ങളും ചങ്ങാതിമാരാ;

ഉറ്റ ചങ്ങാതിമാർ!

ഞങ്ങൾ പങ്കുവെയ്ക്കുന്നു; എല്ലാം, ഒരു മറയുമില്ലാതെ !

അവിടെ, സൗഹൃദം, സ്വാഭാവികമല്ലേ!

പങ്കിടുള്ള ജീവിതം!

ഞങ്ങളെക്കണ്ടും പഠിക്കാം.

ആവശ്യക്കാർ പഠിക്കുന്നുമുണ്ട്:

പിന്നെ, അവൾ;

കുയിൽപ്പെണ്ണ്!

സുന്ദരി,

മിടുക്കി,

സാധു,

സാധ്വി ,

കാക്ക ഒരുക്കുന്ന കൂട്ടിൽ മുട്ടയിട്ട്

വംശം പോറ്റി പോരുന്നവൾ!

ദുഷ്പ്പേരും പേറി നടക്കുന്നവൾ!

ഞങ്ങളെപ്പോലെ!

എനിക്കവളെ ആരേക്കാളും, നന്നായറിയാം!

"സ്വന്തം ശബ്ദമാണൊരു ഗായകന്റെ പ്രാണൻ "

ആർക്കുമറിയുന്ന സത്യം!

പ്രിയതമയുടെ സാമീപ്യം,

പരിലാളനം,

കൈത്താങ്ങ്;

അതുണ്ടെങ്കിലേ , പ്രിയതമന്റെ മധുരശബ്ദം, പതറാതെ നിൽക്കൂ !

അവൾ  നല്ല ഭാര്യയുടെ കടമ  ചെയ്യുന്നു; അത്ര മാത്രം,

അതേ, ഞങ്ങളും കുയിലുകളും ആത്മ മിത്രങ്ങളാ!

പുളിയുറുമ്പ്!

എന്റെ മറ്റൊരു ഉറ്റ ചങ്ങാതി!

പാരസ്പര്യം!

അക്ഷരത്തെറ്റില്ലാതെ പലരും - എഴുതും!

ആശയം എത്ര പേർക്കറിയും?

അതെ, അങ്ങനെ ചിലതുണ്ടു്; പറഞ്ഞറിയിക്കാൻ പറ്റാത്തത്!

അനുഭവിച്ച് തന്നെ അറിയേണ്ടത്!

ഞങ്ങളുടെ ജീവിതം നേരിൽ കാണുന്നവർക്ക്, അറിയും പാരസ്പര്യമെന്തെന്ന്;

ശരിയായ സൗഹൃദത്തിന്റെ മാനവും  അവർ അറിയും'

ആമയും മുയലും !

മറ്റൊരു കൂട്ടർ!

അവർ മത്സരിച്ചോടി;

ആമ ജയിച്ചു;

അന്നും, ഇന്നും ,എന്നും ലേകത്തിനു് ആരാധനാ പാത്രം ആമ തന്നെ!

ഇരുവരും  എനിക്കൊരു പോലെയാ, ചങ്ങാതികളാ,

പറഞ്ഞു കേട്ടാണേലും, കർണനേം, അർജുനനേമൊക്കെ ഞാനും നന്നായിട്ടറിയും!

ധർമ്മിഷ്ഠനായ കർണൻ!

ലോകത്തിന്  ഹീറോ അർജുനനും!

എന്റെ കാര്യം വന്നപ്പോഴോ,

എല്ലാം തലതിരിഞ്ഞു!

ഇവിടെ,

വ്യവസ്ഥകൾ എന്നും  തരം പോലെയാ!'

അനുഭവം അങ്ങനെയാ,

എനിക്കും, കൂട്ടർക്കും

മാവിനോട് എന്തേ വിശേഷിച്ചൊരു ചാർച്ച?

സംശയിക്കുന്നവർ ഏറെയുണ്ട്;

എനിക്കറിയാം;

മാവ്;

ദേശീയ വൃക്ഷം!

 മാമ്പഴം;

ദേശീയ ഫലം!

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തന്നെ;

തലങ്ങും, വിലങ്ങും, സദാ മാവിന്റെ നെഞ്ചിൽ  മഴുവിന്റെ വായ്ത്തല കയറിക്കൊണ്ടിരുന്ന കാലം!

നെടുനീളെ ക്കിടന്ന  മാമ്പഴത്തിലും, പുഴുവിലും ചവിട്ടി , കാറിത്തുപ്പി ജനം നടന്നു നീങ്ങിയ കാലം!

അവഗണനയുടെ അങ്ങേത്തല!

മാവുകളുൾക്കൊപ്പം മരങ്ങളുടെ കഷ്ടകാലം!

ഞാനും കൂട്ടരുമാ അവയ്ക്ക്

തുണയായെത്തിയത്!

സർവകരങ്ങളും നീട്ടി അവ ഞങ്ങളെ സ്വീകരിച്ചു.;

അവഗണിച്ചവർ തന്നെ ആദരവോടെ മാവിന്മേൽനോക്കി! അപൂർവം പേർ കൊതിയോടെ മാമ്പഴം നോക്കി നിന്നു;

മഴുക്കാർ  ഭദ്രമായി മഴു മാറ്റി വെച്ചു.  എന്നോടും, എന്നും നിഴൽ പോലെ എനിക്കൊപ്പമുള്ള പുളിയുറുമ്പിനോടും സന്ധി  ചെയ്തു;

അധികനാൾ  കഴിഞ്ഞില്ല,

അവഗണിച്ചവർ തന്നെ ആദരിച്ചു: ഞങ്ങടെ ചങ്ങാത്തത്തിൽ തകരാറുണ്ടോ?      

ഒരു നിമിഷം!

ദാ, സൂക്ഷിച്ചു നോക്കായാൽ കാണാം.

ദൂരെന്ന് ആരൊക്കെയോ വരുന്നുണ്ട് ;

ഇവിടേയക്കു തന്നെയാ!

പഠനസംഘം തന്നെ,

വേഷം കണ്ടിട്ട്, സ്വദേശിയല്ല; വിദേശിയും അല്ല!

അത്തരക്കാർക്കാണ് ഇപ്പോൾ ,എന്നെ ഏറെ ആവശ്യം.

പതിവിനു വിരുദ്ധമായി  ഞാനിന്ന് ഏറെ സംസാരിച്ചു:

അല്പം പ്രാണായാമം ചെയ്യേണ്ടതുണ്ടു്.

വീണ്ടും കാണാം;

കൂടുതൽ കാര്യങ്ങൾ അപ്പോൾ പ്പറയാം;

ഇന്നിതു മതി.

ആം ,  ഒറ്റ കാര്യം കൂടി ;

ഈ ജീവിത കഥ  -

കേൾക്കുമ്പോഴേ,

ചോദ്യങ്ങളും, സംശയങ്ങളും ജനിക്കും.  ഉറപ്പാ!

ആരും ഇതുവരെ ചെയ്യാത്തതാ!

ഞാൻ അതും കൂടി  ചെയ്യുന്നു!

എല്ലാ ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും ഉള്ള   എന്റെ മറുപടി; 

ശ്രദ്ധിച്ചു  കേട്ടോ!

"മാവ്  എന്നും മാവ്  തന്നെ'. കാക്കയ്ക്കു പാടാം; കുയിലിന്റെ പാട്ടാകണമെന്ന്  ഒരിക്കലും വാശി കാണിക്കരുത്"

ഇത്ര മാത്രം!

അതാ, അവരിങ്ങെത്തി'

നന്ദി!!!

എക്സിബിഷൻ

എക്സിബിഷൻ

തൃപ്തി

തൃപ്തി